നല്ല വൈറസും ചീത്ത വൈറസുമില്ല; ഭൂമിയുടെ സംരക്ഷണം തന്നെയാണ് മനുഷ്യരുടെ ആരോഗ്യസംരക്ഷണം


വന്ദന ശിവ

സൂക്ഷ്മാണുവ്യവസ്ഥ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ വൈവിധ്യമുള്ള ആഹാരം ആവശ്യമാണ്. വൈവിധ്യമുള്ള ആഹാരംവേണമെങ്കില്‍ പാടങ്ങളും ഉദ്യാനങ്ങളും സമൃദ്ധമാകണം. ആഹാരത്തിലെ വൈവിധ്യമില്ലായ്മ നമ്മെ രോഗാതുരരാക്കുന്നു. ആരോഗ്യത്തിന്റെ കേന്ദ്രബിന്ദുവായി ഉദരത്തെ അംഗീകരിക്കാന്‍ പടിഞ്ഞാറന്‍ ശാസ്ത്രലോകം തയ്യാറായിട്ടുണ്ട്. ഇക്കാര്യം ആയുര്‍വേദം നൂറ്റാണ്ടുകള്‍ക്കുമുന്‍പേ വ്യക്തമാക്കിയിട്ടുള്ളതാണ്.

വന്ദന ശിവ | Photo: AFP

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയുടെ ഏറ്റവും പുതിയ പുസ്തകമാണ് Terra Viva: My Life in a Biodiverstiy of Movements. പുസ്തകത്തില്‍ നിന്നുള്ള ഈ ഭാഗത്ത് മനുഷ്യന്റെ ആഹാരരീതിയും ജീവചൈതന്യവും തമ്മിലുള്ള ബന്ധമാണ് അവര്‍ വിശദീകരിക്കുന്നത്. കൂടല്‍ എന്ന രണ്ടാം മസ്തിഷ്‌കത്തിലെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്റെ എല്ലാ കാര്യങ്ങളെയും ബാധിക്കുമെന്ന് പറയുന്ന ലേഖിക ഇക്കാര്യത്തില്‍ ആയുര്‍വേദത്തിന്റെ ഉള്‍ക്കാഴ്ചയെ എടുത്തുപറയുകയും ചെയ്യുന്നു..

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഒരുകാര്യം വ്യക്തമായി, വേണമെന്നുവെച്ചാല്‍ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കും. മനുഷ്യരുടെയും ഭൂമിയുടെയും ആരോഗ്യം ക്ഷയിപ്പിക്കുന്ന എല്ലാത്തിനും തടയിടാനും മറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള തുടക്കമായി കോവിഡ് പ്രതിസന്ധിയോടുള്ള ഈ പ്രതികരണത്തെ മാറ്റിയെടുക്കണം. ആരോഗ്യം മൗലികാവകാശമാണെന്നും പൊതുതാത്പര്യമാണെന്നും പൊതുജനാരോഗ്യസംരക്ഷണം സര്‍ക്കാരുകളുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ വ്യക്തമാക്കുന്നു.മണ്ണില്‍നിന്ന് ചെടികള്‍വരെയും അവിടെനിന്ന് മനുഷ്യശരീരത്തിലെ സൂക്ഷ്മാണുവ്യവസ്ഥവരെയും ആരോഗ്യം അവിച്ഛിന്നമാണ്. ജൈവവൈവിധ്യത്താലും ആരോഗ്യത്താലും പരസ്പരബദ്ധമായ ഭൂമിയില്‍ മനുഷ്യര്‍ എന്നനിലയ്ക്കുള്ള ഒരുമയെ ആശ്രയിച്ചാണ് നമ്മുടെയെല്ലാം ഭാവി. ഇന്നത്തെ ജാഗ്രത എന്നത്തേക്കുമുള്ള ഭയപ്പാടായും ഒറ്റപ്പെടലായും മാറരുത്. അടിയന്തരസാഹചര്യങ്ങളില്‍ പ്രതിരോധംതീര്‍ക്കാനും കോവിഡനന്തരം ലോകത്ത് ആരോഗ്യവും സൗഖ്യവും പുനഃസ്ഥാപിക്കാനും നമുക്ക് പരസ്പരം ആവശ്യമുണ്ട്. വിഭജനത്തിന്റെയും അധീശത്വത്തിന്റെയും അത്യാഗ്രഹത്തിന്റെയും അനാരോഗ്യത്തിന്റെയും യന്ത്രവത്കൃത, വ്യവസായവത്കൃത കാലത്തുനിന്ന് സമൂലമായ പരിവര്‍ത്തനത്തിനുള്ള അവസരമാണിത്. ഭൂമിയിലെ കുടുംബാംഗങ്ങളെന്നപോലെ പ്രാപഞ്ചിക സംസ്‌കാരത്തിലേക്കും ആരോഗ്യം പാരിസ്ഥിതികബന്ധത്തിലും വൈവിധ്യത്തിലും ഐക്യത്തിലും ഊന്നിയുള്ളതാണെന്ന തിരിച്ചറിവിലേക്കുമുള്ള മാറ്റം.

മനുഷ്യരിലെ സൂക്ഷ്മാണുവ്യവസ്ഥ ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങി എല്ലാത്തരം സൂക്ഷ്മാണുക്കളെയും ഉള്‍ക്കൊള്ളുന്നുണ്ട്. അവ നമുക്കുള്ളിലോ നമുക്കുമേലോ അധിവസിക്കുന്നു. ത്വക്ക്, സ്വനഗ്രന്ഥികള്‍, രേതസ്സ്, ഗര്‍ഭപാത്രം, ശ്വാസകോശം, ഉമിനീര്‍ തുടങ്ങിയവയിലൊക്കെ സൂക്ഷ്മാണുസാന്നിധ്യമുണ്ട്. 380 ലക്ഷംകോടി വൈറസുകള്‍ മനുഷ്യശരീരത്തിലുണ്ടെന്നാണ് കണക്ക്. അവയെ പൊതുവായി 'ഹ്യൂമന്‍ വൈറോം' എന്നുവിളിക്കുന്നു. 38 ലക്ഷംകോടി ബാക്ടീരിയകള്‍ക്കും നമ്മുടെ ശരീരം ആവാസവ്യവസ്ഥയാണ് ഹ്യൂമന്‍ ബയോം. കുടലിലെ സൂക്ഷ്മാണുവ്യവസ്ഥയില്‍ 100 വര്‍ഗത്തില്‍പ്പെട്ട 100 ലക്ഷം കോടി സൂക്ഷ്മജീവികളുണ്ട്. ഈ സൂക്ഷ്മാണുവ്യവസ്ഥ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ വൈവിധ്യമുള്ള ആഹാരം ആവശ്യമാണ്. വൈവിധ്യമുള്ള ആഹാരംവേണമെങ്കില്‍ പാടങ്ങളും ഉദ്യാനങ്ങളും സമൃദ്ധമാകണം. ആഹാരത്തിലെ വൈവിധ്യമില്ലായ്മ നമ്മെ രോഗാതുരരാക്കുന്നു. ആരോഗ്യത്തിന്റെ കേന്ദ്രബിന്ദുവായി ഉദരത്തെ അംഗീകരിക്കാന്‍ പടിഞ്ഞാറന്‍ ശാസ്ത്രലോകം തയ്യാറായിട്ടുണ്ട്. ഇക്കാര്യം ആയുര്‍വേദം നൂറ്റാണ്ടുകള്‍ക്കുമുന്‍പേ വ്യക്തമാക്കിയിട്ടുള്ളതാണ്.

പതിറ്റാണ്ടുകളായി ഭൗതിക രോഗമാതൃകകളാണ് വൈദ്യശാസ്ത്ര ഗവേഷണത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്നത്. പുറത്തെരോഗം ഭേദമാകുന്നതോടെ മുഴുവന്‍ പ്രശ്‌നത്തിനും പരിഹാരമായെന്ന് നാം കരുതും. ആത്യന്തികമായ കാരണത്തെക്കുറിച്ച് ഒരാലോചനയും ആവശ്യമില്ലെന്നാണ് ഭാവം. രോഗനിയന്ത്രണ, പ്രതിരോധസംവിധാനങ്ങളെ താങ്ങിനിര്‍ത്തുന്നത് ദഹനേന്ദ്രിയവും അതിലെ സൂക്ഷ്മാണുവ്യവസ്ഥയുമാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. കുടലിനെ രണ്ടാംമസ്തിഷ്‌കം എന്ന് വിശേഷിപ്പിക്കാറുണ്ട്. കുടല്‍നാഡീവ്യവസ്ഥയില്‍ 510 കോടി നാഡീകോശങ്ങളുണ്ട്. ശരീരം ബുദ്ധിയുള്ള ജൈവഘടനയാണ്. ബുദ്ധി തലച്ചോറില്‍മാത്രം കേന്ദ്രീകരിച്ചിട്ടുള്ള ഒന്നല്ല. ആരോഗ്യമുള്ള ദഹനേന്ദ്രിയത്തില്‍ വൈവിധ്യത്തിനുപുറമേ, സൂക്ഷ്മജീവികളുടെ സഹായത്തോടെ ആഹാരം വിഘടിപ്പിക്കുന്ന ആന്തരികഭാഗവും രോഗപ്രതിരോധസംവിധാനവും തമ്മില്‍ ഫലപ്രദമായ ആശയവിനിമയം നടക്കും. ഏതൊരു പരിസ്ഥിതിക്കും വൈവിധ്യം എത്രത്തോളമുണ്ടോ, അതിന്റെ അതിജീവനശേഷിയും രോഗപ്രതിരോധശേഷിയും അത്രത്തോളം കൂടും. ശരീരവ്യവസ്ഥയുടെയും കാര്യം വ്യത്യസ്തമല്ല. ഉദരസൂക്ഷ്മാണുലോകത്തിന്റെ നശീകരണം ദഹനപ്രശ്‌നങ്ങള്‍ക്കും ഉപാപചയപ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതിനും കാരണമാകും. അത് ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഗ്രഹണശേഷി കുറയല്‍, വിഷാദം, മസ്തിഷ്‌കരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും.

ആഹാരത്തിലെ പോഷകക്കുറവോ വിഷസാന്നിധ്യമോ കുടലിലെ ആവാസവ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നു. നമ്മള്‍ മനുഷ്യരെന്നതിനെക്കാള്‍ ബാക്ടീരിയകളാണ്. കൃഷിക്കായി ഉപയോഗിക്കുന്ന വിഷം ആഹാരത്തിലൂടെ ശരീരത്തിലെത്തുകയും ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുകയുംചെയ്യുന്നു. കുടലിലെ സൂക്ഷ്മജീവികള്‍ ആഹാരം സംസ്‌കരിച്ച് ശരീരത്തിനും തലച്ചോറിനും ആവശ്യമായത് പ്രദാനംചെയ്യുന്നവരാണ്. പോഷകങ്ങള്‍ ലഭ്യമാക്കല്‍, രോഗാണുക്കളില്‍നിന്ന് സംരക്ഷണം, ആരോഗ്യത്തിന് നല്ലതും ചീത്തയുമായത് വേര്‍തിരിക്കല്‍ തുടങ്ങി പരമപ്രധാനമായ ധര്‍മങ്ങളാണ് കുടല്‍സൂക്ഷ്മാണുവ്യവസ്ഥയുടേത്. ദഹനം, ഊര്‍ജ സമസ്ഥാപനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സംയോഗം, രോഗപ്രതിരോധശേഷിയുടെ വികാസവും നിയന്ത്രണവും തുടങ്ങി പ്രധാന പ്രവര്‍ത്തനങ്ങളിലെല്ലാം അവ പങ്കുചേരുന്നു. രക്തത്തിലൂടെ വിവിധ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും എത്തേണ്ട വിവിധ സംയുക്തങ്ങളുടെ ഉത്പാദനത്തിനും അവ സഹായിക്കുന്നു.

കുടലിലെ ബാക്ടീരിയകള്‍ ട്രിപ്‌റ്റോഫാന്‍, ടൈറോസിന്‍, ഫെനിലാലാനൈന്‍ എന്നിങ്ങനെ മൂന്ന് അരോമാറ്റിക് അമിനോ ആസിഡുകള്‍ ഉത്പാദിപ്പിക്കുന്നു. അവ ന്യൂറോട്രാന്‍സ്മിറ്റര്‍, ഡോപ്പമിന്‍, സെറോടോണിന്‍, മെലാടോണിന്‍, ആഡ്രിനാലിന്‍, തൈറോയ്ഡ് ഹോര്‍മോണ്‍, വൈറ്റമിന്‍ഇ തുടങ്ങിയവയ്‌ക്കെല്ലാം പൂര്‍വഗാമിയാണ്. നമ്മളുടെ ശരീരകോശങ്ങള്‍ക്ക് സ്വന്തമായി ഈ അമിനോ ആസിഡുകള്‍ ഉത്പാദിപ്പിക്കാന്‍ സാധ്യമല്ല. അതിനാല്‍ ബാക്ടീരിയകള്‍ നശിച്ചാല്‍ ഇത്തരം പ്രധാന ജൈവതന്മാത്രകളില്‍ കുറവുണ്ടാകും. അത് നമ്മുടെ സിരാകേന്ദ്രത്തെ അവതാളത്തിലാക്കും. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ പഠനമനുസരിച്ച് ഇന്നത്തെനില തുടര്‍ന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അമേരിക്കയിലെ രണ്ടിലൊരുകുട്ടി ഓട്ടിസത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചുതുടങ്ങും.

സന്തുലിതമായ ആഹാരക്രമത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന ആറ് രുചികളുണ്ട്. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, ചവര്‍പ്പ്. ഇതില്‍ ഓരോന്നിനും ശരീരത്തിന്റെ സ്വയംനിയന്ത്രിത പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനാകും. രുചിസംവേദ കോശങ്ങള്‍ നാവില്‍ മാത്രമല്ല ഉള്ളത്. അവ അന്നപഥം മുഴുവനായും വ്യാപിച്ചുകിടക്കുന്നു. കുടലില്‍ രുചി തിരിച്ചറിയാനുള്ള ഇന്ദ്രിയങ്ങളുണ്ടെന്നാണ് ആധുനിക ജീവശാസ്ത്രം പറയുന്നത്. സുഗന്ധവ്യഞ്ജനങ്ങളിലും സസ്യങ്ങളിലും അടങ്ങിയിട്ടുള്ള ചില രാസഘടകങ്ങള്‍ രുചിമുകുളങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. മധുരം മനസ്സിലാക്കുന്ന ഇന്ദ്രിയങ്ങളാണ് രക്തത്തില്‍ ഗ്ലൂക്കോസ് ആഗികരണംചെയ്യാനും പാന്‍ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ പുറപ്പെടുവിക്കാനും പ്രേരണയാകുന്നത്. ദ മൈന്‍ഡ് ഗട്ട് കണക്ഷന്‍ എന്ന പുസ്തകത്തില്‍ എമറാന്‍ മേയര്‍ എഴുതുന്നു: 'സമ്പുഷ്ടമായ സസ്യാഹാരത്തില്‍നിന്ന് ലഭിക്കുന്ന അനേകം ജൈവസംയുക്തങ്ങള്‍ കുടലിലെ ഇന്ദ്രിയങ്ങളുമായി ചേര്‍ന്ന് നമ്മുടെ ആന്തരിക പരിസ്ഥിതിയെയും കുടല്‍ സൂക്ഷ്മാണുവ്യവസ്ഥയെയും ചുറ്റുമുള്ള ലോകവുമായി ഒന്നിപ്പിക്കുന്നു. കുടലിന്റെ ഇന്ദ്രിയവ്യവസ്ഥ ശരീരത്തിന്റെ ദേശീയസുരക്ഷാ ഏജന്‍സിയാണ്. അത് ദഹനവ്യവസ്ഥയുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുകയും സംശയാസ്പദമായ സംഗതികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു'.

ആഹാരംകഴിക്കുമ്പോള്‍ മണ്ണും ചെടികളും കുടല്‍കോശങ്ങളും ആമാശയവും മസ്തിഷ്‌കവും എല്ലാം തമ്മിലുള്ള ആശയവിനിമയമാണ് നടക്കുന്നത്. ഈ ആശയവിനിമയമാണ് ആരോഗ്യത്തിന്റെയും സൗഖ്യത്തിന്റെയും അടിസ്ഥാനം. വിഷലിപ്തമായ ഭക്ഷണം രോഗങ്ങളുണ്ടാക്കും. ഭക്ഷണവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമ്മള്‍ ചിലപ്പോള്‍ അജ്ഞരായിരിക്കും. പക്ഷേ, നമ്മുടെ കോശങ്ങള്‍ അങ്ങനെയല്ല. ആമസോണിലും ആഫ്രിക്കയിലും ജീവിക്കുന്ന മനുഷ്യരെ അപേക്ഷിച്ച് ഭക്ഷണവും കൃഷിയും ഏറ്റവുമധികം വ്യവസായവത്കരിച്ചിട്ടുള്ള യു.എസിലെ ജനങ്ങളില്‍ കുടല്‍സൂക്ഷ്മാണുക്കള്‍ 40 ശതമാനം കുറവാണ്. കുടലിനെ ആശ്രയിക്കുന്ന ആരോഗ്യത്തിന്റെ കാര്യത്തില്‍ പരിഷ്‌കൃതര്‍ എന്നുകരുതുന്ന വ്യവസായ സമൂഹത്തെക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലാണ് പിന്നാക്കക്കാര്‍ എന്നുകരുതുന്ന കര്‍ഷകസമൂഹം. ശാസ്ത്രജ്ഞര്‍ ഹ്യൂമന്‍ വൈറോമിനെയും ഹ്യൂമന്‍ ബയോമിനെയുംകുറിച്ച് പഠിക്കാന്‍ തുടങ്ങിയിട്ട് അധികമൊന്നുമായിട്ടില്ല. എങ്കിലും 'ചീത്ത വൈറസു'കളെ പടവെട്ടി തോല്‍പ്പിക്കാന്‍ അവ സജ്ജരാണ്. 2020 ഡിസംബര്‍ ഒന്നിന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡേവിഡ് പ്രൈഡ് 'സയന്റിഫിക് അമേരിക്കനി'ല്‍ എഴുതി: 'ചീത്ത വൈറസുകളെ നിയന്ത്രിക്കാനും നല്ല വൈറസുകളെ ഉപയോഗപ്പെടുത്താനും സാധിച്ചാല്‍ നമ്മള്‍ മനുഷ്യര്‍ സൂപ്പര്‍പവറുകളുള്ള ജീവിയായി മാറും'.

നിയന്ത്രിക്കാനും കീഴടക്കാനുമുള്ള ഈ ത്വരയാണ് രോഗങ്ങളുടെ അടിസ്ഥാനകാരണം. വിശാലാര്‍ഥത്തില്‍ നല്ല വൈറസുകള്‍, ചീത്ത വൈറസുകള്‍ എന്നില്ല. ഒരു പരിസ്ഥിതിയില്‍, ഒരു ജീവനില്‍ സുരക്ഷിതമായ വൈറസ് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അപകടകാരിയായേക്കാം. വവ്വാലുകളിലെ കൊറോണ വൈറസ് വവ്വാലുകളില്‍ പ്രശ്‌നമുണ്ടാക്കുന്നില്ല. കുരങ്ങുപനിക്ക് കാരണമാകുന്ന വൈറസുകള്‍ കാട്ടിലെ കുരങ്ങുകള്‍ക്ക് ദോഷംചെയ്യുന്നില്ല. മനുഷ്യര്‍ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് അധിനിവേശം നടത്തുമ്പോഴാണ് വൈറസുകള്‍ പരക്കുന്നതും മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നതും. കോവിഡ് 19ന്റെ അനുഭവങ്ങള്‍ ജീവന്റെ വിവിധരൂപങ്ങള്‍ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചാണ് ഓര്‍മപ്പെടുത്തുന്നത്. മറ്റുജീവജാലങ്ങളോട് ചെയ്യുന്ന തെറ്റുകള്‍ നമുക്കുതന്നെ വിനയായി ഭവിക്കും. ഭൂമിയുടെ സംരക്ഷണം തന്നെയാണ് മനുഷ്യരുടെ ആരോഗ്യസംരക്ഷണം. ജൈവവൈവിധ്യത്തിന്റെയും പരസ്പരബന്ധത്തിന്റെയും ശാസ്ത്രമാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി 'നവധാന്യ'* പിന്തുടരുന്നതും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും.

* ജൈവവൈവിധ്യ സംരക്ഷണ മേഖലയില്‍ വന്ദന ശിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന.

പരിഭാഷ: എസ്. രാംകുമാര്‍

Content Highlights: terra viva: my life in a biodiversity of movements book by vandana shiva


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented