ഗാന്ധിജിയുടെ മൃതദേഹത്തിനരികിൽ വി. കല്യാണം
വെടിയേറ്റ് ചോരവാര്‍ന്ന് ഗാന്ധിജി പിന്നിലേക്കു വീണു. അദ്ദേഹത്തിന്റെ കണ്ണടയും ചെരുപ്പുകളും തെറിച്ചു പോയി. ഞാന്‍ ശബ്ദമുയര്‍ത്താനാവാതെ സ്തബ്ധനായി നിന്നു. മരവിപ്പവസാനിച്ചപ്പോള്‍ എന്റെ കണ്ണില്‍ നിന്ന് ധാരധാരയായി കണ്ണീരൊഴുകി
-ഗാന്ധിജിയുടെ അവസാന നിമിഷത്തെക്കുറിച്ച് വി. കല്യാണം
[നാഥുറാം ഗോഡ്സെ നിറയൊഴിക്കുമ്പോള്‍ ഗാന്ധിജിയുടെ തൊട്ടു പിറകില്‍ അദ്ദേഹമുണ്ടായിരുന്നു]
1943 മുതല്‍ മഹാത്മാഗാന്ധി വെടിയേറ്റുമരിക്കും വരെ അദ്ദേഹത്തിന്റെ നിഴലായിരുന്നു വി. കല്യാണം. ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറി. ഗാന്ധിവധത്തിന്റെ ദൃക്സാക്ഷി. സംഭവബഹുലമായ ഒരു കാലത്തിന്റെ സാക്ഷി
ഒരുപക്ഷേ, ഗാന്ധിവധത്തിന്റെ ദൃക്സാക്ഷികളില്‍ അവസാനത്തെ ആള്‍ ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈയില്‍ അന്തരിച്ചു -ഗാന്ധിജിയുടെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന വെങ്കിട്ട് റാം കല്യാണം.
'സത്യാനന്തര കാലം' എന്ന് സ്വയം വിശേഷിപ്പിക്കുകയും മുഴുത്തുവരുന്ന ഹിംസയില്‍ ഉന്മാദം കൊള്ളുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തിന് മുമ്പില്‍ ആ മെലിഞ്ഞുനീണ്ട മനുഷ്യന്‍ ഒരു ചൂണ്ടുപലകയായിരുന്നു -ദേശീയ പ്രസ്ഥാനവും സാമൂഹികനവോത്ഥാനവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെക്കുറിച്ച് നമ്മെ നിരന്തരം ഓര്‍മിപ്പിക്കുകയും കഠിനമായ അധ്വാനത്തിന്റെ മഹത്ത്വവും ലളിതമായ ജീവിതത്തിന്റെ ഭംഗിയും ആവിഷ്‌കരിച്ചുകാണിക്കുകയും ചെയ്യുന്ന അടയാളമുദ്ര.
വെങ്കിട്ടറാം കല്യാണം തമിഴനാണ്. തഞ്ചാവൂരുകാരന്‍. ജനനത്തീയതിക്ക് ഒരു വിശേഷമുണ്ട് -ഓഗസ്റ്റ്-15. വര്‍ഷം 1922.
പിതാവിന്റെ മൂത്ത സന്താനവും ഏക പുത്രനുമായി കല്യാണം ജനിച്ചത് സിംലയിലാണ്. താഴെ മൂന്നു സഹോദരികള്‍: രാജലക്ഷ്മി, സീതാലക്ഷ്മി, സുന്ദരി. തഞ്ചാവൂരുകാരനായ പിതാവ് എസ്. വെങ്കിട്ടറാം അന്ന് അവിടെ ബ്രിട്ടീഷ് സര്‍വീസില്‍ ഗുമസ്തനായി ജോലി നോക്കുകയാണ്. പിതാവ് മെട്രിക്കുലേഷന്‍ വരെയേ പഠിച്ചിട്ടുള്ളൂ. മധുരക്കാരിയായ അമ്മ മീനാംബ്ബാളിനു പഠിപ്പേതുമില്ല.
കല്യാണം ബിരുദമെടുത്തത് കൊമേഴ്സിലാണ്-ഡല്‍ഹി കൊമേഴ്സ് കോളേജില്‍നിന്ന്. 1940-'41-കാലത്ത് ഡല്‍ഹിയിലെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ക്ലാര്‍ക്ക് ആയി ചേര്‍ന്നു.
1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സമരാനുകൂലികളുടെ നോട്ടീസുകള്‍ വിതരണം ചെയ്തതിന് ഓഗസ്റ്റ് 11-ന് പോലീസ് പിടിച്ചു. സത്യത്തില്‍ ആ നോട്ടീസുകളുടെ 'അപകട'ത്തെപ്പറ്റി ആലോചനയില്ലാതെ ചെയ്ത പണിയായിരുന്നു അത്. കല്യാണം ഒരിക്കലും കോണ്‍ഗ്രസുകാരനായിരുന്നില്ല. ആ വകയില്‍ ഒമ്പതുമാസം ലഹോറില്‍ തടവില്‍ കിടന്നു. അതോടെ ജോലിപോയി.
അച്ഛന്റെ ഒരു സുഹൃത്തുവഴി ഗാന്ധിജിയുടെ മകനും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാനേജിങ് എഡിറ്ററുമായ ദേവദാസ് ഗാന്ധിയെ പരിചയപ്പെട്ടു. അദ്ദേഹമാണ് ടൈപ്പിസ്റ്റായി ജോലി ചെയ്യാന്‍ കല്യാണത്തെ വാര്‍ധ ആശ്രമത്തിലേക്ക് അയച്ചത്.
രാഷ്ട്രീയം തന്റെ പ്രവര്‍ത്തനമേഖലയല്ല എന്ന് ജീവിതത്തിലുടനീളം വിചാരിച്ചുപോന്ന ഈ മനുഷ്യന്‍ ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും മഹാനായ രാഷ്ട്രീയനേതാവിന്റെ നിഴലായി കുറച്ചുകാലം ജീവിച്ചു. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലമാണത് (1944'48)‚ നിരന്തരമായ വര്‍ഗീയകലാപങ്ങള്‍. സ്വാതന്ത്ര്യലാഭത്തിന്റെ വൈകാരിക കാലഘട്ടങ്ങള്‍. രാഷ്ട്രീയ വിഭജനത്തിന്റെ ഹൃദയഭേദകമായ അനുഭവങ്ങള്‍... അങ്ങനെയങ്ങനെ... ആ നാലുകൊല്ലം എന്നും എവിടെയും തൊട്ടുപിന്നില്‍ കല്യാണം ഉണ്ടായിരുന്നു. വെടികൊള്ളുമ്പോള്‍പ്പോലും. നാഥുറാം ഗോഡ്സെയ്ക്ക് ഉന്നം ഒരിഞ്ചുപിഴച്ചിരുന്നെങ്കില്‍ വെടികൊള്ളുക ഈ സഹചരനാകുമായിരുന്നു.

പിന്നീട് പ്യാരേലാലിന്റെ കൂടെയായിരുന്നു. അദ്ദേഹത്തിന്റെ 'ഗാന്ധിയുടെ അന്ത്യദശ'യെ സംബന്ധിച്ച ഗ്രന്ഥത്തിന്റെ രചനയില്‍ സഹായിയായിട്ട്. അതുകഴിഞ്ഞ് ലേഡി മൗണ്ട് ബാറ്റണിന്റെ സെക്രട്ടറിയായി. അവര്‍ ഇന്ത്യയിലും പാകിസ്താനിലുമായി പ്രവര്‍ത്തിക്കുകയായിരുന്നു. 'യുണൈറ്റഡ് കൗണ്‍സില്‍ ഫോര്‍ റിലീഫ് ആന്‍ഡ് വെല്‍ഫെയര്‍' എന്നായിരുന്നു അവരുടെ സംഘടനയുടെ പേര്. അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതാശ്വാസം എത്തിക്കുന്നതില്‍ ആ സംഘടന വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവര്‍ ഇംഗ്‌ളണ്ടിലേക്ക് തിരിച്ചുപോയശേഷം കുറേക്കാലം ജയപ്രകാശ് നാരായണിന്റെ കൂടെ ജോലിചെയ്തു. മടിയോ ക്ഷീണമോ മറവിയോ ബാധിക്കാതെ നിരന്തരം ജോലി ചെയ്യുന്നതരത്തില്‍ 'പണിപ്പിരാന്തുള്ള' കല്യാണത്തെ അവര്‍ക്കെല്ലാം വലിയ കാര്യമായിരുന്നു.
ഗാന്ധിജി മരിച്ച് 11 കൊല്ലം കഴിഞ്ഞാണ് 'കല്യാണം' സ്വന്തം പേരിനോട് നീതികാണിച്ചത്. അതായത് കല്യാണം കഴിച്ചത്. അന്ന് 37 കഴിഞ്ഞ്. 1959-ലാണത്. ഭാര്യയുടെ പേര് സരസ്വതി. അവര്‍ എട്ടുവയസ്സിന് ഇളയതാണ്. തമിഴത്തിതന്നെ. 1988-ല്‍ മരിച്ചു. അവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. മൂത്തത് മാലിനി. ഇളയത് നളിനി. ചിത്രകാരിയായ മൂത്തമകളുടെ കൂടെ ചെന്നൈയിലെ തേനാംപേട്ടിലായിരുന്നു വളരെക്കാലമായി താമസം. ചെന്നൈയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ പദൂരിലുള്ള ഇളയമകള്‍ നളിനിയുടെ വീട്ടിലേക്ക് മാറിയിട്ട് കുറച്ചായി. 99-ാം വയസ്സില്‍ ആ വീട്ടിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
അഭിമുഖങ്ങളായും ഫീച്ചറുകളായും ലേഖനങ്ങളായും അദ്ദേഹത്തെപ്പറ്റി ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. തമിഴ് നോവലിസ്റ്റ് കുമാരി എസ്. നീലകണ്ഠന്‍ എഴുതിയ 'ഓഗസ്റ്റ്-15' എന്നു പേരായ ജീവചരിത്രനോവലിന്റെ മലയാളം പരിഭാഷ അടുത്തുതന്നെ പുറത്തിറങ്ങും. 2018 ഫെബ്രുവരിയില്‍ ചെന്നൈയില്‍വെച്ച് ഞാന്‍ നടത്തിയ മൂന്നാഴ്ച നീണ്ടുനിന്ന സുദീര്‍ഘ സംഭാഷണത്തിന്റെ ഉത്പന്നമായ 'ഗാന്ധിയുടെ സാക്ഷി'(2020) യാണ് മലയാളത്തിലെ ഗ്രന്ഥം.
ദീര്‍ഘായുസ്സിലുടനീളം തെളിഞ്ഞ ഓര്‍മയും ഉറച്ചനിലപാടും സ്ഫുടമായ സംസാരവുമായി നിലനിന്ന ആ സേവനതത്പരന്‍ ഞങ്ങള്‍തമ്മിലുള്ള സംസാരത്തിനിടയ്ക്ക് ഉദ്ധരിച്ച ഒരനുഭവം ഇപ്പോള്‍ ഓര്‍മയില്‍ തെളിയുന്നു.
ഒരു വിദേശപത്രപ്രതിനിധി ഒരിക്കല്‍ ഗാന്ധിജിക്ക് ഗാന്ധിയന്‍ തത്ത്വചിന്തയുടെ നിര്‍വചനം ആവശ്യപ്പെട്ടുകൊണ്ട് ചോദ്യാവലി നല്‍കി. അത് നിര്‍വചിക്കാന്‍ കുറേക്കൂടി പറ്റിയ ആള്‍ എന്ന് പറഞ്ഞ് അദ്ദേഹം അത് വിനോബാ ഭാവേക്കു നല്‍കി. വിനോബ നിര്‍വചനമായി രണ്ടുവാക്ക് മാത്രമേ പറഞ്ഞുള്ളൂ:
''സ്‌നേഹവും സേവനവും''
അപ്പോള്‍ പത്രപ്രതിനിധി ചോദിച്ചു: ''ഞാന്‍ മിത്രമാണെങ്കില്‍ അങ്ങേക്ക് എന്നെ സേവിക്കാം. ഞാന്‍ ശത്രുവാണെങ്കിലോ?''
വിനോബ മധുരമായി മറുപടി കൊടുത്തു: ''താങ്കളുടെ സ്‌നേഹം എനിക്ക് ലഭിക്കുംവരെ ഞാന്‍ താങ്കള്‍ക്കുവേണ്ടി സേവനം ചെയ്തുകൊണ്ടിരിക്കും."
Content Highlights: V Kalyanam, Gandhiji’s last personal secretary life


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..