ജയിലഴികളെ വിഡ്ഢികളാക്കി കവിയുടെ വാക്കുകള്‍ പുറത്തേക്കൊഴുകിപ്പടരുന്നു


രാജീവ് മഹാദേവന്‍

1985 ഒക്ടോബര്‍ 18ന് തന്റെ മുപ്പതാം വയസ്സില്‍, പി ഡബ്‌ള്യൂ ബോത്തയുടെ നേതൃത്വത്തിലുള്ള അപ്പാര്‍ത്തീഡ് ഭരണകൂടം കൊലപാതകക്കുറ്റമാരോപിച്ചു തൂക്കിക്കൊന്നു.

ബെഞ്ചമിൻ മൊളോയിസ്, വരവരറാവു

ക്ഷിണാഫ്രിക്കന്‍ കവിയും, ഫാക്ടറിത്തൊഴിലാളിയും, ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അനുഭാവിയുമായിരുന്ന ബെഞ്ചമിന്‍ മൊളോയിസിനെ 1985 ഒക്ടോബര്‍ 18ന് തന്റെ മുപ്പതാം വയസ്സില്‍, പി ഡബ്‌ള്യൂ ബോത്തയുടെ നേതൃത്വത്തിലുള്ള അപ്പാര്‍ത്തീഡ് ഭരണകൂടം കൊലപാതകക്കുറ്റമാരോപിച്ചു തൂക്കിക്കൊന്നു. കൊലക്കയറില്‍ മൊളോയിസ് പിടഞ്ഞവസാനിച്ചപ്പോള്‍, അത്രനാള്‍ ഉള്ളിലൊതുക്കിയ പ്രതിഷേധക്കനലുകള്‍ ആഫ്രിക്കന്‍ ഞരമ്പുകളില്‍ ആളിപ്പടരാന്‍ തുടങ്ങി.

അവിടുന്ന് മൂന്നരപ്പതിറ്റാണ്ടുകള്‍ കറുത്തവനും വെളുത്തവനും, മര്‍ദ്ദിതനും മര്‍ദ്ദകനും, ചൂഷിതനും ചൂഷകനും പരസ്പരം പോരാടി ഇന്നിലെത്തി നില്‍ക്കുന്നു. കാട്ടില്‍ നിന്ന് വേട്ട പഠിച്ചവന്‍, നാട്ടിലിറങ്ങി നിയമങ്ങളുണ്ടാക്കി കാട്ടിലുള്ളവരെ വേട്ടയാടുന്നു. അനീതിയ്ക്കു നേരെ നീളുന്ന ചൂണ്ടു വിരലുകള്‍ ഇരുമ്പഴികളില്‍ ചേര്‍ത്തു ബന്ധിക്കുന്നു. വാക്കുകളെ വരിയുടയ്ക്കുന്നു. ആശയങ്ങളെ കശാപ്പു ചെയ്യുന്നു. പ്രതീകങ്ങളെ പരിഹാസ്യമാക്കുന്നു.
കഴുവേറ്റപ്പെടും മുന്‍പ് ബെഞ്ചമിന്‍ മൊളോയിസ് കുറിച്ച വരികള്‍:

'I am proud to be what I am
The storm of oppression will be followed
By the rain of my blood
I am proud to give my life
My one solitary life.'

തന്റെ നേരെ വെടിയുതിര്‍ക്കാന്‍ തയ്യാറെടുക്കുന്ന യാങ്കികൂലിപ്പടയാളിയെ നോക്കി, 'നിങ്ങള്‍ ഇല്ലാതാക്കുന്നത് ഒരു മനുഷ്യനെ മാത്രമാണ്'
എന്നു സധൈര്യം പ്രഖ്യാപിച്ച ചെ ഗുവേരയുടെ വാക്കുകളെ ഓര്‍മിപ്പിക്കുന്ന അവസാന വരി, 'ഭയമേവ ജയതേ' മന്ത്രമുരുവിടുന്ന നമ്മുടെ രാജ്യത്തെ ആത്മാഭിമാനമുള്ള ജനത്തെ സ്വാതന്ത്ര്യത്തിന്റെ നിര്‍ഭയത്വത്തിലേക്കുയര്‍ത്താന്‍ കെല്‍പ്പുള്ളതാണ്. ബെഞ്ചമിന്‍ മൊളോയിസിന്റെ തൂക്കിക്കൊലയ്ക് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം, ഭൂഖണ്ഡങ്ങള്‍ക്കിപ്പുറത്ത് തെലുങ്കുദേശത്ത് തന്റെ ജനുസില്‍പ്പെട്ട പോരാളിയ്ക്കായ് ഒരു ശബ്ദമുയര്‍ന്നു. അത് കവിതയുടെ രൂപമെടുത്ത് മൊളോയിസിന്റെ പോരാട്ടങ്ങളുമായ് കൈകോര്‍ത്തു. 1985 ഒക്ടോബര്‍ 23 ന് വരവരറാവു വിളിച്ച മുദ്രാവാക്യങ്ങള്‍ നീതിബോധത്തിന്റെ, മനുഷ്യസ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ ഭാഷയില്‍ ഇങ്ങനെ വായിക്കാം.

കവി
വിധികള്‍ പിശകിയപ്പോള്‍,
കെട്ട കാലത്തിന്റെ മേദസ്സിനാല്‍
നേരിന്റെ കൊക്കു പിടഞ്ഞപ്പോള്‍
ചോരപൊടിഞ്ഞില്ല, കണ്ണു നിറഞ്ഞില്ല.
മിന്നല്‍പ്രവാഹങ്ങളിടിമുഴക്കമായ് ചൂഴ്ന്നിറങ്ങി,
തുള്ളികള്‍ തിടം വച്ച് പ്രളയമായ്‌പ്പെരുകി,
മഴയലച്ചിരമ്പിയാര്‍ത്തെത്തി
പെറ്റമണ്ണിന്റെ തോരാ ദുഃഖം
എന്നേക്കുമായ് സ്വാംശീകരിക്കുന്നു.
ജയിലഴികളെ വിഡ്ഢികളാക്കി കവിയുടെ
വാക്കുകള്‍ പുറത്തേയ്‌ക്കൊഴുകിപ്പടരുന്നു.
കവി സ്വതന്ത്രമാക്കുന്ന വാക്കുകള്‍
അസ്ത്രങ്ങളേക്കാള്‍ മൂര്‍ച്ചയോടെ
ശത്രുവിനെ ഉന്നം വയ്ക്കുന്നു.
അവരവനെ ഭയപ്പെടാന്‍ തുടങ്ങുന്നു.
അവനെയവര്‍ വിലങ്ങു വയ്ക്കുന്നു.
അവന്റെ വാക്കുകളെ
ശ്വാസം മുട്ടിച്ചില്ലാതാക്കാന്‍
കുരുക്കുകളൊരുക്കുന്നു.
പക്ഷെ അവര്‍ക്കറിയില്ലല്ലോ;
അവന്റെ വാക്കുകള്‍ ജനതയുടെ
ജീവശ്വാസമായ് മാറിക്കഴിഞ്ഞുവെന്ന്.
അധീശത്വ ആരാച്ചാര്‍മാര്‍
മരണങ്ങള്‍ കൊണ്ടമ്മാനമാടിയ
കഴുമരക്കാലുകള്‍
ചെരിഞ്ഞു മണ്ണടിയുമെന്ന്.

കൊല ചെയ്യപ്പെടുന്ന വാക്കുകള്‍ക്ക് ജീവനുള്ളവയെക്കാള്‍ അമരത്വമുണ്ടെന്ന് ഭരണകൂടങ്ങളുടെ താല്‍ക്കാലിക നടത്തിപ്പുകാര്‍ക്കറിയില്ല. രാജാവിന്റെയും കൊട്ടാരം കവികളുടേയും സ്തുതിവചനങ്ങള്‍ കാലത്തിന്റെ വാക്കുകളായി നവഭാരതചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിക്കാന്‍ മത്സരിക്കുമ്പോള്‍, ഓരോ തുള്ളി അടിച്ചമര്‍ത്തലില്‍ നിന്നും ഒരായിരം വാക്ശരങ്ങള്‍ മര്‍ദ്ദക വര്‍ഗ്ഗങ്ങളെ കുഴിവെട്ടി മൂടാന്‍ തയ്യാറെടുക്കുന്നുണ്ട്.

(1987 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വരവരറാവുവിന്റെ ഭാവിഷ്യതു ചിത്രപടം (Bhavishyatthu Chtirapatam (Picture of the Future) എന്ന സമാഹാരത്തിലാണ് 'കവി' എന്ന കവിത ഉള്‍പ്പെടുത്തിയിരുന്നത്. പ്രസിദ്ധീകരിച്ച് മൂന്നാഴ്ചയ്ക്കകം ഈ പുസ്തകം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. പിന്നീട് 1990 ലാണ് നിരോധനം പിന്‍വലിച്ചത്)

Content Highlights: south african poet benjamin moloise varavara rao poem

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented