ഫയൽ ഫോട്ടോ
''എല്ലാ വര്‍ഷവും അച്ഛന്റെ ചരമദിനത്തില്‍ തകഴിയിലെ വീട്ടിലെത്താറുണ്ട് ഞങ്ങളെല്ലാവരും. ഇത്തവണ ഒന്നും നടന്നില്ല. തകഴി സ്മൃതി മണ്ഡപത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തും. അതുമതി. നമ്മള് കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലത്തെകൂടി ഗൗരവത്തിലെടുക്കണല്ലോ''- തകഴിയുടെ മൂത്തമകള്‍ രാധ ഈ ദിനത്തില്‍ വീട്ടിലെത്താന്‍ കഴിയാത്തതിലുള്ള സാഹചര്യം ഉള്‍ക്കൊണ്ടുകൊണ്ടു സംസാരിക്കുകയാണ്.
അച്ഛന് ഈ അസുഖങ്ങളെയൊക്കെ വലിയ പേടിയായിരുന്നു. ഒരു പനിപോലും ആര്‍ക്കും വരാന്‍ പാടില്ല. ഞങ്ങള്‍ കുട്ടികള്ക്കെങ്ങാനും പനിപിടിച്ചാല്‍ പിന്നെ ആ മുഖത്ത് സമാധാനമുണ്ടാവില്ല, ഉറക്കവും. എനിക്ക് ഏഴുവയസ്സുള്ളപ്പോളാണ് ഇപ്പോള്‍ സര്‍ക്കാറിലേക്ക് വിട്ടുകൊടുത്ത വീടുണ്ടാക്കിയത്. അന്ന് ഇത്രയൊന്നുമില്ല. ചെറുതായിരുന്നു. പിന്നെ അച്ഛന് തന്നെ പടിപടിയായി വിപുലീകരിച്ചതാണ്. വീടിന്റെ തറ കരിങ്കല്ലാണ്. സന്ധ്യയായാല്‍ ഞങ്ങളെ ഉമ്മറത്ത് താഴോട്ട് കാല് തൂക്കിയിട്ടിരിക്കാന് സമ്മതിക്കില്ല. കരിങ്കല്ലുകള്‍ക്കിടയില്‍ വല്ല ഇഴജന്തുക്കളും വന്നുകൂടിയിട്ടുണ്ടെങ്കിലോ. ഞങ്ങളോട് സ്നേഹത്തോടെ പറയും അങ്ങനെ ഇരിക്കല്ലേന്ന്. ഞങ്ങള്‍ മക്കളെയാരും മരണം വരെ പേരുവിളിച്ചിട്ടില്ല. അദ്ദേഹം. ഞാന്‍ മോളാണ്. താഴെയുള്ള അനിയത്തിമാരെ പേരിനൊപ്പം മോളെ എന്നു കൂട്ടി വിളിക്കും. ജാനമ്മമോളെ, ഓമനമോളെ, കനകംമോളെ എന്നൊക്കെ. പിന്നെ അനിയനെ മോനേന്നും. ഞങ്ങളുടെ പേര് വിളിക്കുന്നത് എന്തോ അച്ഛന് കഴിയില്ലായിരുന്നു.
വക്കീലായിരുന്നല്ലോ അദ്ദേഹം. ഒരു ഞായറാഴ്ചയേ വീട്ടിലുണ്ടാവുകയുള്ളൂ. അന്നാണ് ഞങ്ങളെ കാണാന്‍ കിട്ടുക. അപ്പോള്‍ ചില കഥകളൊക്കെ പറഞ്ഞു തരും. ബന്ധത്തിലുള്ളവരെയൊക്കെ പറഞ്ഞുപരിചയപ്പെടുത്തിത്തരും. അമ്മയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതാണ് അദ്ദേഹത്തിന്റെ ഞായറാഴ്ചകളിലെ പ്രധാനപരിപാടി. മെഡിക്കല്‍ കോളേജിലയച്ച് പഠിപ്പിക്കണം ഞങ്ങളെ എന്ന് അമ്മ പറയുമായിരുന്നു. അനിയനെ മെഡിസിനയച്ചു. പിന്നെ അമ്മയുടെ ആഗ്രഹം സാക്ഷാല്‍ക്കരിച്ചത് പേരക്കുട്ടികളാണ്. പലനാടുകളില്‍ അവര്‍ ഡോക്ടര്‍മാരായി സേവനമനുഷ്ഠിക്കുന്നുണ്ട്.
അടുത്ത ബന്ധുക്കളുടെ വീടുകളിലൊക്കെ വിശേഷങ്ങളുണ്ടാവുമ്പോള്‍ ഞങ്ങള്‍ തകഴിയില്‍ പോകാറുണ്ട്. വീട് സര്‍ക്കാര്‍ ഏറ്റെടുത്തല്ലോ. അവര്‍ നന്നായി നോക്കി നടത്തുണ്ട്. കൊടുത്തില്ലായിരുന്നെങ്കില്‍ തിരുവനന്തപുരത്തെ അനിയത്തിയ്ക്കായിരുന്നു വീട്. അവള്‍ക്ക് രണ്ട് വീടുണ്ട്. അവിടെത്തന്നെ. പിന്നെ ഇവിടേയ്ക്ക് വരാനാന്നും പോകുന്നില്ലല്ലോ. എങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് സര്‍ക്കാര്‍ നിശ്ചയിച്ച സന്ദര്‍ശനസമയത്താണ്. അല്ലാത്ത സ്വാതന്ത്ര്യമൊന്നും ഞങ്ങള്‍ക്കില്ല. അത് വേണ്ട കാര്യവുമില്ല. എല്ലാരെപ്പോലെയും തകഴി സ്മാരകത്തിലേക്കാണ് ഞങ്ങളും കയറിച്ചെല്ലേണ്ടത്. അച്ഛന് ഒരു സാംസ്കാരിക പൊതുസ്വത്താണല്ലോ. അദ്ദേഹത്തിന്റെ സ്മാരകം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് തന്നെ വിലയൊരു അംഗീകാരമല്ലേ.

ആര് എന്ത് കാണിച്ചാലും പിണക്കവും ദേഷ്യവുമൊന്നും ഒരിക്കലും അദ്ദേഹത്തിന് ആരോടുമില്ലായിരുന്നു. കുറേ വായിക്കണം. എഴുതണം. ചിന്തിച്ചിരിക്കണം. പിന്നെ കുറേ സ്നേഹിക്കണം. അതായിരുന്നു നിങ്ങള്‍ തകഴി എന്നു വിളിക്കുന്ന ഞങ്ങളുടെ അച്ഛന്. കുഞ്ഞുങ്ങളെയൊക്കെ വല്യ ഇഷ്ടമായിരുന്നു. ആര്‍ക്ക് അസുഖം വന്നാലും അദ്ദേഹത്തോട് പറയില്ല. പറഞ്ഞാല്‍പിന്നെ അദ്ദേഹത്തിന് സമാധാനമുണ്ടാകില്ല. അദ്ദേഹം ഓടിയെത്തും. അമ്മയ്ക്ക് പതിനാറ് വയസ്സുള്ളപ്പോള്‍ കല്യാണം കഴിച്ചതാണ് അച്ഛന്. അവര്‍ നല്ല കൂട്ടായിരുന്നു, ശണ്ഠ കൂടുന്നതൊന്നും കണ്ടിട്ടില്ല. അച്ഛന് നല്ല പക്വതയുള്ള സ്വഭാവക്കാരനായിരുന്നു. വായന നല്കിയ ഗുണമായിരിക്കാം. വലുതായപ്പോള്‍ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുമായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ പരമാവധി സ്നേഹവും ആശിര്‍വാദവും ലഭിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് ഞങ്ങള്‍ എല്ലാ മക്കള്‍ക്കും.
ഏപ്രില്‍ പതിനേഴിന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. സാധാരണ തകഴി സ്മാരകത്തില്‍ ഒരാഴ്ച നീളുന്ന പരിപാടികളുണ്ടാവാറുണ്ട്. ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തില്‍ അതൊക്കെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഞങ്ങള്‍ മക്കള്‍ പരസ്പരം ഫോണ്‍ വിളിച്ചു. അച്ഛനെക്കുറിച്ചു പറഞ്ഞു. ആര്‍ക്കും ഒരു പനിവരുന്നതുപോലും ഇഷ്ടമില്ലാത്ത അദ്ദേഹത്തെ ഈ അവസരത്തില്‍ ഓര്‍ക്കാറുണ്ട്. ലോകത്തിലെ ഓരോ പ്രതിസന്ധികളും എഴുത്തിലൂടെ അവതരിപ്പിച്ചതല്ലേ.
Content Highlights: Thakazhi Sivasankara Pillai's daughter Radha Pillai remembers her father
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..