
-
ചേര്‍ത്തല: മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മയുടെ എഴുതാത്ത വരികളാണ് 'കുടില കുതന്ത്ര ഭയങ്കര ചൈന'. എഴുതിയ വരികളില്‍ വയലാര്‍ ഇന്നും നിറയുമ്പോള്‍ വാക്കുകളില്‍ നിറഞ്ഞ വിശകലനം ഇന്നു ചരിത്രം.
1962 ഒക്ടോബര്‍ 27-ന് രക്തസാക്ഷി വാരാചരണത്തില്‍ സംസാരിക്കുമ്പോഴാണ് വയലാര്‍ രാമവര്‍മ ചൈനയെ വാക്കുകളിലൂടെ കടന്നാക്രമിച്ചത്. ചൈന ഇന്ത്യയെ ആക്രമിച്ചതിനെത്തുടര്‍ന്നായിരുന്നു വയലാറിന്റെ വിലയിരുത്തല്‍. കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ സോവിയറ്റ് ചേരിയും ചൈനീസ് ചേരിയും വിരുദ്ധനിലപാടുകള്‍ സ്വീകരിക്കുന്ന ഘട്ടത്തിലായിരുന്നു ചൈനയുടെ ആക്രമണം.
ഒ.എന്‍.വി. കുറുപ്പ് ആദ്യകാലത്ത് എഴുതിയ 'മധുര മനോഹര മനോജ്ഞ ചൈന' എന്നു തുടങ്ങുന്ന വരികള്‍ക്കുള്ള വിമര്‍ശനം കൂടിയായിരുന്നു വയലാറിന്റെ വാക്കുകള്‍. ഇരുപക്ഷക്കാരും അണിനിരന്ന വേദിയില്‍ ചൈനയെ വിവരദോഷികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിനുനേരെനടന്ന ആക്രമണത്തെ പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടുകള്‍ ഭേദിച്ച് അദ്ദേഹം വിമര്‍ശിച്ചു. ചൈനയ്ക്കെതിരേ വിവരദോഷികളെന്ന പ്രയോഗം വന്നപ്പോള്‍ വേദിയിലിരുന്ന ഒരു പ്രധാന നേതാവ് വേദിവിട്ടുപോയതായാണ് ചേലങ്ങാട് ഗോപാലകൃഷ്ണന് എഴുതി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച 'വയലാര്‍' എന്ന പുസ്തകത്തില്‍ പറയുന്നത്.
ചൈന ഇന്ത്യയെ ആക്രമിച്ച സാഹചര്യത്തില്‍ അനുസ്മരണസമ്മേളനത്തില്‍ യുദ്ധം ചര്‍ച്ചയായെങ്കിലും ചൈനീസ് പക്ഷപാതികളായ നേതാക്കള്‍ ഇതിനെ ന്യായീകരിക്കാനോ എതിര്‍ക്കാനോ തയ്യാറായില്ല. ഈ ഘട്ടത്തിലായിരുന്നു വയലാറിന്റെ പ്രസംഗം. ''നമ്മള് പാടിനടന്നിരുന്ന മധുരമനോജ്ഞ മധുര ചൈനയില്ലേ... ആ ചൈന നശിച്ചിരിക്കുന്നു. അവിടെ ചതിയന്മാരാണിപ്പോള്‍. അവര്‍ നമ്മളെ ഇനിയും ഉപദ്രവിക്കും.
ഇനി ആ കവിതയെ ഹോ... കുടില കുതന്ത്ര ഭയങ്കര ചൈനേ എന്നു ഞാന്‍ തിരുത്തുന്നു. സമയമുണ്ടെങ്കില്‍ ബാക്കി വരികളും തിരുത്തും'' -പ്രസംഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. എങ്കിലും അദ്ദേഹം അത് പൂര്‍ത്തിയാക്കിയില്ല.
Content Highlights:Vayalars Criticism on China in a lyrics composed by ONV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..