സാവിത്രിബായ് ഫുലെയുടെ ചിത്രം (വര: ബാലു)
അധ്യാപികയും സാമൂഹികപരിഷ്‌കര്‍ത്താവും വിഭ്യാഭ്യാസപ്രവര്‍ത്തകയും കവിയുമായിരുന്ന സാവിത്രിബായ് ഫുലെയുടെ ഓര്‍മദിനമാണ് മാര്‍ച്ച് പത്ത്. 1831-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രസിഡന്‍സി (ഇന്നത്തെ മഹാരാഷ്ട്ര)യില്‍ ജനിച്ച സാവിത്രി ഫുലെ സ്ത്രീകളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും നിരന്തരം പോരാടിക്കൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു. ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭകയായിട്ടാണ് ഫുലെ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നത്. സാവിത്രിബായ് ഫുലെയും ഭര്‍ത്താവ് ജ്യോതിബായ്ഫുലെയും ചേര്‍ന്നാണ് പെണ്‍കുട്ടികള്‍ക്ക് മികച്ചതും ആധുനികവുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പുണെയിലെ ഭിഡേ വാഡയില്‍ 1848-ല്‍ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് ആരംഭിക്കുന്നത്. ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ ആളുകളെ വേര്‍തിരിച്ചുകാണുന്ന സമ്പ്രദായത്തോടെ നിരന്തരം പൊരുതിക്കൊണ്ടേയിരുന്ന വ്യക്തിത്വമായിരുന്നു സാവിത്രിബായ് ഫുലെയുടേത്.
മഹാരാഷ്ട്രയിലെ സതാറയില്‍ നൈഗോണ്‍ ഗ്രാമത്തിലാണ് 1831 ജനുവരി മൂന്നിനാണ് സാവിത്രിബായ് ജനിച്ചത്. മാലി സമുദായക്കാരായ ലക്ഷ്മിയുടെയും ഖണ്ഡോജി നെവോസയുടെയും മകള്‍. പൂന്തോട്ടം പരിപാലിക്കലും നിര്‍മിക്കലുമാണ് മാലി സമുദായക്കാരുടെ കുലത്തൊഴില്‍. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് ജ്യോതിബാ ഫുലെയുമായുള്ള സാവിത്രിയുടെ വിവാഹം വീട്ടുകാര്‍ നടത്തുന്നത്.
വിവാഹിതയാവുമ്പോള്‍ സാവിത്രിയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ജ്യോതിറാവുവാണ് സാവിത്രിയെ ബോധവതിയാക്കുന്നത്. സാവിത്രിയോടൊപ്പം തന്നെ തന്റെ ബന്ധുവായ സഗുണാബായ് ക്ഷീര്‍സാഗറിനെയും ജ്യോതിറാവു സ്‌കൂളില്‍ ചേര്‍ത്തു. ജ്യോതിറാവുവിനൊപ്പം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാവിത്രി തുടര്‍ന്നുപഠിക്കേണ്ടത് ജ്യോതിറാവുവിന്റെയും സുഹൃത്തുക്കളുടെയും ആവശ്യമായി മാറി. അധ്യാപികയാവാനുള്ള വിദ്യാഭ്യാസം നേടുക എന്നതായിരുന്നു സാവിത്രിയുടെ ലക്ഷ്യം. അമേരിക്കന്‍ മിഷണറിമാരുടെ സിന്തിയ ഫരാര്‍ സ്‌കൂളിലും പിന്നീട് പൂണൈ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റിറിലും വിദ്യാഭ്യാസം നേടിയ സാവിത്രിബായ് ഫുലെ രാജ്യത്തെ ആദ്യത്തെ പ്രൊഫഷണല്‍ അധ്യാപികയും ഹെഡ്മിസ്ട്രസ്സുമായി.
അധ്യാപക പരിശീലനം കഴിഞ്ഞയുടന്‍ തന്നെ പൂണെയിലെ മഹാര്‍വാഡയിലെ പെണ്‍കുട്ടികളെ വിദ്യാസമ്പന്നരാക്കാനായിരുന്നു സാവിത്രിയുടെ തീരുമാനം. സാവിത്രിയോടൊപ്പം സഗുണബായ് ക്ഷീര്‍സാഗറും ആ യജ്ഞത്തില്‍ പങ്കാളിയായി. പില്‍ക്കാലത്ത് ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തില്‍ അറിയപ്പെടുന്ന പേരായി മാറി സഗുണയുടേതും. സഗുണയും സാവിത്രിയും ജ്യോതിറാവുവും കൂടി സ്വന്തമായൊരു സ്‌കൂള്‍ എന്ന ചിന്തയിലേക്ക് പ്രവേശിക്കുകയും വൈകാതെ തന്നെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഈ മൂവര്‍സംഘം നടത്തുന്ന പരിശ്രമങ്ങളില്‍ ആകൃഷ്ടനായ തത്യാ സാഹിബ് ഭിഡേ തന്റെ വീട് അവര്‍ക്ക് സ്‌കൂള്‍ നടത്തിപ്പിനായി വിട്ടുകൊടുത്തു. കണക്കും ശാസ്ത്രവും സാമൂഹികശാസ്ത്രവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരിക്കുലം രൂപികരിച്ച് തികച്ചും പാശ്ചാത്യ മാതൃകയിലുള്ള പഠനരീതിയായിരുന്നു സാവിത്രിയും സംഘവും തിരഞ്ഞെടുത്തത്.
1851-ഓടുകൂടി ഭിഡേ വാഡ സ്‌കൂളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പൂനെയില്‍ത്തന്നെ രണ്ട് വിദ്യാലയങ്ങള്‍ കൂടി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവര്‍ സ്ഥാപിച്ചു. മൂന്നിടങ്ങളിലുമായി നൂറ്റമ്പതോളം പെണ്‍കുട്ടികള്‍! അക്കാലത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു പഠനരീതിയും. വിദ്യാഭ്യാസത്തില ഫൂലെ മാതൃക എന്നാണ് ഇത് അറിയപ്പെട്ടത്. ഫൂലെ മാതൃക പ്രചാരത്തിലായതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ മികച്ചുനിന്നത് ഫൂലെ സ്‌കൂളിലെ പെണ്‍കുട്ടികളായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക വഴി സമൂഹത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന സദുദ്ദേശ്യത്തോടെ ആരംഭിച്ച ഫൂലെ സ്‌കൂളുകള്‍ക്കെതിരേ സങ്കുചിത മനോഭാവക്കാരായ ആളുകള്‍ ആക്രമണമഴിച്ചുവിടാന്‍ കാലതാമസമുണ്ടായില്ല. അക്കാലത്ത് സാവിത്രിബായ് തന്റെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരു സാരി അധികം കരുതുമായിരുന്നത്രേ. കല്ലേറ് കൊണ്ടും, ചാണകമെറിഞ്ഞും, അശ്ലീലം പറഞ്ഞും, വസ്ത്രം വലിച്ചുകീറിയും ആളുകള്‍ അവരെ ആക്രമിച്ചിരുന്നു. ജ്യോതിറാവുവിന്റെ വീട്ടിലായിരുന്നു ദമ്പതിമാർ താമസിച്ചിരുന്നത്. ആളുകളുടെ അക്രമം സഹിക്കാനാവാതെ വീട് വിട്ടുപോകാന്‍ ജ്യോതിറാവുവിന്റെ പിതാവ് അവരോട് ആവശ്യപ്പെട്ടു. അതോടെ സമൂഹത്തിലും കുടുംബത്തിലും വിദ്യാഭ്യാസത്തിന്റെ പേരില്‍, സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ ആ ദമ്പതിമാർ ഒറ്റപ്പെട്ടു. പിതാവ് വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു; വേദകാല ഇന്ത്യയിലെ ആപ്തഗ്രന്ഥമായിരുന്ന മനുസ്മൃതിക്ക് നിരക്കാത്ത കാര്യങ്ങളാണ് മകനും മരുമകളും ചെയ്തുകൂട്ടുന്നതെന്നും അതുമൂലം തന്റെ കുടുംബത്തിന് ശാപം വന്നുഭവിക്കുമെന്നും പിതാവ് ഭയപ്പെട്ടിരുന്നു. ബ്രാഹ്‌മണഹിതത്തിന് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ താമസിപ്പിച്ചാല്‍ ബ്രാഹ്‌മണശാപമുണ്ടാകുമെന്നും ഉയര്‍ന്ന ജാതിക്കാര്‍ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.
വീട്ടില്‍ നിന്നിറങ്ങാന്‍ നിര്‍ബന്ധിതരായ ഫുലെ ദമ്പതിമാരെ സ്വീകരിച്ചത് സുഹൃത്തായ ഉസ്മാന്‍ ഷെയ്ക് ആണ്. അവിടെ വെച്ചാണ് ഉസ്മാന്റെ സഹോദരിയായ ഫാത്തിമ ബീഗം ഷെയ്ക്കിനെ സാവിത്രി പരിചയപ്പെടുന്നത്. ആ സൗഹൃദം നയിച്ചത് അവരുടെ ഉന്നതവിദ്യാഭ്യാസത്തിലേക്കാണ്. അതുവരെ എഴുതാനും വായിക്കാനും മാത്രമറിയാമായിരുന്ന ഫാത്തിമയെ ഉസ്മാന്റെ അഭ്യര്‍ഥന പ്രകാരം സാവിത്രി ഫുലെ എറ്റെടുക്കുകയും വിദ്യാഭ്യാസം നേടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യാപക കോഴ്‌സ് പാസായ ഫാത്തിമ ഷേക്ക് അധികം വൈകാതെ തന്നെ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക എന്ന പദവിയ്ക്ക് അര്‍ഹയായി. അതിനിടയില്‍ സാവിത്രിയും ഫാത്തിമയും ബിരുദപഠനം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഫാത്തിമയും സാവിത്രിയും ചേര്‍ന്ന ഉസ്മാന്‍ ഷേക്കിന്റെ വീട്ടില്‍ വിദ്യാലയമാരംഭിച്ചു. 1850-ല്‍ ജ്യോതിറാവുവും സാവിത്രിയും ചേര്‍ന്ന് രണ്ട് ട്രസ്റ്റുകള്‍ സ്ഥാപിച്ചു. പൂണെ നേറ്റീവ് മെയില്‍ സ്‌കൂള്‍, മെഹര്‍, മാങ്‌സ് തുടങ്ങിയവര്‍ക്കായുള്ള പഠനകേന്ദ്രം എന്നിവയായിരുന്നു അത്.
'ഒരു കുട്ടി വളര്‍ച്ചയും വികാസവും പ്രാപിക്കുന്നതില്‍ അമ്മയുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതും മികച്ചതുമായിരിക്കണം. ഈ രാജ്യത്തിന്റെ ക്ഷേമവും സന്തോഷവും ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇവിടത്തെ സ്ത്രീകളുടെ അവസ്ഥ തിരിച്ചറിയേണ്ടതും അവരുടെ ജ്ഞാനോദയമുണര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ചിന്തയില്‍ നിന്നാണ് ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ വിദ്യാലയമാരംഭിക്കുന്നത്. പക്ഷേ ആ ഉദ്യമത്തില്‍ നിന്നും സ്വന്തം ജാതി അന്യായമായി ഞങ്ങളെ വിലക്കുകയും സ്വന്തം പിതാവ് ഞങ്ങളെ കുടുംബത്തില്‍നിന്നും വലിച്ചെറിയുകയും ചെയ്തു. സ്‌കൂളിനായി ഒരിടം ആരും തന്നില്ല, സ്വന്തമായി സ്ഥാപിക്കാന്‍ ഞങ്ങളുടെ കയ്യില്‍ പണവുമുണ്ടായിരുന്നില്ല. ആരും കുട്ടികളെ ഞങ്ങളുടെ സ്‌കൂളില്‍ പറഞ്ഞയക്കാനും തയ്യാറായിരുന്നില്ല'- മറാത്തി മാസികയായ ധ്യാനോദയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫുലെ ദമ്പതിമാർ പറഞ്ഞു.
പക്ഷേ ഒരിന്ത്യമുഴുവന്‍ എതിര്‍ത്താലും പിന്തിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല ഫുലെ ദമ്പതിമാർ. നിരന്തരമായ ആക്രമണങ്ങളെ അതിജീവിച്ച്, ആരോപണങ്ങളെ തള്ളിക്കളഞ്ഞ്, ഫുലെ ദമ്പതിമാര്‍ തങ്ങളുടെ ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിച്ചു. ഫലമായി പതിനെട്ട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പിറവികൊണ്ടു. ബാല്‍ഹത്യ പ്രതിബന്ധക് ഗൃഹ (ശിശുഹത്യാനിരോധനഗൃഹം) എന്ന പേരില്‍ ഒരു സുരക്ഷാവീടും അവര്‍ തുടങ്ങി. ബലാത്സംഗത്തിനിരയായി ഗര്‍ഭിണികളാവുന്ന സ്ത്രീകള്‍ക്ക് സുരക്ഷയും പരിചരണവും നല്‍കുന്ന കേന്ദ്രമായിരുന്നു അത്.
ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ നല്ല ഭാവിയ്ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഫുലെ ദമ്പതിമാര്‍ക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടായിരുന്നില്ല. ഒരു ബ്രാഹ്‌മണ വിധവയുടെ മകനായ യശ്വന്തിനെ ദത്തുപുത്രനായി സ്വീകരിച്ച് വളര്‍ത്തുകയായിരുന്നു അവര്‍ ചെയ്തത്. വിധവയ്ക്കുണ്ടായ മകന് തന്റെ പിതൃത്വം ചൂണ്ടിക്കാണിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ യശ്വന്തിന് വിവാഹം കഴിക്കാന്‍ പെണ്‍മക്കളെ ആരും നല്‍കിയില്ല.അതില്‍ അപമാനിതനായ യശ്വന്തിനെ ദൈനോബ സസൈന്‍ എന്ന സഹപ്രവര്‍ത്തകയുടെ മകളെക്കൊണ്ട് സാവിത്രി വിവാഹം കഴിപ്പിച്ചു.
പ്ലേഗ് ലോകം കീഴടക്കിയകാലത്ത് സാവിത്രിയും യശ്വന്തും ചേര്‍ന്ന് ഒരു ആതുരാലയം തുറന്നു. രോഗബാധിതരായവരെ ശുശ്രൂഷിക്കുകയായിരുന്നു ലക്ഷ്യം. പൂണെയുടെ പ്രാന്തപ്രദേശത്തായിരുന്നു ആതുരാലയം സ്ഥാപിച്ചത്. മഹാര്‍ സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളില്‍ പ്ലേഗ് അതിധൃതം വ്യാപിച്ചപ്പോള്‍ സേവനം ചെയ്യാന്‍ പോയ ഫുലെയും സുഹൃത്ത് പാണ്ഡുരംഗ് ബാബ്ജി ഗേക്വാഡിന്റെ മകന് പ്ലേഗ് ബാധിച്ചു. അവനെയും തോളിലേറ്റി ആശുപത്രിയിലേക്കോടിയ സാവിത്രി ഫുലെ രോഗത്തിനടിമപ്പെട്ട് 1897 മാര്‍ച്ച് പത്തിന് തന്റെ അറുപത്തിയാറാമത്തെ വയസ്സില്‍ മരണമടഞ്ഞു.
സാമൂഹിക പരിഷ്‌കരണം സംസ്‌കാരത്തിന്റെ അനിവാര്യഘടകമായി കണ്ടിരുന്ന സാവിത്രി ഫുലെ കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും തന്റെ നിലപാടുകള്‍ നിരന്തരം സമൂഹവുമായി പങ്കുവെച്ചിരുന്നു. കാവ്യഫുലെ, ഭവാന്‍ കാശി സുബോധ് രത്‌നാകര്‍, ഗോ ഗെറ്റ് എഡ്യുക്കേഷന്‍ തുടങ്ങിയ കൃതികള്‍ അക്കാലത്ത് വന്‍പ്രചാരം നേടിയവയാണ്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നതായിരുന്നു സാവിത്രി ഫുലെയുടെ വീക്ഷണം. തന്റേടത്തോടെയുള്ള നിരന്തരമായ പ്രയത്‌നങ്ങളുടെ ഫലമായി സാവിത്രി ഒരു ഫെമിനിസ്റ്റായി അറിയപ്പെട്ടു. സ്ത്രീകളും അവകാശങ്ങള്‍ സംരക്ഷിക്കാനും നീതിക്കായി പോരാടാനുമായി മഹിളാസേവാമണ്ഡല്‍ എന്ന പേരില്‍ സ്ഥാപനങ്ങള്‍ രൂപികരിച്ചു. ജാതിയുടെയോ ലിംഗത്തിന്റെയോ പേരില്‍ വേര്‍തിരിവ് നേരിടുന്ന സ്ത്രീകളോട് ഒന്നിച്ചുനില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. ശിശുഹത്യയോട് ഒരിക്കലും സാവിത്രി ക്ഷമിച്ചിരുന്നില്ല. തങ്ങള്‍ക്ക് വേണ്ടാതെ ജനിച്ച കുഞ്ഞുങ്ങളെ മടികൂടാതെ തന്നുകൊള്ളാനായി അവര്‍ ഇരുകൈകളും എല്ലായ്‌പ്പോഴും സ്ത്രീകള്‍ക്കുനേരെ നീട്ടി. വിധവകളായ ബ്രാഹ്‌മണസ്ത്രീകള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ സാവിത്രിയുടെ കൈകളിലൂടെ വളര്‍ന്നു. ശൈശവവിവാഹത്തിനെതിരേ നിരന്തരം പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഫുലെ വിധവാവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സതിസമ്പ്രദായത്തെ നഖശിഖാന്തം എതിര്‍ത്ത ഫുലെ ദമ്പതിമാർ വിധവകളെയും അനാഥരായ കുട്ടികളെയും പുനരധിവസിപ്പിക്കാനായി കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. പ്രണയങ്ങള്‍ ചെന്നവസാനിക്കുന്ന അഭിമാനഹത്യകള്‍ക്കെതിരെയും ഫുലെ പോരാടി. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊല്ലുന്ന കമിതാക്കളെ രക്ഷിക്കാനായി അവര്‍ ആശ്രയിച്ചത് കൊലപാതകക്കുറ്റത്തിന് ബ്രിട്ടീഷ് നിയമം നല്‍കുന്ന പരമാവധി ശിക്ഷയെക്കുറിച്ച് സമൂഹത്തെ നിരന്തരം ബോധവത്ക്കരിച്ചുകൊണ്ടായിരുന്നു.
സാവിത്രിബായ് ഫുലെ എന്ന പ്രകാശമണഞ്ഞിട്ട് 126 വര്‍ഷങ്ങള്‍. പെണ്‍വിദ്യാഭാസമികവിന്റെ വിജയഗാഥകള്‍ ഇന്ത്യ പാടിനടക്കുന്ന കാലം യാഥാര്‍ഥ്യമായിരിക്കുന്നു. ഇന്ത്യന്‍ പ്രസിഡണ്ടുപദവി വരെ എത്തിനില്‍ക്കുന്ന പെണ്‍-ജാതി മുന്നേറ്റങ്ങള്‍. ഫെമിനിസവും വിധവാവിവാഹവും നിത്യജീവിതത്തിലെ വെറും സാധാരണമായ സംഭവങ്ങളായി മാത്രം മാറിയിരിക്കുന്ന കാലം. മുന്നേറ്റത്തിന്റെ അഗ്നി ആളിക്കത്താന്‍ ഒരു തീപ്പൊരി വിതറി കടന്നുപോയ സാവിത്രിബായ് ഫുലെ എന്ന മഹദ്‌സ്ത്രീയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.
Content Highlights: savithribai phule jyothirao phule indian feminist movement girl child education, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..