അച്ഛന്റെ പാഠങ്ങളെല്ലാം ദേവദാസ് മറന്നുപോയി; 'ബാപ്പു എഴുന്നേല്‍ക്കൂ' എന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞു


എസ്. ഗോപാലകൃഷ്ണന്‍

ദേവദാസ് ഗാന്ധി മഹാത്മഗാന്ധിയോടൊപ്പം

ജനിച്ചിട്ട് 153 വര്‍ഷവും മരിച്ചിട്ട്് 74 വര്‍ഷവും കഴിഞ്ഞിട്ടും മഹാത്മാഗാന്ധി കൂടുതല്‍ക്കൂടുതല്‍ ലോകത്തിനുമുന്നില്‍ വിസ്മയകരമായി വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. പല കോണുകളില്‍നിന്ന് നോക്കുമ്പോള്‍ താജ്മഹല്‍ പല പല ഭംഗികള്‍ പ്രസരിപ്പിക്കുന്നതുപോലെ ഓരോ കോണില്‍നിന്നും ഗാന്ധിജി ഓരോ വിസ്മയമാണ്. ഗാന്ധിജിയുടെ കൊച്ചുമകനായ ഗോപാലകൃഷ്ണഗാന്ധിയും ഗവേഷകനും ഗാന്ധി സംസ്‌കാര ചരിത്രകാരനുമായ തൃദീപ് സുഹൃദും ചേര്‍ന്നെഴുതി ഓക്‌സ്‌ഫോഡ് ബുക്‌സ് പ്രസിദ്ധീകരിച്ച Scorching Love: Letters from Mohandas Karamchand Gandhi to His Son Devadas എന്ന ഏറ്റവും പുതിയ പുസ്തകം വെറും അച്ഛന്‍മകന്‍ ബന്ധത്തിന്റെ ജീവരേഖമാത്രമല്ല. മറിച്ച് മഹാത്മ എന്ന അദ്ഭുതത്തിലേക്കുള്ള മറ്റൊരു കവാടംകൂടിയാണ്

മേയ് ഇരുപത്തിരണ്ടാം തീയതിയാണ് കസ്തൂര്‍ബാ അഞ്ചാമതും പ്രസവിച്ചത്. അന്ന് വയറ്റാട്ടി വന്നില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ആ ജോലി ചെയ്തത്. കര്‍ശനക്കാരനായ അച്ഛന്റെ കൈകളിലേക്കെത്തിയ മാത്രയില്‍ ആ കുഞ്ഞ് പൊട്ടിക്കരഞ്ഞു. പുതിയ ലോകത്തെമാത്രമല്ല അവന്‍ ഭയന്നത്. എല്ലാ കുട്ടികള്‍ക്കും ഇട്ടതുപോലെ ആ കുഞ്ഞിനും അച്ഛന്‍ ദൈവദാസന്‍ എന്നര്‍ഥംവരുന്ന പേരിട്ടു. ദേവദാസ് ഗാന്ധി. വയറ്റാട്ടിയായി പ്രസവമുറിയില്‍ കയറുന്നതിന് തൊട്ടുമുമ്പ് ആ അച്ഛന്‍ എണ്‍പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയ്ക്ക് ഒരു കേബിള്‍ ആശംസ അയക്കാന്‍ മറന്നതുമില്ല. കടമകള്‍ നിര്‍വഹിക്കുക എന്ന ലഹരിക്ക് അടിമയായിരുന്നു ഗാന്ധിജി. ലഹരിവിരുദ്ധമായ ഒരു ജീവിതമായിരുന്നില്ല അത്.അദ്ദേഹത്തിന് പതിനാറുവയസ്സും കസ്തൂര്‍ബായ്ക്ക് പതിനേഴുവയസ്സുമുണ്ടായിരുന്നപ്പോള്‍ അവര്‍ക്കുണ്ടായ കുട്ടി അധികദിവസങ്ങള്‍ ജീവിച്ചിരുന്നില്ല. അതൊരാണ്‍കുട്ടിയായിരുന്നോ അതോ പെണ്‍കുട്ടിയായിരുന്നോ എന്ന് അച്ഛനും അമ്മയും പിന്നീടൊരിക്കലും ലോകത്തോടു പറഞ്ഞതുമില്ല. പെണ്‍കുട്ടിയായിരുന്നെങ്കില്‍, അവള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ, പില്‍ക്കാല ഗാന്ധിജി വ്യത്യസ്തനാകുമായിരുന്നു എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചുപോയിട്ടുണ്ട്.

ദേവദാസ് ഗാന്ധി ഉണ്ടായി ആറുകൊല്ലം കഴിഞ്ഞപ്പോള്‍, മുപ്പത്തിയാറാമത്തെ വയസ്സിലാണ് ഗാന്ധിജി ബ്രഹ്മചര്യം സ്വീകരിച്ചത് എന്നത് എവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഹിന്ദുവ്യവസ്ഥയില്‍ ഒരു സന്ന്യാസി പൂര്‍വാശ്രമത്തിനോട് പുലര്‍ത്താന്‍ നിയുക്തമായ നിസ്സംഗത്വം ഗാന്ധിജി പില്‍ക്കാലത്ത് സ്വന്തം കുടുംബത്തോട് കാണിച്ചു എന്ന ഒരവ്യക്തബോധമായിരുന്നു എന്നെ ഇന്നേനാള്‍വരെ നയിച്ചിരുന്നത്. എന്നാല്‍, മറിച്ചുചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണ് Scorching Love: Letters from Mohandas Karamchand Gandhi to His Son, Devadas എന്നത്.

ഈ പുസ്തകത്തിലൂടെ മക്കളുടെ മേല്‍ കരുതലിന്റെ സ്‌നേഹമയമായ കണ്ണുകളുണ്ടായിരുന്ന ഒരച്ഛന്‍ എന്നില്‍ ചരിത്രപരമായി വളരുകയാണുണ്ടായത്. ദേവദാസ് എന്ന മകന് അച്ഛന്‍ അയച്ച മുന്നൂറ്റിനാല് കത്താണ് ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംശം. 1914ല്‍ നാല്പത്തിയഞ്ചാം വയസ്സില്‍ അച്ഛന്‍(ബാപ്പു) ദേവദാസിനയച്ച ആദ്യകത്തുമുതല്‍ കൊല്ലപ്പെടുന്നതിന് പതിനാറു ദിവസങ്ങള്‍ക്കുമുമ്പ് 1948 ജനുവരി പതിന്നാലിന് അയച്ച കത്തുവരെ പുസ്തകത്തില്‍ ക്രമമായി, വിശദമായ കുറിപ്പുകളോടെ നല്‍കിയിരിക്കുന്നു. നിലാവെളിച്ചത്തില്‍ ചന്ദ്രന്‍ എന്നപോലെ നാല്പതാണ്ടിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രവും ഈ കത്തുകളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.

'അക്ഷരമെഴുതിയാല്‍ അതിന് വടിവുണ്ടാകണം'

ഗാന്ധിജിയുടേത് വിശദാംശങ്ങളുടെ തലച്ചോറായിരുന്നു. അണുവിനെ വിച്ഛേദിക്കുന്ന തരത്തില്‍ വിശദാംശങ്ങളിലേക്ക് പോകുന്ന ഒരു രീതിയായിരുന്നു ആ തലച്ചോറിന്റേത്. അനന്യമായിരുന്ന ഒരു സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയില്‍ അവിശ്രമം പണിയെടുത്തുകൊണ്ടിരിക്കുമ്പോഴും മകന്റെ ഒരു കത്തിന് മറുപടി എഴുതുമ്പോള്‍ അദ്ദേഹം എഴുതി: നിന്റെ ൈകയക്ഷരം മോശമായിക്കൊണ്ടിരിക്കുന്നു. എത്രതിരക്കുണ്ടെങ്കിലും ഒരക്ഷരം എഴുതിയാല്‍ അതിന് വടിവുണ്ടാകണം. തിരക്കുണ്ടെന്നു പറഞ്ഞ് ഒരു നല്ല പാചകക്കാരനും വേവിക്കാത്ത ഭക്ഷണം വിളമ്പാറില്ലല്ലോ. ഇരുപത്തൊന്നു ദിവസമായി നിരാഹാരമിരിക്കുന്ന അച്ഛന്റെ ആരോഗ്യസ്ഥിതിയില്‍ വ്യാകുലനായി കത്തെഴുതുന്ന ഒരു മകനുള്ള മറുപടിയിലാണ് പാചകക്കാരന്‍ എന്ന അര്‍ഥാലങ്കാരം വഴി കൈയക്ഷരത്തെ അലങ്കരിക്കാന്‍ ഗാന്ധിജി ആവശ്യപ്പെടുന്നത്. എത്ര പുസ്തകമിറങ്ങിയാലും പുതിയൊരു പുസ്തകം ഇറങ്ങുമ്പോള്‍ മഹാത്മാ വീണ്ടും നമ്മെ വിസ്മയിപ്പിക്കുകയാണ്.

അഞ്ചധ്യായങ്ങളിലൂടെയാണ് ഒരച്ഛന്‍ മകനയച്ച ഈ കത്തുകള്‍ വായനക്കാരുടെ മുന്നില്‍ അനാച്ഛാദിതമാകുന്നത്. പണ്ഡിറ്റ് നെഹ്രു മകള്‍ക്കയച്ച കത്തുകള്‍ ചരിത്രവ്യവഹാരമായിരുന്നെങ്കില്‍, ഗാന്ധിജി മകനയച്ച കത്തുകളില്‍ പഠനക്ലാസ് സ്വഭാവത്തിലുള്ള ചരിത്രവിദ്യാഭ്യാസം ഇല്ല. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ അത് അന്തര്‍ലീനം മാത്രമാണ്. എന്നാല്‍, എല്ലാ കത്തുകളും ഒരു തിരുത്തും ആവശ്യമില്ലാതെ നേരെ അച്ചടിക്കാന്‍ മാത്രം സമഗ്രവും. ഓരോ കത്തിലും ഒരു ദൂരദര്‍ശിനിയും ഒരു സൂക്ഷ്മദര്‍ശിനിയും ഘടിപ്പിച്ചിരിക്കുന്നു. അതിനാല്‍ നാം രണ്ടുതരത്തില്‍ വായിക്കണം, നക്ഷത്രങ്ങളെയും ഉപ്പുതരിയെയും നഷ്ടപ്പെടാതിരിക്കണമെങ്കില്‍. എല്ലാ കത്തുകളും എഴുതപ്പെട്ടിരിക്കുന്നത് ഗുജറാത്തിയിലാണ്. എന്നാല്‍, ഗാന്ധിജിയുടെ ഇംഗ്ലീഷ് പോലെത്തന്നെ മനോഹരമായ ഭാഷയിലാണ് കത്തുകളുടെ മൊഴിമാറ്റം നടത്തിയിട്ടുള്ളത് എന്നതിനാല്‍ വായനാനുഭവത്തിന് തെല്ലും കോട്ടം സംഭവിക്കുന്നില്ല.

കത്തുകള്‍ക്ക് രണ്ടു വിലാസങ്ങളുണ്ടല്ലോ. ഒന്ന് എഴുതിയ ആളിന്റെ വിലാസം. രണ്ട് ആര്‍ക്കാണോ കത്ത് എഴുതപ്പെടുന്നത് അയാളുടെ വിലാസം. ഇവിടെ ഒരുകാര്യം സൂചിപ്പിക്കേണ്ടതുണ്ട്. ഗാന്ധിജിക്ക് ഒരു വിലാസമുണ്ടെങ്കില്‍ അതേതാണ്? വീടോ, അതോ ആശ്രമമോ, അതോ സ്ഥലരാശികളില്ലാത്ത ഒരു അനശ്വരകാലമണ്ഡലമോ?

കത്തെഴുതുക ഗാന്ധിജിക്ക് ഒരു ശീലമായിരുന്നു. പുസ്തകത്തിനുള്ള മുഖവുരയില്‍ ഗോപാലകൃഷ്ണ ഗാന്ധിയും തൃദീപ് സുഹൃദും പറയുന്ന രസകരമായ ഒരു കാര്യമുണ്ട്: 'ഗാന്ധിജി വലതുകൈകൊണ്ടും ഇടതുകൈകൊണ്ടും കത്തെഴുതുമായിരുന്നു. തളരുമ്പോള്‍ കത്ത് പറഞ്ഞുകൊടുത്ത് മറ്റാളുകളെക്കൊണ്ട് എഴുതിക്കുമായിരുന്നു.'

മൂത്തമകന്‍ ഹരിലാലിന് നാല്പത്തിയൊന്നു കത്തുകളും രണ്ടാമത്തെ മകന്‍ മണിലാലിന് ഇരുന്നൂറ്റിനാല്പത്തിയഞ്ചു കത്തുകളും മൂന്നാമന്‍ രാമദാസ് ഗാന്ധിക്ക് നൂറ്റിനാല്പത്തിയാറുകത്തുകളും ദേവദാസിന് മുന്നൂറ്റിനാല് കത്തുകളും ഗാന്ധിജി എഴുതി. കസ്തൂര്‍ബാ നിഴലായിരുന്നു. നിഴലിന് ബിംബം എണ്‍പത്തിയൊന്നുകത്തുകളെഴുതി. പുസ്തകത്തിന്റെ ആദ്യഭാഗം 1893 മുതല്‍ 1914 വരെയുള്ള തെക്കേ ആഫ്രിക്കന്‍ കാലമാണ് പരാമര്‍ശിക്കുന്നത്. 1948ല്‍ പ്രഭുദാസ് ഛഗന്‍ലാല്‍ ഗാന്ധി എഴുതിയ The Dawn of Life (ജീവന്റെ പ്രഭാതം) എന്ന പുസ്തകത്തില്‍ ഒരു വാചകമുണ്ട് ഗാന്ധിജി പറഞ്ഞതായി , 'I was born in India but made in South Africa' ജീവിതാന്ത്യംവരെ താനൊരു സനാതന ഹിന്ദുവാണെന്ന് ആണയിട്ടപ്പോഴും എല്ലാ ദിവസവും ബൈബിളും ഖുര്‍ആനും വായിച്ചിരുന്ന ആ ഹിന്ദുവിനെ സൃഷ്ടിച്ചത് തെക്കേ ആഫ്രിക്കയായിരുന്നു. അവിടെയുള്ള ഡര്‍ബന്‍ നഗരത്തിലാണ് ദേവദാസ് ജനിച്ചത്.

പിതാവും പുത്രന്മാരും

മക്കളും ഗാന്ധിജിക്ക് പരീക്ഷണവസ്തുക്കളായിരുന്നുവോ? ആഴത്തില്‍ പതിഞ്ഞുപോയ ഗാന്ധിപ്രണയം ഇല്ലാത്ത ഒരാള്‍ക്ക് അങ്ങനെ തോന്നിയാല്‍ നമുക്ക് കുറ്റപ്പെടുത്താനാകില്ല. അച്ഛനില്‍നിന്നും എന്നേക്കുമായി ആത്മാവില്‍ അകന്നുപോയ മൂത്തമകന്‍ ഹരിലാല്‍ എന്ന അബ്ദുല്ലാ ഗാന്ധി വളരെ തുറന്നു പറഞ്ഞിട്ടുള്ളതാണ് അച്ഛന്‍ മക്കളെ സ്വതന്ത്രരായ മനുഷ്യരായി കരുതിയില്ല എന്ന്. ഈ പുസ്തകം മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങളില്‍ ഒന്നായി ഇതിനെ കാണാവുന്നതാണ്... പലപ്പോഴും ഗാന്ധിജിതന്നെ ഇക്കാര്യത്തില്‍ കുമ്പസരിച്ചിട്ടുമുണ്ട്. 1911ല്‍ ടോള്‍സ്റ്റോയ് ഫാമില്‍നിന്ന് മഗന്‍ലാല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ഗാന്ധിജി ഇങ്ങനെ എഴുതി :

അവന് (ഹരിലാലിന്) എന്നോട് യഥാര്‍ഥത്തില്‍ ദേഷ്യമാണ്. നാലുമക്കളെയും ഞാന്‍ വളരെയധികം അടിച്ചമര്‍ത്തി എന്നാണ് അവന്‍ കരുതുന്നത്. അവരുടെ ആഗ്രഹങ്ങളെ ഞാന്‍ ഒരിക്കലും ആദരിച്ചില്ല എന്നാണവന്‍ കരുതുന്നത്. നാലു വ്യക്തികള്‍ ഭൂമിയില്‍ സ്വതന്ത്രരായി നിലനില്‍ക്കുന്നു എന്ന തരത്തില്‍ ഞാന്‍ മക്കളോട് പെരുമാറിയില്ലത്രേ. എന്റേത് കരുണയില്ലാത്ത ഹൃദയമാണെന്നും അവന്‍ വിശ്വസിക്കുന്നു. എന്നാല്‍, ഈ പരാതികള്‍ എനിക്കെതിരേ പറയുമ്പോള്‍ എന്തൊരു മാന്യതയോടുകൂടിയാണ് ഹരിലാല്‍ അതവതരിപ്പിക്കുന്നത്.

1913 സെപ്റ്റംബര്‍ പതിനഞ്ചാം തീയതി മറ്റു പതിനാറ് സത്യാഗ്രഹികളോടൊപ്പം കസ്തൂര്‍ബായും പതിന്നാലുവയസ്സുണ്ടായിരുന്ന രാമദാസും ട്രാന്‍സ്വാള്‍ അതിര്‍ത്തിയില്‍ അറസ്റ്റു ചെയ്യപ്പെട്ടു, മൂന്നുമാസം കഠിനതടവിന് തെക്കെയാഫ്രിക്കന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കസ്തൂര്‍ബാ സ്വയം പ്രേരിതയായി സത്യാഗ്രഹസമരത്തിലേക്ക് എടുത്തുചാടിയതാണ്. എന്നാല്‍, രാമദാസിന്റെ കാര്യം എനിക്കറിയില്ല. ഗാന്ധിജി പലപ്പോഴും രാവിലെ രണ്ടുമണിക്കുതന്നെ ഉണരുമായിരുന്നു, താമസിച്ചുപോയാല്‍ മൂന്നുമണിയോ, മൂന്നരയോ. 1913 സെപ്റ്റംബര്‍ പതിനെട്ടിന് മൂത്തമകന്‍ ഹരിലാലിന് എഴുതിയ കത്തില്‍ ഗാന്ധിജി എഴുതി:

ഞാന്‍ ഇന്ന് മൂന്നരയ്ക്ക് എഴുന്നേറ്റു, ദേവദാസ് നാലരയ്ക്കും. ഐതിഹാസികമായ തെക്കേയാഫ്രിക്കന്‍ ജീവിതത്തിനുശേഷം ഗാന്ധി 1915ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമ്പോള്‍ ദേവദാസ് ഗാന്ധിജിക്ക് പതിന്നാലു വയസ്സായിരുന്നു പ്രായം. ഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്ന മണിലാല്‍ മാത്രമാണ് തെക്കേ ആഫ്രിക്കയില്‍ തുടര്‍ന്നത്.

1918 ഫെബ്രുവരി പതിനാറാം തീയതി ഗാന്ധിജി ദേവദാസിന് എഴുതി:

ചിരഞ്ജീവി ദേവദാസ്,

നിന്നെ ഓര്‍ക്കാത്ത ദിവസങ്ങളില്ല. ജീവിതത്തിനുള്ള ആര്‍ജവം നിനക്കുണ്ട്. ഏതുവിഷയത്തിലും ആണ്ടിറങ്ങാനുള്ള താത്പര്യമുണ്ട്. എല്ലാവരെയും ഒരേപോലെ കാണാന്‍ ഞാന്‍ പണിപ്പെട്ട് ശ്രമിക്കാറുണ്ട്. പക്ഷേ, മറ്റുള്ളവരില്‍നിന്നും കൂടുതലായി ഞാന്‍ നിന്നില്‍നിന്നും പ്രതീക്ഷിക്കുന്നു.

ഹരിലാല്‍ നിഷേധിയും മണിലാല്‍ ഗാന്ധിജിയുടെ ആത്മീയതടവുകാരനും രാമദാസ് ദുര്‍ബലനുമായിരുന്നെങ്കില്‍ ദേവദാസില്‍ ഗാന്ധിജി സ്വപ്നങ്ങള്‍ നിക്ഷേപിച്ചു. ഗാന്ധിജിയിലെ സാമൂഹികപരിഷ്‌കര്‍ത്താവായ ചിന്തകന്‍ നിരന്തരമായി പരിണമിച്ചുകൊണ്ടിരുന്നു. പഴയതിനെ തള്ളാന്‍ മടിയുണ്ടായിരുന്ന ആ പുരോഗാമിയുടെ അദ്വൈതം വെളിവാകുന്ന ഒരു കത്തിലെ ഭാഗം ഞാനിവിടെ നല്‍കാം.

പാരമ്പര്യബോധം അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ച രീതി നോക്കൂ. 1918 ഓഗസ്റ്റ് പതിനേഴാം തീയതിയിലെ കത്തിലുണ്ട്: ഒരു വ്യക്തിയോ, രാജ്യമോ, വിദൂരഭൂതകാലത്തുനിന്നും തുടരുന്ന ഏതെങ്കിലും ശീലത്തെ വ്യക്തമായ കാരണങ്ങളില്ലാതെ ഉപേക്ഷിച്ചാല്‍ നമുക്ക് വലിയ മൂല്യങ്ങള്‍ നഷ്ടമായേക്കാം. ഈ കത്തെഴുതി എട്ടുകൊല്ലം കഴിഞ്ഞാണ് ഗാന്ധിജി കേരളത്തിലെ ശ്രീനാരായണഗുരുവിന്റെ അനന്തകാലത്തിലേക്ക് നോക്കുന്ന കണ്ണുകളിലേക്ക് നോക്കി ചോദിച്ചത്: 'പ്രമാണഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമികള്‍ക്കറിവുണ്ടോ?' ഇതിലെ പ്രമാണം, വിധി എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

1918 ഇന്ത്യയില്‍ മഹാമാരിയുടെ കാലമായിരുന്നു. മൂത്തമകന്‍ ഹരിലാലിന്റെ ഭാര്യ ഗുലാബും ഹരിലാലിന്റെ ഇളയമകനും മരിച്ചു. ആ ബാലന്‍ ഗാന്ധിജിക്ക് പ്രിയങ്കരനായിരുന്നു. ഈ രണ്ടുമരണങ്ങള്‍ ഗാന്ധിജിയെ വല്ലാതെ തളര്‍ത്തിയിരുന്നു എന്നത് ദേവദാസിനുള്ള കത്തുകളില്‍നിന്ന് വ്യക്തമാണ്. നവംബര്‍ ഇരുപത്തിയാറാം തീയതി ഗാന്ധിജി ഹരിലാലിന് എഴുതി: ഭാര്യ ഒരു കാവലാണ്. നിന്റെ കാര്യത്തില്‍ ഇനി അതില്ല. അതിനാല്‍ ശ്രദ്ധിച്ച് ജീവിക്കുക. ബാപ്പു കൂടെക്കൊണ്ടുനടന്നിരുന്ന ആട്ടിന്‍കുട്ടിയെക്കുറിച്ച് ഹരിലാലിന്റെ ഇളയമകന്‍ എഴുതിയ ഒരു കവിത നേരത്തേ ഗാന്ധിജി ദേവദാസിനുള്ള ഒരു കത്തില്‍ ഉദ്ധരിച്ചിരുന്നു, 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന മട്ടില്‍.

1919ല്‍ എഴുതിയ കത്തിലെ രസകരമായ ഒരു ഭാഗം ആനുഷംഗികമായി ഇവിടെ പറയാം. ഗാന്ധിജി പറഞ്ഞിട്ട് രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാന്‍ ദേവദാസ് പുതുച്ചേരിയില്‍ മഹര്‍ഷി അരബിന്ദ ഘോഷിനെ കാണാന്‍ പോയി. ദേവദാസ് ചോദിച്ചു: ''എന്തേ സ്വാമി പുകവലിക്ക് അടിമപ്പെട്ടുപോയത്?''

അരബിന്ദ ഘോഷിന്റെ മറുപടി ഇതായിരുന്നു: ''എന്തേ നീ പുകവലിവിരുദ്ധതയ്ക്ക് അടിമപ്പെട്ടുപോയത്?''

പൊട്ടിക്കരഞ്ഞ് ദേവദാസ്

ഇക്കാലത്ത് ഗാന്ധിജി നിരന്തരയാത്രകളിലായിരുന്നു, ഇന്ത്യ ഗാന്ധിജിയെയും ഗാന്ധിജി ഇന്ത്യയെയും കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഒട്ടേറെ കത്തുകള്‍ തീവണ്ടിയില്‍ വെച്ചാണ് എഴുതപ്പെട്ടത് തീവണ്ടിക്കെതിരായുള്ള കത്തുപോലും. തീവണ്ടി മഹാനദികള്‍ കുറുകെക്കടക്കുമ്പോള്‍ അദ്ദേഹം എഴുതി: 'ചിരഞ്ജീവി ദേവദാസ്, ഞാന്‍ ഇപ്പോള്‍ ഭുവനേശ്വറിലേക്ക് പോകുകയാണ്.' മൂന്നാംക്ലാസില്‍ മാത്രമേ യാത്രചെയ്യൂ എന്ന ഗാന്ധിവാശി മറ്റുള്ളവര്‍ക്കുണ്ടാക്കിയ അസൗകര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ചില കത്തുകളുണ്ട്. അച്ഛന്‍ മൂന്നാംക്‌ളാസില്‍ യാത്രചെയ്യുമ്പോള്‍ ഒരിക്കല്‍ ദേവദാസ് വെള്ളക്കാരുടെ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത അവസരം ഒരു കത്തില്‍ വിവരിക്കുന്നുണ്ട്. മൂന്നാംക്ലാസ് അച്ഛന് സമയമാംരഥത്തിലെ ദാര്‍ശനിക യാത്രയായിരുന്നു എങ്കിലും മകന് അങ്ങനെ തോന്നിയില്ല. ഗാന്ധിജിയാകട്ടെ അക്കാര്യത്തില്‍ ദേവദാസിനെ ദേവദാസിന്റെ ക്ലാസിലേക്കു വിട്ടു.

1922ല്‍ രാജ്യദ്രോഹക്കുറ്റത്തിന് ഗാന്ധിജി ആറുകൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. രാജാജിയും ദേവദാസും കൂടി ഹിന്ദു പത്രത്തിനുവേണ്ടി ഗാന്ധിജിയുമായി അഭിമുഖം നടത്താന്‍ ജയിലില്‍ ചെന്നു. പത്രക്കാര്‍ക്ക് ഇരിപ്പിടം മുറിയില്‍ ഉണ്ടായിരുന്നു. ജയില്‍പ്പുള്ളികള്‍ നില്‍ക്കണമായിരുന്നു. ഗാന്ധിജി അക്ഷോഭ്യനായിരുന്നു. എന്നാല്‍, ദേവദാസ് ഗാന്ധി പൊട്ടിക്കരഞ്ഞു. ഇക്കാലത്തെ ജയില്‍വാസത്തില്‍ ഗാന്ധിജി വായിച്ച ചില പുസ്തകങ്ങളെക്കുറിച്ച് ദേവദാസ് ഗാന്ധി പറയുന്നുണ്ട്, ഗെയ്‌ഥേയുടെ ഫോസ്റ്റ്, പ്‌ളേറ്റോയുടെ Dialogues, മൗലാനാ ഷിബിലി എഴുതിയ പ്രവാചകജീവിതം. സോക്രട്ടീസിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന ഒരാള്‍ ജയിലിലെ അതിഥിമുറിയിലെ ഒരു കസേരയെക്കുറിച്ച് ആകുലപ്പെടുമോ?

ഇരുപത്തൊന്നുദിവസംനീണ്ട ഒരു നിരാഹാര ഉപവാസത്തിനുശേഷം 1924 ഒക്ടോബര്‍ ഇരുപത്തേഴാം തീയതി ദേവദാസ് ഗാന്ധിക്കയച്ച കത്തില്‍ ഉപവാസശേഷം എനിക്ക് സ്വയം ഒരു കൊച്ചുകുട്ടിയെപ്പോലെ തോന്നിക്കുന്നു.' എന്നുപറഞ്ഞു. അദ്ദേഹം തുടര്‍ന്നു: 'അനശ്വരത ഈ ദിവസങ്ങളിലേക്ക് ഖനീഭവിച്ചതുപോലെ എനിക്കനുഭവപ്പെടുന്നു.

മാപ്പുപറഞ്ഞ് മഹാത്മാവ്

1930 ജൂണ്‍ പതിമ്മൂന്നാം തീയതി അല്‍മോറയില്‍ ഗാന്ധിജി സഞ്ചരിച്ച കാറിടിച്ച പദംസിങ് രണ്ടുദിവസം കഴിഞ്ഞ് ആശുപത്രിയില്‍ അന്തരിച്ചു. ആശുപത്രിയില്‍ ആസന്നമരണനായിക്കിടന്നിരുന്ന രോഗിയുടെ സമീപം ചെന്ന് ഗാന്ധിജി മാപ്പുപറഞ്ഞു. പദംസിങ്ങാകട്ടെ ജീവിതാന്ത്യത്തില്‍, തന്നെ കാണാന്‍ ദൈവം നേരിട്ടുവന്നു എന്നമട്ടില്‍ പ്രതികരിച്ചു. അയാള്‍ പറഞ്ഞു: 'മഹാത്മജി എന്റെ മകനെ അനുഗ്രഹിച്ചാല്‍മാത്രം മതി.' ഗാന്ധിജിയുടെ മറുപടി: 'താങ്കളുടെ മകനെ ഞാന്‍ ദത്തെടുക്കുന്നു. ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു.' പദംസിങ്ങിന്റെ മരണംകഴിഞ്ഞ ദിവസം മുതല്‍ക്കാണ് ഗാന്ധിജി ഭഗവദ്ഗീതയുടെ വ്യാഖ്യാനമെഴുതിയത് അനാസക്തിയോഗം.

ജീവിതത്തെയും മരണത്തെയും കാണുന്ന രീതികളില്‍ ഗാന്ധിജിയില്‍ പില്‍ക്കാലത്ത് സജീവമായിക്കൊണ്ടിരുന്ന ചില പ്രവണതകള്‍ മകന് അയച്ച കത്തുകളില്‍ കാണാന്‍ കഴിയും. നിരാഹാരം കിടക്കുന്ന സമയത്ത് ഗാന്ധിജി മകനയച്ച ഒരു കത്തിലെ ചില വരികള്‍ നോക്കൂ:

എന്റെ മരണം സംഭവിച്ചാല്‍പോലും നീ ദുഃഖിക്കാന്‍ പാടുള്ളതല്ല. ഞാന്‍ ഈ ദേഹം വെടിയുമ്പോള്‍ ഉറച്ച വിശ്വാസത്തോടെ നീ കരുതണം ഒരു വസ്ത്രമുപേക്ഷിച്ച് മറ്റൊന്നണിയുംപോലെ ഞാന്‍ തുടരുമെന്ന്. ജീവിതത്തില്‍ അഹിംസ പുലര്‍ത്തുക എളുപ്പമല്ല. സ്വന്തം ജീവന്‍ ബലിയായി സമര്‍പ്പിക്കേണ്ട അള്‍ത്താരയാണത്. മരണം വരെ ഞാന്‍ ഉപവസിച്ചാലും നീ അദ്ഭുതപ്പെടരുത്. കബീറിന്റെ നെയ്ത്തുപാട്ട് Jhini Jhini Chadariya* യുടെ അര്‍ഥം നീ സ്വാംശീകരിക്കൂ.

1948 ജനുവരി 30

ദേവദാസ് ഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസ് ഓഫീസിലായിരുന്നു. അച്ഛന് വെടിയേറ്റു എന്നറിഞ്ഞ് ഓടിയെത്തി. മകന്‍ എത്തുന്നതിനും മുന്‍പേ അവിടെയെത്തിരുന്നത് സര്‍ദാര്‍ പട്ടേലും നെഹ്രുവുമായിരുന്നു എന്ന സാന്ദര്‍ഭികതയുടെ രാഷ്ട്രീയഭംഗി അഴകേറിയതാണ്. അച്ഛന്‍ മരണത്തെക്കുറിച്ചെടുത്ത പാഠങ്ങളെല്ലാം അവിടെ ദേവദാസ് മറന്നുപോയി.

''ബാപ്പു, ബാപ്പു, എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ'' എന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞു. രാമദാസ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. കബീര്‍ ഇന്ത്യയുടെ ഹൃദയഭൂമിയില്‍ നെയ്ത പുതിയ വസ്ത്രത്തില്‍ ഗാന്ധിജി ഇന്നും നമുക്കിടയില്‍ നടക്കുന്നതുകൊണ്ടാണല്ലോ ഞാന്‍ ഇതെഴുതിയതും നിങ്ങള്‍ ഇത് വായിക്കുന്നതും.

* 'ജീനീ ജീനി ബീനീ ചദരിയ' പ്രശസ്തമായ കബീര്‍ ഗാനമാണ്. ശരീരം ആത്മാവിനെ ചുറ്റിയിരിക്കുന്ന സശ്രദ്ധം നെയ്യപ്പെട്ട വസ്ത്രമാണ്. കബീര്‍ പറയുന്നു, ഈ വസ്ത്രം കേടുകൂടാതെ സൂക്ഷിക്കുക. ഇതിനെ ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കുംവരെ

Content Highlights: Scorching Love: Letters from Mohandas Karamchand Gandhi to His Son Devadas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented