ഞാണിന്മേല്‍ എന്തു കളിച്ചാലും സമ്മാനം താഴെ വന്നേയുള്ളൂ...!; ഉറൂബ് എന്ന ഏകാന്തതയുടെ കാമുകന്‍


സുധാകരന്‍ ഉറൂബ്‌ / ശ്രീഷ്മ എറിയാട്ട്

5 min read
Read later
Print
Share

ഉറൂബിനെ സ്മരിച്ചുകൊണ്ട് മകന്‍ സുധാകരന്‍ ഉറൂബ്

ഉറൂബ്‌

പരുത്തുള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന പി.സി. കുട്ടികൃഷ്ണന്‍. മലയാളസാഹിത്യത്തിന്റെ ഒരേയൊരു ഉറൂബ്. മലയാള നോവല്‍സാഹിത്യത്തിലെ നാഴികക്കല്ലുകളായി ഇന്നും നിലനില്‍ക്കുന്ന 'ഉമ്മാച്ചു'വിന്റെയും 'സുന്ദരികളും സുന്ദരന്മാരു'ടെയും സ്രഷ്ടാവ്. മലയാള ചലച്ചിത്രമേഖലയെ മാറ്റിയെഴുതിയ 'നീലക്കുയിലി'ന്റെ കഥാകാരന്‍... ഉറൂബ് എന്ന മലയാളസാഹിത്യത്തിലെ നിത്യയൗവനത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. ഉറൂബിനെ സ്മരിച്ചുകൊണ്ട് മകന്‍ സുധാകരന്‍ ഉറൂബ് പറയുന്നു;

കാലത്തെ നിരൂപകനെന്ന് വിളിച്ച അച്ഛന്‍

അച്ഛന്‍ വിടപറഞ്ഞിട്ട് 44 വര്‍ഷത്തോളമായി. കാലം എല്ലാതരം വികാരങ്ങളുടേയും തീവ്രത പതിയെ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കുന്നു. ഒരിക്കല്‍ നമ്മെ വേദനിപ്പിച്ച കാര്യങ്ങള്‍ നമ്മളിപ്പോള്‍ പറയുമ്പോള്‍ അത്രതന്നെ വേദന അനുഭവിക്കാറില്ല. ഒരിക്കല്‍ സന്തോഷിപ്പിച്ച കാര്യങ്ങളാകട്ടെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ താല്‍പര്യം ഇല്ലാതായിട്ടുണ്ടാകും. കാലം നമ്മെ നമ്മില്‍നിന്നുതന്നെ മാറിനിന്നു കാണാന്‍ പ്രാപ്തരാക്കുന്നു. 'കാലമാണ് യഥാര്‍ത്ഥത്തില്‍ വലിയ നിരൂപകന്‍'. അത് അച്ഛന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. എഴുത്തിന്റെ ഗുണമേന്മയെക്കുറിച്ച് പറയുമ്പോഴാണത്. 'ഞാണിന്മേല്‍ എന്ത് കളിച്ചാലും സമ്മാനം താഴെ വന്നേയുള്ളൂ' എന്നാണ് ആലങ്കാരികമായി അച്ഛന്‍ പറയുക. കാലമെന്ന നിരൂപകനെ മാത്രമേ അച്ഛന്‍ യഥാര്‍ഥത്തില്‍ വിശ്വസിച്ചിരുന്നുള്ളു.

അദ്ദേഹത്തിന് ഈ ലോകത്തിലേക്ക് പിറക്കാനുള്ള ചാന്‍സ് വളരെ കുറവായിരുന്നുവത്രെ. അച്ഛന്‍ ജനിച്ചത് തലകീഴായാണ്. അതായത്, ഭൂമിയിലേക്ക് കാലാണാദ്യം വന്നത്. താന്‍ 'ഭൂമിയിലേക്ക് കാലുറപ്പിച്ചുതന്നെയാണ് വന്നതെന്ന്' കുറച്ച് 'കുളൂസാ'യും തമാശയായും അച്ഛന്‍ പറയുമായിരുന്നു. അതുകൊണ്ട് ഈ ഭൂമിയിലെ അവസ്ഥ വളരെ വേഗം, നേരാംവണ്ണംതന്നെ അദ്ദേഹം കണ്ടു മനസ്സിലാക്കി. നമുക്ക് വിചിത്രമായി തോന്നുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തൂക്കംതന്നെ. പത്തു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് വാക്ഭടാനന്ദന്റെ ശിഷ്യനായിരുന്ന ഒരു വൈദ്യനില്‍നിന്ന് സ്വല്പം വേദാന്തവും സംസ്‌കൃതവുമൊക്കെ പഠിച്ചത്. കാളിദാസനും ഭാസനും ജയദേവനും കൽഹണയും ബാണഭട്ടനെയുമെല്ലാം ചെറുപ്പത്തിലേ കേട്ടുവളര്‍ന്നു. സ്‌കൂളില്‍ സംസ്‌കൃതത്തില്‍ നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങി.

കവിതാക്കമ്പം മനസ്സിലേറ്റിയ വിദ്യാര്‍ഥി

ഹൈസ്‌കൂള്‍ ക്ലാസിലേക്ക് എത്തുമ്പോള്‍തന്നെ അച്ഛന്‍ മാനസികമായി ഒരുപാട് വളര്‍ന്ന ആളായിരുന്നെന്നും സ്വപ്നജീവിയായിരുന്നെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതിന് പുറമെ കവിതാകമ്പവും. വീട്ടുകാര്‍ ശരിക്കും പരിഭ്രമിച്ചിരുന്നത്രെ. അച്ഛന്റെ ഈ കാലത്തെപ്പറ്റി മഹാകവി ഇടശ്ശേരി ഇ. നാരായണന്റെ 'ഇടയന്റെ നിക്ഷേപ'മെന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട് 'ആ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഒരു നേരിയ സാഹിത്യ കമ്പത്തിന്മേല്‍ കൂറ്റന്‍ വേദാന്ത ചിന്തനങ്ങള്‍ കൊണ്ട് ഓവര്‍ലോഡ് കേറ്റി മെല്ലെ മുന്നോട്ട് ഉന്തിക്കൊണ്ടുപോകുന്ന ഒരു മട്ടുണ്ടായിരുന്നു. ഞങ്ങള്‍ പലപ്പോഴും ആ സ്‌കൂള്‍ കുട്ടിയെ നോക്കി ചിരിച്ചിട്ടുണ്ട്. അങ്ങനെയൊരു പരിഹാസച്ചിരി കാണുകപോലും ചെയ്യാത്തവണ്ണം പി.സി. അക്കാലത്ത് ആകാശത്തെ പൂക്കളോടും നക്ഷത്രങ്ങളോടും സല്ലപിച്ച് കഴിഞ്ഞുകൂടുന്ന ഒരു ഏകാന്തതയുടെ കാമുകനായിരുന്നു'. വളരെ കൊല്ലങ്ങള്‍ കഴിഞ്ഞ് അച്ഛന്‍ പറഞ്ഞു. 'ശരിയാണ്...അന്ന് ഞാന്‍ മുഴുത്ത സന്യാസക്കമ്പത്തിലായിരുന്നു. പിന്നീട് ഞാന്‍ തെക്കേ ഇന്ത്യ മുഴുവന്‍ ചുറ്റി നടന്ന് കണ്ടതിന്റെ പിന്നില്‍ അതും കാരണമായി ഉണ്ടാകാം.'

ഈ വേദാന്തകമ്പക്കാലത്താണ് ഒരു വശത്ത് നന്മ-തിന്മകള്‍ നിറഞ്ഞ ലോകത്തിലെ സകലതിനെയും സ്നേഹിക്കുക; മറുവശത്ത് വേദാന്തമനുസരിച്ച് ഈ ലോകം വെറും മായയെന്ന് ധരിക്കുക എന്ന വൈരുദ്ധ്യം അച്ഛനെ വല്ലാത്ത മനഃപ്രയാസത്തിലെത്തിച്ചത്. ഈ വിരുദ്ധ ചിന്തയില്‍നിന്ന് പുറത്തുകടക്കുന്നത് കുമാരനാശാന്റെ കവിതകളിലൂടെയാണ്. ആശാന്റെ ഓരോ വരിയും അച്ഛന്‍ ഹൃദിസ്ഥമാക്കിയിരുന്നു.

ആശാന്റെ മാത്രമല്ല എഴുത്തച്ഛന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, ജി., ഇടശ്ശേരി, ബാലാമണിയമ്മ, കുഞ്ഞിരാമന്‍ നായര്‍ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക കവികളുടെയും കവിതകള്‍ അച്ഛന് മനഃപ്പാഠമായിരുന്നു. പതിനാലാം വയസില്‍ തന്നെ തന്റെ ഒന്നാമത്തെ കവിത മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്താന്‍ അച്ഛന് കഴിഞ്ഞു. കൗമാരപ്രായത്തിലാണ് അദ്ദേഹം പഠനത്വരയോടുകൂടിയ യാത്രകള്‍ തുടങ്ങുന്നത്. ഈ യാത്രകളില്‍ ഒരുപാട് പേരെ പരിചയപ്പെടുകയും അവരുടെ ജീവിതം അടുത്തറിയുകയും ചെയ്തു. വീട്ടില്‍നിന്നു പണമൊന്നുമെടുക്കാതെ, ഒരു കള്ളത്തരവും കാണിക്കാതെ, തെക്കേ ഇന്ത്യ മുഴുവന്‍ നാലഞ്ചു കൊല്ലം പല ജോലികള്‍ ചെയ്ത് അച്ഛന്‍ അലഞ്ഞുനടന്നു. ഒരുപാട് അനുഭവസമ്പത്തുണ്ടായി. മലയാളത്തിലെ ഏറ്റവുമധികം വിഷയവൈവിധ്യമുള്ള കാഥികരിലൊരാളായി മാറാന്‍ അദ്ദേഹത്തെ അത് സഹായിച്ചിട്ടുണ്ടെന്നുറപ്പാണ്.

സി.പി. രാജശേഖരന്‍ സംവിധാനം ചെയ്ത 'ഉറൂബ്: കാലം തന്നെ' എന്ന
ഡോക്യുഫിക്ഷനില്‍ ഉറൂബായി വേഷമിട്ടിരിക്കുന്ന മകന്‍ സുധാകരന്‍.

സാഹസികതയും ഗാന്ധിജിയുടെ ശാസനയും

ബാഹ്യമായി, ഒരു സ്വപ്നാടകനെന്നപോലെ ശാന്തനായിരുന്നെങ്കിലും സാഹസികത നിറഞ്ഞതായിരുന്നത്രെ അച്ഛന്റെ കൗമാര-യൗവ്വന കാലം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിയമലംഘനത്തിലെല്ലാം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അക്കാലത്തുണ്ടായ ഒരു പോലീസ് ലാത്തിചാര്‍ജില്‍ തലക്കടികിട്ടുന്നതില്‍നിന്നു കെ. കേളപ്പനാണ് തലനാരിഴയ്ക്ക് അച്ഛനെ രക്ഷപ്പെടുത്തിയതെന്ന് കേട്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മഹാത്മാഗാന്ധിയെ കാണാന്‍ പത്തിരുപത് നാഴിക നടന്ന് ചെന്ന് സെക്യൂരിറ്റിയെ കബളിപ്പിച്ച് അകത്തുകയറി ബാപ്പുജിയുടെ പാദം തൊട്ടു വന്ദിക്കുകയുണ്ടായി. 'മിസ്റ്റര്‍ സ്റ്റുഡന്റ് നെവെര്‍ ട്രസ്പാസ് ഇന്‍ യുവര്‍ ലൈഫ്' എന്ന് സ്നേഹത്തോടെ ഗാന്ധിജി അച്ഛനെ ശാസിച്ചു. 'ട്രസ്പാസ്' എന്ന വാക്കിന് അതിക്രമിച്ച് കടക്കല്‍ എന്ന് മാത്രമല്ലല്ലോ അതിക്രമം, അപരാധം, ദോഷം, പാപം എന്നൊക്കെയും അര്‍ത്ഥമുണ്ടല്ലോ. ഈ വാക്കുകളുടെ മുഴക്കം ഒടുക്കം വരെയും അച്ഛന്റെ കൂടെ ഉണ്ടായിരുന്നെന്ന് മഹാകവി അക്കിത്തം രേഖപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്ന വരെയും അച്ഛന്‍ ഗാന്ധിയനായിരുന്നു. എന്നാല്‍, പലപ്പോഴും അച്ഛന്‍ ശാസിച്ച പലരും പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അനുഭവങ്ങളുമുണ്ട്.

ഉറൂബും കുടുംബവും

ഒരപൂര്‍വ സാഹിത്യകാരന്‍

അച്ഛന്റെ വായന പരന്നതായിരുന്നു. അതിലേറെ അച്ഛന് ജീവിതാനുഭവങ്ങളുണ്ടായിരുന്നു. തന്റെ സംവാദത്തിലും ആലോചനയിലുമൊക്കെ അദ്ദേഹം കൂടുതലും ആശ്രയിച്ചത് ആ അനുഭവങ്ങളെതന്നെയാണ്. ജീവിതാനുഭവങ്ങളാണ് ഉറൂബിന്റെ ശക്തി. നിരന്തരം വഞ്ചിതനാകുമ്പോഴും മനുഷ്യനന്മയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അചഞ്ചലമായി നിലനിന്നു. പരമദുഷ്ടന്മാരെയും അടിസ്ഥാനപരമായി അവര്‍ നല്ലവരാണെന്ന് വിശ്വസിക്കാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, ധാര്‍മികരോഷം തോന്നുമ്പോള്‍ അപ്പോള്‍തന്നെ അച്ഛന്‍ ശക്തമായി പ്രതികരിച്ചു. സ്വന്തം 'ഭാവി'യും പ്രതിയോഗിയുടെ 'വലിപ്പ'വുമൊന്നും അപ്പോഴദ്ദേഹം ശ്രദ്ധിച്ചില്ല. അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തിയ അപൂര്‍വ്വം സാഹിത്യകാരന്മാരില്‍ ഒരാളായിരുന്നു ഉറൂബ്.

കുടുംബസദസ്സുകളിലെ നല്ലൊരു കഥപറച്ചിലുകാരിയായിരുന്ന അച്ഛമ്മ അച്ഛനെ സ്വാധീനിച്ചിട്ടുണ്ടാകാം. നര്‍മ്മബോധം അച്ഛന് ജന്മസിദ്ധമായിരുന്നു. എന്നാല്‍, അദ്ദേഹം പരിഹാസപ്രിയനായിരുന്നില്ല. വല്ലപ്പോഴും പരിഹസിക്കുന്നതാവട്ടെ ആരെങ്കിലും അതിസാമര്‍ഥ്യം കാണിക്കുമ്പോഴും കാപട്യം കാണിക്കുമ്പോഴും മാത്രമായിരുന്നു. ആ പരിഹാസത്തിന് നല്ല മുള്ളുണ്ടായിരിക്കുകയും ചെയ്യും. അപ്രസ്തുത പ്രശംസാരീതിയില്‍ പലരെയും പുകഴ്ത്തുന്നതും അച്ഛന്റെ ഒരു ശീലമായിരുന്നു. തിക്കോടിയനും എസ്.കെ. പൊറ്റക്കാടും, അഴീക്കോടുമൊക്കെ ഇത് ധാരാളം രസിച്ചിട്ടുണ്ട്.

അച്ഛനില്‍ ഒരുതരം വികൃതി നിലനിന്നിരുന്നു. തമാശയെന്നല്ല ഒരുതരം കുട്ടിത്തം എന്ന് പറയാം. എന്‍.പി. മുഹമ്മദിന്റെ 'പി.സി.' എന്ന എഡിറ്റോറിയലില്‍ അദ്ദേഹമിങ്ങനെ എഴുതിയിട്ടുണ്ട്; 'വണ്ടി നീങ്ങുമ്പോള്‍ പി.സിയെ ഒരു തവണകൂടി നോക്കി. വെള്ള ജുബ്ബ. വയനാടന്‍ മഞ്ഞള്‍ മുറിച്ച നിറം. ചടുലമായ കുസൃതിക്കണ്ണുകളില്‍ വിസ്മയത്തിന്റെ നേര്‍ത്ത പ്രകാശം. ഇക്കണ്ണുകള്‍ക്ക് എല്ലാം അത്ഭുതം. അന്നൊരു നാള്‍ പി.സിയെ വെള്ളമുയലിനോട് ഞാന്‍ ഉപമിച്ചു. തിന്മയുടെ തീവ്രപ്രകാശത്തില്‍ കണ്ണു മഞ്ഞളിച്ച നടുനിരപ്പില്‍ അമ്പരന്ന് നില്‍ക്കുന്ന മുയല്‍.'

സുധാകരന്‍ ഉറൂബ്

മലയാളസാഹിത്യത്തിന് വെളിച്ചം നല്‍കിയ കഥാകൃത്ത്

'ചിത്തവൃത്തിയെ ശുദ്ധീകരിച്ച സാഹിത്യം' എന്ന് ഡോ. എം. ലീലാവതിയും, 'സംസ്‌കാര സമ്പന്നനായ എഴുത്തുകാരനെന്ന്' പ്രൊ. കൃഷ്ണന്‍ നായരും 'സംസ്‌കാരങ്ങളുടെ സമന്വയകാന്തി' എന്ന് ഒ.എന്‍.വിയും 'പൊന്നാനി തെളിച്ചമെന്ന്' വി.ആര്‍. സുധീഷും പറഞ്ഞത് ഓര്‍ത്തുപോകുന്നു. സ്വാഭാവികമായി ഊറിവരുന്ന ആഖ്യാനങ്ങളിലൂടെയായിരിക്കും അദ്ദേഹം ആ പ്രസന്നത കൈവരിച്ചത്. മലയാളത്തിലെ കഥാകൃത്തുക്കളില്‍ ഉപമാപ്രയോഗങ്ങള്‍ കൊണ്ട് ഉറൂബ് വേറിട്ടു നില്‍ക്കുന്നു. ഡോ. എം.എന്‍. കാരിശ്ശേരിയും അത് എടുത്തുപറഞ്ഞിട്ടുണ്ട്.

'വികാരം മുയലിനെപ്പോലെ കുതിച്ചോടുന്നു. വിവേകം ആമയെപ്പോലെ ഇഴഞ്ഞെത്തുകയേയുള്ളു' എന്ന് പറയുന്നത് 'ഉമ്മാച്ചു'വിലാണ്. പഴങ്കഥയിലെ ആ മത്സരത്തെ വികാരവിവേകങ്ങളുടെ പാരസ്പര്യമായി സങ്കല്‍പ്പിച്ചിടത്ത് കഥാകാരന്റെ ഉള്‍ക്കാഴ്ചയുടെ ആഴം കാണാം എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. വികാരവിഷ്ടരായി കഥാപാത്രങ്ങള്‍ ചെയ്തുകൂട്ടിയ കാര്യങ്ങളിലേക്ക് ആലോചന നീണ്ടുചെല്ലുമ്പോള്‍ ഈ അലങ്കാരപ്രയോഗത്തില്‍ നോവലിലെ പ്രമേയം സംക്ഷേപിച്ചുവെച്ചതായി തോന്നും.

സുന്ദരിയും ശക്തയുമായ രാച്ചിയമ്മ കരിങ്കറുപ്പാണ് എന്ന ഉറൂബ് പറയില്ല. 'കരിമ്പാറക്കൂട്ടം പെറ്റ് പുറത്തേക്കിട്ട പോലെ രാച്ചിയമ്മ' എന്നേ പറയൂ. നോവലുകളിലും കഥകളിലും ഇങ്ങനെ അനേക ഉദാഹരണങ്ങളുണ്ട്. 'വെയിലില്ല, മഴയില്ല. ഒരു മങ്ങല്‍. പ്രപഞ്ചം ഒരു വിഡ്ഢിയെപ്പോലെ നില്‍ക്കുന്നു' എന്ന് ഉറൂബ് മാത്രമേ എഴുതൂ. സമൂഹത്തില്‍ കണ്ടുവരുന്ന സംഘര്‍ഷങ്ങളൊക്കെ എത്ര നിഷ്ഫലമെന്നു കാണിക്കാനും ചിരി തന്നെയാണ് ഉപയോഗിക്കുന്നത്. ഒരാള്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നതിന്റെ ധാര്‍മ്മികരോഷം ഗോവിന്ദകുറുപ്പ് പ്രകടിപ്പിക്കുന്നത് ഗോപാലന്‍ നായരോടാണ്;
'അവന്‍ എന്ത് ചെയ്തു?'
'തൊപ്പിയിട്ടു.'
'മഞ്ഞുകൊള്ളാതെ കഴിക്കാലോ -തൊപ്പിയിട്ടതിന് അത്രയേ പ്രാധാന്യമുള്ളൂ'.
മനുഷ്യനായി ജനിച്ചതില്‍ അത്രയധികം ആഹ്ലാദിക്കുന്ന ഒരാള്‍. സഹജീവികളെ താനായി കാണാന്‍ കഴിയുന്ന ഒരാള്‍ക്കേ തന്റെ കഥയ്ക്ക് 'സുന്ദരികളും സുന്ദരന്മാരും' എന്ന് പേരിടാനാകൂ. എത്ര വില്ലന്മാരായാലും അവരുടെ മനസിന്റെ അടിത്തട്ടിലേക്ക് ചെന്നുനോക്കിയാല്‍ സ്നേഹത്തിന്റെ നീരുറവ കാണുമെന്ന് പല കഥകളിലൂടെ ഉറൂബ് പറഞ്ഞിട്ടുണ്ട്.

ഉറൂബിലെ അച്ഛന്‍ എന്ന സ്നേഹം

സ്നേഹം അച്ഛന് എഴുതിവെക്കാനുള്ള കാര്യം മാത്രമായിരുന്നില്ല. ഒരിക്കല്‍ എനിക്കെന്തോ ആപത്ത് പറ്റിയെന്ന് ദുഃസ്വപ്നം കണ്ട്, അച്ഛന്‍ അടുത്ത വണ്ടിയില്‍ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കു വന്നിട്ടുണ്ട്. അതുപോലെ അച്ഛന്‍ കോട്ടയത്തും തിരുവനന്തപുരത്തും താമസിച്ചിരുന്ന കാലത്ത് 'ഒരു കാര്യം ഉണ്ട്. വേഗം ഇങ്ങോട്ട്ക്ക് വാ' എന്ന് എന്നെ വിളിക്കാറുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോഴാണ് മനസിലാവുക അച്ഛന് കാണാനും അച്ഛന്റെ കൂടെ നില്‍ക്കാനുമാണ് എന്നെ വിളിച്ചുവരുത്തിയതെന്ന്.

അവഗണനക്ക് അറുതി വേണം

ഓരോ വര്‍ഷം കഴിയുന്തോറും ഉറൂബ് പഠനങ്ങളുടെ എണ്ണവും കൂടുന്നുണ്ട്. എന്നാല്‍, കോഴിക്കോടുള്ള ഉറൂബ് മ്യൂസിയത്തിന്റേതടക്കം അവസ്ഥ മോശമാണ്. മാനാഞ്ചിറയുള്ള സെന്‍ട്രല്‍ ലൈബ്രറിയിലാണ് ഉറൂബ് മ്യൂസിയം. അതിന്റെ പുരോഗതിക്കും പ്രവര്‍ത്തനത്തിനുമായി പണം നല്‍കാമെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഒരു പൈസയും അതിനായി നല്‍കിയിട്ടില്ല. കോഴിക്കോട് ക്രൗണ്‍ തിയേറ്റര്‍ മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍ റോഡുവരെ പോകുന്ന നിരത്തിന് (മാനാഞ്ചിറയോരം) ഉറൂബ് റോഡെന്നാണ് പേര്. ആ റോഡിലെ ബോര്‍ഡൊക്കെ എന്നേ ഇല്ലാതായി.

Content Highlights: Uroob, Sudhakaran Uroob, P.C Kuttikrishnan, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priyadarshan

7 min

'എന്റെ കഥകളെല്ലാം പുളുക്കഥകളാണ്, ഒരിടത്തും സംഭവിക്കാത്തത്; ഫിലിം മേക്കിങ് എന്നാല്‍ 'മേക്ക് ബിലീഫ്'

Aug 31, 2023


M Mukundan

6 min

നടന്നുചെന്ന് നിന്നത് മൊണാലിസയുടെ മുന്നില്‍! 'മോളേ, ഞാനിതാ അവസാനം വന്നിരിക്കുന്നു, നിന്നെ കാണാന്‍'

Aug 6, 2023


M Mukundan

4 min

'ദൈവങ്ങളെ ഉപേക്ഷിച്ചുപോയവര്‍ അതേ ദൈവങ്ങളിലേക്ക് തിരിച്ചുവരുന്നതാണ് ഇന്നെല്ലായിടത്തും നാം കാണുന്നത്'

Sep 24, 2023


Most Commented