' മരണസമയത്ത് ഞാനുച്ചരിക്കുക ഒരു വാക്കായിരിക്കില്ല, മറിച്ച് അതൊരക്ഷരമായിരിക്കും' - സുഭാഷ് ചന്ദ്രന്‍


നര്‍മദ.കെ.വി

നാലര വയസ്സില്‍ സ്വന്തം തൂലികാനാമം കരഞ്ഞുമേടിച്ച കുട്ടിയായിരുന്നു ഞാന്‍. വളരെ ചെറുപ്പത്തില്‍ ഒരു കമ്പനിയില്‍ ജോലിക്കു കയറുകയും പരിചയക്കുറവുകൊണ്ട് തന്റെ വലത്തേ കൈയിലെ നടുവിരല്‍ വ്യാവസായികയുഗത്തിന്റെ യന്ത്രഭൂതത്തിന് ഗുരുദക്ഷിണയായി കൊടുക്കുകയും ചെയ്ത എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചത് വായിക്കാനാണ്.

പുസ്തകത്തിന്റെ കവർ, സുഭാഷ് ചന്ദ്രൻ

എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ 2022 ആഗസ്റ്റ് 2ന് തന്റെ '50 ആത്മകഥകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ (മാത്യഭൂമി ബുക്‌സ്, തൃശൂര്‍ പുസ്തകോത്സവത്തോടനുബന്ധിച്ച്) സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍

പ്രിയരേ,

എനിക്ക് 50 വയസു തികഞ്ഞ സമയത്താണ് '50 ആത്മകഥകള്‍' എന്ന ഈ പുസ്തകം ഇങ്ങനെ സംവിധാനം ചെയ്യപ്പെട്ടത്. അതിനു കാരണമായിത്തീര്‍ന്ന ഒരു ഫോണ്‍വിളിയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുകയാണ്. നമ്മുടെ ഭാഷയിലെ മഹാനായ ഒരു നാടകകൃത്തിന്റെ മകന്‍ എന്റെ സമുദ്രശില എന്ന നോവല്‍ വായിച്ചതിനു ശേഷം എന്നോടു പറഞ്ഞ ഒരു വാചകമാണ്. സ്വന്തം ഹൃദയത്തെ ഇത്രമേല്‍ ക്ലേശിപ്പിച്ചുകൊണ്ട് ഇങ്ങനെയൊന്നും എഴുതരുത് എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. 'എന്റെ അച്ഛന്‍ ഇതു അദ്ദേഹത്തിന്റെ അവസാനകൃതി എഴുതുന്ന കാലത്തൊരിക്കല്‍ 'ഇതെന്നെ കൊന്നുകളയുമെടാ' എന്നു പറഞ്ഞു. അധികം വൈകാതെ 48-ാമത്തെ വയസ്സില്‍ അദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടു. 'ആ പ്രായത്തില്‍ എഴുത്തുകൊണ്ട്, എഴുത്തു സഹിക്കാന്‍ ആവാതെ ഹൃദയം നിന്നു മരിച്ചുപോയ ആ വ്യക്തി സി എന്‍ ശ്രീകണ്ഠന്‍ നായരാണെന്നു ആ മകന്റെ വാക്കുകളില്‍ നിന്നും ഞാന്‍ മനസിലാക്കി.

ഞാനേറെ ബഹുമാനിക്കുന്ന, നമ്മുടെ ഭാഷയുടെ സൗന്ദര്യത്തെയും ശക്തിയെയും പറ്റി എന്നെ ബോധ്യപ്പെടുത്തിയ മലയാളത്തിലെ വലിയ എഴുത്തുകാരില്‍ ആദ്യത്തെ അഞ്ചോ ആറോ പേരില്‍ ഒരാളാണ് സി എന്‍ ശ്രീകണ്ഠന്‍ നായര്‍. അദ്ദേഹത്തെക്കാള്‍ പ്രായം കൊണ്ട് ഞാന്‍ മുതിര്‍ന്നുകഴിഞ്ഞു. 46 വയസില്‍ മരണപ്പെട്ട പത്മരാജനേക്കാള്‍ മുതിര്‍ന്നു. കുമാരനാശാന്‍ മരിച്ച പ്രായത്തിലെത്തിയിരിക്കുന്നു ഇപ്പോള്‍. എങ്കിലും ഇപ്പോഴും എന്നെ പല വേദികളിലും 'യുവ എഴുത്തുകാരന്‍' എന്നാണ് വിശേഷിപ്പിക്കുന്നതെന്നോര്‍ക്കുമ്പോള്‍ എനിക്ക് പേടി തോന്നുന്നു.

കാലം കഴിഞ്ഞിരിക്കുന്നു, അല്ലെങ്കില്‍ നമ്മുടെ പല വലിയ എഴുത്തുകാരും എഴുതി അവസാനിപ്പിച്ച കാലത്തേക്കാളൊക്കെ ഞാന്‍ കുറച്ചുകൂടി വൃഥാ മുന്നോട്ടു പോയിരിക്കുന്നു എന്നെനിക്ക് തോന്നുന്നു. ഈ വൃഥാ എന്ന വാക്ക് ഞാന്‍ മനപ്പൂര്‍വ്വം പറഞ്ഞതാണ്. എന്റെ ഓര്‍മ്മക്കുറിപ്പുകളുടെ ആദ്യ സമാഹാരത്തിന് 'മധ്യേയിങ്ങനെ' എന്നാണ് പേരിട്ടത്. ഓര്‍മ്മകളുടെ രണ്ടാമത്തെ പുസ്തകത്തിന് 'കാണുന്ന നേരത്ത്' എന്നും. ജ്ഞാനപ്പാനയിലെ 'മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ' എന്ന വരികള്‍ പ്രസിദ്ധമാണല്ലോ. എന്നെങ്കിലും എന്റെ ഓര്‍മ്മകളുടെ സമ്പൂര്‍ണ സമാഹാരം ഇറങ്ങുമ്പോള്‍ അതിന് 'വൃഥാ' എന്നാകും ഉചിതമായ പേരെന്ന് ഞാന്‍ സുഹൃത്തുക്കളോട് തമാശ പറയാറുണ്ട്. അതുപോലെ ഞാന്‍ ഭാര്യയോട് പറയാറുണ്ട്, എന്റെ മരണസമയത്ത് ഞാനുച്ചരിക്കുക ഒരു വാചകമായിരിക്കില്ല, ഒരു വാക്കായിരിക്കില്ല, മറിച്ച് അതൊരക്ഷരമായിരിക്കും എന്ന്. 'ഛെ' എന്ന അക്ഷരം. കുറച്ചു കൂടി നന്നായി ജീവിക്കാമായിരുന്നു, കുറച്ചു കൂടി ജീവസ്സുള്ള ഒന്നായി എന്റെ ജീവിതത്തെ സങ്കല്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു എന്നോര്‍ത്തു കൊണ്ട്...

സുഭാഷ് ചന്ദ്രന്റെ 50 ആത്മകഥകള്‍ സാറാ ജോസഫ് കെ.ആര്‍ ടോണിക്കു നല്കി പ്രകാശനം ചെയ്യുന്നു. ജയരാജ് വാര്യര്‍ സമീപം. (ഫോട്ടോ:ഫിലിപ്പ്. ജെ)

മഹിതമായ ഒരു ജീവിതത്തെക്കുറിച്ചുള്ള സങ്കല്പം വളരെ കുട്ടിക്കാലത്തു തന്നെ എന്നിലാവേശിച്ചതുകൊണ്ടാണ് വീട്ടില്‍ ചില്ലിട്ടുവെച്ചിട്ടുള്ള പടങ്ങളില്‍ ഏറ്റവും ഗംഭീരമായ, ഏറ്റവും സുന്ദരനായ സുഭാഷ് ചന്ദ്ര ബോസിന്റെ പേര് വേണമെന്ന് സ്‌ക്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് ഞാന്‍ വാശി പിടിച്ചത്. ഈ പുസ്തകത്തില്‍ ഞാനത് വിശദമായി എഴുതിയിട്ടുണ്ട്. നാലര വയസ്സില്‍ സ്വന്തം തൂലികാനാമം കരഞ്ഞുമേടിച്ച കുട്ടിയായിരുന്നു ഞാന്‍. വളരെ ചെറുപ്പത്തില്‍ ഒരു കമ്പനിയില്‍ ജോലിക്കു കയറുകയും പരിചയക്കുറവുകൊണ്ട് തന്റെ വലത്തേ കൈയിലെ നടുവിരല്‍ വ്യാവസായികയുഗത്തിന്റെ യന്ത്രഭൂതത്തിന് ഗുരുദക്ഷിണയായി കൊടുക്കുകയും ചെയ്ത എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചത് വായിക്കാനാണ്. വായിച്ചാല്‍ വലിയ ആളാവും, നല്ല ജോലി കിട്ടുമെന്നൊക്കെ പറഞ്ഞുതന്നത് എന്റെ അച്ഛനാണ്. കഥകളെഴുതി കുറച്ചൊക്കെ അറിയപ്പെടാന്‍ തുടങ്ങിയപ്പോള്‍ എന്റെ അച്ഛന്റെ മുന്നില്‍ മിടുക്കനായതിന്റെ സന്തോഷമായിരുന്നു എനിക്കു കൂടുതലും. അച്ഛന്റെ മരണാനന്തരം ചിതാഭസ്മം ഞാന്‍ ആയിടെ വാങ്ങിയ കാറില്‍ ആലുവപ്പുഴയില്‍ ചെറിയ ഒരു ചാക്കിലാക്കി കൊണ്ടുപോയതിനെക്കുറിച്ചും ഈ പുസ്തകത്തില്‍ നിങ്ങള്‍ക്ക് വായിക്കാം. ചിതാഭസ്മം തട്ടിക്കളഞ്ഞ് തിരിച്ച് കോഴിക്കോട് വന്നപ്പോള്‍ ആ ഓട്ടച്ചാക്കില്‍ നിന്നു തൂവിയ കുറച്ചുചാരമായി കാറിന്റെ ഡിക്കിയില്‍ അച്ഛനെന്റെ കൂടെയുണ്ടായിരുന്നു.

ഇതൊക്കെ കഥയായി എഴുതിയാല്‍ ആരും വിശ്വസിക്കില്ല. കഥയ്ക്ക്, സാഹിത്യത്തിന് അതിന്റെ അനന്തമായ ശക്തിയും സൗന്ദര്യവും ഉണ്ടായിരിക്കെത്തന്നെ വലിയ പരിമിതികളുമുണ്ട്. കുട്ടിയും കോലും കളിക്കുമ്പോള്‍ കളിക്കിടയില്‍ കണ്ണ് പൊട്ടി വര്‍ഷങ്ങള്‍കൊണ്ട് അക്കണ്ണ് മുഖത്തിരുന്നുതന്നെ ചീഞ്ഞുപോയ ഒരു പെങ്ങളുടെ ജീവിതം കഥയായിട്ട് നിങ്ങള്‍ വായിച്ചാല്‍ അത് വെറും സങ്കല്പമായിട്ടാണ് തോന്നുക. അതു ഞാന്‍ അങ്ങനെയാണ് ഈ പുസ്തകത്തില്‍ കാണും മട്ടില്‍ ഓര്‍മ്മയായിത്തന്നെ പകര്‍ത്തിവച്ചത്. അതു കഥയാക്കിയാലും ഒരു വേള വായനക്കാര്‍ നല്ല കഥ എന്നു പറഞ്ഞേനെ! എന്നാല്‍ ഒരു ഓര്‍മ്മക്കുറിപ്പു പോലെ ആ ജീവിതാനുഭവത്തിന് കഥയുടെ രൂപത്തില്‍ നിങ്ങളില്‍ അത്രമേല്‍ ആഘാതം ഏല്പിക്കാന്‍ സാധിക്കുകയില്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.

പുസ്തകം വാങ്ങാം

ഇപ്പോള്‍ 50 വയസുള്ള ഞാന്‍ എഴുതിയിട്ടുള്ള കഥകളുടെ എണ്ണം 28 ആണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഞാന്‍ ചെറുകഥകള്‍ എഴുതിയിട്ടില്ല എഴുതിയ നോവലുകളുടെ എണ്ണം 2 ആണ്. ഓര്‍മ്മക്കുറിപ്പുകളാണ് എണ്ണത്തില്‍ കൂടുതല്‍. അഞ്ചു പുസ്തകങ്ങള്‍ നിറയെ! അവയില്‍ നിന്ന് 50 വയസിനെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്ത - കഥയായി വായിക്കാവുന്ന- 50 ഓര്‍മക്കുറിപ്പുകള്‍ ചേര്‍ത്തിട്ടാണ് ഇപ്പോള്‍ '50 ആത്മകഥകള്‍' എന്ന ഈ പുസ്തകം ഇറങ്ങുന്നത്.

എന്റെ ആദ്യനോവലിന് 'മനുഷ്യന് ഒരു ആമുഖം' എന്ന് പേരിട്ടപ്പോള്‍ അതിനുവന്ന ആദ്യ വിമര്‍ശനങ്ങളിലൊന്ന് മനുഷ്യന് ഒരു ആമുഖം എന്നൊക്കെ പേരിടാന്‍ തക്ക അഹങ്കാരം ഇയാള്‍ക്കെവിടെ നിന്നുകിട്ടി എന്നതായിരുന്നു. നമ്മുടെ ആത്മവിശ്വാസത്തെ മറ്റുള്ളവര്‍ വിളിക്കുന്ന കളിപ്പേരാണ് അഹങ്കാരം എന്നുള്ളത്. എന്റെ ശ്വാസകോശം വീക് ആണെന്നോ എനിക്ക് ബി പി കൂടുതലാണ് എന്നോ ഒക്കെ പറയുന്നതുപോലെ ഒരു സത്യപ്രസ്താവന മാത്രമാണ് എനിക്കു എഴുത്തുകൊണ്ട് നിങ്ങളെ ആനന്ദിപ്പിക്കാന്‍ കഴിയുമെന്നുള്ളത്. സത്യമാണെന്നു തോന്നുന്നത് വിളിച്ചു പറയാനുള്ള ആര്‍ജ്ജവമാണല്ലോ എഴുത്തിന്റെ മൂലധനം. ആ സത്യം മനുഷ്യനെ കൂടുതല്‍ മനുഷ്യനാക്കിത്തീര്‍ക്കുന്നതും മനുഷ്യനെക്കുറിച്ച് വായിക്കുന്നവര്‍ക്ക് അവനെക്കുറിച്ച് കൂടുതല്‍ അറിവുനല്‍കാന്‍ സഹായിക്കുന്നതും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ സഹായിക്കുന്നതുമായിരിക്കണം എന്ന് മാത്രം. അതുകൊണ്ട് ഞാനെഴുതിയ കഥകളുടെ എണ്ണം 28 ആയിരിക്കുമ്പോഴും നോവലുകള്‍ 2 ആയിരിക്കുമ്പോഴും എന്റെ ആത്മകഥാക്കുറിപ്പുകളെ അതിനുമൊക്കെ മേലെയാണ് ഞാന്‍ കാണുന്നു. അതുകാരണം ഈ അനുഭവങ്ങളെ കഥയാക്കാനല്ല അനുഭവമാക്കിത്തന്നെ എന്റെ സഹജീവികളോട് പറഞ്ഞു കൊടുത്തിട്ട് മരിച്ചുപോവണം എന്ന് എനിക്ക് തോന്നുന്നു. കാര്യങ്ങള്‍ മറന്നുപോവുന്നതിനു മുമ്പേ പച്ചയായിത്തന്നെ എഴുതിവെച്ചത് അതിനാണ്. ഈ പുസ്തകത്തില്‍ ആ പച്ചയാണ് നിറയെ.

മരണശേഷമാണ് തന്റെ എഴുത്തുകള്‍ ശരിക്കും ആസ്വദിക്കപ്പെടാനിരിക്കുന്നതെന്നും മരണശേഷം മതി തന്നെ ആളുകള്‍ ശരിക്കും ആസ്വദിക്കാന്‍ എന്നും ഒരു കലാകാരന്റെ ഉള്ളില്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് അഹങ്കാരിയായി ജീവിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഞാന്‍ കരുതുന്നു.
ഞാനിപ്പോള്‍ അച്ഛന് നന്ദി പറയുന്നു.
അമ്മയ്ക്ക് നന്ദി പറയുന്നു.
ഞാന്‍ കൊതിയോടെ എന്നും സങ്കല്പരതിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എന്റെ മഹതിയായ ഇണയ്ക്ക്, വാഗ്‌ദേവതയ്ക്ക് നന്ദി പറയുന്നു. എന്റെ വാക്കുകളെ സഹാനുഭൂതിയോടെ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്കോരോരുത്തര്‍ക്കും നന്ദി പറയുന്നു.
മരിച്ചതിനു ശേഷവും ഞാന്‍ ജീവിക്കും എന്ന ഉറപ്പാണ് എന്നെയിപ്പോള്‍ ജീവിപ്പിക്കുന്നത്. അതെ, എഴുതിവച്ചതിന്റെ പേരില്‍ നിങ്ങളെന്നെ സ്‌നേഹിക്കുന്നതുകൊണ്ട് മരിച്ചതിനു ശേഷവും ഞാന്‍ ജീവിക്കും!
നന്ദി.


Content Highlights: Subhash Chandran, 50 athmakadhakal, Sarah Joseph, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented