കേരള സാഹിത്യ അക്കാദമി അധ്യക്ഷന് അതിജീവിതയുടെ തുറന്ന കത്ത്


ഏതുതരം യുക്തിയാണ് വേട്ടക്കാരനെയും ഇരയെയും ഒരേ തട്ടില്‍ കാണുന്നതിന് താങ്കളെ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

പ്രതീകാത്മക ചിത്രം

സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമണം നടത്തി എന്ന് പരാതിപ്പെട്ട അതിജീവിത സാഹിത്യ അക്കാദമി അധ്യക്ഷന് എഴുതിയ തുറന്ന കത്ത്.

സര്‍,

സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഞാന്‍ കൊടുത്ത ഒരു പരാതിയെ അടിസ്ഥാനമാക്കി അതിജീവിതര്‍ക്കുവേണ്ടി എന്ന പേരില്‍ തയാറാക്കിയ സത്യപ്രസ്താവനയില്‍ നിന്ന്
താങ്കളുടെ ഒപ്പ് പിന്‍വലിച്ചുവെന്ന വാര്‍ത്ത കണ്ടു. ഞാന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താങ്കളില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടായതില്‍ വിഷമമുണ്ടെന്ന് അറിയിക്കുന്നു.ദലിത് വിഭാഗത്തില്‍ പെട്ട എനിക്ക് സത്യം തെളിയിക്കുന്നതിന് വേണ്ടി നീതിപീഠത്തെ സമീപിക്കേണ്ടി വന്ന സാഹചര്യത്തില്‍ എന്നോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യര്‍ നല്‍കിയ കരുത്ത് വളരെ വലുതായിരുന്നു. എന്നാല്‍ താങ്കള്‍ എഴുതിയ കുറിപ്പ് അതിനെ അട്ടിമറിക്കുകയും ഈ വിഷയത്തില്‍ രണ്ടു പക്ഷമെന്ന വസ്തുതയെ ബലപ്പെടുത്തി വീണ്ടുമെന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തു എന്നതാണ് വാസ്തവം.
സാഹിത്യത്തില്‍ തത്പരയായ എനിക്ക് കവിതയോടുള്ള കമ്പമാണ് എന്നെ ഇങ്ങനെയൊരു ദുരന്തത്തില്‍ എത്തിച്ചത്. എന്റെ ആദ്യ കവിതാസമാഹാരത്തിന്റെ കവര്‍ പ്രകാശനത്തില്‍ ഫേസ്ബുക്കിലൂടെ താങ്കളെ പോലെ സാഹിത്യമേഖലയില്‍ പ്രസിദ്ധനായ ഒരാള്‍ പങ്കെടുത്തിരുന്നുവെന്നതില്‍ എനിക്ക് അഭിമാനം തോന്നിയിരുന്നു. ഞാന്‍ നേരിട്ട് അയച്ചു തന്നിട്ടാണ് താങ്കള്‍ അങ്ങനെ ചെയ്തതെന്ന് നന്ദിയോടെ സ്മരിക്കുന്നു. എന്നാല്‍ അതേ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടുണ്ടായ ഒരു ദുരനുഭവമാണ് ഇന്ന്കേസുമായി മുന്നോട്ടുപോകേണ്ട സ്ഥിതിയിലേക്കത്തിച്ചിരിക്കുന്നത്. മാത്രമല്ല ഏറ്റവും ആഗ്രഹത്തോടെ ഞാന്‍ പുറത്തിറക്കിയ കവിതാ സമാഹാരം വിറ്റഴിക്കാനോ എവിടെയെങ്കിലും പരാമര്‍ശിക്കാനോ കഴിയാത്ത വിധം ഞാന്‍ കെണിയിലകപ്പെട്ടിരിക്കുകയാണ്. സ്വപ്രയത്‌നം കൊണ്ട് സാഹിത്യ രംഗത്തെത്തിയ ഒരു ദലിത് സ്ത്രീ നേരിടുന്ന സാമൂഹിക പ്രശ്‌നമായിട്ടാണ് ഞാന്‍ ഇത് മനസ്സിലാക്കുന്നത്. എന്നാല്‍ ഞാന്‍ മാത്രമല്ല പല എഴുത്തുകാരികള്‍ക്കും ഇയാളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുണ്ടെന്നത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അനേകം സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെങ്കിലും ഇത്രയും കാലം അത് എന്തുകൊണ്ട് പുറത്തറിയാതിരുന്നു എന്നതിന്റെ പ്രധാന കാരണമാണ് ഒരു മാസത്തിലധികമായി ഞാന്‍ നേരിടുന്ന സാമൂഹിക വിചാരണ. സാംസ്‌കാരിക നായകനായി അവരോധിക്കപ്പെട്ട, അഗതികളുടെയും ആലംബഹീനരുടെയും അത്താണിയായ ദലിത് ആദിവാസി സമൂഹങ്ങളുടെ രക്ഷകനായ സര്‍വോപരി ദലിത് /സ്ത്രീ പക്ഷ വാദിയായ ഒരു വ്യക്തിയില്‍ നിന്നുമുണ്ടായ ലൈംഗികാതിക്രമം തുറന്നു പറഞ്ഞു എന്ന കാരണത്താല്‍ കുറ്റവാളിക്കൊപ്പം നിന്നുകൊണ്ട് എന്നെ നിരന്തരം അധിക്ഷേപിച്ച് മെന്റല്‍ ട്രോമയില്‍ നിലനിര്‍ത്തി പൊതുജനമധ്യത്തില്‍ വെച്ച് എന്റെ ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്യാനുള്ള നീക്കം നിസാരക്കാരനായ ഒരാളല്ല എതിരാളിയെന്ന തിരിച്ചറിവ് എനിക്ക് തരുന്നുണ്ട്. യാതൊരു സാമൂഹികാധികാരങ്ങളുമില്ലാത്ത, ഉന്നത തലങ്ങളില്‍ ബന്ധങ്ങളില്ലാത്ത എനിക്ക് സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന എന്നോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യരിലാണ് പ്രതീക്ഷയുള്ളത് എന്നിരിക്കെ താങ്കളെ പോലുള്ളവര്‍ അത്തരം തുരുത്തുകള്‍ കൂടി തകര്‍ത്തു കളയാന്‍ കഴിയുന്ന രീതിയില്‍ നിലപാടില്ലാത്ത വസ്തുതകള്‍ എഴുതി നിറച്ച് പോസ്റ്റുകളിറക്കുന്നത് അപലപനീയമാണ് എന്നറിയക്കട്ടെ. ഏതുതരം യുക്തിയാണ് വേട്ടക്കാരനെയും ഇരയെയും ഒരേ തട്ടില്‍ കാണുന്നതിന് താങ്കളെ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

സോഷ്യല്‍ മീഡിയയില്‍നടക്കുന്ന ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കാനും പരാതി നല്‍കിയ എന്നെ നിരന്തരം അപമാനിക്കാനും അധിക്ഷേപിക്കാനുമാണ് ശ്രമിക്കുന്നത്. പ്രമുഖ ഫെമിനിസ്റ്റ് പണ്ഡിതയുടെ പോസ്റ്റുകള്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ദലിത് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന സ്ത്രീ എന്ന നിലയില്‍ എന്റെ ക്രെഡിബിലിറ്റിയെയും ഡിഗ്നിറ്റിയെയും ചോദ്യം ചെയ്യുകയുംഒരു പബ്ലിക് സ്‌പേസില്‍ വെച്ച് പരാതിക്കാരിയായ എന്നെ നിരന്തരം വിചാരണ നടത്തുകയും എനിക്കു നേരെ മാത്രം വിരല്‍ ചൂണ്ടുകയും കുറ്റം ചെയ്തയാളെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നു. എന്നെ മാത്രമല്ല എന്നോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവരെയുംഅവര്‍ സ്വഭാവഹത്യ നടത്തുന്നു. ഒരു സ്ത്രീ മീട്ടൂ പറഞ്ഞതിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകുന്നത്.മീട്ടൂ, പ്രിവിലേജ്ഡായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായുംദലിത് സ്ത്രീകള്‍ ഇതുപോലെ ജനപ്രിയര്‍ക്കെതിരെ അവരുടെ രക്ഷകര്‍ക്കെതിരെ മീട്ടൂ പറയാന്‍ പാടില്ലെന്നും അവര്‍ ഇത്തരം അനുഭവങ്ങള്‍ രഹസ്യമാക്കി സഹിച്ച് പൊറുക്കുകയാണ് വേണ്ടതെന്നും ഫെമിനിസ്റ്റ് പണ്ഡിത പറയാതെ പറയുന്നു. താങ്കള്‍ ഒപ്പുവച്ച സത്യപ്രസ്താവനയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് എഴുതിയ fb പോസ്റ്റ് ഇവരെ പോലെ കള്‍ച്ചര്‍ലെസ്സ് ഫെമിനിസ്റ്റുകള്‍ എടുത്ത് ആഘോഷിച്ച് അവരോടൊപ്പം താങ്കളെയും പക്ഷം ചേര്‍ക്കുന്നു. സ്ത്രീപക്ഷചിന്താഗതിയില്‍ ഔന്നത്യം പുലര്‍ത്തുന്ന താങ്കള്‍ക്ക് പോലും വീണ്ടുവിചാരമുണ്ടായതിനുള്ള കാരണം എന്നിലും എന്റെ പരാതിയിലുള്ള വിശ്വാസക്കുറവിനെയാണ്സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ എനിക്ക് ഈ സംഭവത്തിന്റെ പ്രസക്തമായ കാരണങ്ങള്‍താങ്കളോട്പറയണമെന്ന് തോന്നുകയാണ്. ഇത് പ്രത്യക്ഷത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകനെന്നറിയപ്പെടുന്ന ഒരാള്‍ക്കു നേരെ ഒരു ദലിത് സ്ത്രീ ഉന്നയിച്ച ലൈംഗികാരോപണം മാത്രമാണ്. എന്നാല്‍ പരോക്ഷമായി കവിതയെ സ്‌നേഹിച്ച, സാഹിത്യ മേഖലയില്‍ ഉയരാനാഗ്രഹിച്ച അടിസ്ഥാനവര്‍ഗത്തില്‍ പെട്ട, എഴുത്തില്‍ വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇപ്പോഴും മുഖമില്ലാത്ത ഒരുവള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ വേദനാജനകമായ കഥയാണ്. മാത്രമല്ല ഒരു വൃദ്ധനുമായി ഞാന്‍ പ്രണയത്തിലായിരുന്നുവെന്നും പ്രണയകലഹമാണ് ഈ പരാതിക്ക് കാരണമെന്നും അയാളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചുവെന്നും അത് തിരിച്ചു കൊടുക്കാനുള്ള മടിയാണ് എന്നു തുടങ്ങി ഇത്തരത്തില്‍ ആര്‍ക്കും എന്തും പറയാവുന്നത്, നിരന്തരം അവഹേളനങ്ങളും അധിക്ഷേപങ്ങളും എനിക്കു മേല്‍ ചൊരിയാന്‍ കഴിയുന്നത് ഞാന്‍ സമൂഹം വെറുക്കപ്പെടുന്ന ഒരു ജാതി ശരീരം കൂടിയായതുകൊണ്ടാണ്.ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ ഞാന്‍ പറയാന്‍ ശ്രമിക്കുകയാണ്. എന്റെ സമൂഹത്തെയും അവര്‍ നേരിടുന്ന ചൂഷണങ്ങളെയും കാവ്യാത്മകമായി ചിത്രീകരിച്ച താങ്കള്‍ക്ക് എന്നെ മനസ്സിലാക്കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആദ്യമായി സിവിക് ചന്ദ്രനെ കാണുന്നത് 2019 ല്‍ ആണ്. എന്റെ ആദ്യ പുസ്തകം മൂവായിരം രൂപ നല്‍കി പാഠഭേദം സബാള്‍ട്ടേണ്‍ ഫെസ്റ്റില്‍വച്ച് പ്രകാശനം ചെയ്തു. പിന്നീട് 2021 ഡിസംബര്‍ 18,19 തീയതികളില്‍ കോഴിക്കോട് നന്ദിയില്‍ വെച്ച് നടന്ന കവിതാ ക്യാംപിലാണ് അയാളെ വീണ്ടും കാണുന്നത്. ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചത് കവി വി.ടി. ജയദേവനാണ്. മനോഹരമായ ഒരു പോസ്റ്ററില്‍ കടപ്പുറത്തെ വെയിലിലും നിലാവിലും പത്ത് കവികള്‍ രണ്ട് ദിവസം എന്നെഴുതിയതിന് താഴെ കൂടെ കല്‍പ്പറ്റ നാരായണന്‍, സജയ് കെ.വി., സിവിക് ചന്ദ്രന്‍, വി.ടി. ജയദേവന്‍ എന്നിങ്ങനെ എഴുതിയിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകളുടെ പേര് പോസ്റ്ററില്‍ ഇല്ലാത്തതെന്ന് ഞാന്‍ ചോദിച്ചിരുന്നുവെങ്കിലും അതിന് വ്യക്തമായ മറുപടി കിട്ടിയില്ല. കവിത ചൊല്ലാനും കവികളെ കേള്‍ക്കാനുമുള്ള താത്പര്യമാണ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതേ സ്ഥലത്ത് വെച്ച് മുമ്പു നടന്ന ഒരു ക്യാംപിലേക്കും എന്നെ വിളിച്ചിരുന്നു.

എന്നാല്‍ അന്നെനിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ക്യാമ്പ് സംഘടിപ്പിച്ചത് കടലിനോട് ചേര്‍ന്ന് മനോഹരമായ ഒരിടത്ത് ഒരു വീട്ടില്‍ വെച്ചായിരുന്നു. എന്നാല്‍ സാധാരണ ക്യാമ്പുകളില്‍ ഉണ്ടാകുന്ന ചിട്ടവട്ടങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. പുതിയ തലമുറയില്‍ പെട്ട സ്ത്രീകളും പുരുഷന്‍മാരുമായ എഴുത്തുകാര്‍ അവിടെ എത്തിയിരുന്നു. സമാനചിന്താഗതിക്കാരായ കവി സുഹൃത്തുക്കളോടൊപ്പമുള്ള കൂടിയിരുപ്പ് സന്തോഷം നല്‍കി. അടച്ചടിക്കാന്‍ റെഡിയായ ഒരു പുസ്തകവുമായാണ് ഞാന്‍ ക്യാംപിലെത്തിയത്. ക്യാമ്പിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ സിവിക് ചന്ദ്രനോട് എന്റെ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഏറ്റവും കുറഞ്ഞ ചെലവില്‍ പുസ്തകം ചെയ്തു തരാമെന്ന് അയാള്‍ പറഞ്ഞു. പുസ്തകത്തിന്റെ കോപ്പി അയാളെ ഏല്പിച്ചു. ഇക്കാര്യം എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. ഞാന്‍ അതിലേക്ക് കൊടുത്ത പ്രതീക്ഷ വളരെ വലുതും സദുദ്ദേശ്യപരവുമായിരുന്നു. കാരണം ഇക്കാര്യങ്ങള്‍ക്ക് സമീപിക്കാവുന്ന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ബോധ്യമുള്ളവര്‍ എന്ന നിലയിലാണ് ഞാന്‍ അവരെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ഞാന്‍ വിശ്വസിച്ചവരുടെ കപട മുഖങ്ങള്‍ അതെത്രമാത്രം വൈരൂപ്യം മുറ്റി ടോക്‌സിക്കായതാണെന്ന ദുഃഖകരമായ അവസ്ഥയിലേക്കാണ് അതെത്തിച്ചത്. കവിതയും പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാഹിത്യ രംഗത്ത് നിലനില്‍ക്കുന്ന ചൂഷണവ്യവസ്ഥയും അതിന് അനുകൂലമായ സാഹചര്യങ്ങളുമാണ് എന്നെ ഇത്തരം പ്രതിസന്ധിയിലാക്കിത്. ഒരു ദലിത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരുപാട് സര്‍വൈവലുകള്‍ തരണം ചെയ്താണ് പൊതുവിടത്തില്‍ വിശ്വസിക്കാവുന്നതും സുരക്ഷിതവുമായ ഒരിടം കണ്ടെത്തുന്നത്. അവ തെറ്റിപ്പോകുന്നത്, അത് ഇരപിടിയന്‍ കേന്ദ്രങ്ങളാകുന്നത് സാംസ്‌കാരിക രംഗത്തിന് അങ്ങേയറ്റം നിന്ദ്യമായ കാര്യമാണ്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനെന്ന നിലയില്‍ ഈ സംഭവത്തെ അത്തരത്തില്‍ പരിശോധിക്കാനും വിലയിരുത്താനും താങ്കള്‍ തയ്യാറാകേണ്ടതുണ്ട്.

സീനിയര്‍ സിറ്റിസണ്‍ നിലയില്‍ വളരെ ബഹുമാനത്തോടെയാണ് ഞാന്‍ സിവിക് ചന്ദ്രനോട് പെരുമാറിയിരുന്നത്. എന്നാല്‍ അയാള്‍ പലപ്പോഴും എന്നോട് എന്നിലെ 'ടീച്ചറത്തം' കളയാനും കൂടുതല്‍ അടുത്ത് ഇടപഴകാനും പറഞ്ഞു കൊണ്ടിരുന്നു. ക്യാംപു കഴിഞ്ഞതിനുശേഷം ഇയാള്‍ പലതവണ അയാളുടെ വീട്ടിലേക്ക് എന്നെ വിളിച്ചു. കവിത എഡിറ്റ് ചെയ്യാമെന്നു പറഞ്ഞു. പക്ഷേ ഞാന്‍ പോയില്ല. പിന്നീട് എന്റെ കാമുകനുമായി അയാളുടെ വീട്ടിലേക്ക് എത്താന്‍ പറഞ്ഞു. എനിക്ക് കൂടെ കൊണ്ടുവരാന്‍ ഒരു കാമുകനില്ലെന്നും കുടുംബത്തോടൊപ്പം എത്താമെന്നും പറഞ്ഞു. എന്നാല്‍ ഹസ്ബന്റിനെ കൊണ്ടുവരേണ്ടെന്നും മക്കളോടൊപ്പം എത്താനും പറഞ്ഞു. എന്നാല്‍ ഞാന്‍ അതിന് താത്പര്യപ്പെട്ടില്ല. കുറേ കാലം മിണ്ടാതിരുന്നു.അപ്പോഴാണ് പാഠഭേദത്തിന്റെ എഡിറ്റര്‍ഷിപ്പ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. എഡിറ്റോറിയല്‍ അംഗത്വം താത്പര്യമില്ലാതെ സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ 'അങ്ങനെ അകത്താക്കി ' എന്നായിരുന്നു അയാളുടെ മെസേജ്.

പിന്നീടാണ് അയാള്‍ വാട്‌സാപ്പില്‍ പലതരത്തിലുള്ള ചാറ്റുകള്‍ അയക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ വൃദ്ധനായ ഒരാളുടെ ഒറ്റപ്പെട്ട മാനസികാവസ്ഥ എന്നൊക്കെ വിചാരിച്ചുവെങ്കിലും അതിരു കടന്ന ചില മെസ്സേജുകള്‍ കണ്ട് എന്നെ അത്തരത്തില്‍ കാണരുതെന്ന് തീര്‍ത്തു പറഞ്ഞു. എന്നാല്‍ പുസ്തകത്തിന്റെ കോപ്പി അയാള്‍ക്ക് നല്‍കിയിരുന്നതിനാലും അത് എത്രയും പെട്ടന്ന് പ്രസിദ്ധീകരിച്ചു കിട്ടേണ്ട ആവശ്യം എന്റെ മുന്നിലുണ്ടായിരുന്നതിനാലും അയാളെ പൂര്‍ണമായും ഒഴിവാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇതിന്റെ തുടര്‍ച്ചയാണ് 'ഒറ്റപ്പെസ്സാച്ചെലവില്ലാതെ നിന്റെ രണ്ട് പുസ്തകങ്ങളാണ് ഞാന്‍ പ്രകാശനം ചെയ്തത് ' എന്ന മുഖവുരയോടെ പുസ്തക പ്രകാശനത്തിന്റെ പേരില്‍ അയാള്‍ക്ക് എന്നെ കൈയ്യേറ്റം ചെയ്യാന്‍ കഴിഞ്ഞത്. അയാള്‍ പറഞ്ഞ ഒറ്റപ്പൈസ്സച്ചെലവില്ലാത്ത പുസ്തകങ്ങള്‍ എന്റെ സര്‍ഗ്ഗാത്മകമായ ആത്മാവിഷ്‌കാരങ്ങളാണ്. അത് മറ്റൊളുടെ ബാധ്യതയാകാന്‍ ഞാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. അത് പ്രകാശനം ചെയ്തതില്‍ അയാള്‍ക്ക് സാമ്പത്തികമോ മറ്റേതെങ്കിലും തരത്തിലോ നഷ്ടമുണ്ടായിട്ടില്ല. എങ്കിലും അയാള്‍ക്കത് പറയാന്‍ കഴിഞ്ഞത് ഒരു പുരുഷനെന്ന നിലയില്‍ അയാള്‍ പങ്കുപറ്റുന്ന സാമൂഹികാധികാരത്തില്‍ നിന്നാണ്. ഞാന്‍ ഒരു ദലിത് സ്ത്രീയായതിനാല്‍ അത് എന്നില്‍ പ്രയോഗിക്കുക എന്നത് എളുപ്പമുള്ള പ്രകിയയാണ്. 'ഒറ്റപ്പെസ്സാച്ചെലവില്ലാത്ത പ്പുസ്തകങ്ങള്‍ 'എന്നത് ഞാനുള്‍പ്പെടുന്ന ദലിത് സമൂഹത്തോട് ഉയര്‍ത്തുന്ന വെല്ലുവിളി നിറഞ്ഞ പ്രസ്താവനയാണ്. അതിനെ ഞാനെന്റെ മുഴുവന്‍ ശക്തിയുമെടുത്ത് പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഒരാളില്‍ നിന്നും ഒരു തരത്തിലുള്ള ഔദാര്യവും ഒന്നിനുവേണ്ടിയും കൈപ്പറ്റിയിട്ടില്ലാത്ത ഒരുവളുടെ മനസ്സുറപ്പാണത്.

പാഠഭേദം രൂപീകരിച്ച IC യും ഇതേ മനോഭാവമാണ് പിന്തുടര്‍ന്നത്. അവര്‍ നിലനിലനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സര്‍വ്വാധികാരിയായ പുരുഷനെ സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഐ. സി അംഗങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അവരില്‍ രണ്ടുപേര്‍ ഞാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഫോണില്‍ കൂടിയും ഗൂഗിള്‍ മീറ്റിലും പല തവണ ഞാന്‍ നേരിട്ട പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതെല്ലാം കേട്ടു നിന്ന് സഹതപിച്ച അവരുടെ മുമ്പില്‍ ഞാന്‍ രണ്ട് ആവശ്യങ്ങള്‍ വെച്ചു. ഒന്ന് പാഠഭേദം ഈ വിഷയം അഡ്രസ്സ് ചെയ്യണം. രണ്ട് സിവിക് ചന്ദ്രനെന്ന സീരീസ് സ്ത്രീ പീഡകനെ പാഠഭേദത്തില്‍ നിന്നും സാംസ്‌കാരികവേദികളില്‍ നിന്നും പുറത്താക്കണം. ആദ്യത്തേത് അവര്‍ സമ്മതിച്ചു. രണ്ടാമത്തേത് അവര്‍ തന്ത്രപൂര്‍വ്വം കൈയൊഴിഞ്ഞു. അവരുടെ നിലപാടുകളെ ഞാന്‍ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ പിന്നില്‍ മറ്റാളുകളുണ്ടെന്ന് അവര്‍ വിശ്വസിച്ചു. ഞാന്‍ എന്റെ തലകൊണ്ടല്ല ചിന്തിക്കുന്നതെന്നും മറ്റാളുകള്‍ക്ക് വേണ്ടി സംസാരിക്കുകയാണെന്നും വരുത്തി തീര്‍ത്തു. എന്റെ പ്രശ്‌നത്തില്‍ തെളിവുകളില്ലെന്നും സിവിക് ചന്ദ്രന്‍ മാപ്പുപറയുമെന്നും പറഞ്ഞ് അവര്‍ ഇത് ചുരുട്ടി കൂട്ടി കെട്ടിവെച്ചു. എന്നാല്‍ അവര്‍ എനിക്കയച്ച റിപ്പോര്‍ട്ടില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ വിശദീകരണം വായിച്ച ഞാന്‍ ഞെട്ടിയുണര്‍ന്നു. നിഷ്‌കളങ്കനായ അയാള്‍ ചെയ്ത അപരാധം ഞാന്‍ തെറ്റിദ്ധരിച്ചതാണെന്ന്. ഒരു വൃദ്ധന്റെ സത്യസന്ധമായ ഒരേറ്റുപറച്ചിലിനു പകരം വീണ്ടും ആരോപണങ്ങള്‍ എനിക്കുമേല്‍ ഉന്നയിച്ച് വേണമെങ്കിലൊരു മാപ്പ് പറയാമെന്നയാള്‍ പറഞ്ഞത് വായിച്ച് ഞാന്‍ നിന്ന് വിറച്ചു. ഒരു സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും പുല്ലുവില കല്പിക്കാത്ത കപട സദാചാര പാഠങ്ങള്‍ പാഠഭേദമെന്ന പേരില്‍ പടച്ചുവിടുന്ന ഇവനെപ്പോലുള്ളവരെ സമൂഹത്തിന് മുമ്പില്‍ തുറന്നു കാട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കി സത്യം തെളിയിക്കാതെ ഇനി വിശ്രമമില്ല എന്നുറച്ചു തീരുമാനിച്ചതിന്റെ ഭാഗമാണ് ഞാന്‍ നിയമപരമായി മുന്നോട്ട് പോകുന്നത്. പണവും പ്രതാപവും പേറുന്ന മനുഷ്യ ബുള്‍ഡോസറുകള്‍ ഉച്ചഭാഷിണിയിലൂടെ അയാള്‍ക്കായി പ്രതിരോധ മറകള്‍ കെട്ടിയുയര്‍ത്തുമ്പോള്‍ നാളെ ഒരുപക്ഷേ നിയമത്തിന്റെ മുമ്പില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടേക്കാം. എത്ര തന്നെ സംരക്ഷണ ഭിത്തിയുയര്‍ത്തി കെട്ടി വിശുദ്ധ പദവി നല്‍കിയാലും ഞാന്‍ ചവിട്ടിത്തെറിപ്പിച്ച ചെളി തൂത്ത് വൃത്തിയാക്കാന്‍ ഈ കള്‍ച്ചര്‍ലെസ്സ് ബുള്‍ഡോസറുകള്‍ക്ക് കഴിയുകയില്ല. അയാള്‍ക്കെതിരെ വീണ്ടും വീണ്ടും ഉയര്‍ന്നു വരുന്ന പരാതികള്‍ അതാണ് സൂചിപ്പിക്കുന്നത്.

അടിസ്ഥാന ജനവിഭാഗത്തില്‍പെട്ട എന്നെ പോലെയുള്ളവര്‍ക്ക് അവര്‍ ഇടപഴകുന്ന ഇടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന ഒന്നാണ് പൊതു സമൂഹത്തിന്റെ സംശയത്തിന്റേതായ രണ്ടാം കണ്ണ്.ആ കണ്ണ് കുത്തിപ്പൊട്ടിക്കാതെ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.പൊതുസമൂഹത്തിന് മുമ്പില്‍എനിക്ക് ഒരു സ്ത്രീ എന്നുമാത്രം പറയാന്‍ കഴിയില്ല. കാരണം ഞാനുള്‍പ്പെടുന്ന സമൂഹം കാലങ്ങളായിഅനുഭവിക്കുന്ന സാമൂഹിക അടിമത്തംദലിത് എന്ന 'വിശേഷണം' എനിക്കുമേല്‍ ചേര്‍ക്കപ്പെട്ടു. അതുകേള്‍ക്കുന്നതോടുകൂടി ഞാന്‍ പൊതുജനമനസ്സിന്വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ഒരുവളായി മാറുന്നു. സിവിക് ചന്ദ്രനെതിരെ ഞാനെഴുതിയ കുറിപ്പ് കണ്ടില്ലെന്നു നടിച്ച സാംസ്‌കാരിക ലോകം പ്രിവിലേജ്ഡായ മറ്റൊരു കവി അവര്‍ സാക്ഷിയായ ഒരനുഭവം എഴുതിയപ്പോഴാണ് അത് കേള്‍ക്കാന്‍ തയാറായത്.ഞാനുള്‍പ്പെടുന്ന ദലിത് സ്ത്രീ സമൂഹം ഇക്കാലത്തും ജാതി ബാധയാല്‍ അത്രയേറെ പുറന്തള്ളപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണിത്. നിയമപരമായിപരാതി നല്‍കിയാലും കുറ്റവാളിയെ സംരക്ഷിക്കാനും ഇരയെ തേജോവധം ചെയ്യാനും സാധിക്കുന്ന മനോവൈകൃതമാണ് ഇര ദലിത് സ്ത്രീയാണെങ്കില്‍പൊതുസമൂഹം പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ ഒരു മാസമായിഞാന്‍ ഇത് നേരിട്ടു കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ ഇത്രവരെ എത്തിയിട്ടും ഇപ്പോഴും വട്ടംകൂടിയിരുന്ന് എന്റെ പരാതിയില്‍ തറുതല പറഞ്ഞ് സിദ്ധാന്തം ചമയ്ക്കുന്നവര്‍ക്ക് താങ്കളുടെ ഒരു വാക്കുകൊണ്ടുപോലും പിന്തുണ നല്‍കി അവരെ പ്രോത്സാഹിപ്പിക്കരുത് എന്നപേക്ഷ. സിവിക് ചന്ദ്രനില്‍ നിന്ന് നിരന്തരം പീഡനങ്ങളേറ്റിട്ടും ഇപ്പോഴും തുറന്നു പറയാന്‍ മടിക്കുന്ന സഹോദരിമാര്‍ക്കുവേണ്ടി സ്വന്തം നിലനില്പ് കൂടി മറന്ന് പൊരുതാനിറങ്ങിയ സ്ത്രീകള്‍ക്ക് മനോധൈര്യം പകരാന്‍ ശ്രമിച്ചില്ലെങ്കിലും അവരുടെ ഉള്ളില്‍ കത്തുന്ന ഉലയിലേക്ക് വെള്ളമൊഴിച്ച് കെടുക്കാതിക്കുക. അവരെ വീണ്ടും മാനസികാഘാതത്തിലാഴ്ത്താതിരിക്കുക.

സാഹിത്യ അക്കാദമി സാഹിത്യ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തി ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ പിന്തുണയ്ക്കണമെന്നു കൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

എന്ന്
വിശ്വസ്തതയോടെ
സിവിക് ചന്ദ്രന്റെ ലൈംഗികാതിക്രമം തുറന്നു പറഞ്ഞതിനാല്‍ സാമൂഹിക വിചാരണ നേരിടുന്നവള്‍
ഒപ്പ്.

Content Highlights: Civic Chandran, Sexual Harassment, Survivor, kerala sahithya Academy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented