സ്ത്രീ എഴുതുന്നതോ അശ്ലീലം പറയുന്നതോ അല്ല ഇവരുടെ പ്രശ്‌നം; പുസ്തകം വിറ്റു പോകുന്നു എന്നതാണ്


വി.സി ശ്രീജന്‍

എനിക്കു തോന്നുന്നത് വെറുതെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാന്‍ കഥാകൃത്ത് എന്തൊക്കെയോ വിളിച്ചു പറയുകയാണ് എന്നാണ്. ഇതാ, ഇവിടെ ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് പൊതുസമൂഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

വി.സി ശ്രീജൻ, ടി. പദ്മനാഭൻ

പൊതുപ്രവര്‍ത്തകരും പ്രശസ്തരും ഇടയ്ക്കിടെ പുറപ്പെടുവിക്കുന്ന പ്രസ്താവനകളുടെ പിറകിലെ ശരിയായ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കാന്‍ വിഷമമാണ്. ഒരു പ്രസ്താവന ചെയ്യുക എന്നാല്‍ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും പറയുക എന്നാണ് അര്‍ത്ഥം. പറയുന്നതിനു വസ്തുതകളുടെ പിന്‍ബലമോ യുക്തിയോ വേണമെന്നില്ല. ഉന്നതപഠനരംഗത്തിലെ കണ്ടെത്തലുകള്‍ അതാതുരംഗങ്ങളിലെ പ്രൊഫഷണലുകള്‍ മുമ്പേ മനസ്സിലാക്കി ക്രോഡീകരിച്ചു വെച്ചവയായിരിക്കും. എന്നാല്‍ വിഷയത്തില്‍ താത്പര്യം ഇഷ്ടവുമുള്ള ഒരു അമേച്ച്വര്‍ അതില്‍ ഒരു കാര്യം കണ്ടെത്തി അതില്‍ തത്പരനായി എന്നിരിക്കട്ടെ, അയാള്‍ക്കു തോന്നും അത് തന്റെ മാത്രം ശ്രദ്ധയില്‍ പെട്ട പുതിയ ഒരു കാര്യമാണെന്ന്. ഒരു വിഷയം പഠിച്ച ആള്‍ മറ്റൊരു വിഷയത്തിലെ വസ്തുതകള്‍ കൈകാര്യം ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. തന്റെ കണ്ടെത്തലിനെ മുന്‍നിര്‍ത്തി അയാള്‍ എത്തുന്ന നിഗമനങ്ങള്‍ തീര്‍ത്തും അബദ്ധമായിരിക്കുമെന്ന് ഉറപ്പാണ്.

ഇപ്പറഞ്ഞത് അല്പം അമൂര്‍ത്തമായിപ്പോയോ? പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്റെ ഇടക്കാലത്തെ ഒരു അഭിപ്രായമെടുക്കുക. പത്മനാഭന്‍ ഒരു കഥാകൃത്താണ്. കഥാകൃത്തിന് പൊതുപ്രശ്‌നങ്ങളെപ്പറ്റി അഭിപ്രായം പറയാം. പറയരുതെന്നല്ല. എന്നാല്‍ പറയുന്ന അഭിപ്രായത്തിന് സ്വീകാര്യത വേണമെങ്കില്‍ അതിന് വസ്തുതകളുടെ അടിസ്ഥാനം വേണം. കോടതിയെപ്പറ്റി പറയുമ്പോള്‍, കോടതി ഒരു വിഷയത്തിലും വിദഗ്ദ്ധനല്ല, ഒരു layman, സാധാരണക്കാരന്‍ ആണ് എന്നു പറയാറുണ്ട്. അതേപോലെ പത്മനാഭനും ലേ മാന്‍ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ആ വിലയേ കൊടുക്കേണ്ടൂ. സ്ത്രീകള്‍ രതി വിഷയമാക്കി എഴുതിയാല്‍ അതിന് വലിയ പ്രചാരം കിട്ടും എന്നാണ് താന്‍ സൂചിപ്പിക്കുന്നത്. ഇതിനര്‍ത്ഥം, എഴുത്തുകാരികള്‍ രതി വിഷയമാക്കുന്നത് സ്വന്തം പുസ്തകങ്ങള്‍ ചൂടപ്പം പോലെ വിറ്റു പോകാനാണ് എന്നാണ്. പഴയ ഈ ഉപമ എനിക്കു തന്നെ ബോധിച്ചിട്ടില്ല. തെരുവില്‍ ഇരുന്ന് ചൂടപ്പം വില്ക്കുന്ന ഒരാളെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.സ്ത്രീകള്‍ എഴുതുന്ന എന്നു പറഞ്ഞു. സ്ത്രീകള്‍ എഴുതുന്നതും പുരുഷന്മാര്‍ എഴുതുന്നതും വ്യത്യസ്തമാണ് എന്നാണ് ഇതിലെ അടിസ്ഥാനസങ്കല്പം. ഒന്നു കൂടി ആലോചിച്ചുനോക്കൂ. സ്ത്രീകള്‍ എഴുതുന്നതും പുരുഷന്മാര്‍ എഴുതുന്നതും വ്യത്യസ്തമാണോ? ഒരു പേജ് എഴുത്തു കിട്ടിയാല്‍ അത് എഴുതിയത് പുരുഷനോ അതോ സ്ത്രീയോ എന്നു തരം തിരിച്ചു പറയാനാകുമോ? ഇല്ല എന്നാണ് എന്റെ അനുഭവം. പുസ്തകത്തിന്റെ കവര്‍ പേജില്‍ ലേഖികയുടെ പേരു കണ്ടിട്ട് അതു വെച്ചാണ് ആളുകള്‍ സ്ത്രീയുടെ എഴുത്ത് എന്നു പറഞ്ഞത്. ഞാന്‍ എങ്ങനെ സംഭവങ്ങള്‍ മനസ്സിലാക്കുന്നു എന്ന് എനിക്ക് അറിയാം. എന്നാല്‍ എനിക്ക് അതു മാത്രം പോരാ. അവരവരുടെ ജീവിതത്തിലെ സന്ദര്‍ഭങ്ങള്‍ അന്യര്‍ എങ്ങനെ അനുഭവിക്കുന്നു എന്ന് അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു. നേരില്‍ കണ്ടു മനസ്സിലാക്കാന്‍ കഴിയാത്ത സംഗതി ആയതിനാല്‍ ഞാന്‍ ഇതിനായി സാഹിത്യത്തിലേക്കു തിരിയുന്നു. സാഹിത്യം ചിലപ്പോള്‍ സത്യം പറയും ചിലപ്പോള്‍ അസത്യവും. സ്ത്രീകള്‍ക്ക് എന്താണ് സ്വന്തം അനുഭവങ്ങളെപ്പറ്റി പറയാനുള്ളത് എന്ന് അറിയാന്‍ എനിക്കു താത്പര്യമുണ്ട്. അതില്‍ രതിവിഷയവും കാണും. എന്നാല്‍ അതുവെച്ച് സ്ത്രീകള്‍ എഴുതുന്ന രതിവിഷയകമായ കൃതികള്‍ക്കുവേണ്ടിയാണ് ഞാന്‍ അവരുടെ പുസ്തകങ്ങള്‍ വായിക്കുന്നത് എന്നു വരുന്നില്ല. മനുഷ്യരെ സംബന്ധിച്ച പൊതുവായ സത്യങ്ങള്‍ അറിയാന്‍ ശാസ്ത്രങ്ങള്‍ പഠിച്ചാല്‍ മതി. എന്നാല്‍ വ്യക്തികള്‍ തമ്മിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്ത്രങ്ങള്‍ സഹായിക്കില്ല. അത്തരം വ്യത്യാസങ്ങള്‍ അറിയാനാണ് വായനക്കാര്‍ സാഹിത്യവും അനുഭവവിവരണവും വായിക്കുന്നത്.

ആധുനികതയുടെ കാലത്ത് മറിയാമ്മ എന്ന പുതിയ കഥാകാരി രംഗത്തു വന്നപ്പോള്‍ അവര്‍ക്കു വലിയ സ്വീകാര്യത കിട്ടി. സ്ത്രീയുടെ വീക്ഷണം എങ്ങനെയാണ് എന്ന് അറിയാന്‍ മനുഷ്യര്‍ക്കുള്ള സഹജമായ താത്പര്യമാണ് അവിടെ കണ്ടതു്. അല്ലാതെ സ്ത്രീയുടെ രതിവിവരണം കേട്ട് ഉത്തേജിച്ചു കളയാം എന്ന് ചിന്തിച്ചിട്ടല്ല. മറ്റു വായനക്കാര്‍ സ്ത്രീയുടെ കഥകള്‍ വായിക്കുന്നത് ഉത്തേജനത്തിനു വേണ്ടിയാണ് എന്ന് അവരുടെ മനസ്സിലേക്കു കയറിപ്പറ്റാതെ എങ്ങനെ അറിയും. ആളുകള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്ക പ്രശസ്തര്‍ തട്ടിവിടുന്നത് ആളുകളുടെ മനസ്സില്‍ കയറി പരിശോധിച്ചിട്ടല്ല, സ്വന്തം അനുഭവത്തെ സര്‍വ്വരിലും അടിച്ചേല്പിച്ചുകൊണ്ടാണ്. മറിയാമ്മയുടെ കഥയില്‍ ഒരിടത്ത് 'ആര്‍ത്തവരക്തത്തിന്റെ മഞ്ഞനിറം' എന്നുണ്ടായിരുന്നു. ഇതെങ്ങനെ ശരിയാവും എന്ന് ആലോചിച്ചുകൊണ്ടിരിക്കെ അടുത്ത ലക്കത്തില്‍ സാഹിത്യവിമര്‍ശകന്‍ എം. കൃഷ്ണന്‍ നായരുടെ ചോദ്യം വന്നു. 'ആര്‍ത്തവരക്തത്തിന് മഞ്ഞനിറമാണോ?' 'മറിയാമ്മ' ഒരു പുരുഷന്റെ തൂലികാനാമം ആയിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

ഇതിനു മുമ്പും പത്മനാഭന്‍ ഇതേ വിധത്തില്‍ പറഞ്ഞിട്ടുണ്ട്. നളിനിജമീലയുടെ ആത്മകഥ പുറത്തിറങ്ങിയപ്പോള്‍. പത്മനാഭന്റെയും മററ് ഫിക്ഷന്‍ എഴുത്തുകാരുടെയും വിമര്‍ശനം കേട്ട് അവരുടെ രണ്ടു പുസ്തകങ്ങളും ഞാന്‍ വായിച്ചു. എവിടെയും അശ്ലീലമോ ആഭാസമോ ഇല്ല. പത്മനാഭനെപ്പോലുള്ള സദാചാരികള്‍ പുസ്തകം വായിക്കാതെയാണ് അഭിപ്രായം പറയുന്നത്. പുസ്തകം വായിക്കാതെയുള്ള ആഭാസമുദ്ര പതിപ്പിക്കല്‍ പണ്ടും ഉണ്ടായിരുന്നു. 'പൂരപ്രബന്ധം' അശ്ലീലമയമാണെന്ന് പുസ്തകം വായിക്കാത്തവര്‍ പറഞ്ഞുനടന്നിരുന്നു.

ഇവര്‍ക്കു തലവേദനയുണ്ടാക്കുന്നത് സ്ത്രീ എഴുതുന്നു എന്നതോ, അശ്ലീലം പറയുന്നു എന്നതോ അല്ല. പുസ്തകം ചൂടപ്പം പോലെ വിറ്റു പോകുന്നു എന്നതാണ്. തന്റെ പുസ്തകങ്ങളെക്കാള്‍ അന്യരുടെ പുസ്തകങ്ങള്‍ കൂടുതല്‍ വിറ്റു പോകുമ്പോള്‍ ഇവര്‍ പല്ലുകടിക്കുന്നു. അസൂയകൊണ്ട് ചുട്ടു പഴുക്കുന്ന. കോണ്‍വെന്റിലായിരുന്നു പ്രഭാഷണമെങ്കില്‍ വിശുദ്ധമാലാഖമാകുമായിരുന്നവര്‍, ഓഡിറ്റോറിയത്തിലെ പുസ്തകപ്രകാശനത്തിലാവുമ്പോള്‍ അശ്ലീലമെഴുത്തുകാരായി മാറുന്നു. പ്രസംഗങ്ങളുടെ പ്രകോപനസാധ്യത പ്രസംഗം എവിടെ ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും. പുസ്തകത്തില്‍ അസഭ്യമുണ്ടാകുമെന്ന് പ്രത്യാശിച്ച് ആരെങ്കിലും പുസ്തകം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കു വേഗം മടുക്കും. അശ്ലീലമാകും എന്നു തോന്നിയതിനാല്‍ പത്മനാഭന്‍ പുസ്തകം കൈകൊണ്ട് തൊടുക പോലും ചെയ്തിട്ടില്ലെന്ന് വിചാരിക്കണം. പുസ്തകത്തില്‍ അശ്ലീലമില്ല. അദ്ദേഹം അതൊരു വട്ടം വായിക്കട്ടെ. എന്നിട്ട് തന്റെ അഭിപ്രായം മാറ്റണമോ എന്ന് ആലോചിക്കട്ടെ. എനിക്കു തോന്നുന്നത് വെറുതെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാന്‍ കഥാകൃത്ത് എന്തൊക്കെയോ വിളിച്ചു പറയുകയാണ് എന്നാണ്. ഇതാ, ഇവിടെ ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് പൊതുസമൂഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കുറേക്കൂടി സാര്‍ത്ഥകമായ ഇടപെടലുകളിലൂടെ തന്റെ ജാഗ്രതാപൂര്‍ണ്ണമായ സാന്നിദ്ധ്യം അദ്ദേഹം തെളിയിച്ചിരുന്നെങ്കില്‍!
ആരും തടസ്സപ്പെടുത്താതെ, ദീര്‍ഘകാലം, തനിക്കു തോന്നിയതുപോലെ എഴുതിയ ആളാണ് പത്മനാഭന്‍. ആരെയും, പുരുഷനായാലും സ്ത്രീയായാലും, തടസ്സപ്പെടുത്താതെ തോന്നിയതു പോലെ എഴുതാന്‍ അദ്ദേഹം വഴിയൊരുക്കട്ടെ. ഒരു മുത്തച്ഛന്റെ ദാക്ഷിണ്യം പുതിയ എഴുത്തുകാരില്‍ അദ്ദേഹം ചൊരിയട്ടെ. കടുത്ത വാക്കുകള്‍ ഉച്ചരിക്കാതിരിക്കട്ടെ.

Content Highlights: vc sreejan t padmanabhan controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented