''അമ്മയ്ക്കു തോന്നുന്നുണ്ടോ, മുത്തശ്ശനോടു പറയാതെ സുഗതച്ചേച്ചി പോകും എന്ന്?'


അദിതി

ചേച്ചി വന്നിട്ടുണ്ടാകും, യാത്ര പറഞ്ഞിട്ടുണ്ടാകും; മുത്തശ്ശന്‍ എല്ലാം അറിഞ്ഞിട്ടും ഉണ്ടാകും!'' ശരിയായിരിക്കാം. നിസ്സംഗമായ ആ മഹാമൗനത്തിനുപിന്നില്‍, ആ വേര്‍പാടിന്റെ വേദനയാകാം. ജനല്‍പ്പാളിക്കപ്പുറം തെങ്ങോലച്ചാര്‍ത്തിനിടയിലൂടെ ഒരു നക്ഷത്രക്കുഞ്ഞിന്റെ പുഞ്ചിരിയിലൂടെ ആ മുഖം അച്ഛന്‍ കണ്ടിട്ടുണ്ടാകാം.

സുഗതകുമാരിയും വിഷ്ണുനാരായണൻ നമ്പൂതിരിയും

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും-മലയാള കവിതയുടെ പാരിജാത വൃക്ഷത്തില്‍ ഒരേപോലെ പടര്‍ന്നുകയറിയ വള്ളികള്‍. അഗാധമായ സ്‌നേഹത്തിന്റെയും പരസ്പരാദരത്തിന്റെയും പട്ടുനൂലിഴ അവരെ ചേര്‍ത്തുനിര്‍ത്തി. കവിതകൊണ്ട് അവര്‍ പരസ്പരം കളഭം ചാര്‍ത്തി. ആരോഗ്യ കാര്യങ്ങളില്‍ ആകുലപ്പെട്ടു. ഒടുവില്‍ സുഗത പോയപ്പോള്‍ ഓര്‍മയുടെ പാളികളെല്ലാം തേഞ്ഞ്് വിഷ്ണുനാരായണന്‍ നമ്പൂതിരി കിടക്കുന്നു. ആ മൗനത്തിലേക്കു നോക്കുമ്പോള്‍ മകള്‍ക്കും കൊച്ചുമകള്‍ക്കും തോന്നുന്നു: സുഹൃത്തിനോട് പറയാതെ സുഗത പോവുമോ

വിടെ നിന്നാണു തുടങ്ങേണ്ടത്? കാരുണ്യവും ശാന്തതയും തുളുമ്പുന്ന ആര്‍ദ്രസ്മിതവുമായി ആ മുഖം ഓര്‍മയുടെ ഏതേതു വാതിലുകളാണു വലിച്ചുതുറക്കുന്നത്? അച്ഛനും അമ്മയും 'സുഗതച്ചേച്ചി' എന്നു വിളിക്കുന്നതുകേട്ട് ഞങ്ങള്‍ മക്കളും അങ്ങനെതന്നെ വിളിച്ചു ശീലിച്ചു. തിരുവനന്തപുരത്ത് ജവാഹര്‍ ബാലഭവനില്‍ അവധിക്കാല ക്ലാസുകള്‍ക്ക് പോയിത്തുടങ്ങിയപ്പോഴാണ് പ്രിന്‍സിപ്പലിനെ 'സുഗതടീച്ചര്‍' എന്നു വിളിക്കുന്നതാണ് ഉചിതം എന്നുതോന്നിയത്. പക്ഷേ, നേരിട്ടു കാണുമ്പോള്‍ അങ്ങനെ വിളിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. പത്തു-പന്ത്രണ്ടു വയസ്സ് പ്രായത്തില്‍ നീളന്‍ പാവാടയുമായി ഓടിക്കളിക്കുന്ന കാലം. സ്‌കൂളിലെ യുവജനോത്സവ പരിപാടികള്‍ക്കിടയില്‍ മധുരമായ ഈണത്തില്‍, താളത്തില്‍, കാതില്‍ പതിഞ്ഞ വരികള്‍... കണ്ണന്റെ കാളിയമര്‍ദനം മുന്നില്‍ വരച്ചുകാട്ടിയ വരികളില്‍ മനസ്സുടക്കി. കവയിത്രി സുഗതകുമാരിയുടെ കവിത, മകള്‍ ലക്ഷ്മിയാണുചൊല്ലിയത് എന്നറിഞ്ഞു. അന്നുമുതല്‍, ഇന്നോളം, ഝണല്‍ ഝണല്‍ ഝണ നാദമുതിര്‍ക്കുന്ന ആ മണിച്ചിലങ്കകള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു...

പിന്നെ, വാടകവീടുകളില്‍നിന്നു മോചനം പ്രാപിച്ച്, 'അപരാജിത' എന്ന സ്വപ്നമന്ദിരത്തില്‍, എന്റെ കൗമാരത്തിന്റെ കാല്പനികതകളില്‍ സൗവര്‍ണമുദ്രകള്‍ ചാര്‍ത്തിക്കൊണ്ട് ഒരു കവിതക്കാലം. കക്കാടമ്മാവനും പാലൂരമ്മാവനും ഒക്കെ വരുമ്പോള്‍ നര്‍മങ്ങളുടെ നുറുങ്ങുകളുമായി ഒരുങ്ങാറുള്ള അരങ്ങുകള്‍, കാവ്യസഞ്ചാരങ്ങളായി മാറിയകാലം. 'നെറ്റിയിലിട്ടു നിലാവിന്‍ ചന്ദനമിട്ടും, കൈയിലൊരഞ്ചാറിതളും മൊട്ടും പേറിയും' വരുന്ന സന്ധ്യയ്‌ക്കൊപ്പം, തിരക്കുകളൊതുക്കി, ചേച്ചിയും വരും; പലപ്പോഴും അത്താഴമൊരുക്കി ഞങ്ങള്‍ കാത്തിരിക്കും; അമ്മ ഉണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും അവിയലും കാളനുമെല്ലാം ചേച്ചിക്ക് ഒരുപാടിഷ്ടമായിരുന്നു. പിന്നെ കവിത കുറിക്കലും ചൊല്ലലും തിരുത്തലും ഒക്കെയായി രാത്രി ഏറെ വൈകുവോളം. പലപ്പോഴും വൈലോപ്പിള്ളി മാഷ്, എന്‍.വി. കൃഷ്ണവാര്യര്‍, അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി., കെ.പി. ശങ്കരന്‍ തുടങ്ങിയ സാഹിത്യകാരന്മാരും സാംസ്‌കാരികനായകന്മാരും ഒപ്പം സുഹൃത്തുക്കളും വിദ്യാര്‍ഥികളും ഈ സദസ്സില്‍ എത്താറുണ്ട്. സൗഹൃദവും സാഹോദര്യവും ഗുരുത്വവും പരസ്പരാരാധനയും എല്ലാം ഇടകലര്‍ന്ന, നിര്‍വചനങ്ങള്‍ക്ക് അതീതമായ ബന്ധങ്ങള്‍. സമാനഹൃദയ, ജസ്സി, അമ്മ, കൃഷ്ണ നീയെന്നെ അറിയില്ല - പ്രസിദ്ധീകരണത്തിനു മുന്‍പുള്ള എത്രയോ കവിതകളുടെ അക്ഷരക്കളരികളായിരുന്നു ആ സദസ്സുകള്‍! പിറന്നാള്‍ ആശംസകള്‍ മുതല്‍ പരസ്പരമുളള കുശലാന്വേഷണം വരെ അവര്‍ അക്കാലത്ത് കവിതയിലാണ് ചെയ്തിരുന്നത്. സുഗതച്ചേച്ചിയുടെ പുരസ്‌കാരലബ്ധി മുതല്‍ നേത്രരോഗം വരെ അച്ഛന്റെ കവിതയ്ക്കുവിഷയമായിട്ടുണ്ട്; അറുപതാം പിറന്നാളിന് അച്ഛനെഴുതി സമര്‍പ്പിച്ചതാണ് 'എത്തിയോ മാദ്ധ്യന്ദിനം?' എന്ന കവിത.

കാവ്യാനുഭൂതികളുടെ ആ കൂട്ടായ്മയില്‍നിന്നാണ് പ്രകൃതിസംരക്ഷണ സമിതി പിറന്നുവീണത്. സൈലന്റ് വാലി വിവാദകാലത്ത്, അച്ഛന്‍ അതിന്റെ ജോയന്റ് സെക്രട്ടറിയായിരുന്നു. അക്കാലത്ത് അവര്‍ ഒന്നിച്ച് കാടിനുവേണ്ടി പണിയെടുത്തു, കവിതകള്‍ എഴുതി, നാടൊട്ടുക്കു ചൊല്ലിനടന്നു. പിന്നീട്, 1985-ല്‍, ചേച്ചി 'അഭയ'യുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍, അച്ഛന്‍ അല്പം ശങ്കാകുലനായി. എങ്കിലും ആള്‍ബലവും മനോബലവും സാമ്പത്തികബലവും ഒക്കെയായി അഭയയിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും അച്ഛന്‍ പങ്കാളിയാകും. യൂണിവേഴ്സിറ്റി കോളേജിലെ മഹാഗണിമരങ്ങള്‍ക്ക് പിന്തുണയായ 'ചിപ്കോ' സമരകാലം. സുഗതകുമാരിക്കെതിരായുള്ള ആരോപണങ്ങളും അപവാദങ്ങളും കോളേജിന്റെ മതിലില്‍ പതിച്ചു കണ്ടത് സഹിക്കാതെ, ശുണ്ഠിയോടെ, ദേഷ്യത്തോടെ, സൈക്കിളിന്മേലിരുന്നുതന്നെ അച്ഛന്‍ വലിച്ചു കീറിക്കളഞ്ഞിട്ടുണ്ട്. സമയവും സൗകര്യവും ആരോഗ്യവും ധനസ്ഥിതിയും കുടുംബകാര്യങ്ങള്‍പോലും കാര്യമാക്കാതെ സുഗതച്ചേച്ചി സ്ത്രീകള്‍ക്കും മാനസികരോഗികള്‍ക്കുംവേണ്ടി രാപകല്‍ ഇല്ലാതെ ഓടി നടക്കുമ്പോള്‍, കരുതലിന്റെ പേരിലുളള കലഹങ്ങളും അവര്‍ക്കിടയില്‍ പതിവായിരുന്നു. 'പരധര്‍മോ ഭയാവഹഃ' എന്നു ഭീഷണിപ്പെടുത്തുകയും 'മതിയാക്കരുതോ' എന്നു ശുണ്ഠിയെടുക്കുകയും അച്ഛന്‍ പതിവാണ്. അനാരോഗ്യം മൂലം ഇടയ്ക്കിടെ ആശുപത്രിവാസം ഒഴിവാക്കാനാകാതെ വരുമ്പോള്‍, ''അതൊക്കെ, പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്ക് ദൈവം തരുന്ന നിര്‍ബന്ധിത വിശ്രമദിനങ്ങളാണ്'' എന്ന് ശകാരഭാവത്തില്‍ത്തന്നെ അച്ഛന്‍ പറയാറുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍, പ്രകൃതിസംരക്ഷണസമിതി അംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ കുറിഞ്ഞിമല യാത്രയില്‍ ചേച്ചിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആ പരിഭവമാണ് കുറിഞ്ഞിപ്പൂക്കള്‍ എന്ന കവിതയായി വിരിഞ്ഞത്. പ്രശസ്ത അധ്യാപകനും പാരിസ്ഥിതികനുമായിരുന്ന. കെ.കെ. നീലകണ്ഠന്‍ മാഷ് പങ്കെടുത്ത ഒരു സദസ്സില്‍വെച്ച് 'മരത്തിനു സ്തുതി' എന്ന കവിത ചൊല്ലി വരവേ,

'നീലകണ്ഠസ്വാമിയെപ്പോല്‍ വിഷം താനേ ഭുജിച്ചിട്ടു

പ്രാണവായു തരുന്നോനാ,യിതാ തൊഴുന്നേന്‍!'

എന്ന വരികള്‍ ഉരുത്തിരിഞ്ഞതും ഓര്‍മയിലെ പച്ചപ്പ്. അത്തരം മറ്റൊരു സദസ്സിലാണ് കക്കാടമ്മാവന്റെ 'സഫലമീ യാത്ര' എന്ന കവിത സുഗതച്ചേച്ചി വായിക്കുന്നത്. ശബ്ദമിടറി, മിഴികള്‍ നനഞ്ഞ്, കണ്ണീരിറ്റു വീണ് കവിതക്കടലാസു കുതിരവേ, നിശ്ശബ്ദമായ സദസ്സിനു മുന്നില്‍ കക്കാടമ്മാവന്റെ ആത്മഗതം: ''ഇത്ര പുണ്യംണ്ടോ, എന്റെ കവിതയ്ക്ക്!''

1994-'97 കാലത്തായിരുന്നു, അച്ഛന്‍ കോളേജ് അധ്യാപനത്തില്‍നിന്നു വിരമിച്ച്, തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കാരായ്മ ശാന്തി ഒരു മുറ - മൂന്നുവര്‍ഷം - ചെയ്യാന്‍ തീരുമാനിച്ചത്. കടല്‍ കടന്നതിന്റെ പേരില്‍ സമുദായം ഭ്രഷ്ടു കല്പിക്കുകവരെ എത്തിനിന്ന - ഇന്നും അതു പിന്‍വലിക്കപ്പെട്ടിട്ടില്ല, കേട്ടോ! - അക്കാലത്തെ വിവാദസംഭവങ്ങളില്‍ ഒന്ന്, അച്ഛന്‍ 'നായര്‍സ്ത്രീ'യായ സുഗതകുമാരിയെ പരസ്യമായി നമസ്‌കരിച്ചു എന്നതാണ്. 'സുഗതകുമാരി നായര്‍സ്ത്രീ ആണെങ്കില്‍, സാക്ഷാല്‍ കൃഷ്ണദ്വൈപായനന്‍ മുക്കുവനാണ് എന്നു പറയേണ്ടി വരും.' എന്നായിരുന്നു അച്ഛന്റെ മറുപടി

സുഗതച്ചേച്ചിയുടെ എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷങ്ങളിലൊന്നും അനാരോഗ്യം മൂലം അച്ഛനു പങ്കെടുക്കാനായില്ല. പതിവുപോലെ മാമ്പഴപ്പുളിശ്ശേരിയുമായി ഞാനും അനുജത്തി അപര്‍ണയും ചെന്നുകണ്ടു നമസ്‌കരിച്ചു. പിന്നീട്, അച്ഛന്റെ പ്രിയശിഷ്യയും എന്റെ പ്രിയ അധ്യാപികയുമായ ശ്രീദേവിടീച്ചര്‍, അധ്യാപകനും മജീഷ്യനുമായ കടയ്ക്കല്‍ ഷാജു, ചിത്രകാരനായ കടയ്ക്കല്‍ ഭാസി, പ്രസിദ്ധ സംഗീതജ്ഞനായ വി.കെ. ശശിധരന്‍ എന്നിവര്‍ക്കൊപ്പം കുറച്ചുസമയം ആ സന്നിധിയില്‍ ചെലവിടാന്‍ കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമായി. ചേച്ചിയുടെ രാത്രിമഴ, ഒറ്റയ്ക്ക്, പാവം മാനവഹൃദയം എന്നീ കവിതകളൊക്കെ വി.കെ.എസ്. ഹൃദ്യമായി ചൊല്ലി. പിന്നെ ചേച്ചിയുടെ ആവശ്യപ്രകാരം, മഹാകവി ജി. ശങ്കരക്കുറുപ്പ് വിവര്‍ത്തനം ചെയ്ത ടാഗോറിന്റെ ഗീതാഞ്ജലിയിലെ പ്രസിദ്ധമായ ചില വരികളും അദ്ദേഹം ആലാപനം ചെയ്തു.

'പൂര്‍ണമായീലെങ്കിലുമീ ജീവിതത്തിന്റെ

പൂജയെല്ലാം വ്യര്‍ഥമായീലെന്നറിവൂ ഞാന്‍...'

എന്ന അര്‍ഥവര്‍ത്തായ വരികള്‍, ഹൃദയപൂര്‍വം ഞങ്ങള്‍ ചേച്ചിക്കു സമര്‍പ്പിച്ചു. ഒപ്പം, ഭാസി മനോഹരമായ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയ 'രാത്രിമഴ' എന്ന കവിതയും അനുബന്ധചിത്രങ്ങളും. കണ്ണീര്‍മഴയില്‍ കുളിച്ച് ആനന്ദനിര്‍വൃതിയോടെ ചേച്ചി അതു സ്വീകരിച്ച നിമിഷങ്ങളില്‍ 'നിഷ്ഫലമല്ലീ ജന്മം' എന്ന തോന്നല്‍ ഞങ്ങളിലും ഉളവാക്കി.

കവിതാരംഗത്ത് സുഗതച്ചേച്ചിക്കൊപ്പമായിരുന്നെങ്കില്‍, അധ്യാപനരംഗത്ത് അച്ഛന്‍ ഹൃദയകുമാരി ടീച്ചര്‍ക്കും സുജാതച്ചേച്ചിക്കും ഒപ്പമായിരുന്നു. അതുകൊണ്ടുതന്നെ ആ കുടുംബത്തിലെ ഒരാണ്‍സന്തതിക്കെന്നപോലെയുള്ള അടുപ്പവും സ്വാതന്ത്ര്യവും പരിഗണനയും സ്‌നേഹവാത്സല്യങ്ങളുമാണ് എക്കാലവും അച്ഛനു ലഭിച്ചിരുന്നത്. പ്രശസ്ത സംസ്‌കൃതാധ്യാപികയായിരുന്ന അമ്മ കാര്‍ത്യായനി ടീച്ചര്‍, 'കുഞ്ഞ്, മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചകളിലും വീട്ടില്‍വന്ന് ഗണപതിഹോമവും ഭഗവതിസേവയും നടത്തണം' എന്ന് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസുകള്‍ക്കും മറ്റു സാസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍വന്നു കുളിച്ചു ശുദ്ധമായി പൂജ നടത്താന്‍ അച്ഛന് സ്വന്തമായി ഒരു മുറിയും ആ അമ്മ നല്‍കിയിരുന്നു. 'വിഷ്ണുവിന്റെ മുറി'യായിത്തന്നെയാണ് അവസാനം വരെ അതു കരുതപ്പെട്ടിരുന്നത്. ആ കുടുംബത്തിന്റെ വ്യസനപൂര്‍വമായ അവസ്ഥകളിലെല്ലാം ശാന്തിമന്ത്രങ്ങളുമായി, പ്രാര്‍ഥനകളുമായി, അച്ഛന്‍ ഓടിയെത്തുമായിരുന്നു. മറിച്ചും ഞങ്ങളുടെ ദുര്‍ഘടസന്ധികളില്‍ എല്ലാംതന്നെ ആശ്രയിക്കാവുന്ന അഭയമായിരുന്നു, നന്ദാവനത്തുള്ള 'വരദ' എന്ന ആ ഭവനം. സുഗതച്ചേച്ചിയുടെ അമ്മയായ കാര്‍ത്യായനി ടീച്ചറിന്റെയും ഭര്‍ത്താവായ വേലായുധന്‍നായര്‍ സാറിന്റെയും അവസാന ദിനങ്ങളില്‍ നാമജപങ്ങളുമായി മരണക്കിടക്കയ്ക്കടുത്ത് അച്ഛന്‍ ഉണ്ടായിരുന്നു. രോഗാവസ്ഥയോടു മല്ലിട്ടു തുടങ്ങിയ കാലത്തും ഹൃദയകുമാരിടീച്ചര്‍ മരണപ്പെട്ടതറിഞ്ഞ് ഓടിയെത്തിയതും സുഗതച്ചേച്ചി അച്ഛന്റെ തോളത്തുവീണ് ഇരുവരും വിങ്ങിപ്പൊട്ടിക്കരഞ്ഞതും ഇന്നുമോര്‍ക്കുന്നു. പക്ഷേ, സുജാതച്ചേച്ചിയുടെ ആകസ്മികമായ മരണം അധികമൊന്നും അലട്ടാനോ ഉള്‍ക്കൊള്ളാനോ കഴിയാത്തവിധം അച്ഛന്‍ മറവിയുടെ തിരത്തള്ളലില്‍ പെട്ടുപോയിരുന്നു. അതുകൊണ്ടുതന്നെ, ആ മരണത്തിനുശേഷം, ചേച്ചിക്ക് തന്റെ ഒറ്റപ്പെടലും ശൂന്യതയും അച്ഛനോട് പങ്കുവെക്കാന്‍ കഴിഞ്ഞിട്ടേ ഇല്ല...

ബന്ധു വലയത്തില്‍, അച്ഛനു വളരെയേറെ അടുപ്പമുണ്ടായിരുന്ന രണ്ടുപേരാണ് മറ്റത്തെ വലിയമ്മാവനും കാലടിയിലെ മുത്തഫനും. അടുത്തകാലത്ത് ഇരുവരും മരിച്ചവിവരം അച്ഛനോടു പറഞ്ഞിരുന്നില്ല. സുഗതച്ചേച്ചി കടന്നുപോയതും പറയേണ്ട എന്നുതന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. അഗാധബോധത്തിന്റെ ഏതെങ്കിലും തുരുത്തില്‍ കുരുങ്ങിയിരുന്ന് അത് അച്ഛനെ വേദനിപ്പിച്ചാലോ, അച്ഛന്‍ എങ്ങനെയാകും ആ വേദന താങ്ങുക, എങ്ങനെയായിരിക്കും അതിനോടുളള പ്രതികരണം എന്നൊക്കെയുള്ള ആശങ്കകള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. പക്ഷേ, ഡിസംബര്‍ 23 മുതല്‍, അച്ഛന്‍ മൗനത്തിലാണ്. ഉണര്‍ന്നുകിടക്കും, ഭക്ഷണവും വെളളവുമൊക്കെ കൊടുക്കുന്നതു കഴിക്കും... പക്ഷേ, പതിവുപോലെ 'സാവിത്രീ' എന്ന് അമ്മയെ വിളിക്കുന്നില്ല. അവ്യക്തമെങ്കിലും ഇടയ്‌ക്കൊക്കെ പതിവുള്ള അന്വേഷണങ്ങളോ ആവശ്യങ്ങളോ ഇല്ല. തികച്ചും ശൂന്യമായ നോട്ടത്തിനപ്പുറം, മറ്റു പ്രതികരണങ്ങള്‍ ഒന്നുമില്ല. എന്റെ മകള്‍ എന്നോടു ചോദിച്ചു: ''അമ്മയ്ക്കു തോന്നുന്നുണ്ടോ, മുത്തശ്ശനോടു പറയാതെ സുഗതച്ചേച്ചി പോകും എന്ന്? ചേച്ചി വന്നിട്ടുണ്ടാകും, യാത്ര പറഞ്ഞിട്ടുണ്ടാകും; മുത്തശ്ശന്‍ എല്ലാം അറിഞ്ഞിട്ടും ഉണ്ടാകും!'' ശരിയായിരിക്കാം. നിസ്സംഗമായ ആ മഹാമൗനത്തിനുപിന്നില്‍, ആ വേര്‍പാടിന്റെ വേദനയാകാം. ജനല്‍പ്പാളിക്കപ്പുറം തെങ്ങോലച്ചാര്‍ത്തിനിടയിലൂടെ ഒരു നക്ഷത്രക്കുഞ്ഞിന്റെ പുഞ്ചിരിയിലൂടെ ആ മുഖം അച്ഛന്‍ കണ്ടിട്ടുണ്ടാകാം. ഒരു കീറു വെളിച്ചമായി അച്ഛന്റെ കിടക്കയ്ക്കരികില്‍ വന്നിരുന്നിട്ടുണ്ടാകാം; നിലാവുപോലെ ചിരിച്ചിട്ടുണ്ടാകാം; കാറ്റുപോലെ തിരത്തുകിലുകളിളക്കി യാത്രപറഞ്ഞിട്ടുണ്ടാകാം.

'നിഷ്ഫലമല്ലീ ജന്മം, തോഴ, നിനക്കായ് പാടുമ്പോള്‍,

നിഷ്ഫലമല്ലീ ഗാനം, നീയിതു മൂളി നടക്കുമ്പോള്‍.'

എന്ന് ഒരിക്കല്‍ക്കൂടി മന്ത്രിച്ചിട്ടുണ്ടാകാം

Content Highlights: Sugathakumari, Vishnu Narayanan Namboothiri

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented