ഉപ്പാവാ... ഓരോ പിറന്നാളിന്നോടും മുഖം തിരിച്ചിരുന്നതിന്റെ ഗുട്ടന്‍സ് അതായിരുന്നല്ലേ!


ഷബിത

രാത്രി ഒമ്പതരയ്ക്കു ശേഷം വിളിക്കുമ്പോള്‍ ഉമ്മയുടെ സ്വരവും ഭാവവും മാറും. അതിനിടകൊടുക്കാതെ ഉപ്പാവ വിളിച്ചിട്ട് ചോദിക്കും ''ജമീലേ... ഇവിടെ കൊറേ മീനുണ്ട്. ഏത് മീനാണ് വാങ്ങേണ്ടത്.''

-

അക്ബർ കക്കട്ടിലിന്റെ കഥകളിൽ നിറഞ്ഞുനിന്നിരുന്ന ഗ്രാമീണ നിഷ്കളങ്കത അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടി മുഖമുദ്രയായിരുന്നു. മക്കളായ സിതാരയുടെയും സുഹാനയുടെയും ഉപ്പാവ, ഉപ്പാവയുടെ 'ജമീലാ'... എന്ന വിളിയിലൂടെ മലയാളത്തിന് പരിചിതയായ ഭാര്യ ജമീല. നാട്ടുകാർ, വീട്ടുകാർ,കുടുംബക്കാർ, സൗഹൃദങ്ങൾ...കക്കട്ടിൽ മാഷിന്റെ ബന്ധങ്ങൾക്ക് അറ്റവും അതിരുമില്ല. മക്കളേറ്റെടുത്തിരുന്ന ജൂലൈ ഏഴ് എന്ന തന്റെ ജന്മദിനത്തോട് മുഖം തിരിച്ചിരുന്ന എഴുത്തുകാരന്റെ വാത്സല്യത്തെക്കുറിച്ച് മകൾ സിതാര സംസാരിക്കുന്നു.

ജൂലായ് ഏഴ് ഞങ്ങൾ മൂന്നുപേർക്കും ഉത്സവം പോലെ ഇഷ്ടമുള്ള ദിനമാണ്. ഞാനും ഉമ്മയും അനിയത്തി സുഹാനയും ജൂലായ് ഏഴിനായുള്ള ഒരുക്കം എന്നേ തുടങ്ങുമായിരുന്നു. കുട്ടികളായിരിക്കുമ്പോൾ ഞങ്ങളെക്കൊണ്ടാവുന്ന വിധത്തിലുള്ള സമ്മാനങ്ങൾ ഉപ്പാവയ്ക്കായി ഞങ്ങൾ സംഘടിപ്പിക്കുമായിരുന്നു. എന്നാൽ ഓരോ ജൂലായ് ഏഴിനെയും ഉപ്പാവ അത്ര കാര്യമാക്കിയെടുത്തിരുന്നില്ല. ഉപ്പാവ അങ്ങനെ എല്ലാറ്റിനോടും ആഘോഷതല്പരതയുള്ള ആളായിരുന്നില്ല. എന്നാൽ എന്റെയും അനിയത്തിയുടെയും ഉമ്മയുടെയും പിറന്നാൾ ഉപ്പാവ ഏറ്റെടുത്ത് ആഘോഷിക്കുമായിരുന്നു. ഞങ്ങൾ പിറന്നാളിന് കേക്ക് എങ്ങനെയായാലും ഞങ്ങൾ എവിടെയായാലും ഉപ്പാവ എത്തിച്ചിരിക്കും. ഹോസ്റ്റലിലായാലും കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലായാലും കേക്ക് ഉപ്പാവയുടെ സുഹൃത്തുക്കൾ വഴി എത്തിയിരിക്കും, അത് ഞങ്ങൾക്കുറപ്പായിരുന്നു.

ഉപ്പാവയുടെ ഷഷ്ടിപൂർത്തി വിപുലമായിത്തന്നെ ആഘോഷിക്കണമെന്ന് ഞങ്ങൾ പദ്ധതിയിട്ടിരുന്നു. ഉപ്പാവയുടെ പ്രിയസുഹൃത്തുക്കളായ യു.കെ മാമൻ, ഹാഫിസ്ക്ക, ശത്രുഘ്നൻ അങ്കിൾ, പോൾ മാമൻ തുടങ്ങിയവരെയൊക്കെ കൂട്ടി ഒരു സുൗഹൃദസംഗമം എന്നൊരാശയം ഞങ്ങൾ ഉപ്പാവയോട് അവതരിപ്പിച്ചു. കുറേക്കാലമായി ഞങ്ങൾ നാട്ടിലില്ലാത്തതാണ്. അപ്പോൾ കുടുംബസംഗമം കൂടി ആക്കാം. ഉപ്പാവയുടെ താവളമായിരുന്ന അളകാപുരി തന്നെ തിരഞ്ഞെടുക്കാം എന്നൊക്കെ പറഞ്ഞു. ഉപ്പാവ പക്ഷേ അതൊന്നും മൈൻഡ് ചെയ്തില്ല. ഞങ്ങളോട് അനുകൂലിച്ചില്ല. എന്താണ് സമ്മതിക്കാത്തത് എന്ന് ചോദിച്ചപ്പോൾ ഉമ്മച്ചി കാര്യം പറഞ്ഞു; ഉപ്പാവയ്ക്ക് അറുപത് വയസ്സായെന്ന് സമ്മതിക്കാൻ മനസ്സില്ലെന്ന്! സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കൂട്ടി ഒരു സൽക്കാരമൊക്കെ നടത്താം, പക്ഷേ അത് തന്റെ അറുപതാം വയസ്സ് കൊട്ടിഘോഷിച്ചിട്ട് വേണ്ട എന്നാണ് ഉപ്പാവയുടെ നിലപാട്. ഞങ്ങൾ ആർത്തു ചിരിച്ചുപോയി. ഒരു തരത്തിലും തനിക്ക് വയസ്സാവുന്നു എന്ന് ഉപ്പാവ അംഗീകരിച്ചു തരില്ലായിരുന്നു. പിറന്നാൾ ദിനത്തെ ഉപ്പാവ അത്ര മൈൻഡു ചെയ്യാതിരിക്കുന്നതിന്റെ പൊരുൾ അന്നാണ് പിടികിട്ടിയത്.

ജൂലായ് ഏഴ് എന്ന ദിവസം ലോകത്ത് എന്തെല്ലാം അത്ഭുതങ്ങൾ നടന്ന ദിവസമാണെങ്കിലും ഞങ്ങൾക്കത് ഉപ്പാവയുടെ ദിനമായിരുന്നു. ഉപ്പാവയുടെ പേരിലാണ് ജൂലെ ഏഴ് ഞങ്ങൾ മനസ്സിൽ പതിപ്പിച്ചത്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്ന ശീലമൊന്നും ഉപ്പാവയ്ക്കില്ലായിരുന്നു. ഞങ്ങൾ തിരഞ്ഞെടുക്കുന്ന വസ്ത്രം ഇടും. ഉപ്പാവ സ്വന്തമായി എന്തെങ്കിലും കൊണ്ടുനടന്നിരുന്നെങ്കിൽ, പേനയുൾപ്പെടെ ഞങ്ങൾ മക്കൾ കൊടുത്ത സമ്മാനങ്ങളായിരുന്നു.

Sithara daughter of Akbar Kakkattil shares her memory on beloved father

ഉപ്പാവയുടെ ഒരു പിറന്നാൾ തിരുവനന്തപുരത്തുവച്ചായിരുന്നു ഞങ്ങൾ ആഘോഷിച്ചത്. ഉപ്പാവയുടെ പ്രയപ്പെട്ട കൂട്ടുകാരായിരുന്ന ഡോക്ടർ നായരും അദ്ദേഹത്തിന്റെ ഭാര്യയും ഞങ്ങൾക്ക് ആതിഥേയമരുളി. വൈകീട്ട് കോവളം ബീച്ചിൽ പോയി ഞങ്ങൾ. സുഹാനയാണെങ്കിൽ വെള്ളം കണ്ടാൽ അപ്പോൾ ചാടും. ഉപ്പാവയ്ക്ക് വെളളം ഭയങ്കരപേടിയാണ്. സുഹാന ചാടിയതും വലിയൊരു തിര വന്നതു കണ്ട് ഉപ്പാവ വെള്ളത്തിലേക്ക് ചാടി സുഹാനയെ പിടിച്ചു. വലിയതിരയിൽപ്പെട്ട് സുഹാന വെള്ളത്തിലേക്ക് മുങ്ങിപ്പോകുമായിരുന്നു ഉപ്പാവ അപ്പോൾ പിടിച്ചില്ലായിരുന്നെങ്കിൽ. ഉപ്പാവയുടെ പോക്കറ്റിലുണ്ടായിരുന്ന ഡിജിറ്റൽ ഡയറി ഉൾപ്പെടെയുള്ളതെല്ലാം വെള്ളത്തിൽ പോയി. ഉപ്പാവയ്ക്ക് ഫോൺ, ഡിജിറ്റൽ ഡയറി തുടങ്ങിയതിനോടൊക്കെ വലിയ കമ്പമാണ്. സുഹാനയ്ക്കാണെങ്കിൽ ഉപ്പാവയുടെ ഡയറി പോയതിലായിരുന്നു വിഷമം. ഉപ്പാവയാണേൽ ഡിജിറ്റൾ ഡയറിയൊക്കെ പോട്ടെ, മോൾക്കൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിച്ചു. ആ ദിനത്തെ സുഹാന വെള്ളത്തിൽ പോയ ദിവസം എന്നാണ് ഉപ്പാവ പിന്നെ ഓർത്തു പറഞ്ഞിരുന്നത്.

വീട്ടിൽ വൈകിയെത്തുന്ന സ്വഭാവക്കാരനായിരുന്നു ഉപ്പാവ. പിറന്നാൾ ദിനത്തിലെങ്കിലും ഉപ്പാവയോടൊത്ത് ഭക്ഷണം കഴിക്കാൻ ഉമ്മ കാത്തിരിക്കും. ഉമ്മ ഉപ്പാവയെ വിളിച്ചുകൊണ്ടേയിരിക്കും. പക്ഷേ ഉപ്പാവ പതിവ് പല്ലവി തന്നെ ആവർത്തിക്കും. അപ്പോൾ ഉമ്മയെ സോപ്പിടാൻ ഉപ്പാവയിറക്കുന്ന ഒരു സൂത്രമുണ്ട്. ഉമ്മയ്ക്കിഷ്ടമുള്ള ഫ്രൈഡ് റൈസും ചില്ലിചിക്കനും വാങ്ങും പിന്നെ കുറേ മീനും കല്ലുമ്മക്കായയും എല്ലാമുണ്ടാകും. എവിടെപ്പോയാലും ഉപ്പാവ വീട്ടിലേക്ക് ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും. രാത്രി ഒമ്പതരയ്ക്കു ശേഷം വിളിക്കുമ്പോൾ ഉമ്മയുടെ സ്വരവും ഭാവവും മാറും. അതിനിടകൊടുക്കാതെ ഉപ്പാവ വിളിച്ചിട്ട് ചോദിക്കും ''ജമീലേ... ഇവിടെ കൊറേ മീനുണ്ട്. ഏത് മീനാണ് വാങ്ങേണ്ടത്.'' അത് കേൾക്കുമ്പോൾ സമയം പത്തായോ പതിനൊന്നായോ എന്നൊന്നും നോക്കാതെ ഉമ്മ തണുക്കും. ''നിങ്ങക്കിഷ്ടമുള്ളത് വാങ്ങിക്കോ' എന്ന് പറയും. പോരാത്തതിന് ഉപ്പാവയ്ക്കിഷ്ടമുള്ള കല്ലുമ്മക്കായ കൂടി ഉണ്ടെങ്കിൽ ബഹുജോറായി. വീട്ടിലേക്ക് വരുമ്പോൾ ഉമ്മയുടെ പ്രതിഷേധത്തിനിടകൊടുക്കാതെ, മീനുണ്ട് വണ്ടീൽ വേഗം എടുത്തോ, ഇല്ലേൽ മണക്കും എന്ന പറഞ്ഞ് വിഷയം മാറ്റും. ഉമ്മ പാവം മീനിന്റെ പിറകേ പോകും.

Sithara daughter of Akbar Kakkattil shares her memory on beloved father
ഞങ്ങൾ നാലുപേർക്കിടയിൽ പിറന്നാളാഘോഷമൊക്കെ ഏറ്റെടുക്കുന്നത് സുഹാനയായിരുന്നു. അവൾ എത്ര ബുദ്ധിമുട്ടിയാലും കേക്ക് സംഘടിപ്പിച്ച് ഉപ്പാവയെക്കൊണ്ട് കട്ട് ചെയ്യിക്കുമായിരുന്നു. പക്ഷെ അവസാനത്തെ പിറന്നാളിന് കേക്ക് ഉപ്പാവയുടെ മുന്നിൽ വച്ച് ഞങ്ങൾ എല്ലാവരും നിന്നപ്പോൾ ഉപ്പാവ മുറിക്കാൻ കൂട്ടാക്കിയില്ല. ഉപ്പാവ വാശിപിടിച്ചു മുറിക്കാതെ നിന്നു. ഉപ്പാവയ്ക്ക് ട്രീറ്റ്മെന്റുകൾ നടക്കുന്ന സമയമായിരുന്നു. ഉപ്പാവയോട് എത്ര തവണ പറഞ്ഞിട്ടും കേക്ക് മുറിക്കാൻ ഉപ്പാവ സമ്മതിച്ചില്ല. മരുന്നുകളോടുള്ള വിരക്തി ഉപ്പാവ അന്ന് പ്രകടിപ്പിച്ചതായിരിക്കും. പിന്നെ ഞങ്ങൾ നിർബന്ധിച്ചില്ല.

വളരെ അപ്രതീക്ഷിതമായിട്ടാണെങ്കിലും ഉപ്പാവയുടെ പ്രിയപ്പെട്ട രണ്ടുസുഹൃത്തുക്കൾ ഇത്തവണ ഞങ്ങളോടൊപ്പം ഉച്ചയൂണിനുണ്ടായിരുന്നു. ജൂലൈ ഏഴാണ് കൂട്ടുകാരന്റെ പിറന്നാൾ ദിനമാണെന്നറിഞ്ഞപ്പോൾ അവർ ഊണിനിരുന്നു. ഉപ്പാവയുടെ പ്രിയപ്പെട്ടവർ ഇന്നും ഞങ്ങളോടൊപ്പമുള്ളതിൽ സന്തോഷമുണ്ട്. ഉപ്പാവ ഞങ്ങൾക്കായി ബാക്കിവച്ചുപോയ ബന്ധങ്ങളാണ് അതൊക്കെയും.

Content Highlights: Sithara daughter of Akbar Kakkattil shares her memory on beloved father

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented