എൻ.എൻ കക്കാട്
കവി എന്‍.എന്‍ കക്കാട് വിടപറഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്ഷമായിരിക്കുന്നുവെങ്കിലും ആര്‍ദ്രമായൊരു ധനുമാസരാവുപോലെ അദ്ദേഹം കവിതയിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കുക തന്നെയാണ്. കവിയുടെ മകന് ശ്യാം കക്കാട് എഴുതിയ കുറിപ്പ് വായിക്കാം.
അച്ഛന്റെ ദേഹവിയോഗത്തിന് 35 വയസ്സായി. ഓര്‍ക്കാനും പറയാനും ഏതൊരു മകനെയുംപോലെ ഏറെയുണ്ട് എനിക്കും. എന്റെ ബാല്യകാല കൗതുകങ്ങള്‍ മുതല്‍ അച്ഛന്റെ രോഗശയ്യയിലെ ദുരിതങ്ങള്‍ വരെ...
കൈവെക്കുന്ന മേഖലകളിലെല്ലാം അസാമാന്യ വൈഭവം തന്നെയായിരുന്നു അച്ഛന് പ്രകടിപ്പിച്ചിരുന്നത്. ഏതൊരു വിഷയത്തെയും അതീവ ഗൗരവത്തോടെ സമീപിക്കുകയും ഏറെ ശ്രദ്ധയോടെ പഠിക്കുകയും ചെയ്യുകയെന്നത് അച്ഛന് കുട്ടിക്കാലത്തുതന്നെ സ്വായത്തമായ വിദ്യയായിരുന്നു.
വേദങ്ങളായാലും ആധുനിക ശാസ്ത്രമായാലും സംഗീതമായാലും നാടന്‍ കലകളായാലും ജ്യോതിശ്ശാസ്ത്രമായാലും ജ്യോതിഷമായാലും സമീപനം ഒന്നുതന്നെ. പരമാവധി ആധികാരികത സ്വായത്തമാക്കുക.
അതുകൊണ്ടുതന്നെയായിരിക്കണം അച്ഛനെ പലരും 'കക്കാട് മാഷ്' എന്ന് വിളിച്ചത്. വ്യത്യസ്തവിഷയങ്ങള്‍ പഠിക്കുന്നതിനായി പലരും അച്ഛനെ സമീപിച്ചിരുന്നത് എനിക്കറിയാം. സംസ്കൃതം പഠിക്കാനും ശാസ്ത്രം പഠിക്കാനും സാഹിത്യം പഠിക്കാനുമൊക്കെ അച്ഛന്റെ ഗുരുത്വം സ്വീകരിച്ചവര്‍ ഏറെയാണ്.
ഓരോ ദിവസവും അച്ഛനെ കാണാന്‍ വരുന്നവരിലുമുണ്ട് ഈ വ്യത്യസ്തത. അതിനനുസരിച്ച് സംസാരിക്കുന്ന വിഷയവും വ്യത്യസ്തമായിരിക്കും. ഒരു ദിവസം സംഗീതത്തെക്കുറിച്ചുള്ള ഗൗരവ ചര്‍ച്ച നടന്നാല്‍ അടുത്ത ദിവസം ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചായിരിക്കും. അതിനടുത്ത ദിവസം ചെണ്ടമേളവും തായമ്പകയുമാവും മറ്റൊരു ദിവസം ചാക്യാര്‍കൂത്തും ചിലപ്പോള്‍ ചരിത്രവും പുരാണങ്ങളുമാവും... വിഷയമേതായാലും ലോകത്തെവിടെയുമുള്ള സാഹിത്യത്തെയും മഹദ് ഗ്രന്ഥങ്ങളെയും ഇതിനിടയില്‍ സാന്ദര്‍ഭികമായി അച്ഛന് പരാമര്ശിക്കുന്നുണ്ടാവും. സാഹിത്യം എപ്പോഴും അച്ഛന്റെ കൂടെയുണ്ടായിരുന്നു. എഴുത്ത് തനിക്ക് ജീവവായുതന്നെയാണ് എന്ന് അച്ഛന് പറഞ്ഞിട്ടുമുണ്ട്.

വിദ്യാഭ്യാസത്തിനുശേഷം നാട്ടിലെ എയ്ഡഡ് സ്കൂളില്‍ അധ്യാപകനായി ജോലിചെയ്തിരുന്ന കാലത്താണ് അച്ഛന് ഡിസ്ട്രിക്ട് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചത്. അച്ഛന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'ഭാഗ്യവശാല്‍ പരാജയപ്പെട്ടു!' തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം സ്കൂള്‍ മാനേജ്മെന്റുമായി പിണങ്ങിപ്പിരിയേണ്ടിവന്നു അച്ഛന്.
സ്കൂളില്‍ നിന്ന് 'ഈ പേനകൊണ്ട് ഞാന്‍ ജീവിക്കും' എന്ന് പറഞ്ഞാണ് രാജിവെച്ചിറങ്ങിയതെന്ന് കേട്ടിട്ടുണ്ട്. എഴുതാനുള്ള കഴിവില്‍ പുലര്‍ത്തിയ ആത്മവിശ്വാസമാണ് അങ്ങനെ പറയിപ്പിച്ചതെന്ന് മാത്രമേ അന്ന് പലരും കരുതിയിരുന്നുള്ളൂ. ലോകംവിട്ടൊഴിഞ്ഞ് 35 വര്‍ഷം കഴിഞ്ഞ ആ 'പേന മരണത്തെയും അതിജീവിച്ച്' മുന്നേറുന്നത് ഇന്ന് ഞാന്‍ കാണുന്നു...
Content Highlights :Shyam Kakkad writes about his father veteran poet N N Kakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..