എൻ.എസ്. മാധവൻ, നോവൽ കവർ
ഹരിത സാവിത്രി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സിന്‍ എന്ന നോവലിന് എന്‍. എസ് മാധവന്‍ എഴുതിയ അവതാരിക വായിക്കാം.
അപരിചിതമായ നാടുകളിലേക്ക് മലയാളസാഹിത്യം അപൂര്‍വമായേ സഞ്ചരിച്ചിട്ടുള്ളൂ. അതില്‍ കുറ്റംപറയാന്‍ ഒന്നുമില്ല; ഏറ്റവും പരിചിതമായ ഇടങ്ങളില്‍നിന്നാണ് സാധാരണയായി ആത്മാവിഷ്‌കാരത്തിന്റെ നാമ്പുകള്‍ പൊട്ടിമുളയ്ക്കുക. അതിനോടൊപ്പംതന്നെ സ്ഥലകാലങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം, മനുഷ്യാവസ്ഥയ്ക്ക് ഒരു സര്‍വലൗകികഭാവമുണ്ടെന്നു നമ്മളെ ഓര്‍മിപ്പിക്കുന്നതും സാഹിത്യംതന്നെയാണ്. എഴുത്തച്ഛനും ഷെയ്ക്‌സ്പിയറും നമ്മുടെ പുസ്തക ഷെല്‍ഫുകളില്‍ സ്‌നേഹപൂര്‍വം സഹവസിക്കുന്നതിന്റെ രഹസ്യം ഇതുതന്നെയാണ്: മനുഷ്യവികാരങ്ങള്‍ എല്ലായിടത്തും എല്ലാ കാലത്തും അഭിന്നമാണ്.
ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവല്‍ ഓര്‍മിപ്പിക്കുന്നതും ഈ സാര്‍വത്രികസത്യമാണ്. ഉത്തരേന്ത്യയ്ക്കും ഗള്‍ഫ് നാടുകള്‍ക്കും അപ്പുറം അധികം സഞ്ചരിക്കാത്ത മലയാളസാഹിത്യത്തെ ഈ നോവലിന്റെ തുടക്കത്തില്‍ത്തന്നെ നേരേ കൂട്ടിക്കൊണ്ടുപോകുന്നത് ദിയര്‍ബക്കിറിലേക്കാണ്.ടര്‍ക്കിയിലെ ഈ പട്ടണം കുര്‍ദുവംശജരുടെ സ്വന്തം നാടിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ കേന്ദ്രമാണ്. ആരാണ് കുര്‍ദുകള്‍? കുറച്ചുകാലം മുതലേ മിക്ക മലയാളികള്‍ക്കും കുര്‍ദുകളെ നന്നായിട്ടറിയാം. ആ അറിവില്‍ ഒരു നടുക്കവുമുണ്ട്. ലോകമെമ്പാടുമുള്ളവരെപ്പോലെ നിസ്സഹായരായി മലയാളികളും അനുഭവിച്ച ആ മനസ്സാക്ഷിക്കുത്തിന്റെ പേര് ഐലാന്‍ കുര്‍ദി എന്നാണ്. തുര്‍ക്കിയിലെ ബ്രോഡം കടല്‍ത്തീരത്ത് ഒന്നുമറിയാതെ ഉറങ്ങുന്നപോലെ, ചരലില്‍ മുഖം അമര്‍ത്തി കണ്ണുചിമ്മി കിടക്കുന്ന ഈ നാലുവയസ്സുകാരന്റെ ജഡം കുര്‍ദിലെ സംഘര്‍ഷത്തില്‍നിന്ന് ലോകത്തിന് മുഖംതിരിക്കാന്‍ പറ്റാതാക്കി. കുടുംബത്തോടൊപ്പം, സിറിയയും ഐ.എസ്സും അഴിച്ചുവിട്ട കുര്‍ദുവേട്ടയില്‍നിന്നു രക്ഷപ്പെടാന്‍, ഗ്രീസിലേക്കുള്ള കടല്‍വഴിയുള്ള പലായനത്തിനിടയ്ക്കാണ് ഐലാനും അമ്മ റീഹാനും സഹോദരന്‍ ഗലീപിനും ജീവന്‍ നഷ്ടപ്പെട്ടത്.
ഐലാന്റെ പടം പെട്ടെന്ന് ഓര്‍മിപ്പിക്കുക യു.എസ്സിന്റെ നാപാം ബോംബുകള്‍ ഉടുപ്പുകള്‍ കത്തിച്ചുകളഞ്ഞ് വിവസ്ത്രയാക്കിയ വിയറ്റ്‌നാമിലെ ഒന്‍പതു വയസ്സുകാരി കിം ഫൂക്കിന്റെ ചിത്രത്തെയാണ്. 1972-ല്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം യു.എസ്സില്‍ യുദ്ധവിരുദ്ധവികാരത്തിനു തിരികൊളുത്തി. ഭൂമിയിലെ ഏറ്റവും വലിയ സാമ്രാജ്യശക്തി, ദൂരേ എഷ്യയില്‍ കിടക്കുന്ന ഒരു ചെറിയ നാടിനെ കാര്‍പ്പെറ്റ് ബോംബ് ചെയ്ത് നശിപ്പിക്കുന്നതിന്റെ അധാര്‍മികത, ദാവീദിന്റെയും ഗോലിയത്തിന്റെയും ബൈബിള്‍ക്കഥപോലെ ലളിതവും സ്പഷ്ടവും ആയതുകൊണ്ട് ആ ചിത്രത്തിന് വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതിയെ സ്വാധീനിക്കാന്‍ പെട്ടെന്ന് സാധിച്ചു.
എന്നാല്‍, കൊച്ച് ഐലാനിന്റെ ചിത്രം ഹൃദയഭേദകമാണെങ്കിലും കുര്‍ദ് ഭൂരിപക്ഷമേഖലകളുടെ സങ്കീര്‍ണമായ ചരിത്രം, ദാവീദ്-ഗോലിയത്ത് കഥപോലെ ലളിതമല്ലാത്തതുകൊണ്ടും പെട്ടെന്ന് ഉള്‍കൊള്ളാന്‍ പറ്റുന്നതല്ല. കുര്‍ദുകാര്‍ നേരിടുന്ന വിധ്വംസനം ഒറ്റ സ്‌നാപ്പില്‍ ഒതുങ്ങുന്നതല്ല. അതുകൊണ്ടാണ് ഹരിത സാവിത്രിയുടെ സിന്‍ മലയാളത്തിലെ ഒരു പ്രധാനപ്പെട്ട നോവലാകുന്നത്. കുര്‍ദുകളെക്കുറിച്ച് വളരെ കുറച്ചേ വായിക്കപ്പെട്ടിട്ടുള്ളൂ. കുര്‍ദ് ആക്ടിവിസ്റ്റും ഒരുപക്ഷേ ഏറ്റവും പ്രസിദ്ധയായ കുര്‍ദ് എഴുത്തുകാരിയുമായ വിഡാഡ് ആക്രെയി എഴുതിയ ദ് ഡാട്ടര്‍ ഓഫ് കുര്‍ദ്‌ലാന്‍ഡ് (കുര്‍ദുനാടിന്റെ മകള്‍) എന്ന ആത്മകഥാംശം കലര്‍ന്ന ഗദ്യരചന പരക്കെ വായിക്കപ്പെട്ടതാണ്. ആക്രെയിയുടെതന്നെ പ്രസിദ്ധമായ മറ്റു കൃതികളുണ്ട്. ഗദ്യരചനയുടെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് നോവല്‍ നല്കുന്ന സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ കാര്യങ്ങള്‍- പ്രത്യേകിച്ച് മാനസികവ്യാപാരങ്ങള്‍- കൂടുതല്‍ തെളിച്ചത്തോടെ അവതരിപ്പിക്കാന്‍ സാധിക്കും. ഹരിത സാവിത്രി ഈ സാധ്യത നോവലില്‍ ഉപയോഗിക്കുന്നതായി കാണാം.
ഇറാഖ്, ടര്‍ക്കി, സിറിയ, അര്‍മേനിയ എന്നീ അതിര്‍ത്തികള്‍ പങ്കിടുന്ന രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്നവരാണ് ഭൂരിപക്ഷവും ഇസ്‌ലാംവിശ്വാസികളായ കുര്‍ദ് വംശജര്‍. അവര്‍ക്ക് സ്വന്തമായി ഒരു നാടില്ല. രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് ഇസ്രയേല്‍ നിലവില്‍വരുന്നതിനു മുന്‍പ് യഹൂദന്മാര്‍ ആഗ്രഹിച്ചിരുന്ന വാഗ്ദത്തഭൂമി അവര്‍ക്ക് കിട്ടിയതിനു പിന്നില്‍, ലോകമുതലാളിത്തത്തില്‍ യഹൂദന്മാരുടെ പിടിമുറുക്കവും പാശ്ചാത്യനാടുകളുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍, കുര്‍ദുകള്‍ക്കുവേണ്ടി പറയാന്‍ അധികം പേരില്ല.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഇറാഖ്, ടര്‍ക്കി, സിറിയ, അര്‍മേനിയ എന്നീ രാജ്യങ്ങള്‍ക്കകത്ത് കുര്‍ദ് ഭൂരിപക്ഷമേഖല വേര്‍തിരിച്ച് കുര്‍ദിസ്ഥാന്‍ എന്ന ആശയം ശക്തമാകാന്‍ തുടങ്ങിയത്. കുര്‍ദുകാര്‍ അതാതു രാജ്യങ്ങളിലെ ന്യൂനപക്ഷമായി; വംശവെറിക്ക് ഇരകളുമായി. ഒന്നാംലോകമഹായുദ്ധത്തില്‍ ടര്‍ക്കി കേന്ദ്രമായിട്ടുള്ള ഒട്ടോമന്‍സാമ്രാജ്യം ഉള്‍പ്പെടുന്ന കേന്ദ്രശക്തികള്‍ (ജര്‍മനി, ഓസ്ട്രിയ-ഹങ്കറി എന്നിവയായിരുന്നു മറ്റു പ്രമുഖ രാജ്യങ്ങള്‍) പരാജയപ്പെട്ടപ്പോഴായിരുന്നു കുര്‍ദുകള്‍ക്കായി ഒരു ജന്മദേശം ലഭിക്കാനുള്ള സാധ്യത ഏറ്റവും കൂടുതലായി തെളിഞ്ഞത്. 1920-ല്‍ ഫ്രാന്‍സിലെ സെവ്‌റസ് നഗരത്തില്‍ ഒപ്പുവെച്ച ഉടമ്പടിപ്രകാരം യുദ്ധത്തില്‍ വിജയികളായ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങുന്ന സഖ്യകക്ഷികള്‍, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗങ്ങള്‍ പങ്കിട്ടെടുത്തു. ആ കൂട്ടത്തില്‍ ടര്‍ക്കിയില്‍ കുര്‍ദുകള്‍ തിങ്ങിത്താമസിച്ചിരുന്ന പ്രദേശവും ഇപ്പോള്‍ ഇറാഖിലുള്ള മൊസൂല്‍പ്രദേശവും ചേര്‍ത്ത് കുര്‍ദിസ്ഥാന്‍ എന്നു പേരുള്ള പ്രദേശവും വേര്‍തിരിച്ചു. പെട്ടെന്ന് അതൊരു രാജ്യമായില്ല, പകരം കുര്‍ദുകള്‍ അവരുടെ ഭാവി നിര്‍ണയിക്കാനുള്ള അഭിപ്രായവോട്ടെടുപ്പ് ആദ്യം നടത്താനായിരുന്നു തീരുമാനം. നിര്‍ദിഷ്ട കുര്‍ദിസ്ഥാനും അപൂര്‍ണമായിരുന്നു; അതില്‍ അര്‍മേനിയയില്‍ വസിക്കുന്ന കുര്‍ദുകളെ ഉള്‍പ്പെടുത്തിയിരുന്നില്ല.

സഖ്യശക്തികള്‍ വീണ്ടും 1923-ല്‍ ഫ്രാന്‍സിലെ ലസോന്‍ പട്ടണത്തില്‍ ഒത്തു ചേര്‍ന്നപ്പോള്‍ സെവ്‌റസിലെ ഉടമ്പടി റദ്ദാക്കി. ലാസോനിലെ പുതിയ ഉടമ്പടി പ്രകാരം റിപ്പബ്ലിക് ഓഫ് ടര്‍ക്കി നിലവില്‍വന്നു. കടലാസിലെ കുര്‍ദിസ്ഥാന്‍ വൃഥാ കിനാവായി തുടര്‍ന്നു. കുര്‍ദുകള്‍ ടര്‍ക്കിയിലെ ന്യൂനപക്ഷമായി തുടര്‍ന്നു. തുടര്‍ന്ന് ടര്‍ക്കിയില്‍ നടന്നത് കശാപ്പായിരുന്നു. 1925-ല്‍ ടര്‍ക്കി നടത്തിയ സൈനികനടപടികളില്‍ ഏകദേശം 20,000 കുര്‍ദുകാര്‍ കൊലപ്പെട്ടു. 1932-ല്‍ ദര്‍സിം പ്രദേശത്തു നടന്ന വംശഹത്യയില്‍ 40,000 ദര്‍സിംകാര്‍ വധിക്കപ്പെട്ടു. പിന്നീടു നാം കാണുന്നത് കുര്‍ദ് വംശജര്‍ക്ക് അവര്‍ പാര്‍ത്തിരുന്ന രാജ്യങ്ങളിലെല്ലാം കൂട്ടക്കൊല നേരിടേണ്ടിവന്നു എന്നാണ്.
ഇറാഖില്‍ നടന്നത് യു.എസ്. വിചാരിച്ചാല്‍ കുറെയൊക്കെ ഒഴിവാക്കാമായിരുന്നു. 1975-1990 വരെയുള്ള കാലത്ത് കുര്‍ദുകളുമായി യാതൊരു ബന്ധവും പാടില്ലായിരുന്നുവെന്നായിരുന്നു യു.എസ്. നയം. അത് മുതലെടുത്ത് സദ്ദാം ഹുസൈന്‍ ആയിരക്കണക്കിന് കുര്‍ദുകളെ കൂട്ടക്കൊല ചെയ്തു. 1988-ല്‍ കുര്‍ദുകളുടെ ഗ്രാമമായ ഹലാബ്ജയില്‍ സദ്ദാം രാസായുധങ്ങള്‍ ഉപയോഗിച്ചു; ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും മരിച്ചുവീണു.
1991-ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖ് തോറ്റതിനുശേഷം ഇറാഖിലെ തെക്കന്‍ പ്രവിശ്യകളില്‍ ഷിയകള്‍ സദ്ദാം ഹുസൈന് എതിരായി കലാപക്കൊടി ഉയര്‍ത്തി. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വടക്കന്‍ പ്രവിശ്യകളില്‍ കുര്‍ദുകളും പോരാട്ടത്തിനിറങ്ങി. ഇറാഖിലെ 18 പ്രവിശ്യകളില്‍ 15 എണ്ണം ഷിയകളുടെയോ കുര്‍ദുകളുടെയോ അധീനത്തിലായി. എന്നാല്‍, യു.എസ്. കലാപകാരികളെ പിന്തുണച്ചില്ല. സദ്ദാമിന്റെ തിരിച്ചടി ഭീകരവും ക്രൂരവുമായിരുന്നു. കുര്‍ദുകാര്‍ യു.എസ്സിനെ സദ്ദാമിനെതിരേ സൈനികമായി സഹായിച്ചിരുന്നെങ്കിലും, തിരിച്ച് യു.എസ്. കുര്‍ദുകള്‍ക്കെതിരേ സദ്ദാമിന്റെ ക്രൂരത കണ്ടില്ലെന്നു നടിച്ചു. 1999-ല്‍ മാത്രമാണ് യു.എസ്. കുര്‍ദുകളെ ആക്രമിക്കുന്നത് പൊറുക്കുകയില്ലെന്ന് നിലപാടെടുത്തത്. സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ യു.എസ്. പറഞ്ഞ കാര്യം അയാള്‍ മനുഷ്യരാശിക്കെതിരായി ചെയ്ത കുറ്റങ്ങളാണ്. സദ്ദാം വീഴ്ത്തിയ കുര്‍ദുകളുടെ ചോരയില്‍ യു.എസ്സിനും പങ്കുണ്ടെന്നതാണു വസ്തുത.
കുര്‍ദുകള്‍ യു.എസ്സിനെ സഹായിച്ചതാണ് അവര്‍ക്ക് എതിരേ ക്രൂരമായ ആക്രമണം അഴിച്ചുവിടാന്‍ സിറിയന്‍ സൈന്യവും ഐ.എസ്സും തുനിഞ്ഞിറങ്ങിയതിന്റെ കാരണം. ഈ ആക്രമണങ്ങള്‍ ചെറുക്കാനാവാതെ പലായനം ചെയ്യാനുള്ള കുര്‍ദുകാരുടെ ശ്രമത്തിനിടയില്‍ കൊച്ച് ഐലാനടക്കം അനവധി അഭയാര്‍ഥികള്‍ ദാരുണമായി മരിച്ചു.
ടര്‍ക്കിയിലെ കഥ നേരത്തേ പറഞ്ഞതാണല്ലോ. അവിടത്തെ ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്ന് വരുന്ന കുര്‍ദുകളെ ഭൂരിപക്ഷം വേട്ടയാടാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ട് തികയുന്നു. കുര്‍ദുകളുടെ അസ്തിത്വംതന്നെ ടര്‍ക്കിയില്‍ നിഷേധിക്കപ്പെട്ടു. 'കുര്‍ദ്,' 'കുര്‍ദിസ്ഥാന്‍' തുടങ്ങിയ വാക്കുകള്‍ ഉച്ചരിക്കാന്‍ പോലും പാടില്ലായിരുന്നു. 'മലകളിലെ തുര്‍ക്കികള്‍' എന്നാണ് കുര്‍ദുകളെ 1991വരെ ഔദ്യോഗികമായി വിളിച്ചിരുന്നത്.
1980-കള്‍ തൊട്ട് സ്വതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം മുറുകിത്തുടങ്ങിയപ്പോള്‍ കുര്‍ദുകളും ടര്‍ക്കിയിലെ ഭരണവുമായി ഏറ്റുമുട്ടാന്‍ തുടങ്ങി. കുര്‍ദുകളുടെ ചെറുത്തുനില്പിനു സംഘടിതരൂപം കൈവരിക്കുന്നത് 1970-ല്‍, കുര്‍ദ് പ്രതിരോധത്തിന്റെ നേതാവായ, ഇപ്പോഴും ടര്‍ക്കിയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്ള ഒഹ്ജലാന്റെ കീഴില്‍ കമ്യൂണിസ്റ്റ് ആശയങ്ങളുള്ള കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ- പാര്‍ത്തിയ കാര്‍ക്കറോണ്‍ കുര്‍ദിസ്ഥാന്‍) രൂപീകരിച്ചതിനു ശേഷമാണ്.
ടര്‍ക്കി സര്‍ക്കാരിന്റെ തിരിച്ചടി രൂക്ഷമായിരുന്നു. 1978നുശേഷം 4000 കുര്‍ദ് ഗ്രാമങ്ങളെ അവര്‍ കുടിയൊഴിപ്പിച്ചു. ഏതാണ്ട് 40,000 കുര്‍ദുകള്‍ കൊല്ലപ്പെട്ടു. 2012-ലെ സന്ധിസംഭാഷണങ്ങള്‍ക്കുശേഷം സംഘര്‍ഷങ്ങള്‍ക്ക് വിരാമമുണ്ടായെങ്കിലും 2015 ജൂലായില്‍ വീണ്ടും കുര്‍ദ് പോരാളികളും ടര്‍ക്കി സൈന്യവും ഏറ്റുമുട്ടാന്‍ തുടങ്ങി.
അശാന്തിയുടെയും മരണങ്ങളുടെയും ഈ കാലത്തിലേക്കാണ് ഹരിത സാവിത്രിയുടെ നോവല്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കുര്‍ദുകളുടെ ദീര്‍ഘയാതനയുടെ ചരിത്രത്തെ ഉപരിതലത്തിലൂടെ ഒന്ന് സ്പര്‍ശിച്ചുപോകാന്‍ ഞാന്‍ ശ്രമിച്ചത് ഈ നോവലിലേക്കുള്ള ഒരു പ്രവേശികയായിട്ടാണ്- നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ ഭാരം ഇതിന്റെ താളുകള്‍ വഹിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കാനും.

കുര്‍ദിസ്ഥാന്‍ എന്നെങ്കിലും നിലവില്‍വന്നാല്‍ അതിന്റെ തലസ്ഥാനമാകുമെന്ന് കരുതുന്ന പട്ടണമാണ് കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള ദിയര്‍ബക്കിര്‍. പോരാട്ടത്തിന്റെ ഈ തീച്ചൂളയിലാണ് നോവല്‍ തുടങ്ങുന്നത്. ഒരുപറ്റം കുര്‍ദ് സ്വതന്ത്രപോരാളികളെ ഈ നോവല്‍ പിന്തുടരുന്നു. അതിലൊരാളുടെ കാമുകിയായ, അയാളുടെ കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിക്കുന്ന ഒരു മലയാളിപ്പെണ്‍കുട്ടിയും കൂട്ടത്തിലുണ്ട്. എന്നാലും ഈ നോവല്‍ ആ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടില്‍നിന്ന് എഴുതിയതല്ല. നമ്മള്‍ സഞ്ചരിക്കുന്നത് മിക്കപ്പോഴും കുര്‍ദുകളുടെ കൂടെയാണ്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ വിട്ട്, അതിനു പുറത്ത് നില്ക്കുന്ന ഈ മലയാളിപ്പെണ്‍കുട്ടിയുടെ നേത്രപടലങ്ങളിലൂടെ സംഘര്‍ഷഭൂമിയെ കാണുമ്പോള്‍ അതിന് വേദനിപ്പിക്കുന്ന മൂര്‍ച്ചയുള്ള തെളിമ ലഭിക്കുന്നു.
നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈ പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ് ഈ നോവല്‍ വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പിക്കടകളില്‍നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്‍, വളരെയധികം ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം പ്രഭാതത്തില്‍ കാണുമ്പോള്‍, അഭയം തേടി എപ്പോഴെല്ലാം കുര്‍ദുപോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോള്‍ അപ്പോഴെല്ലാം അവ തുറക്കുന്നത് ധീരകളായ സ്ത്രീകള്‍ മാത്രമാണെന്നു വരുമ്പോള്‍, ഘോരമായ പോരാട്ടങ്ങള്‍ക്കിടയിലും ജീവിതം ജീവിക്കാതെ പോകുന്നില്ലെന്ന് നോവലിസ്റ്റ് മനസ്സിലാക്കിത്തരുന്നു.
അപരിചിതമായ ഇടങ്ങളിലോ തീക്ഷ്ണമായ ചരിത്രമൂഹൂര്‍ത്തങ്ങളിലോ സംഭവിക്കുന്നതുകൊണ്ട് സാഹിത്യം മഹത്തരമാകണമെന്നില്ല. കാലദേശങ്ങള്‍ക്ക് അതീതമായി എല്ലാവരെയും സ്പര്‍ശിക്കുന്ന ഒരു മൂലകം അതിലുണ്ടാകേണ്ടിയിരിക്കുന്നു. കുര്‍ദുകളുടെ പോരാട്ടത്തില്‍ സമീപകാലവിജയം കാണുന്ന ലക്ഷണമില്ല. എന്നിട്ടും അവര്‍ യുദ്ധമുഖത്തുണ്ട്. എന്തുകൊണ്ട്? ഗ്രാംച്ചി എഴുതിയപോലെ ബുദ്ധി നല്കുന്നത് ദുസ്സൂചനകളാണെങ്കിലും ഇച്ഛാശക്തി ശുഭാപ്തിവിശ്വാസം പകരുന്നു. ജീവിതവാഞ്ഛയുടെ ഈ ആത്യന്തികസത്യമാണ് ഹരിത സാവിത്രിയുടെ നോവല്‍, സിന്‍ ആഘോഷിക്കുന്നത്.
Content Highlights: veteran writer n s madhavan writes introductory note on the novel zin by haritha savithri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..