എസ്.കെ. പൊെറ്റക്കാട്ടും ഭാര്യ ജയവല്ലിയും
കാറ്റില്‍ നഷ്ടപ്പെട്ട ബലൂണ്‍ ഓടിപ്പിടിക്കാന്‍ ഒരു കൊച്ചുകുട്ടിയെ സഹായിക്കുന്ന കരിനീലക്കണ്ണുള്ള സുന്ദരിയായ പെണ്‍കുട്ടി.,
വേര്‍പിരിയാത്ത ഇണകളായിരുന്നു എസ്.കെ. പൊെറ്റക്കാട്ടും ഭാര്യ ജയവല്ലിയും. ആ വിവാഹത്തിന് നിമിത്തമായതോ, മാതൃഭൂമി ആഴ്ചപ്പതിപ്പും. ആ സംഭവത്തെക്കുറിച്ച് എസ്.കെ.യുടെ മകള്‍ സുമിത്ര ജയപ്രകാശ് എഴുതുന്നു.
എന്റെ ജയ
ഒരു വാക്കുപോലുമേ പറയാതെ പോയല്ലോ
പ്രണയപ്പൂങ്കരളേ നീ പരലോകത്തില്‍
ഇരുപത്തിയെട്ടു സംവത്സരം ദാമ്പത്യ
കതിര്‍മണ്ഡപത്തെ നാം കാത്തുപോന്നൂ
മമ ഹൃദയത്തിനു സദ്യയായ് നിത്യവും
മധുമൊഴിയും നിന്റെ നീള്‍മിഴിയും
ദുരിതങ്ങള്‍ ഞാനറിഞ്ഞീലാ ദയിതേനിന്
മധുരസ്മിതത്തിന്റെ മേമ്പൊടിയാല്‍
ഇനിയാരുണ്ടെന്‍ 'ജയാ' വിളി കേള്‍ക്കാന്‍ പുഞ്ചിരി
ക്കണിയുമായ വാതിക്കല്ക്കല് വന്നുനല്ക്കാന്
ഇനിയാരുണ്ടെന്നുടെ സായാഹ്ന യാത്രയ്ക്കു
തനിയെ ഞാന്‍ വീട്ടിന്നിറങ്ങിടുമ്പോള്‍
'അവിടൊന്നു നില്ക്കണേ'യെന്നോതി വന്നെന്റെ
യുടുമുണ്ടിന്നറ്റം പിടിച്ചുനിര്‍ത്തി
'ശരിയായിപ്പൊയ്ക്കോളൂ കെന്നുരിയാടിയ
ക്കരിമീന് മിഴിയില്ക്കവിത തീര്‍ക്കാന്‍
നിറദീപം പൊലിഞ്ഞു പോയിരുളിലാ
ണിനിമേലില്‍ പുതിയറ 'ചന്ദ്രകാന്തം'
പോയ ജന്മത്തില് പ്രേമബന്ധ സമ്പൂര്‍ത്തിക്കായി
ജായയായ് വന്നു നീയെന്‍ ജീവിത ജ്യോതിസ്സായി
നമ്മളങ്ങിരുപത്തെട്ടാണ്ടുകള് ദാമ്പത്യത്തില്‍
ധര്‍മ്മ ലീലകളാടിക്കഴിഞ്ഞതറിഞ്ഞീല.
(ഭാര്യ ജയയെക്കുറിച്ച് എസ്.കെ. എഴുതിയ കവിത)
അതിരാവിലെ 'ചന്ദ്രകാന്ത'ത്തില്‍ ആദ്യം മുഴങ്ങുക, ''ജയേ...'' എന്ന അച്ഛന്റെ വിളിയാണ്. ആ വിളി കേട്ടാണ് പലപ്പോഴും ഞങ്ങള്‍ മക്കള്‍ ഉണരുന്നത്. അച്ഛന് എല്ലാകാര്യത്തിനും അമ്മ വേണം. ഞാന്‍ കണ്ടതില്‍െവച്ച് ഏറ്റവും നല്ല മാതൃകാദമ്പതിമാര്‍. രണ്ടുപേരും വ്യത്യസ്തതലങ്ങളില്‍നിന്ന് വന്നവര്‍. അച്ഛന് അമ്മയോട് ഒരിക്കലും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അമ്മയാകട്ടെ ക്ഷമയുടെ ആള്‍രൂപം. പരിഭവമേതുമില്ലാതെ എന്തും നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന അമ്മയുടെ മുഖമായിരുന്നു അച്ഛന്റെ ഊര്‍ജം.
അമ്മ ജനിച്ചതും പഠിച്ചതുമൊക്കെ മലയായില്‍ ക്വലാലംപുരിലാണ്. അവിടെ ആദ്യകാലത്ത് താമസമാക്കിയ മലയാളികുടുംബങ്ങളിലൊന്ന് അമ്മയുടേതായിരുന്നു. അമ്മമ്മയുടെ ചികിത്സയ്ക്കുവേണ്ടി അവര്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ടിവന്നു. അമ്മമ്മയുടെ വീട് മയ്യഴിയിലാണ്. അച്ഛന് അമ്മയെ ആദ്യമായി കണ്ടുമുട്ടുന്നത് തലശ്ശേരിയിലെ ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്. കാറ്റില്‍ നഷ്ടപ്പെട്ട ബലൂണ്‍ ഓടിപ്പിടിക്കാന്‍ ഒരു കൊച്ചുകുട്ടിയെ സഹായിക്കുന്ന കരിനീലക്കണ്ണുള്ള സുന്ദരിയായ പെണ്‍കുട്ടി. ആദ്യനോട്ടത്തില്‍ത്തന്നെ ഇഷ്ടംതോന്നിയാണ് അച്ഛന് അമ്മയെ വിവാഹമാലോചിക്കുന്നത്. ഇതിനിടയില്‍ മറ്റൊരാള്‍ (അച്ഛന്റെ പേരിനോട് സാമ്യമുള്ള) രംഗത്തെത്തി വിവാഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ച കഥകളൊക്കെ അച്ഛന് വളരെ രസകരമായി പറഞ്ഞത് ഓര്‍മയുണ്ട്. അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് പ്രധാന പങ്കുവഹിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പാണ് എന്നുപറയാം.
പതിനഞ്ചുമാസംനീണ്ട വിദേശയാത്രകഴിഞ്ഞ് അച്ഛന് വീട്ടില്‍ വിശ്രമിക്കുന്ന കാലം. ഏകമകന് വിവാഹംചെയ്തുകാണാന് അച്ഛന്റെ അമ്മയ്ക്ക് അതിയായ ആഗ്രഹം. എപ്പോഴും വിദേശത്തൊക്കെ യാത്രചെയ്യുന്നതുകൊണ്ട് വല്ല മദാമ്മ പെണ്‍കുട്ടിയെയും വിവാഹംചെയ്ത് കൊണ്ടുവരുമോ എന്ന പേടിയും അച്ഛമ്മയ്ക്കുണ്ടായിരുന്നു. അക്കാലത്ത് അച്ഛന്റെ ആത്മസുഹൃത്തുക്കളായിരുന്ന മാമ്പള്ളി മാധവേട്ടനോടും (മോഡേണ്‍ ബേക്കറി മാധവന്) കിനാത്തി നാരായണന് എന്ന നാണുവേട്ടനോടും അച്ഛമ്മ എന്നും പറയും; 'കുഞ്ഞനൊന്ന് വിവാഹം കഴിച്ചുകണ്ടാല് മതി' (അച്ഛന്റെ ഓമനപ്പേരായിരുന്നു കുഞ്ഞന്‍).
അച്ഛനാണെങ്കില്‍ യാത്രകളോടുള്ള ഒടുങ്ങാത്ത പ്രേമം തലയ്ക്കുപിടിച്ച് വിവാഹംപോലും വേണ്ടെന്നുവെച്ചകാലം. ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനുവഴങ്ങി വിവാഹത്തിന് സമ്മതംമൂളി. നാണുവേട്ടന്റെ സുഹൃത്തായ വക്കീലിന് ഒരു മകളുണ്ട്. അച്ഛനെയുംകൂട്ടി പെണ്ണിനെ കാണാന്‍ തലശ്ശേരിയില്‍ നാണുവേട്ടന്റെ വീട്ടിലെത്തി. അതിനടുത്ത ദിവസമായിരുന്നു തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവം. ഉത്സവംകൂടി കണ്ടശേഷം പെണ്ണിനെ കാണാന്പോകാമെന്ന് തീരുമാനിച്ചു. അവിടെയെത്തിയപ്പോള്‍ പെണ്ണിന്റെ അച്ഛന് വക്കീലും ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവംകാണാനുണ്ടായിരുന്നു. വക്കീലിന്റെ ഒരു ബന്ധുവീട് ജഗന്നാഥക്ഷേത്രത്തിനടുത്താണ്. അത് അമ്മയുടെ അമ്മാവന്റെ വീടായിരുന്നു. അവിടെവെച്ചാണ് അച്ഛന് അമ്മയെ ആദ്യമായി കാണുന്നത്. ആ നിമിഷത്തെക്കുറിച്ച് അച്ഛന് എഴുതിയത്, 'മുന്‍ജന്മത്തിലെന്നോ ദീര്‍ഘകാലം പ്രണയിച്ചകന്ന് വീണ്ടും കണ്ടപോലൊരു തോന്നല്‍' എന്നാണ്. അച്ഛന് തേടിക്കൊണ്ടിരുന്നത് ആ കരിനീലമിഴികളെയാണ്. അമ്മയുടെ മരണശേഷം അച്ഛനെഴുതിയ അമ്മയെക്കുറിച്ചുള്ള കവിതയിലും ആ കരിനീലമിഴികളുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളോട് ആ കരിനീലമിഴിക്കാരിയുടെ വിവരങ്ങളന്വേഷിക്കാന് ഏല്‍പ്പിച്ച് അച്ഛന് കോഴിക്കോട്ടേക്ക് മടങ്ങി.
അമ്മയുടെ അമ്മാവന് ഇടവന ദാമോദരന്‍ കുറെക്കാലം മലയായില്‍ എസ്റ്റേറ്റ് മാനേജരായിരുന്നു. പിന്നീട് മാഹിയില്‍ സ്ഥിരതാമസമാക്കി. അമ്മമ്മയുടെ ചികിത്സ കഴിഞ്ഞ് അമ്മയും അമ്മമ്മയും ക്വലാലംപുരിലേക്ക് മടങ്ങാന്പോകുന്ന സമയത്താണ് അച്ഛന്റെ വിവാഹാലോചന വരുന്നത്. അവര്‍ക്ക് ഈ ആലോചന കൊള്ളാമെന്നുതോന്നി. അച്ഛനെക്കുറിച്ച് അന്വേഷിക്കാന്‍ അമ്മാവനും സുഹൃത്തും കോഴിക്കോട്ടെത്തി. അന്വേഷിച്ചെത്തിയത് ഒരു പത്രമോഫീസില്‍. അച്ഛന്റെ പേരുപറഞ്ഞപ്പോള്‍ത്തന്നെ അവര്‍ കൊടുത്ത അഡ്രസ് ഒരു ലോഡ്ജിന്റേതായിരുന്നു അവിടെയെത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന് എന്തോ കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നുണ്ട്. അമ്മാവന് അപരനോട് (അമ്മാവന് അച്ഛനെ കാണാന്‍ വരുന്നുണ്ട് എന്ന വിവരത്തിന് ഒരു എഴുത്തയച്ചിരുന്നു) എഴുത്തുകിട്ടിയില്ലേ എന്നുചോദിച്ചു. ''എഴുത്തൊക്കെ കിട്ടി. എനിക്ക് ഒന്നുകൂടി ആലോചിക്കണം. എന്നിട്ട് വിവരമറിയിക്കാം'' എന്ന് അയാള്‍ മറുപടി പറഞ്ഞു. ആ അപരന്റെ പെരുമാറ്റത്തില്‍ എന്തൊക്കെയോ പന്തികേട് ഇരുവര്‍ക്കും തോന്നി.
അമ്മാവനും സുഹൃത്തും വിഷമത്തോടെ മാഹിയിലേക്ക് മടങ്ങി. അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ ക്വലാലംപുരിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. മാഹിയില്‍നിന്ന് വിവരമൊന്നും കിട്ടാതായപ്പോള്‍ അച്ഛന് വീണ്ടും വിവാഹമേ വേണ്ടെന്നുവെച്ച് അടുത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഇതിനിടയില്‍ കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് അമ്മാവനെ കാണാന്‍ മാഹിയിലെ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ, കോഴിക്കോട്ട് അച്ഛനെ കാണാന്‍പോയ കാര്യങ്ങള്‍ അമ്മാവന് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും ആളുമാറിയതാണെന്നും എസ്.കെ.യ്ക്ക് പട്ടണത്തില്‍ 'ചന്ദ്രകാന്തം' എന്ന വീടുണ്ടെന്നും ധരിപ്പിച്ചു.
സുഹൃത്തുതന്നെ വഴി കണ്ടുപിടിച്ചു. എസ്.കെ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ യാത്രാവിവരണം എഴുതിത്തുടങ്ങിയ കാലം. അതില്‍ അദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ട്. അവര്‍ ലോഡ്ജില്ക്കണ്ട മുഖം അതല്ലായിരുന്നു.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. അങ്ങനെ അച്ഛന് ആഗ്രഹിച്ചപ്പോലെ ആ കരിനീലമിഴിക്കാരിയെ 1952 മേയ് 18ന് ശ്രീകണ്ഠേശ്വരക്ഷേത്ര സന്നിധിയില്‍വെച്ച് താലിചാര്‍ത്തി വധുവാക്കി. ഒരുപക്ഷേ, അമ്മാവന് ആ മാതൃഭൂമി ആഴ്ചപ്പതിപ്പ് കിട്ടിയില്ലായിരുന്നെങ്കില്‍ എനിക്ക് ഈ ഓര്‍മകള്‍ എഴുതാന്‍ കഴിയുമായിരുന്നോ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..