എസ്.കെ പൊറ്റക്കാട്
എസ്.കെ. പൊറ്റക്കാട് ഓര്‍മയായിട്ട് നാല് ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു. സ്നേഹവും മനുഷ്യത്വവും തേടിയലഞ്ഞ ലോകസഞ്ചാരി തുറന്നിട്ട വലിയ മനസ്സിനെക്കുറിച്ചോര്ക്കുകയാണ് എസ്.കെയുടെ ചിരകാല സുഹൃത്തുക്കളായിരുന്ന തിക്കോടിയന്റെയും കെ.എ. കൊടുങ്ങല്ലൂരിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും മക്കള്‍.

എസ്.കെ. പോയപ്പോള്‍ അച്ഛന് ഒരിക്കല്‍ കൂടി ഏകാകിയായി- തിക്കോടിയന്റെ മകള്‍ പുഷ്പ
എസ്.കെ പൊറ്റക്കാടുമായുള്ള അച്ഛന്റെ സൗഹൃദം വളരെ പ്രശസ്തമായിരുന്നു. വളരെ നല്ല അടുപ്പമായിരുന്നു അച്ഛനുമായി അദ്ദേഹം പുലര്‍ത്തിയിരുന്നത്. എസ്.കെ. എന്നും രാവിലെ നടക്കാന്‍ പോകും. പ്രഭാതസവാരിക്കിടെ അച്ഛനെ കാണാനായി വീട്ടില്‍ കയറും. ചില ദിവസങ്ങളില്‍ രണ്ടു പേരും ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഞാനന്ന് കൊച്ചുകുട്ടിയാണ്. എസ്.കെ പൊറ്റക്കാട് എന്ന വലിയ പേരിനെക്കുറിച്ചൊന്നും അറിവില്ലാത്ത കാലം. അച്ഛന്റെ സുഹൃത്തുക്കള്‍ പലരും വീട്ടില്‍ വരാറുണ്ട്. അവരെല്ലാം സാഹിത്യപരമായും സാംസ്കാരികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നവരാണെന്ന് മനസ്സിലാക്കുന്നതെല്ലാം ഞാന്‍ ഏറെ മുതിര്‍ന്നപ്പോഴാണ്. സാഹിത്യലോകത്തെ എസ്.കെ. പൊറ്റക്കാട് എന്ന മഹത്തായ പേരിനുടമ മിക്ക ദിവസങ്ങളിലും സാധാരണക്കാരില്‍ സാധാരണക്കാരായി വീട്ടില്‍ വരുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ തോന്നുന്നത് എനിക്ക് അദ്ദേഹത്തോട് കൂടുതല്‍ ഇടപഴകാന്‍ പറ്റിയില്ലല്ലോ എന്ന വിഷമമാണ്. അച്ഛനും എസ്.കെയും സംസാരിക്കുന്ന വിഷയങ്ങള്‍ എനിക്ക് ഒരു പിടിയുമില്ലാത്തതാണെങ്കിലും ഞാന്‍ രണ്ടു പേരെയും നോക്കി ഇരിക്കും. എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു പോയിരുന്നു. അച്ഛന് പിന്നെ വിവാഹം കഴിച്ചില്ല. അച്ഛന്റെ ഏകാന്തത ഒരു പക്ഷേ എസ്.കെയെപ്പോലുള്ളവര് ഏറ്റെടുത്തതായിരിക്കാം. എസ്.കെയും എം.ടിയും കെ.എ കൊടുങ്ങല്ലൂരും ബഷീറും തിക്കോടിയനുമൊക്കെ അന്നുണ്ടാക്കിയ സൗഹൃദലോകം ഇന്ന് ഓര്‍ത്തുനോക്കുമ്പോള്‍ എത്ര പവിത്രമായിരുന്നു എന്നോര്‍ത്തുപോവുകയാണ്.
സാഹിത്യത്തില്‍ അവരെല്ലാവരും തങ്ങളുടേതായ ഇടങ്ങള്‍ നേടിയവരായിരുന്നു. ഒരാള്‍ മുന്തിയത്, മറ്റേയാള്‍ അല്പം താഴ്ന്നത് എന്ന ഈഗോയൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. എസ്.കെയ്ക്ക് ജ്ഞാനപീഠം കിട്ടി എന്നുപറഞ്ഞുകൊണ്ടുള്ള ആഹ്ലാദം പങ്കുവെക്കല്‍ എനിക്കോര്‍മയുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും ജ്ഞാനപീഠം കിട്ടിയതുപോലായിരുന്നു ആഹ്ലാദം. വലിയ പുരസ്കാരം നേടിയ ആള് എന്ന തലയെടുപ്പ് എസ്.കെയില്‍ കാണില്ലായിരുന്നു. എസ്.കെ എന്നും സാധാരണ മനുഷ്യന് തന്നെയായിരുന്നു.
അച്ഛന് ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ എസ്.കെയുടെ കഥകള്‍ നാടകങ്ങളാക്കുമായിരുന്നു. അത് പ്രക്ഷേപണം ചെയ്യുമ്പോള്‍ ഞങ്ങള്‍ കേട്ടിരിക്കും. ഒരു ദിവസം നടക്കാന്‍ പോകുമ്പോള്‍ അദ്ദേഹം വീണു എന്ന വാര്‍ത്ത കേട്ടു. അച്ഛന് വലിയ ആഘാതമായിരുന്നു എസ്.കെയുടെ ആരോഗ്യാവസ്ഥ. ദിവസവും ആശുപത്രിയില്‍ പോകും. കൂടെയിരിക്കും. അധികം വൈകാതെ എസ്.കെ. പോയി. അച്ഛന് ജീവിതത്തില്‍ ഒരിക്കല്‍ കൂടി ഏകാകിയായി.

എസ്.കെ. മരിച്ചപ്പോള്‍ ടാറ്റ കാണാന്‍ പോയില്ല- വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന ബഷീര്‍
ടാറ്റ തലയോലപ്പറമ്പില്‍നിന്നു വന്ന് ഫറോക്കിലുള്ള മ്മച്ചിയെ കല്യാണം കഴിച്ചു എന്ന് ഞങ്ങള്‍ മക്കള്‍ കളിയാക്കി പറയാറുണ്ട്. വിവാഹം കഴിഞ്ഞയുടന്‍ ടാറ്റ മ്മച്ചിയെയും കൂട്ടി നേരെ എസ്.കെയുടെ 'ചന്ദ്രകാന്ത'ത്തിലേക്കാണ് പോയത്. എസ്.കെയും ഭാര്യയും അന്ന് മാഹിയിലാണ് താമസം. അദ്ദേഹത്തിന്റെ ഭാര്യ ജയച്ചേച്ചി മാഹിക്കാരിയായിരുന്നു. എസ്.കെ. ചേട്ടന് എന്നാണ് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. എസ്.കെ. എവിടെപ്പോയി വന്നാലും എന്തെങ്കിലും സമ്മാനം പ്രതീക്ഷിക്കാം. ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത ഒരു മുണ്ട് മ്മച്ചിക്കും എനിക്കൊരു കല്ലുമാലയും ഒരിക്കല്‍ സമ്മാനിച്ചത് ഓര്‍മയുണ്ട്. സമ്മാനം തന്ന് വാത്സല്യത്തോടെ ഒരു ചിരിയുണ്ട്. കണ്ണിലൂടെയായിരുന്നു എസ്.കെ. ചിരിക്കുക.
ടാറ്റയും എസ്.കെയും സൂക്ഷിച്ചിരുന്ന സൗഹൃദബന്ധത്തിന്റെ ആഴം ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ടാറ്റയ്ക്ക് ലഭിക്കുന്നത്. അത് ആഘോഷമാക്കിയത് എസ്.കെ. ആയിരുന്നു. വലിയൊരു പൂമാലയും ബൊക്കെയുമെല്ലാമായിട്ട് എസ്.കെ. വീട്ടില്‍ വന്ന് ടാറ്റയെ ഹാരമണിയിച്ച് കെട്ടിപ്പിടിച്ചു. ടാറ്റ ആ മാലയെടുത്ത് തിരിച്ച് എസ്.കെയെ അണിയിച്ച് കെട്ടിപ്പിടിച്ചു.
ടാറ്റയുടെ മനോനില തെറ്റിയ ഒരു സന്ദര്‍ഭമാണ് എനിക്കിപ്പോള്‍ ഓര്മ വരുന്നത്. വല്ലപ്പുഴ വൈദ്യന്റെ ആശുപത്രിയില്‍ കിടക്കുന്ന കാലം. ടാറ്റയെ കാണാന്‍ എസ്.കെ. പോകുമായിരുന്നു എന്ന് 'പാത്തുമ്മയുടെ ആടി' ന്റെ മുഖവുരയില്‍ പറയുന്നുണ്ട്. ശോഭന പരമേശ്വരന് നായരും റാഫിയുമൊക്കെയാണ് കൂട്ടിരിപ്പ്. തന്നെ കാണാന്‍ വരുന്നവരെയൊക്കെ ടാറ്റ നസ്യം ചെയ്യിക്കും. അതിരൂക്ഷമായ, അസഹനീയമായ അനുഭവമായിരുന്നേ്രത നസ്യം. കണ്ണില്‍ കുഴമ്പ് കൊണ്ട് എഴുതിക്കും. ചിലരെല്ലാം തന്നെ അനുസരിച്ചെന്ന് ഭാവിച്ചതായി ടാറ്റ പറയുന്നുണ്ട്. 'പാത്തുമ്മയുടെ ആടി'ന്റെ മുഖവുരയില്‍ നസ്യം ചെയ്തവരുടെയും കണ്ണ് എഴുതിയവരുടെയും പേരിന്റെ ബ്രാക്കറ്റില്‍ സംശയം എന്ന് ചേര്‍ത്തിട്ടുണ്ട്. പക്ഷേ, എസ്.കെയുടെ പേരിനുനേരെ ഒരു സംശയവുമില്ലായിരുന്നു. ടാറ്റയ്ക്കുവേണ്ടി അദ്ദേഹം നിന്നുകൊടുത്തു. സകലവേദനയും സഹിച്ചു. എസ്.കെ. മരിച്ചപ്പോള്‍ ടാറ്റ കാണാന്‍ പോയില്ല. അവന് അങ്ങനെ കിടക്കുന്നത് എനിക്ക് കാണാന്‍ കഴിയില്ല എന്നു പറഞ്ഞുകൊണ്ട് ടാറ്റ വീട്ടില്‍ത്തന്നെ ഇരുന്നു.
ഒരു ദേശത്തിന്റെ കഥയിലെ നായിക ഞാന്‍- കെ.എ കൊടുങ്ങല്ലൂരിന്റെ മകള്‍ സെബുന്നീസ
എസ്.കെ യുടെ നടത്തം അദ്ദേഹത്തിന്റെ കൂട്ടുകാര്‍ക്കിടയില്‍ പ്രസിദ്ധമായിരുന്നു. കെ.എ. കൊടുങ്ങല്ലൂരിന്റെ മകള്‍ എന്ന നിലയില്‍ എസ്.കെ. എപ്പോഴും സ്നേഹം പ്രകടിപ്പിച്ചിരുന്നു. പി.കെ. പാറക്കടവുമായുള്ള എന്റെ വിവാഹം കഴിഞ്ഞ ആദ്യനാളുകളാണ് എസ്.കെയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്മ വരുന്നത്. അതിരാവിലെ തന്നെ ഞങ്ങളുടെ മുറിക്കുപുറത്ത് നിന്ന് ഉമ്മയും ഉപ്പയും വിളിക്കുന്നു. രണ്ട് പേരും പറയുന്നത് എസ്.കെ. വന്നിട്ടുണ്ട് വേഗം വരൂ എന്നാണ്. പ്രഭാതനടത്തത്തിനിടെ വധൂവരന്മാരെ കണ്ടിട്ട് പോകാം എന്നുകരുതി കയറിയതാണ് അദ്ദേഹം. അന്നാണ് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുന്നത്. പി.കെയെ നേരത്തേ അദ്ദേഹത്തിനറിയാം. ഉപ്പയോടൊപ്പം സാംസ്കാരിക വേദികളില്‍ എസ്.കെയെ കണ്ടിട്ടുണ്ട് എന്നല്ലാതെ നേരിട്ടുള്ള അടുപ്പം ഇല്ലായിരുന്നു.
അന്ന് അദ്ദേഹം ഏറെ വാത്സല്യത്തോടെ സംസാരിച്ചു. എസ്.കെയെപ്പോലുള്ള വലിയ ഒരു മനുഷ്യന് ഞങ്ങളെ കാണാനായി വന്നല്ലോ എന്നതോര്‍ത്ത് കുറേ സന്തോഷിച്ചു. അദ്ദേഹം കാണണം എന്ന് അറിയിച്ചാല്‍ ഞങ്ങള്‍ 'ചന്ദ്രകാന്ത'ത്തില്‍ പോയി കാണും. ഉപ്പയുടെ അതേ സ്ഥാനത്തുള്ളയാളാണ്. പക്ഷേ, ഞങ്ങളെ പരിഗണിക്കുക എന്നതാണ് അദ്ദേഹം തന്റെ സന്ദര്‍ശനത്തിലൂടെ ചെയ്തത്. ഉപ്പയും ഉമ്മയും എസ്.കെയുടെ ,ചന്ദ്രകാന്ത,ത്തില്‍ പോയി താമസിച്ചതും വൈക്കം മുഹമ്മദ് ബഷീറും ഫാബിയും കൂടെയുണ്ടായിരുന്ന കഥകളുമെല്ലാം ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇവര്‍ സുഹൃത്തുക്കള്‍ ഒന്നിച്ചു ചേര്‍ന്നാല്‍ നല്ല രസമായിരുന്നെന്ന് ഉമ്മ എപ്പോഴും പറയുമായിരുന്നു. പുരുഷന്മാര് ഒന്നിച്ചു ചേരുമ്പോള്‍ സ്ത്രീകള്‍ അവരുടെതായ സൗഹൃദം ഉണ്ടാക്കിയിട്ടുണ്ടാകും. 'ഒരു ദേശത്തിന്റെ കഥ' റേഡിയോ നാടകമായപ്പോള്‍ അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടായി. ശ്രീധരന്റെ ചെറുപ്പം അഭിനയിച്ചതാവട്ടെ ഇന്നത്തെ സംവിധായകന് വി.എം' വിനു ആയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..