ആദ്യ കഥ 'ജീവിതം തുടങ്ങുന്നു'; സതീഷ് ബാബു പയ്യന്നൂരിന്റെ സാഹിത്യജീവിതവും!


'സര്‍പ്പഗൃഹം' എന്ന കഥ വന്നശേഷം നീണ്ട പതിനഞ്ചുവര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് എഴുതിയതേയില്ല.

സതീഷ് ബാബു പയ്യന്നൂർ

പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂരിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സാംസ്‌കാരികലോകം ഉള്‍ക്കൊള്ളുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വരിക്കാരനാവുകയെന്നാല്‍ ഗൗരവമുള്ള വായനക്കാരനാവുക എന്നാണ് അര്‍ഥമെന്ന് സ്വന്തം പിതാവ് നല്‍കിയ പാഠത്തിന്റെ ബലത്തില്‍ മലയാള സാഹിത്യത്തിലേക്കും സിനിമയിലേക്കും സാംസ്‌കാരികതയിലേക്കും നടന്നുകയറി അദ്ദേഹം. സതീഷ് ബാബു പയ്യന്നൂര്‍ എന്ന പേര് മലയാളസാഹിത്യത്തിലും സിനിമയിലും നിറഞ്ഞുനിന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'എന്റെ ആഴ്ചപ്പതിപ്പ് 'എന്ന പംക്തിയില്‍ ജൂണ്‍ മാസത്തില്‍ സതീഷ് ബാബു എഴുതിയ ലേഖനമാണ് ഇത്. കഥയിലെ തെളിഞ്ഞ അക്ഷരങ്ങള്‍ പോലെ, അനുഭവങ്ങള്‍ പോലെ ഒരു ഗ്രാമീണബാലന്റെ ഓര്‍മകള്‍ ഈ ലേഖനത്തില്‍ പ്രതിഫലിക്കുന്നു.

സ്വാതന്ത്ര്യസമരക്കാറ്റ് ഏറെ ശക്തമായി വീശിയ നാടാണ് എന്റെ പയ്യന്നൂര്‍. അതുകൊണ്ടുതന്നെ മാതൃഭൂമിയുടെ സവിശേഷമായ ഗന്ധം നാടെങ്ങും നിറഞ്ഞുനിന്നിരുന്നു. മിക്കവാറും വീടുകളില്‍ പാരമ്പര്യമായി മാതൃഭൂമി സ്ഥാനം പിടിക്കുകയും അത് വരികള്‍ക്കിടയില്‍പ്പോലും വായിക്കപ്പെടുകയും ചെയ്തുപോന്നു. മുച്ചിലോട്ട് സ്‌കൂളില്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് ഈ നാട്ടുരഹസ്യം എന്നില്‍ പരസ്യപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തോടൊപ്പം അണിചേര്‍ന്ന പത്രമാണിതെന്നും എന്റെ നാട് സമരഭൂമികളിലൊന്നായിരുന്നുവെന്നും ഏറെ സ്വാതന്ത്ര്യസമരഭടന്മാര്‍ ചുറ്റിലുമുണ്ടെന്നുമുള്ള അറിവ് ചെറുതായൊന്നുമല്ല പ്രചോദിപ്പിച്ചത്. ഉപ്പുസത്യാഗ്രഹക്കാലത്ത് കേളപ്പജിയുടെ നേതൃത്വത്തില്‍ ഉപ്പുകുറുക്കിയ തീരമാണ് ഞങ്ങളുടേത്. മഹാത്മജിയുടെ സന്ദര്‍ശനകാലത്ത് അദ്ദേഹം നട്ട മാവിന്‍തൈ 'ഗാന്ധിമാവാ'യി ഇന്നും ആനന്ദതീര്‍ഥന്റെ ആശ്രമമുറ്റത്ത് തണല്‍ വിരിച്ചുനില്‍പ്പുണ്ട്.മുച്ചിലോട്ട് സ്‌കൂളിലേക്ക് അനിയത്തിയോടൊപ്പം ഒരു കുടക്കീഴില്‍ നടന്നുനീങ്ങിയ മഹാദേവഗ്രാമം എന്ന മൈതാനഭൂമി. അവിടത്തെ മഹാദേവദേശായി സ്മാരക വായനശാല. മഹാദേവദേശായി എന്ന ഗാന്ധിശിഷ്യന്‍ വന്ന് പ്രസംഗിച്ച മണ്ണിലൂടെയാണ് ഞാന്‍ നടന്നുപോവുന്നതെന്ന കാര്യം പറഞ്ഞുതന്നത് ഒരു വൈകുന്നേരം അച്ഛനാണ്. ഖാദി ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അച്ഛന്‍ തികഞ്ഞ ഗാന്ധിയനും പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസിലെ ഗ്രാമസേവകനുമായിരുന്നു (പിന്നീട് ഈ തസ്തിക വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെന്നായി). ഗ്രാമത്തില്‍ നിറയെ ഗാന്ധിയന്മാരായിരുന്നു. സ്വാതന്ത്ര്യസമരചരിത്രത്തോടൊപ്പം നീങ്ങിയ ഒട്ടേറെപ്പേര്‍ മിക്ക വീടുകളിലുമുണ്ടായിരുന്നു. ഒപ്പം സംസ്‌കൃതത്തിനും ജ്യോതിഷത്തിനും ഖാദിക്കും പേരുകേട്ട നാടുകൂടിയായിരുന്നു പയ്യന്നൂര്‍. എന്റെ കുട്ടിക്കാല ഓര്‍മ്മയില്‍, മിക്കവാറും വീടുകളില്‍ ചര്‍ക്കയും നൂല്‍നൂല്‍പ്പുമുണ്ട്. പയ്യന്നൂരിലെ ഗ്രാമോദയ ഖാദികേന്ദ്രം ഇന്നും പ്രസിദ്ധം. ഖാദി ബോര്‍ഡിന്റെ വലിയൊരു ഉത്പാദനശാലയും പ്രാദേശികകേന്ദ്രവും ഈ നാട്ടിലുണ്ട്.

നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ പത്രമാസികകളുടെ വിശാലമായ വായനാലോകത്തിലേക്ക് അച്ഛനെന്നെ കൈപിടിച്ച് കൊണ്ടുപോയിരുന്നു. പയ്യന്നൂര്‍ ബസാറിലേക്ക് അച്ഛനോടൊപ്പം പോകുന്ന വൈകുന്നേരങ്ങളില്‍, ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ വായനശാലയിലും അച്ഛന്‍ കയറും. അവിടെ കാണാത്ത പത്രങ്ങളില്ല. രാവിലെ വായിക്കാത്തവയെടുത്ത് അച്ഛന്‍ മറിച്ചുനോക്കും. വലിയ ഗമയില്‍ അടുത്തിരുന്ന് ഞാനും.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ബാലപംക്തി' വായിക്കാന്‍ അച്ഛന്‍തന്നെയായിരുന്നു തിരഞ്ഞെടുത്തുതന്നത്. ചേട്ടന്മാരും ചേച്ചിമാരുമെഴുതുന്ന കഥയും കവിതയും ആദ്യമൊന്നും പിടികിട്ടിയില്ല. അഞ്ചാംക്ലാസ് കഴിഞ്ഞതില്‍പ്പിന്നെ, എന്റെ അപേക്ഷയില്‍ ബാലരമയ്ക്കും ബാലയുഗത്തിനും അമ്പിളി അമ്മാവനുമൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പ് വീട്ടില്‍ വരുത്താന്‍ അച്ഛന്‍ തയ്യാറായി. അത് ബാലപംക്തിയോടുള്ള പ്രണയംകൊണ്ടുമാത്രമായിരുന്നില്ല. മുതിര്‍ന്നവരെപ്പോലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്ന കുട്ടി എന്ന മഹത്തായ പദവിയോട് അറിയാതെ വന്നുപെട്ട അഭിനിവേശമായിരുന്നു! ആ ഒരു 'സ്റ്റാറ്റസ്' കേളോത്ത് സെന്‍ട്രല്‍ സ്‌കൂളിലെ യു.പി. പഠനകാലത്തും പിന്നീട് പയ്യന്നൂര്‍ ഹൈസ്‌കൂള്‍ ജീവിതകാലത്തും ഏറെ ഗുണകരമായി. സാഹിത്യസമാജങ്ങളിലും യുവജനോത്സവ മത്സരങ്ങളിലും ഞാന്‍ മാതൃഭൂമി വായിക്കുന്ന 'സാഹിത്യബാല'നായി; പയ്യന്നൂരെ ഒരു പ്രധാന പയ്യന്‍! അക്കാലത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വിവര്‍ത്തന നോവലുകളായിരുന്നു മിക്കവാറും സാഹിത്യസമാജങ്ങളില്‍ ചര്‍ച്ച. ബംഗാളി നോവലുകളുടെ ആ തര്‍ജമകള്‍ ഇന്നും പഴയ അഭിനിവേശത്തോടെ എന്റെ ഗ്രന്ഥശേഖരത്തിലും ഇടയ്ക്കിടെയുള്ള വായനയിലുമുണ്ട്.

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് യുവജനോത്സവത്തിലെ കഥാമത്സരത്തില്‍ പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും.'യക്ഷി' എന്ന ആ കഥ, പക്ഷേ മാതൃഭൂമിയുടെ ബാലപംക്തിയിലേക്കയക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. കാരണം 'ബാലപംക്തി'യില്‍ വരുന്ന രചനകളുടെ ഔന്നത്യം എന്റെ മുന്നില്‍ ഹിമാലയശൃംഗങ്ങളായിരുന്നു! അവയോടൊപ്പമെത്താന്‍ ഒരിക്കലും ഞാനെഴുതുന്നതിന് സാധിക്കില്ലെന്നും അവ തിരസ്‌കരിക്കപ്പെടുമെന്നും എനിക്ക് തിരിച്ചറിവുണ്ടായിരുന്നു. ഒരിക്കലും ഞാന്‍ ബാലപംക്തിക്ക് രചനകളയക്കുകയുണ്ടായില്ല. അതുപോലെ വിഷുപ്പതിപ്പിലെ മത്സരകഥകളും കവിതകളും പുലര്‍ത്തുന്ന നിലവാരം ഒരിക്കലും എനിക്ക് കൈവരിക്കാനാവില്ലെന്നും വിശ്വസിച്ചു. ഒരു വിഷുപ്പതിപ്പ് മത്സരത്തിലും പങ്കെടുക്കാതെ അന്തര്‍മുഖനായി നടന്നു...

കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ഡിഗ്രി പഠനകാലത്താണ്, ഒരു കാമ്പസ് പത്രാധിപരുടെ റോളിലേക്ക് ഞാനെടുത്തുചാടുന്നത്. ബാലജനസഖ്യത്തിന്റെ ചില സുവനീറുകള്‍ എഡിറ്റുചെയ്ത ധൈര്യത്തില്‍ 'കാമ്പസ് ടൈംസ്' എന്ന ഒരു പത്രം ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്നാരംഭിച്ചു. പത്രപ്രവര്‍ത്തനകൗതുകം വളര്‍ന്ന് ആനുകാലികങ്ങളിലും വാരാന്തപ്പതിപ്പുകളിലും പലവിഷയങ്ങളിലുള്ള ഫീച്ചറുകള്‍ എഴുതിത്തുടങ്ങി. മാതൃഭൂമിയുടെ വാരാന്തപ്പതിപ്പില്‍ ഒട്ടേറെ സചിത്രലേഖനങ്ങളും ഫീച്ചറുകളും എണ്‍പതുകളുടെ തുടക്കത്തില്‍ അച്ചടിച്ചുവന്നു. എഡിറ്ററായിരുന്ന കെ.സി. നാരായണന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചു. അതുപോലെ വി.ആര്‍. ഗോവിന്ദനുണ്ണിയും കെ.പി. വിജയനും. അക്കാലത്ത് (1986) എന്റെ രണ്ടാമത്തെ നോവലായ 'മഞ്ഞസൂര്യന്റെ നാളുകള്‍' വാരാന്തപ്പതിപ്പില്‍ ഇരുപതാഴ്ച ഖണ്ഡശഃ പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിച്ചു, വിജയേട്ടന്‍! അതെന്റെ സര്‍ഗജീവിതത്തിലെ നിര്‍ണായകഘട്ടമാവുകയും ചെയ്തു.

ഫീച്ചറുകള്‍ ഫിക്ഷന്‍ രീതിയില്‍ത്തന്നെയായിരുന്നു ഞാനെഴുതിയിരുന്നത്. ഒരുപക്ഷേ, കഥയാവേണ്ട ഒരുപാട് സംഗതികള്‍ ലേഖനങ്ങളിലോ റിപ്പോര്‍ട്ടുകളിലോ ഒതുക്കുകയായിരുന്നു. പതുക്കെ വാരാന്തപ്പതിപ്പില്‍നിന്ന് എനിക്ക് ആഴ്ചപ്പതിപ്പിലേക്ക് പ്രൊമോഷന്‍ കിട്ടുന്നു. നെഹ്റുകോളേജിലെ അവസാനവര്‍ഷം. 1983 ജനുവരി 9-ന്റെ ആഴ്ചപ്പതിപ്പില്‍ 'വിരല്‍ത്തുമ്പിലെ വാഗ്ദത്തഭൂമി' എന്ന ഫീച്ചര്‍ വരുന്നു. കംപ്യൂട്ടറൈസേഷന്‍ തുടങ്ങിയ ആ കാലത്ത് ടൈപ്പ് റൈറ്റിങ് കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അവസ്ഥയെക്കുറിച്ചുള്ള ഒരന്വേഷണം. കവറിലും മറ്റും രേഖപ്പെടുത്തിയാണത് വന്നത് എന്നത് വലിയ സന്തോഷമേകി. വത്സലടീച്ചറുടെ കൂമന്‍കൊല്ലി വന്നുകൊണ്ടിരുന്ന കാലമായിരുന്നു. ആ ലക്കത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് സച്ചിദാനന്ദനും കനക് റലെയെക്കുറിച്ച് കെ.എസ്. നാരായണപിള്ളയും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകളെക്കുറിച്ച് ഡോ. വി.എസ്. ശര്‍മയും എഴുതി. ഒപ്പം എം. രാജീവ്കുമാറിന്റെ 'കലണ്ടര്‍'എന്ന ശ്രദ്ധേയമായ കഥയും. പിന്നീട് തുടര്‍ച്ചയായി ഫീച്ചറുകള്‍ വന്നു. രണ്ടാമത് വന്ന 'പാമ്പുകളും പൂക്കളും' എന്ന പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്കിനെക്കുറിച്ചുള്ള ഫീച്ചര്‍ കവര്‍‌സ്റ്റോറിയായിത്തന്നെ വന്നത് ഇരട്ടി മധുരമായി (1983 ഫെബ്രുവരി 6). നാഷണല്‍ സര്‍വീസ് സ്‌കീമിനെക്കുറിച്ചുള്ളതായിരുന്നു ആഴ്ചപ്പതിപ്പിലെ മൂന്നാം ഫീച്ചര്‍ (ഗ്രാമങ്ങള്‍ ദത്തെടുക്കുന്നവര്‍-1983 ജൂണ്‍ 5). അതേസമയം കലാകൗമുദിയിലും ദേശാഭിമാനിയിലും കുങ്കുമത്തിലും മലയാളനാട്ടിലുമൊക്കെ ഫീച്ചറുകളും കഥകളും പ്രസിദ്ധീകരിച്ചുവരുന്നുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകളെഴുതാത്തതെന്താ എന്ന് പലരും ചോദിച്ചു. സത്യത്തില്‍ ഒരു 'മാതൃഭൂമിക്കഥ' എഴുതാന്‍ സാധിക്കാത്തതാണ് കാര്യം. എന്നാല്‍ 1985-ല്‍ കൂട്ടുകാരോടൊപ്പം നടത്തിയ ഒരു മൂകാംബികായാത്രയ്ക്കുശേഷം, അവിടത്തെ ഒരനുഭവം ആസ്പദമാക്കിയുള്ള കഥ, ധൈര്യം സംഭരിച്ച് മാതൃഭൂമിക്കയച്ചു...ഒന്നുരണ്ടുമാസം കഴിഞ്ഞിട്ടും മറുപടിയൊന്നുമില്ല. അക്കാലത്തൊരിക്കല്‍ കോഴിക്കോട്ട് ആകാശവാണിയില്‍ കഥ വായിക്കാന്‍ ചെന്നപ്പോള്‍ മാതൃഭൂമിയിലും കയറി. ഡോ. പി.ബി. ലല്‍ക്കാറിന്റെ നിര്‍ദേശത്തില്‍ ഗൃഹലക്ഷ്മിയിലും ജനാര്‍ദനന്റെ പ്രോത്സാഹനത്തില്‍ ചിത്രഭൂമിയിലും എഴുതാറുണ്ടായിരുന്നതിനാല്‍ കോഴിക്കോട് ചെല്ലുമ്പോള്‍ മാതൃഭൂമിയില്‍ പോവുക പതിവായിരുന്നു. ആഴ്ചപ്പതിപ്പ് അന്ന് നോക്കിയിരുന്നത് എ. സഹദേവനാണ്. എന്നെ കണ്ടയുടന്‍ സഹദേവേട്ടന്‍ പറഞ്ഞു, ആ കഥ ഉടനെ കൊടുക്കുന്നുണ്ടെന്ന്!

'ജീവിതം തുടങ്ങുന്നു' എന്ന ആ ആദ്യ മാതൃഭൂമിക്കഥ പ്രകാശിതമാവുന്നത് 1985 സെപ്റ്റംബര്‍ 15-ന്റെ ലക്കത്തിലാണ്, മദനന്റെ വരകളോടെ. തുടര്‍ന്ന് പല കഥകള്‍ വന്നു. രണ്ടാം കഥയായ 'ഒന്നാം പകല്‍' വന്നത് എ. എസിന്റെ ചിത്രങ്ങളോടെ. ദൈവം, വിശുദ്ധഹൃദയം, മറന്നുപോയത്, രണ്ടായിരത്തിലെ പുല്‍നാമ്പുകള്‍, ഒരു ഈറന്‍കാറ്റ് വന്ന് അയാളെ തൊട്ടു, ഒരു തൂവലിന്റെ സ്പര്‍ശം തുടങ്ങിയ ഒട്ടേറെ പ്രിയ കഥകള്‍ എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ ആഴ്ചപ്പതിപ്പിലൂടെ വന്നു.

2000-ത്തിലാണ് ഓണപ്പതിപ്പിലേക്ക് പ്രൊമോഷന്‍ ലഭിക്കുന്നത്. 'മായാരഞ്ജിനി' എന്ന ആ കഥയും പ്രിയതരം. 1989 ഏപ്രില്‍ 16-ന്റെ ലക്കത്തില്‍ വന്ന 'പേരമരം' എന്ന രണ്ടുപേജ് കഥ വഴിത്തിരിവുണ്ടാക്കിയത്, വളരെ പിന്നീട് 2007-ലാണ്. കാല്‍ച്ചിലമ്പ് എന്ന സിനിമയുടെ ഷൂട്ടിങ് വേളയില്‍ പഴയ ഒരു മനയുടെ തട്ടിന്‍പുറത്തൂടെ കുത്തിയൊലിക്കുന്ന മഴവെള്ളത്തില്‍ ഒഴുകിവന്ന പല മാസികകള്‍ക്കിടയില്‍നിന്ന് കേസരി ബാലകൃഷ്ണപിള്ളയുടെ ചിത്രമുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ വലിച്ചെടുക്കുന്നു. 'ഷൂട്ടിങ്ങിനിടയിലെ ബോറടി മാറ്റാന്‍' നനഞ്ഞുകുതിര്‍ന്ന ആ താളുകള്‍ നിവര്‍ത്തിവെച്ച് ആദ്യം എന്‍.വി. കൃഷ്ണവാരിയരുടെ ലേഖനത്തിലേക്കും തുടര്‍ന്ന് പല പേജുകള്‍ മറിച്ച് മദനന്‍ വരച്ച ആകര്‍ഷക ചിത്രങ്ങള്‍ വഴി 'പേരമരം' എന്ന കഥയിലേക്കും എത്തുന്നു...അക്കാലത്ത് അദ്ദേഹം മാധ്യമം വാരികയിലെഴുതിയിരുന്ന 'വാഴ്വും നിനവും' എന്ന കോളത്തില്‍ ആറുപേജുകളില്‍ 'പേരമര'ത്തെ വാനോളം വാഴ്ത്തി...അതോടെ പുതിയ വായനക്കാരിലേക്കും പ്രസാധകരിലേക്കും ആ മാതൃഭൂമിക്കഥയെത്തിച്ചേരുന്നു. അങ്ങനെയാണ് 'പൂര്‍ണ'പബ്ലിക്കേഷന്‍സിലൂടെ പേരമരം എന്ന പേരില്‍ കഥാസമാഹാരം വരുന്നത്. 2012- ലെ ചെറുകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ആ പുസ്തകം എനിക്ക് നേടിത്തന്നു.

2004 ഫെബ്രുവരി 29-ന്റെ ലക്കത്തില്‍ 'സര്‍പ്പഗൃഹം' എന്ന കഥ വന്നശേഷം നീണ്ട പതിനഞ്ചുവര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് എഴുതിയതേയില്ല. എന്തോ തോന്നിയില്ല എന്നതുമാത്രമാണ് കാരണം. 2019 മാര്‍ച്ച് 24-ന് 'വയലറ്റം' എന്ന കഥയിലൂടെ, ഷെരീഫിന്റെ ചിത്രങ്ങളോടെ, ആഴ്ചപ്പതിപ്പിന്റെ നവഭാവുകത്വത്തിലേക്ക് ഞാന്‍ തിരിച്ചുവന്നു. കഴിഞ്ഞ മൂന്നുവര്‍ഷവും ഓണപ്പതിപ്പിലും കഥകള്‍ വന്നു. ലിഫ്റ്റ്, നൈറ്റ് മെയര്‍, ഉള്ളം, സ്റ്റോറി ബോര്‍ഡ് തുടങ്ങിയ പുതിയ കഥകളൊക്കെ ഇക്കാലത്ത് പ്രസിദ്ധീകരിച്ചവയാണ്...

ആഴ്ചപ്പതിപ്പിനുവേണ്ടി എഴുതുമ്പോള്‍ ഇന്നും ശ്രദ്ധയും സൂക്ഷ്മതയും കൂടുതലെടുക്കുന്നുണ്ട്. അത് ജാഗരൂകരായ വായനക്കാരെ മുന്നിലെ വഴികളില്‍ കാണുന്നതുകൊണ്ടുകൂടിയാണ്. നവതിയിലെത്തിയ ആഴ്ചപ്പതിപ്പിനെ ഒരു സ്‌നേഹമുത്തശ്ശിക്കുമുന്നിലെ ചെറുബാലനെപ്പോലെ വണങ്ങുന്നു. പ്രകാശപൂരിതമായ ഈ വഴിത്താരയിലൂടെ സൂക്ഷിച്ച് നടക്കാന്‍തന്നെയാണ് ഇപ്പോഴും ശ്രമിക്കുന്നത്. മോഹവും അതുതന്നെ.

Content Highlights: Satheesh Babu Payyannur, Mathrubhumi Weekly, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented