അവിടെയാര്‍ക്കും ആ വിശ്വകവിയുടെ ജാതിയറിയില്ല; നാം ഗുരുവിന്റെ ജാതിമാത്രം തിരയുന്നു


സുരേഷ് സിദ്ധാര്‍ഥ

രാജ്യസീമകളെ മാനവീയതകൊണ്ട് മായ്ച്ചുകളയാനാഗ്രഹിച്ച രണ്ട് മഹാഗുരുക്കന്മാര്‍ ഒന്നിച്ചതിന്റെ നൂറാം വാര്‍ഷികം.

ശ്രീനാരായണ ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും

1922 നവംബര്‍ 15-നാണ് പച്ചപുതച്ചുനിന്ന ശിവഗിരിക്കുന്നിലേക്ക് വിശ്വമഹാകവി നടന്നുകയറിയത്. ബംഗാളില്‍ താന്‍ നിര്‍മിക്കുന്ന വിശ്വവിദ്യാലയത്തിന്റെ ധനശേഖരണാര്‍ഥം രാജ്യംമുഴുവന്‍ സഞ്ചരിച്ച രവീന്ദ്രനാഥടാഗോര്‍ തിരുവനന്തപുരത്തെത്തിയെന്നറിഞ്ഞ നാരായണഗുരുദേവനാണ് ടാഗോറിനെ കാണാന്‍ ആദ്യം താത്പര്യം പ്രകടിപ്പിച്ചത്.

അദ്ദേഹത്തിന്റെ ഒപ്പം സുഹൃത്തായ സി.എഫ്. ആന്‍ഡ്രൂസും ഉണ്ടായിരുന്നു. പരവതാനി വിരിച്ച് പൂക്കളാല്‍ അലംകൃതമാക്കിയ ആ മണല്‍വഴികള്‍ക്കിരുവശവും മഹാസമാഗമത്തിന്റെ പുണ്യമറിഞ്ഞെത്തിയ ആയിരങ്ങളെക്കൊണ്ട് നിറഞ്ഞു. ഡോക്ടര്‍ പല്പു, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, നടരാജഗുരു തുടങ്ങിയവര്‍ക്കായിരുന്നു ആതിഥേയത്വത്തിന്റെ ചുമതല.'മതങ്ങള്‍ക്കതീതനാണ് മനുഷ്യന്‍', മറ്റാരും ചൊല്ലാത്ത ഈ മധുരാക്ഷരങ്ങള്‍ മാനവസാഹോദര്യത്തിനായി വിളംബരംചെയ്ത ആധുനികനായ ഗുരുവര്യന്‍ ശ്രീനാരായണ ഗുരുദേവന്റെയും വിശ്വകവിയായ രവീന്ദ്രനാഥ ടാഗോറിന്റെയും ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്ക് അങ്ങനെ അരങ്ങൊരുങ്ങി.

നിസ്സംഗത്തിന്റെ പൊരുള്‍

മധുരങ്ങളുടെ നാട്ടില്‍നിന്നെത്തിയ കവിക്ക് കേരനാട്ടിന്റെ മാധുര്യംനിറഞ്ഞ 'തെങ്ങിന്‍ പൊങ്ങ്' വിശേഷഭോജ്യമായി നല്‍കിയാണ് വൈദികമഠം വിരുന്നൊരുക്കിയത് ! ടാഗോര്‍ അത് കഴിച്ചിട്ട് അതിന്റെ സ്വാദിനെക്കുറിച്ച് പ്രശംസിക്കുകയും ചെയ്തു.

പ്രഥമദര്‍ശനത്തില്‍ത്തന്നെ താന്‍കണ്ട ഋഷിവര്യന്‍ ആരാണെന്ന് അനുഭവിച്ചറിഞ്ഞ മഹാകവി, ഗുരുവിന്റെ ഇരുകൈകളും ചേര്‍ത്തുപിടിച്ച് അമര്‍ത്തിച്ചുംബിച്ചു. തുടര്‍ന്ന് ഇരുവരും വൈദിക മഠത്തിന്റെ തിണ്ണയില്‍ മുഖാമുഖംനോക്കി ആസനസ്ഥരായി. കേരളത്തിന്റെ അന്നത്തെ സാമൂഹിക സാഹചര്യത്തില്‍, ജാതീയതയുടെ ഉച്ചനീചത്വങ്ങളില്‍പ്പെട്ടുഴറുന്ന മനുഷ്യവംശത്തിന്റെ അസമത്വം ഇല്ലാതാക്കാന്‍, ഗുരു നടത്തിയ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച് രവീന്ദ്രനാഥ ടാഗോര്‍ ഒട്ടേറെക്കാര്യങ്ങള്‍ പറയുകയുണ്ടായി.

എന്നാല്‍, ഗുരു നിശ്ശബ്ദം ചെറുപുഞ്ചിരിയോടെ ടാഗോറിന്റെ കണ്ണുകളിലേക്ക് ഏറെനേരം നോക്കിയിരിക്കുകയായിരുന്നു.

മഹാകവിക്ക് മറുപടിയായി ഗുരു അരുളിച്ചെയ്യുന്നത് കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്ന ആ ജിജ്ഞാസുക്കളുടെ മൗനംഭജിച്ച് ആ മഹാത്മാവ് ശാന്തനായി

മൂന്നുവാചകങ്ങള്‍മാത്രം മൊഴിഞ്ഞു.

''അതിനു നാമൊന്നും ചെയ്തില്ലല്ലോ...''

''നമുക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ...''

''നമുക്ക് ഇനിയുമതിന് കഴിയുമെന്ന് തോന്നുന്നില്ലല്ലോ...''

തുടര്‍ന്ന് അവിടെ അല്പനേരം വല്ലാത്ത നിശ്ശബ്ദത പരന്നു.

ജാത്യാന്ധകാരത്തിന്റെ കൂരിരുട്ടില്‍ നവോത്ഥാനവിപ്ലവത്തിന്റെ കൊടുങ്കാറ്റ് വീശിച്ച ആ യുഗപുരുഷന്‍ 'താന്‍ ഒന്നും ചെയ്തിട്ടില്ലല്ലോ' എന്ന് നിസ്സംഗം പറഞ്ഞതിന്റെ പൊരുളറിയാതെ ജനം വശംകെട്ടു. ഒന്നും ഉള്‍ക്കൊള്ളാനാകാതെ നിശ്ശബ്ദം നില്‍ക്കാനേ അന്നവിടെ തടിച്ചുകൂടിയ ഗുരുഭക്തര്‍ക്കും വിശ്വകവിയെന്ന് ഖ്യാതിനേടിയ രവീന്ദ്രനാഥ ടാഗോറിനുപോലും കഴിഞ്ഞുള്ളൂ.

വര: മദനന്‍

അവിസ്മരണീയമായ യോഗനയനങ്ങള്‍

തന്റെ മുന്നിലിരിക്കുന്നത് ഒരു ദിവ്യാവതാരമാണെന്ന് മനസ്സിലാക്കാന്‍ കവിവര്യന് മറ്റൊന്നും വേണ്ടിവന്നില്ല. അദ്ദേഹം അത് തന്റെ വാക്കുകളിലൂടെ രേഖപ്പെടുത്തിയത് ചരിത്രപ്രസിദ്ധമാണല്ലോ. ''ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഞാന്‍ സഞ്ചരിച്ചുവരുകയായിരുന്നു. എന്റെ സഞ്ചാരവേളയില്‍ പല മഹര്‍ഷിമാരും പുണ്യാത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍, മലയാളക്കരയിലെ ശ്രീനാരായണ പരമഹംസനെക്കാള്‍ ആധ്യാത്മിക മഹത്ത്വമുള്ള മറ്റൊരാളെയും ദര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും അനന്തതയുടെ വിദൂര ചക്രവാളങ്ങളിലേക്ക് നീളുന്ന ആ യോഗനയനങ്ങളും എനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തുപറയാം.''

