ഡോ. സുകുമാർ അഴീക്കോട് | ഫോട്ടോ: സിദ്ദിഖുൽ അക്ബർ മാതൃഭൂമി
അനീതിയ്ക്കും അഴിമതിയ്ക്കും അക്രമത്തിനും അനാചാരങ്ങള്‍ക്കും വര്‍ഗീയതയ്ക്കും സാമൂഹികതിന്മകള്‍ക്കും എതിരെ ഒറ്റയ്ക്ക് പോരാടിയ മഹാമനീഷി ആയിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. അദ്ദേഹത്തിന്റെ 95-ാം ജന്മവാര്‍ഷികമാണ് 2021 മേയ് 12. മനുഷ്യവംശത്തെ ഒന്നാകെ നിഗ്രഹിക്കാന്‍ പോരുന്ന കൊറോണ വൈറസിന്റെ ആക്രമണത്തെ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ബദ്ധപ്പെടുന്ന ഈ കാലയളവിലും അന്ധവിശ്വാസത്തിലും വര്ഗീയവിദ്വേഷത്തിലും അഭിരമിക്കുന്ന ഇന്ത്യയുടെ അവസ്ഥ കാണുമ്പോള്‍, അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചുപോകുന്നു. ഈ ജന്മജയന്തിയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സത്യം വിളിച്ചുപറയാനും നന്മയുടെ ഭാഗത്ത് ധീരമായി നില്‍ക്കാനും നമ്മെ പ്രേരിപ്പിക്കാതിരിക്കില്ല.
തനിക്കു ശരിയെന്നു തോന്നുന്നത് തുറന്നു പറയാനും ഏതു വിഷയത്തിലും കൃത്യമായി പ്രതികരിക്കാനും കഴിവും തന്റേടവും സുകുമാര്‍ അഴീക്കോടിനെപ്പോലെ ഒരു സാംസ്കാരിക നായകനിലും കണ്ടിട്ടില്ല. സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും സാംസ്കാരിക രംഗത്തായാലും മുഖം നോക്കാതെ അദ്ദേഹം വിമര്‍ശിക്കുമായിരുന്നു. അതുമൂലം തനിക്കു എന്ത് പരിക്ക് പറ്റുമെന്നോ എന്ത് നഷ്ടം വരുമെന്നോ അദ്ദേഹം ഉത്ക്കണ്ഠപ്പെട്ടിരുന്നില്ല.
ഒന്നാം ലോക മലയാള സമ്മേളനത്തില്‍, അന്നത്തെ ഭരണാധികാരികളെ അതിനിശിതമായി വിമര്‍ശിച്ച അദ്ദേഹത്തിനു, ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന കൊച്ചി സര്‍വ്വകലാശാലാ വൈസ് ചാന്സലര്സ്ഥാനമാണ് നഷ്ടമായത്. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി മരിച്ചപ്പോള്‍ അദ്ദേഹം മന്ത്രിയായി ഭരിച്ച വകുപ്പുകള്‍ക്ക് മാത്രം അവധി കൊടുത്തതില്‍ പ്രതിഷേധിച്ച് അന്ന് നടത്തിയ പ്രസംഗത്തില്‍ ഭരണക്കാരെ കണക്കറ്റു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ദേവേന്ദ്ര പദത്തിലെത്തിയപ്പോള്‍ സപ്തര്ഷികളെ കൊണ്ട് പല്ലക്ക് ചുമപ്പിച്ച് ശാപം കിട്ടി പെരുമ്പാമ്പായി ഭൂമിയില്‍ പതിച്ച നഹുഷന്റെ ഗതി വരുമെന്ന്, മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഉപനിഷത്തും സാഹിത്യവും ഗാന്ധിജിയുമാണ് തന്റെ ജീവിതത്തെ സദാ പ്രചോദിപ്പിച്ചു കൊണ്ടിരുന്ന മൂന്നു പ്രഭാവങ്ങള്‍ എന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം നിരീക്ഷിക്കുന്ന ആര്‍ക്കും ഈ പ്രസ്താവന വാസ്തവമാണെന്ന് കാണാം. സാഹിത്യവിമര്‍ശകനായിട്ടാണ് അഴീക്കോട് ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടതും പേരെടുത്തതും. അപ്പോഴും ഉപനിഷത്തും ഗാന്ധിജിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ അന്തര്‍ദ്ധാരയായി നിലകൊണ്ടിരുന്നു.
സാഹിത്യവിമര്‍ശത്തിലും പ്രസംഗത്തിലും അവയുടെ സ്വാധീനം പ്രകടമായിരുന്നെങ്കിലും 'തത്ത്വമസി'യുടെ രചനയോടെയാണ് അഴീക്കോടിലെ ഉപനിഷത്ത് പണ്ഡിതനെ ലോകം ശരിക്കും മനസ്സിലാക്കിയത്. പാശ്ചാത്യരും പൗരസ്ത്യരുമായ പണ്ഡിതന്മാര് അന്നുവരെ ഉപനിഷത്തുകളെ കുറിച്ചു നടത്തിയിട്ടുള്ള ഖണ്ഡനപരവും മപണ്ഡനപരവും ആയ വിമര്‍ശനങ്ങളും പഠനങ്ങളും ഉപനിഷദ് ഗ്രന്ഥങ്ങളും പഠിച്ചും പരിശോധിച്ചും എഴുതിയ 'തത്ത്വമസി' മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല വേദാന്ത പഠനമാണ്. ഗാന്ധിജിയിലും ഗാന്ധിയന്‍ തത്ത്വശാസ്ത്രത്തിലും ഉള്ള അറിവും ആരാധനയും വ്യക്തമാക്കുന്നതാണ് ''മഹാത്മാവിന്റെ മാര്‍ഗ്ഗം'' എന്ന അദ്ദേഹത്തിന്റെ കൃതി.
മലയാള വിമര്ശരംഗത്ത് ഒട്ടേറെ പ്രത്യേകതകള്‍ സൃഷ്ടിച്ച സാഹിത്യകാരനാണ് അഴീക്കോട്. ഖണ്ഡന വിമര്‍ശമാണ് വിമര്‍ശം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാളത്തിലെ എക്കാലത്തെയും മികച്ച ഖണ്ഡന വിമര്ശഗ്രന്ഥമാണ്.ഒരു കവിയുടെ എല്ലാ കൃതികളെയും സമഗ്രമായി വിമര്‍ശിക്കുന്ന ആദ്യത്തെ കൃതി എന്നുള്ള ബഹുമതിയും അതിനുണ്ട്. ഒരു മഹാകവിയുടെ ഒരു കൃതിയെ മാത്രം പഠനത്തിനു വിധേയമാക്കുന്ന കൃതി എന്ന പ്രത്യേകത, അഴീക്കോടിന്റെ ആദ്യ ഗ്രന്ഥമായ 'ആശാന്റെ സീതാ കാവ്യ'ത്തിനുണ്ട്.
സാഹിത്യ വിമര്ശത്തില്നിന്നു സാമൂഹിക വിമര്‍ശകനും സമഗ്ര വിമര്‍ശകനുമായി (ടോട്ടല്‍ ക്രിട്ടിക്) മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ശ്രീനാരായണ ഗുരുവിനെപ്പോലെ വടക്കേ മലബാറില്‍ പ്രശസ്തനായിരുന്ന വാഗ്ഭടാനന്ദ ഗുരുദേവന്റെ സ്വാധീനമാണ് അനീതിയെ എതിര്‍ക്കാനുള്ള താല്പര്യം അഴീക്കോടില്‍ വളര്‍ത്തിയത്. ഏതു മേഖലയിലായാലും അനീതിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്നതിന് അദ്ദേഹത്തിനു മടിയില്ലായിരുന്നു.
ഒരുകാലഘട്ട ത്തെ മുഴുവന്‍ പ്രചോദിപ്പിച്ച അതുല്യനായ പ്രഭാഷകനായിരുന്നു അഴീക്കോട്. എതിരാളികളെക്കൊണ്ട് പോലും കൈയ്യടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വചോവിലാസത്തിനു കഴിഞ്ഞിരുന്നു. മുക്കാല്‍ നൂറ്റാണ്ടുകാലം ആ വാക്ധോരണി കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിയിരുന്നു.
മതേതരത്വത്തിനും ദേശീയോദ്ഗ്രഥനത്തിനും വേണ്ടി ഇത്രയധികം വാദിച്ച ഒരു സാംസ്കാരിക നായകന് വേറെ കാണില്ല. വര്‍ഗീയതയ്ക്കെതിരെ അദ്ദേഹം നടത്തിയ ഒറ്റയാള്‍ പോരാട്ടം പ്രസിദ്ധമാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനും വര്‍ഷങ്ങള്‍ മുമ്പേ ആര്.എസ്.എസും ബി.ജെ.പിയും മറ്റു ഹിന്ദു ഭീകരസംഘങ്ങളും കൂടി അതിനു വട്ടം കൂട്ടുകയാണെന്ന് അദ്ദേഹം കണ്ടിരുന്നു. ''മുഹമ്മദീയര്‍ ആരാധനത്തിനു വേണ്ടി, രാമന് ജനിച്ചിടത്ത് ഒരു ദേവാലയം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ലോകാഭിരാമനായ ശ്രീരാമന് ഇതില്‍ കവിഞ്ഞ് ആദരത്തിനും പൂജനത്തിനും എന്താണു വേണ്ടത്? ഞാനിതു മേന്മയാണെന്നാണ് ധരിച്ചത്. പക്ഷെ നമ്മളോടിപ്പോള്‍ പുതിയ നേതാക്കള്‍ പറയുന്നു, ഇത് ഇന്ത്യയുടെ ദൗര്‍ബ്ബല്യമാണ്, കൊള്ളരുതായ്മയാണ്; ഈ തെറ്റ് ഉടനെ തിരുത്തണം എന്ന്. ആ പള്ളി പൊളിച്ചാല്‍ പള്ളിയല്ല പൊളിയുക, ഇന്ത്യയാണ്, ഇന്ത്യയുടെ സംസ്കാരമാണ്. അവിടെ രാമന്റെ ചോര കാണും. രാവണനു കഴിയാത്ത രാമവധം അന്ന് ഇവര്‍ക്ക് കഴിയും.'' എന്ന് അദ്ദേഹം പറഞ്ഞു. അഴീക്കോട് ദീര്‍ഘദര്‍ശനം ചെയ്തതുപോലെ പള്ളി തകര്‍ത്തു.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രഭാഷണ പരമ്പര തന്നെ അദ്ദേഹം നടത്തി. തൃശൂര്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍ ഏഴു ദിവസം തുടര്‍ച്ചയായി പ്രസംഗിച്ചു. ഈ പ്രസംഗ സപ്താഹം ''ഭാരതീയത'' എന്ന പേരില്‍ പുസ്തകമാക്കുകയുണ്ടായി. മുറിവേറ്റ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അക്രമികള്‍ക്ക് മേല്‍ അന്തമറ്റ പ്രഹരം ഏല്പിക്കാനും ആ പ്രഭാഷണങ്ങള്‍ക്ക് കഴിഞ്ഞു.
''രണ്ടായിരത്തഞ്ഞൂറു കൊല്ലം ഇന്ത്യയില്‍ മഹാരാജാക്കന്മാരായിരുന്ന ആറു പേരുടെ ചരിത്രമെടുത്താല്‍ രണ്ടേ രണ്ടു ഹിന്ദു രാജാക്കന്മാര് മാത്രമാണുണ്ടായിരുന്നത് ചന്ദ്രഗുപ്ത വിക്രമാദിത്യനും കൃഷ്ണ ദേവരായരും. ബാക്കിയുള്ള നാലു പേരില്‍ ഒരാള്‍ ജൈനനും(ചന്ദ്രഗുപ്ത മൌര്യന്‍) രണ്ടു പേര് ബുദ്ധമതക്കാരും അശോകനും ഹര്‍ഷവര്‍ദ്ധനനും) ഒരാള്‍ മുസ്ലീമും (അക്ബര്‍)ആയിരുന്നു.'' ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ് എന്ന സംഘപരിവാരങ്ങളുടെ ചിരപുരാതന അവകാശവാദങ്ങളെ, ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ അഴീക്കോട് പൊളിച്ചടുക്കി.
വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ചുകൊണ്ട് ഭാരതീയ ദര്‍ശനം എന്താണെന്ന് പ്രസംഗങ്ങളില്‍ ഉടനീളം അദ്ദേഹം വിശദീകരിച്ചു. കപട സനാതനികള്‍ക്കും ഹിന്ദുക്കളുടെ ഹോള്‍സെയില്‍ വ്യാപാരികളായി വേഷം കെട്ടി നടന്ന 'വിശ്വ ഹിന്ദു'ക്കള്‍ക്കും അഴീക്കോട് അനഭിമതനായി. വധഭീഷണി വരെ മുഴക്കി. 'ഇനി ഹിന്ദുത്വത്തെ ആക്ഷേപിച്ചു ഉരിയാടിപ്പോയാല്‍ നിന്റെ തല കാണില്ല' എന്നായിരുന്നു ഒരു കത്തിന്റെ ഉള്ളടക്കം. ഇത്തരം നിരവധി കത്തുകള്‍ അക്കാലത്ത് അദ്ദേഹത്തിനു കിട്ടിക്കൊണ്ടിരുന്നു.
ഏതാനും കത്തുകള്‍ തിരുവനന്ത പുരത്ത് വന്നപ്പോള്‍ ഞങ്ങളില്‍ ചിലരെ കാണിക്കുകയുണ്ടായി. വളരെ നിര്‍ബ്ബന്ധിച്ചിട്ടും അവ പോലീസിനു കൈമാറാന്‍ അദ്ദേഹം സമ്മതിച്ചില്ല. അവസാനത്തെ ഭീഷണിക്കത്ത് കിട്ടി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ചേര്‍ന്ന ഒരു മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹിന്ദു തീവ്രവാദികളെ അതിനിശിതമായി വിമര്‍ശിച്ചു. തനിക്കു വന്നുകൊണ്ടിരിക്കുന്ന ഭീഷണിക്കത്തുകളുടെ കാര്യം പരാമര്‍ശിച്ച ശേഷം ''ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലകളെന്നു കരുതപ്പെടുന്ന, പ്രസ്ഥാനത്രയത്തിലോ പുരാണങ്ങളിലോ 'ഹിന്ദു' എന്നൊരു വാക്കില്ല. പിന്നല്ലേ 'ഹിന്ദുത്വം'എന്ന് അദ്ദേഹം പറഞ്ഞു. ആ 'ഹിന്ദുത്വ'ത്തിനു വല്ലാത്ത ഒരു പരിഹാസച്ചുവയുണ്ടായിരുന്നു.
ഗാന്ധിജിയുടെ 125-ാം ജന്മവാര്ഷികത്തിനു കേരളത്തിലെ 125 ഗ്രാമങ്ങളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഒരു റെക്കോര്‍ഡ് ആണ്. മഹാത്മാവിനു ഇന്നോളം ആരും നല്കിയിട്ടില്ലാത്ത ഗുരുദക്ഷിണയാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പേ അഴീക്കോട് കഥാവശേഷനായി. പക്ഷെ, ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരെ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഭീഷണികളെ കുറിച്ചും അന്നത്തെ പ്രഭാഷണങ്ങളില്‍ അഴീക്കോട് ഉത്കണ്ഠപ്പെട്ടിരുന്നു. 'സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നാം ഭരണഘടനയുണ്ടാക്കി. നാം തന്നെ എഴുതി നമുക്ക് തന്നെ സമര്‍പ്പിച്ച ഭരണഘടന. അതില്‍ നിറയെ ജ്വലിക്കുന്ന നക്ഷത്രങ്ങള്‍ പോലെ ആദര്‍ശങ്ങള്‍. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മതേതരത്വം എന്നീ ആദര്‍ശങ്ങള്‍. അവ നടപ്പാക്കേണ്ട ചുമതല ഓരോ പൌരനുമുണ്ട്.' എന്ന് ഉദ്ബോധിപ്പിച്ച അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കില്‍, തന്റെ ബുദ്ധിശാലയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കുമായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ആദ്യപ്രതികരണം അഴീക്കൊടിന്റേതാകുമായിരുന്നു. വര്‍ഗീയതയുടെയും വിഘടനത്തിന്റെയും പകയുടെയും വിഷം പരത്തുന്നവര്‍ക്ക് ഭീഷണിയായി അദ്ദേഹം മുന്‍പന്തിയില്‍ കാണുമായിരുന്നു. മനു ഷ്യര്‍ മഹാമാരിക്ക് അടിപ്പെട്ടു പുഴുക്കളെപ്പോലെ മരിച്ചു വീഴുമ്പോള്‍ കുംഭമേള നടത്താന്‍ അനുവാദവും അര്‍ത്ഥവും നല്‍കിയവര്‍ക്കെതിരെ ചന്ദ്രഹാസമിളക്കുമായിരുന്നു. ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും വാക്സിന് സൗജന്യമായി നല്‍കാനും പണമില്ലാത്തപ്പോള്‍ 20,000 കോടി രൂപ ചെലവഴിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിക്ക് കൊട്ടാരവും നിര്‍മ്മിക്കുന്നതിനെതിരെ രൂക്ഷമായി വിമര്‍ശിക്കുമായിരുന്നു .
2012 ജനുവരി 24-ന് അന്തരിച്ച അഴീക്കോട് അവശേഷിപ്പിച്ചു പോയ ധാര്‍മ്മികധൈര്യത്തിന്റെ ദീപശിഖ പുതുതലമുറയ്ക്ക് ആവേശം പകര്‍ന്നു നല്‍കുമെന്ന് അദ്ദേഹത്തിന്റെ ഈ പിറന്നാള്‍ദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം.
Content Highlights: Sukumar Azheekode- living legend in Malayalam, a memoir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..