ഇടമലക്കുടിയിലെ നിബിഢ വനം.. അവിടെ ചിന്നത്തമ്പിയുടെ വായനശാല


പി സായ്‌നാഥ്, വിവ:രാജീവ് മഹാദേവന്‍

photo: psainath.org

കാനന വിജനതയിലേകയായ് മണ്ണ് കെട്ടിയുണ്ടാക്കിയ ഒരു കുഞ്ഞു ചായക്കട. കൈ കൊണ്ടെഴുതിയ ഒരു കടലാസു തുണ്ട് അവിടെ പതിച്ചിട്ടുണ്ട്. അതിലിങ്ങനെ വായിക്കാം.
അക്ഷര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ലൈബ്രറി
ഇരുപ്പുകല്ലക്കുടി
ഇടമലക്കുടി

ഇടുക്കി ജില്ലയിലെ വന നിബിഢതയില്‍ ഒരു ഗ്രന്ഥപ്പുരയോ? അതും ഇന്ത്യയിലെ ഏറ്റവും സാക്ഷരമായ ഒരു സംസ്ഥാനത്തിലെ, ഏറ്റവും സാക്ഷരത കുറഞ്ഞ ഒരിടത്ത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ തദ്ദേശ ഗോത്ര സമിതിയില്‍ ഉള്‍പ്പെട്ട ഈ ഊരില്‍ ഇരുപത്തിയഞ്ചു കുടുംബങ്ങള്‍ മാത്രമാണുള്ളത്. ഇവിടെ നിന്ന് പുസ്തകമെടുക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് കൊടും കാട്ടിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരും. അതിനാരെങ്കിലും തയ്യാറാകുമോ?
'എന്നാല്‍ കേട്ടോളൂ. അവര്‍ വരും.'
സ്‌പോര്‍ട്‌സ് ക്ലബിന്റെ സംഘാടകനും, ലൈബ്രേറിയനും, ചായക്കച്ചവടക്കാരനുമായ എഴുപത്തിമൂന്നുകാരന്‍ പി വി ചിന്നത്തമ്പി സാക്ഷ്യപ്പെടുത്തുന്നു. ഇടമലക്കുടിയിലെ മലമ്പാതകളിലൊന്നില്‍ കച്ചവടം നടത്തുന്ന തമ്പി, ചായയ്‌ക്കൊപ്പം മിക്‌സ്ചര്‍, തീപ്പെട്ടി, ബിസ്‌കറ്റ്, പലവ്യഞ്ജനങ്ങള്‍ മുതലായവ വില്പന നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. കേരളത്തിലെ ഏറ്റവും വിദൂരസ്ഥമായ പഞ്ചായത്താണ് ഇടമലക്കുടി. മുതവന്‍ എന്ന ഒരേയൊരാദിവാസി ഗോത്രമാണ് ഇവിടെ പാര്‍ക്കുന്നത്. മൂന്നാറിനടുത്തുള്ള പെട്ടിമുടിയില്‍ നിന്ന് പതിനെട്ടു കിലോമീറ്ററോളം ദൂരം കാല്‍നടയായാണ് അവിടെയെത്താന്‍ കഴിയുക. ചിന്നത്തമ്പിയുടെ ഗ്രന്ഥപ്പുരയിലെത്താന്‍ പിന്നെയും നടക്കണം. ഞങ്ങളൊരുവിധം ബദ്ധപ്പെട്ട് അയാളുടെ വീടിന്റെ പരിസരത്തെത്തി. അയാളുടെ ഭാര്യ ജോലിക്കായി പോയിരുന്നു.

'ചിന്നത്തമ്പീ... ഞങ്ങള്‍ ചായ കുടിച്ചു, പീടികയിലെ പലവ്യഞ്ജനങ്ങളും മറ്റുമൊക്കെ കണ്ടു. പക്ഷേ പുസ്തകങ്ങളെവിടെ?' കുറച്ചൊരങ്കലാപ്പോടെ ഞാന്‍ ചോദിച്ചു.
അയാളന്നേരം, ക്ഷണികമെങ്കിലും ആത്മാര്‍ത്ഥമായൊരു പുഞ്ചിരിയോടെ ആ എടുപ്പിനുള്ളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടു പോയി. അവിടെയിരുണ്ട മൂലയില്‍ നിന്നയാള്‍ രണ്ടു ചണച്ചാക്കുകള്‍ സൂക്ഷ്മതയോടെ വലിച്ചെടുത്തു. ഏകദേശമൊരിരുപത്തിയഞ്ചു കിലോ അരി നിറയ്ക്കാന്‍ പാകത്തില്‍ വലുപ്പമുള്ള രണ്ടു ചാക്കുകള്‍. ആ ചാക്കുകളില്‍ പുസ്തകങ്ങളായിരുന്നു. നൂറ്റിയറുപതെണ്ണം; അയാളുടെ മുഴുവന്‍ സമ്പാദ്യവും. അയാളവ മുഴുവന്‍, വായനശാലയുടെ പ്രവൃത്തി സമയങ്ങളില്‍ ചെയ്യാറുള്ളതു പോലെ, ഒരു പായയിലേക്ക് ശ്രദ്ധാപൂര്‍വം നിരത്തി വച്ചു.

ഞങ്ങളെട്ടുപേരുടെ നാടോടി സംഘം പുസ്തകങ്ങള്‍ ഭയഭക്തിബഹുമാനങ്ങളോടെ മറിച്ചു നോക്കി. ഓരോന്നും ഒരു സാഹിത്യ കൃതിയോ, ക്ലാസിക്കോ ആയിരുന്നു. രാഷ്ട്രീയം കൂടി ഉള്‍പ്പെട്ടിരുന്നു. അവയിലൊന്നു പോലും ത്രില്ലറോ, ബെസ്റ്റ് സെല്ലറോ, പൈങ്കിളി സാഹിത്യമോ ആയിരുന്നില്ല. തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തിന്റെ മലയാളം തര്‍ജ്ജമയും അക്കൂട്ടത്തിലുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെയും, എം ടി വാസുദേവന്‍ നായരുടെയും, കമലാ ദാസിന്റെയും പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. എം മുകുന്ദന്‍, ലളിതാംബികാ അന്തര്‍ജ്ജനം തുടങ്ങിയവരുടേതും. മഹാത്മാ ഗാന്ധിയുടെ ലഘു ലേഖകള്‍ക്കൊപ്പം, തോപ്പില്‍ ഭാസിയുടെ പ്രമാദമായ 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി' യും ഗാംഭീര്യത്തോടെ ഇരിപ്പുണ്ടായിരുന്നു. ഇന്ത്യയിലെ മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ച് ആദിവാസികള്‍ വലുതായ ദാരിദ്ര്യത്തിലും, അധഃസ്ഥിതാവസ്ഥയിലും പുലരുന്നവരാണ്. സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് അവരില്‍ വളരെക്കൂടുതലുമാണ്. 'മുതവ'ന്മാരും വിദ്യാഭ്യാസത്തിലും, ജീവിത നിലവാരത്തിലും മറ്റേതൊരു ആദിവാസി വിഭാഗങ്ങളെയും പോലെ പിന്നോക്കാവസ്ഥയില്‍ത്തന്നെയുള്ളവരാണ്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് ഞങ്ങള്‍ ചോദിച്ചു.
'ചിന്നത്തമ്പീ, ഇവിടുത്തുകാര്‍ ശരിക്കും ഇതൊക്കെ വായിക്കുന്നുണ്ടോ?'

മറുപടിയായി അയാള്‍ ഗ്രന്ഥശാലാ രജിസ്റ്റര്‍ പുറത്തെടുത്തു. അംഗങ്ങള്‍ പുസ്തകങ്ങള്‍ കടമെടുത്തതിന്റെയും തിരികെ നല്‍കിയതിന്റെയും കൃത്യതയുള്ള ഒരു പട്ടികയായിരുന്നു അത്. ഈ ഗ്രാമത്തില്‍, ഇരുപത്തിയഞ്ചു വീടുകള്‍ മാത്രമേയുള്ളുവെങ്കിലും 2013 ല്‍ 37 പുസ്തകങ്ങള്‍ കടമെടുക്കപ്പെട്ടിരുന്നു. ആകെയുള്ള നൂറ്റിയറുപത് പുസ്തകങ്ങളുടെ ഏകദേശം നാലിലൊന്നു വരും അത്. ഒരു ഗ്രന്ഥശാലയെ സംബന്ധിച്ചടുത്തോളം മോശമല്ലാത്ത അനുപാതമായിരുന്നു അത്. ഒറ്റത്തവണ അംഗത്വ ഫീസായ ഇരുപത്തിയച്ചു രൂപയ്ക്കു പുറമേ മാസാമാസം രണ്ടു രൂപ കൂടി മാത്രമാണ് വരിസംഖ്യ ഉണ്ടായിരുന്നത്. പുസ്തകങ്ങള്‍ക്കൊപ്പം മധുരമിടാത്ത കട്ടന്‍ചായ തികച്ചും സൗജന്യമാണ്.

പുസ്തകം കടം കൊടുത്തതും, തിരിച്ചു കിട്ടിയതുമായ തീയതികള്‍, കടമെടുത്തവരുടെ പേരുകള്‍ മുതലായ വിവരങ്ങള്‍ വളരെ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളങ്കോവടികളുടെ ചിലപ്പതികാരം ഒന്നില്‍ക്കൂടുതല്‍ തവണ എടുത്തിട്ടുണ്ട്. ഇത് കൂടാതെയും ധാരാളം പുസ്തകങ്ങള്‍ എടുക്കപ്പെട്ടിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ആദിവാസി സമൂഹത്തില്‍, സൂക്ഷ്മവായനയിലൂടെ നല്ല സാഹിത്യം ഈ കൊടും കാട്ടില്‍ തഴച്ചു വളരുന്നു. അത്യന്തം വായനാ സൗഹൃദമായ നാഗരിക ഇടങ്ങളില്‍ പുലരുന്ന ഞങ്ങള്‍ക്ക്, വായനയില്‍ നിന്നുള്ള ഒഴികഴിവുകള്‍ക്കു മേലുള്ള ഒരു തട്ടിയുണര്‍ത്തല്‍ തന്നെയായിരുന്നു ഈ തിരിച്ചറിവ്. മുഖ്യമായും എഴുതി ഉപജീവനം കഴിക്കുന്ന ഞങ്ങളുടെ സംഘത്തിന്റെ അഹന്തയുടെ കാറ്റഴിച്ചു വിട്ട പോലെ ഒരനുഭവമായി ഇത്. ഞങ്ങളുടെ കൂട്ടത്തിലെ, കേരള പ്രസ് അക്കാദമിയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥി വിഷ്ണു എസ്, അക്കൂട്ടത്തില്‍ ഒരു 'പ്രത്യേക' പുസ്തകം കണ്ടെത്തി. കുറേയേറെപ്പേജുകളില്‍ കുത്തിക്കുറിച്ച ഒരു വരയന്‍ നോട്ടു ബുക്ക്. അതിന് തലക്കെട്ട് ഇല്ലായിരുന്നു. അത് ചിന്നത്തമ്പിയുടെ ആത്മകഥയുടെ പൂര്‍ത്തിയാക്കാത്ത കയ്യെഴുത്തു പ്രതി ആയിരുന്നു.

'ഒത്തിരിയൊന്നും എഴുതാനായിട്ടില്ല ഇതുവരെ', ഒട്ടൊരു ക്ഷമാപണ ഭാവത്തില്‍ തമ്പി പറഞ്ഞു. അയാള്‍ അതിന്റ പണികളിലാണ്.
'ചിന്നത്തമ്പീ, അതില്‍ നിന്ന് ഞങ്ങള്‍ക്കായി ഏതെങ്കിലുമൊരു ഭാഗം വായിക്കാമോ'
അത് വളരെ നീണ്ട ഒന്നായിരുന്നില്ല. പൂര്‍ത്തിയായിട്ടും ഉണ്ടായിരുന്നില്ല. പക്ഷെ സുന്ദരമായി പറഞ്ഞ ഒരു കഥ പോലെ കേട്ടിരിക്കാനായി. അയാളുടെ സാമൂഹ്യരാഷ്ട്രീയ ബോദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു അത്. ഗാന്ധിവധം നടക്കുമ്പോള്‍ അയാള്‍ക്ക് ഒന്‍പതു വയസ്സായിരുന്നു. ആ സംഭവത്തിന്റെ വിവരണവും അത് അയാളില്‍ ചെലുത്തിയ സ്വാധീനവും രേഖപ്പെടുത്തിക്കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. മുരളിമാഷിന്റെ പ്രോത്സാഹനം കൊണ്ടാണ് താന്‍ ഇടമലക്കുടിയിലേക്ക് വന്നു വായനശാല തുടങ്ങിയതെന്ന് ചിന്നത്തമ്പി പറയുന്നു. ഈ പ്രദേശത്തെ വീരപരിവേഷമുള്ള ബഹുമാന്യ വ്യക്തിത്വമാണ് മുരളി മാഷ്. അദ്ദേഹം മറ്റൊരു ആദിവാസി ഗോത്രത്തില്‍പ്പെട്ടയാളാണ്. ഈ പഞ്ചായത്തിന് പുറത്തുള്ള മാങ്കുളം എന്ന സ്ഥലത്താണ് അദ്ദേഹം താമസിക്കുന്നത്. പക്ഷെ, തന്റെ ജീവിതത്തില്‍ ഏറിയ കൂറും മുതവാന്മാരുടെ ഇടയിലും അവര്‍ക്കു വേണ്ടിയുമാണ് അദ്ദേഹം ചെലവഴിച്ചിട്ടുള്ളത്. മാഷ് തെളിച്ച വഴിയിലൂടെ നടക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് വിനയത്തോടെ തമ്പി പറയുന്നു.

ഇടമലക്കുടിയിലെ 28 ഊരുകളില്‍ ഒന്നായ ഇവിടെ 2500 ല്‍ താഴെ ആളുകള്‍ മാത്രമാണുള്ളത്. ലോകത്ത് മുതവ സമുദായക്കാരുള്ള ഒരേയൊരിടം ഒരു പക്ഷെ ഇതുമാത്രവുമായിരിക്കും. പരമാവധി ഒരു നൂറുപേര്‍ ഇരുപ്പുക്കല്ലക്കുടിയിലുണ്ടാകും. നൂറു ചതുരശ്ര അടിയ്ക്കു മേല്‍ വനവിസ്തൃതിയുള്ള ഇടമലക്കുടിയാണ് കേരളത്തിലെ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള പഞ്ചായത്ത്. ഏകദേശം ആയിരത്തഞ്ഞൂറോളം പേര്‍ മാത്രം. വാല്‍പ്പാറയിലേക്കുള്ള കുറുക്കുവഴിയില്‍ കാട്ടാനകള്‍ ഇറങ്ങുമെന്നതിനാല്‍ മടക്കയാത്രയ്ക്ക് ഞങ്ങള്‍ക്ക് വേറെ മാര്‍ഗം സ്വീകരിക്കേണ്ടി വന്നു.

ലോകത്തെവിടെയുമുള്ളതില്‍ ഒറ്റപ്പെട്ടൊരു ഗ്രന്ഥപ്പുരയുടെ നടത്തിപ്പുകാരനായി ചിന്നത്തമ്പി ഇവിടെ നില കൊള്ളുന്നു. വായനയോടും സാഹിത്യത്തോടും അഭിനിവേശമുള്ള ഇടപാടുകാര്‍ക്കായി അയാളത് സജീവമായി നിലനിര്‍ത്തുന്നു. അതോടൊപ്പം ചായയും, മിക്‌സ്ചറും, തീപ്പെട്ടിയും വില്‍ക്കുന്നു. സ്വതവേ ബഹളക്കാരായ ഞങ്ങളുടെ സംഘം, ധ്യാനത്തിലെന്ന പോല്‍ നിശബ്ദനിസ്സംഗരായ് മടക്കയാത്ര തുടങ്ങി; ഞങ്ങളുടെ ആതിഥേയനാല്‍ സ്വാധീനിക്കപ്പെട്ട്. സുദീര്‍ഘവും ദുര്‍ഗ്ഗമവുമായ വഴികളിലേക്ക് ജാഗ്രതയോടെ മിഴികളൂന്നി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അന്നേരവും ഞങ്ങളുടെ മനസ്സ് അതിശയ ഗംഭീരനായ ആ ഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനൊപ്പമായിരുന്നു.

പി സായ്‌നാഥ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Content Highlights: The wilderness library of Edamalakudi p sainath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented