'ഞാന്‍ പണ്ട് എത്രത്തോളം ആസക്തിയുള്ളവനായിരുന്നെന്ന് എനിക്കറിയാം': ഗാന്ധിജി മകനയച്ച കത്തുകള്‍


ഈ ചിന്ത വന്നതുമുതല്‍ ഹരിലാലിന്റെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ മുതിരാറില്ല. ഞാന്‍ എന്നോടുതന്നെ കോപാകുലനാകേണ്ടി വരുന്നതില്‍ എന്തുകാര്യം? കൂടുതലൊന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല.

ഗാന്ധിജി, മകൻ ദേവദാസ്‌

മഹാത്മാഗാന്ധി ഇളയമകന്‍ ദേവദാസ് ഗാന്ധിക്ക് അയച്ച കത്തുകളില്‍ ചിലതാണിവ. ഇതില്‍ ഒരച്ഛന് മകനോടുള്ള കരുതലുണ്ട്, തന്റെ ചെയ്തികളെക്കുറിച്ചുള്ള വിശദീകരണങ്ങളുണ്ട്, കോണ്‍ഗ്രസ് രാഷ്ട്രീയമുണ്ട്, കസ്തൂര്‍ബായെക്കുറിച്ചുള്ള ആധികളുണ്ട്, ശരീരത്തെയും ആത്മാവിനെയും മരണത്തെയും കുറിച്ചുള്ള തത്ത്വചിന്തയുണ്ട്; എല്ലാറ്റിലുമുപരി, മദ്യത്തിലേക്കും അലച്ചിലിലേക്കും ജീവിതനിഷേധത്തിലേക്കും വഴിമാറിപ്പോയ മൂത്തമകന്‍ ഹരിലാല്‍ ഗാന്ധിയുടെ അവസ്ഥയിലുള്ള വേദനയും ആത്മരോഷവുമുണ്ട്/

17 ഓഗസ്റ്റ് 1934
ചി. ദേവദാസ്,ന്റെ കൈയക്ഷരം എന്റെ നില മെച്ചപ്പെട്ടതിന്റെ സൂചനയാണ്. ഞാന്‍ രാവിലെ രണ്ടാംമയക്കത്തില്‍നിന്ന് എഴുന്നേറ്റതേയുള്ളൂ. ഇപ്പോള്‍ സമയം എട്ടുമണിയായി. ഉപവാസം അവസാനിപ്പിച്ചിട്ട് ഇന്ന് നാലാമത്തെ ദിവസമാണ്. എല്ലാം നന്നായി പോകുന്നു. എനിക്ക് പാലുകുടിക്കാം, പഴങ്ങളും പച്ചക്കറികളും കഴിക്കാം. എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാമെന്നാണ് കരുതുന്നത്. അതുകൊണ്ട് ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. ഞാന്‍ രാംദാസിന് എഴുതിയതേയുള്ളൂ. ഇപ്പോള്‍ നിനക്കായ് കൈകള്‍ ചലിക്കുന്നു.

ലക്ഷ്മി ഇപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. പക്ഷേ, എന്തിനാണ് ദൈവത്തെ വിശ്വസിക്കുന്ന ഒരാള്‍ താന്‍ തനിച്ചാണെന്ന് ചിന്തിക്കുന്നത്? നിനക്ക് ഭക്ഷണം പാകംചെയ്യുകയും കുട്ടികളെ നോക്കുകയും ചെയ്യുന്നതിനിടയ്ക്ക് എങ്ങനെയാണ് മറ്റെന്തെങ്കിലും തൊഴില്‍ അവള്‍ക്ക് ചെയ്യാനാവുക? റൊട്ടിയും സാലഡും പാലുംമാത്രം കഴിച്ച് ശീലിച്ചാല്‍ പിന്നെ അവിടെയെത്ര പാചകം ചെയ്യേണ്ടിവരും? ദൈവം നമുക്ക് പോഷകസമ്പന്നമായ പാല്‍ ലഭ്യമാക്കിയിട്ടുണ്ട്. നമ്മള്‍ മറ്റുഭാരങ്ങളെ ക്ഷണിച്ചുവരുത്തുന്നു. സ്വയം വരുത്തിവെച്ച ഭാരങ്ങള്‍ക്കിടയിലേക്ക് എപ്പോഴെങ്കിലും ദൈവം വന്നിട്ടുണ്ടോ? സമയമുള്ളപ്പോള്‍ ലക്ഷ്മി രണ്ടുവരി എഴുതട്ടെ. നിങ്ങള്‍ രണ്ടുപേരും സുഖമായിരിക്കണം. ഇവിടെയാകെ നനഞ്ഞ അന്തരീക്ഷമാണ്. മഴ നില്‍ക്കുന്നില്ല. പാടത്ത് വിളകളെല്ലാം ചീഞ്ഞുപോകുന്നു. എനിക്കുചുറ്റം പാടങ്ങളാണ്. അതിന്റെ അവസ്ഥ കര്‍ഷകരെ കണ്ണീരണിയിക്കുന്നു.

ഞാന്‍ കോണ്‍ഗ്രസ് വിടാന്‍ പാടില്ലെന്നാണ് നീ കരുതുന്നത്. രാജാജിയും അങ്ങനെ വിശ്വസിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രതിജ്ഞ നിങ്ങള്‍ രണ്ടുപേരും മറന്നേക്കൂ. ഞാനാണത് ചൊല്ലിക്കൊടുത്തത്. എന്റെ കണ്ണുകൊണ്ടുതന്നെ ആ പ്രതിജ്ഞ ലംഘിക്കപ്പെടുന്നത് കാണേണ്ടിവന്നാല്‍ ഞാന്‍ കോണ്‍ഗ്രസിന്റെ ഒറ്റുകാരനാകും. കോണ്‍ഗ്രസ് തകരുകയും ഞാനില്ലാതെത്തന്നെ പുനഃസംഘടിക്കപ്പെടുകയും ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതല്ല, എന്റെ ഒറ്റമൂലിപ്രയോഗം ഫലിച്ചില്ലെങ്കില്‍ അത് മറ്റൊരു വിഷമമാകും. ഇപ്പോഴത്തേക്കെങ്കിലും അതിനോട് യോജിക്കാത്ത ഒരേയൊരാള്‍ രാജാജിയാണ്. അദ്ദേഹം പറയുന്നത് എന്റെ ആരോപണങ്ങള്‍ ചില ജില്ലകളുടെയോ പ്രവിശ്യകളുടെയോമാത്രം കാര്യമാണെന്നാണ്. തെളിവുകള്‍ ശരിയായി പരിശോധിക്കാത്തതുകൊണ്ടുള്ള നിഗമനമാണത്. രാജി അകലെയായിരിക്കാം. പക്ഷേ, അതേക്കുറിച്ചുള്ള ചിന്തകള്‍ എന്നെ പിടികൂടിയിരിക്കുന്നു. അന്തിമമായി ദൈവം നിനയ്ക്കുന്നത് നടക്കും. എനിക്കോ നിനക്കോ അതിന്‍മേല്‍ ഒരു സ്വാധീനവും ചെലുത്താനാകില്ല.

ജംനാലാല്‍ജിയുടെ ചെവിയുടെ ശസ്ത്രക്രിയ വിജയകരമായി നടന്നു. അതിപ്പോള്‍ പഴയ വാര്‍ത്തയാണ്. പുതിയ വിവരങ്ങള്‍ ഇന്ന് ലഭിക്കും. ഒട്ടും നേരത്തേയല്ല ശസ്ത്രക്രിയചെയ്തത്. മറ്റുപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ അയാള്‍ക്ക് സൗഖ്യമുണ്ടാകും. ഇവിടെ ഒരു നല്ല സംഘം ഒത്തുചേര്‍ന്നിട്ടുണ്ട്. ഇന്നലെ നരഹരി, മഗന്‍ഭായ് ദേശായ്, കിഷോരിലാല്‍, ഗോമതി എന്നിവര്‍ വന്നു. കാകാ സാഹെബും ഇവിടെയുണ്ടായിരുന്നു. അയാള്‍ കുറച്ചുകാലംകൂടിയുണ്ടാകും. ബാല്‍ പഠനത്തിനായി പോയി. അവന്‍ ഏതെങ്കിലും ഹൈസ്‌കൂളില്‍ പോകും. മാധവന്റെ കാര്യത്തില്‍ അടുപ്പത്തിന്റെ കണ്ണി എന്നെ വിട്ടുപോയതെന്തേ? അടുപ്പങ്ങളില്‍ മതിമറക്കുന്ന ഒരാള്‍ക്ക് അടുപ്പംതന്നെ ഭ്രമമായിത്തീരും. അയാള്‍ക്ക് അതുമാത്രമായിരിക്കും ശരി. നീ തീരുമാനിച്ചതുപോലെ എല്ലാ ആഴ്ചയും തീര്‍ഥാടനത്തിന് പോകാറുണ്ടോ? ഇതുവരെ ആരംഭിച്ചില്ലെങ്കില്‍ സമയംകിട്ടുന്ന മുറയ്ക്ക് തുടങ്ങുക. അത് ബായ്ക്കും എനിക്കും സന്തോഷം നല്‍കും. ഞാന്‍ ഈ കിടക്കയിലേക്ക് ഒതുങ്ങിയിരിക്കുന്നു. എന്നിട്ടാണ് ഈ കത്ത് എഴുതുന്നത്. മറ്റെല്ലാ കത്തുകളെക്കാളും ഇതിനെ വിലമതിക്കണം.

ആശീര്‍വാദങ്ങളോടെ,
ബാപ്പു

......................................

3 ഒക്ടോബര്‍ 1936, സെഗാവ്, വാര്‍ധ
ചി. ദേവദാസ്,

ബായുടെ* കത്തില്‍ നിന്റെതന്നെ വിഷമങ്ങളാണ് എനിക്ക് കാണാന്‍ സാധിച്ചത്. ബായുടെ വേദന എനിക്കറിയാം. പക്ഷേ, ഒഴിവാക്കാന്‍ കഴിയാത്ത ഒന്നിനെക്കുറിച്ച് ഒരാള്‍ ചിന്തിക്കുകപോലും അരുത്. ഹരിലാലിന്റെ പതനത്തില്‍ ഞാനോ ഞങ്ങളോ രക്ഷിതാക്കള്‍ എന്ന നിലയ്ക്ക് അറിഞ്ഞോ അറിയാതെയോ എന്തുപങ്കാണ് വഹിച്ചതെന്ന് ആര്‍ക്ക് പറയാന്‍ സാധിക്കും? തുഖം-ഇ- തസീര്‍** എന്ന ചൊല്ലില്‍ ശാസ്ത്രത്തിന്റെ പൊരുളുണ്ട്. ഗുജറാത്തിയിലും സമാനമായൊരു പഴഞ്ചൊല്ലുണ്ട്: മരം എങ്ങനെയാണോ, അങ്ങനെയാകും ഫലം; അച്ഛന്‍ എങ്ങനെയാണോ അങ്ങനെയാകും മകന്‍. ഈ ചിന്ത വന്നതുമുതല്‍ ഹരിലാലിന്റെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ മുതിരാറില്ല. ഞാന്‍ എന്നോടുതന്നെ കോപാകുലനാകേണ്ടി വരുന്നതില്‍ എന്തുകാര്യം? ഞാന്‍ പണ്ട് എത്രത്തോളം ആസക്തിയുള്ളവനായിരുന്നെന്ന് എനിക്കറിയാം. കൂടുതലൊന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. ദൈവത്തിന്റെ ഇച്ഛ ആഴത്തിലറിയാന്‍ ആരെക്കൊണ്ടാകും? ഉദാഹരണങ്ങളില്‍നിന്ന് പൊതുതത്ത്വമുണ്ടാക്കാനേ നമുക്ക് സാധിക്കൂ; അത് എന്തിനെക്കുറിച്ചാണെങ്കിലും. ബായുടെ കത്തിനുകിട്ടുന്ന മറുപടി പരസ്യമായോ സ്വകാര്യമായോ എന്നെ അറിയിക്കൂ. നിനക്ക് എങ്ങനെയുണ്ട്? നീ മെച്ചപ്പെടുന്നില്ലേ? ലക്ഷ്മിക്ക്*** സുഖമല്ലേ? ബാ സന്തോഷവതിയാണോ? അതോ അവള്‍ ദുഃഖിച്ചിരിക്കുകയാണോ? മനുദിക്ക് എങ്ങനെയുണ്ട്? കാന്തി പഠനത്തില്‍ മുഴുകിയിരിക്കുകയാണ്.

ആശീര്‍വാദങ്ങളോടെ
ബാപ്പു

* ഹരിലാല്‍ ഗാന്ധിക്ക് കസ്തൂര്‍ബാ എഴുതിയ തുറന്ന കത്ത്
** ഫലത്തിന്റെ ഗുണം വിത്തിലാണുള്ളതെന്ന് അര്‍ഥം വരുന്ന പേര്‍ഷ്യന്‍ പഴഞ്ചൊല്ല്
*** ദേവദാസ് ഗാന്ധിയുടെ ഭാര്യ. രാജഗോപാലാചാരിയുടെ മകള്‍
......................

17 ഓഗസ്റ്റ് 1918
ചി. ദേവദാസ്

ഹിന്ദിക്ലാസിനെക്കുറിച്ചുള്ള നിന്റെ രണ്ടുമാസത്തെ വിശകലനം വായിച്ചു. അതില്‍ ഞാന്‍ സംതൃപ്തനാണ്. ഇതിനുവേണ്ടിയാണ് ജനിച്ചതെന്നപോലെ നീ ജോലി ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അതിന് സര്‍വഥാ യോഗ്യനാണെന്നും നിനക്കുപകരം മറ്റൊരാളെ കണ്ടെത്തുക എളുപ്പമല്ലെന്നും തെളിയിച്ചു. മറ്റൊരാള്‍ക്ക് ഇതിനെക്കാള്‍ നന്നായി ചെയ്യാന്‍പറ്റുമെന്ന് എനിക്കും തോന്നുന്നില്ല. തീരുമാനത്തില്‍ അചഞ്ചലമായി തുടരാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

ആരോഗ്യം ശ്രദ്ധിക്കണം. മദ്രാസ് പ്രസിഡന്‍സിയില്‍ ഹിന്ദിയുടെ ഐക്യതാളം പ്രതിധ്വനിക്കുകയും തെക്കിനും വടക്കിനും ഇടയില്‍ ഇപ്പോഴുള്ള വിടവ് അപ്രത്യക്ഷമാവുകയും രണ്ടുദിക്കിലുമുള്ള ജനങ്ങള്‍ ഒന്നിക്കുകയും ചെയ്യുംവരെ നിനക്ക് ആയുസ്സുണ്ടാകട്ടെ. ഈയൊരു നേട്ടം സാധ്യമാക്കുന്നതാരായാലും അവര്‍ അനശ്വരരാകും. നിനക്ക് ആ നിലയിലേക്ക് ഉയരാന്‍ കഴിയട്ടെ. നിനക്ക് അതിനുള്ള ശേഷിയുണ്ട്. അതൊരിക്കലും ഒരു കാരണത്താലും കൈമോശംവരാതെ ശ്രദ്ധിക്കുക. ദിനംപ്രതി ഹിന്ദിയിലുള്ള ജ്ഞാനം വളര്‍ത്തുകയും വ്യക്തിത്വത്തിലെ ധാര്‍മികത ശക്തിപ്പെടുത്തുകയും വേണം. സത്യസന്ധനും നിര്‍മലനും അപരിഗ്രഹനിയമം പാലിക്കുന്നവനും സഹാനുഭൂതിയാലും ധീരതയാലും സമ്പന്നനുമായ ഒരാള്‍ക്ക് തന്റെ ശക്തി ഈ ലോകത്തെ അറിയിക്കാനാകും. അതിലൂടെ ജനങ്ങളെ ആകര്‍ഷിക്കാം. പിന്നെ ഹിന്ദി അധ്യാപനം കൂടുതല്‍ എളുപ്പമായി നിനക്ക് അനുഭവപ്പെടും.

ഇതെല്ലാമറിഞ്ഞുകൊണ്ട് നിന്നെ യുദ്ധത്തിനയയ്ക്കുന്നതിനെക്കുറിച്ച് എങ്ങനെയാണ് എനിക്ക് ചിന്തിക്കാനാവുക? ജോലിചെയ്യുന്നത് അവിടെയാണെങ്കിലും നീ യുദ്ധത്തിലെന്നപോലെ മിടുക്കുകാണിക്കുന്നു. ക്ഷമ കൈവിടരുത്. നിനക്ക് യുദ്ധത്തിനുപോകാന്‍ സാധിക്കില്ലെന്നത് ഒട്ടുംതന്നെ പ്രസക്തമല്ല. മറ്റ് സഹോദരങ്ങളോടും അങ്ങനെ ചെയ്യാന്‍ എനിക്ക് എങ്ങനെ ആവശ്യപ്പെടാനാകും? ഹരിലാല്‍ ഇപ്പോള്‍ ഒരു സഹോദരനല്ല. മണിലാലിന് വരാന്‍ സാധിക്കുകയുമില്ല. രാംദാസിനോട് കഴിയുമെങ്കില്‍ വരാന്‍ ഞാന്‍ എഴുതിയിട്ടുണ്ട്.

പ്രഭാതപ്രാര്‍ഥനയും സന്ധ്യാവന്ദനവും നിന്നുപോയെങ്കില്‍ പുനരാരംഭിക്കണം. അത് നിനക്ക്് വലിയ ആശ്വാസംനല്‍കുമെന്ന് ഉറപ്പാണ്. വിദൂരമായ ഭൂതകാലത്തില്‍നിന്ന് പകര്‍ന്നുകിട്ടുന്ന ഏതെങ്കിലുമൊരു ആചാരം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വേണ്ടെന്നുവെക്കുന്നതിലൂടെ വ്യക്തിയായാലും രാഷ്ട്രമായാലും നഷ്ടപ്പെടുത്തുന്നത് അത്യന്തം മൂല്യമുള്ളതെന്തോ ആണ്. ഈ ആധുനികകാലത്ത് നമുക്കെല്ലാവര്‍ക്കും മുകളില്‍ സമുദ്രത്തിലെ ഭീമന്‍ തിരമാലകള്‍ ഉയരുകയാണ്. അതില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് രാവിലെയും സന്ധ്യക്കുമുള്ള പ്രാര്‍ഥന. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട് ബുദ്ധിപരമായി നാം അതിനെ ഉപയോഗപ്പെടുത്തണം.

ആശീര്‍വാദങ്ങളോടെ
ബാപ്പു

.........................................
11 ഫെബ്രുവരി 1937
സെഗാവ്
തിരുത്താത്തത്
ചി. ദേവദാസ്,

തപ്രചാരകനായ ഹീരാലാല്‍ വേദിക് എന്ന ഹരിലാല്‍ ഗാന്ധി അയച്ച രണ്ടുകത്തുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. അവയെന്നെ കരയണമെന്ന് തോന്നിപ്പിച്ചു. പക്ഷേ, കരയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ കാരണംകൊണ്ട് ഞാന്‍ ചിരിക്കുന്നു. അവ നിനക്ക് അയയ്ക്കുന്നതിലൂടെ ഞാന്‍ നിന്റെ സമയം ആവശ്യപ്പെടുകയാണ്. അതിനൊരു കാരണമുണ്ട്. പോയി ഏതെങ്കിലുമൊരു ആര്യസമാജിയെ കാണുക. ഹരിലാലിനെ മതപ്രചാരകനാക്കിയതുവഴി നിങ്ങളവനുവേണ്ടി ചെയ്തത് അത്ര നല്ലകാര്യമൊന്നുമല്ലെന്ന് പറഞ്ഞ് മനസ്സിലാക്കുക. അവര്‍ വേദമതത്തിന് അപമാനമുണ്ടാക്കും. ഹരിലാല്‍ ഇസ്ലാമിന് ആവശ്യത്തിന് അപകീര്‍ത്തിയുണ്ടാക്കി. കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് അവന്റെ പേരുപറയാന്‍പോലും നാണക്കേടാണ്. ഹരിലാലിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആര്യസമാജം എന്തുനേടാനാണ്? ഇക്കാര്യങ്ങള്‍ എന്റെ പേരില്‍ നിനക്ക് വിശദീകരിക്കാം.

ആരാണ് ആര്യസമാജത്തിന്റെ യഥാര്‍ഥ പ്രതിനിധികള്‍? അന്വേഷിച്ചറിഞ്ഞ് ആ പേരുകള്‍ എനിക്ക് അയച്ചുതരിക. നീ ആവശ്യപ്പെട്ടാല്‍ അവര്‍ക്കെഴുതാന്‍ ഞാന്‍ തയ്യാറാണ്.

കര്‍മയോഗിയില്‍ എന്നെക്കുറിച്ച് ചില ജ്യോതിഷപ്രവചനങ്ങളുണ്ട്. നീയതില്‍ ഭയന്നിരിക്കയാണെന്ന് മഹാദേവുമായുള്ള സംഭാഷണത്തില്‍നിന്ന് ഞാന്‍ ഊഹിച്ചു. നമ്മള്‍ സംസാരിച്ച പലകാര്യങ്ങളുംപോലെ ഇതും ഒരു സംഭാഷണത്തിനുള്ള വിഷയമാണ്. കര്‍മയോഗിയും ഹരിലാലും തമ്മില്‍ വലിയ വ്യത്യാസമില്ല. ഒരുപാട് ആളുകള്‍ എന്റെ ഭാവി പ്രവചിക്കുന്നുണ്ട്. അതില്‍ ഏതെങ്കിലുമൊന്ന് ശരിയായി ഭവിക്കും. പക്ഷേ, അതുകൊണ്ട് അയാള്‍ ജ്യോതിഷിയാകുന്നില്ല. ഒരുദിവസം, പ്രായമായവരും ചെറുപ്പക്കാരും എല്ലാവരും മരിക്കേണ്ടവരാണ്. പിന്നെന്തിനാണ് ആരുടെയെങ്കിലും പ്രവചനംകേട്ട് ഭയക്കുന്നത്? ഒരു ദിവസം, ചിലപ്പോള്‍ അതിരാവിലെ അല്ലെങ്കില്‍ രാത്രി ഏറെ വൈകി നിന്നെത്തേടി ആ കമ്പിയെത്തും. അതിനെ എന്തിന് പേടിക്കണം? സമയമാകുമ്പോള്‍ അതുവരട്ടെ.

നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് പ്രായമാകുന്നില്ലെന്നും നമ്മള്‍ അനശ്വരരാണെന്നും വിശ്വസിക്കുക. തെറ്റുചെയ്യരുത്. തെറ്റുകളുടെ പിടിയിലാകുമ്പോഴാണ് യമന്‍ വന്ന് നമ്മെ കൂട്ടിക്കൊണ്ടുപോവുക. ഞാന്‍ പെട്ടെന്ന് എന്തെങ്കിലും തെറ്റുചെയ്യുമെന്ന് നീ തീര്‍ച്ചയായും ഭയക്കേണ്ട. ആ സ്ഥിതിക്ക് ഈ ശരീരം ക്ഷയിച്ചാലെന്ത്, നിലനിന്നാലെന്ത്? പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാതിരിക്കുന്നതുമൊക്കെ ആത്മാവാണ്. അത് ശരിക്കും പ്രായത്തിനും മരണത്തിനും അതീതമാണ്. ശരീരത്തെക്കൊണ്ട് അത് നിലനില്‍ക്കുന്ന കാലംമാത്രമേ ജോലിചെയ്യിക്കാനാവൂ. അതൊരിക്കല്‍ പോയാല്‍ കര്‍മങ്ങളെല്ലാം ഇല്ലാതാകുമോ? അതുകൊണ്ട് കര്‍മയോഗിയുടെ പ്രവചനം മറന്നേക്കുക.

ആശീര്‍വാദങ്ങളോടെ,
ബാപ്പു

..................

3 ഏപ്രില്‍ 1929
സത്യാഗ്രഹാശ്രം, സബര്‍മതി
ചി. ദേവദാസ്,

ഛഗന്‍ലാല്‍ ഗാന്ധി കൊടുംകള്ളനായി മാറിയിരിക്കുന്നു. വര്‍ഷങ്ങളായി ചെറിയ തുകകള്‍ മോഷ്ടിക്കാറുണ്ട്; പിന്നെ ബില്ലുകളില്‍ തിരിമറിനടത്താന്‍ തുടങ്ങി. പല കുറ്റങ്ങളും അയാള്‍ സമ്മതിച്ചു. എന്നിട്ടിപ്പോള്‍ സ്വമേധയാ രാജ്കോട്ടിലേക്ക് തിരിച്ചിരിക്കയാണ്.

മോട്ടിബായ്*, രാജിബെന്‍**, വാലിബെന്‍*** എന്നിവര്‍ വ്യഭിചാരത്തിലേര്‍പ്പെട്ടെന്ന് സംശയാതീതമായി തെളിഞ്ഞു. മൂന്നുപേരും ഇപ്പോള്‍ ഇവിടെയില്ല, പക്ഷേ, അവര്‍ചെയ്ത കുറ്റങ്ങള്‍ വെളിച്ചത്തുവന്നിരിക്കുന്നു.
ഇനിയും കൂടുതല്‍ ദുഷിപ്പുകള്‍ പുറത്തുവന്നേക്കാം, എന്തൊക്കെയാകുമോ എന്തോ!

ദൈവം കരുതുംപോലെയാണ് നമ്മള്‍ ജീവിക്കുന്നത്. ഹരിലാല്‍ നിനക്കൊപ്പം താമസിച്ചപ്പോള്‍ സ്വന്തം ചെലവുകള്‍ വഹിച്ചോ? അവനതുചെയ്തില്ലെങ്കില്‍ ആ പണം ചോദിക്കേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്. അഞ്ചിന് ഞാന്‍ ബോംബെ വിടും. ഇപ്പോള്‍ എന്റെ വിലാസം ബെസ്വാഡയാണ്. ബായും എനിക്കൊപ്പം വരും. ഇനിയും എന്തെങ്കിലും മറച്ചുവെക്കുകയോ മറച്ചുവെച്ചതെങ്കിലും വെളിച്ചത്തുവരുകയോ ചെയ്താല്‍ പിന്നെ എന്റെ അടുത്തുവരില്ലെന്നാണ് ബായുടെ വാക്ക്.

ആശീര്‍വാദങ്ങളോടെ,
ബാപ്പു

* അനാഥാലയത്തില്‍ വളരുകയും പിന്നീട് ആശ്രമത്തിലെത്തിപ്പെടുകയുംചെയ്ത അവിവാഹിതനായ ചെറുപ്പക്കാരന്‍
** വിഭാര്യനായ ഒരു ആശ്രമവാസി
*** വിഭാര്യനായ മറ്റൊരു ആശ്രമവാസി
...................................
ചി. ദേവദാസ്,

നിന്റെ കത്തുകിട്ടി. ഈ ഉപവാസത്തില്‍*നിന്ന് സുരക്ഷിതനായി ഞാന്‍ തിരിച്ചുവരും. ഇതും കടന്നുപോകാന്‍തന്നെയാണ് ഏറിയ സാധ്യത. ഭ്രമണം ഇനിയും തുടരാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് സാധ്യമാകാന്‍ നമുക്ക് സ്വയം പരിപോഷിപ്പിക്കേണ്ടതുണ്ട്. ഈ 21 ദിവസങ്ങളിലേക്ക് അനന്തത ചുരുണ്ടുകൂടും. ഞാന്‍ എന്താണ് എഴുതേണ്ടത്? എനിക്കിപ്പോള്‍ ചിന്തിക്കാനാവുന്നത് നിന്റെ ഹൃദയവേദനയെക്കുറിച്ചുമാത്രമാണ്. ഒടുവില്‍ നീ ശാന്തത കണ്ടെത്തിയപ്പോഴായിരിക്കും എന്റെ ഈ ഉപവാസം സമാധാനക്കേടായി ഭവിച്ചത്. പക്ഷേ, നീ സമചിത്തത പാലിക്കില്ലേ? ഒന്നും സംഭവിക്കാത്തപോലെ നിനക്ക് ജോലിയില്‍ മുഴുകി കഴിയാന്‍ സാധിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ! നിനക്ക് എന്നെ കാണണമെന്നുണ്ടെങ്കില്‍ അത് മൂന്നാമത്തെ ആഴ്ചയാകാം. ബായെ സാന്ത്വനിപ്പിക്കുക. അവള്‍ ഒട്ടുംതന്നെ വിഷമിക്കാതെ കുട്ടികളെ നോക്കട്ടെ.

ആശീര്‍വാദങ്ങളോടെ
ബാപ്പു, ഭദര്‍വ വാഡ് 4**

* പ്രായശ്ചിത്തവും പ്രാര്‍ഥനയും എന്ന നിലയ്ക്ക് 21 ദിവസം ഉപവാസമനുഷ്ഠിക്കാന്‍ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ആലോചിക്കാതെ ഗാന്ധിജി തീരുമാനിച്ചു
**പോസ്റ്റ്മാര്‍ക്ക് 18 സെപ്റ്റംബര്‍ 1924 ഡല്‍ഹി; 20 സെപ്റ്റംബര്‍ 1924 സാബര്‍മതി

Content Highlights: Gandhiji, Devdas, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented