എസ്.കെ. പൊറ്റെക്കാട്ട്
എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ ഒരു കത്തിനെയും കഥയെയും അടിസ്ഥാനമാക്കിയുള്ള ഒരു കുറിപ്പാണിത്. വേട്ടയെയും നായാട്ടിനെയുംപറ്റി എഴുതിയിട്ടുണ്ടെങ്കിലും എസ്.കെ.യില്‍ അഗാധമായ പരിസ്ഥിതിസ്നേഹമുള്ളതും പ്രവാചകഭാവമുള്ളതുമായ ഒരു എഴുത്തുകാരനുമുണ്ടായിരുന്നു എന്ന് ഈ കുറിപ്പ് തെളിയിക്കുന്നു. ഓഗസ്റ്റ് ആറിന് എസ്.കെ. വിടപറഞ്ഞിട്ട് 40 വര്‍ഷമാവുന്നു
44 വര്‍ഷംമുമ്പ് എസ്.കെ. പൊറ്റെക്കാട്ടെഴുതിയ ഒരു കത്ത് സമീപകാലത്തിറങ്ങിയ എ.കെ. ചാത്തുക്കുട്ടി നമ്പ്യാരുടെ (അപ്പനു നമ്പ്യാര്‍) നായാട്ട് അനുഭവകഥകളില്‍ (പ്രസാധനം: മലബാര്‍ ഓപ്പണ്‍ ആര്‍ക്കൈവ്സ്) ചേര്‍ത്തത് വായിക്കാനിടയായി. നമ്പ്യാരുടെ മകന് എസ്.കെ. എഴുതിയ ആ കത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു:
കോഴിക്കോട്
11.7.78
പ്രിയപ്പെട്ട ശ്രീ വിപിന ചന്ദ്രന്,
9ാന് യിലെ കത്ത് കിട്ടി: വളരെ നന്ദി.
കത്തുകിട്ടിയപ്പോള്‍ ഇരിട്ടിയും രാന്തോടും അപ്പനു നമ്പ്യാരും ആ കളപ്പുരയും മറ്റും എന്റെ ഓര്മയിലുണര്ന്നു. എന്റെ 'വിഷകന്യക'യുടെ ഈറ്റില്ലമായിരുന്നു ആ കളപ്പുര.
അപ്പനു നമ്പ്യാരുടെ കൂടെ ഞാന്‍ രണ്ടുതവണ നായാട്ടിനു പോയിട്ടുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം കുറെ നായാട്ട് കഥകള്‍ എഴുതിയിട്ടുണ്ടെന്ന് അടുത്തകാലത്താണ് അറിയാനിടയായത്. കുറച്ചു ദിവസം മുമ്പ് കോഴിക്കോട് പോലീസ് സൂപ്രണ്ടാഫീസിനു സമീപം താമസമാക്കിയ ശ്രീ. സി.എച്ച്. കുഞ്ഞപ്പയെ കണ്ടപ്പോള്‍ അദ്ദേഹവും ഇക്കാര്യം പറയുകയുണ്ടായി.
ആ കഥകളുടെ കട്ടിംഗ്സ് എനിക്കയച്ചുതന്നാല് ഞാന്‍ ആ ഗ്രന്ഥം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിലൂടെ പ്രസിദ്ധപ്പെടുത്താന്‍ വേണ്ടതുചെയ്യാം.
ശ്രീ അപ്പനു നമ്പ്യാരുടെ സ്മരണയ്ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട്,
സ്നേഹപൂര്‍വം
നിങ്ങളുടെ
എസ്.കെ. പൊറ്റെക്കാട്ട്.
ശ്രീ. കെ.ടി. വിപിന ചന്ദ്രന്
അധ്യാപകന് കൂടാളി ഹൈസ്കൂള്‍

എസ്.കെ. കത്തില്‍ പറയുന്ന നായാട്ടുകഥകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ഈ കത്തില്‍ രണ്ടുകാര്യങ്ങള്‍ എസ്.കെ. വ്യക്തമാക്കുന്നു. ഒന്ന്, അപ്പനു നമ്പ്യാര്‍ക്കൊപ്പം രണ്ടുതവണ താന്‍ നായാട്ടിനു പോയിരുന്നു, രണ്ടാമത്ത കാര്യം നമ്പ്യാരുടെ കളപ്പുര 'വിഷകന്യക' എഴുതാനുള്ള റൈറ്റേഴ്സ് റെസിഡന്‍സിയായി എസ്.കെ. ഉപയോഗപ്പെടുത്തിയിരുന്നു. ജീവിതവും എഴുത്തും ആ കളപ്പുരയില്‍ എസ്.കെ.യെ സംബന്ധിച്ച് മുഖാമുഖംനിന്നു എന്നര്‍ഥം.
1948ലാണ് വിഷകന്യകയുടെ ആദ്യപതിപ്പ് പുറത്തുവരുന്നത്. അതിനും മുമ്പുള്ള കാലത്തായിരിക്കാം എസ്.കെ. അപ്പനു നമ്പ്യാര്‍ക്കൊപ്പം രണ്ടുതവണ നായാട്ടിനുപോയത്. നായാട്ടിനുപോകുന്നത് പുരുഷലക്ഷണമായി വ്യാഖ്യാനിക്കപ്പെട്ട കാലമായിരുന്നു അത്. കാടുകളിലെ വേട്ട നിരോധിക്കാനുള്ള ആലോചനകള്‍ക്ക് തുടക്കമായിട്ടില്ല. അഥവാ ഈ പുരുഷലക്ഷണത്തെ നിയമംമൂലം ഇല്ലാതാക്കാന്‍ മൂന്നു പതിറ്റാണ്ടു പിന്നെയും വേണ്ടിവന്നു എന്നു ചുരുക്കം. എസ്.കെ. ഈ കത്ത് എഴുതുന്നകാലത്ത് ഏതായാലും വേട്ട നിരോധിക്കപ്പെട്ടിരുന്നു. വേട്ട/നായാട്ടു റിപ്പോര്‍ട്ടുകള്‍/കഥകള്‍ ഇന്ന് ചരിത്രപഠിതാക്കളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രേഖകളുമാണ്.
1980ല്‍ എസ്.കെ. 'എ.ഡി.2050ല്‍' എന്ന ശീര്‍ഷകത്തില്‍ തികഞ്ഞ ഒരു പരിസ്ഥിതികഥ എഴുതി. സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ ഉച്ചനിലയുടെകൂടി കാലമായിരുന്നു അത്. അണക്കെട്ടുവന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം 2050ല്‍ അവിടെ സന്ദര്‍ശിക്കുന്ന ഒരുപറ്റം വിദ്യാര്‍ഥികള്‍ കാണുന്ന കാഴ്ച ഭാവനയില്‍ അവതരിപ്പിക്കുന്നു എസ്.കെ. സൈലന്റ് വാലി പ്രക്ഷോഭത്തെ പരിഹസിച്ചവരോടുള്ള പ്രതികരണംകൂടിയായിരുന്നു ഈ രചന. കഥയില്‍ സിംഹവാലന്‍ കുരങ്ങ് ശിങ്കളക്കുരങ്ങായും സൈലന്റ് വാലി ശ്രീമാലിയായും കുന്തിപ്പുഴ മാദ്രിപ്പുഴയുമാണ്. സൈലന്റ് വാലി എന്ന റഫറന്‍സിലേക്ക് കഥ എത്തുന്നത് ഇങ്ങനെയാണ്: എന്നാല്‍, വനശാന്തിയെ രാത്രിയില്‍ ശല്യപ്പെടുത്താറുള്ള ചീവീടുകള്‍, എന്തുകൊണ്ടോ അവിടെ കുടികൊണ്ടിരുന്നില്ല. അതിനാല്‍ ആ വനം നിത്യവും മൗനപ്രാര്ഥനയിലായിരുന്നു:
മ്യൂസിയത്തില്‍ എത്തിയ ഒരുകൂട്ടം വിദ്യാര്‍ഥികളോട് പ്രൊഫസര്‍ സാംസണ് മഴക്കാടുകളെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതാണ് കഥയുടെ തുടക്കം: ചുമരില്‍ തൂക്കിയിട്ട വലിയൊരു വര്ണചിത്രത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പ്രൊഫസര്‍ പറഞ്ഞു: 'അതാണ് മഴക്കാടിന്റെ പടം'. വിദ്യാര്‍ഥികള്‍ ശ്രദ്ധിച്ചുനോക്കി. വന്മരങ്ങളും ചെടികളും വള്ളികളും ഇടതൂര്‍ന്നു വളര്‍ന്ന് ഒരിരുണ്ട വനം. പ്രൊഫസര്‍ തുടര്‍ന്നു. 'ഇന്ന് നിങ്ങള്‍ക്ക് മഴക്കാടുകളെപ്പറ്റി പഠിക്കാന്‍ ആ പടത്തിന്റെ സഹായം വേണ്ടിവന്നിരിക്കുന്നു. എന്നാല്‍, പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ, എഴുപതു കൊല്ലംമുമ്പ് നമ്മള് ഇപ്പോള്‍ നില്ക്കുന്ന ഈ സ്ഥലം മനോഹരമായ ഒരു മഴക്കാടായിരുന്നു'. വനത്തിലെ നദിയില്‍ അണവരുന്നതും ജലവൈദ്യുതപദ്ധതിയുടെപേരില് വനത്തിന് സര്‍ക്കാര്‍ വധശിക്ഷ വിധിച്ചതും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പണമുണ്ടാക്കിയതുമൊക്കെ കഥയില്‍ വിശദീകരിക്കുന്നുണ്ട്. സമരം ചെയ്തവരെക്കുറിച്ചുള്ള പരാമര്‍ശവും കാണാം. പദ്ധതിയുടെ വരവ് കാലാവസ്ഥയില്‍ വരുത്തിയ മാറ്റങ്ങള്‍, മഴയില്ലാതെയാകല് എന്നതിനെക്കുറിച്ചും എസ്.കെ. കഥയില്‍ വിശദമാക്കുന്നു. മരങ്ങള്‍ക്ക് മയക്കം ബാധിച്ചതും മൃഗങ്ങളില്‍ സാംക്രമിക രോഗം പടര്‍ന്നതും കഥയില്‍ കാണാം. പുഴയില്‍ വെള്ളമില്ലാതായി. ടര്ബന് കറങ്ങാതായി. അവിടെയുള്ള ഭൂമിയാകെ മനുഷ്യരുടെ തൊലി ചുക്കിച്ചുളിയുന്ന പോലെയായതായും എസ്.കെ. പറയുന്നു. കഥ ഇങ്ങനെ അവസാനിക്കുന്നു.
'പ്രൊഫസര്‍ ഒരു മൂലയിലെ ഗ്ലാസ്അലമാരയിലേക്ക് ചൂണ്ടിക്കാട്ടി.
നോക്കൂപഴയ ശ്രീമാലിയിലെ അവസാനത്തെ പ്രജയാണ്.
സ്റ്റഫ് ചെയ്്തുവെച്ച ഒരു ശിങ്കളക്കുരങ്ങ്!
അവന്റെ അന്ത്യം എങ്ങനെയായിരുന്നുവെന്നോ?
ശിങ്കളവാനരവര്ഗത്തിലെ അംഗങ്ങളെല്ലാം ചത്ത്, അവന് മാത്രം എങ്ങനെയോ ബാക്കിയായി. ഒരു ദിവസം അവന് മുമ്പോട്ടുചാടാന് മരംകിട്ടാതെ, ഒടുവില്‍ മുമ്പില്‍ക്കണ്ട പുതിയൊരു മരത്തിലേക്ക് ഒരു ചാട്ടം ചാടി. ഒരു ഇലക്ട്രിക് സ്തംഭത്തിലേക്ക്! ഹൈ ടെന്‍ഷന്‍ കമ്പിയിലാണ് അവന് പിടിച്ചുതൂങ്ങിയത്. രണ്ടുമൂന്നു പ്രാവശ്യം പിടഞ്ഞുകാണും. പിന്നെ വൈദ്യുതി അവന്റെ കഥകഴിച്ചു:'
സൈലന്റ് വാലി മുന്‍നിര്‍ത്തി ഒരു ഭാവനാകഥയാണ് എസ്.കെ. എഴുതിയത്. ഇന്നുനോക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥയായി 'എ.ഡി. 2050ല്‍' എന്നത് നിലനില്ക്കുന്നു. 44 വര്‍ഷം പഴക്കമുള്ള കത്തും 42 വര്‍ഷം പഴക്കമുള്ള കത്തും തീര്‍ത്തും വ്യത്യസ്തനായി പരിണമിക്കപ്പെട്ട എസ്.കെ.യെ വിശദമാക്കുന്നു.
ഇനി എസ്.കെ.യുടെ കത്തും കഥയും ഒരിക്കല്‍ക്കൂടി വായിച്ചുനോക്കൂ. ഒരെഴുത്തുകാരന് പൊളിറ്റക്കലി കറക്ടാവുക എങ്ങനെയെന്ന്്് അതില്‍നിന്നും മനസ്സിലാക്കാം. വേട്ടയുടെ അനുചരന് (ആരാധകന്, സഹകാരി) പ്രകൃതിയുടെ അനിവാര്യമായ സംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്ക് ഉയരുന്നത് എങ്ങനെയെന്നും മനസ്സിലാക്കാനും ഈ ഉദാഹരണം മതി. ആനുഭവികതലമാണ് ആരെയും 'പൊളിറ്റിക്കലി കറക്ടാക്കുന്നത്. ഇന്നു പലനിലയിലും വിമര്‍ശിക്കപ്പെടാറുള്ള (എസ്.കെ.യുടെ ആഫ്രിക്കന്‍ കാഴ്ചപ്പാടുകള്‍ വിമര്‍ശിക്കപ്പെട്ടത് ഓര്‍ക്കുക) എസ്.കെ.യില്‍നിന്നും കേരളം സ്വീകരിക്കേണ്ട ഏറ്റവും വലിയ രാഷ്ട്രീയശരി ഈ കത്തിലും കഥയിലുമായുണ്ട്. ഒരാള്‍ എങ്ങനെ പൊളിറ്റിക്കലി കറക്ടാവുന്നുവെന്നും ഈ ഉദാഹരണം സുതാര്യമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..