റായ് വരുന്നത് ദൂരെനിന്നേ കണ്ടു... ദീര്‍ഘകായന്‍, അതിസുന്ദരന്‍, ആള്‍ക്കൂട്ടത്തില്‍ ഗോപുരസദൃശന്‍


മാങ്ങാട് രത്‌നാകരന്‍

മുഖ്യമായും ചലച്ചിത്രകാരനായ റായ് ഏതൊക്കെ മേഖലകളിലാണ് വ്യാപരിക്കാതിരുന്നത് എന്നു ചോദിക്കുകയാവും കുറേക്കൂടി സൗകര്യപ്രദം

സത്യജിത് റായ്

ആധുനിക ഇന്ത്യ ജന്മംനല്‍കിയ ഏറ്റവുംവലിയ സര്‍ഗമാനസങ്ങളിലൊന്നാണ് സത്യജിത് റായ്. മഹാനായ ചലച്ചിത്രകാരന്‍ വിടപറഞ്ഞിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ എഴുത്തുമുറിയില്‍നിന്ന് അസമാഹൃതമായ രചനകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. റായിയുടെ മകന്‍ സന്ദീപ് റായ് എഡിറ്റുചെയ്ത Satyajit Ray: Miscellany on life, Cinema, people & Much more എന്ന പുസ്തകം പ്രതിഭയുടെ പ്രസരകാന്തി ചിന്നുന്നതാണ്

യിടെ നമ്മെ വിട്ടുപിരിഞ്ഞ പീറ്റര്‍ ബ്രൂക്ക് മഹാഭാരതം നാടകമാക്കാനുള്ള വഴിതേടാനായി മുഖ്യ സഹകാരി ഴാങ് ക്‌ളൂദ് കരിയേറോടൊപ്പം മഹാഭാരതത്തിലൂടെ നമ്മുടെ കൊച്ചുകേരളത്തിലൂടെ വിശേഷിച്ചും അലഞ്ഞപ്പോള്‍ കൊല്‍ക്കത്തയില്‍, സത്യജിത് റായിയെ കണ്ടു. ആ അലച്ചിലിന്റെ കഥ സ്വച്ഛന്ദമായി ലൂയിസ് ബുനുവലിന് തിരക്കഥയെഴുതുന്നമട്ടില്‍ കരിയേര്‍ എഴുതിയിട്ടുണ്ട്. നമ്മുടെ കഥാപുരുഷനെ കണ്ടതിനെക്കുറിച്ച് ഇങ്ങനെ: 'കൊല്‍ക്കത്ത. സത്യജിത് റായിയുമായി കൂടിക്കാഴ്ച. ഹോട്ടലില്‍നിന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാനായി അദ്ദേഹം വരുന്നത് ദൂരെനിന്നേ കണ്ടു. ദീര്‍ഘകായന്‍, അതിസുന്ദരന്‍, ആള്‍ക്കൂട്ടത്തില്‍ ഗോപുരസദൃശന്‍. ഇംഗ്ലീഷ് അതിമനോഹരമായി സംസാരിക്കും പീറ്റര്‍ പറഞ്ഞു.'

നിമായ് ഘോഷിന്റേത് ഉള്‍പ്പെടെ എന്റെ പക്കലുള്ള സത്യജിത് റായ് ഫോട്ടോഗ്രാഫുകളില്‍ രണ്ടെണ്ണം ആ 'മേദുരദീര്‍ഘകായനെ' വിശേഷിച്ചും കാണിച്ചുതരുന്നവയാണ്. ഒന്ന്, കരിയേര്‍ പറയുമ്പോലുള്ള ആള്‍ക്കൂട്ടത്തിലെ ഗോപുരസദൃശത, തെരുവിലൂടെ നടന്നുവരുന്ന റായ്, റായിയുടെ 'ജീവചരിത്ര ഫോട്ടോഗ്രാഫറായ' നിമായ് ഘോഷ് എടുത്തത്. മറ്റൊന്ന്, പത്മനാഭപുരം കൊട്ടാരത്തിനുമുന്നില്‍ (1983). ആരാണ് എടുത്തത്? അടൂര്‍ ഗോപാലകൃഷ്ണന്‍?

'പെന്‍ഗ്വിന്‍ റായ് ലൈബ്രറി'യുടെ ഭാഗമായി പ്രസിദ്ധീകരിച്ച സത്യജിത് റായ് പലവക ജീവിതം, സിനിമ, ആളുകള്‍, പിന്നെയും ചിലത് എന്നപേരില്‍ റായിയുടെ മകന്‍ സന്ദീപ് റായ് എഡിറ്റുചെയ്ത പുസ്തകം പരിചയപ്പെടുത്തുന്നതിനു മുഖവുരയായി ഇത്രയും എഴുതിയത് ഈ പുസ്തകത്തില്‍ റായ് തന്റെ ഉയരത്തെക്കുറിച്ചെഴുതിയ ഒരു സന്ദര്‍ഭം വായിച്ചു രസിച്ചതിനാലാണ്. ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തിന്റെ കഥാവിഭാഗം ജൂറിയാകാനുള്ള ക്ഷണം സ്വീകരിച്ച് ആ മഹാനഗരത്തില്‍ വിമാനമിറങ്ങിയപ്പോള്‍ അതിഥികളുടെ കാര്യങ്ങള്‍നോക്കാന്‍ ചുമതലയുള്ള ഹെര്‍ബെര്‍ട്ട് ലുഫ്റ്റ് എന്നയാളെ പരിചയപ്പെട്ടു. ''ഞാന്‍ ആദ്യം അയാളോടു ചോദിച്ച കാര്യങ്ങളിലൊന്ന് അയാളുടെ ഉയരമാണ്. കൃത്യം ഒരു മീറ്റര്‍ തൊണ്ണൂറ്റിയൊമ്പത് സെന്റീമീറ്റര്‍ എന്ന് അയാള്‍ പറഞ്ഞു. അതായത് എന്നെക്കാളും അഞ്ചു സെന്റീമീറ്റര്‍ കൂടുതല്‍.'' (വിക്കിപ്പീഡിയയും മറ്റു ചില രേഖകളും 1.93 മീറ്ററാണ് റായിയുടെ ഉയരം കണക്കാക്കിയിരിക്കുന്നത്. റായിതന്നെ അല്ലെന്നു പറഞ്ഞ സ്ഥിതിക്ക് അതു തിരുത്തേണ്ടിയിരിക്കുന്നു: 1.94 മീറ്റര്‍).

മുഖ്യമായും ചലച്ചിത്രകാരനായ റായ് ഏതൊക്കെ മേഖലകളിലാണ് വ്യാപരിക്കാതിരുന്നത് എന്നു ചോദിക്കുകയാവും കുറേക്കൂടി സൗകര്യപ്രദം (ഇതെഴുന്നയാള്‍ ഒരു ഗൊദാര്‍ദ് കഥാപാത്രത്തെപ്പോലെ സിഗരറ്റു വലിച്ചിരുന്ന കാലത്ത് സുഹൃത്തുക്കള്‍ ശാസിച്ചപ്പോള്‍ റായ് ഡിസൈന്‍ ചെയ്ത പാക്കറ്റല്ലേ, ഒഴിവാക്കുന്നത് അനാദരവല്ലേ എന്നു തൊടുന്യായം പറയാറുണ്ടായിരുന്നു). റായിയെ കലൈഡോസ്‌കോപ്പിലെന്നപോലെ തിരിച്ച്, വര്‍ണത്തിളക്കത്തോടെ പലതായി കാണാന്‍ കഴിയുന്ന പുസ്തകമാണിത്. ഒരു കലാകാരനെ ആഴത്തില്‍ മനസ്സിലാക്കാന്‍ അയാള്‍ പണിക്കൂറ തീര്‍ത്തു പറഞ്ഞയച്ച രചനാശില്പങ്ങള്‍ മാത്രമല്ല, അയാളുടെ മുദ്രപതിഞ്ഞ എന്തും ഏതും വിലപ്പെട്ടതാണ് എന്ന് നാം പതുക്കെയെങ്കിലും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഉപശീര്‍ഷകം പറയുന്നതിലേറെ വൈവിധ്യത്തോടെ, സംവിധായകന്റെ കാഴ്ചപ്പാട്, ചലച്ചിത്രനിരൂപണങ്ങള്‍, സ്വകാര്യക്കുറിപ്പുകള്‍, പ്രഭാഷണങ്ങള്‍, സ്മരണകള്‍, ആസ്വാദനങ്ങള്‍, കത്തുകള്‍, സ്‌കെച്ചുകള്‍, ഫോട്ടോകള്‍, ആശംസാസന്ദേശങ്ങള്‍, രൂപകല്പനചെയ്ത പോസ്റ്ററുകള്‍, രേഖാചിത്രങ്ങള്‍, കുത്തിക്കുറിക്കലുകള്‍, തിരക്കഥാസ്‌കെച്ചുകള്‍, കൈയെഴുത്തുകള്‍, എല്‍.പി. റെക്കോഡ് ചട്ടകള്‍ക്കെഴുതിയ ആസ്വാദനക്കുറിപ്പുകള്‍ എല്ലാം ഈ പുസ്തകത്തില്‍ കവിഞ്ഞുപടരുന്നു.

സത്യജിത് റായ് തന്റെ സര്‍ഗകര്‍മത്തിന്റെ 'രഹസ്യങ്ങള്‍' വിശദീകരിച്ചത് പേരുകേട്ട ചലച്ചിത്രപുസ്തകങ്ങളിലെ ലേഖനങ്ങളിലെന്നതിനെക്കാള്‍, ആനുഷംഗികമായ കുറിപ്പുകളിലാണെന്നുകൂടി ഈ 'പലവക'യില്‍ കണ്ടെത്തും. 'സത്യജിത് റായ് ചലച്ചിത്രോത്സവം; രണ്ടാം ദശകം' എന്ന സ്മരണികയ്‌ക്കെഴുതിയ മുഖവുരയില്‍ റായ് എഴുതുന്നു: 'നിരൂപകര്‍ മിക്കപ്പോഴും ഒരു പ്രമേയത്തില്‍നിന്ന് മറ്റൊന്നിലേക്കും ഒരു ശാഖയില്‍നിന്ന് വേറൊന്നിലേക്കുമുള്ള എന്റെ 'പച്ചത്തുള്ളന്‍മട്ടിനെ' വിമര്‍ശിച്ചിട്ടുണ്ട്. അതായത്, ഒരു പ്രധാനപ്രമേയത്തില്‍, എളുപ്പം തിരിച്ചറിയാവുന്ന ശൈലിയിലായാല്‍ അവര്‍ക്ക് എന്നെ ഒരു ലേബലിനു കീഴില്‍ തളച്ചിടാന്‍ വിഷമമില്ലല്ലോ... ഇക്കാര്യത്തില്‍ എനിക്ക് എന്നെത്തന്നെ ന്യായീകരിക്കാനായി ഇങ്ങനെ പറയാം. ഈ വൈവിധ്യം എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഓരോ ചിത്രത്തിനുപിന്നിലും തീര്‍ത്തും വ്യക്തമായ തീരുമാനങ്ങളുണ്ട്... മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, കൃഷിയോഗ്യമായ സ്ഥലത്ത് പര്യവേക്ഷണവും വിപുലീകരണവുമാണ് എന്റെ ശ്രദ്ധയില്‍വരുന്നത്, അല്ലാതെ ഒരു പാടത്ത് ഒറ്റവിളക്കൃഷി നടത്തലല്ല.'

റായ് തന്റെ ചലച്ചിത്രലേഖനങ്ങളില്‍ ഏറക്കുറെ ഗൗരവപ്രകൃതിയാണെങ്കിലും ഇതിലെ സാന്ദര്‍ഭികമായ കുറിപ്പുകളില്‍ അങ്ങേയറ്റം ഫലിതപ്രിയനാണ്, 'സഹികെടുമ്പോള്‍' ചിതറിത്തെറിക്കുന്ന ഫലിതം. അപരാജിതോയില്‍ നോവലിലെ ചില കഥാപാത്രങ്ങളെ ഒഴിവാക്കി എന്ന വിമര്‍ശനത്തിനു മറുപടി ഇങ്ങനെ: 'ചില' എന്നത് ന്യൂനോക്തിയാണ്. കൃത്യമായി പറഞ്ഞാല്‍ 237 കഥാപാത്രങ്ങളെ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. ഒരു കഥാപാത്രത്തിന് ഒരു മിനിറ്റുവീതംവെച്ചു നല്‍കിയാല്‍ പടത്തിന് ഏതാണ്ട് നാലുമണിക്കൂറോളം ദൈര്‍ഘ്യംവരും. മറ്റൊന്ന്: 'അമ്മ മരിച്ചപ്പോള്‍ അപു തേങ്ങിക്കരയുന്നത് തീര്‍ത്തും അനാവശ്യമായിരുന്നെന്നും നോവലില്‍ അങ്ങനെയൊരു സന്ദര്‍ഭമില്ലെന്നും ഒരു പ്രഗല്ഭ നിരൂപകന്‍ എഴുതിയിട്ടുണ്ട്. ശരിയാണ്, പുസ്തകത്തില്‍ അപു അവന്റെ നാവുകൊണ്ടാണ് സംസാരിച്ചതെന്നും കൈകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നും കാലുകൊണ്ടാണ് നടന്നതെന്നും പറയുന്നില്ല...'

ചലച്ചിത്രകാരനെന്നനിലയിലേക്കുള്ള തന്റെ വികാസപരിണാമങ്ങളെക്കുറിച്ച് പഥേര്‍ പാഞ്ജലി (1955) പുറത്തുവന്ന് മൂന്നുവര്‍ഷത്തിനുശേഷം റായ് തിരിഞ്ഞുനോക്കുന്നു: ''ചാപ്ലിന്‍, ഡി സിക്ക, റെസ്വാര്‍, ക്ലെയര്‍, പുദോവ്കിന്‍, ഐസന്‍സ്റ്റീന്‍ തുടങ്ങിയ സംവിധായകരുടെ രചനകള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. റെനാറുടെ ദി സതേണര്‍, പഥേര്‍ പാഞ്ജലി രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചാപ്ലിനെ ഒഴിവാക്കിയാല്‍ ഡി സിക്കയാണ് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സംവിധായകന്‍. അതുല്യനാണ് അദ്ദേഹം. സ്വന്തം സിനിമകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അത്രയേറെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മറ്റുള്ള സംവിധായകരില്‍നിന്ന് അദ്ദേഹത്തെ വേര്‍തിരിച്ചുകാണുകയാവും ഉചിതം. ബൈസിക്കിള്‍ തീവ്‌സ് എല്ലാ സംവിധായകര്‍ക്കും ഒരു മാതൃകയാണ്.'

ചില തിരിച്ചറിവുകള്‍ക്കുകൂടി ഇതിലെ രചനകള്‍ സഹായിക്കും. സത്യജിത് റായിയും ഋത്വിക് ഘട്ടക്കും വിരുദ്ധധ്രുവങ്ങളിലാണെന്നും വ്യക്തിപരമായി സുഖത്തിലല്ലെന്നുമുള്ള ഒരു 'മിത്ത്' സൃഷ്ടിക്കപ്പെട്ടിരുന്നു. ബോധപൂര്‍വമായ ഒരു 'വിച്ഛേദ'ത്തിന് അത് ആവശ്യവുമായിരുന്നിരിക്കാം? ഘട്ടക്കിനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനാക്കാന്‍ ഇന്ദിരാഗാന്ധിയോട് ശുപാര്‍ശചെയ്തത് റായിയാണെന്നോ ഘട്ടക്കിന്റെ രചനകളെ റായ് വിലമതിച്ചിരുന്നു എന്നതോ ('ഈ രാജ്യം സൃഷ്ടിച്ച അപൂര്‍വം മൗലിക ചലച്ചിത്രപ്രതിഭകളിലൊരാളാണ് ഋത്വിക്. എപിക് ശൈലിയില്‍ തീക്ഷ്ണമായ ഇമേജുകളുടെ സ്രഷ്ടാവ് എന്നനിലയില്‍ ഇന്ത്യന്‍ സിനിമയില്‍ ഫലത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല.') സൗകര്യപൂര്‍വം വിസ്മരിക്കപ്പെട്ടു. ഘട്ടക്കിനെ അവസാനമായി ഒരുനോക്കുകാണാനെത്തിയ റായിയോട് 'ദ്രോഹീ, നിങ്ങളാണ് ഋത്വിക് ദായെ കൊന്നത്', എന്നുപോലും ശാപവാക്കുകള്‍ മുഴങ്ങിയിരുന്നു. അത് ചരിത്രത്തിന്റെ ഗതികിട്ടാഫലിതങ്ങള്‍. ഘട്ടക്കിന്റെ അമര്‍ ലെനിന്‍ എന്ന ഡോക്യുമെന്ററി സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍ ആ തീരുമാനത്തെ പ്രതിരോധിച്ച് റായ് ഡോക്യുമെന്ററി നിര്‍മാതാവിന് എഴുതിയ കത്ത് ഈ സമാഹാരത്തിലുണ്ട്. ആ കത്ത് മാത്രമല്ല, ഘട്ടക്കിന്റെ സിനിമയും ഞാനും എന്ന പുസ്തകത്തിനെഴുതിയ ഉജ്ജ്വലമായ മുഖവുരയും.

റായ് ദക്ഷിണേന്ത്യയിലേക്ക് ഇറങ്ങിവന്ന ഒരേയൊരു മുഹൂര്‍ത്തമാണ് ബാല എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണം. ബാല എന്നാല്‍, ബാലസരസ്വതി, വിഖ്യാത നര്‍ത്തകി. റായിയുടെ മികവുറ്റ ഡോക്യുമെന്ററിയല്ല ബാല എന്നുവരികിലും രണ്ടു സര്‍ഗാത്മകമനസ്സുകളുടെ സംഗമഭൂമിയാണ് ആ ഡോക്യുമെന്ററി. 'ബാലയോടൊപ്പം' എന്ന സാമാന്യം നീണ്ട കുറിപ്പില്‍ ഹൃദ്യമായ, ലാഘവമാര്‍ന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ റായ് കോറിയിടുന്നു. ബാലയെ അവരുടെ നൃത്തചാരുതയുടെ വസന്തകാലത്ത് ചിത്രീകരിക്കാന്‍ കഴിയാതിരുന്നതിന്റെ സങ്കടം റായ് പങ്കിടുന്നു. ബാലയുടെ 58ാം വയസ്സിലാണ് ചിത്രീകരണം. സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ബാലയുടെ നീണ്ടവിരലുകള്‍ നൃത്തംചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ച് റായ് എഴുതുന്നു. ഈ പുസ്തകം അവസാനപുറംവരെ വായിച്ചുകഴിഞ്ഞപ്പോള്‍, ഞാന്‍ വായനക്കാരന്‍ മാത്രമല്ലാതായി. റായിയുടെ തിരുവനന്തപുരം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എന്റെ ശേഖരത്തിലുള്ള റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവ പകര്‍പ്പെടുത്ത് കൊല്‍ക്കത്തയിലെ സത്യജിത് റായ് ആര്‍ക്കൈവ്‌സിന് അയച്ചുകൊടുത്തു. രാമായണമാസമല്ലേ, അണ്ണാറക്കണ്ണനും തന്നാലായത്!

Content Highlights: Satyajit Ray: Miscellany on life, Cinema, people & Much more

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented