ബഷീര്‍ അപ്പോഴും താടിക്ക് കൈയ്യും കൊടുത്ത് ഡിപ്രഷനടിച്ച് ലോകത്തെ നോക്കിക്കൊണ്ടിരുന്നു!


പി.വി ഷാജികുമാര്‍

അന്നത്തോടെ ഞാന്‍ എല്ലാം നിര്‍ത്തി.. വെട്ടും കുത്തും എല്ലാം. ചോര നിറഞ്ഞ അദ്ധ്യായങ്ങള്‍ക്കൊക്കെ ഒറ്റഫുള്‍സ്റ്റോപ്പിടല്‍...വായിച്ചുവായിച്ച് ദാ, ഈ ബുക്കിന്റെ കടേം തൊറന്ന്...

വൈക്കം മുഹമ്മദ് ബഷീർ

ബിരുദം കഴിഞ്ഞ് തെക്കുവടക്ക് നടക്കുന്ന സമയത്താണ് വിദ്യാർത്ഥിസംഘടനയുടെ ജില്ലാപ്രസിഡണ്ട് മണിയേട്ടൻ വിളിക്കുന്നത്: എടാ...പെട്ടെന്ന് ജാമ്യം എടുക്കണം..
സംഗതി ഇതാണ്- നളന്ദ റിസോർട്ടിന് മുന്നിൽ വെച്ച് കാഞ്ഞങ്ങാട് എസ്.ഐ രഞ്ജിത്തും പ്രകടനവുമായി കടന്നുവന്ന വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റവും അടിയുമുണ്ടായി. ഞാനപ്പോൾ ബിരുദം കിട്ടാൻ അവസാനവർഷത്തെ പഠിപ്പിലായിരുന്നു. പ്രതിപ്പട്ടികയിൽ പ്രകടനത്തിൽ പോലും പങ്കെടുക്കാത്ത എന്റെ പേരും ചേർക്കപ്പെട്ടു. അടിയുണ്ടാക്കിയവരിൽ ഒരാൾ പോലും പ്രതിയായില്ലെന്നതാണ് രസം. കേട്ടാലറിയുന്ന പതിനൊന്ന് പേർക്കെതിരെ കേസ് ചാർജ്ജ് ചെയ്തു. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയത് കൊണ്ട് ഞാൻ ഏഴാംപ്രതിയായി.
സുനിൽകുമാർ കയ്യൂരും മഹേഷ് മണിയറയും ഞാനും ഒഴികെയുള്ളവരെല്ലാം നേരത്തേ കാലത്തെ ജാമ്യമെടുത്തിരുന്നു. പലവിധ കാരണങ്ങളാൽ ഞങ്ങൾക്ക് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ല. ഇനിയും വൈകിയാൽ വാറന്റാകും. കുറേ ദിവസം ഗോതമ്പുണ്ട തിന്നേണ്ടിവരും.. എന്നാണ് മണിയേട്ടൻ പറഞ്ഞതിന്റെ പൊരുൾ.

ആൾജാമ്യക്കാരായി നികുതിയടച്ച കടലാസുകളുമായി തൊട്ടപ്പുറത്തെ വീട്ടിലെ കയ്യാലവളപ്പിൽ കുഞ്ഞിരാമേട്ടനും സുനിയുടെ സർക്കാർ ജീവനക്കാരനായ അമ്മാവനും കോടതിയിൽ ഞങ്ങൾക്കൊപ്പം വന്നു. ഒരു പ്രശ്നവുമില്ല, ജാമ്യം കിട്ടും..- മണിയേട്ടൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശുഭപ്രതീക്ഷയോടെ കാഞ്ഞങ്ങാട് കോടതിയിൽ ആർക്കും ചാടിപ്പോകാവുന്ന, ആടിക്കൊണ്ടിരിക്കുന്ന വിചാരണക്കൂട്ടിൽ വിധേയനിലെ തൊമ്മിയെ പോലെ ഏഴാം പ്രതിയായ ഞാനും ഒമ്പതാം പ്രതിയായ മഹേഷും പതിനൊന്നാം പ്രതിയായ സുനിയും കൈകൾ കെട്ടി നിന്നു. കേസ് ഫയൽ വായിച്ച് സോഡാഗ്ലാസ് കണ്ണടയിലൂടെ ജഡ്ജി ഞങ്ങൾക്ക് ഒരു ദേഷ്യമെറിഞ്ഞു.
നോ ബെയിൽ...

ഇംഗ്ലീഷ് അത്രയ്ക്കറിയില്ലെങ്കിലും ബെയിലിന്റെ അർത്ഥം ജാമ്യമാണെന്നറിയാമായിരുന്നു. എന്റെ ഹൃദയം വിറച്ചു: ദൈവമേ.. ജയിലിൽ കിടക്കണം. ഇംഗ്ലീഷ് ഒട്ടുമറിയാത്ത മഹേഷ് സംതൃപ്തിയോടെ മൊഴിഞ്ഞു- താങ്ക് യൂ സാർ... ഞാനവന്റെ ചെവിയിൽ പറഞ്ഞു- എടാ പൊട്ടാ.. ജാമ്യമില്ലാന്നാ പറഞ്ഞേ. അവനും ഒന്ന് ഞെട്ടി. പക്ഷേ തകർന്നുപോയത് സുനിയായിരുന്നു. ഒരു വികാരജീവിയായ അവൻ ഭീതിയുടെയും സങ്കടത്തിന്റെയും നടുക്കടലിലേക്ക് എടുത്തുചാടി മുങ്ങിത്താഴാൻ തുടങ്ങി.
കാസർഗോഡ് ജയിലിലേക്ക് പോകാൻ പോലീസ് ജീപ്പ് കയറുമ്പോൾ മണിയേട്ടൻ പറഞ്ഞു: ഒന്നും പേടിക്കേണ്ട. രണ്ട് ദിവസത്തിനുള്ളിൽ ജാമ്യം കിട്ടും.

ഉത്തരം പറയാത്ത ഒന്നൊന്നര അവസ്ഥയിൽ ഞങ്ങൾ ജീപ്പിൽ ഇരുന്നു. ജീപ്പ് ഫസ്റ്റ് ഗിയറിലിട്ട നേരം മണിയേട്ടൻ ആശ്വസിപ്പിച്ചു: ഷാജി, കഥയൊക്കെ എഴുതുന്നതല്ലേ. അനുഭവങ്ങൾ കിട്ടും. ബഷീറിന് ശേഷം ജയിലിൽ കിടന്ന മലയാളത്തിലെ എഴുത്തുകാരനാണ് ഞാൻ എന്ന് പിൽക്കാലത്ത് പറഞ്ഞുനടക്കാലോ.. മറുപടി പറയും മുമ്പേ ജീപ്പ് വിട്ടത് മണിയേട്ടന്റെ ഭാഗ്യം.

അന്ന് ഡിസംബർ അഞ്ചായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ട കറുത്ത ദിനത്തിന്റെ തലേന്ന്. സംഘർഷങ്ങളുണ്ടാകാതിരിക്കാൻ കാസർഗോഡ് ജില്ലയിൽ കെ ഡി ലിസ്റ്റിൽ പെട്ട ഗുണ്ടകളെയും ക്രിമിനലുകളെയും കരുതൽ തടങ്കലിൽ ഇടും. അവരെ തടവിലിട്ട സെല്ലിലാണ് ഞങ്ങളെ കൊണ്ടുപോയിട്ടത്. മഹേഷ് ജയിലിൽ കിടന്ന് എക്സപീരിയൻസ് ഉള്ള മഹാനാണ്. പോലീസിന് നേരെ കല്ലേറ്, മന്ത്രിമാരുടെ കോലം കത്തിക്കൽ, ബസ് തടയൽ തുടങ്ങിയ സമരമുറകളുടെ ഭാഗമായി ജയിലുകൾ അവന് പുത്തരിയല്ല. അതിന്റെ രീതികളും വഴികളും അവന് കൃത്യമായി അറിയാം. സെല്ലിൽ കയറുംമുമ്പ് അവൻ അതീവഗൗരവത്തോടെ പറഞ്ഞു: ഫുൾടൈം സീരിയസ് ആയിനിന്നോ. പാവത്തനാണെന്ന് തോന്നിയാൽ നശിപ്പിച്ചുകളയും. അതുകൂടി കേട്ടതോടെ പേടി കൊണ്ട് ഞങ്ങളുടെ കുടല് വരെ വിറയ്ക്കാൻ തുടങ്ങി.

പത്ത്- പന്ത്രണ്ടോളം ആൾക്കാർക്കൊപ്പം ഞങ്ങൾ ജയിൽജീവിതം തുടങ്ങി. ആരെയും കൂസാത്ത മഹേഷ് ഇരുട്ടൊന്ന് സന്ദർശിക്കാനെത്തിയതേയുള്ളൂ, സെല്ലിലെ മറയൊന്നുമില്ലാത്ത മൂത്രമൊഴിക്കൽ സ്ഥലത്ത് കൂൾ ആയി ഭാരം ഇറക്കിവെച്ച് ഒരു മൂലയ്ക്ക് കിടന്നുറങ്ങി. സുനി ആധിയുടെയും ഭയത്തിന്റെയും തടിച്ചകെട്ട് മനസ്സിൽ നിന്ന് പുറത്തേക്കെടുത്ത് വെച്ച് ശോകാത്മകതയോടെ പറഞ്ഞുകൊണ്ടേയിരുന്നു. പറഞ്ഞ് കരഞ്ഞ്, കരഞ്ഞുപറഞ്ഞ് അവനും ഉറങ്ങി. എനിക്ക് ഉറക്കം വന്നതേയില്ല. കൂടെ കൂട്ടിയ മൂന്ന് പുസ്തകങ്ങളും മടിയിൽ വെച്ച് ഞാൻ ജയിലഴികളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. (പുസ്തകങ്ങൾ എപ്പോഴും കൂടെക്കൂട്ടാറുണ്ട്. വായിച്ചാലും ഇല്ലെങ്കിലും പുസ്തകങ്ങൾ കൂടെയുണ്ടാവുന്നത് എന്തോ ഒരു ധൈര്യം പകർന്നുതരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.) ജയിൽകമ്പികൾ പൊട്ടിച്ച് ഓടിപ്പോകാൻ മനസ്സ് നിർബന്ധിച്ചു. വീട്ടിലെ അപ്പു എന്ന നാടൻ നായയെ ഓർമ വന്നു. അലഞ്ഞുതിരിഞ്ഞ് വീട്ടിലെത്തുമ്പോൾ കൂട്ടിൽ ആക്കിയാലുള്ള അവന്റെ കരച്ചിൽ ഓർമ്മ വന്നു. ഇനിയൊരിക്കലും നിന്നെ ഞാൻ കൂട്ടിൽ കയറ്റില്ലെന്ന് തടവിന്റെ അസ്വാതന്ത്ര്യവീർപ്പുമുട്ടലിൽ ഞാനവന് വാക്ക് കൊടുത്തു.

മടുപ്പ് കൂടിയപ്പോൾ ഞാൻ പുസ്തകങ്ങൾ അലസമായി മറിച്ചുനോക്കി. മൂന്ന് പുസ്തകങ്ങളാണ് കൈയ്യിലുള്ളത്- ബഷീറിന്റെ മതിലുകൾ(ജയിലിൽ വായിക്കാൻ പറ്റിയ പുസ്തകം. ഈ ലോകം മതിലുകളാൽ ചുറ്റപ്പെട്ട് പോകുന്നു എന്ന് മതിലുകൾ), ഉറൂബിന്റെ ശനിയാഴ്ചകൾ, വിശപ്പ് മുഖ്യപ്രമേയമായി വരുന്ന കഥകളുടെ സമാഹാരമായ വിശപ്പിന്റെ കഥകൾ. ഞാൻ മൂന്നും മാറിമാറിനോക്കുമ്പോൾ ഡാ.. എന്നൊരു വിളി വന്നു. സെല്ലിന്റെ വലത്തേ മൂലയിൽ നിന്നാണ്. വിയറ്റ്നാം കോളനിയിലെ റാവുത്തരുടെ മാതിരി ഒരു രൂപം. നാൽപ്പതിനടുത്ത് പ്രായമുണ്ടാവും. എന്തോ..- ഭയഭക്തിബഹുമാനത്തോടെ ഞാൻ പ്രതികരണശേഷിയുള്ളവനായി. ഒരു ബുക്ക് തന്നേ.. അടിക്കാത്തോണ്ട് കണ്ണ് ചിമ്മാൻ കയ്യ്ന്നില്ല.. പാതി കേൾക്കുമ്പോൾ തന്നെ ഞാൻ കൈയ്യിൽ തടഞ്ഞ പുസ്തകമെടുത്ത് വേഗം അവിടെയെത്തിച്ചു. മതിലുകൾ ആയിരുന്നു ഞാൻ കൊടുത്തത്. മതിലുകൾ വാങ്ങി, ബാക്ക് കവറിൽ താടിക്ക് കൈയ്യും കൊടുത്ത് ഡിപ്രഷനടിച്ച് ഇരിക്കുന്ന ബഷീറിനെ അയാൾ നോക്കി
വായിക്ക്ന്നൊന്നൂല്ലാ.. വെർതേ നോക്കാലോ...
അയാൾ സ്വയം പറഞ്ഞതായതോണ്ട് എന്തെങ്കിലും പറഞ്ഞാൽ വെറുതെ ഒരടി വീഴുമെന്ന് ഭയമുള്ളതിനാൽ ഞാൻ മിണ്ടിയില്ല.
എന്താ നിന്റെ പേര്...
ഷാജി...
ഏട വീട്...?
കാഞ്ഞങ്ങാട്...
കാഞ്ഞങ്ങാട് ഏട..?
കാലിച്ചാംപൊതി..
അരയി അയിന്റെ അടുത്തല്ലേ..
ആ...
ആടെ ഞാൻ കയിഞ്ഞ കൊല്ലം വന്നിന്..
എന്തിന്..?
ഒരുത്തന്റെ കൈയ്യും കാലും വെട്ടാന്. കാലേ എട്ത്തുള്ളൂ. തൂറിട്ട് ചന്തി കവ്വാൻ ഓന്റെ ഓള് നിൽക്കണല്ലോന്ന് വിചാരിച്ചപ്പൊ കൈ കൊത്തീലാ.
ഞാനൊന്ന് വിറച്ചു.
നിങ്ങളെ പേര്...
അബ്ദുള്ള. 31 കേസുണ്ട്...
പിന്നെയൊന്നും എന്റെ തൊണ്ടയിൽ നിന്ന് പുറത്തുവന്നില്ല. അബ്ദുള്ള മതിലുകൾ തുറന്നു. ഞാൻ പഴയ സ്ഥാനത്ത് ഉപവിഷ്ടനായി. കുറച്ച് നേരം പുസ്തകവും കുറച്ച് നേരം അബ്ദുള്ളയെയും നോക്കി നോക്കി ഞാനുറങ്ങിപ്പോയി.

അബ്ദുള്ള വന്ന് എന്റെ ഷർട്ടും ലുങ്കിയും വലിച്ചുകീറി, എന്നെ മാനഭംഗം ചെയ്തു. അയ്യോ.. അമ്മേ.. അച്ഛാ.. തുടങ്ങിയ നിലവിളികൾ തൊണ്ടയിൽ കുടുങ്ങി. ശ്വസം മുട്ടിച്ചാവുമെന്നായപ്പോൾ ഞാൻ സ്വപ്നത്തിൽ നിന്ന് കണ്ണുകൾ തുറന്നു. അബ്ദുള്ള ഉറങ്ങിയിട്ടില്ല. അയാൾ മതിലുകളിലാണ്. എന്റെ പരവശം കണ്ട് അയാൾ തലയുയർത്തി.
എന്തറാ....
ഒന്നുമില്ലെന്ന് തലയാട്ടി, അയാളെ ഒന്ന് കൂടെ നോക്കി, സ്വപ്നത്തെ ഞെക്കിക്കൊല്ലാൻ ശ്രമിച്ച് ഉടുത്ത ലുങ്കി തലമൂടെ പുതച്ച് ഞാൻ ചുരുണ്ടുകിടന്നു.

പിറ്റേന്ന് രാവിലെ ഗോതമ്പുണ്ട തിന്നാനിരിക്കുന്ന വരിയിൽ എനിക്ക് തൊട്ടടുത്തായി ഇരുന്നത് അബ്ദുള്ള. ക്രിക്കറ്റ് ബോളിനേക്കാളും വലുപ്പമുള്ള ഗോതമ്പുണ്ട എങ്ങനെ തിന്നും എന്ന് വിഷമിക്കുമ്പോഴേക്കും അബ്ദുള്ള അയാളുടെ ഗോതമ്പുണ്ട തിന്ന് എന്നോട് ചോദിച്ചു: വേണ്ടേ... വേണ്ടെന്ന് പറയുന്നതിന് മുമ്പേ അയാൾ അതെടുത്ത് തിന്നാൻ തുടങ്ങി. ചവച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ പറഞ്ഞു: ഹൂ വാണ്ട്സ് ഫ്രീഡം.

തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ അയാൾ മതിലുകൾക്കൊപ്പം ഉറൂബിന്റെ ശനിയാഴ്ചകളും വിശപ്പിന്റെ കഥകളും വായിച്ചുതീർത്തു എന്നതാണ് അൽഭുതം. പല തരം നേരം പോക്കുകളിൽ ഞങ്ങൾ വീണുരുണ്ടപ്പോൾ ഒന്നും അറിയാതെ അയാൾ വായിച്ചുകൊണ്ടേയിരുന്നു. മൂന്നാം ദിവസം ജാമ്യം കിട്ടി, യാത്ര പറയവെ എന്റെ കൈയ്യിൽ നിന്ന് മതിലുകൾ എടുത്ത് അബ്ദുള്ള പറഞ്ഞു: എനിക്കിത് വേണം... കീക്കാംങ്കോട്ട് ഗ്രാമീണ വായനശാലയിൽ നിന്നെടുത്ത പുസ്തകമാ അന്തുച്ചാ. തരാൻ കഴിയൂലാ.. എന്ന് പറയണമെന്നുണ്ടായിരുന്നു. ഭയമാവാം പറഞ്ഞില്ല. വീണ്ടും കാണാം എന്നോ കാണും എന്നോ പറഞ്ഞില്ല. മൂന്ന് ദിവസം കൂട്ടില് കിടന്ന് പുറംലോകം കാണാനുള്ള ദാഹം എല്ലാ ചോദ്യങ്ങളെയും കാറ്റിൽപ്പറത്തി.
വർഷങ്ങൾ വർഷങ്ങളുടെ വഴിക്ക് പോയി. കേസിന്റെ വിചാരണയ്ക്കായി എല്ലാ മാസവും കാസർഗോഡ് കോടതിയിലേക്ക് ഞങ്ങൾ പോയിക്കൊണ്ടേയിരുന്നു. കേസ് നീട്ടിവെച്ചുകൊണ്ടേയിരുന്നു. ഞാൻ കാസർഗോഡ് എൽബിഎസ് എഞ്ചിനിയറിങ് കോളേജിൽ എംസിഎ വിദ്യാർത്ഥിയായി. സുനി കോഴിക്കോട് പ്രസ്ക്ലബ്ബിൽ പത്രപ്രവർത്തനം പഠിക്കാൻ പോയി. മഹേഷ് ട്യൂഷൻ സെന്റർ നടത്തി സമ്പന്നനായി. കേസ് തീരാൻ നാല് വർഷമെടുത്തു.

എംസിഎക്ക് പഠിക്കുന്ന കാലത്ത് ഇടയ്ക്കിടെ കുമ്പളയിലുള്ള ഏട്ടിയുടെ (ചേച്ചി) വാടകവീട്ടിലേക്ക് ഞാൻ പോകും. അങ്ങനെയൊരു വൈകുന്നേരം കുമ്പളയിലേക്ക് കാസർഗോഡ് നിന്ന് ബസ് കയറിയ ഞാൻ വൃത്തിയിൽ ഉറങ്ങിപ്പോയി. (ബസിൽ കയറിയാലുടനെ ഉറങ്ങുന്നവർക്കായ ഒരു സംഘടനയുണ്ടെങ്കിൽ അതിന്റെ കേന്ദ്രകമ്മിറ്റിയിൽ ഞാനുണ്ടാവും) ബസ് നിർത്തിയ അടുത്ത സ്റ്റോപ്പിൽ ഞാനിറങ്ങി. നല്ല പെരുമഴ. അടുത്തുള്ള കടത്തിണ്ണയിലേക്ക് ഞാൻ ഓടിക്കയറി. അതൊരു പുസ്തകക്കടയായിരുന്നു. മഴ അവിടെയാകെ ഇരുട്ടിന്റെ പെയിന്റെടിക്കുന്നത് ഞാൻ നോക്കിനിന്നു. പുസ്തകക്കടയുടെ കുറച്ച് ഉള്ളിലായി ഒരാൾ പുസ്തകം വായിക്കുന്നുണ്ടായിരുന്നു. തല പുസ്തകത്തിൽ കുത്തിപ്പിടിച്ചിരുന്നു. മുഖം വ്യക്തമല്ല. മഴ പെയ്യുന്നതൊന്നും വായനയുടെ ലഹരിയിൽ അയാൾ അറിയുന്നേയില്ലെന്ന് തോന്നി. അയാളുടെ വായനയിൽ അസൂയ തോന്നിയത് കൊണ്ടുതന്നെ. കുമ്പളയിലേക്ക് ബസ് ഉണ്ടാവുമെന്ന് അറിയാമായിരുന്നിട്ടും ഞാൻ ചോദിച്ചു.
ചേട്ടാ.. ഇനി കുമ്പളയിലേക്ക് ബസ്സുണ്ടല്ലോ...
അയാൾ തല ഉയർത്തിയില്ല. ഞാൻ ചോദ്യം ആവർത്തിച്ചു.
ഇഷ്ടം പോലെ ഉണ്ട്..
അയാൾ തല ഉയർത്തി എന്നെ നോക്കി.
ദൈവമേ.. അബ്ദുള്ള..
ആശ്ചര്യത്താൽ എന്റെ മുഖം വിടർന്നു.
അയാൾ വേഗം പുറത്തേക്ക് വന്നു.
ഷാജിയല്ലേ...
അയാൾ എന്റെ കൈകൾ മുറുകെപ്പിടിച്ചു.
ഞാൻ ചിരിച്ചു. അഗാധമായ വായനയുടെ ചൈതന്യം അയാളുടെ കണ്ണുകളിൽ.
അന്നത്തോടെ ഞാൻ എല്ലാം നിർത്തി.. വെട്ടും കുത്തും എല്ലാം. ചോര നിറഞ്ഞ അദ്ധ്യായങ്ങൾക്കൊക്കെ ഒറ്റഫുൾസ്റ്റോപ്പിടൽ...വായിച്ചുവായിച്ച് ദാ, ഈ ബുക്കിന്റെ കടേം തൊറന്ന്...
അബ്ദുള്ള സ്നേഹത്തോടെ ചിരിച്ചു.
എന്തുപറയണമെന്നറിയാതെ ഞാൻ അങ്ങനെ നിന്നു.
മഴ ഞങ്ങൾക്കിടയിലേക്ക് കയറിവന്നു.
ബുക്കുകള് ഭയങ്കര മജയാ...
കുമ്പളയിലേക്കുള്ള ബസ് മഴയിൽ ദൂരെ നിന്ന് കിതച്ചുവരുന്നത് ഞാൻ കണ്ടു.
എന്താണ് ഞാൻ ഈ മനുഷ്യനോട് പറയേണ്ടത്.
ഞാൻ ഒന്നും പറയേണ്ടതില്ലല്ലോ.
അന്തുച്ചാ.. പോന്ന്. ബസ് വര്ന്ന്...
അബ്ദുള്ള തലയാട്ടി. അപ്പോഴും അയാളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.
യ്യൊ... ഒരു മിൻട്ട്...
അയാൾ അകത്തുപോയി. ഒരു പുസ്തകവുമായി വേഗം തിരിച്ചുവന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ...
കീക്കാങ്കോട്ട് ഗ്രാമീണവായനശാലയിൽ നിന്ന് ഞാൻ എടുത്ത മതിലുകൾ.

നിന്നോട് അന്ന് പിടിച്ചുമേങ്ങിയത്...
ഞാൻ വെറുതെ മതിലുകൾ തുറന്നു.
നിനക്കിത് വേണാ...
ഞാനുത്തരം പറയും മുമ്പേ അബ്ദുള്ള പറഞ്ഞു.
നീ വേണംന്ന് പറഞ്ഞാലും ഞാൻ തരൂലാ...
ഞാൻ ചിരിച്ചു.
അബ്ദുള്ള ചിരിച്ചു.
മഴ ചിരിച്ചു.
വൈക്കം മുഹമ്മദ് ബഷീർ അപ്പോഴും താടിക്ക് കൈയ്യും കൊടുത്ത് ഡിപ്രഷനടിച്ച് ലോകത്തെ നോക്കിക്കൊണ്ടിരുന്നു.
ശുഭം!

Content Highlights : Vaikom Muhammed Basheer Death Anniversary PV Shajikumar Jail Experience

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented