ആ രണ്ടുവരി വളര്‍ത്തി വലുതാക്കിയാണ് വിലായത്ത് ബുദ്ധയായത്


ഇന്ദുഗോപന്‍

ഇമ്പം തോന്നാതിരിക്കാനാവില്ല. അതിനെ വളര്‍ത്തി, നിരന്തരം. ആറുമാസം പണിപ്പെട്ടു. പറ്റുന്ന മട്ടില്‍ തിരുത്തി. ഒരുപാട് സുഹൃത്തുക്കള്‍ക്ക് കൊടുത്തു. പലരുടെ നിര്‍ദേശം സ്വീകരിച്ചു. ഈ പരുവത്തിലായി.

-

രു ദിവസം സുഹൃത്തും തിരക്കഥാകൃത്തുമായ കൊല്ലം കടമ്പനാട്ടുകാരന്‍ രാജേഷ് കുമാര്‍ (ഓള്‍ഡ് മങ്ക് രാജേഷ്) വിളിച്ചു പറഞ്ഞു: 'ഒരു ത്രെഡ് തോന്നുന്നു. രണ്ടേരണ്ടു വരിയേയുള്ളൂ. കഴമ്പുണ്ടെന്ന് തോന്നിയാല്‍ വികസിപ്പിച്ചെടുത്തോളൂ.' 'രണ്ടുവരി' എന്ന ആ പറച്ചിലില്‍ത്തന്നെ ഒരു ക്രാഫ്റ്റുണ്ട്. മറ്റുള്ളവരുടെ സമയം കൊല്ലുന്നില്ല. പെട്ടെന്നെടുക്കാം; ഉപേക്ഷിക്കാം. മലയാളരചനയുടെ ചരിത്രത്തില്‍ രണ്ടുവരിയില്‍ പറഞ്ഞ ഒരു കഥാതന്തു ഒരു സിനിമയുമായി ബന്ധപ്പെട്ടത് പ്രശസ്തമാണ്. അന്ന് വളരെ തിരക്കുണ്ടായിരുന്ന സംവിധായകന്‍ ഐ.വി. ശശിയുടെ അടുത്ത് തിരക്കഥാകൃത്ത് എ.കെ. ലോഹിതദാസ് പറഞ്ഞു: പുതിയൊരു കഥയുണ്ട്. രണ്ടോ മൂന്നോ വരിയില്‍ പറയാനാകുമോയെന്ന് സംവിധായകന്‍ ചോദിക്കുന്നു. രണ്ടുവരിയില്‍ തിരക്കഥാകൃത്ത് കഥ പറയുന്നു. ഏതാണ്ടിങ്ങനെയാണ്: ഒരു പുലി ഒരു ഗ്രാമത്തിലിറങ്ങുന്നു. പുലിയെ പിടിക്കാന്‍ വരുന്നവന്‍ പുലിയെക്കാള്‍ ശല്യമാകുന്നു. അതാണ് മൃഗയ എന്ന സിനിമയായത്.

അതുമായി തുലനം ചെയ്യാനല്ല. അത്തരത്തില്‍ ഹ്രസ്വമായി പറയുന്നതിലെ മര്യാദയെക്കുറിച്ചാണ് പറഞ്ഞുവന്നത്. രാജേഷ് പറഞ്ഞ കഥാതന്തു ഇതായിരുന്നു: 'തീട്ടം എന്ന് ഇരട്ടപ്പേരുള്ള ഒരാള്‍ താന്‍ മരിക്കുമ്പോ, ചന്ദനത്തില്‍ ദഹിച്ച്, മണക്കണമെന്ന വാശിയോടെ ഒരു ചന്ദനമരം വളര്‍ത്തുന്നു. അപ്പോള്‍ ഒരു കൊള്ളക്കാരന്‍ ആ ചന്ദനം വെട്ടാനായി എത്തുകയാണ്.' ഇമ്പം തോന്നാതിരിക്കാനാവില്ല. അതിനെ വളര്‍ത്തി, നിരന്തരം. ആറുമാസം പണിപ്പെട്ടു. പറ്റുന്ന മട്ടില്‍ തിരുത്തി. ഒരുപാട് സുഹൃത്തുക്കള്‍ക്ക് കൊടുത്തു. പലരുടെ നിര്‍ദേശം സ്വീകരിച്ചു. ഈ പരുവത്തിലായി.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ വന്ന പാഠമല്ല ഇത്. കുറച്ചുകൂടി വികസിപ്പിച്ചിട്ടുണ്ട്.

ചന്ദനമരത്തിന്റെ ഉടമ ഭാസ്‌കരന്‍ സാറിന്റെ ശിഷ്യനാണ് കൊള്ളക്കാരന്‍ ഡബിള്‍ മോഹനന്‍. അവരുടെ സ്‌കൂള്‍ചരിത്രവും പരസ്പരമുള്ള സ്പര്‍ധയും വിപുലീകരിച്ചു. രണ്ടു കാര്യങ്ങള്‍കൂടി വന്നുചേര്‍ന്നതുകൊണ്ടു മാത്രമാണ് ഈ ചെറുനോവല്‍ ഈ പരുവത്തിലായത്. ഒന്നാമത്, 'വിലായത്ത് ബുദ്ധ' എന്ന സങ്കല്പം. ഏറ്റവും മുന്തിയ ഇനം എ ക്ലാസ് ചന്ദനത്തിനുള്ള പേരാണ് 'വിലായത്ത് ബുദ്ധ.' (വിലായത്ത് എന്നാല്‍ ബിലാത്തി അഥവാ ഇംഗ്ലണ്ട്, വിദേശം എന്നൊക്കെയാണ്. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി സാധനം എന്നാവും സൂചന.) ഗൂഗിളില്‍ പരിശോധിച്ചാല്‍പ്പോലും ഇതുമായി ബന്ധപ്പെട്ട് മറ്റു പരാമര്‍ശമില്ല. ഒന്നോ രണ്ടോയിടത്ത് മാത്രം. ഒരു ടണ്‍ ഭാരം തികയാന്‍ 116 മുട്ടിയിലധികം പാടില്ല എന്നതാണ് വിലായത്ത് ബുദ്ധയുടെ നിബന്ധന. ഒരു മുട്ടിക്ക് കുറഞ്ഞത് ഒന്‍പത് കിലോയെങ്കിലും ഭാരം വേണമെന്നും നിര്‍ബന്ധമാണ്.

ഔദ്യോഗികമായി ഇത്രയും വിവരമേയുള്ളൂ. എന്നാല്‍ അതിനുമപ്പുറമുള്ള അറിവ്, വലിയ ചന്ദനക്കള്ളക്കടത്തുകാരുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. അത്തരക്കാര്‍ നിധിപോലെ 'വിലായത്ത് ബുദ്ധ' അന്വേഷിച്ച് നടപ്പുണ്ട്. ആയിരത്തിലൊരു ചന്ദനമരമെങ്കിലും 'വിലായത്ത് ബുദ്ധ'യായി ലക്ഷണം തികഞ്ഞാല്‍ ഭാഗ്യം. വളവും പുളവുമില്ലാതെ ബുദ്ധനെ കൊത്തിയുണ്ടാക്കാന്‍ ഏറ്റവും നല്ല ലക്ഷണമൊത്ത തടി- അതാണ് ഇത്തരക്കാരുടെ മനസ്സിലെ വിലായത്ത് ബുദ്ധ. ബുദ്ധന്റെ അടഞ്ഞ കണ്ണിലെ സമാധാനത്തിന്റെ പരിപൂര്‍ണത. അത് വിലായത്ത് ബുദ്ധയിലേ തെളിയൂ. അല്ലെങ്കില്‍ത്തന്നെ ലോകത്ത് മരപ്പണിക്ക് ഏറ്റവും വഴങ്ങിക്കൊടുക്കുന്ന മരമാണ് ചന്ദനം; ലോഹങ്ങളില്‍ സ്വര്‍ണമെന്നതുപോലെ. രണ്ടിന്റെയും നിറവും ഒന്നുതന്നെ, മഞ്ഞ. മണമുള്ള സ്വര്‍ണമാണ് ചന്ദനം. (മറിച്ച് ദുര്‍ഗന്ധമുള്ള മറ്റൊരു മഞ്ഞയുണ്ട്- വിസര്‍ജ്യം. ആ വൈരുധ്യം ഈ പുസ്തകത്തിന്റെ സത്തയാണ്- സത്തും സത്തു പോയതും.)

ലോകത്തെ ഏറ്റവും വിലകൂടിയ ഒന്നാമത്തെയോ രണ്ടാമത്തെയോ മരം ചന്ദനമാണ്. ലോകത്തിലെ ഏറ്റവും മുന്തിയ ഇനം ചന്ദനം നമ്മുടെ മറയൂരിലേതാണ്. മറയൂര്‍പ്രദേശം വലിയ കഥാപാത്രമാണ്. ഇവയൊക്കെയുണ്ടെങ്കിലും കഥാതന്തുവിന് പുതുജീവന്‍ വെച്ചത് 'വിലായത്ത് ബുദ്ധ' എന്ന സങ്കല്പം വന്നതോടെയാണ്. മനോരമയിലെ എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനു മായിരുന്ന എന്‍. ജയചന്ദ്രനാണ് ആ വിവരം തരുന്നത്. കഥയുടെ ത്രെഡ് പറഞ്ഞപ്പോ ജയന്‍ പറഞ്ഞു: എങ്കിലാ ചന്ദനം 'വിലായത്ത് ബുദ്ധ' ആകണം. അങ്ങനൊരു കാര്യം ജയന്‍ നിര്‍ബന്ധമായി പറഞ്ഞിരുന്നില്ലെങ്കില്‍ ഇന്നീ കഥയുടെ തലം ഒരിക്കലും ഇങ്ങനെ വികസിക്കുമായിരുന്നില്ല. പത്രക്കാരനെന്ന നിലയില്‍ ജയന് മറയൂരില്‍ വിപുലമായ ബന്ധമുണ്ട്. കള്ളക്കടത്തുസംഘത്തെയും വനം ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥരെയും ഒരുപോലെ അറിയാം. ജയന്‍ ഇങ്ങനൊരു ഡയലോഗും പറഞ്ഞുതന്നു: ഷാങ്ഹായിയിലും ടോക്കിയോയിയിലുമുള്ള ശതകോടീശ്വരന്മാരുടെ ഭവനത്തില്‍, ധ്യാനബുദ്ധനായി പതിനായിരം കൊല്ലം ഇരിക്കേണ്ടതാണ്, ഈ വിലായത്ത് ബുദ്ധ. അല്ലാതെ ഭാസ്‌കരന്‍ സാറേ, ഗുരുവായൂര്‍ ദേവസ്വത്തില്‍ പോയി നിത്യേന ഉരഞ്ഞ് അരഞ്ഞുതീരേണ്ട ഒന്നല്ല അങ്ങയുടെ ചന്ദനം.

അത് എനിക്ക് ഏതാണ്ട് അങ്ങനെത്തന്നെ ഉപയോഗിക്കാതിരിക്കാന്‍ തരമില്ലായിരുന്നു. ചന്ദനംവെട്ടുകാരന്‍ മോഹനന്‍ ബ്രിട്ടീഷുകാര്‍ക്കുപോലും കഴിയാതിരുന്ന ഒരു വലിയ മലയ്ക്കു മേലേക്ക് വഴി വെട്ടുന്ന രംഗമുണ്ട്. അതിന്റെ ക്ലാഷ് പോയിന്റ് ഇതാണ്: ഭാസ്‌കരന്‍സാര്‍ സ്വന്തം പേരുദോഷം തീര്‍ക്കാന്‍ ഒരു ചന്ദനത്തെ വെട്ടി അതില്‍ സ്വയം ദഹിക്കാന്‍ തീരുമാനിക്കുന്നു. മോഹനനാകട്ടെ, സ്വന്തം കാമുകിയുടെ പേരുദോഷം മാറ്റാന്‍, അവളുടെ പേര്, താന്‍ വെട്ടുന്ന പുതിയ മലയ്ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ തീരുമാനിക്കുന്നു. ശിഷ്യന്റെതാണ് ക്രിയാത്മകമായ നടപടി. അത്തരമൊരു മലയ്ക്കു മുകളിലേക്ക് സഞ്ചരിക്കാന്‍ അവസരം ലഭിച്ചു. സംവിധായകനും സുഹൃത്തുമായ ജൂഡ് ആന്റണി ജോസഫിനും കേരളത്തിലെ ഏക വനിതാശിക്കാരിയായിരുന്ന കുട്ടിയമ്മയുടെ മകന്‍ ബാബുച്ചേട്ടനുമൊന്നിച്ചാണ് ഞാന്‍ മറയൂരിന്റെ നിഗൂഢമായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തത്.

ചിന്നാര്‍ ചെക്‌പോസ്റ്റു കടന്ന്, ഇടത്തേക്ക് തമിഴ്‌നാടിന്റെ മണ്ണില്‍, ആട്ടുമലയുടെ മുകളിലേക്ക് ഞങ്ങള്‍ പിക്അപ്പില്‍ കയറി. കഥയില്‍ പറയുന്നപോലെത്തന്നെ, ആ കൊടുമുടിയുടെ മുകളിലേക്ക് ഒരു വഴിയുണ്ടാക്കിയിട്ട് അധികനാളായിട്ടില്ല. ഒരു പിക്കപ്പ് ജീപ്പിന്റെ പിന്നിലെ കമ്പിയില്‍ പിടിച്ച് ഞാനും ജൂഡും ഒരു സഹായിപ്പയ്യന്‍, ഈ കഥയില്‍ ഭാസ്‌കരന്‍ സാറിന്റെ സഹായിയായി വരുന്ന ചിക്കിലിയും (കഥയിലും അവന്റെ പേര് അതുതന്നെ) ജീവന്‍ കൈയില്‍പ്പിടിച്ചു നിന്നു. സ്വര്‍ഗവും പാതാളവും അതിന്റെ ഇടയിലുള്ള ലോകങ്ങളും ചേര്‍ത്ത് ഈരേഴുപതിനാലു ലോകവും കണ്‍മുന്നില്‍ കണ്ടു. കുത്തനെ കയറുന്ന ജീപ്പ്. മുന്നില്‍, വശങ്ങളില്‍ ചെങ്കുത്തായ കൊക്ക. അസ്തമിക്കുന്ന വഴികള്‍. തെന്നുന്ന പാറയ്ക്കു മീതേക്കൂടി ഡ്രൈവര്‍ വണ്ടി വിട്ടു. ചിലപ്പോ ഉരഞ്ഞു താഴേക്കു വന്നു. ഡ്രൈവര്‍ക്കൊപ്പമിരുന്ന ബാബുച്ചേട്ടനുമാത്രം പേടിയില്ലായിരുന്നു. മറയൂരിലെ കൊടുംകാട്ടില്‍ ജനിച്ചു ജീവിച്ചുവളര്‍ന്ന ആളാണ്. തിരികെ യാത്രയില്‍ ഒരാനക്കൂട്ടം റോഡില്‍ നിന്ന്, കയറിപ്പോകാതെ തടസ്സമുണ്ടാക്കിയപ്പോള്‍ ഇറങ്ങി അവറ്റകളുടെ തൊട്ടുമുന്നില്‍ നിന്ന് അവയെ വിരട്ടിയോടിക്കുന്നതു കണ്ട് ഞങ്ങള്‍ അന്തംവിട്ടിരുന്നു.

നനഞ്ഞ പാറകളിലും മറ്റും കയറിയുമിറങ്ങിയും, വളഞ്ഞും പുളഞ്ഞും ഞങ്ങള്‍ ഒരുവിധം ആട്ടുമലയുടെ മുകളിലെത്തി. അവിടെ വേറൊരു ലോകം. പശുക്കള്‍. ബട്ടര്‍ബീന്‍സിന്റെ കൃഷിയിടം. എല്ലാം ചേര്‍ത്ത് കഥയുണ്ടായി. കഥയുടെ അവസാനഭാഗത്ത് ഉണ്ടായ ചില പ്രശ്‌നം ചൂണ്ടിക്കാണിച്ച് തിരുത്ത് നിര്‍ദേശിച്ചത് കാര്‍ട്ടൂണിസ്റ്റ് മഹേഷ് വെട്ടിയാരാണ്. സുഹൃത്ത് എസ്. ആര്‍. ലാല്‍, മനോരമയിലെ എസ്. പ്രദീപ്, തിരക്കഥാകൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മനുപ്രസാദ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയുള്ള സുഭാഷ് ചന്ദ്രനും സഹപ്രവര്‍ത്തകരും, ചിത്രകാരന്‍ ജോയ് തോമസ്, മാതൃഭൂമി ബുക്‌സിലെ നൗഷാദ്, സുരേഷ്... അങ്ങനെ ഒരുപാടുപേര്‍ക്ക് സലാം.

vilayath
പുസ്തകം വാങ്ങാം

എന്റെ സഹകഥാകൃത്തായ കെ. വി. മണികണ്ഠന്‍, ഞാന്‍ സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടതനുസരിച്ച് ഒരു മുന്‍കുറിപ്പ് എഴുതിത്തന്നു. അധ്യാപികയായ സിജി വി. എസ് ഫെയ്‌സ്ബുക്കില്‍ 'വിലായത്ത് ബുദ്ധ'യെ സംബന്ധിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധയില്‍ പെടുത്തിയതും മണിയാണ്. അതിലെ സ്ത്രീപക്ഷവായന സത്യസന്ധമാണെന്ന് തോന്നി. സുഹൃത്ത് നിരൂപകനായ ഡോ. സുരേഷ്മാധവ് 'വിലായത്ത് ബുദ്ധ' വായിച്ചതിനു ശേഷം ഒരു കുറിപ്പ് സ്വന്തം ഡയറിയില്‍ കുറിച്ചിട്ടിരുന്നതായി അറിഞ്ഞു. അതും ഉള്‍പ്പെടുത്തി. ഇവര്‍ക്കെല്ലാം നന്ദി, സ്‌നേഹം.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ആമുഖത്തില്‍ നിന്നും

വിലായത്ത് ബുദ്ധ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Vilayath Budha Malayalam Novel By GR Indugopan Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented