
ഡോ. ബി.ആർ. അംബേദ്കർ
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയും നെഹ്റു മന്ത്രിസഭയിലെ നിയമമന്ത്രിയുമായിരുന്ന ഡോ. ബി.ആര്. അംബേദ്കര്‍ അന്തരിച്ചിട്ട് അറുപത്തിയഞ്ച് വര്‍ഷം. ജാതിവിവേചനത്തിനെതിരായി നിരന്തരം ശബ്ദമുയര്‍ത്തിയ അംബേദ്കറുടെ ജീവിതം കെട്ടുകഥകളേക്കാള്‍ വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ നീചത്തരങ്ങളുടെ ഇര കൂടിയാണ് മഹാര്‍ സമുദായക്കാരനായ അംബേദ്കര്‍. അദ്ദേഹത്തിന്റെ ആത്മകഥയായ 'വെയ്റ്റിങ് ഫോര്‍ വിസ; വിസ കാത്ത് 'ആ ജാതിനീചത്തങ്ങളെ തുറന്നു കാട്ടുന്നുണ്ട്. വെയ്റ്റിങ് ഫോര്‍ വിസ തുടങ്ങുന്നതിങ്ങനെയാണ്.
കൊറിഗോവിലേക്കുള്ള ഒരു കുട്ടിക്കാല യാത്ര
ബോംബെ പ്രസിഡന്സിയ്ക്കു കീഴിലെ രത്നഗിരി ജില്ലയില്‍ ഡാപോളി താലൂക്കിലാണ് യഥാര്‍ഥത്തില്‍ ഞങ്ങളുടെ കുടുംബം സ്ഥിരമായി താമസിച്ചിരുന്നത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണത്തില്‍ പിടമുറുക്കിയപ്പോള് എന്റെ പിതാമഹന്മാര് അവര്‍ പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന ജോലി- രാഷ്ട്രത്തിന്റെ കാവല്‍- അവസാനിപ്പിച്ചു. എന്റെ അഛനും ഈ പാരമ്പര്യത്തൊഴിലായിരുന്നു. സുബേദാര്‍ റാങ്കുവരെ എത്തിയാണ് അദ്ദേഹം സര്‍വ്വീസില്‍നിന്നു പിരിഞ്ഞത്. അച്ഛന്റെ വിരമിക്കല്‍ ദിനം അടുത്തപ്പോള്‍ അദ്ദേഹം കുടുംബത്തെയും കൂട്ടി ഡാപോളിയില് സന്ദര്‍ശനം നടത്തി. ശിഷ്ടകാലം അവിടെ കഴിയാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. പക്ഷേ, എന്തുകൊണ്ടോ അച്ഛന് തന്റെ തീരുമാനം മാറ്റി. കുടുംബം പിന്നീട് ഡാപോളിയില്നിന്നു സാതാറയിലേക്കാണ് മാറിയത്. 1904-വരെ സാതാറയിലായിരുന്നു ഞങ്ങള്‍ ജീവിച്ചത്.
എന്റെ ഓര്‍മയിലെ ആദ്യത്തെ സംഭവം, എക്കാലത്തേക്കുമായി എന്റെ ഓര്‍മയില്‍ പ്രതിഷ്ഠിക്കപ്പെട്ടത് 1901-ല്‍ ഞങ്ങള്‍ സാതാറയിലായിരിക്കുമ്പോഴാണ്. എന്റെ അമ്മ മരിച്ചു. അച്ഛന് കൊറിഗോവില് ബോംബെ സര്‍ക്കാറിന്റെ കീഴില്‍ ജലസേചന സംഭരണി നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലം. ധാരാളം പട്ടിണിപ്പാവങ്ങള്‍ക്ക് അത്താണിയായിരുന്നു ആ പ്രൊജക്ട്.
അച്ഛന് കൊറിഗോവില്നിന്നു തിരികെ വന്നപ്പോള്‍ ആദ്യം ചെയ്തത് എന്നെയും എന്റെ ഒരു വയസ്സിനു മൂത്ത ഏട്ടനെയും മൂത്ത ജ്യേഷ്ഠത്തിയുടെ രണ്ട് മക്കളെയും (ചേച്ചി നേരത്തേ മരിച്ചു പോയിരുന്നു) ഞങ്ങളുടെ അമ്മായിയുടെ കൈകളില്‍ ഏല്‍പ്പിക്കുക എന്നതായിരുന്നു. അമ്മായി ദയാലുവായ ഒരു സ്ത്രീയായിരുന്നു. പക്ഷേ, അവരെക്കൊണ്ട് ഞങ്ങള്‍ക്കു വേണ്ടി ഒരു സഹായവും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അമ്മായി ഒരു കുള്ളത്തിയായിരുന്നു. കാലുകള്‍ നടക്കാന്‍ സമ്മതിക്കാത്ത മട്ടിലുള്ളവയുമായിരുന്നു. പരസഹായമില്ലാതെ അമ്മായിക്ക് നടക്കാന്‍ കഴിയുമായിരുന്നില്ല. പലപ്പോഴും ആരെങ്കിലുെമാക്കെ അമ്മായിയെയും എടുത്താണ് നടക്കുന്നതും വേണ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും. എനിക്ക് സഹോദരിമാരും ഉണ്ടായിരുന്നു. അവരെല്ലാം വിവാഹിതരായി കുടുംബത്തോടൊപ്പം കഴിയുകയാണ്.
ഭക്ഷണം പാകം ചെയ്യുക എന്നതായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുരിതം പിടിച്ചത്. പ്രത്യേകിച്ചും അമ്മായി തീരെ വയ്യാത്ത അവസ്ഥയിലാണെങ്കില്‍ ആ പണി ഞങ്ങള്‍ ഏറ്റെടുക്കാതെ വയ്യ. ഞങ്ങള്‍ നാലു പേരും സ്കൂളില്‍ പോകും. പോകുന്നതിനു മുമ്പേ പാചകം ചെയ്യും. റൊട്ടിയുണ്ടാക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ടുതന്നെ, ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പുലാവ് ആണ് ഞങ്ങളെ പട്ടിണിമരണത്തില്നിന്ന് അക്കാലത്ത് രക്ഷിച്ചുപോന്നത്. കുറച്ച് അരിയും ആട്ടിറച്ചിയും ഒരുമിച്ച് വേവിച്ച് ഇളക്കിയാല്‍ ഞങ്ങളുടെ പുലാവ് ആയി!
അച്ഛന് ജലസേചന സംഭരണിയുണ്ടാക്കുന്ന സ്ഥാപനത്തിലെ കാഷ്യറായിരുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ സാതാറയില് വന്ന് ഞങ്ങളെ കാണാന്‍ പറ്റില്ല. പകരം അദ്ദേഹം ഞങ്ങള്‍ക്ക് കത്തെഴുതി; അവധിക്കാലം അച്ഛന്റെ കൂടെ കൊറിഗോവില് ചെലവഴിക്കാമെന്നായിരുന്നു സന്ദേശം. അതു വായിച്ചതോടെ ഞങ്ങള്‍ കുട്ടികള്‍ അത്യന്തം ഉത്സാഹഭരിതരായി; പ്രത്യേകിച്ചും ഒരു തീവണ്ടി പോലും കാണാത്തവരാണ് അതില്‍ യാത്ര ചെയ്യാന്‍ പോകുന്നത്!
വന്‍ മുന്നൊരുക്കങ്ങളായിരുന്നു അച്ഛന്റെയടുക്കലേക്കുള്ള യാത്രയ്ക്കായി നടത്തിയിരുന്നത്. ഇംഗ്ലീഷുകാരുടെ സ്റ്റൈലില്‍ പുതിയ ഷര്‍ട്ടുകള്‍ തയ്പ്പിച്ചു. തിളങ്ങുന്ന തലപ്പാവുകള്‍, പുതിയ ഷൂ, സില്‍ക്ക് ബോര്‍ഡറുകളുള്ള ദോത്തികള്‍ തുടങ്ങിയവയെല്ലാം യാത്രയ്ക്കുമുമ്പേ തന്നെ വാങ്ങിയൊരുക്കിയിരുന്നു. അത്യധികം സന്തോഷത്തോടെയായിരുന്നു ആ യാത്രാദിനത്തെ വരവേറ്റത്. അമ്മായിയുടെ കരച്ചിലൊഴികെ മറ്റെല്ലാം ശുഭം. ഞങ്ങളെ പിരിഞ്ഞിരിക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു.
റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഏട്ടന് ടിക്കറ്റെടുത്തു. പോക്കറ്റ് മണിയായി എനിക്കും ചേച്ചിയുടെ മക്കള്‍ക്കും ഓരോ അണയും തന്നു. വഴിയാത്രയ്ക്കിടെ ഇഷ്ടമുള്ളത് വാങ്ങിക്കാനാണ്. ഞങ്ങള്‍ സ്വതന്ത്രരായി യാത്ര ചെയ്യുകയാണ്. അണ കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഓരോരുത്തരും ഓരോ നാരങ്ങാസോഡയാണ് ആദ്യം വാങ്ങിയത്. തീവണ്ടി പുറപ്പെടാനുള്ള ചൂളം വിളി മുഴക്കിയപ്പോള്‍ ചാടിക്കയറിയിരുന്നു. ഉള്ളില്‍ നല്ല പരിഭ്രമം ഉണ്ടായിരുന്നു. മസൂറിലേക്കുള്ള തീവണ്ടിയില്‍ കയറാനാണ് അഛന്റെ നിര്‍ദ്ദേശം. കൊറിഗോവിനടുത്തുള്ള സ്റ്റേഷന് അതാണ്.
വൈകുന്നേരം അഞ്ചു മണിയോടെ തീവണ്ടി മസൂര്‍ സ്റ്റേഷനിലെത്തി. കെട്ടും മാറാപ്പുകളുമായി ഞങ്ങള്‍ വണ്ടിയിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ യാത്രക്കാരും ഇറങ്ങുകയും അവരുടേതായ ദിശകളിലേക്ക് നീങ്ങുകയും ചെയ്തു. ഞങ്ങള്‍ നാലു പേരും മാത്രം പ്ലാറ്റ്ഫോമില്‍ തനിച്ചായി. അച്ഛനെയും കാത്തുള്ള നില്‍പ്പാണ്. അദ്ദേഹത്തിന് വരാനായില്ലെങ്കില്‍ ജോലിക്കാരനെ പറഞ്ഞയക്കുമെന്നും എഴുതിയിട്ടുണ്ട്. ഏറെ സമയം ഞങ്ങള്‍ കാത്തിരുന്നു. ആരും വന്നില്ല. മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്റ്റേഷന് മാസ്റ്റര്‍ ഞങ്ങളുടെ അടുക്കലെത്തി. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ടിക്കറ്റ് കാണിക്കാനാണ് ആവശ്യപ്പെട്ടത്. ഞങ്ങളത് കാണിച്ചു. പോകാന്‍ എന്തിനാണിത്ര താമസം എന്നായി അദ്ദേഹത്തിന്റെ ചോദ്യം.
ഞങ്ങള്‍ക്ക് കൊറിഗോവിലേക്കാണ് പോകേണ്ടതെന്നും അച്ഛനോ അദ്ദേഹത്തിന്റെ ജോലിക്കാരനോ ഇവിടെ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ട് പോകുമെന്നാണ് പറഞ്ഞതെന്നുമുള്ള കാര്യം അദ്ദേഹത്തെ അറിയിച്ചു. ഞങ്ങള്‍ വളരെ മാന്യമായി വസ്ത്രം ധരിച്ച കുട്ടികളാണ്. തൊട്ടുകൂടാന്‍ പാടില്ലാത്തവരുടെ സമൂഹത്തില്‍നിന്നാണ് ഞങ്ങള്‍ വരുന്നതെന്ന് ഞങ്ങളുടെ വസ്ത്രധാരണം ആരോടും പറയില്ല. സ്റ്റേഷന് മാസ്റ്ററും ധരിച്ചുവെച്ചിരിക്കുന്നത് ഞങ്ങള്‍ ഏതോ കുലീന ബ്രാഹ്മണകുടുംബത്തിലെ കുട്ടികളാണെന്നാണ്. അദ്ദേഹം ഞങ്ങളോട് വളരെ അടുത്തിടപഴകി സംസാരിക്കാന്‍ തുടങ്ങി.
ഹിന്ദുക്കളുടെ ഇടയിലെ സര്‍വസാധാരണമെന്ന മട്ടില്‍ അദ്ദേഹം ഞങ്ങളെക്കുറിച്ച് വിവരങ്ങള്‍ ആരായാന്‍ തുടങ്ങി. ഒരു നിമിഷം പോലും മറുചിന്തയ്ക്കിട കൊടുക്കാതെ ഞാന്‍ പറഞ്ഞു; ഞങ്ങള്‍ മഹാറുകളാണ്. ബോംബെ പ്രസിഡന്സിയില് മഹാറുകള്‍ തൊട്ടുകൂടാത്ത ജാതിയാണ്. മാസ്റ്റര്‍ അസ്ത്രപ്രജ്ഞനായി നിന്നു. അയാളുടെ മുഖഭാവം ഞൊടിയിടകൊണ്ട് മാറി. ഒരു തരം വെറുപ്പുളവാക്കുന്ന വികാരം അയാളെ കീഴടക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. എന്റെ മറുപടി കേട്ട മാത്രയില്‍ അയാള്‍ സ്റ്റേഷന് മാസ്റ്ററുടെ മുറിയിലെത്തി കഴിഞ്ഞിട്ടുണ്ടായിരുന്നു. പത്തിരുപത് നിമിഷങ്ങള്‍ കൂടി കഴിഞ്ഞു. സൂര്യന് ഏതാണ്ട് അസ്തമിക്കാറായി. ഞങ്ങളുടെ അച്ഛന് വന്നില്ല, അദ്ദേഹത്തിന്റെ ജോലിക്കാരനുമില്ല. ഇപ്പോള്‍ സ്റ്റേഷന് മാസ്റ്ററും കൈവിട്ടു. ഞങ്ങളാകെ പരിഭ്രാന്തരായി. പുറപ്പെടുമ്പോഴുണ്ടായിരുന്ന സന്തോഷമൊക്കെ കെട്ടടങ്ങി എല്ലാവരിലും സങ്കടം വന്നുനിറഞ്ഞു.
അരമണിക്കൂറിനു ശേഷം സ്റ്റേഷന് മാസറ്റര്‍ വീണ്ടും വന്നു. ഞങ്ങളുടെ ഉദ്ദേശ്യം അദ്ദേഹത്തിന് അറിയണമായിരുന്നു. ഞങ്ങള്‍ക്കൊരു കാളവണ്ടി കിട്ടുകയാണെങ്കില്‍ വാടകക്കെടുത്ത് അതില്‍ കൊറിഗോവിലേക്ക് പോകാമായിരുന്നു, അതല്ല, നടക്കാനുള്ള ദൂരമേയുള്ളൂവെങ്കില് നേരെ നടക്കാം. ഞങ്ങള്‍ അയാളെ അറിയിച്ചു. പരിസരത്ത് ധാരാളം കാളവണ്ടികള്‍ വാടകയ്ക്ക് ഓടുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ മഹാര്‍ സമുദായക്കാരാണ് എന്ന എന്റെ മറുപടി കാളവണ്ടിക്കാരും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരൊറ്റയാള്‍ക്കും തങ്ങളുടെ വണ്ടികള്‍ തീണ്ടാന്‍ പാടില്ല. തൊട്ടുകൂടായ്മയുള്ള ജാതിക്കാരെ കയറ്റിയ വണ്ടി എന്ന് മറ്റുള്ളവരറിഞ്ഞാല്‍ പിന്നെ അവരുടെ വിലയിടിയും. ഞങ്ങള്‍ ഇരട്ടി കൂലി നല്കാന് തയ്യാറായിരുന്നു. അതവരോട് പറഞ്ഞു. പക്ഷേ, പണത്തിന് അവിടെയൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന് അധികം വൈകാതെ ഞങ്ങള്‍ക്ക് മനസ്സിലായി.
ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കേണ്ടിയിരുന്ന സ്റ്റേഷന് മാസ്റ്ററും നിശബ്ദനായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനുമറിയില്ല. പെട്ടെന്നാണ് അദ്ദേഹത്തിന്റെ തലയില്‍ ഒരാശയമുദിച്ചത്. 'നിങ്ങള്‍ക്ക് കാളവണ്ടി ഓടിക്കാനറിയുമോ?' പ്രശ്നത്തിന് ഒരു പരിഹാരം കണ്ട ആശ്വാസത്തോടെ ഞങ്ങളുറക്കെ പറഞ്ഞു; 'ഞങ്ങേളാടിക്കും!' അങ്ങനെ വണ്ടിക്കാരന്റെയടുക്കലെത്തി അദ്ദേഹം പറഞ്ഞു ''വണ്ടി ഇവര്‍ ഓടിച്ചുകൊള്ളും. ഇരട്ടി പൈസയും തരും. വണ്ടിക്കാരന് പിറകേ നടന്നാല്‍ മതി.'' വണ്ടിക്കാരന് സമ്മതം! കാരണം അയാള്‍ക്ക് ഇരട്ടിപ്പണത്തോടൊപ്പം തൊട്ടുതീണ്ടലില് നിന്നും ഒഴിവാകുകയും ചെയ്യാമല്ലോ.
വണ്ടിക്കാരനെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചു വരുമ്പോഴേക്കും സമയം ഏതാണ്ട് 6.30 ആയിട്ടുണ്ടായിരുന്നു. ഇരുട്ടുന്നതിനുമുമ്പ് കൊറിഗോവില് എത്താന്‍ കഴിയുമോ എന്ന ആശങ്ക കാരണം ഞങ്ങള്‍ക്ക് സ്റ്റേഷന് വിടാനും പേടിയായിരുന്നു. അതുകൊണ്ടുതന്നെ കാളവണ്ടിക്കാരനോട് എത്ര സമയമെടുക്കും അവിടെയെത്താന്‍ എന്നന്വേഷിച്ചു. മൂന്നു മണിക്കൂര്‍ മുഴുവന്‍ വേണ്ട എന്നായിരുന്നു മറുപടി. അയാളുടെ വാക്കുകള്‍ വിശ്വസിച്ച് ഞങ്ങള്‍ കയ്യിലുള്ള കെട്ടും മാറാപ്പുകളുമെല്ലാം വണ്ടിയില്‍ കയറ്റിവെച്ചു. സ്റ്റേഷന് മാസ്റ്ററോട് നന്ദി പറഞ്ഞ് യാത്രയാരംഭിച്ചു. ഞങ്ങളിലൊരാള്‍ ചാട്ടവാറടിച്ച് ശബ്ദമുണ്ടാക്കിയപ്പോള്‍ വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. പിന്നാലെ നടന്നുകൊണ്ട് കാളവണ്ടിക്കാരനും!
സ്റ്റേഷന് വിട്ട് അധിക ദൂരമാകുന്നതിനുമുമ്പേതന്നെ വരണ്ടുണങ്ങാറായ ഒരു പുഴ കണ്ടു. അങ്ങിങ്ങായി ചെറിയ വെള്ളക്കുഴികള്‍ ഉണ്ടെന്നല്ലാതെ പുഴ ഒഴുകുന്നില്ല. ഇതുകടന്നാല്‍ പിന്നെ അടുത്തൊന്നും വെള്ളമില്ലാത്തതിനാല്‍ ഇവിടെത്തങ്ങി ഭക്ഷണം കഴിച്ചിട്ട് യാത്ര ചെയ്യുന്നതാണ് നല്ലതെന്ന് വണ്ടിക്കാരന് ഉപദേശിച്ചു. ഞങ്ങള്‍ ശരിവെച്ചു. അയാള്‍ക്ക് കൊടുക്കാമെന്നേറ്റ പണത്തിന്റെ ഒരുഭാഗം തന്നാല്‍ തനിക്കും ഭക്ഷണം വാങ്ങി വരാമായിരുന്നു എന്നയാള്‍ പറഞ്ഞു. എന്റെ സഹോദരന് അയാള്‍ക്ക് കുറച്ച് പണം നല്കി. ഇപ്പോള്‍ വരാം എന്നും പറഞ്ഞ് അയാള്‍ പോയി. ഞങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും കഴിക്കാന്‍ അവസരം കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. അമ്മായിയും അടുത്ത വീടുകളിലെ സ്ത്രീകളും ചേര്‍ന്നു യാത്രയ്ക്കിടെ കഴിക്കാന്‍ ധാരാളം ഭക്ഷണസാധനങ്ങള്‍ ഞങ്ങള്‍ക്കായി ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ പാത്രങ്ങള്‍ തുറന്നുവെച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങള്‍ കഴുകാനും മറ്റുമായി ഞങ്ങള്‍ക്ക് വെള്ളം ആവശ്യമായിരുന്നു. ഞങ്ങളിലൊരാള്‍ വെള്ളക്കുഴികളിലൊന്നിന്റെ അടുത്തു പോയി വെള്ളം മുക്കാന്‍ നോക്കി. പക്ഷേ അത് സത്യത്തില്‍ വെള്ളമായിരുന്നില്ല. കട്ടിച്ചെളിയോടൊപ്പം കാളകളുടെയും പശുക്കളുടെയും മലവും മൂത്രവുമെല്ലാം നിറഞ്ഞിരിക്കുന്ന മലിനമായൊരു കുഴിയായിരുന്നു അത്. മനുഷ്യരുടെ ഉപയോഗത്തിന് യോജിച്ചതായിരുന്നില്ല ആ വെള്ളക്കുഴികള്‍. കുടിച്ചിറക്കാന്‍ പാകത്തിലുള്ള മാര്‍ദ്ദവം അതിനില്ലായിരുന്നു. ഒരുതരം കട്ടിക്കൊഴുപ്പ് ദ്രാവകം. അതുകൊണ്ടുതന്നെ വയറ് നിറഞ്ഞപ്പോല്‍ ഞങ്ങള്‍ പാത്രങ്ങള്‍ കഴുകാതെ തന്നെ അടച്ചുവെച്ചു. കാളവണ്ടിക്കാരനെയും കാത്തിരിപ്പായി പിന്നെ. നേരമേറെ കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. അയാള്‍ വരാന്‍ സാധ്യതയുള്ള ഭാഗങ്ങളിലൂടെ തിരഞ്ഞുപോകുക എന്നതുമാത്രമാണ് പ്രതിവിധി.
അല്പം കഴിഞ്ഞതും അയാള്‍ വന്നു, ഞങ്ങള്‍ യാത്ര തുടര്‍ന്നു. നാലോ അഞ്ചോ മൈല്‍ ദൂരത്തോളം ഞങ്ങള്‍ വണ്ടിയോടിക്കുകയും അയാള്‍ നടക്കുകയും ചെയ്തു. പിന്നെ പെട്ടെന്നയാള്‍ വണ്ടിയിലേക്ക് ചാടിക്കയറി ചാട്ടവാര്‍ കൈക്കലാക്കി. അപ്രതീക്ഷിതമായി ഇങ്ങനെയൊരു പെരുമാറ്റം അയാളില്‍നിന്നു ഞങ്ങള്‍ പ്രതീക്ഷിച്ചില്ലായിരുന്നു. അയാളുടെ മുഖത്തു നോക്കിയിട്ട് എന്താണിങ്ങനെ ചെയ്തത് എന്നു ചോദിക്കാനുള്ള ധൈര്യവുമില്ല. തൊട്ടുകൂടാന്‍ പാടില്ലാത്ത ഒരു പറ്റങ്ങളെ തന്റെ വണ്ടിയില്‍ കയറ്റില്ലെന്ന് വാശിപിടിച്ച മനുഷ്യനാണ് ഇപ്പോള്‍ തൊട്ടടുത്ത് ഇരിക്കുന്നത്. അതേക്കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ നേരമില്ല. കൊറിഗോവില് എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് എത്തിക്കിട്ടിയാല്‍ മതി. പോരാത്തതിന് കാളവണ്ടിയുടെ താളത്തിലുള്ള ചലനത്തിനൊപ്പമാണ് ഞങ്ങളുടെ മനസ്സ്.
ഇരുട്ട് പരക്കാന്‍ അധികനേരം വേണ്ടിവന്നില്ല. വെളിച്ചം തരാന്‍ തെരുവിളക്കുകളൊന്നുമില്ല. സ്ത്രീയോ പുരുഷമോ കന്നുകാലികളോ ഒന്നും തന്നെ വഴിയോരത്തൊന്നുമില്ല. ആകെ അകപ്പെട്ടുപോയ ഒരവസ്ഥ! ഒറ്റയ്ക്കാണ് എന്ന പേടി ഞങ്ങളെ വലയം ചെയ്തു തുടങ്ങി. ഞങ്ങളുടെ ഉത്കണ്ഠ വര്‍ധിക്കാന്‍ തുടങ്ങി. ഉള്ള ധൈര്യത്തെയെല്ലാം ഞങ്ങള്‍ മുറുക്കിപ്പിടിച്ചു. മസ്സൂറില്നിന്നു പുറപ്പെട്ടിട്ട് ഒരുപാട് നേരമായി. പക്ഷേ, കൊറിഗോവില് എത്തുന്നതിന്റെ ലക്ഷണമൊന്നും കാണുന്നുമില്ല.
തികച്ചും ഭീതിദമായ ചിന്തകള്‍ ഞങ്ങളെ വലയം ചെയ്യാന്‍ തുടങ്ങി. ഈ കാളവണ്ടിക്കാരന് ഞങ്ങളെ തട്ടിക്കൊണ്ടു പോകുകയാണെന്നും ആളില്ലാത്ത സ്ഥലത്തെത്തിയാല്‍ കൊന്നു കളയാനാണ് പദ്ധതിയെന്നും ഞങ്ങള്‍ വിചാരിച്ചുകൂട്ടി. ഞങ്ങളാണെങ്കില് ധാരാളം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിട്ടുമുണ്ട്. അതൊക്കെ കണ്ട് കണ്ണു തള്ളിയ ഈ മനുഷ്യന് കൊല്ലാന്‍ തന്നെയാണ് കൊണ്ടുപോകുന്നത്. ഞങ്ങളുടെ ചിന്തകള്‍ കൂടുതല്‍ ബലപ്പെട്ടുതുടങ്ങി.
കൊറിഗോവ് അത്ര അകലെയല്ല എന്നു പറഞ്ഞിട്ട് എന്താ ഇതുവരെ എത്താന്‍ കഴിയാത്തത് ?ഞങ്ങള്‍ കാളവണ്ടിക്കാരനോട് ചോദിച്ചു. അത്ര അകലെയല്ല, വേഗം തന്നെ എത്തും. അയാള്‍ മറുപടി പറഞ്ഞു കൊണ്ടേയിരുന്നു. രാത്രി പത്തു മണിയായിട്ടും കൊറിഗോവിന്റെ അറ്റത്തു പോലും എത്തിയ ലക്ഷണമില്ല. ഞങ്ങള്‍ കുട്ടികള്‍ കരയാന്‍ തുടങ്ങി. കൂട്ടത്തില്‍ കാളവണ്ടിക്കാരനെ വഴക്കു പറയുന്നുണ്ട്. ഞങ്ങളുടെ കരച്ചിലും പറച്ചിലും തുടര്‍ന്നുകൊണ്ടേയിരുന്നു. കാളവണ്ടിക്കാരന് ഒരക്ഷരവും മറുത്ത് പറഞ്ഞില്ല.
പെട്ടെന്നാണ് അകലെയൊരു വെളിച്ചം കണ്ടത്. വണ്ടിക്കാരന് പറഞ്ഞു; 'നോക്കൂ ആ വെളിച്ചം കണ്ടില്ലേ, വണ്ടിപ്പിരിവുകാരന്റെ അടുക്കലെത്താനായി. ഈ രാത്രി അവിടെ വിശ്രമിക്കാം.' ഞങ്ങള്ക്കല്പം ആശ്വാസം തോന്നി. കരച്ചില് നിന്നു. വെളിച്ചം അങ്ങകലെയാണ്. അടുത്ത കാലത്തൊന്നും അവിടെയെത്തിപ്പെടുന്ന ലക്ഷണമില്ല. രണ്ടു മണിക്കൂറെടുത്തു കാണും വണ്ടിപ്പിരിവുകാരന്റെ താവളത്തിലെത്താന്‍. ആ ഇടവേളയത്രയും ഉത്കണ്ഠാഭരിതമായിരുന്നു. വണ്ടിക്കാരനോട് ചോദിക്കാന്‍ പറ്റാവുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചുെ കൊണ്ടേയിരുന്നു. എന്തു കൊണ്ടാണ് എത്താന്‍ വൈകുന്നത്, നമ്മള് നേരായ മാര്ഗത്തിലൂടെയല്ലേ പോകുന്നത് തുടങ്ങിയവയായിരുന്നു എല്ലാ ചോദ്യങ്ങളുടെയും കാതല്‍.
പാതിരാത്രിയോടെ വണ്ടിപ്പിരിവുകാരന്റെ താവളത്തിനടുത്തെത്തി. ഒരു മലയടിവാരത്തിലായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്, പക്ഷേ, മലയുടെ എതിര്‍വശത്തെ ചെരുവിലാണെന്നുമാത്രം. അവിടെയെത്തിയപ്പോള്‍ കണ്ടത് ധാരാളം കാളവണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നതാണ്. രാത്രിവിശ്രമത്തിനായി എത്തിയവര്‍. വിശപ്പിന്റെ കാഠിന്യം കൊണ്ട് ഞങ്ങള്‍ അവശരായിരുന്നു. എന്തെങ്കിലുമൊക്കെ വലിച്ചുവാരി കഴിക്കാനുള്ള ആവേശമുണ്ട്. പക്ഷേ, അവിടെയും ചോദ്യമുയരുന്നത് വെള്ളത്തിന്റെ പേരിലാണ്. വെള്ളത്തിനെന്തുചെയ്യും? വെള്ളം കിട്ടാനെന്താണ് വഴിയെന്ന് വണ്ടിക്കാരനോട് തന്നെ ചോദിച്ചു. അയാള്‍ പറഞ്ഞതുപ്രകാരം പിരിവുകാരന് ഒരു ഹിന്ദുവാണ്. തങ്ങളാരാണെന്ന സത്യം, മഹാര്‍ സമുദായക്കാരാണെന്ന്, അയാളോട് പറയുകയാണെങ്കില്‍ ഒരിക്കലും വെള്ളം ലഭിക്കാന്‍ പോകുന്നില്ല. 'നിങ്ങള്‍ മുഹമ്മദീയരാണെന്നു പറയൂ, ബാക്കി നിങ്ങളുടെ ഭാഗ്യം പോലിരിക്കും'- വണ്ടിക്കാരന് പറഞ്ഞു.
അയാള്‍ ഉപദേശിച്ചതുപ്രകാരം ഞാന്‍ വണ്ടിപ്പിരിവുകാരന്റെയടുക്കലെത്തി. അല്പം വെളളം കിട്ടിയാല്‍ നന്നായിരുന്നു എന്നു അപേക്ഷിച്ചു.ആരാണ്? അയാള്‍ ചോദിച്ചു. ഞങ്ങള്‍ മുസ്ലീങ്ങളാണ്. ഞാന്‍ പറഞ്ഞു. ഞാനയാളോട് ഉര്‍ദുവില്‍ സംസാരിക്കാന്‍ തുടങ്ങി. ഉര്‍ദു എനിക്ക് നന്നായി വഴങ്ങിയിരുന്നു. അതോടെ ഞങ്ങള്‍ മുസ്ലീങ്ങളാണെന്നതില് അയാള്‍ക്ക് സംശയമില്ലാതെയായി. പക്ഷേ, ആ കൗശലം വിലപ്പോയില്ല. 'ആരാണ് നിങ്ങള്‍ക്ക് വേണ്ടി വെള്ളം സൂക്ഷിച്ചിരിക്കുന്നത്? വെള്ളം വേണമെങ്കില്‍ ദാ ആ മലയില്‍ പോയി നോക്ക്. എന്റെയടുക്കലില്ല.'' ഇതും പറഞ്ഞ് അയാള്‍ തിരിച്ചയച്ചു. അയാളുടെ മറുപടി വണ്ടിയ്ക്കരികിലെത്തി സഹോദരനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിലെന്താണെന്നറിയില്ല. ഒന്നും മിണ്ടാതെ എല്ലാവരോടും കിടക്കാനാണ് ഏട്ടന് പറഞ്ഞത്.
വണ്ടിക്കാരന് കാളകളെ വണ്ടിയില്‍നിന്നു അഴിച്ചുമാറ്റി. വണ്ടി നിലത്തേക്ക് ചെരിഞ്ഞു. വണ്ടിക്കുള്ളില്‍ താഴത്തെ പലകകളില്‍ വിരിപ്പുകള്‍ വിരിച്ച് ഞങ്ങള്‍ വിശ്രമിച്ചു. ഞങ്ങള്‍ സുരക്ഷിതരാണ്. നടന്നതിനെക്കുറിച്ച് തല്ക്കാലം ചിന്തിക്കണ്ട. ശരി തന്നെ. പക്ഷേ, ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ പക്കല്‍ ആവശ്യത്തിലേറെ ഭക്ഷണമുണ്ട്. അതിനേക്കാള്‍ വിശപ്പുമുണ്ട്. രണ്ടും ആവശ്യത്തിലേറെയുണ്ടായിട്ടും ഞങ്ങള്‍ പട്ടിണി കിടക്കുന്നു. കാരണം ഞങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നില്ല. ഞങ്ങള്‍ക്ക് വെള്ളം ലഭിക്കാതിരിക്കാനുള്ള കാരണം ഞങ്ങള്‍ തൊട്ടുകൂടായ്മയുള്ളവരാണ്. തൊട്ടുകൂടായ്മയുള്ളവര് എന്ന വിഷമത്തിലേക്കാണ് ഞങ്ങളുടെ മനസ്സ് എത്തിച്ചേര്‍ന്നത്. സുരക്ഷിതമായ ഒരിടത്തേക്ക് എത്തിച്ചേരേണ്ടിയിരിക്കുന്നു. അതേസമയം, ഏട്ടന് ചില സംശയങ്ങള്‍ ഉദിക്കാന്‍ തുടങ്ങി. നമ്മള് നാലു പേരും ഒരുമിച്ച് ഉറങ്ങുന്നത് ബുദ്ധിയല്ലെന്ന് ഏട്ടന് പറഞ്ഞു. എന്തും സംഭവിക്കാം. ഒരു സമയം രണ്ടു പേര് ഉറങ്ങുകയും മറ്റു രണ്ടു പേര് കാവലിരിക്കുകയും ചെയ്യണമെന്ന് ഏട്ടന് നിര്‍ദ്ദേശിച്ചു. അങ്ങനെയിരുന്ന് ഞങ്ങള്‍ ആ കുന്നിന് ചെരുവില്‍ രാത്രി കഴിച്ചുകൂട്ടിയത്.
പുലര്‍ച്ചെ അഞ്ചു മണിയായപ്പോള്‍ വണ്ടിക്കാരന് വന്നു. കൊറിഗോവിലേക്ക് ഇപ്പോള്‍ തന്നെ യാത്ര തുടരണമെന്ന് നിര്‍ബന്ധം പിടിച്ചു. ഞങ്ങള്‍ അത് പാടേ നിഷേധിച്ചു. എട്ടു മണിയാവാതെ യാത്ര തുടരാന്‍ പറ്റില്ല എന്നായിരുന്നു ഞങ്ങളുടെ നിലപാട്. ഇനിയൊരു ദുര്‍ഘടം കൂടി താണ്ടാന്‍ പറ്റില്ല. വണ്ടിക്കാരന് മറുത്തൊന്നും പറഞ്ഞില്ല. അങ്ങനെ എട്ടു മണിക്ക് പുറപ്പെട്ട് പതിനൊന്ന് മണിയായപ്പോള്‍ ഞങ്ങള്‍ കൊറിഗോവില് എത്തി. അച്ഛന് ഞങ്ങളെ കണ്ടപ്പോള്‍ അന്തം വിട്ടുപോയി. ഞങ്ങള്‍ വരുന്നതിനെക്കുറിച്ച് യാതൊരറിയിപ്പും അദ്ദേഹത്തിനു കിട്ടിയിട്ടില്ല എന്നു പറഞ്ഞു. ഞങ്ങളത് നിഷേധിച്ചു. ഞങ്ങള്‍ വരുന്ന കാര്യം എഴുതി അറിയിച്ചതാണ്. പക്ഷേ, അത് അദ്ദേഹം സമ്മതിച്ചു തരുന്നില്ല. താമസിയാതെ കാര്യങ്ങള്‍ വ്യക്തമായി. ഞങ്ങളുടെ കത്ത് കിട്ടിയത് അച്ഛന്റെ ജോലിക്കാരനാണ്. അയാളത് അച്ഛന് കൈമാറാന്‍ മറന്നുപോയി!
ഈയൊരു സംഭവത്തിന് എന്റെ തുടര്‍ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ ഒമ്പതു വയസ്സുള്ള ബാലനാണ്. പക്ഷേ, അതെന്റെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ഇത് സംഭവിക്കുന്നതിനു മുമ്പേ തന്നെ ഞാന്‍ ഒരു തൊട്ടുകൂടാത്തവനാണെന്നും തൊട്ടുകൂടാത്തവര്‍ ചില അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയരാവുന്നുണ്ടെന്നും എനിക്കറിയാമായിരുന്നു. ഉദാഹരണത്തിന് സ്കൂളിലെ എന്റെ പഠനമികവും റാങ്കും അനുസരിച്ച് സഹപാഠികളുടെ കൂടെ ഇരിക്കാന്‍ എനിക്കനുവാദമില്ലായിരുന്നു. ഞാന്‍ ഏകനായി ഒരു മൂലയിലായിരുന്നു ഇരിക്കേണ്ടത്. ക്ലാസ് റൂമില്‍ എനിക്കിരിക്കാനായി മാത്രം ഒരു പ്രത്യേക തരം തുണി ഞാന്‍ കരുതണമെന്നും സ്കൂള്‍ തൂത്തുവൃത്തിയാക്കുന്ന ജോലിക്കാരന് ഞാന്‍ ഉപയോഗിക്കുന്ന തുണി തൊടില്ലെന്നും എനിക്കറിയാമായിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടുപോരുമ്പോള്‍ ആ തുണി വീട്ടിലേക്ക് കൊണ്ടുപോകാനും പിറ്റേ ദിവസം അത് കൊണ്ടുവരാനും ഞാന്‍ നിര്‍ബന്ധിതനായിരുന്നു.
സ്കൂളില്‍ തൊടാന്‍ പാടുള്ള കുട്ടികള്‍ക്ക് ദാഹിക്കുമ്പോള്‍ അവര്‍ പൈപ്പിനടുത്തുപോയി ടാപ്പ് തുറന്ന് വേണ്ടുവോളം വെള്ളം കുടിച്ച് അവരുടെ ദാഹമകറ്റുവെന്നും എനിക്കറിയാമായിരുന്നു. അതിനെല്ലാം അധ്യാപകരുടെ സമ്മതം വേണം. പക്ഷേ എന്റെ കാര്യത്തില്‍ അതെല്ലാം വ്യത്യസ്തമായിരുന്നു. എനിക്ക് പൈപ്പ് തൊടാന്‍ പാടില്ല. തൊടാന്‍ പാടുള്ള ഒരാള്‍ കൂടെ വന്ന് പൈപ്പ് തുറന്നുപിടിച്ചുതരണം. അങ്ങനെ കുടിക്കുന്ന വെള്ളം എന്റെ ദാഹം കെടാന്‍ മതിയായിരുന്നില്ല. എന്റെ കാര്യത്തില്‍ ക്ലാസിലെ അധ്യാപകന്റെ മാത്രം സമ്മതം പോരായിരുന്നു. സ്കൂള്‍ പ്യൂണിന്റെ സാന്നിധ്യം നിര്‍ബന്ധമായിരുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു പ്യൂണിനെ അധ്യാപകര്‍ ആശ്രയിച്ചിരുന്നത്. ഇനിയഥവാ പ്യൂണില്ലെങ്കില്‍, ഞാന്‍ വെള്ളം കുടിക്കാതെ ദാഹിച്ചിരിക്കുക തന്നെ വേണം. ഈ അവസ്ഥയെ ഇങ്ങനെ ചുരുക്കാം; പ്യൂണില്ല, വെള്ളമില്ല!
വീട്ടില്‍ വസ്ത്രങ്ങളെല്ലാം അലക്കുന്നത് എന്റെ സഹോദരിമാരാണെന്ന് എനിക്കറിയാം. സാതാറയില് അലക്കുകാരില്ലാഞ്ഞിട്ടല്ല. അവര്‍ക്ക് പണം കൊടുക്കാന്‍ ഞങ്ങളുടെ കയ്യില്‍ ഇല്ലാഞ്ഞിട്ടല്ല. എന്റെ സഹോദരിമാര്‍ തന്നെ അലക്കാന്‍ കാരണം ഞങ്ങള്‍ തൊട്ടുകൂടാത്തവരാണ്. ഒരലക്കുകാരനും തൊട്ടുകൂടാത്തവരുടെ വസ്ത്രങ്ങള്‍ അലക്കില്ല. ഞങ്ങളിലെ ആണ്‍കുട്ടികളുടെ നീണ്ടു വളര്‍ന്ന മുടി വെട്ടുന്നതും മുഖം ഷേവ് ചെയ്യുന്നതും എന്റെ ഏറ്റവും മൂത്ത സഹോദരിയാണ്, ഞങ്ങളുടെ മുഖത്തും തലയിലും പരീക്ഷണങ്ങള്‍ നിരന്തരം നടത്തി ക്ഷൗരകലയില് അവര്‍ വൈദഗ്ധ്യം നേടി. സാതാറയില് ബാര്ബര്മാരില്ലാഞ്ഞിട്ടല്ല, ബാര്‍ബര്‍ക്ക് പണം കൊടുക്കാനില്ലാഞ്ഞിട്ടല്ല, എന്റെ സഹോദരി ആ പണികള്‍ ഏറ്റെടുത്ത് ചെയ്തത്. കാരണം ഞങ്ങള്തൊട്ടുകൂടാത്തവരാണ്. തൊട്ടുകൂടാത്തവനെ ക്ഷൗരം ചെയ്യാന്‍ ഒരു ബാര്‍ബറും തയ്യാറാവില്ല.
ഇതെല്ലാം എനിക്കറിയാം. പക്ഷേ ഈ സംഭവം എന്റെ മനസ്സിനേല്‍പ്പിച്ച പ്രഹരം മുമ്പത്തേക്കാള്‍ വളരെ വലുതായിരുന്നു. തൊട്ടുകൂടായ്മയെക്കുറിച്ച് ഞാന്‍ ഗഹനമായി ചിന്തിച്ചത് അന്നു മുതലാണ്. ഇത് സംഭവിക്കുന്നതിനു മുമ്പുള്ളതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം തൊട്ടുകൂടാത്തവരും തൊടാന്‍ പാടില്ലാത്തവരും തമ്മിലുള്ള കാര്യം മാത്രമായിരുന്നു.
Content Highlights : translation of dr b r ambedkar autobiography waiting for visa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..