ഒരു ഋഷിക്കുമാത്രമേ മറ്റൊരു ഋഷിയെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാവൂ എന്ന ചൊല്ല് ടാഗോര്‍ പറഞ്ഞ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

''ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. അത് ഭാരതത്തിന്റെ തെക്കേ അറ്റത്ത്, മലയാളമണ്ണില്‍ വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുദേവനത്രേ''

-ഒപ്പമുണ്ടായിരുന്ന സി.എഫ്. ആന്‍ഡ്രൂസിന്റെ വാക്കുകളാണിത്.

ആ സന്ദര്‍ശനം ശതാബ്ദിനിറവില്‍ എത്തിനില്‍ക്കുന്ന വേളയില്‍പ്പോലും ഗുരുദേവന്റെ മറുപടിവാക്യങ്ങളുടെ പൊരുള്‍ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അതിന് തെളിവാണ് അനുദിനം പെരുകിവരുന്ന ജാതിമത അസ്വാരസ്യങ്ങള്‍. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' സ്വപ്നംകണ്ട യുഗപുരുഷനും വംഗനാട്ടിന്റെ സര്‍വാദരണീയനായ കവിവര്യനും തമ്മില്‍ നടത്തിയ നിശ്ശബ്ദസംവേദനത്തിന്റെ മൂല്യമറിയാന്‍ വൈകിപ്പോയ നാം ബംഗാള്‍ നിവാസികള്‍ തങ്ങളുടെ ഹൃദയകമലത്തില്‍ രവീന്ദ്രനാഥ ടാഗോറിനെ എങ്ങനെ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന് പഠിക്കേണ്ടതുണ്ട്.

തിരിച്ചറിയാത്ത മലയാളി

നാരായണ ഗുരുവിനെ ജന്മദേശമിന്നും ജാതിമതിലുകളില്‍ തളച്ചിടുമ്പോള്‍ പിറന്നുവീഴുന്ന ഓരോ ബംഗാളിയുടെയും ശ്വാസനിശ്വാസത്തിലൂടെ രവീന്ദ്രനാഥ ടാഗോര്‍ എക്കാലവും ഉദയകിരണങ്ങളെപ്പോലെ പുനര്‍ജനിക്കുന്നു. കാരണം, അവിടത്തെ നെല്‍വയലുകള്‍ക്കും കാറ്റിലാടുന്ന തെങ്ങോലകള്‍ക്കും രവീന്ദ്ര സംഗീതത്തിന്റെ താളമാണ്. അവിടത്തെ മണ്ണിനുപോലും ടാഗോര്‍ കവിതകളുടെ വശ്യസുഗന്ധമാണ് (ഭൂപ്രകൃതിയില്‍ കേരളത്തിന്റെ മറ്റൊരു പതിപ്പാണ് ബംഗാള്‍).

അവിടെയാര്‍ക്കും ആ വിശ്വകവിയുടെ ജാതിയറിയില്ല. പകരം, ഗര്‍ഭാവസ്ഥയിലേ തങ്ങളുടെ ഹൃദയതാളമായി മാറിയ വശ്യസുന്ദരപദാവലികളുടെ രചയിതാവിനോടുള്ള ഒടുങ്ങാത്ത പ്രണയം മാത്രം ! ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന ഒരു ലോകസൃഷ്ടിക്കായി ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയര്‍പ്പിച്ച മഹാ ഗുരുവിനെ ഒരു സമുദായത്തിന്റെമാത്രം ആചാര്യനായി ഇകഴ്ത്തിക്കാട്ടാന്‍ വെമ്പല്‍കൊള്ളുന്ന കേരളത്തിന്റെ പൊതുബോധത്തെ ഇനിയും എന്തുവിളിക്കണം !

ഒരു കവിയായിപ്പോലും അദ്ദേഹത്തെ കാണാന്‍ കഴിയാത്തവര്‍ !

ഒരു ദാര്‍ശനികനായി പരിഗണിക്കാത്തവര്‍ !

എന്നുമെപ്പോഴും ഗുരുവിന്റെ ജാതി അന്വേഷിക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍!

ഇതാണ് ബംഗാളും കേരളവും തമ്മിലുള്ള അന്തരം.

(കൊല്ലം ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ചെയര്‍മാനാണ് ലേഖകന്‍)

Content Highlights: sivagiri to celebrate centenary of rabindranath tagore sree narayana guru meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented