വേടന്റെയമ്പിനാല്‍ കൃഷ്ണന്‍, കുരിശ്ശേറ്റത്താല്‍ ക്രിസ്തു... മൂഢന്റെ തോക്കാല്‍ ഗാന്ധിദേവനും


അംബുജം കടമ്പൂര്

തന്റെ ഗുരുനാഥനായ ഗാന്ധിജിയുടെ മരണം വള്ളത്തോളിനെ അഗാധമായ ദുഃഖത്തിലാഴ്ത്തി. ആ ദുഃഖമാണ് 'ബാപ്പുജി' എന്ന നീണ്ട കവിതയ്ക്ക് ആധാരമായത്.

മഹാത്മാഗാന്ധിയുടെ വിലാപയാത്രയിൽ നിന്നും | Photo: PIB

ഹാത്മാഗാന്ധിയുടെ ജീവിതദര്‍ശനങ്ങളും വിശ്വമാനവികതയും മാതൃകാപരമായിരുന്നു. ആ യുഗപുരുഷനോടുള്ള ആദരവും ആരാധനയും 'എന്റെ ഗുരുനാഥന്‍' എന്ന കവിതയിലൂടെ അടയാളപ്പെടുത്തിയ കവിയാണ് വള്ളത്തോള്‍ നാരായണമേനോന്‍. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പ്രസ്താവിച്ച ഗാന്ധിജിക്ക് ഈ ലോകം ഒരൊറ്റ തറവാടായിരുന്നു. പുല്ലും പുഴുക്കളും സര്‍വചരാചരങ്ങളും അദ്ദേഹത്തിന്റെ കുടുംബക്കാരുമായിരുന്നു.

'ലോകമേ തറവാടു തനിക്കീ ച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍'

എന്ന വരിയില്‍ 'വസുധൈവകുടുംബകം' എന്ന ആര്‍ഷസങ്കല്പം തെളിഞ്ഞുകാണാം. ത്യാഗം നേട്ടമായും താഴ്മ ഉന്നതിയായും കാണുന്ന മഹായോഗിയായിരുന്നു ഗാന്ധിജി. ബഹുമാനങ്ങളെ നക്ഷത്രമാലകള്‍പോലെയും വിമര്‍ശനങ്ങളെ കാര്‍മേഘങ്ങള്‍ പോലെയും സ്വീകരിക്കുന്ന ഗാന്ധിജിയുടെ ഹൃദയവിശാലതയാണ് വള്ളത്തോള്‍ ആവിഷ്‌കരിക്കുന്നത്. ആയുധമില്ലാതെ യുദ്ധവിജയം നേടുകയും പുസ്തകമില്ലാതെ വിജ്ഞാനം പകരുകയും മരുന്നില്ലാതെ രോഗം ശമിപ്പിക്കുകയുംചെയ്ത ജ്ഞാനിയായ ഗാന്ധിജിയെ ആദരവോടെ കവിമനസ്സില്‍ ഗുരുവായി കുടിയിരുത്തുമ്പോള്‍ വായനക്കാരന്റെ ഉള്ളിലും സ്ഥിരപ്രതിഷ്ഠ നേടുന്നു.

'ക്രിസ്തുദേവന്റെ പരിത്യാഗശീലവും, സാക്ഷാല്‍
കൃഷ്ണനാം ഭഗവാന്റെ ധര്‍മരക്ഷോപായവും
ബുദ്ധന്റെയഹിംസയും ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും, മുഹമ്മദിന്‍ സ്ഥൈര്യവും'

എല്ലാം ഒരാളില്‍ ഒത്തുചേര്‍ന്ന് കാണണമെങ്കില്‍ നിങ്ങള്‍ ഗാന്ധിജിയെ സമീപിക്കുകയോ അദ്ദേഹത്തിന്റെ ചരിത്രം വായിക്കുകയോ വേണമെന്ന് ആഹ്വാനംചെയ്യുകയാണ് വള്ളത്തോള്‍. ഈ മഹാത്മാക്കളുടെ സദ്ഗുണങ്ങളുടെ സാരമായതുകൊണ്ടാണ് ഗാന്ധിജിയെ വള്ളത്തോള്‍ ഗുരുനാഥനായി സ്വീകരിച്ചത്.

തന്റെ ഗുരുനാഥനായ ഗാന്ധിജിയുടെ മരണം വള്ളത്തോളിനെ അഗാധമായ ദുഃഖത്തിലാഴ്ത്തി. ആ ദുഃഖമാണ് 'ബാപ്പുജി' എന്ന നീണ്ട കവിതയ്ക്ക് ആധാരമായത്.

'പരമമാം ധര്‍മം പഠിപ്പിച്ച നിസ് പൃഹന്നീ നാം
ഗുരുദക്ഷിണ കൈത്തോക്കുണ്ടയാലല്ലോ നല്‍കി!
വരുവിന്‍ കൃതഘ്‌നതേ നീചതേ ഹിംസാലുതേ,
ഭരതക്ഷിതിയിലും നിങ്ങള്‍ക്കുണ്ടിടമെന്നായ്!'

അഹിംസ പഠിപ്പിച്ച ഗുരുവിന് നല്‍കിയ ദക്ഷിണ ഹിംസയായിപ്പോയല്ലോ എന്ന് പരിതപിക്കുകയാണ് കവി. നന്ദികേടിനും കുടിലപ്രവൃത്തികള്‍ക്കും ഭാരതഭൂമിയില്‍ ഗാന്ധിവധത്തോടെ സ്ഥലം ലഭിച്ചിരിക്കുന്നു എന്ന ഭയമാണ് തെളിയുന്നത്. 'വേടന്റെയമ്പിനാല്‍ കൃഷ്ണന്‍, കുരിശ്ശേറ്റത്താല്‍ ക്രിസ്തു. മൂഢന്റെ തോക്കാല്‍ ഗാന്ധിദേവനും ദേഹം വിട്ടു.'

വള്ളത്തോള്‍

മഹാത്മാക്കള്‍ ഇങ്ങനെ രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്നതില്‍ കവിഹൃദയം തേങ്ങുന്നു. ആരുടെയെല്ലാം സദ്ഗുണങ്ങള്‍ ആര്‍ജിച്ചിട്ടും അവയൊക്കെ ലോകത്തിന് പ്രദാനംചെയ്തിട്ടും തിക്തഫലം കായ്ക്കുന്ന മരങ്ങളും നമുക്കിടയില്‍ വളരുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണിവിടെ. സര്‍വമതമൈത്രിയായിരുന്നു ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ പ്രധാനം. ഇനിയാരാണ് ലോകത്തിന് ഐക്യവും സമാധാനവും സ്ഥാപിക്കാനുണ്ടാവുക എന്ന ആശങ്കയാണ് കവിത നിറയെ.

ഭാവികാലമേ, ഞങ്ങള്‍ സൂക്ഷിക്കാം നിനക്കായി,
മെയ് വിട്ട സിദ്ധാര്‍ഥന്റെയല്പാവശിഷ്ടംപോലെ
ഈയഞ്ചു പദാര്‍ഥങ്ങളഞ്ചുകൂട്ടത്തെസ്സമ
ധീയേയും, ദയയേയും, സൂക്ഷ്മദര്‍ശനത്തേയും
നിര്‍ഭയചര്യയേയും, നിശ്ചലത്യാഗത്തേയും
നിശ്ശബ്ദം നിനക്കോതിത്തന്നുകൊണ്ടിരിക്കുമേ !

ഇത്രയും മഹത്ത്വമുള്ള ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് ഭാവികാലം അവിശ്വസിച്ചേക്കാം. ഭാവിയുടെ വിശ്വാസത്തിനും പരിശുദ്ധിക്കുംവേണ്ടി ചിതാഭസ്മം, കണ്ണട, ചെരിപ്പ്, പുതപ്പ്, വടി എന്നീ അഞ്ചു പദാര്‍ഥങ്ങളും സൂക്ഷിക്കാം. അതോടൊപ്പം ഭാവിഭാരതത്തിനായി അദ്ദേഹം പകര്‍ന്നുതന്ന സമബുദ്ധി, നിര്‍ഭയചര്യ, സൂക്ഷ്മദര്‍ശനം, നിശ്ചലത്യാഗം, ദയ എന്നിവയും സൂക്ഷിച്ചുവെക്കാമെന്ന് കവി ഉറപ്പുനല്‍കുന്നുണ്ട്.

Content Highlights: vallathol narayana menon poems about mahatma gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented