സി.വി രാമൻ പിള്ള
ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്ന സി.വി. രാമന്‍പിള്ളയെക്കുറിച്ച് അദ്ദേഹത്തിന്റെ കൊച്ചുമകന്റെ പൗത്രിയും എഴുത്തുകാരിയുമായ വീണ റോസ്‌കോട്ട് എഴുതുന്നു.
ജീവിതത്തില്‍ ഞാന്‍ ഏറ്റവുമധികം കേട്ടിട്ടുള്ള ചോദ്യങ്ങളില്‍ ഒന്നാണിത്- എന്താണ് റോസ്‌കോട്ട്... എങ്ങനെ ആ സര്‍നെയിം വന്നു? പാളയത്തെ ഒരു കഫേയിലിരുന്ന് ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കിയപ്പോള്‍ ഞാനും ഒരു കൂട്ടുകാരിയുമാണ് ആ പേരിട്ടത്. Misspelt ആയി വന്ന ആ പേര് പിന്നെ സ്‌പെല്ലിങ് ശരിയാക്കാന്‍ എന്തോ തോന്നിയില്ല. എന്റെ അപ്പൂപ്പന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്ന കഥകളിലൂടെയാണ് ഞാന്‍ സി വി എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. ഒന്നാന്തരമൊരു കഥ പറച്ചിലുകാരന്‍ ആയിരുന്നു എന്റെ അപ്പൂപ്പന്‍. അദ്ദേഹം സ്വന്തം അപ്പൂപ്പനെക്കുറിച്ചുള്ള കഥകള്‍ അഹങ്കാരത്തോടെ ഞങ്ങളോട് പറയുമായിരുന്നു. വീട്ടില്‍ എല്ലാരും കണി കണ്ടുണരുന്നത് സി വി അപ്പൂപ്പന്റെ പടമാണ്. ആ തുറിച്ചുനോട്ടം, ആ കൊമ്പന്‍ മീശ. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും സി വി അപ്പൂപ്പന്‍ എന്ന് എല്ലാരും സംബോധന ചെയ്യുന്ന മലയാള നോവല്‍ സാഹിത്യത്തിന്റെ കുലപതി സി വി രാമന്‍ പിള്ളയെക്കുറിച്ച് എന്റെ അപ്പൂപ്പന്‍ പറഞ്ഞ് തന്ന നിരവധി കഥകളുണ്ട്. പര്‍വ്വതം പോലെ തിളച്ചുമറിയുന്ന ദേഷ്യം അദ്ദേഹം ഒരു കിരീടം പോലെ അണിഞ്ഞ് നടന്നിരുന്നു. കലാകാരന്റെ ഉള്ളിലെ ഒരിക്കലും കെടാത്ത തീയാണ് അതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
എന്റെ അപ്പൂപ്പന്റെ അമ്മ പിള്ളവീട്ടില്‍ മഹേശ്വരി അമ്മ സി.വിയുടെ മകന്റെ ഭാര്യമായി ആ വീട്ടില്‍ കയറിച്ചെന്നതിന് ശേഷം അവിടത്തെ കേട്ടെഴുത്തുകാരിയായി മാറി. സി വി ചാരുകസേരയില്‍ കിടന്നോ ഇരുന്നോ പറഞ്ഞുകൊടുക്കുന്ന വാക്കുകളും വരികളും തെറ്റാതെ എഴുതുക എന്നതായിരുന്നു മഹേശ്വരി അമ്മയുടെ ജോലി. വായില്‍ മുറുക്കാന്‍ നിറച്ച് പാതികേള്‍ക്കുന്ന വിധത്തില്‍ ഘനഗാംഭീര്യമുള്ള ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു തുടങ്ങും. രണ്ടാമത് ചോദിച്ചാലോ എഴുതുന്നത് തെറ്റിച്ചാലോ കിഴുക്ക് ഉറപ്പ്. ഇല്ലെങ്കില്‍ തലയ്ക്കിട്ട് കൊട്ട്. സി വിയുടെ മകന്‍ ആര്‍ സി ശേഖരപിള്ള അദ്ദേഹത്തിന്റെ പിതാവിന്റെ ജീവിതം വരുംതലമുറയ്ക്കായി എഴുതി സൂക്ഷിക്കണമെന്ന് ആഗ്രഹിച്ചു. സി വി എഴുതിയ കത്തുകള്‍, ഡയറികള്‍, സ്വകാര്യ കുറിപ്പുകള്‍ ഒക്കെ ഉള്‍ക്കൊള്ളിച്ചു സി വിയുടെ ജീവചരിത്രം തയ്യാറാക്കുന്നതില്‍ മുന്‍കൈ എടുത്തത് അദ്ദേഹമാണ്.
പി.കെ പരമേശ്വരന്‍ നായര്‍ സി വിയുടെ ജീവചരിത്രം തയ്യാറാക്കാനായി ഏറെനാള്‍ പ്രതിഭാശാലിയായ ആ മകനൊപ്പം താമസിച്ചിരുന്നു.സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മകന്‍ പറഞ്ഞുകൊടുത്ത അച്ഛനെക്കുറിച്ചുള്ള വിവരങ്ങള്‍ ആ ജീവചരിത്രം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. അച്ഛനെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നതിലേക്കായി വിവരശേഖരണത്തിന് അദ്ദേഹം ഏറെ അലഞ്ഞുനടന്നു എന്ന് പറയപ്പെടുന്നു. പിതാവിന്റെ ജീവചരിത്രം എഴുതിക്കാണണമെന്ന ആ സ്വപ്നം പൂവണിയുന്നതിന് മുന്നേ അദ്ദേഹം മരണെപ്പട്ടു. ടോള്‍സ്‌റ്റോയിയുടെ മകനെപ്പോലെ വല്ലാത്ത ഒരു വിധി ആയിരുന്നു അദ്ദേഹത്തിനും എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. സി വി കൃതികള്‍ വായിക്കുമ്പോള്‍ ഉറക്കെ വായിച്ചുപോകുന്നതാണ് നല്ലതെന്ന് ഒരുപാട് പേര്‍ പരാമര്‍ശിച്ചു കേട്ടിട്ടുണ്ട്. ഉറക്കെ വായിക്കുമ്പോള്‍ ഭാഷയുടെ താളവും ചന്തവും മുഴക്കവും നീട്ടലും കയറ്റിറക്കങ്ങളും ശരിയായി രൂപംകൊള്ളും.
എന്റെ അപ്പൂപ്പന്റെ അമ്മ എഴുതിയെടുത്തപ്പോള്‍, ആദ്യത്തെ കേള്‍വിക്കാരിയായിരുന്നപ്പോള്‍ എന്തെന്ത് ഭാവങ്ങളിലൂടെയായിരിക്കും അവര്‍ ഒഴുകിപ്പോയിട്ടുണ്ടാവുക എന്ന് നൂറ് വര്‍ഷങ്ങള്‍ക്കപ്പുറമിരുന്ന് ഞാന്‍ ചിന്തിക്കുമ്പോള്‍ എഴുത്തിന്റെയും കാലത്തിന്റെയും ഭാവനയുടെയും അതിനിഗൂഢമായ ചുഴിയിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുന്നു. മനുഷ്യാവസ്ഥയുടെ വിവിധ മാനങ്ങള്‍ വന്ന് തൊടുന്നു. തിരുവിതാംകൂറിന്റെ തന്നത് രീതിയാണ് മാതൃ ബന്ധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും പിതൃവഴിയിലുള്ള ബന്ധങ്ങള്‍ പലപ്പോഴും വഴി മാറിപ്പോവുകയും ചെയ്യുക എന്നത്. ഞങ്ങളുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. എന്റെ അപ്പൂപ്പന്‍ ജോലി ആവശ്യങ്ങള്‍ക്കായി മൈസൂറും മദ്രാസുമൊക്കെ പോവുകയും ജീവിതം മുഴുവനായി തന്നെ തളര്‍ന്ന് പോകുന്ന രോഗങ്ങളുമായി മടങ്ങി വരികയും ചെയ്തു. അദ്ദേഹം വര്‍ഷങ്ങളോളം കിടപ്പ് രോഗിയായിരുന്നു. എന്നാല്‍ അസുഖങ്ങളുമായി പട വെട്ടി അദ്ദേഹം ജയിച്ചു വന്നു. അക്കാലങ്ങളിലെല്ലാം അദ്ദേഹം തന്റെ അപ്പൂപ്പന്റെ കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നുകൊണ്ടിരുന്നു. പവിഴമല്ലി പൂക്കള്‍ വീണ് കിടക്കുന്ന ഒരിടത്തിരുന്നാണ് അദ്ദേഹം എഴുതിയിരുന്നതെന്ന് അപ്പൂപ്പന്‍ എപ്പോഴും പറയുമായിരുന്നു.

സി.വിയുടെ പാതയില്‍ തന്റെ തലമുറയുണ്ടാവണമെന്നും അദ്ദേഹം ഏറെ ആഗ്രഹിച്ചു. ഞാന്‍ ബാലപംക്തിയിലും ക്യാമ്പസ് ലൈനിലും എഴുതിയപ്പോള്‍ അദ്ദേഹം അകമേ അഭിമാനിച്ചു. തനിക്കോ തന്റെ അച്ഛനോ ആഗ്രഹമുണ്ടായിട്ടും എത്തിപെടാനാവാത്ത ആ വഴിയിലേക്ക് കൊച്ചുമകള്‍ എത്തിയല്ലോ എന്ന് ഊറ്റം കൊണ്ടു. എന്റെ ഒരു പുസ്തകമെങ്കിലും ഇറങ്ങി കാണണമെന്ന ആഗ്രഹം സാധിക്കാതെ അദ്ദേഹം തന്റെ എണ്‍പത്തിമൂന്നാം വയസ്സില്‍ മരിച്ചു. മരിക്കുന്ന ആ ആഴ്ച അപ്പൂപ്പന്‍ ഒരുപാട് ഭ്രമാത്മകതയിലൂടെ കടന്നുപോയിരുന്നു. അപ്പോഴെല്ലാം 'എന്റെ അപ്പൂപ്പന്‍ എന്നെ കുതിരപ്പുറത്ത് കാണാന്‍ വന്നിരിക്കുന്നു. കേട്ടില്ലേ കുതിരയുടെ കുളമ്പടി' എന്ന് അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നു. ഈ കാലങ്ങളിലെല്ലാം ഞാന്‍ സി.വി യുമായി വായനയിലൂടെ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. എഴുത്തുപോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍, ആള്‍മാറാട്ടമൊക്കെ എന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹം വേഷം മാറി പല സ്ഥലങ്ങളിലൂടെ അലയുമായിരുന്നു എന്നത് എന്റെ ഭാവനയെ തീ പിടിപ്പിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് സി. വിയുടെ പ്രതിമ നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവരില്‍ ഞാനുമുണ്ടായിരുന്നു. നിറയെ ശാഖകളുള്ള കുടുംബത്തിന്റെ പല പല ബന്ധങ്ങളില്‍ പെട്ട ഒരുപാട് ആളുകള്‍ അവിടെ എത്തിയിരുന്നു. പലരെയും എനിക്ക് അറിയില്ല, ചിലരെ ആദ്യമായി കാണുകയാണ്. 75 വര്‍ഷം പഴക്കമുള്ള വളരെ സിനിമാറ്റിക് ആയ രസകരമായ ചില കുടുംബവഴക്കുകളുടെ കഥകളും ഞങ്ങള്‍ കൊച്ചിലേ പറഞ്ഞ് കേട്ടിട്ടുണ്ട്. ആ മഹാന്റെ പ്രതിമയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു: ഇത് നിയോഗമാണ് കാലമേ... ഈ വന്ന ജനക്കൂട്ടം ഈ മഹാ എഴുത്തുകാരനുമായി രക്തത്താല്‍ പിണഞ്ഞുകിടക്കുന്നവരാണ്. ആളുകള്‍ അവരുടെ വികാരങ്ങള്‍, ഓര്‍മ്മകള്‍, സ്വപ്നങ്ങള്‍ എന്തെല്ലാമെന്തെല്ലാം അദ്ദേഹവുമായി നെയ്ത്തു ചേര്‍ത്തിരിക്കുന്നു! അല്ലെങ്കില്‍ത്തന്നെ എഴുത്തുകാരന്‍ ഒരു കുടുംബത്തിന്റെയോ വ്യക്തിയുടെയോ അല്ല വായനക്കരുടേതാണ്. സി. വി യുടെ സര്‍ഗ്ഗഭൂമികയായ തിരുവനന്തപുരത്ത് പ്രതിമ വരുന്നതിന് മുന്‍ കൈ എടുത്ത സി വി ഫൗണ്ടേഷന് കടപ്പാടും നന്ദിയുമുണ്ട്. ജോര്‍ജ് ഓണക്കൂര്‍, എന്റെ അധ്യാപകന്‍ കൂടെയായ പി കെ രാജശേഖരന്‍, വേണുഗോപാല്‍ തുടങ്ങി ഒട്ടേറെ പേരുടെ വര്‍ഷങ്ങളുടെ പരിശ്രമം അതിന് പിന്നിലുണ്ട്. അതില്‍ കുടുംബക്കാരും പങ്കുചേര്‍ന്നു.
ഏവര്‍ക്കും സ്‌നേഹം. സി വി അപ്പൂപ്പന്റെ രക്തത്തിന്റെ പങ്ക് കിട്ടിയതില്‍ ഞാന്‍ അകമേ എക്കാലവും അഭിമാനിച്ചിരുന്നുവെങ്കിലും എന്റെ ചെറിയ എഴുത്തുജീവിതത്തില്‍ ഒരിക്കലും ഒരു വ്യക്തിഗത വളര്‍ച്ചയ്ക്കായി അത് ഉപയോഗിക്കരുതെന്ന വാശിയും എനിക്കുണ്ടായിരുന്നു. ആ മഹാഎഴുത്തുകാരനോടുള്ള എന്റെ സ്‌നേഹം, ആദരം അത് അക്ഷരങ്ങളോട് കാണിക്കുന്ന അടുപ്പവും സത്യസന്ധതയും മാത്രമാകണമെന്നും എനിക്കുണ്ട്. എന്റെ അപ്പൂപ്പന്‍ സ്വപ്നം കണ്ടപോലെ ഒരു വല്യ എഴുത്തുകാരിയാവാന്‍ എനിക്കായില്ല. എന്നാല്‍ വാക്ക് എടുത്ത് ഉപയോഗിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ രണ്ടാമതൊന്ന് ചിന്തിക്കും- വാക്കില്‍ പക കൊരുക്കാതിരിക്കാന്‍, വെറുപ്പ് തേയ്ക്കാതിരിക്കാന്‍, ആരെയും വലിച്ചു താഴ്ത്താതിരിക്കാന്‍. വാക്കിന്റെ പേരില്‍ ഗര്‍വ്വ് വരാതിരിക്കാന്‍. കാരണം ഓരോ വാക്ക് എടുക്കുമ്പോഴും എന്റെ ഉള്ളിലിരുന്ന് ഒരു ജീന്‍ സിംഹത്തെ പോലെ ഗര്‍ജ്ജിക്കും...ഇന്നലെ പ്രതിമ അനാവരണം ചെയ്യപ്പെട്ടപ്പോള്‍ തിരക്കില്‍ നിന്നുമൊരാള്‍ മുട്ടായി കിട്ടിയ കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടുന്നതും കയ്യടിക്കുന്നതും കണ്ടു. മറ്റാരും കാണാത്ത ആ കാഴ്ച എന്നെ കാട്ടി തന്നതാരാണ്? എന്റെ പ്രിയ സുഹൃത്തുക്കള്‍ പലരും ചോദിച്ചു: ഇന്നലെ പോയിരുന്നില്ലേ? അകലെ നിന്നാലും അകത്തുണ്ട്...
Content Highlights: vena roscot writes about the her heredity with early malayalam novelist c v raman pillai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..