ക്വാറന്റൈന്‍ കാലം വായനയുടെ വലിയ ആഘോഷങ്ങള്‍ നടക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങള്‍ പോലുള്ള സംവിധാനങ്ങളിലൂടെ നമ്മള്‍ മനസ്സിലാക്കുന്നത്. പുസ്തകങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നതിനുള്ള ഒരു കാരണമായി എനിക്ക് തോന്നുന്നത് മനുഷ്യര്‍ വീട്ടിലിരിക്കുകയാണ് എന്നുള്ളത് തന്നെയാണ്. തിരക്കുപിടിച്ച് നെട്ടോട്ടമോടിക്കൊണ്ടിരുന്ന, ആവശ്യത്തിനും അനാവശ്യത്തിനും ജീവിതം വീടിന് പുറത്ത് ചിലവഴിച്ചിരുന്ന മനുഷ്യര്‍ വീടുകളിലേക്ക് മടങ്ങാനും അവിടെ ശാന്തമായി സമാധാനമായി ഇരിക്കാനും നിര്‍ബന്ധിതരായി. മനുഷ്യരുടെ പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ പിന്‍വലിക്കപ്പെട്ടതോടുകൂടി പ്രകൃതിയും, സ്വച്ഛവും ശാന്തവുമായി. ഈയൊരു സാഹചര്യത്തില്‍ പുസ്തകങ്ങളിലേക്ക് ആഴത്തിലിറങ്ങാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരാവുകയാണ്.
പലതരം പുസ്തകങ്ങള്‍, പുസ്തക വായനകള്‍, പുസ്തക വായനയുടെ ചലഞ്ച് എന്നിങ്ങനെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആളുകള്‍ നടത്തുന്നത് ആഹ്ലാദകരമായി നമുക്ക് കാണാനായി. കാമുവിന്റെ പ്ലേഗ് വായിക്കുക എന്നത് പലരും എടുത്ത് പറഞ്ഞ കാര്യമാണ്. അതുപോലെ മുന്‍പ് വായിച്ചുവെച്ച പ്രിയപ്പെട്ട പുസ്തകങ്ങളിലേക്ക് പലരും തിരിഞ്ഞു നടന്നു. പുതിയ പുസ്തകങ്ങള്‍ക്കൊപ്പംതന്നെ പലരും ക്ലാസിക്ക് പുസ്തകങ്ങളും വായിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഇത്തരം പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരങ്ങളും വരക്കാനുള്ള അവസരങ്ങളും ഈ കാലഘട്ടം സംഭാവന ചെയ്യുന്നു. കോവിഡ് കാലം മനുഷ്യരെ അവരുടെ ഏകാന്തതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഏകാന്തത വായനയ്ക്ക് എത്രമാത്രം അനിവാര്യമാണ് എന്ന കാര്യം നമുക്കറിയാവുന്നതാണ്. ആ ഏകാന്തത സുലഭമായി കിട്ടുന്ന ഒരവസരം എന്ന രീതിയില്‍ ഈ ദിവസങ്ങള്‍ വായനയെ ഒരുപാട് പരിപോഷിപ്പിച്ചിരിക്കണം.
പഴയനിയമം ആണ് ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം. ബൈബിളിലെ പഴയ നിയമത്തിലെ പല സന്ദര്‍ഭങ്ങളും ആവര്‍ത്തിക്കുന്നതായാണ് എനിക്ക് തോന്നിയത്. ഞാനിപ്പോള്‍ എഴുതുന്ന കൃതി സോദോം ഗോമോറയാണ്. മനുഷ്യരുടെ പാപത്തിന്റെ ഫലമായി ദൈവം സോദോം ഗോമോറയെ ശിക്ഷിച്ചു എന്നുള്ളതാണ് ബൈബിളിലെ കഥ. സത്യത്തില്‍ എന്തായിരുന്നു മനുഷ്യരുടെ പാപം. മഹാഭാരത്തിലെ മഹാപലായന സമയത്ത് ഭീമന്റെ പാപം അയാള്‍ അധികം ഭക്ഷണം കഴിച്ചു എന്നുള്ളതാണ്. അധികം ഭക്ഷണം കഴിച്ചതിനാല്‍ മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് അയാള്‍ കവര്‍ന്നെടുത്തു എന്നുള്ളതാണ്. പഴയനിയമകാലം ഗോത്രങ്ങളുടെ കലഹങ്ങളുടെ കാലമാണ്. കരുണയില്ലാതെ കൊന്നും ചതിച്ചും വഞ്ചിച്ചും മുന്നേറിയ ഗേത്രജനത. ഒരുപക്ഷെ പാപത്തിന്റെ ഈ കാലഘട്ടത്തിലെ വായന ആയിരിക്കില്ല അന്നുണ്ടായിരിക്കുക. തെറ്റിനെക്കുറിച്ചുള്ള ബോധം നിലനില്‍പ്പുമായി ബന്ധപ്പെടുത്തിക്കൊണ്ട് മാത്രമായിരിക്കും ഗോത്രജനതയ്ക്കിടയില്‍ നിലനിന്നിരുന്നത്. നിലനില്‍പ്പ് വളരെ അസാധ്യമായ സാഹചര്യത്തില്‍. സ്വന്തം നിലനില്‍പ്പ് സ്വന്തം വംശത്തിന്റെ നിലനില്‍പ്പ് ഇതൊക്കെ പ്രധാനമായി കണ്ട ഗോത്രജനത ഭക്ഷണത്തിന് വേണ്ടിയും മറ്റ് ജീവിത സൗകര്യങ്ങള്‍ക്ക് വേണ്ടിയും മറ്റ് ഗോത്രങ്ങളുമായി നിരന്തര കലഹങ്ങളില്‍ ഏര്‍പ്പെടുകയും അവരുടെ ഭൂമി അവരുടെ വിഭവങ്ങള്‍ നഗരങ്ങള്‍ ഇതൊക്കെ പിടിച്ചെടുത്തുമാണ് അവരുടെ സ്ഥാനം ഉറപ്പിക്കുന്നത്. ഇതിന്റെയൊരു ചരിത്രമാണ് പഴയനിയമത്തിലുടനീളം കാണപ്പെടുന്നത്.
സോദോം ഗോമോറ തകര്‍ക്കപ്പെടുന്നതായി പറയപ്പെടുന്ന കാരണങ്ങളില്‍ ഒരുപാട് ആഴത്തിലുള്ള പരിശോധനകള്‍ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു വായനയായി വന്നിട്ടുള്ളത് ആ നഗരത്തിലെ ജനങ്ങളുടെ ലൈംഗിക വ്യാപാരങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അവര് സ്വവര്‍ഗപ്രേമികളായിരുന്നു എന്ന വായന. പക്ഷെ പുതിയകാലഘട്ടത്തില്‍ എല്‍.ജി.ബി.ടി വായനകളില്‍ ഒരിക്കലും അത് അംഗീകരിക്കുന്നില്ല. പഴയനിയമം വായിച്ചാലും അവര്‍ സ്വവര്‍ഗപ്രേമികളായതിനാലാണ് യഹോവയുടെ കോപം ഗന്ധകമായും തീയായും ആ നഗരങ്ങള്‍ക്ക്‌മേല്‍ വര്‍ഷിക്കപ്പെട്ടതെന്ന് വായിച്ചെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ നാം തിരിച്ചുപോയി എന്തുകൊണ്ട് സോദോം ഗോമോറ തകര്‍ക്കപ്പെട്ടു എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. അവയൊന്നും തന്നെ ബലമുള്ളവയോ ശാശ്വതമായി നിലനില്‍ക്കുന്നവയോ അല്ലെന്ന് കാണാന്‍ കഴിയും. സോതോം ഗോമോറ നശിപ്പിക്കപ്പെട്ടതിനെ കുറിച്ചും അവിടെ നിന്ന് നീതിമാനായ ലോത്ത് മാത്രം രക്ഷപ്പെട്ടതിനെ കുറിച്ചും ആലോചിക്കുകയാണ് ഞാന്‍ ചെയ്തത്. അതിനാല്‍ എന്റെ വായനകള്‍ മുഴുവന്‍ ബൈബിള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. അതോടൊപ്പം ഞാന്‍ ചേര്‍ത്ത് വായിക്കുന്നത് സി.ജെ തോമസിന്റെ ലേഖന സമാഹാരമാണ്.
Content Highlights: Sarah Joseph on world book day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..