'പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍...' വയലാറിന്റെ ഭാവഗോപുരങ്ങള്‍ക്കു മുന്നില്‍...


ശ്രീകുമാരന്‍ തമ്പി

വയലാര്‍ രാമവര്‍മ എന്ന കാവ്യമണ്ഡലമാന്ത്രികന്‍ തീര്‍ത്ത ഭാവഗോപുരങ്ങളുടെ ചുവട്ടില്‍ അദ്ഭുതസ്തബ്ധനായി നില്‍ക്കുന്ന ഒരു കൗമാരക്കാരനാണ് ഇന്നും ഞാന്‍. ഈ വാര്‍ധക്യത്തിലും ആ കൗമാരം മനസ്സിലെങ്കിലും നിലനില്‍ക്കണേ... എന്നാണ് എന്റെ പ്രാര്‍ഥന.

വയലാർ, ശ്രീകുമാരൻ തമ്പി| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

വിദ്യാര്‍ഥിജീവിതകാലത്ത് ഞാന്‍ ഏറ്റവുമധികം ആരാധിച്ചിരുന്ന കവി ജി. ശങ്കരക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ തെളിഞ്ഞും മറഞ്ഞും വിളങ്ങുന്ന മിസ്റ്റിക് ഭാവമായിരിക്കാം കൂടുതലായി ആകര്‍ഷിച്ചത്. എന്നാല്‍ ഞാനും സഹൃദയരായ എന്റെ കൂട്ടുകാരും പതിവായി പിന്‍തുടര്‍ന്നിരുന്നത് പി. ഭാസ്‌കരന്‍, വയലാര്‍ രാമവര്‍മ, ഒ.എന്‍.വി, തിരുനല്ലൂര്‍ കരുണാകരന്‍ എന്നിവരെയാണ്. ഇവര്‍ നാലുപേരുമായിരുന്നു ആ കാലഘട്ടത്തിലെ ജനകീയ യുവകവികള്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അതിവേഗം വളര്‍ച്ചപ്രാപിച്ചുകൊണ്ടിരുന്ന കാലം. ഈ നാലുപേരും മനസ്സുകൊണ്ടും എഴുത്തുകൊണ്ടും തികഞ്ഞ കമ്യൂണിസ്റ്റുകാരായിരുന്നല്ലോ.

വയലാര്‍ രാമവര്‍മയാകട്ടെ തുടക്കംമുതലേ കവിതയും ഗാനങ്ങളും എഴുതിയിരുന്നു. അദ്ദേഹത്തിന്റ 'ആയിഷ', 'കത്രീന', 'രാവണപുത്രി' തുടങ്ങിയ ഖണ്ഡകാവ്യങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഒ.എന്‍.വി. കെ.പി.എ.സി. നാടകങ്ങള്‍ക്കുവേണ്ടി പാട്ടുകളെഴുതിയപ്പോള്‍ വയലാര്‍ രാമവര്‍മ കോട്ടയം കേന്ദ്രമാക്കി മറ്റൊരു പുരോഗമനസാഹിത്യകാരനായ പൊന്‍കുന്നം വര്‍ക്കിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നാഷണല്‍ തിയേറ്റേഴ്സിന്റെ നാടകങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചു. എല്‍.പി.ആര്‍. വര്‍മയാണ് ആ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.

വയലാറിന്റെ 'പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍', 'കായലിന്നക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു', 'ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലംപാല', 'ശര്‍ക്കരപ്പന്തലില്‍ തേന്മഴ ചൊരിയും' തുടങ്ങിയ പാട്ടുകളൊക്കെ വമ്പിച്ച ജനപ്രീതി നേടി. വയലാര്‍ രചിച്ച് ദേവരാജന്‍ സംഗീതം പകര്‍ന്ന 'ബലികുടീരങ്ങളേ... ബലികുടീരങ്ങളേ സ്മരണകളുണര്‍ത്തും രണസ്മാരകങ്ങളേ...' എന്ന ഗാനത്തോടടുത്തു നില്‍ക്കാന്‍ അര്‍ഹതയുള്ള മറ്റൊരു വിപ്ലവഗാനം മലയാളത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.

സംഗീതബോധം അല്പമെങ്കിലുമുള്ള കവിക്കേ മികച്ച ഗാനരചയിതാവാകാന്‍ കഴിയൂ. 'കവിത അല്പം മേലെ പാട്ടു താഴെ...' എന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പല കവികള്‍ക്കും പാട്ടെഴുത്തില്‍ വിജയിക്കാന്‍ കഴിയാതെ പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയ എഴുത്തച്ഛനും കൃഷ്ണഗാഥയെഴുതിയ ചെറുശ്ശേരിയും അവര്‍ പാട്ടെഴുത്തുകാരാണെന്നു സ്വയം സമ്മതിച്ചിരിക്കുകയല്ലേ.

ഒരിക്കല്‍ ദേവരാജന്‍ മാസ്റ്റര്‍ എന്നോടു പറഞ്ഞു. 'കുട്ടന് പാടാനറിയത്തില്ല. പക്ഷേ, ആ മനസ്സു മുഴുവന്‍ സംഗീതമായിരുന്നു. അതു വരികള്‍ വായിക്കുമ്പോള്‍ അറിയാം'

തീര്‍ഥാടകന്‍

എന്റെ കാഴ്ചപ്പാടില്‍ വയലാര്‍ രാമവര്‍മ ഒരു തീര്‍ഥാടകനായിരുന്നു. അദ്ദേഹം ലക്ഷ്യം വെച്ച സ്ഥാനം ഒരിക്കലും ആധ്യാത്മികമായിരുന്നില്ല; താന്‍ ജനിച്ച പശ്ചാത്തലത്തില്‍ പടര്‍ന്നു ലയിച്ചിരുന്ന ആധ്യാത്മികത അദ്ദേഹത്തിന്റെ പല രചനകള്‍ക്കും സുഗന്ധം നല്‍കിയിട്ടുണ്ടെങ്കിലും. (ശബരിമലയില്‍ തങ്കസൂര്യോദയം, മഞ്ജുഭാഷിണീ മണിയറവീണയില്‍, കണ്ണാ കണ്ണാ ആലിലക്കണ്ണാ... ശുചീന്ദ്രനാഥാ... സ്വയംവരമംഗല്യഹാരമിതാ, തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമീ, പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാന്‍, ഓം... ഓം... ഓങ്കാരം, ആദിമമന്ത്രം അനശ്വരമന്ത്രം... തുടങ്ങി എത്രയെത്ര ഗാനങ്ങള്‍) വയലാറിന്റെ ലക്ഷ്യം മാനവികതയുടെയും സമത്വത്തിന്റെയും പൂര്‍ണതയായിരുന്നു.

അതുകൊണ്ടാണ് 'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന് അദ്ദേഹം എഴുതിയത്.

ഗാനവും കവിതയും

വയലാറിന്റെ കാവ്യജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവിനെ സൂചിപ്പിക്കുന്ന കവിതയെന്നു ചില നിരൂപകന്മാരെങ്കിലും അഭിപ്രായപ്പെട്ട 'സര്‍ഗസംഗീതം', എന്ന കവിതയെപ്പറ്റി പറയാതെ പോകാന്‍ വയ്യ. ലളിതകോമള പദാവലികള്‍ ഉപയോഗിച്ച് മധുരഗാനങ്ങള്‍ സിനിമയ്ക്കും നാടകങ്ങള്‍ക്കുംവേണ്ടി എഴുതുന്നതിനിടയിലാണ് അദ്ദേഹം സംസ്‌കൃത വൃത്തത്തില്‍ 'സര്‍ഗസംഗീതം' രചിച്ചത്. ആ കവിതയിലെ 'കരവാള്‍ വിറ്റൊരു മണിപ്പൊന്‍വീണ വാങ്ങിച്ചു ഞാന്‍' എന്ന പ്രയോഗം കമ്യൂണിസ്റ്റു വിരുദ്ധരെ ആകര്‍ഷിച്ചു. അതിനെത്തുടര്‍ന്ന് വയലാറിനെ തല്ലിയും തലോടിയും പല ചര്‍ച്ചകളും നടന്നു. എന്നാല്‍, എനിക്കറിയാം അവസാനം വരെയും അദ്ദേഹം മനസ്സുകൊണ്ട് ഒരു വിപ്ലവകാരി തന്നെയായിരുന്നു. ഈ നാടിന്റെ സഞ്ചിത സംസ്‌കൃതിയില്‍ നിന്നു താന്‍ നന്മയുടെ പ്രകാശം സ്വീകരിക്കുന്നു എന്നു മാത്രമാണ് അദ്ദേഹം പറയാന്‍ ആഗ്രഹിച്ചത്. ലക്ഷ്യബോധമുള്ള കവിയുടെ കൈയില്‍ വാളും വീണയും ഒരുപോലെ പ്രയോജനപ്രദമാകും എന്നാണ് എന്റെ വിശ്വാസം.

വയലാറിന്റെ കവിതയും ഗാനവും തമ്മില്‍ കാര്യമായ വ്യത്യാസമില്ല എന്നു വിശ്വസിക്കുന്ന ആരാധകനാണ് ഞാന്‍, ജീവിതത്തിന്റെ അവസാനത്തെ ഇരുപത്തൊന്നു വര്‍ഷം ചലച്ചിത്രഗാനങ്ങള്‍ എഴുതി അദ്ദേഹം നഷ്ടപ്പെടുത്തിയെന്നും അതുമൂലം മലയാളകവിതയ്ക്കു ഭീമമായ നഷ്ടം സംഭവിച്ചു എന്നുമൊക്കെ വ്യാജമായി 'ഒപ്പാര'യിടുന്നവരെ കണ്ടിട്ടുണ്ട്. വയലാര്‍ ഗാനങ്ങള്‍ എഴുതിയതുകൊണ്ട് മലയാളകാവ്യശാഖയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. കാരണം അദ്ദേഹത്തിന്റെ ഗാനങ്ങളും ഒന്നാംതരം കവിതകളായിരുന്നു, മറ്റു പല കവികളുടെയും കവിതകള്‍ അവരുടെ കവിതാസമാഹാരങ്ങളില്‍ ഉറങ്ങിക്കിടന്നപ്പോള്‍ വയലാറിന്റെ ഗാനകവിതകള്‍ ജനലക്ഷങ്ങള്‍ പാടിനടന്നു. സ്വന്തം കവിതാസമാഹാരത്തിന്റെ ഒന്നാംപതിപ്പു പത്തുവര്‍ഷം കഴിഞ്ഞാലും വിറ്റു തീരാത്ത നിരാശയില്‍ കഴിയുന്ന ചില കവികള്‍ക്ക് സ്വാഭാവികമായും അസൂയ തോന്നും. 'അസൂയയ്ക്കു വേരുകളില്ല' എന്നാണല്ലോ ഡോക്ടര്‍ ജോണ്‍സന്‍ പറഞ്ഞിട്ടുള്ളത്.

'ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ... ആരോമലേ
ഒന്നു ചിരിക്കൂ ഒരിക്കല്‍ കൂടി.'

പാട്ടെഴുത്തിനെ ചെറുതായി കാണുന്ന പല കവികള്‍ക്കും പന്ത്രണ്ടോ പതിനാറോ വരികളില്‍ പോലും ഒതുക്കാന്‍ കഴിയാത്ത വികാരമാണ് ഈ ചുരുക്കം വരികളിലൂടെ വയലാര്‍ പ്രകാശിപ്പിക്കുന്നത്.

'സന്ന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍
ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖ വാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നു...'

എന്ന ഗാനം പകരുന്ന കാവ്യാനുഭവം മഹാകവിപ്പട്ടം കിട്ടാന്‍ വേണ്ടി മഹാകാവ്യങ്ങള്‍ എഴുതിയ കവികള്‍ക്കുപോലും നല്‍കാന്‍ കഴിയാത്തതാണ്.

'രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാന്‍...'

എന്ന പ്രയോഗത്തിന്റെ അപൂര്‍വസൗന്ദര്യത്തെ എങ്ങനെ വാഴ്ത്താതിരിക്കും?

'കാറ്റു ചെന്നു കളേബരം തഴുകീ
കാര്‍ത്തികപ്പൂക്കളുറങ്ങി...മൂകമെന്‍
പാട്ടു ചെന്നു മനസ്സു തലോടി
പ്രേമഗൗതമനുറങ്ങി.'

എന്ന ഗാനം അത്ര പ്രസിദ്ധമൊന്നുമല്ല, എന്നാല്‍ എന്റെ മനസ്സിനെ വശീകരിച്ച വയലാര്‍ ഗാനങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്ന ഗാനങ്ങളിലൊന്നാണത്. ഇതില്‍ അതിമനോഹരവും അപൂര്‍വവുമായ ഒരു പ്രയോഗമുണ്ട്. 'നിശ്ശബ്ദത പോലും നെടുവീര്‍പ്പടക്കുമാ നിദ്രതന്‍ ദിവ്യമാം മണ്ഡപത്തില്‍' എന്ന പ്രയോഗം. അദ്ദേഹത്തിന്റെ പിന്നാലെ വന്ന ഒരു കവി എന്ന നിലയില്‍ ആ പ്രയോഗത്തിനുമുമ്പില്‍ ഞാന്‍ പലകുറി നമസ്‌കരിച്ചുപോയിട്ടുണ്ട്.

'നിശ്ശബ്ദത പോലും നെടുവീര്‍പ്പടക്കുമാ
നിദ്ര തന്‍ ദിവ്യമാം മണ്ഡപത്തില്‍
എന്റെ ഹൃദയത്തുടിപ്പുകള്‍ മാത്രമി-
ന്നെന്തിനു വാചാലമായി...?'

വയലാര്‍ രാമവര്‍മ എന്ന കാവ്യമണ്ഡലമാന്ത്രികന്‍ തീര്‍ത്ത ഭാവഗോപുരങ്ങളുടെ ചുവട്ടില്‍ അദ്ഭുതസ്തബ്ധനായി നില്‍ക്കുന്ന ഒരു കൗമാരക്കാരനാണ് ഇന്നും ഞാന്‍. ഈ വാര്‍ധക്യത്തിലും ആ കൗമാരം മനസ്സിലെങ്കിലും നിലനില്‍ക്കണേ... എന്നാണ് എന്റെ പ്രാര്‍ഥന.

Content Highlights: Sreekumaran Thampi, Vayalar Ramavarma

Content Highlights: Sreekumaran Thampi about Vayalar Ramavarma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented