സുഗതകുമാരി, ടി. പത്മനാഭൻ
കവിയും പരിസ്ഥിതി പ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ടി. പത്മനാഭന് സംസാരിക്കുന്നു.
സുഗതകുമാരിയുമായുള്ള എന്റെ സ്നേഹബന്ധം തുടങ്ങുന്നത് അവരുടെ കവിതകളുടെ വായനയിലൂടെയാണ്. അവരുടെ ആദ്യത്തെ കവിതാപുസ്തകം മുതല്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചതുവരെ എന്റെ പക്കലുണ്ട്. കവിതകള്‍ പൊതുവേ തന്നെ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ അവരുടെ കവിതകള്‍ വീണ്ടും വീണ്ടും എടുത്ത് വായിക്കാറുമുണ്ട്. പില്ക്കാലത്ത് അവരെ നേരില്‍ കാണുവാനും പരിചയപ്പെടുവാനും ഇടയായി. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ അവരുടെ കവിതകള്‍ ഉദ്ധരിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, ഏതാനും കൊല്ലങ്ങള്‍ക്കുമുമ്പ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എനിക്ക് ഓണററി ഡി. ലിറ്റ് തരികയുണ്ടായി. ഡി.ലിറ്റ് സ്വീകരിച്ചു ചെയ്യേണ്ടുന്ന പ്രഭാഷണത്തിന്റെ ഒരു കോപ്പി യൂണിവേഴ്സിറ്റിക്കു നേരത്തേ സമര്‍പ്പിക്കണം. ഞാനത് സമര്‍പ്പിച്ചു. അവരത് അംഗീകരിക്കുകയും ചെയ്തു. ഞാന്‍ മുന്‍കൂട്ടി സമര്‍പ്പിച്ച ആ പ്രഭാഷണമാണ് അന്ന് ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സില്‍ വായിച്ചത്. എന്റെ പ്രഭാഷണം അവസാനിച്ചത് സുഗതകുമാരിയുടെ ഒരു ശ്ലോകം ആവേശഭരിതനായി ഉദ്ധരിച്ചുകൊണ്ടായിരുന്നു.
ഏറെ കൊല്ലങ്ങള്‍ക്കു മുമ്പ് ഞാന്‍ 'ഗൗരി' എന്ന പേരില്‍ ഒരു കഥയെഴുതുകയുണ്ടായി. തീരെ മോശമല്ലാത്ത ഒരു കഥയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ കഥയിലും സുഗതകുമാരിയുടെ 'പാവം മാനവഹൃദയ'ത്തിലെ ഏതാനും വരികള്‍ ഉദ്ധരിക്കുന്നുണ്ട്- ഒരു താരകയെക്കണ്ട് നിലാവ് മറന്നു... എന്നുതുടങ്ങുന്ന വരികള്‍. എനിക്ക് കവികളോാട് നല്കാന് കഴിയുന്ന ഏറ്റവും വലിയ ആദരം എന്റെ കൃതികളില്‍ അവരുടെ കവിതകള്‍ ഉദ്ധരിക്കുക എന്നതാണ്. ഞാനത് സുഗതകുമാരിയുടെ കവിതകളിലൂടെ ഏറെ ചെയ്തിട്ടുമുണ്ട്.
കവി എന്ന നിലയില്‍ മാത്രമല്ല നാം സുഗതകുമാരിയെ സ്നേഹിക്കുന്നതും ആദരിക്കുന്നതും. അവരുടെ പ്രകൃതി സ്നേഹം! ഈ പ്രകൃതിയെ, അതിലെ സര്വചരാചരങ്ങളെ അതേപടി നിലനിര്‍ത്തുവാന്‍ അവര്‍ പെട്ട പെടാപ്പാടുകള്‍ നമുക്കറിയാം. സൈലന്റ് വാലിയിലായാലും ശരി, അട്ടപ്പാടിയിലായാലും ശരി അവര്‍ കാണിച്ച ധീരത, അവര്‍ കാണിച്ച നെഞ്ചൂക്ക് നമുക്കൊരിക്കലും മറക്കാന്‍ കഴിയുകയില്ല. അതുപോലെ തന്നെ നിരാലംബകളായ സ്ത്രീകളുടെ, പെണ്‍കുട്ടികളുടെ രക്ഷയ്ക്കുവേണ്ടി സ്ഥാപിച്ചതാണ് അഭയ എന്ന സ്ഥാപനം. ആ സ്ഥാപനം ഇപ്പോഴും നടത്തിവരുന്നു. അവരുടെ വിയോഗത്തിലും അത് അനാഥമായിട്ടില്ല. ഏകപുത്രി ലക്ഷ്മിയാണ് ഇന്നത് വളരെ ഭംഗിയായി നടത്തുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേവലം കവിതയെഴുത്ത് മാത്രമല്ല, നമ്മുടെ സമൂഹത്തിന് ഏറെ ഉതകുന്ന ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തുവെച്ചിട്ടാണ് അവര്‍ ഇവിടെനിന്ന് പോയത്. ആദ്യത്തെ ശ്രാദ്ധദിനമാണ് ഇന്ന്. ഇന്ന് സുഗകുമാരിയെക്കുറിച്ചോര്ക്കുമ്പോള് മറ്റൊരു കാര്യവും ഓര്മ വരുന്നു.
സത്യം പറഞ്ഞാല്‍, നമ്മള് കേരളീയര്‍ നന്ദിയില്ലാത്ത ഒരു ജനവര്‍ഗമാണ്. അഴിമതിക്ക് ജയിലില്‍ കിടന്നവരും ഒരു സ്വാതന്ത്ര്യസമരത്തിലോ അതുപോലെ ഇവിടത്തെ ജനങ്ങളുടെ ഉന്നമനത്തിനായിട്ടുള്ള കര്മരംഗത്തോ ഒരു തരത്തിലുമുള്ള പങ്കും വഹിക്കാത്തവരുടെ പേരില്‍ കോടികളുടെ സ്മാരകങ്ങള്‍ നാം ഉയര്‍ത്തുന്നുണ്ട്. എല്ലാ തരത്തിലും സ്മരണീയമായ പ്രവൃത്തികള്‍ കൊണ്ട് നമ്മെയെല്ലാം ധന്യരാക്കിയ ഈ മഹതിയുടെ പേരില്‍ ഒരു സ്മാരകം പോലും ഇതുവരെയും വന്നിട്ടില്ല. ഇത് ഏറ്റവും നന്ദികെട്ട മനസ്സിനെയാണ് കാണിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. എന്റെ ചിരകാലസുഹൃത്തായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ മകള്‍ പാര്‍വതിയുടെ വീട്ടിലായിരുന്നു ഒരു ദിവസത്തെ അത്താഴം. സ്വാഭാവികമായും ഈ അത്താഴത്തില്‍ അവരുടെ ഭര്‍ത്താവ് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയായ വി. ശിവന്‍കുട്ടിയും ഉണ്ടായിരുന്നു. പഴയകാല ഓര്‍മകള്‍ പലതും പറഞ്ഞ് പുതുക്കി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സാംസ്കാരിക മന്ത്രിയായ സജി ചെറിയാനും എത്തി. അദ്ദേഹവും ഞങ്ങളുടെ സംഭാഷണത്തില്‍ പങ്കുകൊണ്ടു. സംഭാഷണത്തിന്റെ ഒരു വേളയില്‍ സുഗതകുമാരിയും അവരുടെ കവിതകളും വിഷയമായി. എനിക്കേറെയിഷ്ടപ്പെട്ട വരികള്‍ ഞാനവരെ ചൊല്ലിക്കേള്‍പ്പിച്ചു. സുഗതകുമാരിയുടെ പേരില്‍ തിരുവനന്തപുരത്ത് ഒരു സ്മാരകമില്ല എന്ന ചര്‍ച്ചയും ക്രമേണ ഞങ്ങള്‍ക്കിടയില്‍ പൊന്തിവന്നു. പാര്‍വതിയും ഞാനും ഇതിനുവേണ്ടി സാംസ്കാരിക മന്ത്രിയുടെ മുമ്പില്‍ ഒരു നിവേദനം തന്നെ സമര്‍പ്പിച്ചു. വരുന്ന ബഡ്ജറ്റിനിടയ്ക്കെങ്കിലും ഈ വലിയ കവിയുടെ, സാമൂഹ്യ പ്രവര്‍ത്തകയുടെ, കേരളത്തെ ഏറ്റവും സ്നേഹിച്ച ഈ മഹതിയുടെ പേരില്‍ സമുചിതമായ ഒരു സ്മാരകം തിരുവനന്തപുരത്ത് തന്നെ വേണം. അവര്‍ ജനിച്ചത് തിരുവനന്തപുരത്തല്ലെങ്കിലും അവരുടെ കര്‍മരംഗം തിരുവനന്തപുരമായിരുന്നു. അവരുടെ പേരില്‍ ഒരു സ്മാരകം ഉയരേണ്ടത് തിരുവനന്തപുരത്ത് തന്നെയായിരിക്കണം.
ഇതേപ്പറ്റിയൊക്കെ സംസാരിക്കുന്ന ഘട്ടത്തില്‍ മന്ത്രി പറഞ്ഞു; 'തീര്‍ച്ചയായും ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുക മാത്രമല്ല, അത് പൂര്‍ത്തിയാക്കുകയും ചെയ്യും.' നിങ്ങള്‍ ഇത് ഒരു കൊല്ലത്തിനിടയ്ക്ക് തന്നെ നിര്‍വഹിക്കണം എന്ന് മന്ത്രിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അല്പനേരം ഒന്നാലോചിച്ചു. ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞു; 'ഞാന്‍ നിങ്ങള്‍ക്ക് വാക്കുതരുന്നു; ഉണ്ടാവും.' പിന്നീട് പാര്‍വതിയോട് അദ്ദേഹം പറഞ്ഞു; നിങ്ങള്‍ ഒരു സ്ഥലം കണ്ടുവെക്ക്, ഞാനും വന്നു കാണാം. അതിനുശേഷം പ്രൊപ്പോസല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ സമര്‍പ്പിക്കാം.
എനിക്കുടനേ വന്നത് ഒരു മര്യാദകെട്ട പറച്ചിലാണ്. ഇത് വെറും വീണ്വാക്കാവരുത്. ഇവിടെ സാക്ഷികളുണ്ട്. ബാക്കിയുള്ളവര്‍ പിന്മാറിയാലും ഞാന്‍ പിന്മാറില്ല. അപ്പോള്‍ സജി ചെറിയാന് ചിരിച്ചുകൊണ്ട് പറഞ്ഞു; 'പിന്മാറുന്ന സമ്പ്രദായം എനിക്കില്ല. വീണ്‍വാക്കുകളും ആകില്ല. ഒരു കൊല്ലത്തിനിടയില്‍ ഇത് ഉയര്‍ന്നുവരും എന്നുമാത്രമല്ല, ഈ സ്മാരകത്തിന്റെ കല്ലിടുന്നത് നിങ്ങളായിരിക്കും.' ഇത് കേട്ടുനിന്നവരാണ് പാര്‍വതിയും ശിവന്‍കുട്ടിയും.
''കല്ലിടണമെന്നൊന്നും എനിക്കില്ല. അവരെ ആദരിക്കണം എന്നേയുള്ളൂ. എന്നെ സംബന്ധിച്ച് അങ്ങനെയൊരു കര്‍മം അടുത്തെങ്ങാനും അവിടെ നടന്നാല്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു, ഈ ശുഭകര്‍മം കാണുവാനായി തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ജനസഹസ്രങ്ങളില്‍ അന്നത്തെ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി ഞാനും ആ മൂലയ്ക്കെവിടെയെങ്കിലും ഉണ്ടായിരിക്കും എന്ന ഉറപ്പ് ഞാന്‍ നിങ്ങള്‍ക്ക് തരുന്നു.'' അതായിരുന്നു എന്റെ മറുപടി.
Content Highlights ; t padmanabhan pays homage to poet sugathakumari
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..