എഴുതിക്കൊണ്ടിരിക്കെ മരിക്കാന്‍ ആഗ്രഹിച്ച പത്രാധിപര്‍


അഴിമതിക്കും അനീതിക്കുമെതിരേ നിര്‍ഭയനായ രാമകൃഷ്ണപിള്ള തന്റെ തൂലിക ചലിപ്പിച്ചു. രാജകൊട്ടാരത്തിലെ ധൂര്‍ത്തിനെ അദ്ദേഹം ചോദ്യംചെയ്തു.

-

ത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട പ്രതികാരത്തിന്റെ കേരളത്തിലെ ആദ്യത്തെ ഇരയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മവാര്‍ഷിക ദിനമാണിന്ന്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റെയും ശക്തനായ വക്താവായിരുന്ന അദ്ദേഹം ഈശ്വരന്‍ തെറ്റ് ചെയ്താലും താന്‍ അതിനെതിരെ മുഖപ്രസംഗമെഴുതുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയിലെ തന്നെ ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായ സ്വദേശാഭിമാനിയുടെ ഓര്‍മകള്‍ എല്ലാ കാലത്തും മലയാളികള്‍ക്ക് ആവേശമാണ്.

1878 മേയ് 25-ന് നെയ്യാറ്റിന്‍കരയില്‍ മുല്ലപ്പള്ളി വീട്ടില്‍ രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛന്‍ നരസിംഹന്‍ പോറ്റിയും അമ്മ ചക്കിഅമ്മയുമായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ കോളേജില്‍ ചേര്‍ന്ന രാമകൃഷ്ണന്‍ പില്ക്കാലത്ത് സാഹിത്യരംഗത്ത് പ്രസിദ്ധരായിത്തീര്‍ന്ന മഹാകവി ഉള്ളൂര്‍, ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ തുടങ്ങിയ വ്യക്തികളുമായി പരിചയപ്പെട്ടു. രാമകൃഷ്ണപിള്ളയുടെ പല ലേഖനങ്ങളും പത്രങ്ങളില്‍ അച്ചടിച്ചുവന്നു.

'വഞ്ചിഭൂപഞ്ചിക', 'കേരളദര്‍പ്പണം' എന്നീ പത്രങ്ങളുടെ പത്രാധിപരായി രാമകൃഷ്ണപിള്ള പ്രവര്‍ത്തിച്ചത് അമ്മാവന്‍ കേശവപിള്ളയെ ക്ഷുഭിതനാക്കി. പത്രപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം അനുസരിക്കാത്തതിനാല്‍ അമ്മാവന്‍ അദ്ദേഹത്തെ വീട്ടില്‍നിന്നു പുറത്താക്കി. 1901-ല്‍ ആരംഭിച്ച 'കേരള പഞ്ചിക' എന്ന പത്രത്തിന്റെ പത്രാധിപരായ രാമകൃഷ്ണപിള്ള പത്രധര്‍മത്തെപ്പറ്റി ആദ്യ ലക്കത്തില്‍ ഇപ്രകാരം എഴുതി: ''പത്രങ്ങള്‍ക്ക് പ്രധാനമായി രണ്ടു കടമകളുണ്ട്: ജനസാമാന്യത്തിന്റെ അഭിപ്രായം സ്വരൂപപ്പെടുത്തുക; ജനസാമാന്യത്തിന്റെ അഭിപ്രായം അനുവര്‍ത്തിക്കുക. ഇതില്‍ ഏറ്റവും പ്രധാനം ആദ്യത്തെതാണ്.'' ഈ തത്ത്വമായിരുന്നു അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത് അവസാനംവരെ പിന്തുടര്‍ന്നത്.

ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ നിലനിന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവ റിപ്പോര്‍ട്ടുചെയ്തതിന്റെ പേരില്‍ അദ്ദേഹം അധികാരികളുടെ നോട്ടപ്പുള്ളിയായി. 'സ്വദേശാഭിമാനി' എന്ന പത്രത്തിന്റെ ഉടമയായിരുന്ന അബ്ദുള്‍ ഖാദര്‍ മൗലവി (വക്കം മൗലവി) എന്ന ബഹുഭാഷാപണ്ഡിതന്‍ പത്രം നടത്തിപ്പില്‍ പൂര്‍ണ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തുകൊണ്ട് രാമകൃഷ്ണപിള്ളയെ 'സ്വദേശാഭിമാനി'യുടെ പത്രാധിപസ്ഥാനം ഏല്പിച്ചു. 1906 ജനുവരിമുതല്‍ അദ്ദേഹം പത്രാധിപരായി. വിദ്യാര്‍ഥികള്‍ക്കായി 'വിദ്യാര്‍ത്ഥി' മാസികയും വനിതകള്‍ക്കായി 'ശാരദ' മാസികയും രാമകൃഷ്ണപിള്ള ആരംഭിച്ചു. 'ശാരദ' മാസികയുടെ പത്രാധിപര്‍ ബി. കല്യാണിഅമ്മയായിരുന്നു.

1907-ല്‍ തിരുവിതാംകൂര്‍ ദിവാനായ പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ 'സ്വദേശാഭിമാനി' പത്രം നിശിതമായി വിമര്‍ശിച്ചു. അഴിമതിക്കും അനീതിക്കുമെതിരേ നിര്‍ഭയനായ രാമകൃഷ്ണപിള്ള തന്റെ തൂലിക ചലിപ്പിച്ചു. രാജകൊട്ടാരത്തിലെ ധൂര്‍ത്തിനെ അദ്ദേഹം ചോദ്യംചെയ്തു. മഹാരാജാവിന് ഇതൊന്നും രസിച്ചില്ല. നെയ്യാറ്റിന്‍കര താലൂക്കിന്റെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയിലേക്ക് രാമകൃഷ്ണപിള്ള എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗൂഢാലോചനയിലൂടെ തത്പരകക്ഷികള്‍ അദ്ദേഹത്തെ ഒഴിവാക്കി. ദിവാന്റെ അഴിമതിയും സ്വഭാവദൂഷ്യങ്ങളും സ്വദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്തത് അധികാരികളെ ചൊടിപ്പിച്ചു. പത്രാധിപരെ എന്തു വിലകൊടുത്തും നാട്ടില്‍നിന്നു പുറത്താക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നു. രാജാവിനോടും ദിവാനോടും മാപ്പപേക്ഷിച്ച് ആപത്തില്‍നിന്നു രക്ഷപ്പെടാന്‍ ചില വിശ്വസ്ത സ്‌നേഹിതര്‍ അപേക്ഷിച്ചെങ്കിലും സത്യത്തെ തള്ളിപ്പറയാന്‍ രാമകൃഷ്ണപിള്ള തയ്യാറായില്ല. ദിവാനും സേവകരും രാജാവും ചേര്‍ന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു.

1910 സെപ്റ്റംബര്‍ 26-ന് സ്വദേശാഭിമാനി പ്രസ്സും പിള്ളയുടെ വീടും പോലീസ് അടച്ചുപൂട്ടി മുദ്രവെക്കുകയും പത്രാധിപരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിള്ളയെ പോലീസ് ഉപദ്രവിക്കുമെന്ന ഭയത്താല്‍ ജനക്കൂട്ടം പിന്നാലെ സ്റ്റേഷനിലെത്തി. എന്നാല്‍ അദ്ദേഹത്തിന് മാന്യമായ പെരുമാറ്റം പോലീസില്‍നിന്ന് ലഭിച്ചതിനാല്‍ ജനങ്ങള്‍ പിരിഞ്ഞുപോയി. അന്നുരാത്രിതന്നെ അദ്ദേഹത്തെ നാടുകടത്തി. പിറ്റേദിവസം അദ്ദേഹം തിരുനെല്‍വേലിയിലെത്തി. തുടര്‍ന്ന് തിരുവിതാംകൂറിലും മലബാറിലും ശക്തമായ പ്രതിഷേധമുണ്ടായി.

എന്നാല്‍ 'സ്വദേശാഭിമാനി' പത്ര ഉടമ വക്കം മൗലവി, തന്റെ പത്രവും പ്രസ്സും നഷ്ടപ്പെട്ടതിനുശേഷവും സ്വതന്ത്രചിന്തകനായ രാമകൃഷ്ണപിള്ളയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയാണ് ചെയ്തത്. മലേഷ്യയിലെ മലയാളികള്‍ പിള്ളയെ 'സ്വദേശാഭിമാനി' എന്ന ബിരുദം നല്കി ആദരിച്ചു. 1912 സെപ്റ്റംബര്‍ 28-ന് പാലക്കാട് നടന്ന മഹാസമ്മേളനത്തില്‍വെച്ചായിരുന്നു മഹത്തായ ഈ അംഗീകാരം നല്കിയത്. അതോടെ അദ്ദേഹം 'സ്വദേശാഭിമാനി' എന്നറിയപ്പെട്ടു.

നാടുകടത്തലിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ താമസിച്ചശേഷം 1915-ല്‍ പിള്ളയും കുടുംബവും കണ്ണൂരിലെത്തി. വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തെ രോഗിയാക്കി. വായനയും എഴുത്തും ചിന്തയും ഈ രോഗാവസ്ഥയില്‍ ശരീരത്തെ തകര്‍ക്കും എന്ന് ഭാര്യ ഓര്‍മപ്പെടുത്തിയപ്പോള്‍ ''എഴുതിക്കൊണ്ടിരിക്കെ മരിക്കണമെന്നതാണ് എന്റെ ആഗ്രഹം'' എന്നാണ് സ്വദേശാഭിമാനി പറഞ്ഞത്. 1916 മാര്‍ച്ച് 28-ന് സ്വദേശാഭിമാനി 38-ാം വയസ്സില്‍ കണ്ണൂരില്‍വെച്ച് അന്തരിച്ചു.

പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: swadeshabhimani ramakrishna pillai birth anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented