വാഗ്ഭടാനന്ദ ഗുരു
മലയാളി എന്തിന്റെയെല്ലാം പേരില്‍ അഭിമാനിക്കുന്നുവോ അതെല്ലാം ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നുനില്‍ക്കുന്ന വര്‍ത്തമാനകാലത്തുമാണ് വാഗ്ഭടാനന്ദ ഗുരുദേവന്റെ 136-ാമത് ജന്മദിനം ആഘോഷിക്കപ്പെടുന്നത്.
1885 ഏപ്രില്‍ 27-ന് ഭൂജാതനായ കുഞ്ഞിക്കണ്ണന്‍ (യഥാര്‍ഥ പേര്) സ്വന്തം പിതാവായ കോരന്‍ ഗുരുക്കളുടെ പാഠശാലയിലാണ് പ്രാഥമികപഠനം ആരംഭിക്കുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ അസാധാരണ ബുദ്ധി വൈഭവം പ്രകടിപ്പിച്ച ശിഷ്യനെ തന്റെ പാഠശാലയിലെ മറ്റുകുട്ടികളെ പഠിപ്പിക്കാന്‍ നിയോഗിച്ചത് സ്വന്തം മകനായതുകൊണ്ടല്ല, മറിച്ച് ഗുരു ശിഷ്യനില്‍ കണ്ടെത്തിയ വിജ്ഞാനസൗരഭം കൊണ്ടുതന്നെ.
കേരളത്തില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിരിടുന്നതോടൊപ്പം ഭാരതീയ തത്ത്വചിന്തയുടെ ആധാരമായ 'അദ്വൈത'ദര്‍ശനത്തെ സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ അവതരിപ്പിച്ച് മനുഷ്യനെ മനുഷ്യനാക്കി മാറ്റുകയെന്ന അതിസാഹസികമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്.
'ഉണരുവിനഖിലേശനെ സ്മരിപ്പിന്‍! ക്ഷണമെഴുന്നേല്‍പ്പിനനീതിയോടെതിര്‍പ്പിന്‍!, മനുഷ്യന്‍ മനുഷ്യനാവുക', 'അജ്ഞത അനീതിയിലേക്ക് നയിക്കുന്നു, 'മനുഷ്യന്‍ രണ്ടു ജാതിയേയുള്ളൂ; ഒന്ന് ആണ്‍ ജാതിയും മറ്റൊന്ന് പെണ്‍ ജാതിയും', 'മനുഷ്യന്‍ ഒറ്റ വര്‍ഗമാണ് വര്‍ഗീയത മൃഗീയതയാണ്, മനുഷ്യത്വമല്ല', 'ആരാധ്യനായ ദൈവം ഏകനാണ് അവന്‍ അമ്പലങ്ങളിലല്ല, പള്ളികളിലല്ല, മനുഷ്യഹൃദയങ്ങളിലാണ്' തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലും പരിവര്‍ത്തനവിധേയമായ വിപ്ലവകരമായ ഉദ്ബോധനങ്ങള്‍ അദ്ദേഹമുയര്‍ത്തി. സാമൂഹികപരിഷ്‌കരണത്തിനിറങ്ങിയപ്പോള്‍ തന്നെ ആരാധിക്കാന്‍ ആശ്രമങ്ങളോ പ്രാര്‍ഥിച്ച് സായൂജ്യമടയാന്‍ പ്രതിഷ്ഠകളോ നടത്താത്ത കര്‍മയോഗി.
മനുഷ്യന്‍ അറിവുനല്‍കാന്‍ പാഠശാലകള്‍, ആശയരൂപവത്കരണത്തിനും ആശയ സംവാദങ്ങള്‍ക്കും പ്രബോധന സംഘടന, ആശയവിനിമയത്തിന് പത്രസ്ഥാപനങ്ങള്‍, മേലാളരുടെ അടിമത്തത്തില്‍നിന്നും മോചനം നേടാനും ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്ത് ജീവിക്കാനും സാമ്പത്തിക സ്വാശ്രയത്വത്തിനും പരസ്പരസഹായ സഹകരണ സംഘങ്ങള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ക്കുപോലും ഹൃദ്യമാവുന്ന പ്രാര്‍ഥനകളും ധ്യാനരീതികളും തുടങ്ങി ആത്മീയാചാര്യന്‍, കവി, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, തൊഴിലാളി സംരക്ഷകന്‍, വിമര്‍ശകന്‍, തത്ത്വചിന്തകന്‍ എന്നിങ്ങനെ വാഗ്ഭടാനന്ദനെ ചികഞ്ഞാല്‍ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. ഗാന്ധിയന്‍ ആശയങ്ങളെ സ്വീകരിച്ചുകൊണ്ട് അറിവിന്റെ ആഴങ്ങളില്‍നിന്നുള്ള വാക്ചാതുരിയുടെ മുന്നില്‍ എതിര്‍ത്തവരെ മുഴുവന്‍ അടിയറവുപറയിച്ച വിജ്ഞാന പോരാളി. 1885-ല്‍ ജനിച്ച് 1939-ല്‍ സമാധി വരെയുള്ള ചെറിയ കാലഘട്ടത്തില്‍ കേരളത്തിന്റെ അജ്ഞാന നാഭിയിലേക്ക് വിജ്ഞാനസൗരഭം ചാലിച്ച വാക്ഭടാനന്ദന് ഒരു ദീര്‍ഘായുസ്സ് ലഭിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ഗതിതന്നെ മാറിപ്പോയേനെ. വെറുതേയല്ലല്ലോ ബ്രഹ്മാനന്ദ ശിവയോഗി കുഞ്ഞിക്കണ്ണന് വാഗ്ഭടന്‍ എന്ന നാമവിശേഷണം ചാര്‍ത്തിക്കൊടുത്തത്.
കേരള ആത്മവിദ്യാസംഘം സെക്രട്ടറിയാണ് ലേഖകന്‍
Content Highlights: Vagbhatananda birth anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..