അലറി വിളിക്കാത്ത കാലം..ആര്‍ദ്രമാം തെന്നല്‍പോല്‍ ടി. പത്മനാഭന്റെ വാക്കുകള്‍


പി. രാജീവ്മലയാളത്തിന്റെ പ്രകാശമായ കഥാകൃത്ത് ടി. പത്മനാഭന്റെ 93-ാം പിറന്നാളാണ് ഡിസംബർ അഞ്ച്‌. പതിറ്റാണ്ടുകളിലൂടെയും തലമുറകളിലൂടെയും നമ്മുടെ കാലത്തിലേക്ക്‌ പ്രവഹിച്ച പത്മനാഭൻ കഥകളുടെ സാരസർവസ്വത്തെക്കുറിച്ചുള്ള കുറിപ്പാണിത്. കാലവും മാനവികതയും പ്രത്യാശയും പ്രണയവുമെല്ലാം കഥകളിൽ എങ്ങനെ നിറഞ്ഞിരിക്കുന്നു എന്ന് ഇവിടെ പഠിക്കപ്പെട്ടിരിക്കുന്നു.

ടി. പത്മനാഭൻ | Photo: Ridhin Damu

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം ടി. പത്മനാഭന് നല്‍കികൊണ്ട് പി. രാജീവ് നടത്തിയ പ്രസംഗത്തില്‍നിന്ന് എഡിറ്റ് ചെയ്തെഴുതിയ കുറിപ്പ് ഇന്നത്തെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് വായിക്കാം...

2022-ലും എങ്ങനെയാണ് കാലത്തെ അഭിസംബോധന ചെയ്യുന്ന കഥകളെഴുതാന്‍ തൊണ്ണൂറുപിന്നിട്ട ടി. പത്മനാഭന് കഴിയുന്നത്? അതിനുത്തരം കഥയില്‍ ഇപ്പോഴും ടി. പത്മനാഭന്‍ ഒരു യുവാവാണ്. എന്നതാണ്. അദ്ദേഹം എന്ന് ജനിച്ചു എന്നുള്ളത് അപ്രസക്തമാണ്. റോളാങ്ബാര്‍ത്ത് പറയുന്നുണ്ട്. എഴുത്തുകാരനെ നിങ്ങള്‍ ഉപേക്ഷിച്ചോളൂ, കഥമാത്രം നോക്കിയാല്‍ മതി, സൃഷ്ടിമാത്രം നോക്കിയാല്‍ മതി എന്ന്. ടി. പത്മനാഭന്‍ എന്ന വ്യക്തിക്ക് എത്ര വയസ്സായി, എന്ന് ജനിച്ചു, എങ്ങനെയാണ് നടക്കുന്നത്, എങ്ങനെയാണ് നോക്കുന്നത്, എന്താണ് അദ്ദേഹത്തിന്റെ ഭാവം, അദ്ദേഹം ശുണ്ഠി പിടിക്കുന്നുണ്ടോ, ധിക്കാരിയാണോ, പ്രതികരണങ്ങളില്‍ എല്ലാവരെയും നിശിതമായി വിമര്‍ശിക്കുണ്ടോ എന്നതൊന്നും മലയാളഭാഷയ്ക്ക് പ്രശ്‌നമല്ല. കാരണം മലയാളഭാഷ ജൈവമായി നില്‍ക്കുന്നതില്‍ ടി. പത്മനാഭന്‍ കഥകള്‍ ചരിത്രപരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രസക്തി എന്നുപറയുന്നത്. എഴുത്തുകാരനില്‍നിന്നും വേറിട്ട് സൃഷ്ടിയെ കണ്ടില്ലെങ്കില്‍ ആസ്വാദനം അസാധ്യമാകുമെന്ന് ബാര്‍ത്ത് പറയുന്നത് പ്രസക്തം. എഴുത്തുകാരന്റെ രാഷ്ട്രീയമല്ല എഴുത്തിന്റെ രാഷ്ട്രീയമാണ് വായനക്കാരന്റെ മുമ്പിലുള്ളത്.

ടി. പത്മനാഭന്റെ കൃതികള്‍ ജീവിക്കുന്നകാലത്തെ അടയാളപ്പെടുത്തുന്നു. മനുഷ്യന്റെ ശബ്ദം സംഗീതംപോലെ ശ്രവിക്കുന്ന മാനവികതയെ അടയാളപ്പെടുത്തുന്നു. എഴുതുന്ന വാചകത്തിനും വായിക്കുന്ന വാചകത്തിനും ഒരേ അര്‍ഥമാകണമെന്നില്ല. എഴുത്തുകാരന്റെ ആവിഷ്‌കാരത്തിന് വായനക്കാരന്‍ അര്‍ഥതലങ്ങള്‍തേടുന്നു, പത്മനാഭന്റെ കഥകളില്‍ വായനക്കാരന്‍ എപ്പോഴും പ്രത്യാശയുടെ പ്രകാശം കണ്ടെത്തുന്നു. 'പ്രകാശം പരത്തുന്നപെണ്‍കുട്ടി' എന്നത് അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ഒരു കഥയുടെ പേരാണ്. അതുപോലെ അദ്ദേഹത്തിന്റെ എല്ലാ കഥകളും പ്രകാശം പരത്തുന്നവയാണ്. ചിലപ്പോള്‍ അതൊരു ചെറിയ ചിമിഴില്‍ ഒതുക്കപ്പെട്ട ഭാഷയിലെഴുതിയ മണ്‍ചിരാതിന്റെ വെളിച്ചമായിരിക്കാം. ചിലപ്പോഴത് നക്ഷത്രത്തിന്റെ ശോഭയായിരിക്കാം. ചിലപ്പോ ഇരുട്ടിനെ വകഞ്ഞുമാറ്റി വരുന്ന നിലാവ് പ്രദാനംചെയ്യുന്ന ചന്ദ്രന്റെ പ്രകാശമായിരിക്കാം. മറ്റ് ചിലപ്പോള്‍ അത് കത്തുന്ന സൂര്യന്റെ തീക്ഷ്ണമായ പ്രകാശമായിരിക്കാം. അല്ലെങ്കില്‍ അദ്ദേഹംതന്നെ എഴുതിവെച്ചതുപോലെ 'ഇരുട്ടില്‍ കയറിവരുന്ന മകന് വെളിച്ചംപകരാന്‍ വീട്ടുവളപ്പില്‍ അമ്മ കത്തിച്ചുെവച്ച വിളക്കി'ന്റെ പ്രകാശമായിരിക്കാം, അങ്ങനെ പല തലത്തിലുള്ള പ്രകാശമായിരിക്കാം. എന്നാല്‍, എല്ലാകഥകളിലും ആ പ്രകാശം ഉണ്ടെന്നതാണ് സത്യം.

എഴുത്തുകാരന്‍ സൃഷ്ടിച്ച വെളിച്ചംതന്നെയാകണമെന്നില്ല വായനക്കാരന് അനുഭവവേദ്യമാകുന്ന പ്രകാശം. മനുഷ്യന്റെ വിഹ്വലതകളെക്കുറിച്ചാണ് ടി. പത്മനാഭന്‍ എന്ന കഥാകാരന്‍ എഴുതിക്കൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട മനുഷ്യന്റെ ജീവിതത്തെക്കുറിച്ച്, ആകുലതകളെക്കുറിച്ചുള്ള കഥനങ്ങളെല്ലാം പ്രതീക്ഷയുടേതായ അന്ത്യത്തിലേക്കാണ് എത്തുന്നത്. 'പ്രണയത്തിന്റെ അധരസിന്ദൂരത്താല്‍ എഴുതിയ കഥ' എന്നാണ് കെ.പി. അപ്പന്‍ 'ഗൗരി' എന്ന കഥയെ വിശേഷിപ്പിച്ചത്. അതുപോലെ മനോഹരമായ തലക്കെട്ട് ഇനിയും മലയാളത്തിലെ ഏതൊരുകഥയെയോ സാഹിത്യത്തെയോ പരാമര്‍ശിച്ചുള്ള നിരൂപണത്തിനുണ്ടാകുമോ എന്നെനിക്കറിയില്ല. സാധാരണ തലക്കെട്ടുകളെല്ലാം പത്രാധിപന്മാരുടെ, ഡെസ്‌കിന്റെ അവകാശമാണ്. എന്നാല്‍, ഇത് കെ.പി. അപ്പന്റെമാത്രം മൗലികമായ കൈയൊപ്പുള്ള തലക്കെട്ടാണ്. കെ.പി. അപ്പന്‍ ആ നിരൂപണത്തില്‍ പരാമര്‍ശിക്കുന്നതുപോലെ രാഗചേഷ്ടകളെയും രതിവിലാസങ്ങളെയും ഒഴിവാക്കി സ്ത്രീ-പുരുഷബന്ധത്തിന്റെ തീവ്രതയോ, സ്‌നേഹത്തെ, പ്രണയത്തെ അതിന്റെ അഗാധതകളെ ടി. പത്മനാഭന്‍ എന്ന കഥാകാരന്‍ 'ഗൗരി'യിലൂടെ അവതരിപ്പിക്കുന്നത് ഓരോവാക്കും പ്രധാനപ്പെട്ടതാണ്. വാക്കില്‍ രസാംശം വരുമ്പോഴാണ് അത് കവിത്വമാകുന്നത്. നമ്മളെല്ലാവരും വാക്കുകള്‍ ഉപയോഗിക്കുന്നവരാണ്, എല്ലാവരും വരയ്ക്കാന്‍ അറിയുന്നവരാണ്. എന്നാല്‍, എല്ലാവരും എഴുതുന്ന വാചകങ്ങള്‍ സാഹിത്യമല്ല അതുപോലെ എല്ലാവരും വരയ്ക്കുന്നതെല്ലാം ചിത്രങ്ങളുമല്ല. അവിടെയാണ് പ്രതിഭ അറിയാതെ ഇഴുകിച്ചേരുന്നത്. വാക്യത്തില്‍ രസാംശം വരുമ്പോള്‍ അത് കാവ്യമായി മാറും എന്നുള്ളത് കവിതയെക്കുറിച്ചാണെങ്കില്‍ ടി. പത്മനാഭന്‍ എഴുതിയതെല്ലാം കവിതകളാണ്. അദ്ദേഹത്തിന്റെ എല്ലാ വാക്കുകളിലും വാചകങ്ങളിലും രസാംശമുണ്ട്. അത് വികാരത്തെ നമ്മളറിയാതെ നമ്മളിലേക്ക് കൊണ്ടുവരുന്നു. ഏകാന്തമായ മനുഷ്യന്റെ ഉത്കണ്ഠകളെയും ആകുലതകളെയുംപറ്റി പ്രതിപാദിക്കുന്ന കഥകള്‍ നമ്മളെ വല്ലാതെ അസ്വസ്ഥരാക്കിക്കൊണ്ട് അവസാനം പ്രതീക്ഷയുടെ ചില തുരുത്തുകളിലേക്ക് കൈപിടിച്ചാനയിക്കുകയാണ്ചെയ്യുന്നത്. അതാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത.

കഥാകാരന്‍ എന്ത് രാഷ്ട്രീയമോ, അഭിപ്രായമോ പറയുന്നു എന്നുള്ളത് വായനക്കാരനെ സംബന്ധിച്ച് പ്രസക്തമേ അല്ല. നമ്മള്‍ വായിക്കുന്ന പുസ്തകം ആരെഴുതി എന്നുള്ളത് അവസാനം ഉന്നയിക്കേണ്ട ചോദ്യംമാത്രമാണ്. നമുക്കെല്ലാവര്‍ക്കും വേണമെങ്കില്‍ ഒരുമരം ഏതെങ്കിലും ആയുധംമുപയോഗിച്ച് ചെത്തി മിനുക്കാം. എന്നാല്‍, നമ്മള്‍ മുറിച്ചെടുക്കുന്ന അല്ലെങ്കില്‍ ചെത്തിമിനുക്കുന്ന മരങ്ങളൊന്നും ശില്പങ്ങളാകുന്നില്ല. പക്ഷേ, ഒരു ശില്പി, ചാതുരിയോടുകൂടി തന്റെ കൈയിലെ ഉളിയും ചുറ്റികയും ഉപയോഗിച്ച് നാം കണ്ട അതേ മരത്തില്‍ത്തന്നെ നാം കാണാത്ത ഒന്നിനെ കണ്ടെടുക്കുകയും അതിനെ നമ്മുടെ മുന്നിലേക്ക് പുതിയ ഭാവത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. അപ്പോഴാണ് അതൊരു ശില്പമാകുന്നതും അയാളൊരു ശില്പിയായി മാറുന്നതും. അതൊരു അസാധാരണമായ അനുഭവമാണ്. ഈ മരത്തടിക്കുള്ളില്‍ അല്ലെങ്കില്‍ കരിങ്കല്ലിനുള്ളില്‍ ഇങ്ങനെയൊന്ന് എവിടെയാണ് ഒളിച്ചിരുന്നതെന്ന ചോദ്യം നമ്മളെ വിസ്മയിപ്പിക്കുന്നു; ശില്പി ആരാണെന്നത് നമ്മളെ സംബന്ധിച്ച് പ്രസക്തമല്ല, ശില്പമാണ് പ്രസക്തമായിട്ടുള്ളത്. ഇത് ടി. പത്മനാഭന്റെ കഥകളെ സംബന്ധിച്ചും ബാധകമായ മൗലികതത്ത്വമാണ്.

പത്മനാഭന്റെ മിക്കവാറും കഥകളിലും കൃത്യമായ രാഷ്ട്രീയമുണ്ട്, 'മഖന്‍സിങ്ങിന്റെ മരണം' എന്ന കഥയില്‍ അടിമുടി രാഷ്ട്രീയമാണ്. യുദ്ധത്തിന്റെ, വൈരത്തിന്റെ, വിഭജനത്തിന്റെ, അത് സൃഷ്ട്രിക്കുന്ന ആഘാതത്തിന്റെ അതിനപ്പുറത്തേക്കു പടര്‍ന്നുകയറുന്ന മാനവികതയുടെ, നൈതികതയുടെ, സ്‌നേഹത്തിന്റെ എല്ലാമായിട്ടുള്ള ഭാവങ്ങള്‍ ഇഴുകിച്ചേരുന്ന അസാധാരണമായ എഴുത്തൊതുക്കത്തിന്റെ (Craft) തെളിവാണ് 'മഖന്‍സിങ്ങിന്റെ മരണം'. അത്രമാത്രം തീവ്രമായ, വ്യത്യസ്തമായമാനങ്ങളുടെ കഥയാണത്. അത് മലയാളത്തില്‍ എഴുതിയതോടെ മലയാളഭാഷയെന്നുള്ളത് ലോകസാഹിത്യത്തിന്റെ ഉള്ളിലേക്ക് ഇടിച്ചുകയറി തന്റേതായ ഇരിപ്പിടമുറപ്പിക്കുകയാണ് ചെയ്യുന്നത്. മഖന്‍സിങ്ങിന്റെ മരണം ഒരിക്കലും ഒരു മലയാള കഥയേ അല്ല, മറിച്ച് ഇന്ത്യയുടെ പശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ട് അതൊരു ഇന്ത്യന്‍കഥ മാത്രവുമല്ല. അതൊരു സാര്‍വദേശീയമാനമുള്ള കഥയാണ്. അഥവാ അത് ഒരു ലോക കഥയാണ്. ലോകത്തെവിടെയും സംഭവിക്കാവുന്ന ഒന്ന്. നമുക്ക് ഒരുപക്ഷേ, അപരിചിതമായൊരു അന്തരീക്ഷം, മലയാളി തീര്‍ത്തും അപരിചിതമായ, നമ്മുടെ ചരിത്രാനുഭവത്തിലും ജീവിതാനുഭവത്തിലും ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത ഒരുപ്രശ്‌നത്തെ തീവ്രമായ ഒരനുഭവത്തെ മലയാളകഥയിലേക്ക് ആവാഹിക്കുക വഴി ലോക കഥാശാഖയിലേക്ക്, മഹത്തായ സംഭാവനയാണ് ടി. പത്മനാഭന്‍ ആ കഥയിലൂടെ ചെയ്തിട്ടുള്ളത്.

മനുഷ്യബന്ധങ്ങളുടെ സ്‌നേഹത്തിന്റെ കഥകള്‍ മാത്രമല്ല, എല്ലാ ചരാചരങ്ങളെയും ഉള്‍ക്കൊണ്ടിട്ടുള്ള കഥകള്‍ കൂടിയാണ് ടി. പത്മനാഭന്റേത്. പ്രകൃതിയെക്കുറിച്ച് ഇത്രമാത്രം ആകുലപ്പെടുന്ന ഒരു കഥാകാരന്‍ വേറെയുണ്ടോയെന്നറിയില്ല, എന്നാല്‍, ടി. പത്മനാഭന്‍ ഒരിക്കലും ഒരുപാരിസ്ഥിതിക കഥാകാരനല്ല. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചും ഉത്കണ്ഠയോടെ എഴുതിയ കഥാകാരനാണ്. എന്നാല്‍, അദ്ദേഹം ഒരിക്കലും ഒരു പെണ്ണെഴുത്തുകാരനല്ല. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവന്റെയും കഥകളെഴുതുന്നതുകൊണ്ട് അദ്ദേഹം ഒരിക്കലും ആ വട്ടത്തിനുള്ളില്‍മാത്രം ഒതുങ്ങുന്നവനുമല്ല. ഏതെങ്കിലും പരിമിത ചുറ്റുപാടില്‍മാത്രം ഉള്ളിലുള്ള എഴുത്തുരീതികളെയോ പ്രശ്‌നങ്ങളെയോ മാത്രം അവതരിപ്പിക്കുകയല്ല ടി. പത്മനാഭന്‍ എന്ന കഥാകാരന്‍ ചെയ്യുന്നത്. അദ്ദേഹം മനുഷ്യനെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ചരാചരങ്ങളെക്കുറിച്ച്, മനുഷ്യനും മറ്റ് ജീവികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അല്ലെങ്കില്‍ പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച്, അവ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച്, ഏറ്റുമുട്ടലുകളെക്കുറിച്ച് എല്ലാം ഉത്കണ്ഠയോടുകൂടി എഴുതിക്കൊണ്ടേയിരിക്കുന്നു. മുരിങ്ങയും മഴയും പൂച്ചയും നായയും കാക്കയും കാടുമെല്ലാം കഥാപാത്രങ്ങളും കഥാപരിസരങ്ങളുമായി മാറുന്നു. അതുകൊണ്ടാണ് അവയെല്ലാം കാലാതിവര്‍ത്തിയായ സാഹിത്യസൃഷ്ടികളായി മാറുന്നത്.

ഞാനൊരു തിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ വീടുവീടാന്തരം കയറിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഫ്‌ളാറ്റില്‍ ചെന്നപ്പോള്‍ എന്നോട് ഒരാള്‍ പല കാര്യങ്ങളും സംസാരിച്ചു. അതിനുശേഷം ഞാന്‍ തൊട്ടടുത്ത ഫ്‌ളാറ്റില്‍ കയറിയപ്പോള്‍ നേരത്തേ സംസാരിച്ചയാള്‍ ഒരു ചെറിയപുസ്തകവുമായി എന്റെ അരികിലേക്ക് വീണ്ടുംവന്നു. ടി. പത്മനാഭന്‍ എഴുതിയ 'സത്രം' എന്ന കഥാസമാഹാരമായിരുന്നു അയാളുടെ കൈയില്‍. ആ പുസ്തകം ഇറങ്ങിയ കാലത്തുതന്നെ ഞാനത് വായിച്ചിട്ടുമുണ്ട്. ആ പുസ്തകം എന്റെ കൈയിലേക്ക് തന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാന്‍ ഈപുസ്തകം വായിച്ചിട്ടുണ്ട്.' അപ്പോള്‍ ഒരുചിരിയോടെ അദ്ദേഹം പറഞ്ഞു: 'വായിച്ചിട്ടുണ്ടെങ്കില്‍ ആ കഥയിലെ ബാബു എന്ന കഥാപാത്രം ഞാനാണ്.' ഒരുകഥാപാത്രം ജീവനോടെ നേരെ പുസ്തകത്തില്‍ നിന്നിറങ്ങി നമ്മുടെ മുന്നില്‍നില്‍ക്കുകയാണ്. അങ്ങനെയൊരാളെ അവിടെ കണ്ടുമുട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത ഒരവസരത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഒരാള്‍കടന്നു വരുകയാണ്.

ഇന്ത്യയില്‍ പൊതുമേഖല സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ മലയാളത്തില്‍ ഏതെങ്കിലും ഒരു കഥയില്‍ പ്രതിഫലിച്ചിട്ടുണ്ടെങ്കില്‍ അത് ടി. പത്മനാഭന്റെ 'ഇരുട്ട്വീഴുംമുമ്പേ' എന്ന കഥയിലാണ്. കഥയില്‍നിന്ന്, കലയില്‍നിന്ന് കാലത്തെ വായിച്ചെടുക്കാന്‍ കഴിയുമോ? ഉണ്ടെന്നാണ് ഡി.ഡി.കൊസാംബി പറയുന്നത്, അടിത്തറ, മേല്‍ക്കൂരയെ രൂപപ്പെടുത്തുകമാത്രമല്ല ചെയ്യുന്നത് മേല്‍ക്കൂരയില്‍നിന്ന് അടിത്തറയെ വായിച്ചെടുക്കുകയും ചെയ്യാം. പത്മനാഭന്റെ കഥകളില്‍ കാലം ഉണ്ട്, ആ കാലത്തിലെ മനുഷ്യബന്ധങ്ങളുണ്ട്. അവ അലറി വിളിക്കുന്നില്ല. പക്ഷേ, തെന്നല്‍പോലെ നമ്മളെ തഴുകിച്ചേര്‍ത്തുപിടിച്ച്, മനുഷ്യന്‍ എത്രമനോഹരമായ പദം എന്ന് പറയാതെ കഥയില്‍ അനുഭവിപ്പിക്കുന്നു. മലയാളിയായി നിങ്ങള്‍ ജീവിക്കുന്നെങ്കില്‍ ടി. പത്മനാഭന്‍ കഥകള്‍ നിങ്ങള്‍ക്ക് വായിക്കാതിരിക്കാനാവില്ല.

Content Highlights: t padmanabhan, malayalam story writer, write up, by p. rajeev, weekend newspaper


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented