
ഷഹീൻ ഭട്ട് | Photo: instagram.com|shaheenb|
വിഷാദം എന്നെ വിഴുങ്ങിയ ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമെല്ലാം ഇപ്പോഴും എന്റെ മുമ്പിലുണ്ട്. പഠിച്ചതെല്ലാം മറക്കുമ്പോൾ, എല്ലാം തന്നെ മറക്കുമ്പോൾ വേദനയല്ലാതെ മറ്റൊന്നും ബാക്കിയായിട്ടില്ല. എന്തെങ്കിലുമൊരാശയത്തിലേക്ക് ഞാൻ തിരിയുമ്പോൾ ഞാൻ ഭയന്നുപോകുന്നു, ആ പരിവർത്തനത്തെ. സന്തോഷം ക്ഷണികമാണെന്ന് ഞാനെന്നെത്തന്നെ ഓർമിപ്പിക്കുമ്പോൾ എന്തുകൊണ്ട് സന്താപത്തിനും അങ്ങനെയായിക്കൂടാ എന്ന് മനസ്സിനോട് തന്നെ ചോദിക്കുന്നു. വിഷാദം ഒരു കാലാവസ്ഥയാണെങ്കിൽ ഞാനൊരു കാലാവസ്ഥാവൃക്ഷമാണെന്ന് സ്വയം ഓർമിപ്പിക്കുന്നു.ഏറ്റവും മോശമായ കൊടുങ്കാറ്റുകളെല്ലാം തന്നെ ആഞ്ഞടിച്ചുപോയിരിക്കുന്നു. ഞാൻ എല്ലാത്തിനേയും തരണം ചെയ്തുകഴിഞ്ഞെന്ന്ഞാനെന്നെത്തന്നെ ഓർമിപ്പിക്കുന്നു.
അതികഠിനമായ വിഷാദരോഗത്തിന്റെ പിടിയിലമർന്നുപോയ ഷെഹീൻ ഭട്ട് തന്റെ പ്രഥമ നോവലായ ഐ ഹാവ് നെവർ ബീൻ (അൺ)ഹാപ്പിയർ എന്ന പുസ്തകത്തിന്റെ അവസാനം ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു. കാലാകാലങ്ങളായുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ വിഷാദവുമായി അങ്കം വെട്ടുകയാണ് ഷെഹീൻ. വിഷാദത്തെ ഒരു രോഗമായല്ല, മറിച്ച് വികാരമായാണ് ഷെഹീൻ നിർവചിച്ചിരിക്കുന്നത്.
രൂപകങ്ങളും ഉപമകളും അനലോജികളുമുപയോഗിച്ചാണ് ആ വികാരത്തെ ഷെഹീൻ അടയാളപ്പെടുത്തുന്നത്.
ഒറ്റ വായനയിൽത്തന്നെ തികച്ചും ആത്മകഥാപരമായ നോവൽ എന്ന് ഐ ഹാവ് നെവർ ബീൻ (അൺ) ഹാപ്പിയറിനെ വിലയിരുത്താം.
ഡയറിക്കുറിപ്പുകൾ, ആത്മഹത്യാക്കുറിപ്പുകൾ, വിഷാദത്തിന്റ അതിസങ്കീർണമായ ഘട്ടങ്ങൾ... മനസ്സിനെയും ശരീരത്തെയും അത് കീഴ്പ്പെടുത്തുന്നതും അറ്റമില്ലാത്ത കുഴിയിലേക്ക് തെറ്റിവീഴുന്ന മനസ്സിനെയും സഹായത്തിനായി ഉച്ചത്തിൽ കരയുന്ന ശരീരത്തെയും എഴുത്തുകാരി അടയാളപ്പെടുത്തിവെക്കുന്നു; എക്കാലത്തേക്കുമായി.
'വേദനയെ എങ്ങനെ മഹത്വവത്ക്കരിക്കാം എന്ന് നമ്മുടെ എഴുത്തുകാർ തെളിയിക്കുന്നു. സമ്മതിച്ചു. സർഗാത്മകതയുടെ ഇന്ധനമാണ് വേദന എന്ന ധാരണ നമ്മുടെ ബോധത്തെ അടിച്ചേൽപിക്കുന്നു. തകർന്ന ഹൃദയത്തിൽ നിന്നും സുന്ദരമായൊരു കലയുണ്ടാക്കൂ എന്ന് എത്ര ലാഘവത്തോടെയാണ് നമ്മുടെ ആളുകൾ ആഹ്വാനം ചെയ്യുന്നത്. വേദനയും മാനസികാസ്വാസ്ഥ്യവും തമ്മിൽ നല്ല അന്തരമുണ്ട്. ആദ്യം അവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയാണ് പ്രധാനം. മാനസികാസ്വസ്ഥത എന്നത് ഒന്നിന്റെ അവസാനമോ മഹത്വത്തിലേക്കുള്ള മാർഗമോ അല്ല. അല്ല എന്ന് തിരിച്ചറിയുന്നതാണ് പരമപ്രധാനം' -ഷെഹീൻ ഭട്ട് പറയുന്നു. നോവലെഴുത്ത് അത്ര എളുപ്പമുള്ള പണിയല്ല, പഴയ അവസ്ഥയിലേക്ക് തിരിച്ചുപോയി വേണ്ടത് മുങ്ങിത്തപ്പിയെടുക്കുമ്പോൾ പലപ്പോഴും മനസ്സ് പിടിവിട്ടോടും. ഷെഹീൻ പറയുന്നു.
Content Highlights: Sheheen Bhat, I ve Never Been Un Happier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..