പാലേരി മാണിക്യത്തിന്റെ ബാധ ഒഴിപ്പിക്കാന്‍ ടി.പി രാജീവന്‍ കൂട്ടുപിടിച്ച കൂടോത്രം !


''എന്റെ പൂര്‍വികരുടെ കൂടെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കാടിറങ്ങിവന്നതാണ് ആ ദേവത എന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ദേവതയ്ക്കും കാണില്ലേ പ്രായം, ചുരുങ്ങിയത് ഒരു മുന്നൂറ് വയസ്സെങ്കിലും?'' ഞാന്‍ ചോദിച്ചു. ''ദേവതമാര്‍ക്ക് പ്രായമാകില്ല,'' വിനയ പറഞ്ഞു.

ടി.പി രാജീവൻ

ഡല്‍ഹിയിലെ പത്രപ്രവര്‍ത്തനവും കാലിക്കറ്റ് സര്‍വകലാശാലയിലെ പിആര്‍ഓ ജോലിയും ഇംഗ്ലീഷ്- മലയാളം മുഴുവന്‍ സമയ എഴുത്തും ടി.പി രാജീവന്‍ എന്ന പ്രതിഭയെ നിരന്തരം പുതുക്കിക്കൊണ്ടിരുന്നപ്പോഴും ഉള്ളിന്റെയുള്ളില്‍ ഉറഞ്ഞുകൂടിയ, ജന്മാന്തരങ്ങളായി കൈമാറ്റം ചെയ്തുവരുന്ന മിത്തുകളുടെ അനന്തമായശേഖരം കൂടിയായിരുന്നു ആ മനസ്സ്. എഴുതിയതെല്ലാം ദേശാന്തരങ്ങള്‍ കടന്ന് വിഹരിച്ചപ്പോള്‍ പാലേരിയും കോട്ടൂരും മതിമറന്നത് തങ്ങളുടെ സ്വന്തക്കാരനായ തച്ചംപൊയില്‍ രാജീവന്‍ എന്ന കുട്ടി കേട്ട കഥകളെച്ചൊല്ലിയായിരിക്കാം. തിരികെയുള്ള മടക്കത്തില്‍, നരയന്‍കുളം എന്ന പ്രദേശം തന്റെ പ്രിയപ്പെട്ട പുത്രനെ ഏറ്റുവാങ്ങുമ്പോള്‍, ആരായിരുന്നു ടി.പി രാജീവന്‍ എന്ന ചോദ്യം ഇനിയുണ്ടാവരുത് എന്ന പുഞ്ചിരിയോടെ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് ടി.പി രാജീവന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണിത്.

ഞാന്‍ അന്ധവിശ്വാസിയാണ്. യുക്തിവാദിയല്ല എന്നു പറഞ്ഞാല്‍ പോര. അതിനപ്പുറം ഉറച്ചുപോയതാണ് എന്റെ വിശ്വാസം. ബിരുദതലംവരെ ഊര്‍ജതന്ത്രവും രസതന്ത്രവും ഗണിതശാസ്ത്രവും പഠിച്ചിട്ടും മാറാത്ത ഒന്ന്. ഒരു പാഠപുസ്തകത്തിലൂടെയും ഞാന്‍ പഠിച്ചെടുത്തതല്ല എന്റെ വിശ്വാസം. ഏതെങ്കിലും അധ്യാപകര്‍ പഠിപ്പിച്ചതുമല്ല. ജനിച്ചുവളര്‍ന്ന ചുറ്റുപാടില്‍നിന്നും പൂര്‍വികസംസ്‌കൃതിയില്‍നിന്നും ആര്‍ജിച്ചതാണ്. അച്ഛന്‍, അമ്മ, മുത്തച്ഛന്‍മാര്‍, മുത്തശ്ശിമാര്‍; ഞാന്‍ കണ്ടവരെല്ലാം, എന്നെ സ്‌നേഹിച്ചവരും ഞാന്‍ സ്‌നേഹിച്ചവരും എല്ലാം അന്ധവിശ്വാസികളായിരുന്നു. അവരുടെ പൂര്‍വികരും മറിച്ചാകാന്‍ സാധ്യതയില്ല. ഇങ്ങനെ തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഒരു വിശ്വാസത്തെ ഒരു ശാസ്ത്രഗതിക്കും എളുപ്പം മാറ്റാന്‍ കഴിയില്ല. മാറണമെന്ന് എനിക്ക് ആഗ്രഹവുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ മനോഹരവും ഹൃദ്യവുമാക്കുന്നതെല്ലാം അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. പ്രണയംമുതല്‍ മരണവും ദൈവവുംവരെ. ഇവയ്ക്കിടയില്‍ എവിടെയോ ആണ് കലയുടെയും കവിതയുടെയും സാഹിത്യത്തിന്റെയും സ്ഥാനം.വഴിവക്കില്‍, മുള്‍വേലിയില്‍ കുരുങ്ങി ഒരു പാമ്പ് പുളഞ്ഞാല്‍ യുക്തിപരമായി എനിക്കൊന്നുമില്ല. പക്ഷേ, എന്നിലെ അന്ധവിശ്വാസിക്ക് അതിനെ രക്ഷപ്പെടുത്തി, പച്ചമരുന്നുപുരട്ടിവിട്ടാലേ സമാധാനമുള്ളൂ. അങ്ങനെ അകപ്പെട്ട ഒരു സര്‍പ്പത്തെ പൂര്‍വികരിലാരോ രക്ഷപ്പെടുത്തിയെന്നും, അതിന് പ്രത്യുപകാരമായി വര്‍ഷങ്ങള്‍ക്കുശേഷം, ആ സര്‍പ്പം മാണിക്യക്കല്ലുമായി വന്നെന്നും, അതു സ്വീകരിക്കാന്‍ ആ പൂര്‍വികന്‍ വിസമ്മതിച്ചെന്നും, സര്‍പ്പം സങ്കടപ്പെട്ടപ്പോള്‍ 'നിര്‍ബന്ധമാണെങ്കില്‍ പറമ്പിലെവിടെയെങ്കിലും വെച്ചേക്കൂ' എന്ന് പറഞ്ഞെന്നും, സര്‍പ്പം അപ്രകാരം ചെയ്‌െതന്നും അതുമൂലമാണ് കാലിമേച്ചും കൃഷിപ്പണിചെയ്തും ജീവിച്ചിരുന്ന പൂര്‍വികര്‍ക്ക് അഭിവൃദ്ധിയുണ്ടായതെന്നുമാണ് എന്റെ വിശ്വാസം. പാമ്പുകളെ എനിക്കിപ്പോഴും പേടിയില്ല. പി. കൃഷ്ണപിള്ള മരിച്ചത് പാമ്പുകടിയേറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കൃഷ്ണപിള്ളയെപ്പോലെ ഒരാളെ ഒരിക്കലും ഒരു പാമ്പും കടിക്കില്ല. പാമ്പായി ഒടിമറഞ്ഞെത്തിയ മനുഷ്യനായിരിക്കണം അത് ചെയ്ത്.

കലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ താമസിക്കുന്ന കാലത്ത്, പെരുമഴയത്ത് രാത്രി ഒരു പാമ്പ് ഞങ്ങളുടെ ഡി-12- ാം നമ്പര്‍ ക്വാട്ടേഴ്‌സിലേക്ക് കയറിവന്നു. വാതില്‍ക്കല്‍, അകത്തേക്ക് തലയിട്ടുകിടക്കുകയായിരുന്ന അതിനെ ഞാന്‍ കണ്ടില്ല. അതിന്റെ തലകൂട്ടി വാതിലടച്ചതും അറിഞ്ഞില്ല. പിറ്റേന്ന് പുലര്‍ച്ചെ പാലും പത്രവും എടുക്കാന്‍ വാതില്‍ തുറന്നപ്പോഴാണ് വാതിലിന്നിടയില്‍പെട്ട് തല ചതഞ്ഞരഞ്ഞുകിടക്കുന്ന അതിനെ ഞാന്‍ കണ്ടത്. പാമ്പിന്‍മേക്കാട്ടുപോയി മനസ്സുരുകി പ്രാര്‍ഥിച്ചിട്ടും പ്രതിവിധി ചെയ്തിട്ടും ചെയ്തുപോയ പാപത്തിന്റെ കുറ്റബോധം തീര്‍ന്നിട്ടില്ല. പൂര്‍വികന് ഐശ്വര്യത്തിന്റെ മാണിക്യക്കല്ലുകൊണ്ടുവന്നുകൊടുത്ത സര്‍പ്പത്തിന്റെ പിന്‍മുറയില്‍പെട്ടതല്ല ആ പാവം പാമ്പെന്ന് ഞാനെങ്ങനെ തീര്‍ച്ചപ്പെടുത്തും?

ദൈവം ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചാല്‍ എനിക്കു മറുപടിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. പക്ഷേ, ചെറുമന്തോടു ഭഗവതിയും കവളപ്പാറ കരിയാത്തനും ഉണ്ടോ എന്നു ചോദിച്ചാല്‍ ഞാന്‍ പറയും: തീര്‍ച്ചയായും ഉണ്ട്. ഞാന്‍ തൊട്ടും അനുഭവിച്ചും അറിഞ്ഞവരാണ് അവര്‍. പ്രിയപ്പെട്ടവരെപ്പോലെ എന്റെകൂടെ എപ്പോഴും എല്ലായിടത്തും ദേശത്തും വിദേശത്തും വരുന്നവര്‍, അവര്‍ക്ക് വിസയോ ടിക്കറ്റോ വേണ്ട എന്നെ കാത്തുരക്ഷിക്കാന്‍ വരുന്നവര്‍. ഞാന്‍ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ, ബസ്, കാര്‍, തീവണ്ടി, വിമാനം ഒരപകടത്തിലും പെടുത്താതെ ലക്ഷ്യത്തിലെത്തിക്കുന്നവര്‍. അമിതമായി മദ്യപിച്ചു കാറോടിക്കുമ്പോള്‍, നിയന്ത്രണം ഏറ്റെടുക്കുന്നവര്‍. പൊലീസുകാര്‍ക്ക് അതറിയില്ല. എഴുതുമ്പോള്‍, അതു കവിതയായാലും നോവലായാലും ലേഖനമായാലും വഴിമുട്ടിനില്‍ക്കുന്ന എന്റെ മുമ്പില്‍, വാക്കായും ബിംബമായും പുതിയ കഥാഗതിയായും വഴിതെളിയിക്കുന്നവര്‍.

ഇതിഹാസങ്ങളില്‍നിന്നോ പുരാണങ്ങളില്‍നിന്നോ ഉള്ള കഥകള്‍ കേട്ടല്ല ഞാന്‍ വളര്‍ന്നത്. അതൊന്നും പറഞ്ഞുതരാനുള്ളത്ര പാണ്ഡിത്യമോ വായനയോ ഉള്ളവര്‍ കുട്ടിക്കാലം ഞാന്‍ ചെലവഴിച്ച അമ്മ, ദേവിയുടെ തറവാടായ, നരയംകുളം കൊടുവാങ്ങുനി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് എഴുത്തും വായനയുമറിയാത്ത അമ്മൂമ്മ, കോവുമ്മല്‍ മാതുവമ്മ. പിന്നെ അന്നു സ്‌കൂള്‍വിദ്യാര്‍ഥികളായിരുന്ന ഇളയമ്മമാര്‍, ലക്ഷ്മി, തങ്കം, നളിനി.
അമ്മൂമ്മയാണ് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ആദ്യകഥ എനിക്കുപറഞ്ഞുതന്നത്. കഥയായിട്ടല്ല. നടന്ന സംഭവമായിട്ട്. ഇവ രണ്ടിനുമിടയിലെ അതിര്‍വരമ്പുകള്‍ അതോടെ ഇല്ലാതായി. ഞാനെന്റെ അമ്മൂമ്മയെ അവിശ്വസിക്കുന്നില്ല. കഥ, സംഭവം ഇങ്ങനെ:
കടിയങ്ങാട് പുഴക്കരെ 'കോവുമ്മല്‍' ആയിരുന്നു അമ്മൂമ്മയുടെ വീട്. അമ്മൂമ്മയുടെ അച്ഛന്‍ അനന്തന്‍ നായര്‍ ഭൂവുടമയും നായാട്ടുപ്രിയനുമായിരുന്നു. വെടിയേറ്റിട്ടും ചാവാഞ്ഞ കാട്ടുമൃഗങ്ങളെ വീട്ടില്‍കൊണ്ടുവന്നു ചങ്ങലയ്ക്കിട്ടും കൂട്ടിലിട്ടും വളര്‍ത്തുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. 'അവയ്ക്ക് ചാവാന്‍ സമയമായിട്ടില്ല,' ചോദിക്കുന്നവരോട് അമ്മൂമ്മയുടെ അച്ഛന്‍ പറയുമായിരുന്നത്രെ. വളര്‍ത്തുന്നമൃഗങ്ങള്‍ക്ക് പേരും നല്‍കും. അങ്ങനെ, ചാമന്‍, കോമന്‍, കണ്ടന്‍, ചിണ്ടന്‍, നമ്പോലന്‍ തുടങ്ങി പേരുകളുള്ള മാനും മുയലും കുറുക്കനും കുരങ്ങും കോവുമ്മല്‍ വീട്ടില്‍ ജീവിച്ചു. ഇന്നായിരുന്നെങ്കില്‍ അമ്മൂമ്മയുടെ അച്ഛനെതിരെ വനംവകുപ്പ് കേസെടുത്തേനെ. കഥ അതല്ല.

അമ്മൂമ്മയുടെ അച്ഛനും അമ്മയ്ക്കും മുറുക്കുശീലമായിരുന്നു. നല്ല ഒന്നാന്തരം മുറുക്ക്. ആവശ്യമായ പഴുക്കടക്ക തൊടിയില്‍നിന്ന് കിട്ടും. വെറ്റിലയും പുകയിലയും പേയ്യാളിച്ചന്തയില്‍ നിന്ന് മാസാമാസം കൊണ്ടുവരും. ചുണ്ണാമ്പ് നീറ്റിയതു ഒരഞ്ചാറുമാസങ്ങള്‍ക്കുള്ളത് ചരുവില്‍ മണ്‍കലത്തില്‍ ഉണ്ടാവും.
ഒരു ദിവസം സന്ധ്യകഴിഞ്ഞ് അമ്മൂമ്മയുടെ അമ്മ മുറുക്കാന്‍ നോക്കുമ്പോള്‍ ചെല്ലത്തില്‍ വെറ്റിലയില്ല. അമ്മൂമ്മയ്ക്ക് അന്ന് ആറോ ഏഴോ വയസ്സ്. അടുത്തവീട്ടില്‍ പോയി കുറച്ചു വെറ്റില വാങ്ങിക്കൊണ്ടുവരാന്‍ അമ്മൂമ്മയുടെ അമ്മ പറഞ്ഞു. അടുത്തവീട് എന്നുപറയുന്നത് നാലഞ്ച് വലിയ പറമ്പുകള്‍ക്ക് അപ്പുറമാണ്. അതിനപ്പുറം കുന്നാണ്. ആള്‍പ്പാര്‍പ്പില്ലാത്ത കുന്ന്.
വെറ്റില വാങ്ങാന്‍ അമ്മൂമ്മ പോയി. വെറ്റില വാങ്ങി തിരിച്ചുപോന്നത് ഓര്‍മയുണ്ട്. പിന്നെ സംഭവിച്ചത് അമ്മൂമ്മയുടെ അച്ഛന്‍ പറഞ്ഞാണ് എല്ലാവരും അറിഞ്ഞത്.
അന്നുരാത്രി, നായാട്ടുകഴിഞ്ഞ്, കുന്നിന്‍ചെരിവിലൂടെ നടന്നുവരികയായിരുന്നു അമ്മൂമ്മയുടെ അച്ഛന്‍ അനന്തന്‍ നായര്‍. അപ്പോള്‍ കുന്നിന്‍നിറുകയില്‍ നിന്ന് അനന്താ അനന്താ എന്ന് ആരോ വിളിക്കുന്നതു കേട്ടു. രാത്രിയല്ലേ, തോന്നലായിരിക്കും എന്നു കരുതി ആദ്യം ശ്രദ്ധിച്ചില്ല, പക്ഷേ, 'അനന്താ, അനന്താ..' വിളി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

രാത്രി ആളും അനക്കവുമില്ലാത്തിടത്തുനിന്ന് ആരാണ് തന്നെ വിളിക്കുന്നത് എന്നറിയാന്‍ അമ്മൂമ്മയുടെ അച്ഛന്‍ കുന്നിന്‍മുകളിലേക്കു കയറി. കയറുംതോറും ആ വിളി അകന്നകന്നു പോയ്‌ക്കൊണ്ടിരുന്നു. അനന്തന്‍നായരുടെ നടത്തത്തിനു വേഗം കൂടി. ഏതാണ്ട് കുന്നിന്റെ നിറുകയിലെത്തി. കുന്നിന്‍നിറുകയില്‍ ഒരു പൊട്ടക്കിണറുണ്ട്. ആ ദിശയില്‍ നിന്നാണ് വിളി ഉയരുന്നത്. അനന്തന്‍ നായര്‍ അങ്ങോട്ടു നോക്കി. ഒരു പെണ്‍കുട്ടി നടന്നുപോകുന്നു. ചുറ്റും കുറേ പ്രേതങ്ങളും. ഉറുമ്പുകള്‍ പഞ്ചസാരത്തരി ചാലിട്ടുകൊണ്ടുപോകുന്നതുപോലെ പെണ്‍കുട്ടിയെ കൊണ്ടുപോകുകയാണ് പ്രേതങ്ങള്‍, കുന്നിന്‍നിറുകയിലെ പൊട്ടക്കിണറ്റിലേക്ക്.

അമ്മൂമ്മയുടെ അച്ഛന്‍ ഒറ്റക്കുതിപ്പിന് പെണ്‍കുട്ടിയുടെ അടുത്തെത്തി. അപ്പോള്‍, അതാ സ്വബോധം നഷ്ടപ്പെട്ട് മുന്നില്‍ നില്‍ക്കുന്നു മകള്‍, മാതു. കൈയില്‍ കുറച്ചു വെറ്റില മുറുകെ പിടിച്ചിട്ടുണ്ട്. അവയെല്ലാം നീലനിറം. നായാട്ടുകഴിഞ്ഞുവരുന്നതായതുകൊണ്ട് അനന്തന്‍ നായരുടെ കൈയില്‍ തോക്കും വാളും ഒക്കെയുണ്ടായിരുന്നു. അതുകണ്ട് പ്രേതങ്ങള്‍ അപ്രത്യക്ഷരായി.
''എന്നെ എടുത്ത് തോളിലിട്ട് അച്ഛന്‍ കുന്നിറങ്ങി. പ്രേതങ്ങളുടെ വരവില്‍ പെട്ട എന്നെ അച്ഛന്‍ വന്ന് രക്ഷിച്ചില്ലായിരുന്നെങ്കില്‍ അവ എന്നെ ആ പൊട്ടക്കിണറ്റിലിടുമായിരുന്നില്ലേ! എങ്കില്‍ എനിക്കു നിന്നെയും നിനക്കു എന്നെയും കാണാന്‍ കഴിയുമായിരുന്നോ?'' അമ്മൂമ്മ ചോദിക്കും. അപ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാവും.
''ആരാ അനന്താ, അനന്താ എന്നു വിളിച്ചത്?'' പിറ്റേന്നു കാലത്തു ഞാന്‍ അമ്മൂമ്മയോടു ചോദിക്കും.
''മറ്റാര്, ഭഗോതിയല്ലാതെ,'' അമ്മൂമ്മ പറയും.

എന്നാല്‍ ഭഗവതിക്ക് തന്നെയങ്ങ് രക്ഷിച്ചാല്‍ പോരായിരുന്നോ എന്നു ഞാന്‍ ചോദിച്ചില്ല. മറ്റു ദേവതകളുടെയും പ്രേതങ്ങളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യത്തില്‍ ഭഗവതിമാര്‍ ഇടപെടാറില്ല എന്നെനിക്ക് അറിയാമായിരുന്നു.
ഇതിഹാസമാനങ്ങളുള്ള കൃതികളോ ആഖ്യാനങ്ങളോ അല്ല എന്നിലെ വായനക്കാരന്റെയും എഴുത്തുകാരന്റെയും അഭിരുചികളെ രൂപപ്പെടുത്തിയത്. അവയൊക്കെ വായിച്ചതും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചതും ഏറെ വൈകി. വീട്ടുകഥകളിലും നാടന്‍ വിശ്വാസങ്ങളിലുമാണ് മനസ്സു കളിച്ചുവളര്‍ന്നത്. പ്രണയത്തിന്റെ, കുടിപ്പകയുടെ, ചതിയുടെ, ഭക്തിയുടെ, പ്രതികാരത്തിന്റെ, അര്‍പ്പണത്തിന്റെ അസംസ്‌കൃതമായ കഥകള്‍. എല്ലാം ഗോത്രശക്തിയും കുലവീര്യവും നിറഞ്ഞവ. അന്ധമായ വിശ്വാസങ്ങളിലായിരുന്നു ആ കഥകളുടെ അര്‍ഥവ്യാപ്തിയും ഭംഗിയും. കഥയെഴുതാനും കവിതയെഴുതാനും അക്ഷരം അറിയേണ്ടതില്ല എന്ന് ആ കഥകളില്‍ നിന്നു ഞാന്‍ പഠിച്ചു.

അമ്മയുടെ വീടായ കൊടുവാങ്കുനിയില്‍ ഒരു കുളമുണ്ടായിരുന്നു. തറവാട് ഭാഗംവെച്ചപ്പോള്‍ കുളമുള്ള ഭാഗം അമ്മയുടെ ഇളയ അനിയത്തി നളിനിയിളയമ്മയ്ക്ക് കിട്ടിയതുകൊണ്ട് ആ കുളം ഇപ്പോഴും അവിടെയുണ്ട്. അതുപോലെതന്നെ വീടിനുപിന്നില്‍ തെക്കുഭാഗത്തുള്ള കാവും. അപ്പൂപ്പന്റെ മരുമകള്‍ അന്ധയായ പത്മാവതിച്ചേച്ചിയുടെ കണ്ണുകള്‍ പോലെയായിരുന്നു കുളം. പായല്‍മൂടി. കാവാകട്ടെ പിതൃക്കള്‍ കറുത്തവാവിനു പാര്‍ക്കാന്‍ വരുന്ന തെക്കേ അകത്തെ ഓര്‍മിപ്പിച്ചു. ഇരുട്ടുമൂടി.

കഥകളുടെ ഉറവിടമായിരുന്നു ഈ കുളവും കാവും. നട്ടുച്ചയ്ക്കും സന്ധ്യയ്ക്കും കുളത്തിനടുത്തു പോകാന്‍ പാടില്ല എന്ന് അമ്മൂമ്മ വിലക്കി. രാത്രി വൈകിയാല്‍ കുളത്തിലേക്കോ കാവിലേക്കോ നോക്കാനേ പാടില്ല. അപ്പോഴാണ് കുടുംബദേവതയായ ഭഗവതിയും പിതൃക്കളും കുളിക്കാന്‍ വരിക. സര്‍പ്പങ്ങള്‍ വെള്ളംകുടിക്കാനും. അത്രയും നേരം കാവില്‍ നിധിക്കു കാവലിരിക്കുകയാണ് സര്‍പ്പങ്ങള്‍. ഭഗവതിയും പിതൃക്കളും കുളിക്കുന്നതു കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. സര്‍പ്പങ്ങള്‍ വെള്ളംകുടിക്കുന്നതു കാണാനും. വിലക്കപ്പെട്ട സമയങ്ങളില്‍ ഞാന്‍ അങ്ങോട്ടുനോക്കി. പറമ്പിന്റെ അരികുചേര്‍ന്ന് പിതൃക്കള്‍ നിരനിരയായി പോകുന്നതു ഞാന്‍ കണ്ടു. കുളത്തില്‍ ഭഗവതിയുടെ നീരാട്ടില്‍ ഓളംവെട്ടുന്നതുകേട്ടു. കണ്ട കാഴ്ച അമ്മൂമ്മയോടു ഞാന്‍ പറഞ്ഞു.
''ആരോടും പറയേണ്ട'', അമ്മൂമ്മ പറഞ്ഞു.

ഈ കുളക്കടവിലാണ്, അച്ഛന്‍ കുഞ്ഞപ്പനായര്‍ മരിച്ചതിന്റെ അടിയന്തരം കഴിഞ്ഞദിവസം, സന്ധ്യകഴിഞ്ഞ്, കുട്ടിയായ കൊയിലോത്തുതാഴെ നാരായണന്‍ ചെന്നിരുന്നത്. എല്ലാവരും പോയ്ക്കഴിഞ്ഞ്, വീട് ശൂന്യമായപ്പോള്‍ വല്ലാത്തൊരു ഒറ്റപ്പെടല്‍ തോന്നി നാരായണന്. വിശാലാക്ഷിയമ്മയും പഴയതുപോലെ കഥപറയുകയും ശാസിക്കുകയും ചെയ്യുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അത്ര വൈകീട്ട് കുളക്കടവില്‍ ഒറ്റയ്ക്കുപോകാന്‍ അവര്‍ അനുവദിക്കുകയില്ലായിരുന്നു. അസമയത്ത് കുളക്കടവില്‍ പോയ ആര്‍ക്കെങ്കിലും ഉണ്ടായ പേടിപ്പെടുത്തുന്ന കഥ പറഞ്ഞും 'അതുചെയ്യരുത്, ഇതുചെയ്യരുത്' എന്നു വിലക്കിയും നാരായണനെ തടയുമായിരുന്നു. പക്ഷേ, അന്ന് അതൊന്നും ഉണ്ടായില്ല. (കെ.ടി.എന്‍ . കോട്ടൂര്‍: എഴുത്തും ജീവിതവും)

കൊടുവാങ്കുനി വീട്ടില്‍നിന്ന് കുറച്ചകലെയാണ് അപ്പൂപ്പന്റെ തറവാട്, ചെറുമന്തോട് വീട്. അവിടെ, ഭഗവതിക്കാവിനോടു ചേര്‍ന്നുള്ള വീട്ടിലാണ് അപ്പൂപ്പന്റെ അമ്മ, കുങ്കമ്മയമ്മ താമസിച്ചിരുന്നത്- ഒറ്റയ്ക്ക്. ഞാന്‍ കാണുമ്പോള്‍തന്നെ എണ്‍പതുവയസ്സു കഴിഞ്ഞിട്ടുണ്ടായിരുന്നു. വീട്ടുമുറ്റത്തുതന്നെയാണ് ഗുളികനും കുട്ടിച്ചാത്തനും ഭഗവതിയും താമസിച്ചിരുന്നത്. ഒരു വലിയ കാഞ്ഞിരച്ചുവട്ടില്‍, മണ്‍തറകളില്‍. രാത്രി വീടിനുപുറത്ത് ആരും ഇറങ്ങില്ല. തറകളില്‍ വിളക്കുവെക്കുന്നത് മുതുമുത്തശ്ശിതന്നെയാണ്. രാത്രി മുറ്റത്തും തൊടിയിലും ഭഗവതിയും കുട്ടിച്ചാത്തനും ഗുളികനും തിറയാടുന്നുണ്ടാവും എന്നാണ് പറഞ്ഞു കേട്ടത്. ഞാനതു വിശ്വസിച്ചു. ആ ആട്ടം കാണാന്‍ ഞാന്‍ ചിലപ്പോള്‍ മുതുമുത്തശ്ശിയുടെ കൂടെ താമസിക്കാന്‍ പോയി. ഉറങ്ങാതെ മുത്തശ്ശിയോടു ചേര്‍ന്നുകിടന്നു കാതോര്‍ത്തു. ചിലമ്പൊലിയും വാള്‍കിലുക്കവും കേള്‍ക്കാന്‍. എന്റെ സാന്നിധ്യം അറിഞ്ഞതുകൊണ്ടാവും ഞാന്‍ ചെന്ന രാത്രികളിലൊന്നും പാതിരാതിറയാട്ടം നടന്നില്ല. ഞാന്‍ കാണാതെപോയ ആ തിറയാട്ടമാണ്, മുരിക്കുംകുന്നത്തെ പശുക്കളെ തീറ്റിയും മൂരികളെ കുളിപ്പിച്ചും ക്ഷീണിച്ച്, നേരം വൈകി മടങ്ങുംവഴി, സന്ധ്യകഴിഞ്ഞപ്പോള്‍ അമ്പലം മുടിഞ്ഞ പറമ്പില്‍ പൊക്കന്‍ കണ്ടത്.

''മുരിക്കുംകുന്നത്തുനിന്ന് ഇറങ്ങി, നേരെ വയലിലൂടെ കിഴക്കോട്ടു നടന്നു. നെല്ല്, കതിരിടുന്ന സമയമായിരുന്നു. കതിരിടുന്ന നെല്‍വയലിന്റെ മണം പൊക്കനിഷ്ടമാണ്. നെല്‍ത്തലപ്പ് തലോടിയും ഇടയ്ക്കിടക്ക് ഇളംകതിരുകള്‍ വലിച്ചെടുത്ത്, അതിനകത്തെ മധുരമുള്ള പാല്‍ നുണഞ്ഞും അവന്‍ നടന്നു. ഇരിയിലാട്ചാലും കഴിഞ്ഞ്, കാപ്പുവയലുകള്‍ക്കടുത്ത് അമ്പലം മുടിഞ്ഞ പറമ്പിലെത്തി. ആ വഴി പോകരുത് എന്ന് ചീരു പണ്ടേ പറയാറുള്ളതാണ്. പൊക്കനും ആ വഴി ഒഴിവാക്കും. പക്ഷേ, അന്ന് അറിയാതെ അവിടെയെത്തി. അമ്പലപ്പറമ്പില്‍ നിറയെ ആള്‍ക്കൂട്ടമുള്ളതായും പന്തങ്ങളും തിരികളും വിളക്കുകളും കത്തുന്നതായും തോന്നി. കാതില്‍ ചെണ്ടയുടെ ശബ്ദം മുഴങ്ങി. കാഞ്ഞിരച്ചുവട്ടിലെ കല്‍ത്തറയ്ക്കു ചുറ്റുംനിന്ന് മലയന്മാര്‍ തകര്‍ക്കുകയാണ്.'' (പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ)

അന്ധവിശ്വാസത്തിന് പറ്റിയത് ഇരുട്ടാണ് എന്നതുകൊണ്ടായിരിക്കും രാത്രിയാണ് എനിക്കെന്നും ഇഷ്ടം. കൊടുവാജനിയിലും സന്ധ്യയാവുന്നത് ഞാന്‍ കാത്തിരുന്നു. ഇളയമ്മമാര്‍ സ്‌കൂളില്‍നിന്നു വരും. പണിയെല്ലാം കഴിഞ്ഞ് അമ്മൂമ്മ ഇടനാഴിയില്‍ കാലുനീട്ടിയിരിക്കുന്നുണ്ടാവും. പൂമുഖത്ത് അപ്പൂപ്പന്റെ സദസ്സ് ആരംഭിച്ചിട്ടുണ്ടാവും. ചില ദിവസങ്ങളില്‍ കോല്‍ക്കളിയും. ഇടയ്ക്കിടക്ക് അപ്പൂപ്പന്റെ സഹായി കുഞ്ഞിരാമേട്ടന്‍ അകത്തേക്ക് പോകും. നെല്ലു സൂക്ഷിക്കുന്ന പത്തായം തുറന്ന് കുപ്പികളുമായി തിരിച്ചുപോകും. വാഴയിലകൊണ്ട് അടപ്പിട്ട കുപ്പി തുറന്ന് കണ്ണീരുപോലെ തെളിഞ്ഞ 'നെല്ലിന്‍വെള്ളം' അപ്പൂപ്പനു പകര്‍ന്നു നല്കും. കൊതിമൂത്ത്, ഒരുദിവസം ഞാന്‍ പറഞ്ഞു: ''എനിക്കും വേണം.'' അപ്പൂപ്പന്‍ എന്നെ അടുത്തുവിളിച്ച് മടിയിലിരുത്തി വാത്‌സല്യത്തോടെ ഒന്നുരണ്ടു തുള്ളി എന്റെ വായില്‍ ഒഴിച്ചുതന്നു. അടിമുടി കൊഞ്ഞനം കുത്തിപ്പോയി ഞാന്‍. അന്നെനിക്ക് നാലോ അഞ്ചോ വയസ്സ്. 'കുപ്പിയിലുമ്പം' ആ വെള്ളത്തിന് ഞാന്‍ പേരുവിളിച്ചു.

കൊയിലോത്തുതാഴെ നാരായണന്‍ കുട്ടിക്കാലത്തു നടന്ന വഴികളിലൂടെ എന്നെ ആദ്യം നടത്തിച്ചത് മേപ്പാടി ബാലകൃഷ്ണനാണ്. എന്റെ അതേ പ്രായംതന്നെയായിരുന്നു ബാലകൃഷ്ണന്. പക്ഷേ, ലോകവിവരം എന്നേക്കാള്‍ എത്രയോ മടങ്ങ്. വേയപ്പാറയുടെ ചുവട്, കരിഞ്ഞാറ്റിക്കല്‍തോട്, തോടിന്നിരുപുറവും ഇടതൂര്‍ന്നു നില്ക്കുന്ന കൈതക്കാടും അതിരാണിച്ചെടികളും, അപ്പുറം ഊളേരിക്കുന്ന്, അതിനപ്പുറം കൂരാച്ചുണ്ട് മല...നരയംകുളത്തിന്റെ അതിരുകള്‍ അങ്ങനെ വലുതായി, വലുതായി വന്നു.

സ്‌കൂളില്‍ പോകാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു. ആ പേടികൊണ്ട് അച്ഛന്റെകൂടെ ഞാന്‍ പാലേരിക്കു പോയില്ല. അവിടെ അച്ഛന്‍ സ്‌കൂള്‍മാഷാണ്. ഏഴുവയസ്സായിട്ടും എനിക്ക് എഴുത്തും വായനയുമറിയാത്തതില്‍ അച്ഛന്‍ അസ്വസ്ഥനായിരുന്നു. അച്ഛന്‍ ഇടയ്ക്കിടെ നരയംകുളത്തു വരിക പതിവായി. അച്ഛന്റെ അസ്വസ്ഥത ദേഷ്യമായി മാറാന്‍ തുടങ്ങി. കോണിക്കല്‍ അച്ഛന്റെ തല കണ്ടാല്‍ ഞാന്‍ അമ്മൂമ്മയുടെ മറവിലും പിതൃക്കള്‍ കറുത്ത വാവുനാള്‍ കിടന്നുറങ്ങാന്‍ വരാറുള്ള തെക്കേയകത്തും പോയി ഒളിക്കലും പതിവായി. ഒടുവില്‍, അച്ഛന്റെകൂടെ പാലേരിക്കു പോകില്ല എന്ന എന്റെ തീരുമാനം മാറാന്‍ മന്ത്രവാദംവരെ ചെയ്തു എന്നാണ് ഇളയമ്മമാര്‍ പിന്നീട് പറഞ്ഞത്. ഞാനതു വിശ്വസിക്കുന്നു. സാധാരണ യുക്തിക്ക് എന്നെ സ്വാധീനിക്കാന്‍ കഴിയില്ല.
അന്ന്, നരയംകുളത്തുനിന്നു പാലേരിയിലേക്ക് ഒരു പകല്‍ ദൂരമാണ്. രാവിലെ പുറപ്പെടണം. ഉച്ചയോടെ പേരാമ്പ്രയിലെത്താം. ആ വഴിയാണ്, ഞാന്‍ ജനിക്കുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊയിലോത്തുതാഴെ നാരായണന്‍, ഇളയച്ഛന്‍ പ്രഭാകരന്‍നായരുടെ കൂടെ വടകര പഠിക്കാന്‍ പോയത്:
വേയപ്പാറക്കു ചുവട്ടില്‍നിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ വാളൂര്‍ വയലാണ്. അതുവഴി നടന്നാല്‍ എളുപ്പം കൈതയ്ക്കലെത്താം. വാളൂര്‍ കോവിലകവും ക്ഷേത്രവും ആ വഴിയിലാണ്. പലരും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും നാരായണന്‍ കോവിലകമോ ക്ഷേത്രമോ കണ്ടിട്ടില്ല. അന്ന് അവനത് ആദ്യമായി കണ്ടു. മനസ്സില്‍ സങ്കല്പിച്ച മാതിരിയായിരുന്നില്ല അവ. (കെ.ടി.എന്‍. കോട്ടൂര്‍: എഴുത്തും ജീവിതവും) നാരായണനെപ്പോലെതന്നെ, നരയംകുളത്തിനു പുറത്തേക്കുള്ള എന്റെ ആദ്യയാത്രയായിരുന്നു അത്. അതിനു മുമ്പ് പോയിട്ടുള്ളത് കൂട്ടാലിട വരെയും കായണ്ണ വരെയുമാണ്. കൂട്ടാലിടയാണ് അമ്മയുടെ ചേച്ചി പാര്‍വതി മൂത്തമ്മയുടെ വീട്. അവിടെ അന്നേ റേഡിയോ ഉണ്ട്. ഒരു പെട്ടിയില്‍ നിന്ന് ആളില്ലാതെ പാട്ടും വര്‍ത്തമാനവും ഉയരുന്നതുകേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. എല്ലാം ഭഗവതിയുടെ മായ: അമ്മൂമ്മ പറഞ്ഞു.

കായണ്ണ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. പക്ഷേ, അവിടത്തെ ക്ഷേത്രവും ക്ഷേത്രക്കുളവും അതിന്റെ കരയില്‍ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന വൃക്ഷങ്ങളും എന്നെ വീണ്ടും വീണ്ടും അങ്ങോട്ടു വിളിച്ചു. വളര്‍ന്നു വലുതായിട്ടും അതുവഴി പോകാനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയില്ല.
നരയംകുളത്തു പാറയാണ് മുഖമുദ്ര. കൊടുവാങ്കുനി പറമ്പില്‍തന്നെ രണ്ടു പാറകള്‍. അവിടെനിന്നു നോക്കിയാല്‍ പാറകളുടെ രാജാവ് വേയപ്പാറ. കുഞ്ഞപ്പനായര്‍ ആദ്യമായി ദേശീയപതാക നാട്ടിയ ഉയരം. അതുവഴി പോകുംവഴി, ഇടത്ത് തൈക്കണ്ടി കഴിഞ്ഞാലും അരട്ടംകണ്ടി എത്തുന്നതിനു മുമ്പും രണ്ടു സമാന്തരപ്പാതകള്‍.
പാലേരിയിലോ? ചെങ്കല്ലാണ് പാലേരിയെ അടയാളപ്പെടുത്തിയത്. നിറയെ ചെങ്കുത്തായ ഇടവഴികളാണ്. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് ഉണ്ടായവ. ചെങ്കല്ല് വടിവൊത്ത് ചെത്തിയിറക്കിയപോലെ എല്ലാം. എല്ലാ ഇടവഴികളും ഒന്നുകില്‍ വയല്‍ക്കരെ, അല്ലെങ്കില്‍ കുറ്റ്യാടിപ്പുഴയില്‍ അവസാനിച്ചു.
പാലേരിയിലെത്തി അധികം നാള്‍ കഴിഞ്ഞില്ല, അച്ഛന്‍ എന്നെ വീടിനുതൊട്ടടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്തു. എന്റെ പ്രായം പരിഗണിച്ച് രണ്ടാംക്ലാസ്സിലായിരുന്നു പ്രവേശനം. പ്രായമനുസരിച്ച് ശരിക്കും ഇരിക്കേണ്ടത് മൂന്നാംക്ലാസ്സിലായിരുന്നു. പക്ഷേ, ഇന്നത്തെ രീതിയില്‍ എല്ലാവരും ജയിക്കുന്ന സംവിധാനം അന്ന് നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. എനിക്ക് എഴുതാനോ വായിക്കാനോ എണ്ണാനോ അറിയില്ലായിരുന്നു. കാട്ടില്‍നിന്ന് പിടിച്ചുകൊണ്ടുവന്ന് ക്ലാസില്‍ ഇരുത്തിയതുപോലെയായിരിക്കണം അധ്യാപകര്‍ക്ക് തോന്നിയത്. അച്ഛന്‍ അവിടുത്തെ അധ്യാപകനായതുകൊണ്ട് അവരാരും ഒന്നും പറഞ്ഞില്ല. പക്ഷേ, അച്ഛന്റെ ബന്ധുവായ ഒരു അധ്യാപകന്‍ അതു തുറന്നു പറഞ്ഞു:
''നിന്റെ മോന്‍ പഠിക്കാന്‍ കൊള്ളില്ല.''

''എങ്കില്‍ ഓന്‍ ഇവിടെ പഠിക്കേണ്ട'', അച്ഛന്‍ തീരുമാനമെടുത്തു. വീടിനടുത്തുള്ള ആ സ്‌കൂളില്‍ നിന്ന് എന്റെ പേരു വെട്ടിച്ച്, അടുത്ത വര്‍ഷം, നാലുനാഴികയകലെയുള്ള വടക്കുമ്പാട്ട് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ത്തു.
പാലേരി പണ്ടാരപ്പുര സ്‌കൂളില്‍നിന്ന് അക്ഷരങ്ങളും അക്കങ്ങളും പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം എന്റെ മനസ്സില്‍ ഉയിര്‍ത്തെഴുന്നേറ്റ ഒരു സ്ത്രീയെ കിട്ടി. പാലേരി മാണിക്യത്തെ. വീട്ടില്‍നിന്ന് സ്‌കൂളിലേക്കു പോകും വഴി, വാഴയില്‍ വളവില്‍, ഇടത്തു ഭാഗത്തായി ഒരു ഓലപ്പുര മുഖംകുത്തി വീഴാറായിനില്പുണ്ടായിരുന്നു. പകല്‍പോലും അതിനു ചുറ്റും ദുരൂഹമായ ഇരുട്ടും ഏകാന്തതയും വലയം ചെയ്യുന്നതായി തോന്നും. നടന്നു നടന്ന് അവിടെയെത്തിയാല്‍, സ്ലേറ്റും പുസ്തകവും തലയില്‍ വെച്ച് കുട്ടികള്‍ ഒറ്റ ഓട്ടമാണ്.
''അങ്ങോട്ടു നോക്കണ്ട'', അച്ഛന്റെ മരുമകന്‍ സണ്ണി എന്നു വിളിക്കുന്ന പ്രഭാകരന്‍ വിളിച്ചു പറയും.
''അതെന്താ ആ വീട്ടിലേക്ക് നോക്കിയാല്?'' ഒരു ദിവസം സണ്ണിയോട് ഞാന്‍ ചോദിച്ചു.
''അവിടെ കെടന്നാണ് പിറുക്ക് ചത്തത്''- സണ്ണി പറഞ്ഞു.
''പിറുക്കോ, അതെന്താ?'' ഞാന്‍ ചോദിച്ചു.
''അതോ, മാണിക്യത്തിന്റെ അമ്മായിയമ്മ''- സണ്ണി പറഞ്ഞു.
''ആരാ മാണിക്യം?'' ഞാന്‍ ചോദിച്ചു.
''മാണിക്യത്തെയറിയില്ലേ, കൊന്ന മാണിക്യം''- സണ്ണി പറഞ്ഞു.

കൂടുതലൊന്നും സണ്ണിക്ക് അറിയില്ലായിരുന്നു. അച്ഛന്റെ അനിയന്‍, ബേബിയേട്ടന്‍ എന്ന് ഞാന്‍ വിളിക്കുന്ന ഹരിദാസാണ് പാലേരി മാണിക്യത്തിന്റെ ശ്വാസം മുട്ടിയുള്ള മരണംവരെയുള്ള കഥ ആദ്യം എനിക്കു പറഞ്ഞു തന്നത്. ബേബിയേട്ടന്‍ അന്ന് ഹൈസ്‌കൂളില്‍ പഠിക്കുകയാണ്. അതു മുതല്‍ മാണിക്യം എന്നെ വിട്ടു പോയില്ല. രാത്രി, എല്ലാവരും ഉറങ്ങിയാല്‍ ഒരു നിലവിളി ഞാന്‍ കേള്‍ക്കുക പതിവായി. ഒരു സ്ത്രീയുടെ നിസ്സഹായമായ, അവസാനത്തെ നിലവിളി.
ഒരു ഗ്രാമത്തില്‍ ഒരു കൊല നടന്നാല്‍ അത് ആ ഗ്രാമത്തെ ബാധിക്കും. അറിഞ്ഞോ അറിയാതെയോ താനും അതില്‍ പങ്കാളിയായോ എന്ന് ഓരോ ഗ്രാമീണനും സംശയിക്കും. ആ സംശയത്തില്‍നിന്നും ഭീതിയില്‍നിന്നും അവര്‍ക്ക് മോചനമുണ്ടാവില്ല. കൊലനടന്ന വീടിനടുത്തുകൂടിയുള്ള സഞ്ചാരം നിലയ്ക്കും. ചിലരുടെ സ്വപ്നങ്ങളില്‍ മരിച്ചവരുടെ നിലവിളി മുഴങ്ങും. (പാലേരി മാണിക്യം:ഒരു പാതിരാ കൊലപാതകത്തിന്റെ കഥ)

സ്‌കൂളിനടുത്താണ് മാണിക്യം പിടഞ്ഞുമരിച്ച വീടുണ്ടായിരുന്നത്. ആള്‍പ്പാര്‍പ്പില്ലാതെ ആ വീട് പൊളിഞ്ഞ് വീണ്, അപ്പുറം കശുമാവ് തോട്ടത്തിനും ഇടവഴിക്കും ഇടയില്‍ വിജനമായ ഒരു പറമ്പുമാത്രമേ അന്നുണ്ടായിരുന്നുള്ളൂ. കുട്ടികള്‍ക്ക് വിലക്കപ്പെട്ട ഇടമായിരുന്നു അതും. എന്നിട്ടും ആ വഴി പോകുമ്പോള്‍ ഞാന്‍ അങ്ങോട്ടുതന്നെ നോക്കി. മരച്ചുവട്ടിലോ വഴിവക്കിലോ മാണിക്യത്തിന്റെ പ്രേതം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍. ചിലപ്പോള്‍, മാണിക്യത്തിന്റെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ എടുത്തുകൊണ്ടുപോയി എന്നു പറയപ്പെടുന്ന ഇടവഴിയിലൂടെ നടന്ന് കുറ്റ്യാടിപ്പുഴക്കടവുവരെ എത്തി.
പാലേരിയില്‍നിന്ന് വടക്കുമ്പാട്ടേക്ക് പല വഴികളുണ്ട്. വീടിനു മുന്‍പിലെ വയല്‍ മുറിച്ചുകടന്ന്, തോട് ചാടിക്കടന്ന്, ഇടവഴികള്‍ മാറിമാറി പോകാം. പുതുശ്ശേരി താഴെ വഴി, കുന്നു കയറിയിറങ്ങി പോകാം. വയലിലൂടെ നേരെ നടന്ന്, കുഴിമ്പില്‍ താഴെ ചെന്നു കയറിയും പോകാം. പുതുശ്ശേരി താഴെ വഴി പോകാന്‍ പക്ഷേ, കുട്ടികള്‍ക്ക് പേടിയായിരുന്നു. കുന്നു കയറിയിറങ്ങിയാല്‍, ഇടതുഭാഗത്ത് പടിഞ്ഞാറേ ചാലാണ്. അവിടെ എത്തുന്നതിന് മുന്‍പ്, രണ്ട് 'ഭ്രാന്തന്മാര്‍' ഉണ്ടായിരുന്നു. ഒരാള്‍ ചങ്ങലയില്‍ തളച്ചിടപ്പെട്ട നിലയിലും മറ്റേയാള്‍ സ്വതന്ത്രനായി തുറന്നുവിട്ട നിലയിലും. ചിലപ്പോള്‍ ആ വഴി പോകാന്‍ ഞാന്‍ മോഹിച്ചു. ചങ്ങലയില്‍ കിടന്നയാള്‍ എന്നെ നോക്കി ചിരിച്ചു. മറ്റേയാള്‍, പ്രതീക്ഷിക്കാതെ വഴിവക്കില്‍ വന്നു നിന്നു.
''വാ'', അയാള്‍ വിളിക്കും.

ആ വിളികേള്‍ക്കേണ്ട താമസം ചോരയുറയും. പിന്നെ പുസ്തകം കക്ഷത്തുവെച്ച് ഒരു ഓട്ടമാണ്. ഏതോ സിദ്ധന്റെ മകളെ പ്രേമിച്ചത് കാരണം, സിദ്ധന്‍ മന്ത്രവാദം ചെയ്തു ഭ്രാന്തുവന്നതാണ്. ഭ്രാന്തുവന്നതായിരുന്നു അയാള്‍ക്ക് എന്നായിരുന്നു നാട്ടിലെ കഥ. അതും ഞാന്‍ വിശ്വസിച്ചു. പാലേരിമാണിക്യത്തിലെ ആയേടത്തു കുമാരന്‍ അയാളുടെ രൂപാന്തരമാണ്.
''പലതും പറഞ്ഞു കേള്‍ക്കുന്നുണ്ട്''. ബാലന്‍ നായര്‍ പറഞ്ഞു. ''സ്വാമിയുടെ വളര്‍ത്തുമകള്‍ ഗോമതിയും കുമാരനും തമ്മില്‍ ഇഷ്ടത്തിലായിരുന്നത്രെ. അയാളുടെ മനസ്സുമാറ്റാന്‍ സ്വാമി എന്തോ മന്ത്രവാദം ചെയ്‌തെന്നും അത് അധികമായി സമനില തെറ്റി എന്നുമാണ് കഥ. സ്വാമിയെപ്പോലെത്തന്നെ ഭഗവതിയെ പ്രത്യക്ഷമാക്കാന്‍ സേവ ഇരുന്നപ്പോള്‍ മനസ്സിളകിപ്പോയി എന്നതാണ് മറ്റൊന്ന്. എന്തായാലും അയാള്‍ ഇന്നു കാണുന്ന നിലയിലായി. (പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ)

വടക്കുമ്പാട് സ്‌കൂളില്‍ പി.ടി. ചിറക്കൊല്ലി എന്ന് വിളിക്കപ്പെട്ടിരുന്ന ചിറക്കൊല്ലി കുഞ്ഞിരാമന്‍ മാഷായിരുന്നു മൂന്നാം ക്ലാസില്‍ ടീച്ചര്‍. പഠനപരമായ കാര്യങ്ങളില്‍ എന്റെ പിന്നാക്കാവസ്ഥ അച്ഛന്‍ പറഞ്ഞതുകൊണ്ടായിരിക്കണം അദ്ദേഹവും കണക്കു പഠിപ്പിച്ചിരുന്ന കൃഷ്ണന്‍ മാഷും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഗോപാലന്‍ മാഷും എനിക്കു പ്രത്യേക പരിഗണന തന്നു. കുമാരനാശാന്റെ 'അമ്മയും കുഞ്ഞും' എന്ന കവിതയാണ് ചിറക്കൊല്ലി മാഷ് ക്ലാസില്‍ ആദ്യമായി പഠിപ്പിച്ചത്. ആ കാലത്തിന്റെ ഓര്‍മയായി മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ആ ക്ലാസ് മാത്രം.''ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ'', മാഷ് ഉറക്കെ ചെല്ലും, ഈണത്തില്‍. ഞങ്ങളോട് കൂടെ ചൊല്ലാന്‍ പറയും. ആദ്യമൊന്നും അര്‍ഥം പറയുകയില്ല. അര്‍ഥം പറയാന്‍ തുടങ്ങുമ്പോഴേക്കും കവിത മനസ്സില്‍ പതിഞ്ഞിട്ടുണ്ടാവും. പിന്നെ പുസ്തകത്തില്‍ നോക്കേണ്ടതില്ല.

നീട്ടിച്ചൊല്ലലില്‍ കുഞ്ഞിരാമന്‍മാഷ് ആവര്‍ത്തിച്ച രണ്ടു വരികളുണ്ട്: ''തെറ്റി നിനക്കുണ്ണി ചൊല്ലാം/നല്പൂമ്പാറ്റകളല്ലേയിതെല്ലാം, ആവാത്തതിങ്ങനെ എണ്ണി ചുമ്മാ മാഴ്‌കൊല്ലേ പൊന്നോമലുണ്ണീ'' എന്നോ മറ്റോ. ഇന്നാലോചിക്കുമ്പോള്‍ കുട്ടികളുടെ ഭാവനാലോകവും മുതിര്‍ന്നവരുടെ യാഥാര്‍ഥ്യത്തിന്റെ ലോകവും വേര്‍തിരിച്ചു കാണിക്കുകയായിരുന്നു മാഷ്. മലയാളത്തില്‍ ഒരു നിരൂപകനും കഴിയാത്ത കാര്യം.
കവിതകള്‍ പഠിപ്പിക്കുന്നതിനു മുന്‍പ് കവികളെപ്പറ്റിയും കുഞ്ഞിരാമന്‍ മാഷ് ഞങ്ങള്‍ക്ക് പാടിത്തന്നു. പലതവണ പാടി ആ പാട്ടും ഞങ്ങള്‍ പഠിച്ചു. പിന്നെ, അദ്ദേഹം ആദ്യവരി പാടും. ഞങ്ങള്‍ അതു പൂരിപ്പിക്കും.
''ആദ്യത്തെ കവിയാരാണ്?'', കുഞ്ഞിരാമന്‍മാഷ്
''ആദ്യത്തെ കവി വാല്മീകി,'' ഞങ്ങള്‍
''വിശ്വമഹാകവിയാരാണ്?'' കുഞ്ഞിരാമന്‍മാഷ്
''വിശ്വമഹാകവി ടാഗോറ്,'', ഞങ്ങള്‍
''കേരളനാട്ടില്‍ കവിയെത്ര?'' കുഞ്ഞിരാമന്‍മാഷ്
''കേരളനാട്ടില്‍ കവിയേറെ
കുഞ്ചന്‍, തുഞ്ചന്‍, ഉണ്ണായി
കൊഞ്ചിപ്പാടിയ ചെറുശ്ശേരി
ആശാ,നുള്ളൂര്‍, വള്ളത്തോള്‍
ജിയും പീയും ഇന്നുള്ളോര്‍,'' ഞങ്ങള്‍.
ഇന്നത്തെ കവിപ്പെരുപ്പം കാണുമ്പോള്‍ കുഞ്ഞിരാമന്‍മാഷ് പാടിയതെത്ര ശരി: കേരളനാട്ടില്‍ കവിയേറെ.

തരിപ്പിലോട്, കുഞ്ഞിരാമന്‍മാഷുടെ വീടിനടുത്ത് കുറ്റ്യാടിപ്പുഴക്കരയില്‍ അച്ഛന്റെ കുടുംബവക കുറെ ഭൂമിയുണ്ടായിരുന്നു. കുന്നുകളും പാറകളും നീരുറവകളും ചെറിയ വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒരു വനവിശാലത. കവളപ്പാറ. മുത്തശ്ശന്‍ കൊളിയിപ്പൊയില്‍ നള്ളവീട്ടില്‍ കേളുനായര്‍ ഇടയ്ക്ക് താമസം അങ്ങോട്ടു മാറ്റി. കൂടെ അച്ഛന്റെ പെങ്ങള്‍ ബാലാമണിയും മകന്‍ സണ്ണിയും. ഒരു ചെറിയ ഓലപ്പുരയിലാണ് അവര്‍ താമസിച്ചത്. ഗാന്ധിയനായ മുത്തശ്ശന് അതുതന്നെ ധാരാളം. കുടുംബവക വെറുതെകിടക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യുകയായിരുന്നു താമസം മാറ്റിയതിന്റെ ഉദ്ദേശ്യം. സണ്ണി എന്ന എന്റെ വഴികാട്ടി അവിടെയായിരുന്നതുകൊണ്ട് ഒരവസരം കിട്ടിയാല്‍ ഞാനങ്ങോട്ടുപോകും. തോടത്താംകണ്ടി കടവുവരെ ഇടവഴി. അവിടുന്നങ്ങോട്ടു പുഴത്തീരം. വഴി നടക്കാം. ഇതായിരുന്നു ആകര്‍ഷണം. ആ പുഴവഞ്ഞികള്‍ക്കിടയിലൂടെ മെലിഞ്ഞും തടിച്ചും ആഴത്തിലും അടിത്തട്ടു കാണിച്ചും ഒഴുകുന്നു കുറ്റ്യാടിപ്പുഴ. ആ പുഴ ഇന്നില്ല. ഇന്നുള്ളത് അതിന്റെ ഫോസില്‍ മാത്രം.

കവളപ്പാറ പറമ്പിനോടു ചേര്‍ന്ന് സാമാന്യം വലിയൊരു പാറയുണ്ട്; അതിന്റെ നിറുകയില്‍ ഒരു കള്ളിപ്പാലച്ചുവട്ടില്‍ ഒന്നുരണ്ടു കല്‍ത്തറകളും ഒരു കല്‍വിളക്കും. വര്‍ഷത്തില്‍ ഉത്സവദിവസം മാത്രമേ അവിടെ ആളുകള്‍ വരാറുള്ളൂ. ബാക്കിദിവസങ്ങളില്‍ വിജനം, ശൂന്യം. അച്ഛന്റെ അനിയത്തി ബാലാമണിയിളയമ്മയാണ് അതിന്റെ രഹസ്യം പറഞ്ഞുതന്നത്.
മുത്തശ്ശന്റെ പൂര്‍വികരുടെ വകയാണ് കവളപ്പാറ പറമ്പ്. അവര്‍ അവിടെ കൃഷി ചെയ്യാന്‍ ശ്രമിച്ചു. അക്കരെ കാട്ടില്‍നിന്ന് വന്യമൃഗങ്ങളും വനനിവാസികളും വന്ന് അതെല്ലാം നശിപ്പിക്കുകയും കവരുകയാണെന്നറിയാതെ എടുത്തുകൊണ്ടുപോകുകയും ചെയ്തു. പൂര്‍വികരില്‍ പ്രതാപിയായ ഒരാള്‍ രാത്രി കാവലിരിക്കാന്‍ തുടങ്ങി. ഒരു ദിവസം രാത്രി, അയാള്‍ കാട്ടില്‍ നടക്കുമ്പോള്‍ മുന്നില്‍ ഒരു കാട്ടാന. അതിന്റെ പുറത്ത് കറുത്തു തടിച്ച് ഉയരംകുറഞ്ഞ ഒരാളും. കാട്ടാനയെക്കണ്ട് പൂര്‍വികന്‍ തോക്കെടുത്തു. അപ്പോള്‍ ആനപ്പുറത്തിരിക്കുന്ന ആള്‍പറഞ്ഞു:
''വേണ്ട, ഞാന്‍ നിന്റെ സ്ഥലം നോക്കിനടത്താന്‍ വന്നതാണ്. വേണമെങ്കില്‍ എനിക്കവിടെ, ആ പാറപ്പുറത്ത് ഒരു വിളക്കുവെക്കുക.''
ആനയും അയാളും അപ്രത്യക്ഷരായി.

ആ പാറപ്പുറം ഇന്ന് കരിയാത്തന്‍ പാറയാണ്. പൂര്‍വികന്റെ ശേഷക്കാരായ ഞങ്ങളെ കാത്തുരക്ഷിക്കുന്ന കരിയാത്തന്റെ പാറ. ഇപ്പോഴും ഞാന്‍ മനസ്സറിഞ്ഞു വിളിച്ചാല്‍ കരിയാത്തന്‍ അവിടെ വരും. മാസിഡോണിയയിലും ടെല്‍അവീവിലും പൊസേകയിലും വാഴ്‌സോവിലും ന്യൂയോര്‍ക്കിലും വാഷിങ്ടണ്ണിലും സാന്തേഫേയിലും ഞാന്‍ പോയിടത്തൊക്കെ, ഞാന്‍ വിളിച്ചപ്പോള്‍, ചിരഞ്ജീവിയായ ആ കരിയാത്തന്‍ കാട്ടാനപ്പുറത്തുകയറി വന്നിട്ടുണ്ട്.
ഫലവൃക്ഷങ്ങളെക്കാള്‍ കൂടുതല്‍ കാട്ടുമരങ്ങളായിരുന്നു തച്ചംപൊയില്‍ പറമ്പില്‍. ആല്‍, കാഞ്ഞിരം, വീട്ടി, ഈട്ടി, വയന, ആഞ്ഞിലി, പുന്ന, പന, തേക്ക്, പുല്ലാഞ്ഞി, കുന്നി, ചമ്പകം, ഇലഞ്ഞി, കൊന്ന. എല്ലാം നിറഞ്ഞൊരു ചെറുവനം. മുത്തശ്ശന്റെയും അച്ഛന്റെയും വൃക്ഷസ്‌നേഹമാണ് ചെങ്കല്‍നിറഞ്ഞ ആ പറമ്പിനെ മാറ്റിത്തീര്‍ത്തത്. ദൂരദേശങ്ങളില്‍ പോയിവരുമ്പോള്‍ ഇരുവരുടെയും കൈയില്‍ ഏതെങ്കിലും വൃക്ഷത്തൈ ഉണ്ടാവും. പിന്നെ അതിനു വെള്ളവും വളവും നല്കലായിരിക്കും പ്രധാന ചിന്ത.

വയനാട്, മാനന്തവാടിക്കടുത്ത് ഇടവകയായിരുന്നു മുത്തശ്ശന്റെ യഥാര്‍ഥ തറവാട്. അവിടെ ഇപ്പോഴുമുണ്ട് വടക്കത്തി ഭഗവതിക്ഷേത്രം. മരിക്കുമ്പോള്‍ അവിടുത്തെ ഊരാളനും മൂപ്പില്‍നായരുമായിരുന്നു മുത്തശ്ശന്‍. ദാരിദ്ര്യമോ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധമോ കാരണം ചുരമിറങ്ങി, കുറ്റ്യാടിപ്പുഴയുടെ തീരത്ത് താമസമുറപ്പിച്ചതാണ് മുന്‍തലമുറക്കാര്‍. അങ്ങനെയാണ് കുന്നുകള്‍ക്കു നടുവില്‍, വയല്‍ക്കര തച്ചംപൊയില്‍ തറവാട് ഉണ്ടാകുന്നത്.
അപ്പൂപ്പന്‍ മരിച്ചു. അച്ഛനും മരിച്ചു. വീട്ടില്‍ പാര്‍ക്കാന്‍ ആളില്ലാതായി. വീടും സ്ഥലവും വില്ക്കാന്‍ ഞങ്ങള്‍ ശേഷക്കാര്‍ തീരുമാനിച്ചു. പക്ഷേ, എല്ലാം ഒത്തുവന്നിട്ടും വില്പന നടക്കുന്നില്ല.
അവസാനം, പാണമ്പ്ര ശശിപ്പണിക്കര്‍ ആ രഹസ്യം കണ്ടെത്തി.

''ഈ ഭൂമിയില്‍ ഒരു വനദേവതയുണ്ട്. അതൊരു ബാലികയാണ്. ആ ദേവതയെ എവിടെയെങ്കിലും കുടിയിരുത്തണം. അനാഥയാക്കി പോകരുത്. പൂര്‍വികരുടെ കൂടെ വയനാട്ടില്‍നിന്ന് കാടും ചുരവും ഇറങ്ങിവന്നതാണ് അവരുടെ രക്ഷയ്ക്കായി. അമ്മദേവതയ്ക്ക് തട്ടകം വിട്ട് കൂടെ വരാന്‍ കഴിയാത്തതുകൊണ്ട്, ഏറ്റവും ഇളയമകളെ അയച്ചതാണ്,'' ശശിപ്പണിക്കര്‍ പറഞ്ഞു.
പഴയ ഓര്‍മകളുടെ അവസാനത്തെ നിധിയായ എന്റെ അമ്മയും അതു ശരിവെച്ചു.
''വനദേവതയെ ആവാഹിച്ച് നമുക്ക് കോഴിക്കോട് എന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയാലോ?'' ഞാന്‍ ചോദിച്ചു.
''അതുപറ്റില്ല, വനദേവതമാര്‍ ഫ്‌ളാറ്റില്‍ താമസിക്കില്ല,'' ശശിപ്പണിക്കര്‍ അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറഞ്ഞു.
എന്റെ സങ്കടം ഗുരുവും മാര്‍ഗദര്‍ശിയുമായ സ്വാമി വിനയചൈതന്യയോടു ഞാന്‍ പറഞ്ഞു. നടരാജുഗുരുവിന്റെ ശിഷ്യനും നിത്യചൈതന്യയതിയുടെ സമകാലികനുമാണ് സ്വാമിപദം വിട്ട്, ഇപ്പോള്‍ പരിവ്രാജകനായ വിനയ.

വിനയചൈതന്യയെ ഞാന്‍ ഒരു ദിവസം തച്ചംപൊയില്‍പറമ്പില്‍ കൊണ്ടുപോയി. അദ്ദേഹം അവിടുത്തെ വൃക്ഷച്ചില്ലകളില്‍ കാതോര്‍ത്തു.
''ശരിയാണ്, ഒരു ബാലികയുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു.''
അദ്ദേഹം പറഞ്ഞു.
''എന്റെ പൂര്‍വികരുടെ കൂടെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കാടിറങ്ങിവന്നതാണ് ആ ദേവത എന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ദേവതയ്ക്കും കാണില്ലേ പ്രായം, ചുരുങ്ങിയത് ഒരു മുന്നൂറ് വയസ്സെങ്കിലും?'' ഞാന്‍ ചോദിച്ചു.
''ദേവതമാര്‍ക്ക് പ്രായമാകില്ല,'' വിനയ പറഞ്ഞു.
''അപ്പോള്‍ എന്തു ചെയ്യും? എനിക്കീ പറമ്പു വില്‌ക്കേണ്ടേ?'' ഞാന്‍ ചോദിച്ചു.
''അതു സാരമില്ല, ഇവളെ ഞാന്‍ കൊണ്ടുപൊയ്‌ക്കൊള്ളാം'', വിനയ പറഞ്ഞു.
''എവിടെ കുടിയിരുത്തും, ഫ്‌ളാറ്റില്‍ താമസിക്കില്ല എന്നാണ് പറഞ്ഞത്,'' ഞാന്‍ പറഞ്ഞു.
''കാര്യമാക്കേണ്ട, എന്റെ കൂടെ നിന്നുകൊള്ളും, പറ്റിയ കാടുകണ്ടാല്‍ ഞാന്‍ തുറന്നുവിടും,'' ഓരോ വൃക്ഷത്തെയും നോക്കി ധ്യാനിച്ച് വിനയചൈതന്യ കുറച്ചുനേരം നിന്നു. അവിടുന്ന് അടുത്ത ആഴ്ച തച്ചംപൊയില്‍ പറമ്പ് വില്ക്കാന്‍ എനിക്കുകഴിഞ്ഞു.
മാണിക്യത്തിന്റെയും കൊയിലോത്തുതാഴെ നാരായണന്റെയും ബാധ ഒഴിപ്പിക്കാന്‍, എന്നിട്ടും എഴുത്തിന്റെ കൂടോത്രംതന്നെ വേണ്ടിവന്നു, എനിക്ക്.'

Content Highlights: T.P Rajeevan, Paleri Manikyam, K.T.N Kottoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented