ഉള്ളൂർ, പ്രൊഫ.എം പരമേശ്വരൻ.
മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ നൂറ്റിനാൽപ്പത്തിനാലം ജന്മവാർഷികദിനമാണ് ഇന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളസംസ്കാരത്തിലും ഭരണത്തിലും ഒരുപോലെ ഇടപെട്ട മഹാകവിയെക്കുറിച്ചുള്ള തന്റെ ഓർമകളും അറിവുകളും പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ പൗത്രനും വിവർത്തകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറി സയൻസ് വിഭാഗം റിട്ടയേഡ് പ്രൊഫസറുമായ ഉള്ളൂർ എം പരമേശ്വരൻ....
ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ ജോലിചെയ്തിരുന്ന സ്ത്രീ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ഉച്ചയ്ക്ക് സ്കൂളില്‍ വന്നു. അവരുടെ കൂടെ വീട്ടിലെത്തിയപ്പോള്‍ മുത്തശ്ശനെ ഉമ്മറത്ത് വെള്ള പുതപ്പിച്ച് കിടത്തിയിട്ടുണ്ട്. പ്രമുഖരായ കുറേപ്പേര് വരാന്തയിലും മറ്റുമായി നില്ക്കുന്നു. ഞങ്ങള്‍ കുറേപ്പേരുണ്ട് പേരക്കുട്ടികള്‍. അദ്ദേഹത്തെ കാണുന്ന തരത്തില്‍ ഞങ്ങളും വരാന്തയിലിരുന്നു. മുത്തശ്ശനെക്കുറിച്ചുള്ള ഓര്‍മയില്‍ ആദ്യം തെളിയുന്നത് ഈ കാഴ്ചയാണ്. എനിക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് അദ്ദേഹം അന്തരിക്കുന്നത്.
പൊതുവേ വളരെ കര്‍ക്കശ സ്വഭാവക്കാരനും ഗൗരവമുള്ള പ്രകൃതവുമായിരുന്നു അദ്ദേഹത്തിനെന്ന് എന്റെ അച്ഛന് ഉള്ളൂര്‍ മഹാദേവന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ പേരക്കുട്ടികളോട് വളരെ അനുനയത്തിലും സ്നേഹത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്. പേരക്കുട്ടികളില്‍ ഏറ്റവും ഇളയതായതിനാല്‍ അല്പം കൂടി പരിഗണന എനിക്ക് അദ്ദേഹത്തില്‍ നിന്നും കിട്ടിയിട്ടുണ്ട്. വളരെ മൃദുലമായിട്ടായിരുന്നു കുട്ടികളോട് അദ്ദേഹം ഇടപെട്ടിരുന്നത്. 'കാക്കേ കാക്കേ കൂടെവിടെ' എന്നു തുടങ്ങുന്ന കവിത അച്ഛനായ ഉള്ളൂരല്ല, മുത്തശ്ശനായ ഉള്ളൂരാണ് എഴുതിയത്.
ദിവസവും വൈകുന്നേരം സ്വന്തം കാറില്‍ ഒരു യാത്രയുണ്ട് അദ്ദേഹത്തിന്, കാറ്റുകൊള്ളാന്‍ പോവുക എന്നാണ് പറയുക. മുത്തശ്ശന് ഒരുങ്ങുന്നതും കാത്ത് ഞങ്ങളും നില്ക്കും. അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ താമസിച്ച ശാരദാനികേതനില് ഉള്ള എല്ലാ പേരക്കുട്ടികളെയും കൂടെകൂട്ടും. ആ യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചിരുന്നു. വല്യസന്തോഷം കണ്ടെത്തിയിരുന്നു കുട്ടികളോടൊപ്പം കൂട്ടുകൂടുന്നതില്‍.
വളരെ ചെറുപ്പത്തില്‍ തന്നെ ഉദ്യോഗസ്ഥഭരണത്തില്‍ പ്രവേശിച്ചതാണ് കവി. അതുകൊണ്ടുതന്നെ ഉത്തരവാദിത്തങ്ങള്‍ നിരവധി ഉണ്ടായിരുന്നു എന്നും മൂക്കത്തായിരുന്നു ശുണ്ഠി എന്നും അച്ഛന് പറയുമായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും പരാതിയുമായി വന്നാല്‍ അവരെ അടുത്തുചേര്ത്തുനിര്ത്തി കാര്യങ്ങള്‍ കേട്ട് വേണ്ടത് ചെയ്യും. അതേസമയം കുടുംബകാര്യങ്ങള്‍ വളരെ ദൂരത്തുനിന്നേ വേണ്ടപ്പെട്ടവര്‍ അവതരിപ്പിച്ചിരുന്നുള്ളൂ. ഭയവും ബഹുമാനവും ഭക്തിയുമായിരുന്നു കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തോട്. തീരെ നിവൃത്തിയില്ലെങ്കിലേ കാര്യങ്ങള്‍ നേരിട്ട് മുമ്പില്‍ ചെന്ന് പറയാന്‍ പോകുമായിരുന്നുള്ളൂവത്രേ. അതേ ഉള്ളൂരാണ് സാഹിത്യവുമായും അക്കാലത്തെ രാഷ്ട്രീയകേരളവുമായും ആത്മബന്ധം പുലര്‍ത്തിയിരുന്നത്.
ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ തന്റെ ജാതിയെ ഒട്ടും മാനിച്ചിരുന്നില്ല. ബ്രാഹ്മണസമൂഹത്തില്‍ നിന്നും നല്ല എതിര്‍പ്പുകള്‍ അദ്ദേഹം നേരിട്ടിരുന്നു ഇക്കാരണത്താല്‍. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് കുമാരനാശാന് വന്ന സംഭവം തന്നെ ആളുകള്‍ എടുത്തുപറയാറുണ്ട്. ഉള്ളൂര്‍ നേരിട്ട് പോയി ആശാനെ വിവാഹത്തിന് ക്ഷണിച്ചു്. അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച് വിവാഹത്തില്‍ പങ്കെടുത്തു. സദ്യയുണ്ണാനായപ്പോള് ആശാന് ഇരുന്ന പന്തിയില്‍ നിന്നും ബ്രാഹ്മണര്‍ ഓരോരുത്തരായി എഴുന്നേല്ക്കാന് തുടങ്ങി. മറ്റുള്ളവരുടെ അന്നം താന്‍ കാരണം മുടങ്ങുന്നതു കണ്ട ആശാന് വേഗം എഴുന്നേല്ക്കാന് ശ്രമിച്ചു. അതു കണ്ടുകൊണ്ടിരുന്ന ഉള്ളൂര്‍ പന്തിയിലിരിക്കുന്ന ഒരൊറ്റയാളും എഴുന്നേല്‍ക്കരുതെന്ന് ആജ്ഞാപിച്ചു. അച്ഛന് പറയുമായിരുന്നു കവി അപേക്ഷിച്ചതല്ല, ആജ്ഞാപിച്ചതാണ് എന്ന്. ഉള്ളൂരിനെ പേടിച്ച് ആരും എഴുന്നേറ്റില്ല. ആശാന് ഭക്ഷണം കഴിച്ചുതീരുന്നതുവരെ അദ്ദേഹത്തിന്റെ കൂടെ ഇരുന്നുവത്രേ ഉള്ളൂര്‍.
ജാതി കാലത്തിനു ചേരുന്നതല്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ ഒറ്റ പേരക്കുട്ടികളുടെയും പേരിന് കൂടെ അയ്യര്‍ എന്നോ അമ്മാള്‍ എന്നോ ചേര്‍ക്കാന്‍ സമ്മതിച്ചിരുന്നില്ല. പേര് സ്വതന്ത്രമായിരിക്കണം എന്നായിരുന്നു വാദം. ദിവാന് പേഷ്കാര്‍ പദവിയായിരുന്നു ഔദ്യോഗിക ജീവിതത്തില്‍ നിര്‍വഹിച്ചിരുന്നത്. ഇന്നത്തെ ചീഫ് സെക്രട്ടറിയുടെ തൊട്ടുതാഴെയുള്ള പദവി. പേഷ്കാര്‍ സ്വാമി എന്നാണ് ശാരദാനികേതനു ചുറ്റും അറിയപ്പെട്ടിരുന്നത്.
തിയോസഫിക്കല്‍ സൊസൈറ്റിയുമായി വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നു കവി. വിവേകാന്ദനെക്കുറിച്ചോ ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ചോ അദ്ദേഹം കവിതയെഴുതിയിട്ടില്ല. പക്ഷേ ആനിബസന്റിനെക്കുറിച്ച് അദ്ദേഹം കവിതയെഴുതി. ''മാതാവേ! ബെസന്റമ്മേ! മര്ത്യാകാരം പൂണ്ട/ഗീതാവാക്യാധിഷ്ടാന ദേവതേ നമസ്കാരം!/ ലോകമോഹാന്ധകാരച്ഛത്രിയമുഷസ്സന്ധ്യേ/ ദേഹ്യാമ്പുക്ഷീര ഭേദവിജ്ഞയാം ഹസി'' എന്നുതുടങ്ങുന്ന കവിത 'തരംഗിണി' എന്ന കാവ്യസമാഹാരത്തിലാണുള്ളത്. 'ഗാനോപഹാരം' എന്നാണ് കവിതയുടെ പേര്. ആനിബെസന്റിനെയായിരുന്നു അദ്ദേഹം തന്റെ ആത്മീയാചാര്യയായി സ്വീകരിച്ചിരുന്നത്.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മഹത്തായ ഒരു പ്രസ്താവനയുണ്ട്. വിളംബരത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കമ്മറ്റിയില്‍ കവിയുമുണ്ടായിരുന്നു. നിരവധി വേദങ്ങളും പൗരാണികഗ്രന്ഥങ്ങളുമെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ വിളംബരം നടത്തുന്നത്. അധികാരികള്‍ വിളംബരത്തില്‍ ഒപ്പുവെച്ചെങ്കിലും അത് പ്രയോഗത്തില്‍ വരുത്തേണ്ട ഉത്തരവാദിത്തം കവിയ്ക്കായിരുന്നു. അതോടുകൂടി ബ്രാഹ്മണസമൂഹം അദ്ദേഹത്തിന് ഭ്രഷ്ട് കല്പിച്ചു. ആ ഭ്രഷ്ടില് സന്തോഷവാനായ കവി പ്രസ്താവിച്ചതിങ്ങനെയായിരുന്നു: ''ഇന്നലെവരെ ഞാനൊരു ബ്രാഹ്മണന് മാത്രമായിരുന്നു, ഇന്നുമുതല്‍ ഞാനൊരു മനുഷ്യനായി!''
മഹാകാവ്യത്തിനും നിരവധി കവിതകള്‍ക്കും പുറമേ അദ്ദേഹത്തിന്റെ പാണ്ഡിത്യം വെളിവാക്കുന്ന ഗ്രന്ഥമാണ് കേരളസാഹിത്യചരിത്രം. അവസാനനാളുകളിലാണ് ആ ഗ്രന്ഥത്തിന്റെ പണി പൂര്‍ത്തിയാവുന്നത്. ആ കൃതി പൂര്‍ത്തീകരിക്കാനായി ആയുസ് നീട്ടിക്കിട്ടിയതാണ് എന്ന് വീട്ടുകാര്‍ പറയുമായിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും അദ്ദേഹത്തെ വല്ലാതെ വലച്ചിരുന്നു അവസാനനാളുകളില്‍. ഗോതമ്പ് ചോറായിരുന്നു കഴിച്ചിരുന്നത്. മരണത്തോടുള്ള ഒരു വാശിപോലെ എഴുതിത്തീര്‍ത്തതാണ് കേരളസാഹിത്യചരിത്രം. ആ ഗ്രന്ഥരചനയ്ക്കുവേണ്ട അറിവുസമ്പാദനത്തിനായി നിരന്തരം യാത്രകള്‍ നടത്തിയിരുന്നു ഉള്ളൂര്‍. എഴുതിത്തീര്‍ന്നതും വിശ്രമിക്കാനിടകൊടുക്കാതെ അദ്ദേഹം മരണമടയുകയും ചെയ്തു.
ഉള്ളൂര്‍ രണ്ട് വിവാഹം കഴിച്ചിരുന്നു. ആദ്യത്തെ ഭാര്യ വളരെ നേരത്തെ തന്നെ മരണപ്പെട്ടു. ആ ബന്ധത്തില്‍ രണ്ടുകുട്ടികളുണ്ടായിരുന്നു. രണ്ടാം വിവാഹത്തിലെ മൂത്ത ആണ്‍സന്തതിയാണ് എന്റെ അച്ഛന് ഉള്ളൂര്‍ മഹാദേവന്. അദ്ദേഹത്തിന് പതിനഞ്ച് വയസ്സ് തികയുന്നതിനുമുമ്പേ തന്നെ അമ്മയും മരിച്ചു. വിഭാര്യനായി കഴിഞ്ഞു പിന്നെ കവി. അക്കാലത്ത് ശാരദാനികേതനത്തില് നിരവധി ആളുകള്‍ ഉണ്ട്. കവിയുടെ അനുജന് കൃഷ്ണയ്യര്‍ വളരെ നേരത്തേ തന്നെ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ട ചുമതലയും കവിയ്ക്കായിരുന്നു. കൃഷ്ണയ്യരുടെ ഭാര്യയായിരുന്നു വീട്ടുകാര്യങ്ങളെല്ലാം നോക്കിനടത്തിയിരുന്നത്. കൃഷ്ണയ്യരും സര്‍ക്കാരുദ്യോഗസ്ഥനായിരുന്നു. ശാരദാനികേതന് ഉള്ളൂരിന്റെ സ്മാരകമാക്കണം എന്ന ആവശ്യം കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്നവരും ഉന്നയിച്ചിരുന്നു. കവിയുടെ ആദ്യത്തെ ഭാര്യയിലുള്ള മകന്റെ പേരക്കുട്ടിയ്ക്കാണ് ശാദരാനികേതനം ഇപ്പോള്‍ സ്വത്തായി ലഭിച്ചിരിക്കുന്നത്. സ്മാരകനിര്‍മാണം എവിടെവച്ചാണ് നിലച്ചുപോയത് എന്നറിയില്ല. കവി ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം തന്നെ അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. നിലവില്‍ ഉള്ളൂരിന്റെ പേരില്‍ ജഗതിയില്‍ ഒരു ഗ്രന്ഥാലയം ഉണ്ടെന്നതാണ് ആശാവഹം.
പുനഃപ്രസിദ്ധീകരണം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..