ഉസ്താദ് അംജദ് അലിഖാനും ടി. പത്മനാഭനും തുരീയത്തിന്റെ വേദിയിൽ
എന്നാണ് പയ്യന്നൂരിലെ സ്വാമി കൃഷ്ണാനന്ദഭാരതി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്?
ഇതിന് ഒരുത്തരം പറയുന്നതിനുമുമ്പായി ഞാന്‍ എന്നെയും സംഗീതവുമായി എനിക്കുള്ള ബന്ധത്തെയുംകുറിച്ച് പറയേണ്ടിയിരിക്കുന്നു.
സംഗീതത്തിന്റെ വഴിയില്‍ എന്റെ സഹയാത്രികനും മാര്‍ഗദര്‍ശിയും ഗുരുവുമൊക്കെ പ്രകൃതിയായിരുന്നു. മഴ, കാറ്റ്, പക്ഷികളുടെ പാട്ട്... ഓര്‍മവെച്ച കാലംമുതല്‍ തുടങ്ങിയതായിരുന്നു ഈ ബന്ധം. അത് ഇപ്പോഴും, ഈ 93-ാം വയസ്സിലും തുടരുന്നു.
കര്‍ണാടിക് ക്ലാസിക്കല്‍ സംഗീതവുമായുള്ള ബന്ധം തുടങ്ങുന്നത് മദ്രാസില്‍ നിയമവിദ്യാര്‍ഥിയായപ്പോള്‍ മുതലാണ്. ഈ ബന്ധം പതുക്കെ ഒരു ലഹരിയായി എന്നില്‍ പടര്‍ന്നുകയറി. 1955-ല്‍ വിദ്യാര്‍ഥിജീവിതം അവസാനിപ്പിച്ച് മദ്രാസില്‍നിന്ന് മടങ്ങിയെങ്കിലും പിന്നീടും ഏറെക്കാലം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കച്ചേരികള്‍ കേള്‍ക്കാന്‍ സ്ഥിരമായി പോയി. പല രസികന്മാരുമായും പാലക്കാട് കെ.വി. നാരായണസ്വാമിയെപ്പോലെയുള്ള വിദ്വാന്മാരുമായും പരിചയപ്പെടാനും കഴിഞ്ഞു.
ഇതിനൊക്കെ എന്നെ ഏറെ സഹായിച്ച എ.പി. കുഞ്ഞിക്കണ്ണനെ (മാഹി മലയാള കലാഗ്രാമം സ്ഥാപകന്‍) ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ശാരീരികാവശതകളാല്‍ മദ്രാസ് സന്ദര്‍ശനങ്ങള്‍ കുറയുകയും പിന്നീടത് പൂര്‍ണമായി നിലയ്ക്കുകയുംചെയ്തു. അപ്പോഴാണ് സൂര്യ ഫെസ്റ്റിവലിനെക്കുറിച്ച് കേള്‍ക്കുന്നത്. തിരുവനന്തപുരത്ത് സുഹൃത്തുക്കളുണ്ടായിരുന്നു. പന്ത്രണ്ടുകൊല്ലത്തോളം സൂര്യയുടെ കച്ചേരികളില്‍ മുടങ്ങാതെ പങ്കെടുത്തു. ഒടുവില്‍ അതും വയ്യാതായപ്പോള്‍ റെക്കോഡഡ് മ്യൂസിക്കില്‍ അഭയംകണ്ടു. ഡിസ്‌കുകള്‍, ടേപ്പുകള്‍. പിന്നെ ഇടയ്‌ക്കെപ്പോഴെങ്കിലും ടെലിവിഷനില്‍ വരുന്ന സംഗീതക്കച്ചേരികളും... ഇക്കാലത്തുതന്നെ ഇടയ്ക്കിടെ എന്റെ ഏകാന്തതകളില്‍ പഴയ കച്ചേരികളിലേക്ക് മനസ്സ് മടക്കയാത്രകളും നടത്തി. മദ്രാസ്, ബോംബെ, ഡല്‍ഹി, കൊല്‍ക്കത്ത ആംസ്റ്റര്‍ഡാം, ന്യൂയോര്‍ക്ക്...
.jpg?$p=5dd0f0a&&q=0.8)
ഡല്‍ഹിയില്‍ കിഷോരി അമോന്‍കര്‍, ആംസ്റ്റര്‍ഡാമില്‍ ഉസ്താദ് സിയാ മൊഹിയുദ്ദീന്‍ ദാഗര്‍, ന്യൂയോര്‍ക്കില്‍ പണ്ഡിറ്റ് രവിശങ്കര്‍... ഈ സ്വര്‍ഗീയാനുഭവങ്ങളെ മനസ്സില്‍ വീണ്ടും വീണ്ടും താലോലിച്ച്...
മനസ്സില്‍ സംഗീതവുമായി നാളുകള്‍ നീക്കുന്നതിലെന്നോ ഒരു ദിവസം എന്റെ ജീവിതത്തിലേക്ക് സ്വാമി കൃഷ്ണാനന്ദ ഭാരതി കടന്നുവന്നു. കൃത്യമായി എന്നാണ് അതുണ്ടായതെന്നോ ആരാണതിന് കാരണക്കാരനായതെന്നോ ഒന്നും ഓര്‍മിക്കുന്നില്ല. ഒരു ദിവസം അത് സംഭവിച്ചു-അത്രമാത്രം. എന്റെ പൂര്‍വജന്മസുകൃതം.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകളെ ഭേദിച്ച് ശുദ്ധസംഗീതത്തെ ദൈവമായിക്കണ്ട് അതിന്റെ ഉപാസനയിലൂടെ മനുഷ്യന്റെ മാനസികോന്നമനത്തിന് സദാ ശ്രമിക്കുന്ന സ്വാമിജിയുടെ പോത്താങ്കണ്ടത്തെ ആശ്രമത്തിലെയും പയ്യന്നൂരിലെ ഓഡിറ്റോറിയങ്ങളിലെയും പരിപാടികളില്‍ ഞാന്‍ പതുക്കെ ഒരു സ്ഥിരം 'കുറ്റി'യായി മാറി. നവരാത്രി നാളുകളിലെ പോത്താങ്കണ്ടത്തെ കലാപരിപാടികള്‍, പയ്യന്നൂരിലെ 'തുരീയം' സംഗീതോത്സവങ്ങള്‍, കഥകളികള്‍... കലാലോകത്തിലെ എത്രയെത്ര മഹാപ്രതിഭകളെ ഇവിടെവെച്ചുകണ്ടു! പഴയ പരിചയങ്ങള്‍ പുതുക്കി, പുതിയത് സ്ഥാപിച്ചു. ഉസ്താദ് അംജദ് അലിഖാന്‍, പണ്ഡിറ്റ് ചൗരസ്യ, രാജന്‍ മിശ്ര, സാജന്‍ മിശ്ര, കലാമണ്ഡലം േഗാപിയാശാന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം ക്ഷേമാവതി... പേരുകള്‍ക്ക് അവസാനമില്ല.
രണ്ടുകൊല്ലംമുമ്പാണ് തുരീയം സംഗീതോത്സവം അവസാനമായിനടന്നത്. അന്ന് തുടര്‍ച്ചയായി 61 ദിവസത്തെ പരിപാടികളായിരുന്നു. പങ്കെടുത്തവരെല്ലാം പേരുകേട്ടവര്‍. ഇന്ത്യന്‍ സംഗീതലോകത്തിലെ തീര്‍ത്തും അഭൂതപൂര്‍വമായ ഒരനുഭവമായിരുന്നു ഇത്. എന്റെ അനുഭവത്തിലും അറിവിലും ഏറ്റവുമധികം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സംഗീതപരിപാടികള്‍ നടക്കുന്നത് മദ്രാസിലാണ്-മാര്‍ഗഴിമാസത്തില്‍. അതും പരമാവധി 21 ദിവസംമാത്രം. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഈ കൊച്ചുപട്ടണത്തില്‍ അതിന്റെ പതിന്മടങ്ങ് ദിവസങ്ങള്‍ നീളുന്ന സംഗീതപ്രവാഹം. ഇതിനെക്കുറിച്ച് സ്വാമിജിയുമായി സംസാരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു:
''സ്വാമിജീ, ഇതിപ്പോള്‍ 61 ആയി ഇനി അടുത്ത വര്‍ഷം എത്രയാകും, നൂറാകുമോ?''
സ്വാമിജി അപ്പോള്‍ പറഞ്ഞു:
''ആര്‍ക്കറിയാം?''
പിന്നീട് ഒരു ചെറുപുഞ്ചിരിയോടെ കൂട്ടിച്ചേര്‍ക്കുകയുംചെയ്തു.
''നൂറുമതിയോ?''
സ്വാമിജിക്ക് മതിയായിട്ടില്ല. ഞങ്ങള്‍ക്കും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ രണ്ടുകൊല്ലത്തെ കോവിഡ് ഇടവേളയ്ക്കുശേഷം ഇക്കൊല്ലം നടക്കുന്ന തുരീയം സംഗീതോത്സവം നൂറ്റൊന്നു ദിവസങ്ങളിലായി നീണ്ടുകിടക്കുന്നത്! ഏപ്രില്‍ 24-ന് കര്‍ണാടിക് സംഗീതലോകത്തെ ഏറ്റവും പ്രശസ്തനായ സഞ്ജയ് സുബ്രഹ്‌മണ്യത്തിന്റെ കച്ചേരിയോടെ ആരംഭിക്കുന്ന ഉത്സവം ഓഗസ്റ്റ് രണ്ടിന് അജയ പൊഹാന്‍കറുടെ ഹിന്ദുസ്ഥാനി കച്ചേരിയോടെ അവസാനിക്കുന്നു. സര്‍ക്കാരിന്റെയോ ഏതെങ്കിലുമൊരു സാംസ്‌കാരികസ്ഥാപനത്തിന്റെയോ ഗ്രാന്റില്ലാതെയാണ് ഒരു പരുക്കന്‍ കാവി ജുബ്ബയും കഷ്ടിച്ച് കണങ്കാലോളംമാത്രം നീളുന്ന ഒരു കാവിമുണ്ടുമായി നഗ്‌നപാദനായി കേരളത്തില്‍ മാത്രമല്ല, ഹിമാലയത്തിലും വിദേശത്തും സഞ്ചരിക്കുന്ന ഈ സന്ന്യാസി ഇതൊക്കെ സഫലീകൃതമാക്കുന്നത്. ഓര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നില്ലേ?
ഞാന്‍ പലപ്പോഴും ഇതിനെക്കുറിച്ച് സ്വാമിജിയോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരുത്തരമേ സ്വാമിജിക്കുണ്ടാകൂ.
''ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള കാര്യമല്ലേ, അതൊക്കെയങ്ങ് നടക്കും''
ശരിയാണ്, ജനനന്മയ്ക്കുവേണ്ടിയുള്ള കാര്യമാണത്.
സംഗീത-കലാ ലോകത്തില്‍ കൃഷ്ണാനന്ദ ഭാരതിക്കുള്ള ബന്ധങ്ങള്‍ വളരെ വിപുലമാണ്. ആ ബന്ധങ്ങള്‍ വളരെ ഫലപ്രദമായി അദ്ദേഹം ഉപയോഗിക്കുന്നു. അദ്ദേഹം ആവശ്യപ്പെട്ടാല്‍ ഒരു കലാകാരനും 'വയ്യ' എന്ന് പറയാറില്ല. പലരും ചെറിയ പ്രതിഫലംമാത്രം വാങ്ങിക്കൊണ്ടാണ് വരുന്നത്. ചിലര്‍ വഴിച്ചെലവുമാത്രം വാങ്ങിയും. എന്നിട്ടും സ്വാമിജിക്ക് പലപ്പോഴും സാമ്പത്തിക പരാധീനത അനുഭവപ്പെടുന്നുണ്ട് എന്നതാണ് സത്യം.
അപ്പോഴും സ്വാമിജി പുഞ്ചിരിച്ചുകൊണ്ട് പറയുന്നു:
''അതൊക്കെയങ്ങ് നടക്കും.''
നാമെല്ലാവരുടെയും സമാധാനത്തിനും സന്തോഷത്തിനും ഉത്കര്‍ഷത്തിനുംവേണ്ടി ഇനിയും ഏറെക്കാലം ആയുരാരോഗ്യത്തോടെ സ്വാമിജി ഇവിടെയുണ്ടാവട്ടെ എന്ന് അദ്ദേഹത്തിന്റെ പരശ്ശതം ആരാധകരോടൊപ്പം ഞാനും പ്രാര്‍ഥിക്കുന്നു.
* തുരീയം: ആത്മ- ബ്രഹ്‌മ അഭിന്ന അനുഭൂതി
Content Highlights: t padmanabhan writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..