ഉറൂബ്, പി നാരായണൻ നായർ
പ്രശസ്ത എഴുത്തുകാരനായിരുന്ന ഉറൂബ് മാതൃഭൂമി പത്രാധിപരായിരുന്ന പി നാരായണന്‍ നായരെ അനുസ്മരിച്ചുകൊണ്ട് 46 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ ലേഖനമാണിത്. ജൂലൈ 10 ഇരുവരുടെയും ചരമദിനമാണ്. 1973 ജൂലൈ 10 നാണ് പി നാരായണന്‍ നായര്‍ അന്തരിച്ചത്. 1979 ജൂലൈ 10 ന് ഉറൂബും അന്തരിച്ചു. പി നാരായണന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഉറൂബ് ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുകയാണ്.
പി. എന്‍.സൗമനസ്യത്തിന്റെ മാതൃക- ഉറൂബ്
പി.എന്നിനെ ഞാന്‍ ആദ്യം കണ്ടത് അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്ന കാലത്താണ്. ഞാന്‍ അന്നൊരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ദേശീയ പ്രസ്ഥാനവും അതിന്റെ ലക്ഷ്യമായ സ്വാതന്ത്ര്യസ മ്പാദനവും തങ്ങളുടേയും മാറ്റവും ലക്ഷ്യവുമായി കണക്കാക്കിയിരുന്ന യുവാക്കള്‍ക്കും അക്കാലത്ത് മാതൃഭൂമി ഒരു സങ്കേതമായിരുന്നു. സാഹിത്യ സാംസ്‌ക്കാരിക കാര്യങ്ങള്‍ എന്നിവയെല്ലാം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റ ഭാഗങ്ങളായിട്ടാണേ കണക്കാക്കിപ്പോന്നതും. ഇതിന്നര്‍ത്ഥം വെറും സമരഗാനങ്ങളോ സമരാവേശം കൊള്ളിക്കുന്ന കലാപരിപാടികളോ മാത്രമാണു ഉണ്ടായത് എന്നല്ല. ഇന്ത്യ സ്വന്തം ആത്മാവിന കണ്ടെത്താനുള്ള ഒരു ശ്രമം നടത്തുക കൂടിയായരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിലുണ്ടായ സ്വാതന്ത്ര്യ പ്രസ്ഥാനമെന്നും ഓര്‍ക്കണം. ആ മഹാപ്രസ്ഥാനം ഒരു സൂര്യനെ പോലെ തലയ്ക്കു മുകളില്‍ നിന്നു, കീഴെനില്‍ക്കുന്ന എല്ലാ ചെടികളും പുല്ലുകളും മരങ്ങളും ഊര്‍ജ്ജം വലിച്ചെടുത്ത് പച്ചപിടിച്ചു തഴച്ചു വളര്‍ന്നു.
മര്‍ദന സമ്പ്രദായങ്ങള്‍ പത്രങ്ങളുടെ നേര്‍ക്ക് അഴിച്ചുവിട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് പി.എന്‍ പത്രാധിപരായിരുന്നത്. ഉത്തര ഭാരതത്തിലെ പല പത്രമാഫീസുകളും പൂട്ടേണ്ടി വന്നു. തന്റ
സോവിയറ്റ് സന്ദര്‍ശനത്തിലെ അനുഭവങ്ങളെപ്പററി മഹാകവി ടാഗോര്‍ എഴുതിയ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയതിന് മോഡേണ്‍റിവ്യു പത്രാധിപരെ ബ്രിട്ടീഷ് ഗവര്‍മ്മെന്റ് കഠിനമായി താക്കീതു ചെയ്തു. അത്രയും വലിയ ഒരു കവിയുടെ നേരേ പോലും അന്നും ഗവണ്മെന്റിനു സഹിഷണുത പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ ഇന്ത്യക്കാരനാണെന്ന് ആത്മാര്‍ഥമായി വിചാരിക്കുന്ന ഏത് ഇന്ത്യാക്കാരനേയും സംശയദൃഷ്ടിയോടെ നോക്കിയിരുന്ന കാലം. ദിവസം ദിവസം ഓര്‍ഡിനന്‍സ് പൊതുരക്ഷാ ഓര്‍ഡിനന്‍സുകള്‍- പത്രനിയന്ത്രണ ഓര്‍ഡിനന്‍സ് ഇങ്ങിനെ ഒരു കാലഘട്ടത്തില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ വീശിക്കത്തിക്കേണ്ട ഒരു പത്രത്തിന്റെ അധിപരായിരിക്കുക ദുഷ്‌ക്കരമായ ജോലി തന്നെ. പക്ഷേ പി.എന്‍ ആ കാലഘട്ടം വിജയകരമായിത്തന്നെ തരണം ചെയ്തു.
പരുക്കന്‍ രാഷ്ട്രീയക്കാരനാണ് പി.എന്‍ എന്നാണ് ഞാന്‍ ആദ്യം ധരിച്ചിരുന്നത്. വെള്ള ഖദര്‍ ജുബ്ബയില്‍ പൊതിഞ്ഞ മെലിഞ്ഞ് നീണ്ട ശരീരവും കനത്ത കണ്ണട കൊണ്ടു മറച്ച ഒഴിയാ ദുഃഖത്തിന്റെ ഉറവിടമായ കണ്ണുകളമായി മാതൃഭൂമിയിലെ ഒരു മുറിയില്‍ നിന്നും മറെറാരു മുറിയിലേക്കു നീങ്ങിയിരുന്ന പി.എന്നിന്റെ ആ രൂപം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. അടുക്കാന്‍ തോന്നിയില്ലെങ്കിലും ആദരം മനസ്സില്‍ കുരുത്തു നിന്നു. ഒരിക്കല്‍ ഞാനും കെ ദാമോദരനും കൂടി മാതൃഭൂമിയില്‍ കയറിച്ചെന്നു. പത്രാധിപന്മാക്കിരിക്കാനുണ്ടാക്കിയിരുന്ന താല്‍ക്കാലിക മറകളില്‍ ഒന്നില്‍ നിന്നും പി.എന്‍ പുറത്തേയ്ക്ക് വന്നു പരസ്പരം നോക്കി. യാതൊരു ഔപചാരികതയും കാണിക്കാതെ, കൊച്ചനായ എന്റെ ചുമലില്‍ കൈവെച്ചിട്ടു പറഞ്ഞു: കുട്ടികൃഷ്ണനല്ലേ?, - എനിക്കറിയാം കവിത വായിക്കാറുണ്ട്. എന്താണിപ്പോള്‍ കവിതകളെഴുതാത്തത്.

ഇങ്ങിനെ ഒരു ചോദ്യം അദ്ദേഹത്തില്‍ നിന്നുണ്ടാകുമെന്നു ഞാന്‍ ഓര്‍ത്തിട്ടില്ല. കേളപ്പജി കഴിഞ്ഞാല്‍ എന്നെ ഇത്തരം ചോദ്യങ്ങളെക്കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയക്കാരന്‍ പി.എന്‍ ആണ്. അങ്ങിനെയാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ അടുപ്പം. ആ അടുപ്പം വര്‍ദ്ധിച്ചുവന്നതേയുള്ളു. പി നാരായണന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലഘട്ടം ചെറുപ്പക്കാരായ എഴുത്തുകാരുടെ കൊയ്ത്തുകാലം തന്നെയായിരുന്നു. ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍, അവര്‍ തന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണോ അല്ലയോ എന്ന നോട്ടമേ പി.എന്നിനുണ്ടായിരുന്നില്ല. ആദ്യകാലത്തും പ്രസിദ്ധീകരണം കൊണ്ട് എന്നെപ്പോലെയുള്ളവരെ പ്രോത്സാഹിപ്പിച്ച രണ്ടു പത്രാധിപന്മാര്‍ സ്ഥിരചിത്തനായ സിഎച്ച് കുഞ്ഞപ്പയും സുമനസ്സായ പി. നാരായണന്‍ നായരുമാണ്.
ഒരിക്കലുണ്ടായ ഒരു സംഭവം: അത് പറയുന്നതിനുമുമ്പേ, പി. എന്നും സഞ്ജയനും തമ്മിലുള്ള ബന്ധത്തെപ്പററി സൂചിപ്പിക്കണം.
വിരുദ്ധാഭിപ്രായക്കാരായ ആത്മാര്‍ത്ഥസുഹൃത്തുക്കളായിരുന്നു അവര്‍. പി. എന്‍, യു ആര്‍ എ റെഡ് റഷ്യന്‍ കമ്മ്യൂണിസ്റ്റ് എന്ന് മന്ദസ്മിതത്തോടെ പറയുന്ന സഞ്ജയന്റ അടുത്ത കസേരയിലിരുന്നിട്ട്: 'താങ്ക് യൂ ഫോര്‍ ദി കോംപ്ലിമെന്റ്സ്' എന്ന് പറയുന്ന പി.എന്‍ ബഹളം വെയ്ക്കാതെ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും. അവര്‍ വിയോജിക്കുന്നതു പോലെതന്നെ യോജിക്കുന്ന കാര്യങ്ങളും ധാരാളമായിരുന്നു. ചങ്ങമ്പുഴയുടെ വാസനാവൈഭവത്തെ രണ്ടുകൂട്ടരും വകവയ്ക്കുകയും എന്നാല്‍ അദ്ദേഹത്തിന്റെ കാവ്യഭാവത്തെ ഇരുകൂട്ടരും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്തു. സഞ്ജയന്‍ 'കോരപ്പുഴയുടെ കവിതാരീതി' എന്നാരു പരിഹാസ ലേഖന പരമ്പരതന്നെ എഴുതി. ഞാന്‍, ഇടശ്ശേരി. ഇ നാരായണന്‍, കെവി പത്മനാഭന്‍, ഇ കുമാരന്‍ തുടങ്ങി പൊന്നാനിയില്‍ താമസിച്ചിരുന്ന എഴുത്തുകാരെല്ലാം അത് ചങ്ങമ്പുഴയെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഒരു വാചകം ഞങ്ങളെ ചൊടിപ്പിച്ചു.
'കാരണമില്ലാത്ത ഈ വിഷാദം കാണുമ്പോള്‍, മജിസ്‌ട്രേട്ട് കോടതി കേറിയാലും അസ്തു ഒരു കാരണമുണ്ടാക്കിക്കൊടുക്കണമെന്നു തോന്നുന്നു' എന്ന വാചകത്തില്‍ ഫലിതത്തേക്കാള്‍ ശകാരമായിട്ടാണ് ഞങ്ങളെടുത്തതും ഞങ്ങള്‍ അഞ്ചു പേരും ചങ്ങമ്പുഴയുടെ രീതിയില്‍ ഓരോ കവിത എഴുതി നാരായണന്‍നായര്‍ക്കയച്ചുകൊടുത്തു. ചേര്‍ക്കുന്നുവെങ്കില്‍ ഇതെല്ലാം ഒരേ ലക്കത്തില്‍ ചേര്‍ക്കുക, ഇല്ലെങ്കില്‍ വേണ്ട എന്നൊരു കുറിപ്പും വച്ചിരുന്നു. പലപ്പോഴും പത്രാധിപന്മാര്‍ കുട്ടിക്കളിയായി വിചാരിക്കുന്ന ഈ ആവശ്യം പിഎന്‍ അംഗീകരിക്കുകതന്നെ ചെയ്തു. ഒരു ലക്കത്തിലെന്നേ ഞങ്ങളാവശ്യപ്പെട്ടിരുന്നുള്ളു; അദ്ദേഹം അവ, ഉത്സവത്തിന്ന് കുരുത്തോല തൂക്കുന്ന രീതിയില്‍ ഒരു പേജില്‍ത്തന്ന, നടുപ്പേജില്‍ നിരനിരയായി അങ്ങ് പ്രസിദ്ധപ്പെടുത്തി. എന്നിട്ടു ഞങ്ങള്‍ക്കൊരു കുറിപ്പും അയച്ചു. കവിതകള്‍ ചേര്‍ക്കും. പക്ഷേ, നിങ്ങളുടെ നിലപാട് ശരിയാണോ എന്നു ഒരിക്കല്‍കൂടി പരിശോധിക്കുക.
സൗമനസ്യമാണിതിന് കാരണമെന്ന് സ്പഷ്ടം. സാഹിത്യരംഗത്തുമാത്രമല്ല, രാഷ്ട്രീയ രംഗത്തും - പി. എന്‍. ഈ സൗമനസ്യം കാണിച്ചുപോന്നിട്ടുണ്ട് എന്നും ആ രംഗത്ത് അദ്ദേഹമൊത്തും അദ്ദേഹത്തിന്നെതിരായും പ്രവര്‍ത്തിക്കേണ്ടി വന്നവര്‍ക്കറിയാം. പരസ്പരം തെറിവിളിക്കുന്നതും രാഷ്ട്രീയവിമര്‍ശനമായി അംഗീകരിച്ചിരുന്ന കാലത്തു പോലും തന്റെ എതിരാളികളെപ്പറ്റി ഒരു വൃത്തികെട്ട വാക്കും പി.എന്റെ നാവില്‍ നിന്നു പുറപ്പെട്ടിട്ടില്ല. അ തേസമയം വിമര്‍ശനത്തിന്റെ കാഠിന്യം കുറച്ചതുമില്ല. മാതൃഭൂമി വിട്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്ന കാലത്തും പി.എന്നുമായി ഇടപഴകാന്‍ ഇടം കിട്ടി യിട്ടുണ്ട്. ക്വിറ്റിന്ത്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത നിലപാടിനെപ്പറ്റി ഒരിക്കല്‍ തീവണ്ട യാത്രയില്‍ ഞങ്ങള്‍ തമ്മില്‍ ഒരു വാദപ്രതിവാദം തന്നെ നടന്നു. ചിന്താര്‍ഹമാകാതിരുന്ന അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ക്ക് ആ നിലപാട് ശരിയായിരുന്നുവെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതു ഞാന്‍ പി.എന്നോട് തുറന്നു പറയുകയും ചെയ്തു. അദ്ദേഹം ചിരിച്ചതേയുള്ളു. എന്നിട്ട് എന്നെ ഇങ്ങനെ ഉപദേശിച്ചു. 'അതൊക്കെ കഴിഞ്ഞില്ലേ, ആ കാലഘട്ടത്തെ പശ്ചാത്തലമാക്കി ഇനി കുട്ടികൃഷ്ണന്‍ വല്ലതുമെഴുതൂ.
പിന്നീട് അത്തരത്തില്‍ ചിലത് എഴുതേണ്ടിവന്നപ്പോള്‍ ഞാന്‍ പി.എന്നിനെപ്പറ്റി ഓര്‍ത്തിട്ടുണ്ട്.
മറെറാരിക്കല്‍, ദേശാഭിമാനിയില്‍ ഒരു നല്ല സാഹിത്യ കൃതിയെപ്പററി, ഒരു വലിയ നേതാവ് ചീത്തയായി നിരൂപണം ചെയ്തുകണ്ടപ്പോള്‍ എനിക്കു ദേഷ്യംവന്നു. ഇതു തെറ്റായി എന്ന് വഴിയില്‍ വെച്ചുകണ്ട പി.എന്നി നോട് ഞാന്‍ ദേഷ്യ അത്തോടെ തന്നെ പറഞ്ഞു. പി.എന്‍ ചുമലില്‍ കൈവച്ച് പറഞ്ഞു: അതൊരു വീക്ഷണമല്ലേ? കുട്ടിക്കൃഷ്ണന്റെ വീക്ഷണം മറ്റെല്ലാവര്‍ക്കുമുണ്ടായിക്കൊള്ളണമെന്ന് ശഠിച്ചാലോ? ഒരഭിപ്രായവും അവസാനത്തേതല്ല.
എനിക്ക് സാഹിത്യത്തിനുള്ള നാഷണല്‍ അവാര്‍ഡ് സിദ്ധിച്ചപ്പോള്‍ വളരെ സ്‌നേഹിതന്മാര്‍ അഭിനന്ദനങ്ങളയച്ചു. ബഹളമെല്ലാം അവസാനിച്ചിട്ടാണു പി. എന്നിന്റെ ഒരു കുറിപ്പുകിട്ടിയത് 'എല്ലാം അറിഞ്ഞു നന്നായി. പക്ഷേ, ഇതൊന്നും വലിയ കാര്യമാക്കരുത്. ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നേടാനു ള്ളതാകട്ടെ നിങ്ങളുടെ തൂലിക' പേടിപ്പിക്കുന്ന വിധം ഉത്തരവാദിത്വത്തെ ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടത് കോട്ടയ്ക്കല്‍ വെച്ചാണ്; നേത്രരോഗം മൂലം എന്നെ കാണാന്‍ വിഷമമായിരുന്നു. എന്നിട്ടും പേരു പറഞ്ഞപ്പോള്‍ കാട്ടിയ സൗഹൃദം മറക്കാവതല്ല 'മടിയനായിട്ടുണ്ട്. ഇല്ലേ? എന്താ പണിയൊന്നും ചെയ്യാത്തത്?
'ഒന്നാന്തരം ഒരു പത്രാധിപര്‍ ആര്‍ജവവും സത്യസന്ധതയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍, കലയേയും സാഹിത്യത്തെയും സ്‌നേഹിക്കുകയും പോഷിപ്പിക്കുകയും ചെയ്ത പലനിലകളിലും വിശ്രുതനായ പിഎന്നിനെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം, ലെനിന്‍ പലപ്പോഴും ഉദ്ധരിച്ചിട്ടുള്ള ആ ഒരു വാക്യം ഓര്‍മ്മ വരും: 'തത്വശാസ്ത്രങ്ങള്‍ നരയ്ക്കുന്നു; എന്നാല്‍ മനുഷ്യജീവിതമാകുന്ന മഹാവൃക്ഷം എന്നും പച്ചപിടിച്ചുതന്നെ നില്ക്കും'. പി.എന്‍ ഈ വാക്യം ഓര്‍ത്തിരുന്നുവോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ, അദ്ദേഹത്തിന്റെ ഓരോ പെരുമാറ്റത്തിലും അതിന്റെ സംസ്‌കാരമുണ്ടായിരുന്നു.
Content Highlights: Uroob P Narayanan Nair death anniversary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..