സുഭാഷ് ചന്ദ്രൻ
മാതൃഭൂമി ബുക്സ് പുസ്തകോത്സവത്തില്‍ കല്പറ്റ നാരായണന് എഴുതിയ കറുപ്പ് ഇരുട്ടല്ല ഇരുട്ട് വെളിച്ചവുമല്ല എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സുഭാഷ് ചന്ദ്രന് സംസാരിക്കുന്നു.
കല്പറ്റ നാരായണന് മാഷിന്റെ 'കറുപ്പ് ഇരുട്ടല്ല ഇരുട്ട് വെളിച്ചവുമല്ല' എന്ന പുസ്തകത്തിലെ എല്ലാ ലേഖനങ്ങളും അവ പ്രസിദ്ധീകരിച്ച മുറയ്ക്ക് പ്രസിദ്ധീകരണങ്ങളില്‍നിന്ന് നേരിട്ട് ആദ്യം വായിച്ച വ്യക്തികളില്‍ ഒരാളായിരിക്കും ഞാന്‍ എന്നു കരുതുന്നു. മലയാളത്തില്‍ അങ്ങനെ അധികം എഴുത്തുകാരില്ല; വ്യക്തിപരമായി എനിക്ക്. എന്നാല്‍ അഞ്ചോ ആറോ എഴുത്തുകാര്‍ അവര്‍ എന്തെഴുതിയാലും ആദ്യം തന്നെ വായിക്കുന്ന ശീലം എനിക്കുണ്ട്. അതില്‍ ഒരാളാണ് കല്പറ്റ നാരായണന്. കവിതയിലെ വാക്കുകള്‍ അളക്കുന്നത് തൂവലിനേക്കാള്‍, വെയിലിനേക്കാള്‍, നിലാവിനേക്കാള്‍ ഭാരം കുറഞ്ഞ തൂക്കക്കട്ടികള്‍ കൊണ്ടാണ് എന്ന് തന്റെ കവിതകളിലൂടെയും കവിതകളെക്കുറിച്ച് അദ്ദേഹം എഴുതാറുള്ള പ്രബന്ധങ്ങളിലൂടെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെയും മലയാളികളെ നിരന്തരം ഉദ്ബോധിപ്പിക്കുന്ന ഒരു ഗുരുനാഥന് കൂടിയാണ് കല്പറ്റ.
കഴിഞ്ഞ ദിവസം ഏറ്റവും പുതിയ നാഷണല്‍ ജിയോഗ്രഫിക് മാഗസിന് മറിച്ചുനോക്കുമ്പോള്‍ ഈ ലക്കം ഭൂമിക്കാണ് അവര്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്ന് കണ്ടു. അതില്‍ ഭൂമിയിലെ ഏറ്റവും അശ്രാവ്യം എന്ന് നമ്മള് കരുതുന്ന, അദൃശ്യം എന്നു കരുതുന്ന, അസ്പര്‍ശ്യം എന്നു കരുതുന്ന ചില സ്പര്‍ശങ്ങളെയും ഗന്ധങ്ങളെയും കേള്‍വികളെയും വളരെ സൂഷ്മമായ ശബ്ദമാപിനികള്‍ കൊണ്ടും ദൃശ്യമാപിനികള് കൊണ്ടും രേഖപ്പെടുത്തി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് മറിച്ചുനോക്കിയപ്പോള്‍ കല്പറ്റയുടെ പുതിയ പുസ്തകം എന്റെ മേശപ്പുറത്തിരിക്കുന്നതുകൊണ്ടും അത്രമേല്‍ സൂഷ്മമായി ചിലത് ഒപ്പിയെടുക്കാന്‍ സാങ്കേതിക സൗകര്യങ്ങളോടെ നാഷണല്‍ ജിയോഗ്രഫിക് മാഗസിന്റെ പ്രവര്‍ത്തകര്‍ ഉത്സാഹിച്ചത് കണ്ട് അതിന്റെ ആദരവ് കൊണ്ടും ഇവ തമ്മില്‍ ചേരുന്നുണ്ടല്ലോ എന്നെനിക്ക് സന്തോഷം തോന്നി.
നമ്മള് എപ്പോഴും കാണുന്ന ഒരു ദൃശ്യത്തിന്റെ ശബ്ദം നാഷണല്‍ ജിയോഗ്രഫിക് മാഗസിന് ക്യൂആര്‍ കോഡ് സഹിതം വിശദമായിത്തന്നെ കൊടുത്തിട്ടുണ്ട്. പ്രപഞ്ചദൃശ്യങ്ങള്‍ ഒരു സംവിധായകന് ചിത്രീകരിക്കുമ്പോള്‍ പശ്ചാത്തലമായിട്ട് കേള്‍പ്പിക്കാവുന്ന ഒരു ശബ്ദം, അല്ലെങ്കില്‍ ദൈവം പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭത്തില്‍ പശ്ചാത്തലമായിട്ട് ഉപയോഗിക്കാവുന്ന സംഗീതം എന്നൊക്കെ തോന്നിപ്പോയി അത് കേട്ടപ്പോള്‍. മൈക്രോ മൈക്രോഫോണുകള്‍ കൊണ്ട് ഒപ്പിയെടുത്ത ആ ശബ്ദം പക്ഷേ, എട്ടുകാലിവലയില്‍ പ്രാണികള്‍ കുടുങ്ങുമ്പോഴുണ്ടാവുന്ന ശബ്ദമായിരുന്നു. നമ്മള് ചൂലുകൊണ്ട് അടിച്ചു തൂത്ത് വൃത്തിയാക്കുന്ന മാറാലയില്‍ സൂക്ഷ്മജീവികള്‍ വന്നിരിക്കുമ്പോഴുണ്ടാവുന്ന ശബ്ദം റെക്കോഡ് ചെയ്തതാണ് അവര്‍.
അത്യന്തം സൂക്ഷ്മമായി ശ്രുതിചേര്‍ത്ത ഒരു തന്ത്രിവാദ്യം പോലെ ഇത്രമേല്‍ ക്ഷുദ്രമായിട്ടുള്ള ഒരു കീടത്തിന്റെ, ഇരയെ പിടിക്കാനുപയോഗിക്കുന്ന കെണിയില്‍ ഈ സംഗീതം ദൈവമെന്നോ പ്രകൃതിയെന്നോ പ്രപഞ്ചശക്തിയെന്നോ വിളിക്കാവുന്ന ഒന്ന് സംവിധാനം ചെയ്ത് വച്ചിരിക്കുന്നു എന്നുള്ളത് അത്ഭുതകരമാണ്. അതില്‍ സരിഗമപധനി എന്നീ ഏഴു സ്വരങ്ങളും ഉണ്ടെന്നാണ് അവര്‍ പറയുന്നത്. കാഴ്ചയുടെ പരിമിത ഉള്ള ചിലന്തി തന്റെ വലിയ വലയില്‍ എവിടെയാണ് ഇര കുടുങ്ങിയത് എന്ന് തിരിച്ചറിയുന്നത് ഈ ശബ്ദത്തിന്റെ സഹായത്താലാണ്. ഷഡ്ജമാണ് കേള്‍ക്കുന്നതെങ്കില്‍ അത് വലത്തേമൂലയില്‍ താഴെയാണെന്നറിയാം. ഗാന്ധാരത്തില്‍ കേട്ടാല്‍ അതെവിടെയാണെന്നറിയാം. ഇത് ഞാനിവിടെ എടുത്തുപറയാന്‍ കാരണം പ്രപഞ്ചത്തിന്റെ ഈ സൂക്ഷ്മശ്രുതികള്‍ പോലെ മനുഷ്യവികാരങ്ങളുടെ സൂക്ഷ്മശ്രുതികളെയും ശ്രുതിഭേദങ്ങളെയും കൃത്യമായിട്ട് സംഗീതം പോലെ പിടിച്ചെടുക്കാനുള്ള ഒരു മനസ്സ് കല്പറ്റയില് പ്രകൃത്യാ ഉണ്ട് എന്നുള്ളത് കൊണ്ടാണ്. അതുകൊണ്ടാണ് നാഷണല്‍ ജിയോഗ്രഫിക്് മാഗസിന് വായിച്ചപ്പോള്‍ കല്പറ്റയെ ഓര്‍മിച്ചത്.
കവിത്വം ഇങ്ങനെ സൂക്ഷ്മമായ സ്വരഭേദങ്ങളെ, അദൃശ്യമായ ദൃശ്യങ്ങളെ, ഘ്രാണിക്കാനാവാത്ത ഗന്ധങ്ങളെ, സ്പര്‍ശിച്ചറിയുവാന്‍ നിവൃത്തിയില്ലാത്ത പ്രതലങ്ങളെ നമ്മുടെ ആന്തരാത്മാവിലേക്ക് കുടിപാര്‍പ്പിക്കുവാന്‍ ത്രാണിയുള്ള ഒന്നാണ്. അതുകൊണ്ടാണ് കവിയായ കല്പറ്റ ഗദ്യം എഴുതുമ്പോഴും അതില്‍ എവിടെയും പ്രച്ഛന്നവേഷധാരിയായിട്ടുള്ള കവിത നൃത്തം ചെയ്യുന്നത്. എത്ര ഒളിപ്പിച്ച് വെച്ചാലും നമുക്കിത് തെളിഞ്ഞുകാണാം. വാക്കിനോടുള്ള ഭക്തി, ബഹുമാനം രണ്ട് വാക്കുകള്‍ ചേര്‍ത്ത് നക്ഷത്രം സൃഷ്ടിക്കുവാനുള്ള ആഗ്രഹം... ഇതെല്ലാം ചേര്‍ന്നാണ് കല്പറ്റയെ എഴുതിക്കുന്നത്. മുപ്പതോളം ലേഖനങ്ങള്‍ ഉള്ള ഈ പുസ്തകത്തിലെ ഏതു തന്ത്രികള്‍ തൊട്ടാലും സംഗീതം ഉണരുന്നു. ഏത് ലേഖനവും കവിതയോട് അടുത്ത ഒരു അനുഭൂതിവിശേഷം വായനക്കാരുടെ മനസ്സില്‍ സൃഷ്ടിക്കുന്നു.
കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല എന്ന ഗ്രന്ഥശീര്‍ഷകം ചര്‍ച്ച ചെയ്യുന്ന ആ ഒരൊറ്റ ലേഖനം ഉണര്‍ത്തിയ ചിന്തകളെപ്പറ്റി പറയുവാന്‍ ഒരു മണിക്കൂര്‍ പ്രസംഗം മതിയാവുകയില്ല. ശാഖാചംക്രമണം കൊണ്ട് കവുങ്ങില്‍ അടക്കാ പറിക്കുന്നയാള്‍ പകരുന്നതുപോലെ, അത്ര ഉയരത്തില്‍നിന്ന് മറ്റൊരു ഉയരത്തിലേക്ക് പകര്‍ന്ന് ഫലങ്ങള്‍ ശേഖരിക്കുന്നതുപോലെ മലയാള കവിതയിലെയും ലോകകവിതയിലെയും ലോകത്തിലെ മികച്ച സാഹിത്യരൂപങ്ങളിലെയും മികച്ച മുഹൂര്‍ത്തങ്ങളെ ആ ഉയരത്തില്‍ തന്നെ പകര്‍ന്ന് പകര്‍ന്ന് കല്പറ്റ നമുക്ക് പറിച്ചു തരുന്നത് സുഖകരമായ ഒരു അനുഭൂതിയായി ഇതില്‍ വായിച്ചറിയാം. കറുപ്പ് എന്ന നിറം എങ്ങനെയാണ് നിരവധിയായിട്ടുള്ള ദുസ്സൂചനകള്‍ തരുന്ന ഒന്നായത് എന്നദ്ദേഹം പഠിക്കുകയാണ് ഈ ആദ്യലേഖനത്തിലൂടെ. വെളുപ്പ് എന്ന നിറം നന്മയുടെയോ ശ്രേയസ്സിന്റെയോ വരേണ്യതയുടെയോ നിറമായിട്ട് ഉയര്ത്തപ്പെട്ടതെങ്ങനെ എന്നദ്ദേഹം പഠിക്കുകയാണ് ഈ ലേഖനത്തിലൂടെ.

കറുപ്പിനോട് എക്കാലത്തും സ്നേഹം കാണിച്ച വലിയ കവിമനസ്സുകള്‍ ഉണ്ടായിരുന്ന നാടാണ് ഇന്ത്യ. പാര്ശ്വവത്കൃതരെന്നോ കീഴാളരെന്നോ വിളിച്ച് ഒരു പക്ഷേ ജനത മാറ്റി നിര്‍ത്തിയേക്കാവുന്ന വേദന നിറഞ്ഞ ജീവിതങ്ങളോട് സമഭാവന പുലര്‍ത്തിയ കവികളുടെ നാടാണ്. അതുകൊണ്ട് ഇവിടെ, നമ്മുടെ രാജ്യം സൃഷ്ടിച്ച എക്കാലത്തെയും വലിയ ദൈവത്തിന് കറുത്ത നിറം കൊടുക്കുവാന്‍ അതിനെ സൃഷ്ടിച്ച കവിക്കും ആ ദൈവത്തിന് രൂപം നല്കിയ ശില്പിക്കും കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. കൃഷ്ണന് എന്നുള്ള നിറം കാഷ്ണ്യമുള്ളവന്, കറുത്തവന് എന്നു പറയുമ്പോള്‍, ദൈവം കറുത്തവനാണ് എന്ന് സൂചിപ്പിക്കുമ്പോള്‍ കറുപ്പ് ഇകഴ്ത്തപ്പെടേണ്ട ഒരു നിറമല്ല എന്നു പറയുകയാണ്. ഇന്ത്യ സൃഷ്ടിച്ച ഏറ്റവും വലിയ കവിയുടെ പേരിലും കൃഷ്ണദ്വൈപായനന്, വ്യാസന് എന്നു പറയുമ്പോള്‍, കാഷ്ണ്യമുള്ള കറുത്തവനായിട്ടുള്ള കവി നമ്മുടെ എക്കാലത്തെയും മഹാനായ കവി കറുത്തവനാണ് എന്നു പറയുമ്പോള്‍ ജനതയോട് ഒരു വലിയ മഹിതമായ ചേതസ്, ഒരു അബോധം കല്പിക്കുകയാണ് കറുപ്പിന്റെ മേന്മയെപ്പറ്റി. ഇത് കവിതയിലോ മനുഷ്യചേതസ്സിലോ മാത്രം ഉണ്ടാവുന്ന കാര്യമല്ല. പ്രകൃതിയും അങ്ങനെ ചെയ്യുന്നത് അത്ഭുതകരമാണ്.
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്ക് കറുപ്പ് നിറം കൊടുക്കുമ്പോള്‍ കറുപ്പ് മോശമല്ല വലുതാണ് എന്ന് നമ്മളെ പഠിപ്പിക്കാന്‍ അതും ശ്രമിക്കുന്നതുപോലെ തോന്നും. ലോകത്തിലെ ഏറ്റവും വലിയ ജീവിയായിട്ടുള്ള നീലത്തിമിംഗിലത്തിന് നീലനിറം കൊടുക്കുമ്പോള്‍, നീലക്കാര്വര്ണന് കൃഷണനല്ല. യഥാര്‍ഥത്തില്‍ ഏറ്റവും വലിയ നീലക്കാര്വര്ണന് തിമിംഗിലമാണ് എന്നുപറയുമ്പോള്‍ പ്രകൃതിയും ലോകവും പ്രപഞ്ചവും ഈ കറുപ്പ് ഇരുട്ടാണ് എന്ന് കരുതി അകറ്റിനിര്‍ത്തുവാന്‍ മനുഷ്യനിലുള്ള പ്രാഥമികമായ ഒരു പ്രേരണയ്ക്ക് തടയിടുന്നതായിട്ടു കാണാന്‍ പറ്റും. ദൈവങ്ങളെ കൊത്താന്‍ കരിങ്കല്ല് തന്നെ തിരഞ്ഞെടുക്കുമ്പോള്‍ ശില്പിയും ആ വെളിച്ചം ഉള്ളില്‍ കാണുന്നുണ്ട്. ഇങ്ങനെ മാറ്റി നിര്‍ത്തപ്പെടാന്‍ ഇടയുള്ള ഒന്നിനെ, ചെറുതെന്ന് സങ്കല്പിച്ച് പാര്ശ്വത്തിലേക്കൊതുക്കാന് സാധ്യതയുള്ള ഒന്നിനെ, മികച്ചതാണ് എന്നും അതാണ് കൂടുതല്‍ മികച്ചത് എന്നും പറഞ്ഞുതരുന്ന ഒരു വലിയ ബോധം നമ്മുടെ ഈ മണ്ണിന്റെ പ്രത്യേകതയാണ്.
വെളുത്തതിനോട് നേരെ തിരിച്ചും, വെളുത്തത് മികച്ചതല്ല എന്ന് സ്ഥാപിക്കുവാനുള്ള, അബോധത്തില്‍ നമ്മുടെ ചേതനയ്ക്ക് പകര്‍ന്നു തരുവാനുള്ള ഒരു ശ്രമം ഉണ്ട്. താജ്മഹല്‍ വെളുത്തകല്ലുകള് വെച്ച് നിര്‍മിച്ചതാണ്. താജ്മഹല്‍ നിര്‍മിക്കുന്നതിന് മുമ്പ് വലിയ രാജകൊട്ടാരങ്ങളും ക്ഷേത്രസമുച്ഛയങ്ങളുമെല്ലാം നിര്‍മിച്ചിരുന്നത് ചുവന്ന കല്ല് വെച്ചിട്ടാണ്. ഫത്തേപൂര്‍ സിക്രിയില്‍ പോയാല്‍ കാണാം അക്ബര്‍ ഉപേക്ഷിച്ചുപോയ നെടുങ്കന്‍ കൊട്ടാരങ്ങള്‍ മുഴുവനും ചുവന്ന കല്ലിലാണ് പണിതിരിക്കുന്നത്. നമ്മുടെ ചെങ്കോട്ട ചുവന്ന കല്ലില്തീര്ത്തതാണ്. അധികാരത്തിന്റെയും പ്രതാപത്തിന്റെയും ആഢംബരത്തിന്റെയും നിറങ്ങളെല്ലാം ചുവന്ന കല്ലിലാണ് പഴയകാലത്ത് ഉണ്ടാക്കി വെച്ചിരുന്നത്. അവിടെ ഉസ്താദ് അഹമ്മദ് ഈസ എന്നുപറയുന്ന ശില്പി, ഷാജഹാന് ചക്രവര്‍ത്തിയുടെ ഭാര്യയ്ക്കുവേണ്ടിയിട്ട് ഒരു വലിയ സ്മാരകം പണിയണം എന്നു പറഞ്ഞപ്പോള്‍ വെളുത്ത കല്ലില്‍ ചെയ്താലോ എന്നു ചോദിച്ചതിന്റെ പിന്നില്‍ ഈ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. വെണ്മയെ മരണവുമായിട്ട് ബന്ധിപ്പിക്കുവാന്‍, വെണ്മയെ മൃതിയുമായിട്ട് ബന്ധിപ്പിക്കുവാന്‍, വെണ്മ മികച്ചതല്ല എന്നു സ്ഥാപിക്കുവാനുള്ള സദുദ്ദേശ്യം നിറഞ്ഞ മനുഷ്യസ്നേഹം നിറഞ്ഞ, മനുഷ്യാദരം നിറഞ്ഞ വിലപ്പമുള്ള ഒരു മനസ്സ് അവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിധവകളെ വെള്ളയുടുപ്പിക്കുമ്പോള് ഈ ബോധം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു.
ജീവിതത്തിന്റെ കരഗതമാക്കാനാവാത്ത മായികസത്ത എന്ന് ഹെര്‍മെന്‍ മെല്‍വില്‍ മോബിഡിക്കിനെ വിശേഷിപ്പിക്കുന്നുണ്ട്. കടലിലെ ക്ഷുദ്രനായിട്ടുള്ള ഒരു തൊഴിലാളിയാണ് ഏതു പടക്കപ്പലിന്റെയും ക്യാപ്റ്റനായിട്ടുള്ള താന്‍ പോലും എന്ന് തിരിച്ചറിയുന്ന അഹാബ് എന്ന കഥാപാത്രമാണ് മോബിഡിക്കിന്റെ നായകന്. കടലിലെ ഏറ്റവും പ്രതാപിയായ, പിടിതരാത്ത ഈ മായിക സത്തയെ അവതരിപ്പിക്കുമ്പോള്‍ മെല്‍വില്‍ എഴുതുന്നത് ഒരു വെളുത്ത തിമിംഗിലം ആണ് എന്നാണ്. നീലത്തിമിംഗലം എന്നല്ല! വൈറ്റ് സ്പേം വെയില് ആണ് നമ്മുടെ മോബിഡിക്. തിമിംഗിലത്തിന്റെ ശിരസ്സില്‍നിന്ന് തുടങ്ങി ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലുമായിട്ട് പടര്‍ന്നുപിടിച്ചിട്ടുള്ള 500 ഗ്യാലനോളം ഉള്ള വലിയ വെളുത്ത കുഴമ്പ് തിമിംഗിലത്തിന്റെ ബീജം തന്നെയാണ് എന്ന് കരുതിയിരുന്ന കാലത്താണ് വൈറ്റ് സ്പേം എന്നപേര് അതിന് വന്നത് എന്ന് വായിച്ചതോര്‍ക്കുന്നു. പില്ക്കാലത്ത് മനസ്സിലായി അത് ബീജമല്ല, അതിന് സ്പര്‍ശം കൊണ്ട് കാര്യങ്ങള്‍ തിരിച്ചറിയുവാന്‍ വേണ്ടി പ്രകൃതി നല്‍കിയിട്ടുള്ള അനുകൂലനം മാത്രമാണ് അതെന്ന്. ശിരസ്സില്‍നിന്ന് ശരീരം മുഴുവന്‍ വ്യാപിച്ചിട്ടുള്ള ഈ വെളുത്ത കുഴമ്പ് പരിസരത്തുള്ള ഇരയെയും ശത്രുവിനെയും ഒരേപോലെ തിരിച്ചറിയാന്‍, അവയുടെ ശബ്ദങ്ങളില്‍ തട്ടി പ്രതിധ്വനിക്കുമ്പോള്‍ അത് വെച്ച് ദൂരം അളക്കാനും ഇരയുടെയോ, ശത്രുവിന്റെയോ വലിപ്പം നിശ്ചയിക്കുവാനോ വേണ്ടി പ്രകൃതി കൊടുത്തിട്ടുള്ള അനുകൂലനമായിട്ടാണ് ഈ കുഴമ്പ് പ്രവര്‍ത്തിക്കുന്നത്.
ഗുഹാമത്സ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ പറയുന്നുണ്ട് കടലിനോട് പറ്റിച്ചേര്‍ന്നുള്ള കരിങ്കല്‍കെട്ടുകളില്‍ ആഴത്തിലുള്ള ഗുഹകളില്‍ താമസിക്കുന്ന മത്സ്യങ്ങള്‍ക്ക് വെളിച്ചം ആവശ്യമില്ലാത്തതുകൊണ്ട്, ഒരിക്കലും പ്രകാശം കടക്കാത്ത ആഴങ്ങളില്‍ എപ്പോഴും താമസിക്കുന്നതുകൊണ്ട്, തലമുറകള്‍ തലമുറകളായിട്ടുള്ള അതിന്റെ പരിണാമത്തിലൂടെ അതിന്റെ കണ്ണുകള്‍ നഷ്ടമാകുന്നു എന്ന്. കണ്ണുകളുടെ സ്ഥാനത്ത് ചര്‍മം വന്ന് മൂടിയിട്ട് കണ്ണിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇല്ലാതാവുകയും പകരം അവയ്ക്ക് മണത്തറിയുവാനുള്ള ഇന്ദ്രിയത്തിന്റെ ശക്തി എത്രയോ ഇരട്ടിയായി മാറുകയും ചെയ്യുന്നു. ഇത് ഞാന്‍ പറയാന്‍ കാരണം കല്പറ്റ കാഴ്ചയെപ്പറ്റിയുള്ള,സ്പര്ശത്തെപ്പറ്റിയുള്ള അതിമനോഹരമായ ലേഖനം ഉള്‍പ്പെടുത്തിയത് കൊണ്ടാണ്.
ഒരു കുഞ്ഞ് ആദ്യമായി അമ്മയെ അറിയുന്നത് സ്പര്‍ശത്തിലൂടെയാണ് എന്ന് പറയുന്ന അതിമനോഹരമായ ഒരു ലേഖനമുണ്ട്. അതിന്റെ തുടക്കം പെണ്ണുകാണാന്‍ പോയ മകന് തിരിച്ചുവരുമ്പോള്‍ അമ്മ 'പിടിച്ചോ' എന്ന് ചോദിക്കുന്നിടത്താണ്. 'പിടിച്ചോ' എന്ന് അമ്മ ചോദിക്കുമ്പോള്‍ മകന് അടരടരായി ചിരിക്കുന്നത് താന്‍ കാണാന്‍ പോയ പെണ്ണിനെ കയറിപ്പിടിച്ചോ എന്നാണ് അമ്മ ഉദ്ദേശിച്ചത് എന്ന് വിചാരിച്ചിട്ടല്ല. മറിച്ച് പിടിക്കുക എന്ന സ്പര്‍ശത്തിന്റെ ഓര്മ ഉണര്‍ന്നതുകൊണ്ടാണ്. തന്റെ ദാമ്പത്യത്തില്‍ ഏറ്റവും പ്രഥമമായി വേണ്ടത് അതാണല്ലോ എന്ന തോന്നല്‍ അമ്മ അബോധത്തിലാണെങ്കിലും ആ ചോദിച്ചതിലൂടെ ധ്വനിക്കുന്നത് എന്നുള്ളതുകൊണ്ടാണ്.
കല്പറ്റയുടെ പ്രധാനപ്പെട്ട മൂന്ന് സമാഹാരങ്ങളുടെയും പേരുകള്‍ കാഴ്ചയുമായി ബന്ധപ്പട്ടതാണ്. ഈ കണ്ണടയൊന്നു വെച്ചുനോക്കൂ എന്ന ലേഖനസമാഹാരം കാഴ്ചയെപ്പറ്റിയാണ് പറയുന്നത്. നമ്മള് ഉദ്ദേശിക്കുന്ന സാമാന്യമായ കാഴ്ചയെപ്പറ്റിയല്ല, കവി പറഞ്ഞുതരുന്ന ഉദ്ബോധിപ്പിക്കുന്ന സവിശേഷമായിട്ടുള്ള കാഴ്ചയെപ്പറ്റിയാണ്. വെളുപ്പ് സൗന്ദര്യവുമായിട്ട് ഒരു ഉടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല എന്നുള്ളത് മറ്റൊരു പുസ്തകത്തിന്റെ പേരാണ്. അതുപോലെ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കാവ്യസമാഹാരത്തിന്റെ പേരുതന്നെ കറുത്തപാല്‍ എന്നാണ്.
ഈ വൈരുധ്യങ്ങളെ ചേര്‍ത്തു കെട്ടുമ്പോള്‍ അപകര്‍ഷം എന്നു തോന്നുന്ന ചിലതിനെ ഉല്ക്കര്ഷമാക്കി പരിവര്‍ത്തിപ്പിച്ച് നമുക്ക് കാണിച്ചു തരുമ്പോഴാണ് ഒരു കവി യഥാര്‍ഥത്തില്‍ ഒരു കവിയാണ് എന്ന് തിരിച്ചറിയുന്നത്. പഴയ കാലത്ത് കവികളെ കണ്ടുപിടിക്കാന്‍ വേണ്ടി ഒരു ടെസ്റ്റ് ഉണ്ട് -ലിറ്റ്മസ് ടെസ്റ്റ്. പി.ജിക്കു പഠിക്കുമ്പോള്‍ കേട്ട ഒരു സംസ്കൃത ശകലമാണ്. ഗദ്യം കവീനാം നികഷം വദന്തി. നികഷം എന്നാല്‍ ഉരകല്ല്. സ്വര്‍ണം ഉരച്ചുനോക്കുന്ന ഉരകല്ലിന്റെ പേര് സംസ്കൃതത്തില്‍ നികര്ഷം എന്നാണ്. അന്ന് ലീലാതിലകം പോലുള്ള വ്യാകരണഗ്രന്ഥങ്ങളും മാതംഗലീല പോലുള്ള ആനയെപ്പറ്റിയുള്ള ശാസ്ത്രവും അല്ലെങ്കില്‍ ലീലാവതി പോലുള്ള ഗണിതശാസ്ത്രഗന്ഥങ്ങളുമെല്ലാം പദ്യത്തിലാണ് എഴുതിയിരുന്നത്. വരണ്ട വിഷയങ്ങള്‍ പോലും പദ്യത്തില്‍ മാത്രമെഴുതി. ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ പദ്യത്തിലെഴുതിയ കാലത്ത്, ജാതക കുറിമാനങ്ങള്‍ പദ്യത്തിലെഴുതിയ കാലത്ത് എഴുതിവെച്ച വാചകമാണ് ഗദ്യം കവീനാം നികഷം വദന്തി- നീയൊരു യഥാര്‍ഥ കവിയാണെന്ന് തിരിച്ചറിയണമെങ്കില്‍ നീ ഭംഗിയുള്ള ഒരു ഗദ്യമെഴുതി കാണിക്കണം. അതാണ് നിന്റെ ഉരകല്ല്. ഭംഗിയുള്ള ഗദ്യം എഴുതാന്‍ സാധിച്ചാല്‍ നീ കവിയാണ് എന്നുപറയാം. അല്ലാതെ പദ്യങ്ങളും ശ്ലോകങ്ങളും ചമച്ചതുകൊണ്ട് കവിയാകണമെന്നില്ല. അതിന്റെ ഉരകല്ല് ഗദ്യമാണ്.
ഗദ്യത്തില്‍ എഴുതുമ്പോള്‍ കവിത്വം തെളിഞ്ഞുകാണുന്ന, കൂടുതല്‍ പ്രകാശിക്കുന്ന നമ്മുടെ കാലഘട്ടത്തിലെ അസാമാന്യനായിട്ടുള്ള എഴുത്തുകാരനാണ് കല്പറ്റ നാരായണന് മാഷ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രചനകള്‍ എവിടെക്കണ്ടാലും ആദ്യം വായിക്കുന്നത്. ഹൃദയത്തിനോ തലച്ചോറിനോ ഒരു ഉന്മേഷമുണ്ടാക്കുന്ന എന്തെങ്കിലും ഒന്ന് ഓരോ അഞ്ചു വാചകങ്ങള്‍ക്കിടയിലും അദ്ദേഹം നിറച്ചുവെക്കാറുണ്ട്. അതുകൊണ്ട് ഉമിക്കരി ചവക്കുന്നതുപോലെയോ തെര്‍മോകോള്‍ ചവക്കുന്നതുപോലെയോ വിരസമായ ഗദ്യങ്ങള്‍ നിരവധി വായിക്കേണ്ടി വരുന്ന എന്നെപ്പോലൊരു ജോലിക്കാരന് കല്പറ്റയുടെ ഗദ്യത്തിന്റെ വായന ഒരുപോലെ ഉന്മേഷദായകമാണ്.
മഹാനായിട്ടുള്ള ജെസ്സി ഓവന്‍സ് ജര്‍മന്‍ ഒളിംപിക്സില്‍ ഒട്ടനേകം സ്വര്‍ണങ്ങള്‍ നേടിയതിനു ശേഷം അന്ന് മെഡലുകള്‍ ദാനം ചെയ്യാന്‍ അവിടെയുണ്ടായിരുന്ന ചരിത്രത്തിലെ എക്കാലത്തെയും കുപ്രസിദ്ധനായ അഡോള്‍ഫ് ഹിറ്റ്ലറിനുനേരെ സ്വര്‍ണ പതക്കം കഴുത്തിലണിയുന്നതിനു മുമ്പ് എല്ലാ അത്ലറ്റുകളും പതിവായി ചെയ്യുന്നതുപോലെ ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ ഹിറ്റ്ലര്‍ കൈ പിന്‍വലിച്ചത് ചരിത്രത്തിലെ ഒരു ദുരന്ത നിമിഷമാണ്. ജെസ്സി ഓവന്‍സ് കറുത്തവനായിരുന്നു എന്നുള്ളതാണ് അതിന്റെ കാരണം. ആര്യവംശമഹിമയുടെ പേരില്‍ ലോകത്തെ ഒരു വലിയ മനുഷ്യസമുദായത്തെ കൂട്ടക്കൊല ചെയ്ത് ഒടുക്കാന്‍ തീരുമാനിച്ച ഈ നരാധമന് സ്വര്‍ണം പോലെ തിളക്കമുള്ള സര്‍ഗാത്മക വിജയത്തില്‍ ഉയര്‍ന്നു നില്ക്കുന്ന ഒരു വലിയ മനുഷ്യന് അവന് കറുത്തവനായതുകൊണ്ട് മാത്രം കൈ കൊടുക്കാതിരുന്ന ആ നിമിഷത്തെപ്പറ്റി ഞാനൊരു ചെറിയ കഥ എഴുതിയിട്ടുണ്ട്- ദൈവം ജെസി ഓവന്‍സിന് കൈകൊടുക്കുന്നു എന്ന പേരില്‍. സ്വര്‍ഗത്തില്‍ വെച്ച് ദൈവം ജെസി ഓവന്‍സിന് കൈ കൊടുക്കുന്ന കഥയാണത്.
ചിലന്തിയുടെ വലയില്‍ സൂക്ഷ്മപ്രാണികള്‍ വീഴുമ്പോള്‍ കേട്ട ശബ്ദത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു. അത് സംഗീതമായി നമുക്കെല്ലാവര്‍ക്കും തോന്നി. എന്നാല്‍ ആ വലയില്‍ കുടുങ്ങുന്ന സൂക്ഷ്മജീവികള്‍ക്ക് അത് സംഗീതം ആയിരിക്കുകയേ ഇല്ല. ആ ഭാഗത്തുനിന്നു കൂടി ശബ്ദത്തെ കേള്‍ക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് ഒരു കവി ഉണ്ടായി വരുന്നത് എന്ന് ഞാന്‍ പറയുന്നു. ലോകത്താര്‍ക്കും ആ ശബ്ദം എത്ര സുന്ദരമായ സംഗീതമായിട്ടു തോന്നിയാലും ആ വലയില്‍ കുടുങ്ങിയ ഇരകള്‍ക്ക് അത് സംഗീതമല്ല. കഴിഞ്ഞയാഴ്ച നമ്മുടെ പ്രധാനമന്ത്രി എഴുപത്തിയഞ്ച് യുവസാഹിത്യകാര്ക്ക് സ്കോളര്‍ഷിപ് കൊടുത്തുകൊണ്ട് ഒരു പദ്ധതി ഉദ്ഘാടനം ചെയ്തു- യുവ എന്നാണതിന്റെ പേര്. ഇന്ത്യയില്‍ നിരവധിയായിട്ടുള്ള മനുഷ്യക്കുരുതികള്‍ നടന്നപ്പോള്‍ അതിനെതിരെ ശക്തമായിട്ട് പ്രതിഷേധിച്ചതും പ്രതികരിച്ചതും നമ്മുടെ സര്ഗാത്മകസാഹിത്യകാരും എഴുത്തുകാരുമാണ് എന്ന് വന്നപ്പോള്‍, മൂന്നോ നാലോ നമ്മുടെ മികച്ച വലിയ എഴുത്തുകാര്‍ അധികാരത്തിന്റെ ശക്തിക്ക് സ്വന്തം ജീവന് പണയം വെച്ച് കീഴടങ്ങിയപ്പോള്‍, ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഒരുപാട് എഴുത്തുകാര്‍ അതിനെതിരേ ശബ്ദിക്കാനുണ്ടായിരുന്നു. എന്തുകൊണ്ട് അധികാരികള്‍ക്കുവേണ്ടി ശബ്ദിക്കുവാന്‍ എഴുത്തുകാര്‍ ഉണ്ടാകുന്നില്ല എന്ന ചിന്ത നമ്മുടെ അധികാരികള്‍ക്ക് വന്നു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് മാസം അമ്പതിനായിരം രൂപ വെച്ച കൊടുത്ത് എഴുത്തുകാരെ സൃഷ്ടിക്കുന്ന യുവ എന്നൊരു പദ്ധതി പ്രധാനമന്ത്രി തുടങ്ങിവെച്ചിരിക്കുകയാണ്. ആയുസ്സ് മുഴുവന്‍ എഴുതിയാലും കല്പറ്റയ്ക്കൊക്കെ വിശിഷ്ടാംഗത്വത്തോടൊപ്പം അക്കാദമി കൊടുക്കുന്നത് അമ്പതിനായിരം രൂപയാണ്. കേരള സാഹിത്യ അക്കാദമി ഏറ്റവും മികച്ച കവിതാ സമാഹാരത്തിനും കഥാസമാഹാരത്തിനും കൊടുക്കുന്നത് 25000 രൂപയാണ്. അതൊരു ആയുഷ്കാലത്തിന്റെ മുഴുവന്‍ തുകയാണ്. ഇവിടെയിതാ എല്ലാമാസവും അമ്പതിനായിരം വെച്ച് കൊടുക്കുന്നു. പത്ത് വര്‍ഷം കഴിയുമ്പോള്‍, ഈ നാട്ടില്‍ അധര്‍മം വരുമ്പോള്‍, അനീതി വരുമ്പോള്‍, എഴുത്തുകാര്‍ കൊല ചെയ്യപ്പെടുമ്പോള്‍ അധികാരികള്‍ക്കുവേണ്ടിയും ശബ്ദിക്കാന്‍ അന്നുണ്ടാവും കുറേ ദാസന്മാര്. നമോനമ എന്ന പ്രയോഗം അന്ന് കൂടുതല്‍ അര്‍ഥവത്തായിത്തീരും എന്ന് ഞാന്‍ ഭയക്കുന്നു. അങ്ങനെ മറുവശത്തുനിന്ന് അവര്‍ ആയുധങ്ങള്‍ കോപ്പു കൂട്ടുമ്പോള്‍ ഇപ്പുറത്ത് പ്രലോഭനങ്ങളില്‍ വീഴാതെ, ധാര്‍മികതയ്ക്കും നീതിക്കും വേണ്ടി ശബ്ദിക്കുവാന്‍ ശ്രമിച്ച ആ വലിയ കവികുലത്തിന്റെ യഥാര്‍ഥ പിന്ഗാമികളില് ഒരാളാണ് നമ്മുടെ പ്രിയപ്പെട്ട കല്പറ്റ. അദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങളിലും അതിന്റെ പ്രതിഫലനവും വെളിച്ചവുമാണ് നിറയുന്നതെന്ന് പറഞ്ഞുകൊണ്ട് ഈ പുസ്തകം സന്തോഷത്തോടെ പ്രകാശനം ചെയ്യുന്നു.
Content Highlights: subhash chandran release the book of kalpeta narayanan karup iruttalla irut velichavumalla
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..