എന്റെ അരുവിത്തറ വെല്ലിച്ചാ...ഇതൊക്കെയല്ലേ അസ്ഥിയ്ക്കുപിടിച്ച വായന!


ബെന്നി ഡൊമനിക്. 

.പുണ്യചരിതനായ ഫാദര്‍ സോസിമോയുടെ കബറിടത്തില്‍ നിന്നും അത്യസാധാരണമായ ദുര്‍ഗന്ധം വമിച്ചത് എന്തുകൊണ്ടാണെന്നു മാത്രം എനിക്കു മനസ്സിലായില്ല. ആ സംശയവും കൊണ്ട് ഏറെ നാള്‍ ഞാന്‍ നടന്നു.

ബെന്നി ഡൊമനിക്

ഭാവനയുടെ അപാരതയിൽ, കഥാപാത്രങ്ങളുടെ മാസ്മരികതയിൽ, സംഭവവികാസങ്ങളുടെ ഉയർച്ചതാഴ്ചകളിൽ, വേദനയുടെയും വിങ്ങലിന്റെയും ശ്വാസം നിലച്ചുപോയേക്കാവുന്ന അവസ്ഥകളുടെയും നടുവിൽ നമ്മെ കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ പിടയാൻ വിധിയ്ക്കുന്ന പുസ്തകങ്ങൾ, ശരീരത്തിൽ നിന്നും പ്രാണൻ ഇറങ്ങിയോടിയാലും ഉറുമ്പടക്കം പുൽകി നിൽക്കുന്ന കഥാപാത്രങ്ങൾ! വായനയ്ക്കുമാത്രം സാധ്യമായതിനെക്കുറിച്ച് പറഞ്ഞുഫലിപ്പിക്കാനാവില്ല; പറഞ്ഞുമനസ്സിലാക്കാനുമാകില്ല. വായനാനുഭവം എന്താണെന്ന് പറയുകയാണ് പാലക്കാട് കൊപ്പം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലും എഴുത്തുകാരനുമായ ബെന്നി ഡൊമനിക്.

ഒരു പുസ്തകവായനക്കാരൻ എന്ന നിലയിൽ എന്റെ ജീവിതം ഞാൻ ആസ്വദിക്കുന്നുണ്ട്. വേറെയെന്തുണ്ട് അകം നിറയെ സന്തോഷത്തെ കുടിയിരുത്തുന്നതായിട്ട്? എത്ര ജന്മം ഈ ഭൂമിയിൽ പിറന്നാലും പുസ്തകങ്ങളെ നിങ്ങൾ എനിക്കു പ്രിയപ്പെട്ടർ.ഇരുപതാം വയസ്സിൽ ബ്രദേഴ്സ് കാരമസോവ് സസൂക്ഷ്മം വായിച്ചു കൊണ്ടാണ് എന്റെ വായനയുടെ സമുദ്രയാനത്തിന് പായ നിവർത്തിയത്.കൊടുങ്കാറ്റും തിരമാലകളുടെ സംഗരവും ആഴച്ചുഴികളുടെ ഗർത്തങ്ങളും ദസ്തയെവ്സ്കി എനിക്കു നേർക്കു നീട്ടി. ഇവാൻ കാരമസോവും ദിമിത്രിയും എന്നെ എന്നെ പിടിച്ചുകുലുക്കിയപ്പോൾ അല്യോഷ എന്റെ നേർക്കു നോക്കി മൃദുവായി പുഞ്ചിരിച്ചു.പുണ്യചരിതനായ ഫാദർ സോസിമോയുടെ കബറിടത്തിൽ നിന്നും അത്യസാധാരണമായ ദുർഗന്ധം വമിച്ചത് എന്തുകൊണ്ടാണെന്നു മാത്രം എനിക്കു മനസ്സിലായില്ല. ആ സംശയവും കൊണ്ട് ഏറെ നാൾ ഞാൻ നടന്നു. ഒരിക്കൽ എം.കൃഷ്ണൻ നായരോടു ചോദിച്ചു മുഖദാവിൽ.ഓർമ്മയില്ലെന്നു പറഞ്ഞു അദ്ദേഹം .അന്നുതന്നെ പേരൂർക്കടയിലുള്ള വീട്ടിലെത്തി എസ്. ഗുപ്തൻ നായരോടും ഇതേ ചോദ്യം ചോദിച്ചു. അദ്ദേഹം ഏറെക്കുറെ തൃപ്തികരമായ മറുപടി തന്നു. എങ്കിലും പൂർണ്ണ തൃപ്തി കിട്ടിയില്ല.

The feel of Reading Explained by Teacher Writer Benny Domanic
ബെന്നി ഡൊമനിക്

ഗ്രാൻഡ് ഇൻക്വിസിറ്റർ എന്ന കിടിലൻ ചാപ്റ്ററൊന്നുമല്ല എന്നെ എടുത്തു അമ്മാനമാടിയത്. അത് ദസ്തോ സൃഷ്ടിച്ച ഒരു വിലക്ഷണ കഥാപാത്രമായിരുന്നു. സ്മെർഡയാക്കോഫ് എന്ന് അവൻ താൻ പേര്. എന്തൊരു കഥാപാത്രമാണ് പഹയൻ! ദുരൂഹതയുടെ എത്രയെത്ര രാവൺ കോട്ടകളാണ് അയാളിൽ ചുറ്റി വളഞ്ഞു കിടക്കുന്നത്!എന്റെ യൗവനത്തിന്റെ പൊട്ടിത്തരിപ്പിൽ പോലും ഗ്രൂഷങ്കയും മറ്റവളുടെ പേര് ഓർമ്മയില്ല,ഓളും എന്നെ ഉലച്ചിട്ടില്ല. പക്ഷേ, സ്മെർഡി എന്നെ തൊഴിച്ചു മേലോട്ടു പായിച്ചു.

പിശാചുപോലും റഷൻ ജീനിയസ്സിന്റെ മുൻപിൽ തോറ്റു സുല്ലിട്ടിട്ടുണ്ടാവണം. അപസ്മാരവും ദാരിദ്ര്യവും ചൂതുകളിയും ഭ്രാന്തും ഒന്നുചേർന്ന് അയാൾ എഴുതിയ സാഹിത്യം എന്നെ കീഴടക്കിക്കളഞ്ഞു.കോടതി മുറിയിലെ ദിമിത്രിയുടെ ചോദ്യം നിങ്ങളിൽ ആരാണ് ഒരിക്കലെങ്കിലും സ്വന്തം പിതാവിനെ കൊല്ലണമെന്ന് വിചാരിച്ചിട്ടില്ലാത്തവർ എന്ന ചോദ്യം എന്നെ ഇന്നും പ്രകമ്പനം കൊള്ളിക്കുന്നു. ഒരു മനുഷ്യന് എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുക? മലയിലെ പ്രസംഗം (sermon on the mount) ദൈവപുത്രന്റെ വചനമായിരുന്നെങ്കിൽ ബ്രദേഴ് കാരമസോവും, ക്രൈം ആൻഡ് പണിഷ്മെന്റും, ദി ഇഡിയറ്റും, ദി പൊസ്സസ്ഡും ഒക്കെ സെയ്ത്താന്റെ വാക്കുകളുടെ പ്രലോഭനങ്ങൾ നിറഞ്ഞവയായിരുന്നു. അത്രയ്ക്കുണ്ട് അതിന്റെ ശക്തി. ശക്തിയുടെയും വശീകരണ യുക്തിയുടെയും പ്രാഭവം ഓർത്തുകൊണ്ടു മാത്രമാണ് ഇവിടെ സെയ്ത്താന്റെ രൂപകം കൊണ്ടുവരുന്നത്.

റഷ്യൻ എഴുത്തുകാരൻ എനിക്ക് എന്റെ വിശുദ്ധ പുണ്യാളൻ തന്നെ. പിന്നീട് എനിക്ക് അതേ ഗോത്രത്തിൽ പെട്ട ഒരാളെ കണ്ടുമുട്ടാനായത് ഗ്രീസിലെ തെരുവുകളിൽ വച്ചായിരുന്നു. അത് നികോസ് കസാൻദ് സാക്കിസല്ലാതെ മറ്റാരുമായിരുന്നില്ല. ഫ്രീഡറിക് നീച്ചേയെയും മാർക്സിനെയും യേശുവിനെയും ഫ്രാൻസിസ് സേവ്യറിനെയും ഒന്നിച്ചു ആവാഹിച്ച യുഗപുരുഷൻ! ഗ്രീസിന്റെ കാമനകളും ഉന്മാദവും മനുഷ്യാകാരമായി മാറിയ സാക്ഷാൽ അലക്സി സോർബ!

എങ്ങനെ മറക്കും ഈ കഥാപാത്രത്തെ എന്റെ അരുവിത്തുറ വെല്ലിച്ചാ... അവഗണിച്ചവരോട് മധുരപ്രതികാരത്തിന്റെ ഏകവിഷയോന്മാദിയായ മോബി ഡിക്കിലെ ക്യാപ്റ്റൻ അഹാബിനെപ്പോലെ തിരമാലകളുടെ വായ്ത്തല അരിഞ്ഞു കൊണ്ട് ഞാൻ ഭ്രാന്തസമുദ്രയാനം നടത്തുന്നു... യുദ്ധവും ദേശീയതയും അടിച്ചുമടക്കിയ, മനുഷ്യത്വത്തെ കാറ്റിൽ പറത്തിയ ജീവിതാവസ്ഥകളുടെ ഭ്രാന്തും കണ്ണീരും അസ്തിത്വഭീഷണിയും അക്ഷരങ്ങളിൽ നിറച്ച ഹംഗേറിയൻ പ്രതിഭാരക്ഷസ്സ് അഗോത ക്രിസ്റ്റോഫും, നൂറ്റാണ്ടിന്റെ ശാപവും ഉദ്വിഗ്നതയും പേറുന്ന കാഫ്ക, കാമു പ്രഭൃതികൾ...

ലാറ്റിനമേരിക്കയിൽ നിന്ന് പ്രതിഭയുടെ കൊള്ളിയാനുമായി എത്തുന്ന മരിയൊ വർഗാസ് യോസ, ബ്രസീലിലെ അത്ഭുത പ്രതിഭ ഷുയാവൊ ഗുമേരിയസ് റോസ, ധൈഷണികതയുടെ വെടിമരുന്നു പുരയ്ക്ക് തീ കൊളുത്തിയതുപോൽ റോബർട്ട് മ്യൂസിൽ, ഉന്നതമായ ചിന്തകൾ കൊണ്ട് ജീവിതാവബോധത്തെ ഡാവോസിലെ ഗിരിനിരകൾക്കൊപ്പം ഉയർത്തിയ തോമസ്സ് മന്നിന്റെ മാജിക് മൗണ്ടൻ, സൗന്ദര്യത്തിന്റെ അപരലോകങ്ങളെ മനസ്സിലേക്ക് ആർത്തിരമ്പി പ്രവഹിപ്പിക്കുന്ന ഹെസ്സെയുടെ നാർസിസസ് ആൻഡ് ഗോൾഡ്മണ്ട്, കവിതയുടെ വിസ്മയ തീരങ്ങളിലേക്ക് ഹാംലിനിലെ കുഴലൂത്തുകാരനെപ്പോലെ വഹിച്ചുകൊണ്ടു പോയ ഖലീൽ ജിബ്രാൻ ,ഇനിയും ഒരായിരം സംവത്സരം കഴിഞ്ഞാലും ആരാലും അതിശയിക്കാനാവാത്ത സാക്ഷാൽ ബോർഹസ്,ചൈനീസ് സ്കോളർ പീറ്റർ കീനിനെ പോൽ ഭ്രാന്തു പിടിപ്പിക്കുന്ന എല്യാസ് കനേറ്റി (ഓട്ടോ ദ ഫെ), ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഗുന്തർഗ്രാസ്സിന്റെ ടിൻഡ്രം... കുള്ളൻ ഓസ്കാറിന്റെ ആഖ്യാന മാന്ത്രികതയ്ക്ക് പകരം വെക്കാൻ ഒന്നുമില്ലല്ലോ എന്റെ വായനയുടെ ,ഓർമ്മയുടെ പോർട്ട് മാന്റോവിൽ. എന്തൊരു ആഖ്യാനശൈലി! ഗംഭീര സാഹിത്യം നിരന്തരം വീശി ബലരാമനെപ്പോലെ മത്തുപിടിച്ചു നിരൂപകൻ കെ.പി.അപ്പൻ തകരച്ചെണ്ടയെക്കുറിച്ച് പറഞ്ഞതോർക്കുന്നു. രൂപപരമായ സന്ദിഗ്ദ്ധതയാണ് തകരച്ചെണ്ടയുടെ മുദ്ര എന്ന്. എന്നാൽ ടിൻ ഡ്രമിൽ സന്ദിഗ്ദ്ധതയല്ല ഉള്ളത്. ആഖ്യാനത്തിന്റെ മാന്ത്രികത മാത്രം! ഇവരൊക്കെയുള്ള ലോകത്ത്, ഉലകമേ നിന്റെ കോപ്പിരാട്ടികൾ കണ്ട് ഞാൻ ഉറക്കെ ഒന്നു ചിരിച്ചു കൊള്ളട്ടെ!

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented