വര:മദനൻ
അപാരമായ കഥനശേഷി ഉണ്ടായിരുന്ന സഞ്ചാരി മറഞ്ഞിട്ട് നാല്പതുവര്ഷമാകാന് പോകുന്നു. ആത്മകഥാപരമായി എഴുതപ്പെട്ട ഒരു ദേശത്തിന്റെ കഥയ്ക്ക് അരനൂറ്റാണ്ടും. കയര്‍ പിരിക്കുന്നതുപോലെ കഥ കെട്ടിയുണ്ടാക്കുന്ന വൈഭവം പൊറ്റെക്കാട്ടിന്റെ തലമുറയിലാണ് പ്രബലമായത്.
ദേശത്തിന്റെ കഥയിലെ ഓരോ അധ്യായത്തിലും അഞ്ചും പത്തും കഥാപാത്രങ്ങളുണ്ട്. ഒരു നൂറ്റാണ്ടുമുമ്പ് ജീവിച്ച അതിരാണിപ്പാടത്തെ ആ മണ്മറഞ്ഞ മനുഷ്യര്‍ ആയിരത്തോളം വരും. അതിരാണിപ്പാടത്തും മറ്റു ഭൂഖണ്ഡങ്ങളിലും നടത്തിയ പര്യടനങ്ങളും കണ്ടമനുഷ്യരുമാണ് പൊറ്റെക്കാട്ടിന്റെ കഥാസംഭരണി നിറച്ചത്. ഭാഷയും സംസ്കാരവുമാണ് ആ എഴുത്തിന്റെ ജീവധാതു.
പല ജാതിയില്‍, മതങ്ങളില്‍, വേഷങ്ങളില്‍, രൂപങ്ങളില്‍ പൊറ്റെക്കാട്ട് കഥയിലും നോവലിലും മനുഷ്യരെ അവതരിപ്പിച്ചു. എത്രപറഞ്ഞാലും പൂതിതീരാത്ത ആ കഥപറച്ചിലില്‍ കവിതയും കണക്കും ശാസ്ത്രവും ചരിത്രവും നിറഞ്ഞു. ഒരു ദേശത്തിന്റെ കഥ അതിരാണിപ്പാടത്തിന്റെയോ ശ്രീധരന്റെയോ കഥമാത്രമല്ല, ബൃഹത്തായ മലബാര്‍ മാന്വല്കൂടി ആണ്. ശ്രീധരന്റെ ജനനവും ജീവിതവും രാജ്യാന്തരയാത്രകളും തിരിച്ചുവരവുമാണ് സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്പോലെയുള്ള ദേശത്തിന്റെ കഥപറയുന്നത്.

കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതുമെല്ലാം രേഖപ്പെടുത്തുന്ന ശീലം പൊറ്റെക്കാട്ടിനുണ്ടായിരുന്നു. അത്തരം വിശദാംശങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ നോവല്‍. മനുഷ്യര്‍, തൊഴില്‍, ഭാഷ, വേഷം, ജാതി, മതം, ഭക്ഷണം, വിനിമയം എന്നിങ്ങനെ എന്തും ഏതും ഈ നോവല്‍ പറഞ്ഞുതരും. അതിരാണിപ്പാടത്ത് ജനിച്ച് ഇടയ്ക്ക് ഇലഞ്ഞിപ്പൊയിലില്‍ എന്ന വീട്ടില്‍പ്പോയി പാര്‍ത്ത് സ്കൂള്‍ജീവിതവും കലാലയജീവിതവും പിന്നിടുന്ന ശ്രീധരന്റെ കാഴ്ചകളുടെ ലോകമാണ് ദേശത്തിന്റെ കഥ രേഖപ്പെടുത്തുന്നത്. ഈര്‍ച്ചക്കാരും ചെത്തുകാരും പെരുതേരിമാരും കൊയ്യക്കാരും കൂലിപ്പണിക്കാരുമെല്ലാം ഈ ഭൂപടത്തില്‍ ജീവിക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗത്തിനും വട്ടപ്പേരുകളുണ്ട്. കൂനന്‍ വേലുവും കുറുക്കന് ചോയിയും കള്ളുകുടിയന് കുട്ടായിയും തടിച്ചി കുങ്കിച്ചിയും കീരന് പൂശാരിയും അവരില്‍ ചിലര്‍ മാത്രം. കുളൂസ് പറങ്ങോടനുപുറമേ ഹൈകുളൂസ് കിട്ടുണ്ണിയുമുണ്ട്. തേഞ്ഞുമാഞ്ഞുപോയൊരു പഴയൊരു കോഴിക്കോടന്‍ വാക്കാണ് കുളൂസ്. പൊങ്ങച്ചത്തിന്റെ, ഇന്നത്തെ 'തള്ളലി'ന്റെ പ്രാഗ്രൂപം. ഇന്ന് പ്രാബല്യത്തിലില്ലാത്ത ലപ്പിക്കലും (പ്രണയിക്കുക) ലാച്ചാറും (ദാരിദ്ര്യവും) പൊറ്റെക്കാട്ട് പ്രയോഗിച്ചിട്ടുണ്ട്. ഇസ്ക്കുക, കബൂലാക്കുക, അടക്കിപ്പിടിച്ച് ജല്‍പ്പിക്കുക, അമുങ്ങിപ്പോവുക, കൊഴമാന്ത്രമാവുക എന്നിങ്ങനെ നല്ല നാടന്‍വാക്കുകള്‍ വേണ്ടുവോളമുണ്ട്.
ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോള്‍ ദീര്ഘവാചകത്തില് അയാളെ നഗ്നനാക്കുന്നതാണ് പൊറ്റെക്കാട്ടിന്റെ രീതി. ശങ്കുണ്ണി കമ്പൗണ്ടറെ അവതരിപ്പിക്കുമ്പോള്‍ ഇങ്ങനെ പറയുന്നു: 'പിത്തച്ഛായ കലര്‍ന്ന പരന്ന മുഖവും മൂക്കിനുതാഴെ ഒരു മുറിമീശയും എരുമയുടെ സ്വരവുമുള്ള കുറുതായ ഇ മനുഷ്യന് സ്ഥലവാസികള്‍ക്കു സദാ ഒരു ദുശ്ശകുനമാണ്.' ഭക്ഷണത്തെക്കുറിച്ച് പറയുമ്പോഴും നാവൂറുന്ന വിശദാംശം വരും. പുതിയ നിരത്തിന്റെ അപ്പുറത്തുള്ള അപ്പക്കാരത്തിഅമ്മയുടെ പുട്ട്, ചിരകിയ നാളികേരംകൊണ്ട് രണ്ടറ്റത്തും പൊടിപ്പും തൊങ്ങലും ചാര്‍ത്തി വാഴയില വിരിച്ച വേറൊരു മുറത്തില്‍ ആവി പറപ്പിച്ച് അണിനിരത്തിയതാണ്. ചെറുപൈതങ്ങളെ 'കുഞ്ഞന്‍' എന്ന് ഇക്കാലത്ത് വിളിക്കാറില്ല. ശ്രീധരന് അമ്മയ്ക്ക് കുഞ്ഞനാണ്. പ്രണയികളും സ്വവര്ഗാഭിരുചിക്കാരും ദേശത്തുണ്ട്. കണ്ടാല്‍ നല്ല ശൊങ്കുള്ള ആണ്പിള്ളേരെ കൈവശം വെച്ചുകൊണ്ടിരിക്കുന്ന അസത്ത് എന്നാണ് സ്വവര്ഗപ്രിയനായ ഭാസ്കരന് മുതലാളിയെ പറയുന്നത്.
ലീല എന്ന പെണ്‍കുട്ടിയെ ആദ്യകാഴ്ചയില്‍ ഇഷ്ടപ്പെട്ട് കോളേജ് ലൈബ്രറിയില്‍ച്ചെന്ന് ആശാന്റെ 'ലീല' വാങ്ങി വായിക്കുന്ന ശ്രീധരന്റെ രണ്ടു മുന്തിയ പ്രണയങ്ങള്‍ നോവലില്‍ നല്ല കാല്പനികചന്തത്തില് പൊറ്റെക്കാട്ട് വിശദമാക്കുന്നുണ്ട്, അമ്മുക്കുട്ടിയും നാരായണിയും. രണ്ടുപേരും മരിച്ചുപോയി. ഒരു പൊന്കിനാവായിരുന്നു ശ്രീധരന് നാരായണി. അവളുടെ കുഴിമാടത്തില്‍ പൂത്തുനില്ക്കുന്ന തുമ്പച്ചെടികള്‍ പൂക്കളിലൂടെ അയാളെ നോക്കി മന്ദഹസിക്കുണ്ടന്നുണ്ട്. ദേശത്തിന്റെ കഥയുടെ പ്രവേശനകവാടത്തില്‍ത്തന്നെ അമ്മുക്കുട്ടിയുണ്ട്. മഴയത്ത് കാറ്റില്‍ പൊളിഞ്ഞുപോയ കുട നല്കിയ പ്രണയമാണ് അമ്മുക്കുട്ടി. ഒറ്റക്കാഴ്ചമാത്രം. ക്ഷയരോഗം വന്ന് മരിച്ച അമ്മുക്കുട്ടി എഴുതിയ കവിതകള്‍ ശ്രീധരനുവേണ്ടിയായിരുന്നു.
'കാണിക്കവെയ്ക്കാം ഞാനെന്‍ പ്രണയം പ്രഭോ നിന്റെ ചേണുറ്റ തൃക്കാല്ക്കീഴില് പ്രാണനോടൊപ്പംതന്നെ സ്വീകരിച്ചാലും സ്വാമിന് രണ്ടിലൊന്നവിടുന്നു-ജീവിതം കരിന്തിരിക്കത്താറായ്ക്കാരുണ്യാത്മന്.'

രാജമല്ലി, പുള്ളിമാന്‍, പൗര്‍ണമി, ഇന്ദ്രനീലം, വനകൗമുദി, ചന്ദ്രകാന്തം, ഏഴിലംപാല എന്നിങ്ങനെ പുസ്തകങ്ങള്‍ക്കു പേരിട്ട പൊറ്റെക്കാട്ടിന്റെ കാവ്യഭാവന മദിച്ചുകയറുന്നുണ്ട് അമ്മുക്കുട്ടിയുടെ കവിതകളില്‍. പൊറ്റെക്കാട്ടും ഉറൂബും അക്കാലത്ത് ധാരാളം കവിതകളും എഴുതിയിരുന്നു.
രസകരമായ ഒരുപെണ്പടയെ വിസ്തരിക്കുന്നുണ്ട് പൊറ്റെക്കാട്ട്. അക്കാലത്ത് ഏതു ദേശത്തിലുമുള്ളത്. അമ്മിണിയമ്മയും ഉണ്ണൂലിയമ്മയും പരസ്പരം പോരടിക്കുകയാണ്. ജാതിയും തൊഴിലും അവിഹിതവുമൊക്കെ വിഷയമാകുന്നുണ്ട്. ചപ്പൊലിപ്പുചവറുകളുടെയും രോമത്തിന്റെയും ചീത്തപര്യായങ്ങള് വായില്‍നിന്നു പുറത്തുചാടുന്നുണ്ട്. പോര്‍വിളിച്ച് ക്ഷീണിച്ച് ഉടുമുണ്ട് പൊക്കിക്കാണിക്കുന്നുണ്ട്. ശരിക്കും പോയകാലത്തെ കൗതുകകരമായ ഒരു ദൃശ്യാനുഭവം.
പുതിയനിരത്തിലൂടെ പടിഞ്ഞാട്ടുനടന്ന് സെയ്താലിപ്പാലവും കടന്ന് ചേങ്ങരയിലൂടെ കടപ്പുറത്തേക്ക് സര്ക്കീറ്റു പോകുന്ന ശ്രീധരനുണ്ടാകുന്ന ഒരു വിചിത്രാനുഭവമുണ്ട്. ഭാവിയെപ്പറ്റി ആലോചിച്ച് അവ്യക്തസ്വപ്നങ്ങളില് മുഴുകിനടന്ന ശ്രീധരന്റെ ദേഹത്ത് ആരോ വെള്ളമൊഴിച്ചതുപോലെ തോന്നി. നോക്കിയപ്പോള്‍ ഷര്‍ട്ടിലും മുണ്ടിലുമെല്ലാം രക്തം. രക്തമല്ല, വെറ്റിലമുറുക്കി തുപ്പിയതാണ്. വേങ്ങരയിലെ മാളികകളിലെ അടുക്കളബീബികള് ജാലകത്തിലൂടെ മനഃപൂര്‍വം തുപ്പുന്നതാണ്. അത് അവരുടെ ഒരു വിനോദമാണ്. രാപകല്‍ ആ കോട്ടയ്ക്കകത്ത് ബന്ധനത്തില്ക്കഴിയുന്ന ബീബികളുടെ അമര്‍ത്തപ്പെട്ട പ്രതിഷേധമാണ് ആ വെറ്റിലരക്തമെന്ന് പൊറ്റെക്കാട്ട് എഴുതുന്നു. അവര്‍ക്ക് എന്തെങ്കിലും വിനോദംവേണ്ടേ എന്നു ചോദിക്കുന്നു.
അച്ഛന്റെ മരണശേഷം അതിരാണിപ്പാടത്തോട് വിടപറഞ്ഞ് അമ്മയെ ഇലഞ്ഞിപ്പൊയിലില്‍ വിട്ട് ഒറ്റയ്ക്ക് ബോംബെയിലേക്കുപോയി. പിന്നെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കുകയാണ് ശ്രീധരന്. 566 പുറങ്ങളില്‍ വികസിക്കുന്ന നോവലിന്റെ അവസാന അധ്യായങ്ങള്‍ക്ക് മര്മരങ്ങള് എന്നാണ് പേരുനല്‍കിയിരിക്കുന്നത്.
ബോംബെയിലും ദില്ലിയിലും കാശിയിലും സ്വിറ്റ്സര്‍ലന്‍ഡിലുമെല്ലാം സഞ്ചരിച്ച് തിരിച്ചെത്തുന്ന ശ്രീധരന് അതിരാണിപ്പാടത്ത് വേലുമൂപ്പനെ കാണാനെത്തുകയാണ്. കാലവും സ്ഥലവുമെല്ലാം പുതിയ വേഷപ്പകര്‍ച്ചയിലാണ്. പൊറ്റെക്കാട്ട് എഴുതുന്നു. 'ഈ ഭൂലോകം ഒരു മഹാശ്മശാനമാണ്. തലമുറകളായി മരിച്ചു മണ്ണടിഞ്ഞവരുടെ പടലങ്ങള്ക്കുമീതെയാണ് നമ്മള് പാര്‍ക്കുന്നത്. നമ്മള്ക്കുശേഷം പിറകിലുള്ളവര്‍ നമ്മുടെ മീതെ അവരുടേതായ ഒരു ലോകം പടുത്തുയര്‍ത്തും. കുറേക്കാലം കഴിയുമ്പോള്‍ അതിനുമീതെ മറ്റൊരുലോകം സ്ഥാനംപിടിക്കും. ശ്മശാനങ്ങള്ക്കുമീതെ ശ്മശാനങ്ങള്‍!'

കോഴിക്കോട് പുതിയറയില്‍ കനോലിക്കനാല്ക്കരയില് അരയിടത്തുപാലത്തിനടുത്ത് ഒരു പീടികമാളികയിലെ വലിയൊരു ഒറ്റമുറി വാടകയ്ക്കെടുത്ത് പൊറ്റെക്കാട്ട് എഴുത്തുപണിപ്പുരയാക്കിയിരുന്നു. 'ബ്രിഡ്ജ് വ്യൂ' എന്നായിരുന്നു ആ മാളികമുറിക്കു പേര്. ഇന്നത്തെ മാവൂര്‍ റോഡ് അന്ന് കണ്ടല്‍ച്ചെടികളും കുളവാഴകളും കള്ളിമുള്ളുകളും വളര്‍ന്ന് വഴിമുടക്കിയ ചതുപ്പുനിലങ്ങളാണ്. വേലുമൂപ്പന്റെ വീട്ടില്‍നിന്ന് ചിത്രപ്പണികളോടുകൂടിയ ഒരു ചൈനീസ് ഫ്ളവര്‍വേസ് ചോദിച്ചുവാങ്ങി തിരിച്ചുമടങ്ങുന്ന ശ്രീധരന് കാണുന്ന ഒരു പരസ്യബോര്‍ഡുണ്ട്. കൊക്കക്കോലയുടേതാണത്. കൊക്കക്കോല കുടിക്കാനിറങ്ങിയ ടൈറ്റ് പാന്റ്സും ടെര്‍ലിന്‍ സ്ലാക്ക് ഷര്‍ട്ടും ധരിച്ച പയ്യനിലാണ് നോവലിന്റെ അവസാനം.
ഇവനാരെടാ എന്ന മട്ടില്‍ തന്നെനോക്കുന്ന ഊറാമ്പുലിക്കുപ്പായക്കാരനായ പയ്യനോട് ശ്രീധരന് മനസ്സില്‍ പറയുന്നു: 'അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവല്ക്കാരാ. അതിക്രമിച്ചു കടന്നതു പൊറുക്കൂ -പഴയ കൗതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാന്‍'.
പ്രിയപ്പെട്ട എസ്.കെ., പുതിയ കോഴിക്കോടിന്റെ അടിത്തട്ടില്‍ അതിരാണിപ്പാടം ശ്മശാനമായി. ഒരു ദേശത്തിന്റെ കഥയ്ക്ക് അന്‍പതു വയസ്സാകുമ്പോള്‍ ഞങ്ങള്‍ ഇവിടെ സൈബര്ദേശികളാണ്. കൊക്കക്കോല കുടിക്കാന്‍വന്ന അന്നത്തെ ചെക്കനും മരിച്ചു മണ്ണടിഞ്ഞുകാണും. ശ്രീധരനും കൃഷ്ണന്മാഷും കിട്ടന് റെറ്ററും പെയിന്റര്‍ കുഞ്ഞാപ്പുവും അമ്മുക്കുട്ടിയും നാരായണിയുമെല്ലാം ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്. ഇത്രയും ഊര്‍ജത്തിലും ഉത്സാഹത്തിലും ഇനി ആരെഴുതാനാണ് ഈ ദേശത്തിന്റെ കഥ?
ഒരു ദേശത്തിന്റെ കഥ അതിരാണിപ്പാടത്തിന്റെയോ ശ്രീധരന്റെയോ കഥമാത്രമല്ല, ബൃഹത്തായ മലബാര്‍ മാന്വല്കൂടി ആണ്. ശ്രീധരന്റെ ജനനവും ജീവിതവും രാജ്യാന്തരയാത്രകളും തിരിച്ചുവരവുമാണ് സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്പോലെയുള്ള ദേശത്തിന്റെ കഥപറയുന്നത്.
Content Highlights :v r sudheesh writes about s k pottakkat 50 annoversary of the novel oru deshathinate kadha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..