'എന്നാലുമെന്തേ എം.ടി അങ്ങനെ പറഞ്ഞുകളഞ്ഞത്?'; ശ്രീനിവാസന്‍ കേശവമേനോന്‍ എഴുതുന്നു
ഫഹദ് ഫാസില്‍ നായകനായി ഷെര്‍ലക്കിന്റെ ദൃശ്യപരിഭാഷ അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്നു;അത്രമേല്‍ ന്യൂജെന്‍ അക്കഥ!

എം.ടി

മാതൃഭൂമി പത്രത്തില്‍ എന്‍ പി വിജയകൃഷ്ണന്‍ എം.ടി വാസുദേവന്‍ നായരുമായി നടത്തിയ അഭിമുഖത്തില്‍ മലയാളത്തില്‍ വരുന്ന പുസ്തകങ്ങളുടെ വായനാക്ഷമതയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എം.ടിയുടെ അഭിപ്രായത്തെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ശ്രീനിവാസന്‍ കേശവ മേനോന്‍ എഴുതിയ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

An empty vessel makes much noise ഒരിംഗ്ലീഷ് പഴമൊഴിയാണ്. എംടിയുമായി അതിനു ബന്ധമൊന്നുമില്ല. കാരണം എംടി ഒരിക്കലും ഒരു കാലിപ്പാത്രമായിരുന്നിട്ടില്ല. അതുകൊണ്ടു തന്നെ ചുമ്മാ കലമ്പല് കൂട്ടാറുമില്ല. എന്നിട്ടും എന്‍ പി വിജയകൃഷ്ണനോട് എന്തേ അങ്ങനെ പറഞ്ഞത്?
'ഇന്ന് എടുത്തു പറയത്തക്ക മലയാള പുസ്തകങ്ങളൊന്നുമില്ല. പലതും വായിച്ച് മുഴുമിപ്പിക്കാനുമാവുന്നില്ല. പ്രശ്‌നം ഭാഷയാണ്.. വായനക്കാരെ അകറ്റിക്കളയുന്ന ഭാഷ.'
ഇതാണ് എം ടിയുടെ വിവാദമായിത്തീര്‍ന്ന നവതിക്കാലപരിദേവനം.
എങ്ങും എതിരൊച്ചകള്‍ ഉയരുകയായി, 'ഇതു പറയാന്‍ എം ടി ആരാണ്?
നായര്‍ത്തറവാടിന്റെ അധഃപതനകാരണങ്ങള്‍. കാച്ചെണ്ണ മുറപ്പെണ്ണ് ഒന്നര മോരൊഴിച്ചുകൂട്ടാന്‍ ചേരുവയില്‍ നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബലശൈലിയൊക്കെ എന്നേ കാലഹരണപ്പെട്ടു!
മാത്രമോ..
ആ ഉജ്ജ്വലഭാരതീയേതിഹാസത്തെ, മഹാഭാരതത്തെ കൂടല്ലൂരെ തൊഴുത്തില്‍കൊണ്ടോയ് കെട്ടി. ഭീമനെനായരീകരിച്ചു പടിയേറ്റി. ജ്ഞാനപീഠോം തരാക്കി.
എന്നിട്ടാ പ്പൊ ഈ പുത്തരിക്കണ്ടംപ്രസംഗം,
പുത്തന്‍കൂറ്റുകാര്‍ക്ക് തായ്‌മൊഴിവഴക്കം കഷ്ടിയാണത്രെ? പുത്തനെഴുത്തുഭാഷ ഈജിയന്‍ തൊഴുത്താണത്രെ, ഇയളാരാ ഹെര്‍ക്കുലീസിന്റെ കുലത്തില്‍ പിറന്നതോ''
പ്രഭാകരാ!!
കൊല്ലും മുമ്പൊരു ഫ്‌ളാഷ് ബാക്ക്.

വര്‍ഷം 1961. ഹെമിങ്ങ് വേയുടെ മരണത്തിന് ഒരാഴ്ച മുമ്പ് എംടിയുടെ റേഡിയോ പ്രഭാഷണം. ഹെമിങ്ങ് വേ ഒരു മുഖവുര. പിന്നീട് അത് വിപുലീകരിച്ച് അതേ പേരില്‍ പുസ്തകമാക്കി. അറുപതു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നല്ലൊരു ഹെമിങ് വേ പ്രവേശികയായി നമ്മുടെ ബുക്ക് ഷോപ്പുകളില്‍ ലഭ്യം.
വര്‍ഷം 1971.
ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആദ്യമായി പരിചയിച്ച മലയാളി എം.ടിയാണ്.
നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുള്ള കൃതിയെന്ന മുന്നുരയോടെ അദ്ദേഹം പലര്‍ക്കും തന്റെ കയ്യിലുള്ള കോപ്പി കൈമാറി. സാഹിത്യവാരഫലക്കാരനും ഇക്കാര്യം കൃതജ്ഞതാപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്.
എം.ടിയുടെ സമകാലികര്‍ ഗതകാലപ്രകാശത്തില്‍തന്നെ നിശ്ചലം കാലഭൈരവന്മാരായി നിലകൊള്ളുമ്പോഴും എം.ടി അയാളുടെ ഭാഷയെ പുതുക്കിക്കൊണ്ടിരുന്നു. ഷെര്‍ലക്ക് എന്ന കഥതന്നെ നോക്കൂ.
മലയാളത്തില്‍ എമര്‍ജിങ് പോയട്രി ആരംഭിക്കുന്നതു തന്നെ അക്കഥയോടെയാണ്.എസ്സ്.ജോസഫ് മാഷാണേ സത്യം. വായിച്ചാലറിയാം
ലോകനിലവാരമുള്ള കഥയാണത്.
ഫഹദ് ഫാസില്‍ നായകനായി ഷെര്‍ലക്കിന്റെ ദൃശ്യപരിഭാഷ അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്നു;അത്രമേല്‍ ന്യൂജെന്‍ അക്കഥ!

സുഭാഷ് ചന്ദ്രന്റെ കഥകള്‍ക്ക് എം.ടിയാണ് അവതാരിക എഴുതിയിട്ടുള്ളത്. 2015 നു മുമ്പാണ്, മാദ്ധ്യമം വാര്‍ഷികപ്പതിപ്പില്‍ വിജു വി നായര്‍ക്കു നല്‍കിയ ഇന്റര്‍വ്യൂവില്‍ എംടി പറയുന്നു.
'' ചെറുപ്പക്കാരില്‍ പലരും നല്ല കഥകള്‍ എഴുതുന്നുണ്ട്. സുഭാഷ്, സന്തോഷ് എച്ചിക്കാനം, മുരളി, പ്രിയ എ.എസ്സ്...അങ്ങനെ പലരുമുണ്ട്. അവര്‍ ഇന്റലക്ച്വലായി എഴുതുന്നു, നമ്മളെക്കൊണ്ട് വായിപ്പിക്കുന്നുമുണ്ട്.''
എന്നിട്ടിപ്പോള്‍ എം.ടിയെന്തേ ചുവടുമാറാന്‍ കാരണം?
എനിക്കു തോന്നിയ കാര്യം പറയാം.
നവതിയോടടുത്തയാള്‍ക്ക് വായിക്കാന്‍ നൂറ്റാണ്ടിന്റെ ഗരിമ ഉള്‍ക്കൊള്ളുന്ന ഒരു കൃതി മലയാളത്തിലുണ്ടായിട്ടുണ്ടോ?
ആരോഗ്യനികേതനം പോലെയൊന്ന്!
നെഞ്ചില്‍തൊട്ടു പറയൂ.
അതുകൊണ്ടല്ലേ ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിക്ക് തന്റെ ജീവിതസമസ്യ വായിച്ചെടുക്കാന്‍ ഭാഗവതത്തില്‍ അഭയം തിരക്കേണ്ടി വന്നത്!
മലയാളി സെന്‍സിബിലിറ്റിയുടെ പള്‍സറിയാവുന്ന എഴുത്തുകാരനാണ് എംടി.
വാക്കുകളുടെ മുളയാണി തട്ടി ഇരുമ്പാണി വച്ച് പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്നു തോന്നിപ്പിക്കുന്ന ഭാഷയില്‍ ജനപ്രിയതിരക്കഥകള്‍ ചമച്ചു. അവയില്‍ പലതും പുതുകാലത്തും റീമേക്ക് ചെയ്തു കൊണ്ടിരിക്കുന്നു.
അതിനാല്‍ ഈ പഴയ എഡിറ്ററെ ഒരു കടല്‍കിഴവനായി ചാപ്പകുത്തി ഇന്‍ക്വിസഷന് പാത്രമാക്കേണ്ടതില്ല.
ആദ്യമേ പറഞ്ഞില്ലേ, അദ്ദേഹം ഒരു എംപ്റ്റി വെസല്‍ അല്ല, വിജയകൃഷ്ണനുമായുള്ള പ്രസിദ്ധമായ ആ പഴയ മുഖാമുഖം ഓര്‍ക്കുന്നില്ലേ, വായനയുടെ വിളക്കുമാടങ്ങള്‍. നെയിം ഓഫ് ദി റൊസൊക്കെ അതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഏറ്റവും ഒടുവില്‍ അദ്ദേഹം ഴാന്‍ ഡൊമിനിക് ബോബിയുടെ
Diving Bell and the Butterfly - യെക്കുറിച്ച് പറയുന്നു.

'ആഘാതരോഗം ബാധിച്ച് ഇടതു കണ്ണൊഴികെ ശരീരമാകെ നിശ്ചലമായിപ്പോയ ബോബി ഫ്രഞ്ചുഭാഷയില്‍ ഏറ്റവും അധികം ഉപയോഗിക്കേണ്ടിവരുന്ന അക്ഷരങ്ങളെ മനസ്സില്‍ നിരത്തി ഒരക്ഷരമാലയുണ്ടാക്കുന്നു. മനസ്സില്‍ വാക്കുകളുണ്ടാക്കുന്നു. വാക്കുകള്‍ ചേര്‍ത്തുവച്ച് വാചകങ്ങളും. സുഹൃത്തും പരിചാരികമായ ക്ലോഡെ, ബോബി മനസ്സില്‍ സൃഷ്ടിച്ച അക്ഷരമാല ഉരുവിടുന്നു. ഒരക്ഷരത്തില്‍ എത്തുമ്പോള്‍ ബോബി ഇടത്തേ കണ്ണ് അനക്കും. കൂട്ടുകാരി അത് നോട്ടുബുക്കില്‍ കുറിക്കും, പിന്നെയും അക്ഷരമാല ആവര്‍ത്തിക്കുമ്പോള്‍ ഒരിമവെട്ടല്‍, ഒരക്ഷരം കൂടി. അങ്ങനെ മാസങ്ങള്‍ കൊണ്ട് ഒരു പുസ്തകമുണ്ടാകുന്നു. ''
എം.ടി ഇന്റര്‍വ്യൂ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്.
'ദൈന്യത്തിന്റെ നടുവില്‍ ഒടിഞ്ഞുവളഞ്ഞിരിക്കുമ്പോഴും ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് ക്ലോഡെ ചിന്തിക്കുന്നത്. ക്ലോഡെ അസ്വസ്ഥനാകുന്നു.
''എന്റെ ഈ കൂട് തുറക്കാനുള്ള താക്കോല്‍ പ്രപഞ്ചത്തിന്റെ കയ്യിലെങ്ങാനുമുണ്ടോ?
ടെര്‍മിനസില്ലാത്ത ഒരു മെട്രോലൈനാണോ ഇത്? എന്റെ സ്വാതന്ത്ര്യം തിരിച്ചുവാങ്ങാനുള്ള കറന്‍സി നോട്ടാണോ ഇത്? നമ്മള്‍ നോക്കിക്കൊണ്ടേയിരിക്കണം, ഞാനിപ്പോള്‍ നിര്‍ത്തുന്നു'
ഞാനും നിര്‍ത്തുകയാണ്.
നമ്മള്‍ നോക്കിക്കൊണ്ടേയിരിക്കണം!

Content Highlights: M.T Vasudevan Nair, Sreenivasan Kesava Menon, Malayalam Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented