തീവണ്ടി യാത്രക്കാര്‍വശം കോഴിക്കോട്ടേക്ക് വാര്‍ത്ത കൊടുത്തവിട്ട് അച്ചടിച്ച ഒരു കാലമുണ്ടായിരുന്നു..


വി.ടി. വാസുദേവന്‍പത്രത്തില്‍ നല്‍കിയ വാര്‍ത്ത ഔദ്യോഗികജീവിതത്തില്‍ത്തന്നെ കുരുക്കായ സംഭവവുമുണ്ട് ഓര്‍ക്കാന്‍.

വി.ടി. വാസുദേവൻ

അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം വേറിട്ട ശൈലിക്കുടമയാണ് വി.ടി. വാസുദേവന്‍. നവോത്ഥാന ശില്പികളിലൊരാളായ വി.ടി. ഭട്ടതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകന്‍. 1942-ജനുവരി രണ്ടിനാണ് ജനനം. അശീതിയുടെ (എണ്‍പതാം പിറന്നാള്‍) നിറവിലാണ് വി.ടി. മാഷ്. മേഴത്തൂരിലും തൃത്താലയിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃതകോളേജിലുമായാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാഠപുസ്തക രചനകളില്‍ പങ്കെടുത്തു. ദീര്‍ഘകാലം തൃത്താല ഹൈസ്‌കൂളില്‍ അധ്യാപകനും മാതൃഭൂമി കൂറ്റനാട് ലേഖകനുമായിരുന്നു. ഭാര്യ: ഗൗരി. വിലാസം: വി.ടി.യുടെ വീട്, മേഴത്തൂര്‍, പാലക്കാട്. ഇപ്പോള്‍ മകന്‍ ഡോ. രഞ്ജിത്തിനൊപ്പം തൃശ്ശൂര്‍ ചിറ്റിലപ്പള്ളി ഗ്രീന്‍ഗാര്‍ഡന്‍'ദീപക'ത്തിലാണ് താമസം. ശ്രീദേവി, മഞ്ജരി എന്നിവരാണ് മറ്റുമക്കള്‍. അശീതിയുടെ നിറവില്‍ വി.ടി. വാസുദേവന്‍ എഴുതുന്നു... ജീവിതത്തെക്കുറിച്ച്, പത്രപ്രവര്‍ത്തന കാലത്തെക്കുറിച്ച്, നിളയോരത്തെ മാറ്റത്തെക്കുറിച്ച്...

.എം.എസ്. പട്ടാമ്പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയം. ''ജയിക്കും, മുഖ്യമന്ത്രിയാവില്ല'' എന്ന ജ്യോതിഷപണ്ഡിതന്‍ ടി.വി. ശൂലപാണി വാരിയരുടെ പ്രവചനം ഫലിച്ചു. കേസായി. ജ്യോതിഷിക്ക് പ്രചാരം വേണ്ടെന്നുപറഞ്ഞ് ഒടുവില്‍ കേസ് പിന്‍വലിക്കാന്‍ സന്മനസ്സ് കാണിച്ചു പാര്‍ട്ടിയും ഇ.എം.എസ്സും.

മറ്റൊരിക്കല്‍ ഒരു നോമ്പുകാലത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന നഫീസത്തുബീവി പ്രസംഗത്തിനിടെ ''ഈ പുണ്യകാലത്ത് കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് പുണ്യം'' എന്നുപറഞ്ഞത് മാതൃഭൂമിയില്‍ വാര്‍ത്തയായി. പ്രചാരണത്തിന് മതത്തെ ഉപയോഗിച്ചതിന് കേസായി. അക്കാലത്ത് തിരഞ്ഞെടുപ്പുകമ്മിഷനും നിയമനടപടികളുമൊന്നും ഇന്നത്തേതുപോലെ ശക്തമല്ല. അതിനാല്‍ കേസില്‍നിന്ന് ഒഴിവായി.

പത്രത്തില്‍ നല്‍കിയ വാര്‍ത്ത ഔദ്യോഗികജീവിതത്തില്‍ത്തന്നെ കുരുക്കായ സംഭവവുമുണ്ട് ഓര്‍ക്കാന്‍. സ്‌കൂള്‍മുറ്റത്തെ പടുകൂറ്റന്‍ ആല്‍മരം വെട്ടിനീക്കാന്‍ പ്രധാനാധ്യാപകന്‍ വിദ്യാഭ്യാസവകുപ്പിനോട് അനുമതി തേടി. ആല്‍മരത്തിന്റെ കായ് വിറ്റ വകയിലുള്ള കണക്കാണ് വിദ്യാഭ്യാസവകുപ്പ് ഒറ്റപ്പാലം ഡി.ഇ.ഒ. ഓഫീസില്‍നിന്ന് പ്രധാനാധ്യാപകനോട് തിരികെ ആവശ്യപ്പെട്ടത്. മാതൃഭൂമിയില്‍ ഇത് വാര്‍ത്തയായി. പിന്നാലെവന്നു, ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. അതിന്റെ ശിക്ഷയെന്നോണം സംസ്‌കൃതം വിദ്വാന് പ്രൈമറി ക്ലാസില്‍ ഭാഷാധ്യാപകനാവാന്‍ പാടില്ലെന്ന കല്പനയും വന്നു. മൂന്നുമാസം നിയമനത്തിന് അംഗീകാരം ലഭിച്ചില്ല. ഒടുവില്‍, 'സംസ്‌കൃതം വിദ്വാന് മലയാളവും പഠിപ്പിക്കാം' എന്ന സര്‍ക്കാര്‍ അംഗീകാരം വന്നു. പക്ഷേ, കല്പനയ്ക്ക് പൂര്‍വകാല പ്രാബല്യമില്ലെന്ന് പറഞ്ഞ് നാലുവര്‍ഷം ശമ്പളം അനുവദിച്ചില്ല.

വാസുദേവനുപറ്റും എന്നുപറഞ്ഞ് വാത്സല്യത്തോടെ പ്രാദേശിക ലേഖകനായി നിയമിക്കയായിരുന്നു അന്നത്തെ മാതൃഭൂമി എം.ഡി. വി.എം. നായര്‍. അച്ഛന്റെ ഉറ്റസുഹൃത്തായിരുന്നു അദ്ദേഹം. 18 വയസ്സുകാരനും പട്ടാമ്പി ഗവ. സംസ്‌കൃതകോളേജില്‍ സംസ്‌കൃതവിദ്വാന്‍ ഫൈനല്‍ വിദ്യാര്‍ഥിയുമായ ഞാന്‍ മാസം 10രൂപ പ്രതിഫലത്തില്‍ ആ ജോലി തുടങ്ങി. തീവണ്ടിസ്റ്റേഷനില്‍ച്ചെന്ന് കോഴിക്കോട്ടേക്കുപോകുന്ന യാത്രക്കാര്‍ അതല്ലെങ്കില്‍ ഗാര്‍ഡ് വശം വാര്‍ത്ത കൊടുത്തുവിടും. എന്‍.പി. ദാമോദരനെപ്പോലെ, വി.എം. കോറോത്തിനെപ്പോലെ വിംസിയെപ്പോലെ (വി.എം. ബാലചന്ദ്രന്‍) ഉള്ളവരുള്ള ഡസ്‌കില്‍നിന്ന് അളവറ്റ പ്രോത്സാഹനവും കിട്ടി.

പ്രഭാതത്തില്‍ പത്രംവരുമ്പോഴുള്ള അന്നത്തെ ഉത്കണ്ഠ ഞാനോര്‍ക്കുന്നു. എന്റെ പേരുവെച്ചും വാര്‍ത്തകള്‍ വന്നിരുന്നു. സ്‌കൂളിലെ ഓലക്കുട വിപ്ലവം- പെരിങ്ങോട് സ്‌കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും തൊപ്പിക്കുട, ഓലക്കുട, കുണ്ടന്‍കുട നടപ്പാക്കിയത്. തുടര്‍ന്ന് പത്രത്തില്‍ മുഖപ്രസംഗവും വന്നു.

രാഷ്ട്രീയവാര്‍ത്തകളേക്കാള്‍ നിസ്സഹായരായ മനുഷ്യരെക്കുറിച്ചുള്ള കഥകളില്‍ ശ്രദ്ധിച്ചു. വാര്‍ത്തകള്‍ക്കിടയിലെ വാര്‍ത്തകള്‍ക്കായി... കഥയും കവിതയും കുറേശ്ശെ എഴുതിയിരുന്ന എന്റെ സാഹിത്യവാസന പത്രപ്രവര്‍ത്തനത്തില്‍ ചോര്‍ന്നുപോയി. എന്റെ ഓട്ടത്തിനിടയില്‍ അച്ഛന്റെ പകര്‍പ്പ് എഴുതാനും യാത്രകളില്‍ അനുഗമിക്കാനും ശുശ്രൂഷിക്കാനും സമയംകണ്ടെത്തി. 1960-ല്‍ തുടങ്ങിയ പത്രപ്രവര്‍ത്തനം 2004-ല്‍ അവസാനിക്കുന്നതിനിടയില്‍ മാതൃഭൂമിക്ക് തൃശ്ശൂരും പാലക്കാട്ടും എഡിഷനുകളുണ്ടായി. ആളുകള്‍ ചില സങ്കടങ്ങളുമായി ഇപ്പോഴും പത്രപ്രവര്‍ത്തകനാണെന്ന ധാരണയില്‍ സമീപിക്കുന്നു.

ആ പത്രപ്രവര്‍ത്തനാനുഭവങ്ങളുടെ കൂട്ടമായി 'നിളയിലെ നാട്ടുവെളിച്ചം' എന്ന പുസ്തകം മാതൃഭൂമി പ്രസിദ്ധീകരിച്ചു. എം.പി. വീരേന്ദ്രകുമാറിന്റെ പ്രോത്സാഹനത്തോടെ ആദ്യ പതിപ്പ് 2009-ല്‍. 'പുഴവക്കത്തെ കെടാത്തനിലാവ്' (2022) രണ്ടാമത്തെ പുസ്തകമായി. ഓമനത്തമുള്ള പുഴയുടെ വക്കത്ത് ശാന്തമായി ജീവിതംനയിച്ചുവന്ന ജനത, അവരിലൊരാളായി അലിഞ്ഞുചേരുകയായിരുന്നു ഞാന്‍.

Content Highlights: v t vasudevan, writer, journalist, memory, palakkad, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented