ബഷീർ
മനുഷ്യാവസ്ഥയെ അതിന്റെ സമഗ്രതയില്‍, സങ്കീര്ണതയില്, സമസ്തവൈരുദ്ധ്യങ്ങളോടും കൂടി ആവിഷ്കരിക്കുന്നവരാണ് വലിയ എഴുത്തുകാര്‍. സൗന്ദര്യവും നന്മയും മാത്രം കാണുന്നവര്‍ നല്ല മനുഷ്യരായേക്കാമെങ്കിലും വലിയ കലാകാരനോ/ കലാകാരിയോ എഴുത്തുകാരനോ/ എഴുത്തുകാരിയോ ആവില്ല. 'തമഃപ്രകാശശബളശ്രീയൊത്ത മധ്യോര്വ്വി'യാണ് എഴുത്തിന്റെ ഇടം. അതിന്റെ തെളിമയില്‍, കാലുഷ്യങ്ങളില്‍, രണ്ടിന്റെയും കലര്‍പ്പില്‍, കലക്കങ്ങളില്‍ കണ്ണുനട്ടിരുന്ന് മികച്ച കവിയും നോവലിസ്റ്റും എഴുതുന്നു. ജീവിതം ഇനിക്കുന്ന കയ്പാണെന്നും കയ്ക്കുന്ന ഇനിപ്പാണെന്നും അയാള്‍ക്കറിയാം. നമ്മുടെ ഏറ്റവും വിഷാദവാനായ ഒരു കവി പാടിയതു പോലെ,' അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാം / അഴലു നിറഞ്ഞവയായിരുന്നു / സ്ഫടികാഭമാകുമരുവികള്‍ ത/ന്നടിയെല്ലാം പങ്കിലമായിരുന്നു' എന്ന, ഈ തിരിച്ചറിവിലൂടെയാണ് അയാള്‍ അവനി വാഴ്വ് എന്ന അത്ഭുതഭീകരസുന്ദരപ്രതിഭാസത്തെ മനസ്സിലാക്കുന്നത്. അത് ഭീകരവും സുന്ദരവുമാണ്, വിരൂപമെന്ന പോലെ മനോഹരവുമാണ്, ആനന്ദകരമെന്നതു പോലെ യാതനാഭരിതവും. നന്മയും തിന്മയും ഇരുട്ടും വെളിച്ചവും സ്നേഹവും ക്രൂരതയും കാരുണ്യവും വെറുപ്പും ഇടകലരുന്ന ഈ സങ്കീര്‍ണതയുടെ പേരാകുന്നു, മനുഷ്യാവസ്ഥയെന്നത്.
ബഷീറിന്റെ എഴുത്തില്‍ ഇതു രണ്ടുമുണ്ടായിരുന്നു പ്രകാശവും ഇരുട്ടും അഴുക്കും സൗന്ദര്യവും സൗരഭ്യവും ദുര്‍ഗ്ഗന്ധവും കണ്ണീരും മന്ദഹാസവും. ഈ രണ്ടിനെയും ആവിഷ്കരിച്ചു കൊണ്ട്, ശ്രമകരമെങ്കിലും അസാധ്യമല്ലാത്ത ഒരു സന്തുലനത്തിന്റെ സാധ്യതകള്‍ ആരായുകയായിരുന്നു അദ്ദേഹം. ഈ ശ്രമം, ഒരു പക്ഷേ, തടവറമുറ്റത്ത് പൂന്തോട്ടം നിര്‍മിക്കുന്നതു പോലെയാണെന്നു കരുതി ഈ എഴുത്തുകാരന്; ദുഷ്കരമെങ്കിലും അസാധ്യമല്ല അത് എന്നും.
