ഏഴ് പതിറ്റാണ്ടിന്റെ സൗഹൃദം; മാഹി കലാഗ്രാമത്തിൽ ടി. പത്മനാഭന് പ്രതിമയുമായി കുഞ്ഞിക്കണ്ണൻ


കെ.എ. ജോണി

ടി. പത്മനാഭന്റെ പ്രതിമ

1952-ൽ 77 ബി ഹാരിസിൽ തുടങ്ങിയ സൗഹൃദം. മലയാളത്തിന്റെ ധൈഷണിക- കലാലോകത്തിന് മറക്കാനാവാത്ത മേൽവിലാസമാണ് 77 ബി ഹാരിസ് റോഡ്. ചെന്നൈയിലെ ഈ വീട്ടിലായിരുന്നു മലയാളം കണ്ട ധിഷണശാലികളായ എഴുത്തുകാരിൽ മുൻനിരയിൽ സ്വയമൊരു കസേര വലിച്ചിട്ടിരിക്കാൻ എന്തുകൊണ്ടും പ്രാപ്തിയുള്ള എം. ഗോവിന്ദൻ താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് മലയാളത്തിന്റെ പ്രിയങ്കരനായ ചെറുകഥാകൃത്ത് ടി. പത്മനാഭൻ ആദ്യമായി എ.പി. കുഞ്ഞിക്കണ്ണനെ കണ്ടത്. ''ഗോവിന്ദനുമായി എനിക്ക് 1948 മുതൽ പരിചയമുണ്ട്. നേരിട്ടുകണ്ടത് 1952-ലാണ്. അന്ന് അവിടെ ഗോവിന്ദനൊപ്പം കുഞ്ഞിക്കണ്ണനുമുണ്ടായിരുന്നു.'' ഏഴ് പതിറ്റാണ്ടിന്റെ ഗാഢവും തീവ്രവുമായ സൗഹൃദത്തിന്റെ ഊഷ്മളതയിൽ പത്മനാഭന്റെ വാക്കുകൾ സാന്ദ്രമാവുന്നു. ഈ സൗഹൃദത്തിനാണ് ഇപ്പോൾ മയ്യഴിയിലെ മലയാള കലാഗ്രാമത്തിൽ അനശ്വരതയുടെ കൈയ്യൊപ്പ് ചാർത്തപ്പെടുന്നത്.

ജീവിച്ചിരിക്കുന്ന ഒരാളുടെ പ്രതിമ സ്ഥാപിക്കുക എന്നത് പൊതുവെ നാട്ടുനടപ്പല്ല. ''എന്റെ ഓർമ്മയിൽ കേരളത്തിൽ ഇങ്ങനെയൊന്നുണ്ടായിട്ടില്ല. തമിഴകത്തുണ്ടായിട്ടുണ്ട്. കുഞ്ഞിക്കണ്ണനും ശിൽപി മനോജ്കുമാറും ഈ പദ്ധതി മുന്നോട്ടുവെച്ചപ്പോൾ ഞാൻ എതിർത്തു. ഇതൊരു തരം ഭ്രാന്തല്ലേ എന്നായിരുന്നു സന്ദേഹം. പക്ഷേ, കുഞ്ഞിക്കണ്ണൻ തീരുമാനത്തിൽ ഉറച്ചുനിന്നു.'' നവംബർ 21-ന് തിങ്കളാഴ്ച കലാഗ്രാമത്തിൽ സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ ശശി തരൂർ എം.പി. അനാവരണം ചെയ്യുന്ന ടി. പത്മനാഭന്റെ പ്രതിമയുടെ പിറവിയിലേക്കാണ് അദ്ദേഹം വിരൽചൂണ്ടുന്നത്.രണ്ട് കൊല്ലം മുമ്പ് കോവിഡ് ഉയർത്തിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ് കണ്ണൂരുകാരൻ മനോജ്കുമാറിന് മുന്നിൽ എഴുത്തുകാരുടെ പ്രതിമ എന്ന ആശയത്തിന് രൂപം നൽകിയത്. തുടക്കം ടി. പത്മനാഭനിൽ നിന്നാവട്ടെ എന്നതിൽ മനോജിന് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. മനോജിന്റെ പണിപ്പുരയിൽ പത്മനാഭന്റെ പ്രതിമ ആവിഷ്‌കരിക്കപ്പെടുന്നതറിഞ്ഞതോടെ അതിന്റെ സകല ഉത്തരവാദിത്വവും കുഞ്ഞിക്കണ്ണൻ ഏറ്റെടുത്തു.

എ .പി. കുഞ്ഞിക്കണ്ണനും ടി. പത്മനാഭനും

സോഷ്യലിസത്തോടും സ്വതന്ത്രചിന്തയോടുമുള്ള അദമ്യമായ സമർപ്പണമാണ് കുഞ്ഞിക്കണ്ണനെ പഴയ മദിരാശിയിൽ എം. ഗോവിന്ദന്റെ അടുത്തെത്തിച്ചത്. എം.എൻ. റോയിയുടെ റാഡിക്കൽ സോഷ്യലിസമായിരുന്നു ഈ അടുപ്പത്തിന്റെ വലിയൊരു കണ്ണി. കണ്ണൂരിലെ ചൊക്ലിയിൽനിന്ന് നന്നേ ചെറുപ്പത്തിൽ മദിരാശിയിൽ എത്തിയ കുഞ്ഞിക്കണ്ണന്റെ വളർച്ച നമുക്ക് ടി. പത്മനാഭന്റെ വാക്കുകളിൽ കേൾക്കാം: ''1952-ലാണ് പഠിക്കാനായി ഞാൻ മദിരാശിയിൽ എത്തിയത്. വന്നിറങ്ങിയ അന്ന് തന്നെ 77 ബി ഹാരിസ് റോഡിലുള്ള വീട്ടിൽ പോയി ഗോവിന്ദനെ കണ്ടു. അപ്പോൾ അവിടെ കുഞ്ഞിക്കണ്ണനുമുണ്ടായിരുന്നു. അന്ന് കുഞ്ഞിക്കണ്ണൻ വലിയ പണക്കാരനോ മുതലാളിയോ ആയിട്ടില്ല. കുഞ്ഞിക്കണ്ണന്റെ വേഷം ഖദറായിരുന്നു. ഞാനും ഖദറിലായിരുന്നു. ലോഡ്ജ്, കാന്റീൻ, മദ്രാസ് തുറമുഖത്തെ കയറ്റിറക്ക് ഇടപാടുകൾ എന്നിങ്ങനെ കുഞ്ഞിക്കണ്ണന്റെ വളർച്ചയ്ക്ക് പിന്നീടങ്ങോട്ട് ഞാൻ സാക്ഷിയായി.''

''ഇതിനൊപ്പം ഞങ്ങളുടെ സൗഹൃദവും വളർന്നു. 1955-ൽ ഞാൻ മദ്രാസിലെ വിദ്യാഭ്യാസം മതിയാക്കി നാട്ടിലേക്ക് വന്നു. തുടർന്നും ഒരു കൊല്ലം ആറോ ഏഴോ തവണയെങ്കിലും ഞാൻ മദ്രാസിലേക്ക് പോകുമായിരുന്നു. എല്ലാ വർഷവും സംഗീതസഭകൾ സംഘടിപ്പിക്കുന്ന മാർകഴി സംഗീത മഹോത്സവമായിരുന്നു മുഖ്യ ആകർഷണം. ഒപ്പം മദ്രാസ് കേരള സമാജവും മറ്റും സംഘടിപ്പിക്കാറുള്ള സാഹിത്യ സമ്മേളനങ്ങളും. മദ്രാസിൽ പഠിക്കുന്ന കാലത്താണ് എന്റെ പ്രധാനപ്പെട്ട ചെറുകഥകളിൽ പലതും പ്രസിദ്ധികരിക്കപ്പെട്ടത്. പ്രകാശം പരത്തുന്ന പെൺകുട്ടി, മൈഥിലി നീ എന്റേതാണ്, ഒരു ചെറിയ ജീവിതവും വലിയ മരണവും, കടയനെല്ലൂരിലെ ഒരു സ്ത്രീ, മഖൻസിങ്ങിന്റെ മരണം എന്നീ കഥകളൊക്കെ ആ സമയത്ത് എഴുതപ്പെട്ടവയാണ്. ഈ കാലത്തൊക്കെ എനിക്ക് താങ്ങും തണലുമായി കുഞ്ഞിക്കണ്ണനുണ്ട്. അന്ന് ഞങ്ങളുടെ കൂട്ടത്തിൽ ഗോവിന്ദനൊപ്പം എം.വി. ദേവനുമുണ്ടായിരുന്നു. ഇതിൽ ഗോവിന്ദൻ ആദ്യം മരിച്ചു. പിന്നെ ദേവൻ പോയി. ഇപ്പോൾ ഞാനും കുഞ്ഞിക്കണ്ണനും ബാക്കിയുണ്ട്.''

''കുഞ്ഞിക്കണ്ണന്റെ ജീവിതത്തിലെ രണ്ട് വലിയ നേട്ടങ്ങളാണ് മാഹി കലാഗ്രാമവും ചെന്നൈ അതിർത്തിയിലെ ഊത്തുക്കോട്ടയിലുള്ള കാർഷിക തോട്ടവും. രണ്ടും രണ്ട് രീതിയിലുള്ള ആവിഷ്‌കാരങ്ങളാണ്. പക്ഷേ, രണ്ടിന്റെയും ഉള്ളടക്കം സ്നേഹത്തിലും സർഗ്ഗാത്മകതയിലും അധിഷ്ഠിതമാണ്. മാഹിയിൽ കലാഗ്രാമത്തിനായി സ്ഥലം നോക്കാൻ പോകുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു. കലാഗ്രാമത്തിന്റെ മുപ്പതാം വാർഷികമാണ്. മുൻ രാഷ്ട്രപതി വെങ്കട്ടരാമൻ മുതൽ എത്രയോ പ്രഗത്ഭരും പ്രസിദ്ധരും കലാഗ്രാമത്തിൽ വന്നുപോയിട്ടുണ്ട്. പക്ഷേ, എല്ലാ പരിപാടികളിലും അദ്ധ്യക്ഷൻ ഞാനായിരിക്കണമെന്ന് കുഞ്ഞിക്കണ്ണന് നിർബ്ബന്ധമായിരുന്നു.''

ടി. പത്മനാഭൻ പ്രതിമയിൽ മിനുക്കുപണി നടത്തുന്ന ശിൽപ്പി മനോജ് കുമാർ

''ജീവിച്ചിരിക്കുന്ന ഒരാൾക്ക് പ്രതിമയുണ്ടാക്കണമോ എന്ന് ഞാൻ കുഞ്ഞിക്കണ്ണനോട് ചോദിച്ചിരുന്നു. ഒരു കുഴപ്പവുമില്ലെന്നായിരുന്നു കുഞ്ഞിക്കണ്ണന്റെ മറുപടി. വാസ്തവത്തിൽ കുഞ്ഞിക്കണ്ണന് ഞാനാണ് ആദ്യം പ്രതിമ തീർത്തത്. വാക്കുകൾ കൊണ്ടുള്ള ശിൽപം. ചുരുങ്ങിയത് എന്റെ നാല് കഥകളിലെങ്കിലും കുഞ്ഞിക്കണ്ണനാണ് നായകൻ. ഒരു സ്വപ്നം പോലെ എന്ന കഥ ഊത്തുക്കോട്ടയിലെ കാർഷിക തോട്ടത്തിന്റെ പരിസരത്തിൽ എഴുതപ്പെട്ടതാണ്. ഉരുളൻ കല്ലുകൾ നിറഞ്ഞ വെറും തരിശുഭൂമിയാണ് ഇപ്പോൾ മാവിൻതോപ്പും നെൽവയലും കരിമ്പിൻതോട്ടവുമൊക്കെയായി വിളഞ്ഞു നിൽക്കുന്നത്. ചിത്തരഞ്ജിനി എന്ന കഥയിലും കുഞ്ഞിക്കണ്ണനാണ് നായകൻ. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന വ്യക്തിക്ക് വാക്കുകളിൽ ഞാൻ തീർക്കുന്ന ശിൽപങ്ങൾ. ഞങ്ങൾ തമ്മിലുള്ള ബന്ധം എത്ര പറഞ്ഞാലും തീരില്ല. അത് ഞങ്ങളുടെ ജീവിതം തന്നെയാണ്. കുഞ്ഞിക്കണ്ണന് 96 വയസ്സായി. എനിക്ക് 94.''

വെങ്കലത്തിലുള്ള ശിൽപത്തിന് നൂറു കിലോയോളം തൂക്കം വരുമെന്ന് ശിൽപി മനോജ്കുമാർ പറഞ്ഞു: ''രണ്ട് കൊല്ലം മുമ്പ് മനസ്സിൽ മുളപൊട്ടിയ ആശയമാണ്. പപ്പേട്ടന്റെ സ്വഭാവം ശിൽപത്തിലേക്കാവഹിക്കുക എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന്റെ ഗാംഭീര്യം, താൻപോരിമ, ആധികാരികത ഇവയൊക്കെ പ്രതിഫലിക്കണം. ഈ പദ്ധതി അറിഞ്ഞപ്പോൾ കുഞ്ഞിക്കണ്ണേട്ടൻ അതേറ്റെടുത്തു. അവർ തമ്മിലുള്ള സൗഹൃദം അത്രയേറെ ഗാഢവും തീവ്രവുമാണ്. പ്രതിമ പൂർത്തിയാവുന്നതു വരെ പപ്പേട്ടൻ സംഗതി അറിഞ്ഞിരുന്നില്ല. പൂർത്തിയായപ്പോൾ പപ്പേട്ടൻ വന്നു കണ്ടു, ഇഷ്ടപ്പെട്ടു. ആർട്ടിസ്റ്റുകൾക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്നവരാണ് രണ്ട് പേരും. നമ്മളേക്കാൾ ചെറുപ്പമാണ് ഇപ്പോഴും അവരുടെ മനസ്സ്.''

Content Highlights: T Padmanabhan, AP Kunhikkannan, Statue, Mahe Kalagamam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented