ഇന്ന് ഞാന്‍ നിരസിച്ചാല്‍ ഇനിയങ്ങോട്ട് ഒരൊറ്റ ദളിത് എഴുത്തുകാരനും സരസ്വതിസമ്മാന്‍ ലഭിക്കില്ല-ലിംബാളെ


''എന്തിനാണ് നമ്മള്‍ എല്ലാം നിരസിക്കുന്നത്, ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാം തന്നെ നമ്മള്‍ കണ്ണടച്ചു നിരസിക്കുന്നതെന്തിനാണ്? ''

ശരൺകുമാർ ലിംബാളെ

ദ്യമായി ഒരു ദളിത് എഴുത്തുകാരന് സരസ്വതി സമ്മാന്‍ പ്രഖ്യാപിക്കുക, അത് സ്വീകരിക്കണമോ വേണ്ടയോ എന്ന് നിരന്തരം ചര്‍ച്ചചെയ്യപ്പെടുക, ഒടുക്കം പുരസ്‌കാരം സ്വീകരിക്കുന്നു എന്ന് എഴുത്തുകാരന്‍ പ്രഖ്യാപിക്കുക...കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ ദളിത് സാഹിത്യത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത് മറാത്തി ദളിത് സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ സരസ്വതി സമ്മാന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. 2018-ല്‍ ലിംബാളെ എഴുതിയ നോവലായ 'സനാതന്‍' ആണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. വരേണ്യവര്‍ഗങ്ങളുടെ അധികാരത്തിന്റെയും ഗര്‍വ്വിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും അഹന്ത വിളിച്ചോതുന്ന പുരസ്‌കാരമെന്ന നിലയില്‍ ലിംബാളെ സരസ്വതിസമ്മാന്‍ സ്വീകരിക്കരുതായിരുന്നു എന്നാണ് ഭൂരിപക്ഷം ദളിത് എഴുത്തുകാരും അഭിപ്രായപ്പെട്ടത്. നാല്പതോളം പുസ്തകങ്ങളുടെ കര്‍ത്താവായ, നിരവധിഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളുടെ രചയിതാവായ ലിംബാളെ ഉയര്‍ന്ന ജാതിക്കാരുടെ ഔദാര്യം സ്വീകരിച്ചു എന്നാണ് പുരസ്‌കാരലബ്ദിയെ മുതിര്‍ന്ന ദളിത് എഴുത്തുകാര്‍ ആക്ഷേപിച്ചത്.

സരസ്വതി ദേവിയുടെ പേരിലുള്ള പുരസ്‌കാരം ലിംബാളെ നിരസിക്കണം എന്ന് ഇന്ത്യയിലെ പുരോഗമനാശയക്കാരും മുതിര്‍ന്ന ദളിത് എഴുത്തുകാരും ആഗ്രഹിച്ചിരുന്നു. പക്ഷേ പൊതുവികാരത്തിനെതിരായുള്ള ലിംബാളെയുടെ സമീപനം അത്രയും കാലം എഴുത്തിലൂടെ അദ്ദേഹം പൊരുതി നിന്ന ആശയങ്ങളോടുള്ള റദ്ദു പ്രഖ്യാപനം ആയിപ്പോയി എന്നും ദളിത് സാഹിത്യമേഖലയിലെ എഴുത്തുകാര്‍ അഭിപ്രായപ്പെടുന്നു. സരസ്വതി സമ്മാന്‍ എന്നത് ദൈവമെന്ന പ്രതീകാത്മകതയെ പ്രതിനിധീകരിക്കുന്നു എന്നു വിശ്വസിക്കുന്നവരും അവാര്‍ഡ് ദാനത്തില്‍ അതിതീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നവരും ലിംബാളെയെ വിമര്‍ശിച്ചു. ദളിതര്‍ക്ക് നീതി ലഭിക്കാന്‍ ഉയര്‍ന്ന ജാതിക്കാരുമായി നിരന്തരം പോരാട്ടം ആവശ്യമാണെന്നും അവരുടെ സ്ഥാപിത സാംസ്‌കാരിക താല്‍പര്യങ്ങളും പുരസ്‌കാരങ്ങളും പാടേ തള്ളിക്കളഞ്ഞുകൊണ്ട് മാത്രമേ ദളിത് മുന്നേറ്റം സാധ്യമാവൂ എന്നും അവര്‍ പറയുന്നു.

എഴുപതുകളില്‍ ഇന്ത്യയില്‍ വേരോടിത്തുടങ്ങിയ ദളിത് സാഹിത്യപ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് മഹാരാഷ്ട്രയായിരുന്നു. മറാത്തി ദളിത് സാഹിത്യം ഉയര്‍ത്തിവിട്ട വികാരം ഇന്ത്യയിലൊന്നാകെ പടര്‍ന്നുപിടിക്കുകയും എല്ലാ സംസ്ഥാനങ്ങളിലും സാഹിത്യമുന്നേറ്റങ്ങളുണ്ടാക്കാന്‍ ദളിതര്‍ക്ക് കഴിയുകയും ചെയ്തു. ഇന്ത്യന്‍ ദളിത് സാഹിത്യപ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ ശരണ്‍കുമാര്‍ ലിംബാളെ 'അക്കര്‍മാശി' എന്നു പേരിട്ട തന്റെ ആത്മകഥയിലൂടെ ജാതീയതയുടെ ജീര്‍ണതകള്‍ ലോകത്തിനുമുന്നില്‍ പച്ചയായി അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് ഇരുപത്തിയഞ്ചായിട്ടില്ല. 'അക്കര്‍മാശി'യുടെ പിന്‍പറ്റിയാണ് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ദളിത് സാഹിത്യപ്രസ്ഥാനങ്ങള്‍ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നത്. 'അക്കര്‍മാശി' എഴുതിയ ലിംബാളെ എന്തുകൊണ്ട് സരസ്വതി സമ്മാന്‍ സ്വീകരിച്ചു എന്നുള്ളതായിരുന്നു ഇന്ത്യന്‍ ദളിത് സാഹിത്യസമൂഹം അപ്രിയത്തോടെ ചോദിച്ചത്.

സരസ്വതി സമ്മാന്‍ നേടുന്ന ആദ്യത്തെ ദളിത് എഴുത്തുകാരനല്ല ലിംബാളെ എന്ന മുഖവരയോടെയാണ് മറാത്താദളിത് സാഹിത്യസമൂഹം ആദ്യം തന്നെ ആ പുരസ്‌കാരദാനത്തെക്കുറിച്ച് പ്രതികരിച്ചത്. അടച്ചമര്‍ത്തുന്ന ഹിന്ദുപാരമ്പര്യങ്ങളുടെ പ്രതീകമാണ് സരസ്വതി ദേവി. അതുകൊണ്ടുതന്നെയാണ് മറാത്തി ദളിത് എഴുത്തുകാരനായ യശ്വന്ത് മനോഹര്‍ വിദര്‍ഭ സാഹിത്യ സംഘ് പുരസ്‌കാരം സരസ്വതി പ്രതിഷ്ഠയുടെ സമക്ഷത്തില്‍ വെച്ച് സ്വീകരിക്കാന്‍ വിസമ്മതിച്ചതും പുരസ്‌കാരം നിരസിച്ചതും- അപ്രിയര്‍ അഭിപ്രായപ്പെട്ടു.

ലിംബാളെ എന്തുകൊണ്ട് പുരസ്‌കാരം നിരസിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ അതു വ്യക്തമാക്കി- ''എന്തിനാണ് നമ്മള്‍ എല്ലാം നിരസിക്കുന്നത്, ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാം തന്നെ നമ്മള്‍ കണ്ണടച്ചു നിരസിക്കുന്നതെന്തിനാണ്? ഞാന്‍ അതിനെ എതിര്‍ക്കുന്നു. എല്ലായ്‌പ്പോഴും മനുഷ്യര്‍ റെബല്‍ ആയിരിക്കമെന്നു നമ്മള്‍ നിര്‍ബന്ധം പിടിക്കുന്നതെന്തിനാണ്? എല്ലായ്‌പ്പോഴും പരുഷവും അക്രമണോത്സുകവുമായ സമീപനം വെച്ചുപുലര്‍ത്തിയാല്‍ നാം ഒറ്റപ്പെടലിലേക്കാണ് നയിക്കപ്പെടുക. അതു പക്ഷേ നമ്മള്‍ ദളിത് എഴുത്തുകാര്‍ക്ക് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. നമ്മുടെ സാഹിത്യ-സാംസ്‌കാരിക സൗഹൃദങ്ങള്‍ എല്ലായ്‌പ്പോഴും വിശാലമായിക്കൊണ്ടിരിക്കണം. പൊതുജീവിതത്തില്‍ നിരാസത്തിന്റെ ആയുധം വളരെ ചുരുക്കം മാത്രം ഉപയോഗിക്കുക. ആരെങ്കിലും ഞങ്ങളെ (ദളിതരെ) പുരസ്‌കാരങ്ങളിലൂടെ തിരിച്ചറിയുകയോ സൗഹൃദഹസ്തം നീട്ടുകയോ ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും സംശയവും അതിനുമേല്‍ സംശയവും സൃഷ്ടിക്കുന്നത് തെറ്റാണ്. ശ്രദ്ധാപൂര്‍വ്വവും പക്വവുമായ സമീപനമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സാമൂഹിക വിപ്‌ളവം സാധ്യമാകുന്നത് എല്ലാവരിലൂടെയും ഒത്തുചേരലിലൂടെ മാത്രമാണ്. ഇന്ന് ഞാനീ പുരസ്‌കാരം നിരസിച്ചാല്‍ ഭാവിയില്‍ ഒരൊറ്റ ദളിതനും ഇത്തരം ബഹുമതികള്‍ക്ക്് നിര്‍ദ്ദേശിക്കപ്പെടുക പോലുമില്ല. നിരാസം എക്കാലത്തേക്കും നിരാസം തന്നെയാണ്. അത് ഏതുഭാഗത്തുനിന്നുണ്ടാവുന്നു എന്നതാണ് പ്രധാനവും വേദനാജനകവും.''

Content Highlights : Saraswathi Samman 2020 Sharankumar Limbale Rejection of Rejection

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented