.
സ്ത്രീ അശ്ലീലമെഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന എഴുത്തുകാരന്‍ ടി. പത്മനാഭന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഈ വിവാദം എന്താണ് അശ്ലീലമെന്ന ചോദ്യം കൂടെ ഉയര്‍ത്തുന്നുണ്ട്. ആരാണ് അശ്ലീലമെഴുതുന്നത്. അശ്ലീലമെഴുത്തുകള്‍ എന്ന് മുദ്രകുത്തി പെണ്ണെഴുത്തുകളെ
അപഹസിക്കുന്ന രീതിയുടെ പ്രസക്തിയെന്താണ്. പ്രമുഖ എഴുത്തുകാര്‍ പ്രതികരിക്കുന്നു.
വി.കെ.എന്‍ എഴുതിയിട്ടുള്ളത്രയും അശ്ലീലം ഇവിടെ ഒരു എഴുത്തുകാരികളും എഴുതിയിട്ടില്ല
സി.എസ് ചന്ദ്രിക
.jpg?$p=741da5a&&q=0.8)
സാറാ ജോസഫിനെ പോലുള്ള എഴുത്തുകാരികള്‍ മലയാള സാഹിത്യത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്ര സ്വാധീനവും മാറ്റങ്ങളും സൃഷ്ടിക്കാന്‍ എത്ര പുരുഷ എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യമുണ്ട്. ഭാഷയിലാകട്ടെ സ്ത്രീകളുടെ ജീവിതത്തിലാകട്ടെ സമൂഹത്തിലെ ലിംഗപദവിയിലാകട്ടെ ഒരു പുതിയ സൗന്ദര്യശാസ്ത്രം കൊണ്ടുവരുന്നതിലാകട്ടെ ഒക്കെ പദ്മനാഭന്‍ അല്‍പ്പവിഭവി എന്ന് വിളിച്ചിട്ടുള്ള സാറാ ജോസഫാണ് വലിയ പങ്ക് വഹിച്ചിട്ടുള്ളത്. ലളിതാംബിക അന്തര്‍ജനം, കെ. സരസ്വതിയമ്മ, മാധവിക്കുട്ടി എന്നിങ്ങനെ അത്തരത്തിലുള്ള എത്ര എഴുത്തുകാരികള്‍ മലയാളത്തിലുണ്ട്. പുരുഷാധിപത്യലോകം തന്നെയാണ് പദ്മനാഭനെ കുലപതിയാക്കി മാറ്റിയത്. എഴുത്തുകാരികളുടെ പുസ്തകം ചൂടപ്പം പോലെ വിറ്റുപോകുന്നതിന് കാരണം അശ്ലീലമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്താണ് അശ്ലീലം? ഏത് എഴുത്തുകാരിയാണ് അശ്ലീലം എഴുതിയത്. സിസ്റ്റര്‍ ജെസ്മിയെ ആണല്ലോ അദ്ദേഹം പ്രധാനമായും ലക്ഷ്യമിട്ടത്. ഒരു ക്രിസ്തീയ സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് അതിനുള്ളിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് കലഹിച്ച് പുറത്തുവന്ന് അതിനെക്കുറിച്ച് എഴുതിയ ഒരു സ്ത്രീയെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന് പകരം അപമാനിക്കുക എന്ന് പറയുന്നത് ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതാണോ. ഫിക്ഷന്‍ പോലുമല്ല അവരെഴുതിയത്. സ്വന്തം ജീവിതാനുഭവങ്ങളാണ്. സിസ്റ്റര്‍ ജെസ്മി നല്ല മറുപടി അതിന് നല്‍കിയിട്ടുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു കഥയില്‍ മുല എന്ന വാക്കെഴുതിയതിന് ഞാന്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കാലമെത്ര കടന്നുപോയി. ഇന്നും അതിലൊന്നും മാറ്റമില്ല എന്നുള്ളത് എത്ര പരിതാപകരമാണ്.
നമ്മുടെ സാഹിത്യത്തില്‍ അശ്ലീലമെഴുതിയതെല്ലാം ആണുങ്ങളാണ്. വി.കെ.എന്‍ എഴുതിയിട്ടുള്ളത്രയും അശ്ലീലവും ദ്വയാര്‍ഥവുമെല്ലാം ഇവിടെ ഒരു എഴുത്തുകാരികളും എഴുതിയിട്ടില്ല. അതിനെ ആസ്വദിക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട്. പക്ഷെ ഒരു ജെന്‍ഡര്‍ ലെന്‍സിലൂടെ ഫെമിനിസ്റ്റ് ലെന്‍സിലൂടെ നോക്കുമ്പോള്‍ അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. ഒ.വി വിജയന്‍ ആര്‍ത്തവ രക്തത്തെ കുറിച്ച് എഴുതിയപ്പോള്‍ ഇവിടെ ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. അതേസമയം ഏതെങ്കിലും ഒരു സ്ത്രീ അവരുടെ ജൈവികമായ കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അതിനുള്ള ഭാഷ ഉപയോഗിക്കുമ്പോള്‍ അത് അശ്ലീലമാണെന്ന് പറയുമ്പോള്‍ അത് സ്ത്രീകളുടെ മേലുള്ള സെന്‍സര്‍ഷിപ്പ് ആണ്. ഇത്തരം ഒരുപാട് സെന്‍സര്‍ഷിപ്പുകളെ മറികടന്നാണ് സ്ത്രീകള്‍ എഴുതുന്നത്. അവരെ ചില കാരണവന്‍മാര്‍ അശ്ലീലമെഴുത്തുകാര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ സ്ത്രീകള്‍ അതൊന്നും അംഗീകരിക്കും എന്ന വരില്ല.
ആത്മാര്‍ഥമായ എഴുത്തിനെ പുരുഷന്‍ ഭയക്കുന്നതെന്തിനാണ്?
നളിനി ജമീല
.jpg?$p=bdf4e95&&q=0.8)
പുസ്തകം വായിക്കാതെയുള്ള ആഭാസമുദ്ര പതിപ്പിക്കലുകളാണിത്
വി.സി ശ്രീജന്‍
.jpg?$p=f081626&&q=0.8)
ഇതിനു മുമ്പും പത്മനാഭന്‍ ഇതേ വിധത്തില്‍ പറഞ്ഞിട്ടുണ്ട്. നളിനിജമീലയുടെ ആത്മകഥ പുറത്തിറങ്ങിയപ്പോള്‍. പത്മനാഭന്റെയും മററ് ഫിക്ഷന്‍ എഴുത്തുകാരുടെയും വിമര്‍ശനം കേട്ട് അവരുടെ രണ്ടു പുസ്തകങ്ങളും ഞാന്‍ വായിച്ചു. എവിടെയും അശ്ലീലമോ ആഭാസമോ ഇല്ല. പത്മനാഭനെപ്പോലുള്ള സദാചാരികള്‍ പുസ്തകം വായിക്കാതെയാണ് അഭിപ്രായം പറയുന്നത്. പുസ്തകം വായിക്കാതെയുള്ള ആഭാസമുദ്ര പതിപ്പിക്കല്‍ പണ്ടും ഉണ്ടായിരുന്നു. 'പൂരപ്രബന്ധം' അശ്ലീലമയമാണെന്ന് പുസ്തകം വായിക്കാത്തവര്‍ പറഞ്ഞുനടന്നിരുന്നു. ഇവര്‍ക്കു തലവേദനയുണ്ടാക്കുന്നത് സ്ത്രീ എഴുതുന്നു എന്നതോ, അശ്ലീലം പറയുന്നു എന്നതോ അല്ല. പുസ്തകം ചൂടപ്പം പോലെ വിറ്റു പോകുന്നു എന്നതാണ്. തന്റെ പുസ്തകങ്ങളെക്കാള്‍ അന്യരുടെ പുസ്തകങ്ങള്‍ കൂടുതല്‍ വിറ്റു പോകുമ്പോള്‍ ഇവര്‍ പല്ലുകടിക്കുന്നു. അസൂയകൊണ്ട് ചുട്ടു പഴുക്കുന്ന. കോണ്‍വെന്റിലായിരുന്നു പ്രഭാഷണമെങ്കില്‍ വിശുദ്ധമാലാഖമാകുമായിരുന്നവര്‍, ഓഡിറ്റോറിയത്തിലെ പുസ്തകപ്രകാശനത്തിലാവുമ്പോള്‍ അശ്ലീലമെഴുത്തുകാരായി മാറുന്നു. പ്രസംഗങ്ങളുടെ പ്രകോപനസാധ്യത പ്രസംഗം എവിടെ ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും. പുസ്തകത്തില്‍ അസഭ്യമുണ്ടാകുമെന്ന് പ്രത്യാശിച്ച് ആരെങ്കിലും പുസ്തകം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കു വേഗം മടുക്കും. അശ്ലീലമാകും എന്നു തോന്നിയതിനാല്‍ പത്മനാഭന്‍ പുസ്തകം കൈകൊണ്ട് തൊടുക പോലും ചെയ്തിട്ടില്ലെന്ന് വിചാരിക്കണം. പുസ്തകത്തില്‍ അശ്ലീലമില്ല. അദ്ദേഹം അതൊരു വട്ടം വായിക്കട്ടെ. എന്നിട്ട് തന്റെ അഭിപ്രായം മാറ്റണമോ എന്ന് ആലോചിക്കട്ടെ. എനിക്കു തോന്നുന്നത് വെറുതെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാന്‍ കഥാകൃത്ത് എന്തൊക്കെയോ വിളിച്ചു പറയുകയാണ് എന്നാണ്. ഇതാ, ഇവിടെ ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് പൊതുസമൂഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കുറേക്കൂടി സാര്‍ത്ഥകമായ ഇടപെടലുകളിലൂടെ തന്റെ ജാഗ്രതാപൂര്‍ണമായ സാന്നിദ്ധ്യം അദ്ദേഹം തെളിയിച്ചിരുന്നെങ്കില്‍! ആരും തടസ്സപ്പെടുത്താതെ, ദീര്‍ഘകാലം, തനിക്കു തോന്നിയതുപോലെ എഴുതിയ ആളാണ് പത്മനാഭന്‍. ആരെയും, പുരുഷനായാലും സ്ത്രീയായാലും, തടസ്സപ്പെടുത്താതെ തോന്നിയതു പോലെ എഴുതാന്‍ അദ്ദേഹം വഴിയൊരുക്കട്ടെ. ഒരു മുത്തച്ഛന്റെ ദാക്ഷിണ്യം പുതിയ എഴുത്തുകാരില്‍ അദ്ദേഹം ചൊരിയട്ടെ. കടുത്ത വാക്കുകള്‍ ഉച്ചരിക്കാതിരിക്കട്ടെ.
നിങ്ങളുടെ വികലഭാവനകളില്‍ ചവിട്ടിമെതിക്കുവാന്‍ ഇവിടെ ഇനി പെണ്ണുങ്ങളില്ല എഴുത്തുകാരാ
എസ്. ശാരദക്കുട്ടി
.jpg?$p=55d7f68&&q=0.8)
പെണ്ണുങ്ങളെഴുതുന്ന കവിതകള്‍ പ്രസിദ്ധീകരിച്ചുകിട്ടാനായി അവര്‍ പ്രസാധകരെയും പത്രാധിപന്മാരേയും വശത്താക്കുന്ന വിധത്തില്‍ മെസേജുകളയക്കുന്നതിനെക്കുറിച്ച് ഈ അടുത്ത കാലത്താണ് ഒരു കവി പെണ്‍കവികള്‍ നിറഞ്ഞ സദസ്സില്‍ സംസാരിച്ചത്. താനെഴുതുന്നതെല്ലാം മറ്റേതോ ബുദ്ധിയുള്ള ആണ്‍സുഹൃത്തുക്കള്‍ എഴുതിക്കൊടുക്കുന്നതാണെന്ന ആക്ഷേപത്തെ നേരിടുന്ന എഴുത്തുകാരികളെയും എനിക്കറിയാം. വാക്കാണ് എഴുത്തുകാരനെ ശുപാര്‍ശ ചെയ്യുന്നതെങ്കില്‍ വാക്കു തന്നെയാണ് എഴുത്തുകാരിയെയും ശുപാര്‍ശ ചെയ്യുന്നത്
ആണിനു മാത്രമേ എഴുതാനുള്ള ബുദ്ധിയുള്ളൂ, പെണ്ണിനുള്ളത് സെക്‌സും സൗന്ദര്യവും മാത്രം എത്ര വിചിത്രമാണിവരുടെ തോന്നലുകള്‍.. എഴുതുന്ന പെണ്ണിന് മേല്‍ ഈ വാള്‍ സദാ തൂങ്ങിക്കിടപ്പുണ്ട്. സാഫോ മുതല്‍ ഏറ്റവും പുതിയ എഴുത്തുകാരികള്‍വരെ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇത്തരം അപവാദങ്ങള്‍ക്കു ഇരയായിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന്റെയും ആത്മാവിന്റെയും കത്തുന്ന അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ അനുഗ്രഹം ലഭിച്ച സ്ത്രീകള്‍, നല്ല വെളിച്ചവും സമാധാനവും ഉള്ള അന്തരീക്ഷം സ്വയം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. മറ്റൊരാളുടെയും ഔദാര്യത്തിനായി കാത്തുനിന്ന് ഒരു സ്ത്രീക്കും ഒരിടത്തും എത്തിച്ചേരാന്‍ കഴിയില്ല. അധികാരത്തിന്റെ ഭാഷ എത്ര വലിയ അശ്ലീലമാണ് എന്ന് പെണ്ണിനോളം അറിയുന്നവര്‍ ഭൂമിയില്‍ ഉണ്ടാവില്ല. ഇത്രകാലം കൊണ്ട് എഴുത്തില്‍ തങ്ങളാര്‍ജ്ജിച്ചാസ്വദിക്കുന്ന അധികാരങ്ങളിലേക്ക് വളരെ വേഗത്തിലടുക്കുന്ന സ്ത്രീകളെ ഇവര്‍ വല്ലാതെ ഭയക്കുന്നുണ്ട്. അതാണ് ഭാഷയില്‍ ഇത്രമാത്രം അശ്ലീലം കലരുന്നത്. താനിന്നു വരെ ഒരൊറ്റക്കഥയില്‍ പോലും അശ്ലീലമെഴുതിയിട്ടില്ല എന്ന് പത്മനാഭന്‍ വീമ്പു പറയുന്നതുകേട്ടു. എന്തിനെഴുതണം...! താന്‍ പറഞ്ഞത് അശ്ലീലമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത ഒരാള്‍ ഒറ്റയടിക്ക് റദ്ദാക്കിക്കളഞ്ഞത് തനിശ്ശുദ്ധമെന്ന് താന്‍ തന്നെ വീമ്പിളക്കിയ ആ 'സാംസ്‌കാരിക' ജീവിതത്തെ ഒന്നാകെയാണ്.
ടി. പത്മനാഭന്‍ പ്രതിച്ഛായയുടെ മതിലിനു പിന്നില്‍ ഒളിച്ചുനിന്നുകൊണ്ട് തന്റെയുള്ളിലെ മാലിന്യങ്ങള്‍ മുഴുവന്‍ മറ്റെഴുത്തുകാരികളുടെ പുറത്തേക്ക് കുടഞ്ഞിടുകയാണ്. വലിയ ബുദ്ധിമുട്ടായിരിക്കുന്നു കേരളത്തില്‍ സ്ത്രീകള്‍ക്ക് സാംസ്‌കാരിക ഇടപെടലുകള്‍ നടത്താന്‍. അങ്ങേയറ്റം മലിനമായ ഒരു ആണ്‍ബോധത്തോട് നിരന്തരം പോരടിക്കുവാനാണ് അവള്‍ക്ക് തന്റെ ഊര്‍ജ്ജം ഏറെയും ചെലവഴിക്കേണ്ടി വരുന്നത്. എല്ലാ അര്‍ഥത്തിലും പെണ്ണിന് എഴുത്ത് പോരാട്ടം തന്നെയാണ്. നിങ്ങള്‍ ഒരു കത്തി എന്റെ നെഞ്ചില്‍ കുത്തിയിറക്കിയാല്‍, ഞാന്‍ ഒരായിരം വാക്കുകള്‍ നിങ്ങളില്‍ ആഴ്ത്തിയിറക്കും എന്ന് തെളിയിക്കുകയാണ്, സ്വന്തം എഴുത്തുകളിലൂടെ പുതിയകാലത്ത് സ്ത്രീകള്‍. പ്രിയപ്പെട്ടതായിരുന്ന എഴുത്തുകാരാ, നിങ്ങളുടെ വികലഭാവനകളില്‍ ചവിട്ടിമെതിക്കുവാന്‍ ഇവിടെ ഇനി പെണ്ണുങ്ങളില്ല. നിങ്ങളുടെ സങ്കുചിതബോധം വലിച്ചെറിയുന്ന കല്ലുകള്‍ക്ക് പൊങ്ങി വരാന്‍ വയ്യാത്തത്ര ഉയരത്തിലാണ് സ്ത്രീകള്‍ അവരുടെ ലോകം പണിയുന്നത്. ഈ ആണുങ്ങള്‍ക്ക് തങ്ങളുടെ ഉള്ളിലെ മാലിന്യം തന്നെയാണ് പൊട്ടി ഒലിച്ച് ചുറ്റും പരക്കുന്നതെന്ന് ഇനി എത്ര നൂറ്റാണ്ടു കൂടി കഴിഞ്ഞാലാണ് മനസ്സിലാവുക? അവര്‍ സ്വന്തം സര്‍ഗ്ഗാത്മകതക്കു സംഭവിച്ചുപോയ ഇടിവുകളെ നോക്കിയല്ല, സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയെ നോക്കിയാണ് എപ്പോഴും പരിഹസിക്കുക. യഥാര്‍ഥത്തില്‍ പുല്ലിംഗങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അതിജീവിതകള്‍ എഴുത്തുകാരികള്‍ തന്നെയാണ്. അവര്‍ക്ക് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ആവശ്യവുമാണ്. ഇത്തരത്തില്‍ ഹീനമായ സ്ത്രീവിരുദ്ധത സംസാരിക്കുന്നതിലൂടെയല്ലാതെ ഇനിയിപ്പോള്‍ തന്റെ എഴുത്തുകൊണ്ടൊന്നും ഇവിടെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് തോന്നുന്ന എഴുത്തുകാരോട് സഹതാപം മാത്രമേയുള്ളൂ. നിങ്ങളെ രക്ഷിക്കാനുള്ള ശേഷി, നിങ്ങള്‍ക്കു ചുറ്റും കാലങ്ങളായി മൂഢാരാധനയുടെ പത്മവ്യൂഹം സൃഷ്ടിച്ചു നില്‍ക്കുന്നവര്‍ക്കു പോലും ഇല്ലെന്നറിയുക. നിങ്ങളൊക്കെ കൂടി ചേര്‍ന്ന് സാഹിത്യത്തെയും സംസ്‌കാരത്തെയും ഒരധികാരക്രമത്തിന്റെ പരിധിയില്‍ നിര്‍ത്തിയിരുന്ന കാലം കഴിഞ്ഞു. സ്വന്തം എഴുത്തിലൂടെ സ്ത്രീകള്‍ ധീരമായി അവരെ പുതുക്കിക്കൊണ്ടിരിക്കുകയാണ്.
പുരുഷനെഴുതിയതിനേക്കാള്‍ അശ്ലീലവും പൈങ്കിളിയും സ്ത്രീയെഴുതിയിട്ടില്ല
സിസ്റ്റര്‍ ജെസ്മി
.jpg?$p=1036ab8&&q=0.8)
സഭാവസ്ത്രത്തിലും നാലു ചുമരുകള്‍ക്കുള്ളിലും പേരിലും തളച്ചിടാവുന്നതല്ല സന്യാസം. ഡല്‍ഹിയില്‍ സാധാരണ വസ്ത്രം ധരിക്കുന്ന യൂണിഫോം ഇല്ല സന്യാസസഭകള്‍ ഉള്ളത് അങ്ങേക്ക് അറിവില്ലായിരിക്കും. അവര്‍ 'സിസ്റ്റര്‍' എന്നാണ് വിളിയക്കപ്പെടുന്നത്. പോപ്പ് ആവശ്യപ്പെടുന്നത് സന്യാസിനികള്‍ തദ്ദേശീയ വസ്ത്രം ധരിച്ച്, വേര്‍ത്തിരിവില്ലാതെ സേവനം ചെയ്യണം എന്നാണ്. ആശുപത്രികളിലെ നേഴ്‌സുമാര്‍ യൂണിഫോം ഇടാത്തപ്പോഴും സിസ്റ്റര്‍ എന്ന് വിളിയക്കപ്പെടുന്നു. കോണ്‍ഗ്രിഗേഷ്യന്റെ സി.എം.സി എന്ന പദം ഞാന്‍ ഉപയോഗിക്കാറില്ല. പ്രിന്‍സിപ്പല്‍ ആയി മൂന്നാം വര്‍ഷം വരെ ഒഫീഷ്യല്‍ നെയിം സിസ്റ്റര്‍ മേമി റാഫേല്‍ സി. എന്നായിരുന്നു. ഒപ്പ് വെയ്ക്കാനുള്ള സൗകര്യത്തിന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മാറ്റിയതാണ് സിസ്റ്റര്‍ ജെസ്മി എന്നത്. മഠം വിട്ടപ്പോള്‍ മേമി എന്ന പേര് ഉപയോഗിക്കാന്‍ കഴിയാതെ പോയി. ഗസറ്റ് പ്രകാരം സിസ്റ്റര്‍ ജസ്മി എന്ന പേര് എന്റെ അവകാശം ആയി മാറി. അദ്ദേഹത്തിന്റെ പരാമര്‍ശം ഇക്കാര്യങ്ങള്‍ വിവരിക്കാന്‍ എനിക്ക് ഉപകാരപ്പെട്ടു.
Content Highlights: t padmanabhan controversial statement cs chandrika s saradakutty nalini jameela


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..