സാമാന്യമായതിനെ അസാമാന്യമാക്കുന്നതായിരുന്നു ബഷീറിന്റെ കല. അങ്ങനെ 'പാത്തുമ്മായുടെ ആട്' വിശപ്പും ആര്‍ത്തിയും സ്വാര്‍ത്ഥതയും സഹനവും സ്നേഹവും സഹവസിക്കുന്ന ഭുവനകുടുംബത്തിന്റെ മുഴുവന്‍ ശാന്തിയുടെയും അശാന്തിയുടെയും രൂപകമാകുന്നു; 'മതിലുകള്‍' മനുഷ്യന് അകപ്പെട്ടിരിക്കുന്ന എല്ലാത്തരം മതിലുകളുടെയും മഹാരൂപകവും. 'ശബ്ദങ്ങള്‍' തകരുന്ന ഒരു ലോകത്തിന്റെ മുഴുവന്‍, ആര്‍ത്തനാദം പോലെയുള്ള, ശബ്ദമാകുന്നു അപ്പോള്‍. രൂപകമായി വളരാത്തവ വിരളമാണ് ബഷീറിന്റെ കലാലോകത്ത്; അപ്പോഴും അവ അത്രമേല്‍ യഥാര്‍ത്ഥവും മൂര്ത്തവുമാണ് എന്നു കൂടി പറയണം. മതിലുകള്‍, മതിലുകള്‍ എന്ന കേവലാനുഭവമായി മാറി യഥാര്ത്ഥത കൈവരിച്ചതിനു ശേഷമാണ് അത് വളരാന്‍ തുടങ്ങുന്നത്. ആ വളര്‍ച്ചയിലൂടെ അത് മതിലുകളാല്‍ പ്രതിനിധീകരിക്കാവുന്നവയുടെ മുഴുവന്‍ പ്രതീകവും പ്രതിനിധാനവുമായി മാറുന്നു. അങ്ങനെയാണ്, 'ആരാണീ ചാമ്പമരത്തിന്റെ താഴ്ന്ന കൊമ്പുകള്‍ മുകളിലേയ്ക്കു വലിച്ചു കെട്ടിയത്?' എന്ന ചോദ്യവും 'ഹൂ വാണ്ട്സ് ഫ്രീഡം?' എന്ന ചോദ്യവും അവയുന്നയിക്കപ്പെട്ട സന്ദര്‍ഭങ്ങളേക്കാള്‍ മുഴങ്ങുന്നത്. 'വെളിച്ചത്തിന് എന്തൊരു വെളിച്ചം!' ഇങ്ങനെ മുഴങ്ങിയ വാക്യമാണ്; 'ഉമ്മിണി വല്യ ഒന്നും' അതേ. വാച്യത്തിന്റെ കലാകാരനേ ആയിരുന്നില്ല ബഷീര്‍. കവിതയിലെന്നപോലെ താന്‍ എഴുതിയതിലെല്ലാം ധ്വനിയുടെ അധികാര്ത്ഥസാധ്യതകള് തുറന്നിട്ടു ബഷീര്‍. 'ബാല്യകാലസഖി'യിലെന്നപോലെ ഒരു ചെമ്പരത്തിച്ചെടിക്കുപോലും അനുരാഗരൂപകമാവാനുള്ള അപൂര്‍വ്വാവസരമായിരുന്നു അത്; പൂവന് പഴത്തിനു പകരം ജമീലാബീവിക്ക് തിന്നേണ്ടിവരുന്ന ഓറഞ്ചിന് ദാമ്പത്യമായി മാറിയ പ്രണയത്തെയാകെ, അതിന്റെ മധുരത്തെയും പുളിപ്പിനെയും പ്രതീകവല്‍ക്കരിക്കാനും.
ഇത്തരമൊരു സന്ദര്‍ഭം ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവലിലുമുണ്ട്. അതിനൊരാമുഖം എന്ന നിലയിലാണ് ഇതിത്രയും എഴുതിയത്. അതൊരാമ്പല്ക്കുളത്തിന്റെ ചിത്രമാണ്. കുഞ്ഞു പാത്തുമ്മായും അവളുടെ ഉമ്മാ, കുഞ്ഞു താച്ചുമ്മായും ബാപ്പാ, വട്ടനടിമയും വീടും കൂടും നഷ്ടപ്പെട്ട് മറ്റൊരു നാട്ടിലെത്തിപ്പെട്ട്, അവിടെയൊരു കൊച്ചുപുരയിടത്തില്‍, കൊച്ചു പുരയില്‍ താമസമാക്കിയതിനു ശേഷമുള്ളത്. അവിടെയാണ് ഈ ആമ്പല്ക്കുളമുളളത്. 'അതൊരു കടും നീല, ഇരുണ്ട, ജലപ്പരപ്പാണ്. നിറയെ വെള്ളയും ചുവപ്പുമായ ആമ്പല്‍പ്പൂക്കള്‍. ജലത്തോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന പച്ചനിറമാര്‍ന്ന മിനുപ്പും വൃത്തിയുമുള്ള ഇലകള്‍. വിരിഞ്ഞു നിരന്ന പൂക്കളെ തഴുകിവരുന്ന കുളുര്‍മ്മയുള്ള ഇളങ്കാറ്റ്.
അവളങ്ങനെ ഇരിക്കും. അനന്തമായ ആകാശം വലിയലോകം. 'ഒരിക്കല്‍ ആ ആമ്പല്‍പ്പൊയ്കയില്‍ കുളിക്കെ, കുഞ്ഞുപാത്തുമ്മയെ ഒരു കന്നട്ട കടിച്ചു. കടിച്ചു എന്നു പറഞ്ഞാല്‍ മാത്രം പോരാ, ഒട്ടധികം ചോരയും കുടിച്ചു. ആ വേദനയൊക്കെ കുഞ്ഞു പാത്തുമ്മാ , പല്ലും കടിച്ചു നിന്നു സഹിച്ചു. ഒടുവില്‍ അത് കുടിച്ചു വീര്‍ത്ത വയറുമായി താഴെ വീണു. തുടര്‍ന്നു വായിക്കുക
'... അവള് അതിനെ കൊല്ലാന്‍ വിചാരിച്ചു. പക്ഷേ, സാധ്യമല്ല. അട്ടയ്ക്ക് ഉമ്മായും ബാപ്പായും കാണും. പെണ്ണട്ടയോ ആണട്ടയോ എന്നറിഞ്ഞു കൂടാ. മക്കളും കാണും. അല്ലാഹ് സൃഷ്ടിച്ചതാണ്. കുഞ്ഞു പാത്തുമ്മയേയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അപ്പൊഴോ ? കൊല്ലാന്‍ പാടില്ല. പാപമാണ്. ദോഷം. ഹിംസ അരുത്.' തുടര്‍ന്ന് അവള് ഒരു കമ്പെടുത്ത് അട്ടയെ, നോവിക്കാതെ, തോണ്ടി വെള്ളത്തിലിട്ടു. അപ്പോഴതാ, തൊട്ടടുത്ത നിമിഷം, ഒരു വരാല്‍മത്സ്യം അതിനെ വിഴുങ്ങുന്നു. വരാലിനുമുണ്ട് ഭാര്യയും കുഞ്ഞുങ്ങളും.
'പൂക്കളെല്ലാം പണ്ടേപ്പടി വെള്ളയും ചുവപ്പും തന്നെ... പക്ഷേ, അതിന്റെ അടിയില്‍ മനുഷ്യരുടെ ചോര കുടിക്കുന്ന അട്ടകളും അട്ടകളെ വെട്ടി വിഴുങ്ങുന്ന വരാലുകളും ഉള്ളപ്പോള്‍ ആമ്പല്‍പ്പൂക്കള്‍ യാതൊരു ക്ഷോഭവും കൂടാതെ... അതെല്ലാം അവളെ നോക്കി മന്ദഹസിച്ചുകൊണ്ടു കോക്രി കാട്ടുന്നതു പോലെ... അങ്ങനെ അവള് നില്ക്കുമ്പോള് വരുന്നു, ആമ്പല്‍ പ്പൊയ്കയിലെ മറ്റൊരു താമസക്കാരന്'. അത് ഒരു നീര്‍ക്കോലിയായിരുന്നു. നീര്‍ക്കോലി അവളുടെ കണ്മുന്നില് വച്ച് ഒരു പരല്‍ മീനിനെ അകത്താക്കുന്നു. വേറെയുമുണ്ട് പൊയ്കയില്‍ മറ്റു പല ജീവികളുമെന്ന് കുഞ്ഞുപാത്തുമ്മാ കാണുന്നു ആമ, പള്ളത്തി, കരിമീന്‍, തവള എന്നിങ്ങനെ. ചുരുക്കിപ്പറഞ്ഞാല്‍ അതൊരു ലോകമാകുന്നു അഥവാ നമ്മള് ജീവിക്കുന്ന ലോകത്തിന്റെ തന്നെ പ്രതിരൂപം. ബഷീര്‍ തുടര്‍ന്നെഴുതുന്നു 'ആമ്പല്‍പ്പൂക്കള്‍ ചുമ്മാ മന്ദഹസിക്കുന്നു! ആകെക്കൂടി ഒരു സൗന്ദര്യവും ഒരു ഭീകരതയുമുണ്ട്, ആ പൊയ്കയ്ക്ക്.
ആ കണ്ടുപിടിത്തത്തിനു ശേഷം കുഞ്ഞുപാത്തുമ്മാ ആമ്പല്‍പ്പൊയ്കയുടെ അടുത്തു പോകുന്നതു തന്നെ സ്നേഹിക്കുകയും പേടിപ്പിക്കുകയും ... ചെയ്യുന്ന ഒരു സഖിയുടെ അടുത്തെന്ന മാതിരിയാണ്'. കുഞ്ഞുപാത്തുമ്മാ മുതിരുകയായിരുന്നു, തന്റെ ശുദ്ധനിഷ്കളങ്കത (naivety)യില്‍ നിന്ന്. ജീവിതമെന്ന ജലാശയത്തിന്റെ സൗന്ദര്യവും വൈരൂപ്യവും അവള് കണ്ടിരിക്കുന്നു; മുകള്‍ ഭാഗത്ത് സദാ പുഞ്ചിരി പൊഴിക്കുന്ന ആമ്പലുകളെ മാത്രമല്ല, അടിയിലെ മനുഷ്യരക്തം കുടിക്കുന്ന അട്ടകളെയും അട്ടയെത്തിന്നുന്ന വരാലിനെയും പരല്‍ മീനിനെ തിന്നുന്ന നീര്‍ക്കോലിയെയും എല്ലാം. സുന്ദരവും ഭീകരവുമായ ജീവിതം, ജീവിതം എന്ന നീര്‍പ്പൊയ്ക. സ്നേഹിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നത് , വിചിത്ര സ്വഭാവയായ ഒരു തോഴിയെപ്പോലെ. കുഞ്ഞുപാത്തുമ്മായുടെ ജലാശയദര്ശനത്തെ ഒരു ജീവിതദര്‍ശനമാക്കി വളര്‍ത്തിയെടുക്കുകയായിരുന്നു ബഷീര്‍. 'ക്രൂരതേ, നീ താനത്രേ ശാശ്വതസത്യം' (ഇടശ്ശേരി) എന്നൊന്നും തെളിച്ചെഴുതുന്നില്ല ഈ കലാകാരന്; 'ഇതേതിരുള്‍ക്കുഴി മേലുരുളട്ടെ, വിടില്ല ഞാനീ രശ്മികളെ !' എന്നും. അതിസാധാരണമായ ഒരാമ്പല് പൊയ്കയെക്കുറിച്ചെഴുതുക മാത്രമേ ചെയ്യുന്നുള്ളൂ അദ്ദേഹം അതിന്റെ ഉപരിതലത്തിലെ പുഞ്ചിരിക്കുന്ന ആമ്പലുകളെക്കുറിച്ചു മാത്രമല്ല, ആഴത്തിലെ ഹിംസയുടെ വൈരൂപ്യത്തെക്കുറിച്ചും; കാരുണ്യത്തിന്റെ നേര്മ്മയെക്കുറിച്ചു മാത്രമല്ല, ക്രൂരതയുടെ അനിവാര്യതയെക്കുറിച്ചും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..