ഭാസ്‌കരന്‍ മാസ്റ്ററിന്റെ നായികയ്ക്ക് പുഷ്പപാദുകമൊന്നുമുണ്ടാവില്ല, ചക്രവര്‍ത്തിനിയുമായിരിക്കില്ല- ഷിബു ചക്രവര്‍ത്തി


ഭക്തിയായിക്കൊള്ളട്ടെ, ഹാസ്യമായിക്കൊള്ളട്ടെ, ആക്ഷേപഹാസ്യമായിക്കൊള്ളട്ടെ...പാട്ടിനെ നവരസങ്ങളിലേക്ക് പറിച്ചുനടാന്‍ അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. മലബാര്‍ പ്രാദേശികഭാഷയുടെ സ്വാധീനം അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ പ്രകടമായിക്കാണാമായിരുന്നു.

shibu chakravarthy

വാക്കുകൾ ആറ്റിക്കുറുക്കിയുണ്ടാക്കുന്ന രചനകളിൽ ഏറെ ശ്രദ്ധവേണ്ടതും അതേസമയം തന്നെ ജനകീയമായിത്തീരേണ്ടതുമാണ് ചലച്ചിത്രഗാനങ്ങൾ. പാണ്ഡിത്യത്തെക്കാൾ ഗാനരചയിതാവിന്റെ പൊതുബോധമാണ് ചലച്ചിത്രഗാനങ്ങളായി പിറക്കേണ്ടത്. വാക്കുകൾകൊണ്ടുള്ള തച്ചുപണിയിലെ പെരുന്തച്ചന്മാരായി മലയാളം വാഴ്ത്തുന്നത് വയലാറിനെയും പി.ഭാസ്കരൻ മാഷിനെയും ഒ.എൻ.വിയെയുമൊക്കെയാണ്. നാമിക്കാലമത്രയും കേട്ട പാട്ടുകളെല്ലാം കൂടി മരണപ്പെട്ടാൽ ഏറ്റവും ഒടുവിലേ ഭാസ്കരൻ മാസ്റ്ററുടെ പാട്ടുകൾ മരണം വരിക്കുകയുള്ളൂ എന്നു പറയുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ഷിബുചക്രവർത്തി. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.

പി.ഭാസ്കരൻ എന്നൊരു പാട്ടെഴുത്തുകാരനില്ലായിരുന്നെങ്കിൽ ഞാൻ ജീവിതത്തിൽ ഒരക്ഷരവും എഴുതില്ലായിരുന്നു. കാരണം അദ്ദേഹത്തിന്റെ എഴുത്തിനോട് തോന്നിയ കൊതി, അതൊരു വല്ലാത്ത കൊതിയായിരുന്നു. ഒരു പക്ഷേ വയലാറിനേക്കാളും കൂടുതൽ കേട്ടിരുന്നത് ഭാസ്കരൻ മാസ്റ്ററിനെയായിരുന്നു. അദ്ദേഹത്തെ ആദ്യമായി കാണുന്നത് സെൻസർബോർഡ് അംഗമായിരിക്കുമ്പോളാണ്. എന്റെ 'നായർസാബ്' എന്ന സിനിമയുടെ സെൻസർ സംബന്ധമായ വർക്കുകളുമായി തിരുവനന്തപുരം കലാഭവന്റെ റിസപ്ഷനിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. ''മാഷേ ചെമ്പരത്തിപൂവേ ചൊല്ലൂ എഴുതിയ ഷിബു ചക്രവർത്തി ആണ്'' എന്ന് സ്വയം പരിചയപ്പെടുത്തി. വാത്സല്യത്തോടുകൂടി തോളത്ത് കൈവച്ച് അദ്ദേഹം സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഞാൻ ശ്രദ്ധിച്ചിരുന്നു ആ എഴുത്ത്.' ഏറ്റവും മഹത്തായ ഒരു പുരസ്കാരം ലഭിച്ച ആനന്ദമായിരുന്നു എനിക്കപ്പോൾ. ആ ചേർത്തുപിടിക്കലിൽ ഞാനെഴുതിയ പാട്ടുകളോടുള്ള കരുതൽ കാണാമായിരുന്നു.

'ഇന്നലെ രാത്രി ഞാനൊരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി...' മലയാളകവിതയെ സർറിയലിസ്റ്റിക് തലത്തിലേക്ക് കൈപിടിച്ചുയർത്തിയ ചങ്ങമ്പുഴക്കവിത. അതിനുസമാനമായ സർറിയലിസ്റ്റിക് പ്രതിഫലനങ്ങൾ ഗാനരചനയിൽ കൊണ്ടുവന്നത് പി. ഭാസ്കരൻ മാസ്റ്ററായിരുന്നു-'നീലമാമരങ്ങളിൽ ചാരിനിന്നിളംതെന്നൽ താളമടിക്കാൻപോലും മറന്നുപോയി...'എന്നദ്ദേഹം എഴുതി. അവിടെയാണ് പി. ഭാസ്കരൻ എന്ന ഗാനരചയിതാവ് മാസറ്റർ ആവുന്നത്. 'വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ വേലിക്കൽ നിന്നവനേ..'.എന്ന് മാസ്റ്റർ എഴുതുമ്പോൾ സിനിമ കാണാത്തവനുപോലും പാട്ടുരംഗങ്ങൾ ഭാവനയിൽ കാണാൻ കഴിയും. അത്തരത്തിൽ മലയാള ഗാനരചനാമേഖല ദൈവികസ്ഥാനത്തു കാണുന്നു അദ്ദേഹത്തെ.

shibu chakravarthy
ഷിബു ചക്രവർത്തി. ഫോട്ടോ: അഖിൽ. ഇ.എസ്

മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എന്റെ/ മാനസവ്യാമോഹമുണരുന്നു/ ഏതോ കാമുകന്റെ നിശ്വാസം കേട്ടുണരും / ഏഴിലം പാലപൂവെന്ന പോലെ/അടക്കുവാൻ നോക്കി ഞാനെൻ ഹൃദയവിപഞ്ചികയിൽ/ അടിക്കടി തുളുമ്പുമീ പ്രണയഗാനം/ഒരു മുല്ലപ്പൂമൊട്ടിൽ ഒതുക്കുവതെങ്ങനെയീ/ ഒടുങ്ങാത്ത വസന്തത്തിൽ മധുരഗന്ധം? 'ഒടുങ്ങാത്ത' എന്നൊക്കെ പറയുന്ന പ്രയോഗം നമ്മുടെ സാധാരണ സംഭാഷണങ്ങളിൽ ഉപയോഗിക്കുന്നവയാണ്. അതാണ് അദ്ദേഹം തന്റെ വർണനാതീതമായവസന്തത്തെ വിവരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അന്നേവരെ 'ഒടുങ്ങാത്ത' എന്ന പദത്തിനുണ്ടായിരുന്ന അർഥത്തിൽനിന്നും പുതിയൊരു തലത്തിലേക്ക് ഉയർന്നു ആ വാക്ക്. 'കണ്ണഞ്ചിരട്ടയിൽ കരിഞ്ചീരരിഞ്ഞിട്ട് ബിരിയാണി വെച്ചില്ലേ...'നൊസ്റ്റാൾജിയയെ ഇനി എങ്ങനെ അവതരിപ്പിക്കേണ്ടൂ? ഭാസ്കരൻ മാസ്റ്റർ പടച്ചുവിട്ട പദവിപ്ളവത്തെക്കുറിച്ച് എണ്ണിപ്പറയാൻ തുടങ്ങിയാൽ സമയവും കാലവും തന്നെ മതിയാവുകയില്ല. ''പണ്ടുനമ്മൾ കണ്ടിട്ടില്ല പവിഴമല്ലി പൂവനത്തിൽ/പാട്ടുപാടി പാട്ടുപാടി ഓടിയിട്ടില്ല/അച്ഛനമ്മമാരീബന്ധം നിശ്ചയിച്ചനാളിൽ പ്രേമം/ പിച്ചവെച്ച് പിച്ചവെച്ച് മനസ്സിലെത്തി/ മാരൻ പിച്ചകപ്പൂവമ്പുമായി മനസ്സിലെത്തി...''പ്രണയത്തെ നിഷേധിച്ചുകൊണ്ട് എഴുതിയിരിക്കുന്ന ഒരു പ്രണയഗാനം!

കേരളത്തിൽ ഗൾഫ്ബൂം നിറഞ്ഞുനിന്ന നാളുകളിലാണ് കാസറ്റ് വിപ്ളവം അലയടിച്ചത്. മിക്കപാട്ടുകളും കാസറ്റിലേക്ക് പകർത്തിക്കിട്ടും. അങ്ങനെയൊരു കാലത്ത് ഒരു കാസറ്റ് എവിടെനിന്നൊക്കെയോ കറങ്ങിത്തിരിഞ്ഞ് എന്റെ കയ്യിലെത്തി. ആ പാട്ടിന്റെ പാറ്റേൺ കണ്ടിട്ട് എഴുത്ത് ഭാസ്കരൻ മാഷിന്റേതാവാനേ തരമുള്ളൂ-''ഇക്കരെ നിന്നാൽ ഒടുക്കത്തെ പാട്/ അക്കരെ പോയാൽ ഒടുക്കത്തെ ചൂട് /ഒടുക്കത്തെ പാട്, ഒടുക്കത്തെ ചൂട്, ഒടുക്കത്തെ ഒലക്കേന്റെ മൂട്....'' സർക്കാസത്തിന്റെയും ഹാസ്യത്തിന്റെയും പ്രതിഫലനം ഗാനരചനയിലേക്ക് ആവാഹിക്കാൻ ആ മാന്ത്രികന് അസാമാന്യപാടവം തന്നെയായിരുന്നു.

ഭക്തിയായിക്കൊള്ളട്ടെ, ഹാസ്യമായിക്കൊള്ളട്ടെ, ആക്ഷേപഹാസ്യമായിക്കൊള്ളട്ടെ... പാട്ടിനെ നവരസങ്ങളിലേക്ക് പറിച്ചുനടാൻ അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. മലബാർ പ്രാദേശികഭാഷയുടെ സ്വാധീനം അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പ്രകടമായിക്കാണാമായിരുന്നു. ബാബുരാജ്- ഭാസ്കരൻ മാസ്റ്റർ കോമ്പിനേഷന്റെ ഗുണവും കൂടിയായിരിക്കാം അത്. പാട്ടുകളെല്ലാം മഹാമാരി പിടിപെട്ടു മരിച്ചുപോകാൻ വിധിക്കപ്പെട്ടു എന്നുകരൂതൂ, അപ്പോൾ ഏറ്റവും ഒടുവിലായിരിക്കും ബാബുരാജ്-ഭാസ്കരൻ മാഷ് പാട്ടുകൾ വിടപറയുക. അത്രയും ആയുസ്സും പ്രതിരോധശക്തിയും ആ പാട്ടുകൾക്കുണ്ടാവും. ദേവരാജൻ മാഷിനെയോ, വയലാറിനെയോ ചെറുതായിക്കാണുന്നതല്ല, മറിച്ച് ഭാസ്കരൻ മാഷ് അത്രയും വലുതായി നിൽക്കുന്നതുകൊണ്ടാണ്.

വയലാറിന്റെ രചനകളിൽ സംസ്കൃതഭാഷയുടെ, അല്ലെങ്കിൽ വരേണ്യവർഗത്തിന്റെ ഭാഷയുടെ സ്വാധീനം വളരെയധികം കാണാം. അദ്ദേഹം ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം അത്തരമൊരു ചുറ്റുപാടിലായതിന്റെ സ്വാധീനമാകാം അത്. 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന് ഭാസ്കരൻ മാഷെഴുതുമ്പോൾ ''ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ.. പുഷ്പപാദുകം പുറത്തുവെയ്ക്കു നീ നഗ്നപാദയായ് അകത്തുവരൂ'' എന്ന് വയലാർ എഴുതുന്നു. ആഢ്യമായിട്ടുള്ള, കുറേകൂടി സവർണരൂപങ്ങളിലായിരുന്നു വയലാറിന്റെ ഗാനങ്ങൾ കൂടുതൽ തിളങ്ങിയിരുന്നത്. ''പത്തുവെളുപ്പിന് മുറ്റത്തുനിൽക്കണ കസ്തൂരി മുല്ലയ്ക്ക് കാതുകുത്ത്''' എന്ന് പറയാൻ ഭാസ്കരൻ മാഷിന്റെ ഭാവനയ്ക്കുമാത്രമേ കഴിയൂ. അതേസമയം ഭാസ്കരൻ മാഷിന്റെ നായികമാർ പുഷ്പപാദുകമൊന്നും ഉപയോഗിക്കില്ല.

ഒരു സ്വകാര്യന്യൂസ് ചാനലിന്റെ ലോഞ്ചിങ് മാഷിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനിരിക്കുന്ന വേളയിലാണ് മാഷിന്റെ മനസ്സ് തികച്ചും മറവിയിലേക്ക് മടങ്ങിയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞത്. ഉദ്ഘാടനവേദിയിലേക്ക് അദ്ദേഹത്തെ ആനയിച്ചപ്പോൾ ആകെ പരിഭ്രമിച്ചുകൊണ്ട് സംഘാടകരോട് ചോദിച്ചു: ''നിങ്ങളൊക്കെ ആരാണ്,എന്തിനാണ് എന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്?'' ആ പരിപാടിയുടെ ഔദ്യോഗികഭാഗത്തുനിന്നുള്ളയാൾ എന്ന നിലയിൽ ഞാനും അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ കഴിഞ്ഞില്ല. തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ താമസിയാതെ തന്നെ പൊതുപരിപാടികളിൽ നിന്നെല്ലാം അദ്ദേഹം വിട്ടുനിന്നു. മാസ്റ്റർ ഓർമയായിട്ട് പതിനാല് സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. പാട്ടുകൾ കൂടുതൽ തെളിച്ചത്തോടെ, കണ്ഠശുദ്ധിയോടെ നിറഞ്ഞുനിൽക്കുന്നു; നാഴിയരിപ്പാലുകൊണ്ട് നാടാകെ തീർത്ത കല്യാണം പോലെ!

Content Highlights: Screenplay writer lyricist Shibu Chakravarthy writes about Poet Lyricist P Bhaskaran Master

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented